Friday, 30 August 2024
കൃഷ്ണനും പുതന താത്തയുടെ കേക്കും
ഭഗവാൻ കൃഷ്ണനെ മുലയൂട്ടാൻ എന്ന വ്യാജേന കൊടിയ വിഷം പുരട്ടിയ കുചാമൃതവുമായാണ് കംസൻ പൂതനയെ വൃന്ദാവനത്തിലേക്കയച്ചത്. അവളുടെ ഭ്രമിപ്പിക്കുന്ന സൗന്ദര്യത്തിലും വാചാലതയിലും വൃന്ദാവനത്തിലെ സാധുക്കളായ അമ്മമാർ തെറ്റിധരിച്ചു പോയി. ആർക്കും കണ്ടാൽ വാരിപ്പുണരാൻ വെമ്പൽ തോന്നുന്ന ആ പൊന്നോമനക്കണ്ണനെ അവർ ഈ പുതനയ്ക്ക് കൈമാറി.
എല്ലാവരേയും കബളിപ്പിച്ച് കണ്ണനുണ്ണിയെ കൈയ്യിൽ കിട്ടിയ സന്തോഷത്താൽ പുതന, കംസൻ എന്ന തന്റെ നാഥന്റെ ആജ്ഞയനുസരിച്ച് വിഷമൂട്ടി ആ പിഞ്ചു പൈതലിനെ കാലപുരിക്കയക്കാൻ ശ്രമം തുടങ്ങി.
പിറന്നു വീണപ്പോൾ പോലും നറുംനിലാവു പോലെ പാൽപുഞ്ചിരി ചൊരിഞ്ഞ കണ്ണനുണ്ണിക്കുണ്ടോ പൂതനയുടെ വിഷാമൃതം ഏൽക്കുന്നു? നിറഞ്ഞ കുസൃതിയുമായി കൈകാലുകളിട്ടടിച്ചു പല്ലില്ലാത്ത കുഞ്ഞു മോണ കാട്ടി ചിരിച്ചവൻ പൂതനയുടെ വിഷം അമൃത് പോലെ നുകർന്നു തുടങ്ങി.
മാതൃത്വത്തിന്റെ അവാച്യമായ ഒരു ആനന്ദം ആ രാക്ഷസിയിൽ പോലും നിറഞ്ഞു. ഒരു വേള ഈ പൊന്നോമന തന്റെ തന്നെ പൈതലാണന്നവൾക്ക് തോന്നിത്തുടങ്ങി. സാകൂതം തന്നെ നോക്കിക്കിടന്ന് താൻ പകരുന്ന വിഷം സ്വാദുവ്യത്യാസം പോലും ഭാവിക്കാതെ നുകരുന്ന നിഷ്ക്കളങ്കമായ ഉണ്ണിക്കണ്ണനെ പൂതന നോക്കി.
കനമാർന്ന ഒരു കുറ്റബോധം അവളിലേക്ക് അരിച്ചിറങ്ങി. മുൻപും പല കുഞ്ഞുങ്ങളേയും കംസന്റെ ആജ്ഞയനുസരിച്ച് താൻ വധിച്ചതും അവളോർത്തു. മരിച്ചു വീണ സാധുക്കളായ ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ ഹൃദയം പൊട്ടുമാറുള്ള നിലവിളികൾ അവളുടെ കാതുകളിലേക്ക് ഇരമ്പിയെത്തി.
ഇല്ല, തന്റെ പടച്ചതമ്പുരാനാണ് വലുത്. അവന്റെ സാമ്രാജ്യത്തിന് വിഘാതമാവുന്ന ഒന്നും ഭൂമിക്ക് മുകളിൽ വച്ചിരിക്കാൻ പാടില്ല. അത് ഉന്മൂലനം ചെയ്യണം. ചിന്തകൾ ഇങ്ങനെ പൂതനയെ മാറിമാറി വേട്ടയാടവേ എവിടെയോ ഒരു വേദന, ഒരു പിടച്ചിൽ.. ഒരു നിമിഷം; എരിയുന്ന വേദനയാൽ മറയുന്ന ബോധത്തിനിടയിൽ താൻ പകരുന്ന വിഷപ്പാൽ സാകൂതം നുണയുന്ന ഉണ്ണിയെ അവസാനമായി ഒരു നോക്കവൾ കണ്ടു.
ആ കണ്ണുകളിൽ സമുദ്രത്തിന്റെ ആഴവും, അഗ്നിയുടെ വേവും പ്രപഞ്ചത്തിന്റെ ബ്രഹത്തായ വലുപ്പവുമവൾ കണ്ടു. മറയുന്ന ബോധത്തിൽ ഒന്നവൾ തിരിച്ചറിഞ്ഞു. താൻ കൊതിച്ച അഥവാ തന്റെ നാഥൻ പറഞ്ഞ സ്വർഗ്ഗത്തിലേക്കല്ല, കൊടിയ പാപികൾക്കുള്ള നരകത്തിലേക്കുള്ള കവാടം കടന്ന് തിരികെ വരാത്ത പ്രയാണം താൻ ആരംഭിച്ചിരിക്കുന്നു..
ആ പ്രയാണം ഇന്നും അവസാനിച്ചിട്ടില്ല.. ആധുനീക പുതനമാർ കംസനിയോഗത്താൽ വിഷം പുരണ്ട കേക്കുകളുമായി അമ്പാടിക്കണ്ണനെ ലാക്കാക്കി ഇന്നും കറങ്ങുന്നുണ്ട്.
കൃഷ്ണലീലകൾ ഒരിക്കലും അവസാനിക്കുന്ന ഒന്നുമല്ലല്ലോ?..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment