Friday, 11 April 2025
മെട്രോമാൻ ശ്രീധരൻ
രണ്ട് ദിവസം മുമ്പാണ് ജോൺ ബ്രിട്ടാസിൻ്റെ ഒപ്പം കൂടി തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ ആ പരിഹാസ ചിരി കണ്ടത്. ചിരിയിലൂടെ അദ്ദേഹത്തെക്കുറിച്ച് അയാൾ എന്തൊക്കെയോ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അപ്പൊഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നാഗ്രഹം തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചത് . അത് വരെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു വയോധികനോട് , ഏൽപ്പിച്ച ജോലി ശുഷ്ക്കാന്തിയോടെ ചെയ്ത് തീർക്കുന്ന ഒരു വ്യക്തിയോടുള്ള ബഹുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ വായന കഴിഞ്ഞതോടെ ആ പേര് വെറുതെ പറയാനുള്ള യോഗ്യത പോലും എനിക്കില്ല എന്ന് ബോധ്യപ്പെട്ടു . നിങ്ങൾക്കദ്ദേഹത്തെ അറിയാം എന്നതിനാൽ ആ പേര് ഞാൻ പറയുന്നില്ല ....
കൊങ്കൺ റെയിൽവേ , ഡെൽഹി മെട്രോ തുടങ്ങി ഏൽപ്പിച്ച ജോലികളെല്ലാം പരമാവധി വൈദഗ്ദ്ധ്യത്തൊടെ തീർത്തയാളെക്കുറിച്ച് ആ വിഷയത്തിൽ ഇനി പറയാൻ ബാക്കിയൊന്നും കാണില്ല. പക്ഷെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ച വളരെ കുറച്ച് കാര്യങ്ങൾ പങ്കുവെക്കട്ടെ. ..
36 വർഷത്തെ സർവീസിന് ശേഷവും നിരന്തരമായി ഭാരതവുമായി സമ്പർക്കം പുലർത്തുന്ന ഒരാൾ എന്ന നിലയിൽ സ്വതന്ത്രരാനന്തര ഭാരതത്തിൻ്റെ സ്പന്ദനങ്ങൾ അദ്ദേഹത്തോളം അറിഞ്ഞവരുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഏൽപ്പിച്ച ജോലി പൂർണ്ണമായും പറഞ്ഞ സമയത്തിന് മുമ്പ് പരമാവധി ചെലവു ചുരുക്കി ചെയ്ത് തീർത്തയാളാണെന്ന് നമുക്കറിയാം. വൈകുന്ന ഓരോ ദിവസങ്ങളും മൂലം തൻ്റെ
രാജ്യത്തിലുണ്ടായേക്കാവുന്ന നഷ്ടം അദ്ദേഹത്തിന് സഹിക്കാനാവാത്തതായിരുന്നു. അതു കൊണ്ടായിരിക്കണം 1974 ലെ റെയിൽവേ പണിമുടക്കിൻ്റെ സമയത്തും , ലോകമൊന്നാകെ പ്രതിസന്ധിയിലാക്കപ്പെട്ട ഗൾഫ് യുദ്ധകാലത്തും അദ്ദേഹത്തിൻ്റെ പണിയായുധങ്ങൾ വിശ്രമിക്കാതിരുന്നത്.. അതു കൊണ്ടായിരിക്കണം Estimated സമയത്തിൽ നിന്നും ഓരോ ദിവസവും കിഴിച്ചെടുക്കുന്ന reverse clock അദ്ദേഹത്തിൻ്റെ പണിയിടത്തിലെ ഒരു സവിശേഷതയായത്.
കീഴുവീട്ടിൽ നീലകണ്ഠൻ മൂസദിൻ്റെയും ഏലാറ്റുവളപ്പിൽ കാർത്ത്യായനി അമ്മയുടെയും ഒമ്പത് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. . ശാസിക്കേണ്ടിടങ്ങളിൽ ശാസിച്ചും കൈപിടിച്ച് കൂടെ നിർത്തിയതും അദ്ദേഹത്തിന് പ്രതിസന്ധികളെ നേരിട്ടാനുള്ള കരുത്ത് നൽകിയതും ഈ വലിയ കുടുംബം തന്നെയായിരുന്നു..
ഒരു നേതാവിന് വേണ്ട സകല ഗുണവും അദ്ദേഹത്തിലുണ്ട് എന്ന് തെളിഞ്ഞത് ഒരു പക്ഷെ കോളേജ് പഠന സമയത്തായിരിക്കണം. അവിടെ , ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.. പിന്നീട് Civil Engineering honour ഓടെ പാസായ അദ്ദേഹം , IRSE പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് 17 Dec 1954 ൽ സതേൺറേയിൽവേയിൽ ആദ്യ പോസ്റ്റിങ് ലഭിച്ചു.
ആദ്യത്തെ ശ്രദ്ധേയമായ ജോലി ചുഴലിക്കാറ്റിൽ തകർന്ന് പോയ പാമ്പൻ പാലം ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കുക എന്നതായിരുന്നു. ആറു മാസമാണ് അതിനായ് നൽകിയിരുന്ന കാലാവധി. പക്ഷെ 46 ആ മത് ദിവസം അദ്ദേഹം തൻ്റെ ജോലി പൂർത്തിയാക്കി. . Estimated time ൻ്റെ 4 ഇരട്ടി സമയമെടുത്താലും പണി പൂർത്തിയാകാത്ത സമൂഹത്തിൽ ഇതൊരു അത്ഭുതമായിരുന്നു. തകർന്ന് പോയ പാലത്തിൻ്റെ griders തന്നെയാണ് ഉപയോഗിച്ചത്. ഇത് മൂലം ചിലവും സമയവും ലാഭിക്കാനായി .. ഈ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ രാധ , മകൾ ശാന്തിയെ പ്രസവിച്ചത്. എന്നാൽ അദ്ദേഹം മകളെ നേരിൽ കാണാൻ പോയത് പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതിന് ശേഷം മാത്രമാണത്രേ !
ഇതിന് ശേഷമാണ് കൽക്കട്ടാ മെട്രോ വരുന്നത്. ആയിടെക്ക് ഒരു സെമിനാറിൽ പങ്കെടുക്കാനായി ജപ്പാനിൽ പോയ അദ്ദേഹത്തെ അവിടെത്തെ മെട്രോവിൻ്റെ സാങ്കേതികത മികവുകൾ ആകർഷിച്ചു . അത് പഠിക്കാനായി രണ്ട് ദിവസങ്ങൾ കൂടി അവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന അദ്ദേഹം തൻ്റെ സുഹൃത്തിനോടാവശ്യപ്പെട്ട് $300 ഡോളറിൻ്റെ ലോണെടുത്തു, അവിടെ താമസിച്ച് എഞ്ചിനിയന്മാരെ കണ്ട് അവയുടെ drawings എടുത്തു , തീർന്നില്ല. മടങ്ങിയെത്തിയ ശേഷം അവ ഇന്ത്യൻ സാഹചര്യമനുസരിച്ച് പരിഷ്ക്കരിക്കുകയും ചെയ്തു.
ഇന്ത്യയിലാകമാനം റെയിൽവേ പണിതിട്ട ബ്രിട്ടീഷ് impossible എന്ന് പറഞ്ഞുപേക്ഷിച്ച കൊങ്കൺ പാത വെറും 7 വർഷം കൊണ്ടാണ് അദ്ദേഹം പണി തീർത്തത്. അക്കാലത്ത് സംസ്ഥാനമേതായാലും അവിടെയുണ്ടാക്കുന്ന ഒരൊറ്റ ഓഫീസ് വർക്കും 24 മണിക്കൂറിലധികം എടുക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.. ചുരുങ്ങിയ സമയത്ത് ഭംഗിയായി ജോലി തീർക്കുവാൻ അദ്ദേഹത്തിന് ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത നിയമങ്ങൾ പലതുമായും ഇടയേണ്ടിയും വന്നിട്ടുണ്ട്.
യാതൊരു പേപ്പറുകളും ഉപയോഗിക്കാതെ , പറഞ്ഞു വെച്ച വാക്കിനെ മാത്രം ആശ്രയിച്ച് ' പരസ്പര വിശ്വാസത്തെ മാത്രം മുൻനിർത്തി , സത്യസന്ധരായ , ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒരു ചെറു കൂട്ടത്തെ മാത്രമാണ് അദ്ദേഹം ഈ ബൃഹത് പദ്ധതിക്കായി തിരഞ്ഞെടുത്തത് എന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്.
തുടർന്ന് ഡെൽഹി മെട്രോവിൻ്റെ ജോലി നടക്കുമ്പോഴാണ് അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ശേഷം ഒരു മാസത്തെ rest മാത്രമാണ് അദ്ദേഹം തനിക്കായി മാറ്റിവെച്ചത്. ഡെൽഹി പൂർത്തിയാക്കിയ ശേഷം കൊച്ചി മെട്രോ .. അങ്ങനെയങ്ങനെ ....
തുടക്കത്തിൽ വിദേശീയരുടെ ചില idea കൾ metro വിൽ ഉപയോഗിക്കേണ്ടി വന്നുവെങ്കിലും അധികം വെകാതെ തന്നെ അതിലും സ്വയം പര്യാപ്തത നേടാൻ അദ്ദേഹത്തിനായിരുന്നു . ഭാരതത്തിൻ്റെതായി ആധികാരികമായ ideas അദ്ദേഹം ഉപയോഗിച്ചു.. അദ്ദേഹം ഒരുത്തമ പൗരനാണെന്ന് തെളിയാൻ ഇതു മാത്രം മതി. ആത്മനിർഭര ഭാരതം ഓരോ ഉത്തമ ഭാരതീയൻ്റെയും സ്വപ്നമല്ലേ ? ആ സ്വപ്നം അദ്ദേഹം സാക്ഷാത്ക്കരിച്ച് കഴിഞ്ഞു.
ഇത്രയും വലിയ സേവന കാലത്തിനിടയിൽ പലപ്പോഴായി ജോലിയുപേക്ഷിക്കേണ്ടതായ മനം മടുപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും അദ്ദേഹം പിടിച്ച് നിന്നത് താൻ ഉപേക്ഷിച്ചാൽ ആ ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ല എന്നറിഞ്ഞത് കൊണ്ടായിരുന്നു. ഇത്തരത്തിലുള്ള വിപരീത സാഹചര്യങ്ങളിൽ പലപ്പൊഴും അദ്ദേഹത്തിന് കൂട്ടായത് ഭഗവദ് ഗീതയായിരുന്നുവത്രേ !
ജോലിക്കിടയിൽ മുറിച്ച് കളയുന്ന ഓരോ മരത്തിനും പകരമായി പത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച , ശമ്പളത്തിൻ്റെ ഒരു പങ്ക് കാരുണ്യത്തിനായി കൂടി മാറ്റി വെച്ചിരുന്ന ഒരാൾ ... ജോലിയിൽ പുലർത്തിയ കാര്യക്ഷമതയുടെ , കൃത്യനിഷ്ഠയുടെ , സത്യസന്ധതയുടെ , ആത്മാർത്ഥതയുടെ , സാമൂഹ്യ പ്രതിബന്ധതയുടെ ആൾരൂപമായ ഒരാൾ ...
ചുരുക്കത്തിൽ അദ്ദേഹത്തിൻ്റെ ജീവിതം പുച്ഛിച്ച തിരക്കഥാകൃത്തിൻ്റെ സിനിമകളെക്കാൾ സംഭവബഹുലമായതാണ് എന്നതാണ് സത്യം . തിരക്കഥാകൃത്തിൻ്റെ സങ്കല്പ ലോകം നായകനായി തിരശീലയിൽ കസറുമ്പോൾ ജീവിതത്തിൽ അവ പ്രാവർത്തികമാക്കിയ ആളാണ് അദ്ദേഹം. ധീരോദാത്തനതി പ്രതാപഗുണവാനായ നായക ലക്ഷണങ്ങൾ സകലതും ചോരയും നീരുമെടുത്തവതരിച്ചയാൾ ...
അദ്ദേഹത്തെ പുച്ഛിച്ചാൽ ഇടിയുന്നത് സ്വന്തം വിലയാണെന്നറിഞ്ഞാൽ തിരക്കഥാകൃത്തിന് കൊള്ളാം. അല്ലാതെന്ത് അല്ലെ? എന്തായാലും അയാളോട് ചെറുതല്ലാത്ത നന്ദിയുണ്ട്. അയാളുടെ ഒരൊറ്റ പുച്ഛ ചിരി കൊണ്ടാണല്ലോ
കർമ്മത്തെ യോഗമാക്കി മാറ്റുന്നതെങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുന്ന ഒരാളെക്കുറിച്ച് കൂടി അറിയാനായത്
ഒരിക്കലും ഫയലുകൾ കൂമ്പാരം കൂടാത്ത അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ യോഗാ വാസിഷ്ഠത്തിലെ ഒരു വാചകമുണ്ടത്രേ !
" കാര്യം കരോമി ന ച കിഞ്ചിത് അഹം കരോമി "
എനിക്കെന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ഞാൻ ചെയ്യും.
പക്ഷെ സത്യത്തിൽ അവയൊന്നും ചെയ്യുന്നത് ഈ ഞാനല്ലല്ലോ ...
ഇതിൽക്കൂടുതൽ ഇനിയെന്ത് പറയാൻ ....
ആ പുണ്യാത്മാവിൻ്റെ പാദങ്ങളിൽ മനസാ വീണ് നമസ്ക്കരിച്ച് കൊണ്ട് ..
Courtesy : Krishna Priya
Subscribe to:
Post Comments (Atom)
No comments:
Post a Comment