വകതിരിവ്
Friday, 23 January 2026
Bada Rajan
രാജൻ മഹാദേവൻ നായർ അഥവാ 'ബഡാ രാജൻ' - അധോലോകത്തെ മലയാളി സാന്നിധ്യം!!!!
--------------------------------------------------------------------------
ദാവൂദ് ഇബാഹിം, ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ, ചോട്ടാ രാജൻ തുടങ്ങിയ സ്രാവുകൾ കൊണ്ട് സമ്പന്നമായ ബോംബെ അധോലോകത്തെ മലയാളി സാന്നിധ്യം .
അങ്ങിനെ പറയാം രാജൻ മഹാദേവൻ നായറെ കുറിച്ച് .ഇന്ത്യയിലെ ശക്തരായിരുന്ന 10 അധോലോക നായകരുടെ ലിസ്റ്റ് എടുത്താൽ ബഡാ രാജനും ആ പട്ടികയിൽ ഉണ്ടാവും !!!!!
അധോലോക നായകന്‍ രാജന്‍ സദാശിവ നിഖലഞ്ഞേ “ചോട്ടാ രാജന്‍” എന്നറിയപെടാന്‍ കാരണം “ബഡാ” ആയി മറ്റൊരു രാജന്‍ ഉണ്ടായിരുന്നതിനാലാണ്- രാജൻ മഹാദേവൻ നായർ .
D Company യുടെ അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പടയോട്ടത്തിൽ മോശമല്ലാത്തൊരു പങ്ക് ബഡാ രാജനും വഹിച്ചിട്ടുണ്ട്. ബോംബയിലെ first shoot-out in court നടത്തിയത് ബഡാ രാജന്‍ ആയിരുന്നു.
ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്തു 1991 ൽ ഇറക്കിയ മോഹൻ ലാൽ പടമായ "അഭിമന്യു " ബഡാ രാജനെ അധികരിച്ച് എടുത്തത് ആണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു .
പടം വിജയമായിരുന്നെങ്ങിലും ബഡാ രാജന്റെ ജീവിതവുമായി ആ പടത്തിനു വലിയ ബന്ധം ഒന്നുമില്ലായിരുന്നു - മലയാളി ബന്ധം ഒഴികെ .
മലയാളി കുടുംബത്തിൽ ബോംബെയിലെ തിലക് നഗറിൽ ആയിരുന്നു രാജന്‍റെ ജനനവും വളര്‍ച്ചയും. ജീവിതത്തിന്‍റെ ആദ്യ കാലത്ത് രാജനെ നമുക്ക് കാണാനാവുക താനെയിലെ ഹിന്ദുസ്ഥാന്‍ അപ്പരേല്‍ ഫാക്ടറിയിലെ തയ്യല്‍ക്കരന്‍ ആയിട്ടാണ്.
ഒരു സാധരണ ജീവിതം ആയിരുന്നു രാജന്‍റെതു എന്നു തന്നെപറയാം. ഇതിനിടയില്‍ രാജന്‍ ഒരു പ്രണയത്തില്‍ പെട്ടു. പ്രണയിനിയുടെ ജന്മദിനത്തില്‍ ഗിഫ്റ്റ് വാങ്ങാന്‍ അഡ്വാന്‍സ് ശബളം ചോദിച്ച രാജനെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്‍ പരിഹസിച്ചു.
കുപിതനായ രാജന്‍ അവിടെ ഉണ്ടായിരുന്ന ടൈപ്പ് രൈട്ടെര്‍ എടുത്തു കൊണ്ട് പോയി ചോര്‍ ബസാരില്‍ വിറ്റു ,കാമുകിക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തു. രാജന്‍റെ ജീവിതത്തിന്റെ ദിശ മാറിയ സംഭവം ആയിരുന്നത്. തയ്യല്‍ ജോലി വിട്ടു FULLTIME മോഷണതിലേക്ക് രാജന്‍ കടന്നു .
ദിവസേന 14 മണിക്കൂര്‍ പണിയെടുത്തു 40 -50 രൂപ കിട്ടുന്നതിലും നല്ലത് ആഴ്ചയില്‍ രണ്ടു Type Writer മോഷിട്ടിച്ചു വിറ്റ് 400 രൂപ നേടുന്നതാണന്നു രാജന്‍ തീരുമാനിച്ചു.ഇതിനിടയില്‍ രാജന്‍ പോലീസ് പിടിയില്‍ പെട്ടു.
തിരിച്ചു വന്ന രാജൻറെ അധോലോകത്തെ വളർച്ചയുടെ ആദ്യ ഘട്ടം അക്കാലത്തെ മറ്റേതൊരു ഗുണ്ടയും പോലെ ,തിയേറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ് വിൽക്കൽ തന്നെയായിരുന്നു- sahakar cinema അതായിരുന്നു തിയേറ്ററിന്റെ പേര്.
അടുത്ത മൂന്ന് നാല് ദിവസത്തേക്ക് വരെയുള്ള ടിക്കറ്റ് തിയേറ്ററിൽ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.അതിനാൽ തന്നെ പടം കാണാൻ താല്പര്യം ഉള്ളവര്‍ക്ക് ശരണം രാജനും കൂട്ടാളികളെയും തന്നെയായി മാറി. സമീപ പ്രദേശമായ Odeon ഏരിയ ഏറ്റെടുത്തു ആയിരുന്നു തുടർന്ന് രാജന്‍ ബിസിനസ് വ്യാപിപ്പിച്ചത്.
Odeon ഏരിയ നിയത്രിച്ചിരുന്ന ചന്ദുവിനെ 50-50 percentage scheme മിൽ സമീപിക്കുകയും , തുടർന്ന് അവിടെ കടന്നു കൂടിയ ശേഷം, പ്രശ്നം ഉണ്ടാക്കി മൊത്തമായി നിയന്ത്രണം ഏറ്റു എടുക്കുകയുമായിരുന്നു .
അപ്പോഴേക്കും നമ്മുടെ രാജൻ സ്വന്തമായി ഒരു ഗാങ്ങ് ഉണ്ടാക്കിയിരുന്നു. അതിലെ രണ്ടാമൻ ആണ് ഇന്നത്തെ "ചോട്ടാ രാജൻ ".
സ്വാഭാവികമായും ഒന്നാമനായ "രാജൻ മഹാദേവൻ നായർ" അറിയപെട്ടത് “ബഡാ രാജൻ " എന്ന് തന്നെ .രാജൻറെ വളര്ച്ചയുടെ അടുത്ത ഘട്ടം ഹഫ്ത പിരിക്കലും , ഭുമിയിടപാടുകളിലെയും/ പണമിടപാടുകളിലെ മധ്യസ്ഥം പറയലും തന്നെ.1970-85 കാലഘട്ടത്തിലെ ഗുണ്ടകളുടെ സാദാരണ വളർച്ചപാത അങ്ങിനെ തന്നെയായിരുന്നു .
രാജൻറെ വളർച്ച Ghatkopar East കേന്ദ്രമായി പ്രവർത്തിച്ച Yashwant Jadhav നെ പ്രകൊപിച്ചു.1981-1983 കാലഘട്ടത്തിൽ ഈ രണ്ടു ഗാങ്ങ്കൾക്കിടയിൽ ജീവൻ പൊലിഞ്ഞത് 7 പേര്ക്ക് ആണ് .
എന്നാൽ വരദ രാജ് മുതലിയാരുടെ സഹായത്തോടെ ബഡാരാജൻ ജാധവിനെ ഒതുക്കി
ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ എന്നീ മൂന്ന് പേരുടെ കൈവെള്ളയിൽ ആയിരുന്നു ഒരു നീണ്ട കാലം ബോംബെ. പോലീസ് ഓഫീസർ ആയിരുന്ന Y.C.Pawar വരദരാജ് മുതലിയാരെ 1980 കളില്‍ ബോംബയിൽ നിന്നും മദ്രാസിലേക്ക് തുരത്തി .
മുതലിയാരുടെ കള്ളകടത്തിനും ,കള്ളുകച്ചവടത്തിനും ബഡാ രാജൻ സംരക്ഷണം കൊടുക്കരുണ്ടായിരുന്നു . അതിനാൽ തന്നെ മുതലിയാർ മദ്രാസിലേക്ക് പറിച്ചു നടപെട്ടപ്പോൾ ,അത് ഉപകരിക്കപെട്ടത് ബഡാരാജനും സാധു ഷെട്ടിക്കും കൂടി ആയിരുന്നു .
Chembur അങ്ങിനെ രാജൻറെ നിയത്രണത്തിൽ ആയിതീർന്നു.പതുക്കെ ആ നിയന്ത്രണം Ghatkopar East വരെ വളര്‍ന്നു.
ഇബ്രഹിം കാസ്കര്‍ എന്ന പോലീസ്സുകാരന്‍റെ മക്കള്‍ അധോലോകത്തില്‍ വളര്‍ന്നു വന്നത് ഇതേ കാലഘട്ടത്തില്‍ ആയിരുന്നു.
ഹാജിമാസ്തന്‍ ഇടപെട്ടു പത്താന്‍മാരും ഇബ്രഹിം കാസ്കരിന്റെ മക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ത്തിരുന്നു.പക്ഷെ ഹാജിമാസ്തന്‍റെ സമാധാന ഉടമ്പടി ഒരിടകാലത്തേക്ക് മാത്രമേ ഉപകരിച്ചുള്ളൂ. ഇബ്രഹിം കാസ്കരിന്റെ മക്കളുടെ വളര്‍ച്ച, 1950 മുതല്‍ 1970 വരെയുള്ള കാലം ബോംബെ ഭരിച്ച പത്താന്മാര്‍ക്ക് താങ്ങാന്‍ ആവുന്നതിലും അധികമായിരുന്നു.
അതിനാല്‍ തന്നെ ഇബ്രഹിം കാസ്കരുടെ മൂത്ത രണ്ടു മക്കളെയും ഒറ്റ ദിവസം തീര്‍ക്കാന്‍ പത്താന്‍ ഗാങ്ങിലെ Amirzada യും Alamzeb യും തീരുമാനിച്ചു. അവര്‍ ആ ജോലി മനോഹര്‍ സുര്‍വെ എന്ന വാടക കൊലയാളിയെ ഏല്പിച്ചു. കാസ്കര്‍ സഹോദരന്മാരിലെ മൂത്തപുത്രനായ ശാബിര്‍നെ അവര്‍ തീര്‍ത്തു. എന്നാല്‍ ഇബ്രാഹിമിന്റെ രണ്ടാമത്തെ പുത്രന്‍ കഷിട്ടിച്ചു രക്ഷപെട്ടു.
അതോടെ Amirzada കൊല്ലെപെടെണ്ടത് കാസ്കരുടെ കുടുംബത്തിനും നിലനില്പ്പിന്റെ ആവശ്യം ആയി മാറി.പത്താന്മാരുമായി നേരിട്ടു ഏറ്റുമുട്ടാതെ ജോലി വാടക കൊലയാളിയായ ബഡാ രാജനെ അവര്‍ ഏല്‍പ്പിച്ചു. എന്നാല്‍ അതിനിടയില്‍ Amirzada യെ പോലീസ് പിടികൂടി. Amirzada യെ കോടതിയില്‍ വച്ചു തന്നെ തീര്‍ക്കാനായിരുന്നു ബഡാ രാജന്‍റെ തീരുമാനം.
David Pardesi എന്ന Thilak nagar ലെ സ്വന്തമായി ആരും ഇല്ലാത്ത ഒരു പയ്യനെ രാജന്‍ കൃത്യത്തിനു ഉപയോഗപെടുത്താന്‍ തീരുമാനിച്ചു.രാജന്‍ Pardesiയെ Ulwa ഗ്രാമത്തില്‍ കൊണ്ടു പോയി പരിശീലനം കൊടുത്തു-തോക്ക് ഉപയോഗിക്കാന്‍ അടക്കം. രാജന്‍ പ്ലാന്‍ ചെയ്ത പോലെ പോലീസ്ന്റെ മുന്നില്‍ തന്നെ കോടതിയില്‍ വച്ചു Amirzadaയെ കൊലപെടുത്തി.
ഇതു പോലെ ഒരു സംഭവം ബോംബെ ഗാങ്ങ് വാറില്‍ അത് വരെ നടന്നിട്ടിലായിരുന്നു. ബോംബയിലെ അധോലോക സമവാക്യങ്ങള്‍ മാറിമറഞ്ഞു.ഈ സംഭവത്തോടെ മാമൂലി കള്ളകടത്തുകാരന്‍ ആയിരുന്ന ഇബ്രാഹിമിന്‍റെ രണ്ടാമത്തെ പുത്രന്‍ ബോംബെയിലെ ഡോണ്‍ ആയി വളര്‍ന്നു- ദാവൂദ് ഇബ്രാഹിം കാസ്കര്‍.
ഈ സംഭവം ബഡാ രാജനും ബോംബെ അധോലോകത്ത് മേല്‍വിലാസം ഉണ്ടാക്കി കൊടുത്തു. എന്നാല്‍ ഈ മേല്‍വിലാസം കൊണ്ടു ബഡാ രാജന് വലിയ ഗുണം ഒന്നും ഉണ്ടായില്ല എന്നു തന്നെ പറയാം.-രാജന് വെറും 15 ദിവസത്തെക്കു മാത്രം ഉപയോഗക്കപ്പെട്ട മേല്‍വിലാസം.
Pardesi പിടിക്കപെട്ടെന്നു മാത്രമല്ല , രാജന്റെയും ,ദാവൂദിന്റെയും പേരുകള്‍ പോലീസിനു പറഞ്ഞും കൊടുത്തു. ശേഷം ചിന്ത്യം- രണ്ടു പേരും ജയിലറക്കു ഉള്ളിലായി.
അതോടെ ബഡാരാജനെ കൊല്ലേണ്ടത് പത്താന്മാരുടെയും കരിം ലാലയുടെയും ആവശ്യം ആയി മാറി.
ഒരു വാടക കൊലയാളിയെ രാജനു വേണ്ടി അവര്‍ കണ്ടെത്തി.-അബ്ദുല്‍ കുഞ്ഞു. അബ്ദുല്‍ കുഞ്ഞു രാജന്‍റെ ഗാങ്ങിലെ പഴയ മെമ്പര്‍ ആയിരുന്നു. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ രാജന്‍റെ പഴയ പ്രണയിനിയെ അബ്ദുല്‍ കുഞ്ഞു വിവാഹം ചെയ്തു. അതോടെ അവരുടെ വൈര്യം കൂടി.
ഇതിനിടയില്‍ 1979 NATIONAL SECURITIES ACT പ്രകാരം അബ്ദുള്‍ കുഞ്ഞു ജയിലിലായി. രാജന്‍ കിട്ടിയ അവസരത്തില്‍ അബ്ദുല്‍ കുഞ്ഞിന്‍റെ ഗാങ്ങിനെ തകര്‍ത്തു.അതിനു പുറമേ പഴയ പ്രണയിനിയെ തട്ടി കൊണ്ടു പോകാനും ഒരു ശ്രമവും നടത്തി. കഥകള്‍ അറിഞ്ഞു ജയില്‍ ചാടി വന്ന അബ്ദുല്‍ കുഞ്ഞു തന്നെയാണ് രാജനു പറ്റിയ കൊലപാതകി എന്നു പത്തന്മാര്‍ തീരുമാനിച്ചു.
എന്നാല്‍ അബ്ദുള്‍ കുഞ്ഞുനു രാജനെ കൊന്നു വീണ്ടും ജയിലില്‍ പോയി കിടക്കാന്‍ താല്പര്യം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ റിക്ഷവാല ആയിരുന്ന ചന്ദ്രശേകര്‍ സഫലികക്കു Rs. 50000 ഓഫര്‍ ചെയ്തു രാജന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കാന്‍ അബ്ദുള്‍ കുഞ്ഞു നിശ്ചയിച്ചു.
Amirzadaയുടെ അനുഭവം വന്‍ നാണകേടു ആയതുകൊണ്ട് ബോംബെ പോലീസ് രാജന്‍റെ കേസ് നടക്കുമ്പോള്‍ കോടതിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ നേവി യൂണിഫോറത്തില്‍ കോടതിയില്‍ വന്ന ചന്ദ്രശേകര്‍ പോലീസ് വാനില്‍ കയറുക ആയിരുന്ന ബഡാരാജനെ പോയിന്റ് ബ്ലാങ്കില്‍ തന്നെ തീര്‍ത്തു.
അങ്ങിനെ ബോംബയിലെ first shoot-out in court നടപ്പിലാക്കിയ അധോലോക നായകന്‍ മറ്റൊരു court shoot-out ല്‍ തന്നെ മണ്‍മറഞ്ഞതു കാലത്തിന്റെ കാവ്യ നീതിയായി......❤️
#malayalamfacts #education #malayalamtypography #historyfacts #interestingfacts #sciencefacts #badarajan #bombai
Thursday, 22 January 2026
ശ്രീരാമഭാരതം
“അയോദ്ധ്യ മഥുര മായാ
കാശി കാഞ്ചി അവന്തികാ
പുരി ദ്വാരാവതി ചൈവ:
സപ്തൈത മോക്ഷദായിക”
മോക്ഷദായകങ്ങളായ ഭാരതത്തിലെ സപ്തപുരികള്‍ അഥവാ സപ്തനഗരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ?
ഭാരതത്തിലെ പൗരാണിക വിശ്വാസമനുസരിച്ച് പ്രാതസ്മരണീയങ്ങളായ സപ്തപുരികളാണ് മുകളിൽ പറഞ്ഞ അയോധ്യയും മഥുരയും മായയെന്ന ഹരിദ്വാറും കാശിയെന്ന വാരണാസിയും കാഞ്ചിയെന്ന കാഞ്ചീപുരവും അവന്തികയെന്ന ഉജ്ജ്വയിനിയും ദ്വാരാവതിയെന്ന ദ്വാരകയും ചേരുന്ന സപ്ത നഗരങ്ങൾ. ഈ സപ്ത പുരികൾ മോക്ഷപ്രദായിനികളാണന്നത് പൗരാണിക ഭാരതീയ വിശ്വാസമാണ്.
ഇതിൽ പ്രഥമ സ്ഥാനത്താണ് അയോദ്ധ്യ. മതവെറിയന്മാരും കൊള്ളക്കാരുമായ വൈദേശിക ആക്രമണകാരികൾ ഭാരതത്തിലെ ഹൈന്ദവ ജനതയുടെ ആത്മാവിൽ ഏൽപ്പിച്ച മുറിവുകളാണ് അവരുടെ ആത്മീയഹർഷത്തിൻ്റെ കേദാരങ്ങളായ പുണ്യഭൂമികൾ തച്ചുതകർക്കുകയെന്നത്.
അയോദ്ധ്യയും, മഥുരയും, കാശിയും, ദ്വാരകയിലെ സോമനാഥനുമെല്ലാം ഇത്തരം വെറുപ്പിന്റെ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. അവരൊന്നും ഒരിക്കലും ഓർത്തിട്ടുണ്ടാവില്ല എത്ര തലമുറകൾ കഴിഞ്ഞിട്ടായാലും ശരി ഈ ജനത സ്വന്തം അസ്ഥിത്വം മറക്കുകയില്ലായെന്ന്.
ഇതിഹാസങ്ങളിലുടെയും വിശ്വാസത്തിന്റെ നിറദീപമായി ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഭാരതത്തിലെ സപ്ത നഗരങ്ങൾ ഇനി അയോദ്ധ്യാധിപൻ്റെ നേതൃത്വത്തിൽ ഉയർത്തെണിക്കും. മോക്ഷദായിനികളായ പുണ്യഭൂമികളെകുറിച്ച് വായിക്കാം.
പുരാണങ്ങളില്‍ സപ്തനഗരങ്ങളെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ചക്രങ്ങള്‍ ഒഴിവാക്കി നിര്‍വ്വാണം നേടുക എന്നതാണ് മോക്ഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആന്തരിക സൗഖ്യവും സമാധാനവും ലഭിക്കുവാനായി ഇവിടേക്ക് തീര്‍ത്ഥാടനം നടത്തുന്നവരും കുറവല്ല.
അയോദ്ധ്യ, മഥുര, ഹരിദ്വാര്‍, വാരണാസി, കാഞ്ചിപുരം, ഉജ്ജ്വയിന്‍, ദ്വാരക എന്നിവയാണ് ഈ സപ്ത നഗരങ്ങള്‍. ഏറ്റവും വിശുദ്ധവും പുണ്യകരവുമായ നഗരങ്ങളായാണ് ഇവ അറിയപ്പെടുന്നത്. ഈ ഓരോ നഗരങ്ങള്‍ക്കും ഹിന്ദു വിശ്വാസങ്ങളുമായി ഓരോ ബന്ധങ്ങളാണുള്ളത്.
ഓരോ ബന്ധങ്ങള്‍
അയോധ്യ രാമന്‍റെ രാജമാണെങ്കില്‍ മഥുരയിലാണ് കൃഷ്ണന്‍ ജനിച്ചത്. ഹരിദ്വാര്‍ ഹരി അഥവാ വിഷ്ണുവിന്‍റെ നാടാണ്. ശിവന്‍റെ വാസസ്ഥാനമാണ് വാരണാസി. ഉജ്ജയിനും ശിവന്‍റെ നഗരമാണ്. ദ്വാരക കൃഷ്ണന്‍റെ രാജ്യമാണ്.ദേവി കാമാക്ഷിയാണ് കാഞ്ചിപുരത്തിന്റെ അധിപ.
അയോധ്യ ദശരഥ പുത്രനായ രാമന്‍ ജനിച്ച നാടാണ് അയോധ്യ. വിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് രാമന്‍. ഇന്ത്യയിലെ ഏറ്റവും വിശുദ്ധ നഗരങ്ങളിലൊന്നായി കണക്കാക്കുന്ന ഇവിടം ഉത്തര്‍ പ്രദേശിലെ എണ്ണപ്പെട്ട നഗരങ്ങളിലൊന്നാണ്.
ആധുനികതയും പൗരാണികതയും ഇഴചേര്‍ന്നു നില്‍ക്കുന്ന ഇവിടം ചരിത്രത്തില്‍ എഴുതപ്പെട്ടിട്ടുള്ള നാടാണ്. പുരാണങ്ങളില്‍ കോസല സാമ്രാജ്യത്തിന്റെ തലസ്ഥാനമായാണ് അയോധ്യയെ വാഴ്ത്തുന്നത്. അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് പുരാണങ്ങളില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നാടിന് ഒൻപതിനായിരത്തില്‍ അധികം വര്‍ഷത്തിന്റെ പഴക്കമുണ്ടത്രെ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുന്ന എഴുന്നൂറിലധികം ക്ഷേത്രങ്ങള്‍ ഈ നാടിന്‍റെ പവിത്രത കൂട്ടുന്നു.
രാമജന്മ ഭൂമി, കനക് ഭവന്‍, സീത കി രസോയ്, ഹനുമാന്‍ ഗര്‍ഹി, ഗുലാര്‍ ബാരി, ദശരഥ ഭവന്‍, നാഗേശ്വര്‍നാഥ് ക്ഷേത്രം, ദശരഥ ഭവന്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രസിദ്ധമായ ഇടങ്ങള്‍.
മുഗളന്മാർ നിരന്തരം ആക്രമിച്ചു ഈ ക്ഷേത്രങ്ങളെ എല്ലാം പലവുരു തച്ചു തകർത്തിട്ടും വീണ്ടും വീണ്ടും ഉയിർത്ത കെടാത്ത ഹൈന്ദവ സ്വാഭിമാനത്തിന്റെയും വീര്യത്തിന്റെയും പ്രതീകമാണ് അയോദ്ധ്യ.
ആ അയോദ്ധ്യയിലേക്ക് തന്റെ ജന്മഗേഹത്തിലേക്ക് രാമൻ മടങ്ങി വന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കോസലരാജകുമാരൻ ജന്മസ്ഥാനിലിരുന്നു അനുഗ്രഹം ചൊരിയുമ്പോൾ ഇന്ന് ഭാരതാംബയുടെ മുഖം പ്രസന്നമാകുന്നു..
ശ്രീരാമജയം ...
Friday, 16 January 2026
The Grandmaster of Maharashtra Politics ! #DevendraFadnavis
"വേലിയിറക്കം വന്നപ്പോൾ ജലമിറങ്ങി എന്നു കരുതി എൻ്റെ തീരത്ത് വീട് വയ്ക്കാൻ വരരുത്. ഞാൻ സമുദ്രമാണ്, ശക്തമായി തിരിച്ചു വരും."
ദേവേന്ദ്ര ഫഡ്‌നാവിസ് എന്ന മറാത്താ ബി ജെ പി നേതാവ് 2019-ൽ പറഞ്ഞ വാക്കുകളാണിത്.
2019 -ൽ മഹാരാഷ്‌ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, തങ്ങളുടെ പരമ്പരാഗതമായ സഖ്യകക്ഷി ശിവസേനയോടൊപ്പമാണ് മത്സരിച്ചത്. സ്വാഭാവികമായും എതിരാളികളായ കോൺഗ്രസ്സ്, എൻ സിപി സഖ്യകക്ഷികളുടെ ഇൻഡി മുന്നണിയേക്കാൾ(അന്ന് യു പി എ) അവർ മുന്നിലെത്തി. 105 സീറ്റിൽ ബിജെപിയും 56 സീറ്റിൽ ഉദ്ദവ് താക്കറേയുടെ ശിവസേനയും ജയിച്ചു. വാസ്‌തവത്തിൽ ബിജെപിയെ നയിച്ച ഫഡ്‌നാവിസ് ആയിരുന്നു മുഖ്യമന്ത്രി ആകേണ്ടത്.
എന്നാൽ ഉദ്ദവിന് മുഖ്യമന്ത്രിയാകാൻ മോഹം. അന്ന് ബിജെപിയെ ചതിച്ച് വെറും 54 സീറ്റുള്ള കോൺഗ്രസ്സിനെ കൂടെ കുട്ടി ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയായി. ആ തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ ബിജെപി നയിച്ച മുന്നണി വമ്പൻ ജയം നേടിയത് മോദി പ്രഭാവത്തിലായിരുന്നു. എന്നിട്ടും ഉദ്ദവിന് ബി ജെ പിയെ ചതിക്കാൻ മടിയേതുമുണ്ടായില്ല.
അന്ന്, മുറിവേറ്റ മഹാരാഷ്‌ട്ര സിംഹമായ ഫഡ്‌നാവിസ് പറഞ്ഞ വാക്കുകളാണ് ആദ്യം കൊടുത്തത്. ആ സമുദ്രം കഴിഞ്ഞ വർഷം ദേശീയതയുടെ വൻതിരകളോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻവിജയം നേടി. ഫഡ്‌നാവിസ് മുഖ്യമന്ത്രിയുമായി.
അവിടം കൊണ്ടും തീർന്നില്ല. ആ സുനാമിക്ക് മുന്നിൽ ശിവസേന അമ്പേ കടപുഴകിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി മുംബൈ കോർപ്പറേഷനിൽ ശിവസേനേയെ തോൽപ്പിച്ച് ബിജെപി സഖ്യം അധികാരം പിടിച്ചിരിക്കുന്നു.
മാത്രമല്ല, മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ മുൻസിപ്പൽ-കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിൽ 29 ൽ 25 ഉം ബിജെപി നയിക്കുന്ന മഹയുതി നേടിയിരിക്കുന്നു. സമ്പൂർണ്ണ വിജയം !
കാലത്തിൻ്റെ കാവ്യനീതി പോലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദത്തിലിരുന്ന് ഈ വിജയങ്ങളുടെ രാജശില്പിയായി. The Grandmaster of Maharashtra Politics ! #DevendraFadnavis
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Saturday, 3 January 2026
ആരവല്ലിയുടെ പോരാട്ടം : ഭാഗം നാല്
അർണോബ് ഗോസ്വാമിയുടെ വിമർശനങ്ങൾ:
********************************
2025 നവം 20 ന് സുപ്രീം കോടതി അംഗീകരിച്ച പഠന റിപ്പോർട്ടിൻ്റെ പുറത്താണ് അർണോബ് ഗോസ്വാമി #savearavalli യുമായി കേന്ദ്ര സർക്കാരിന് എതിരെ തിരിഞ്ഞത്.
എന്നാൽ ഇത് മോദി സർക്കാർ തുടങ്ങിയ കേസായിരുന്നില്ല. വിവാദമുണ്ടാക്കിയ ഈ റിപ്പോർട്ട് പോലും സുപ്രീം കോടതി നേരിട്ടാവശ്യപ്പെട്ടതായിരുന്നു.
വാസ്‌തവത്തിൽ, 1990-ൽ ദൽഹിയിലെ സരിസ്ക്കാ ദേശീയ പാർക്കിന് ചുറ്റും അനധികൃത ഖനനം വളരെ കൂടുതൽ നടക്കുന്നതായും ഇത് ആരവല്ലി മലനിരകളേയും അവിടുത്തെ പരിസ്ഥിതിയേയും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോടതിയിൽ എത്തിയത് ഒരു പരിസ്ഥിതി പ്രവർത്തകനായിരുന്നു. ഇത് എം.സി മേത്ത , ഗോദവർമ്മൻ തിരുമുൽപ്പാട് കേസുകളുടെ പശ്ചാത്തത്തിൽ കോടതി ഗൗരവമായെടുത്തു ഖനനം തടഞ്ഞു.
എന്നാൽ അപ്പോഴും ആരവല്ലി മേഖലയെ കൃത്യമായി രേഖപ്പെടുത്താത്തതു കൊണ്ട് ദൽഹി ഗുർഗവോൺ പോലെ ചിലയിടങ്ങളിലെ പ്രത്യേക ജില്ലകളിൽ നിരോധനം വന്നെങ്കിലും രാജസ്ഥാനിലും മറ്റും തകൃതിയായി ഖനനങ്ങൾ തുടർന്നു.
പിന്നീട് 2002- ലാണ് സുപ്രീം കോടതി ഈ കേസിൽ ഗൗരവമായി ഇടപെടുന്നത്. അന്ന് ദൽഹി ഹരിയാന മേഖലയിൽ അഞ്ച് കിലോമീറ്റർ സ്ഥലത്ത് ഖനനം നിരോധിച്ചു. 2009-ൽ മലയാളിയായ ജസ്റ്റീസ് ബാലകൃഷ്ണൻ ആരവല്ലി മേഖലയിൽ കനത്ത ചൂഷണം നടക്കുന്നു എന്ന നിരീക്ഷണത്താൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഖനനം പൂർണ്ണമായും നിരോധിച്ചു.
ഇതിനിടെ, ആരവല്ലി മലനിരകളുടെ നിർവചനത്തിൽ 100 മീറ്റർ ഉയരം (local relief-ന് മുകളിൽ) എന്ന മാനദണ്ഡം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത് രാജസ്ഥാൻ സംസ്ഥാന സർക്കാർ ആണ്. 2002-ലെ ഒരു സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ (Richard Murphy landform classification അടിസ്ഥാനമാക്കി) ഇത് ശുപാർശ ചെയ്തു.
ഈ മാനദണ്ഡം രാജസ്ഥാനിൽ ഖനന നിയന്ത്രണത്തിനായി 2006 മുതൽ ഉപയോഗിച്ചുവരുന്നു. എന്നാൽ, 2010-ൽ സുപ്രീം കോടതി ഈ 100 മീറ്റർ മാനദണ്ഡം നിരസിച്ചു. “ 100 മീറ്ററിന് മുകളിലുള്ളത് മാത്രം ആരവല്ലി മലകളായി കണക്കാക്കുന്നത് അംഗീകരിക്കാനാവില്ല” എന്ന് കോടതി വ്യക്തമാക്കി.
പകരം, Forest Survey of India (FSI)-യോട് മുഴുവൻ ആരവല്ലി മലനിരകളും (100 മീറ്ററിന് താഴെയുള്ള ഭാഗങ്ങൾ ഉൾപ്പെടെ) സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് മാപ്പ് ചെയ്യാൻ നിർദേശിച്ചു. ഇതിന്റെ ഫലമായി FSI 3 ഡിഗ്രി സ്ലോപ്പ് അടിസ്ഥാനമാക്കിയുള്ള നിർവചനം നിർദേശിച്ചു. ഇതിങ്ങനെ തുടർന്നു.
2024-2025-ലെ വിവാദത്തിൽ, സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി (പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം - MoEFCC - നയിക്കുന്നത്) 2025 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ സമിതി 100 മീറ്റർ ഉയര മാനദണ്ഡം വീണ്ടും ശുപാർശ ചെയ്തു. (രാജസ്ഥാനിലെ പഴയ മാനദണ്ഡത്തിന്റെ മെച്ചപ്പെട്ട രൂപമായി). ഇത് പ്രകാരം നൂറ് മീറ്റർ എങ്കിലും ഉയരമുള്ള മലകളെ മാത്രമാണ് ആരവല്ലിയായി കണക്കാക്കുക. കൂടാതെ ഇത്തരം രണ്ടു മലകൾക്കിടയിൽ അരകിലോമീറ്ററിൽ കൂടുതൽ ദൂരം ഉണ്ടായാൽ ആ സ്ഥലം ആരവല്ലിയായി സംരക്ഷിക്കപ്പെടേണ്ടതില്ല എന്നും നിഷ്‌കർഷിച്ചു.
ഇത് വളരെ അപകടം പിടിച്ച ഒന്നായിരുന്നു. അതായത് ഈ പഠന പ്രകാരം മൊത്തം നാല് സംസ്ഥാനങ്ങളിലും കൂടി ഈ എഴുനൂറോളം കിലോമീറ്ററിൽ വെറും ആയിരം മലകൾ ഒഴികെ ബാക്കിയെല്ലാം നൂറ് മീറ്ററിൽ താഴെയാണ് വരിക. ബാക്കിയെല്ലാം ഖനനത്തിനും തദ്വാരാ പരിസ്ഥിതി നാശത്തിനും തുറന്ന് കൊടുക്കുന്ന അവസ്ഥയായി. അർണോബിൻ്റെ വിമർശനം ഇതിന് എതിരേയായിരുന്നു.
ഈ പഠന സമിതിയിൽ FSI, GSI, CEC, സംസ്ഥാന പ്രതിനിധികൾ എന്നിവരുണ്ടായിരുന്നെങ്കിലും, കേന്ദ്ര സർക്കാരിൻ്റെ CEC ഈ ശുപാർശയെ എതിർത്തു. FSI-യുടെ സ്ലോപ്പ് അടിസ്ഥാനമാക്കിയ നിർവചനമാണ് സ്വീകരിക്കേണ്ടതെന്ന് അവർ വാദിച്ചു.
എന്നാൽ ചീഫ് ജസ്റ്റീസ് ആർ എസ് ഗവായി 2025 നവംബർ 20-ന് സുപ്രീം കോടതി ഈ സമിതി റിപ്പോർട്ട് അംഗീകരിച്ചതോടെ വിവാദം രൂക്ഷമായി. പിന്നീട് (ഡിസംബർ 29, 2025) കോടതി തന്നെ ഈ തീരുമാനം താൽക്കാലികമായി നിർത്തിവെച്ച് പുതിയ വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനല്ല, ധാതു ചൂഷണത്തിനാണ്” ഈ വിധി എന്ന് അദ്ദേഹം ആരോപിച്ചു. അദാനി പോലെയുള്ള ഖനനം നടത്തുന്ന വൻ ബില്യണയർ കമ്പനികൾക്ക് ആരവല്ലിയെ ചൂഷണം ചെയ്യാൻ സർക്കാർ അവസരം ഒരുക്കുന്നുവെന്ന് ആരോപിച്ചു.
നൂറ് മീറ്റർ പരിധി വന്നാൽ 90% മലനിരകൾ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഇത് പൊടിമണൽ മലിനീകരണം, ജലക്ഷാമം, മരുവൽക്കരണം എന്നിവ വർധിപ്പിക്കുമെന്നും പറഞ്ഞു.
അർണബ് കേന്ദ്ര സർക്കാർ മന്ത്രിമാർ ഒളിച്ചോടുന്നു എന്ന് വിമർശിച്ചു. കേന്ദ്രം ഇതിൽ ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രതികരണങ്ങൾ “അസംബന്ധം” എന്ന് വിമർശിച്ചു.
മറ്റ് അങ്കർമാരെ പരിഹാസം: “15 കോടി രൂപ വേതനം വാങ്ങുന്ന സർക്കാർ അങ്കർ” (DD News-ലെ സുധിർ ചൗധരിയെ ഉദ്ദേശിച്ച്) ഈ വിഷയം ചോദ്യം ചെയ്യില്ലെന്ന് പരിഹസിച്ചു.
സുപ്രീം കോടതി നേരിട്ട് ഇടപെടുന്ന കേസുകളിൽ നരേന്ദ്ര മോദി ഒരിക്കലും ഇടപെടാറില്ല എന്ന് മറ്റാരേക്കാളും അറിയുന്നത് കാലങ്ങളായി ബിജെപി അനുകൂലി എന്ന് എതിരാളികൾ വിമർശിക്കുന്ന അർണോബിനാണ്.
ഒന്നാമത് ആരവല്ലി മലകളോ, ഖനനമോ കേന്ദ്ര വിഷയമല്ല. അതത് സംസ്ഥാനങ്ങൾ ആണ് ഇത് ചെയ്യുന്നത്. രണ്ട്; സുപ്രീം കോടതി നേരിട്ട് ഒരു കേന്ദ്ര സർക്കാർ വകുപ്പിന് നിർദ്ദേശം നൽകിയാൽ സർക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് മാത്രമല്ല കോടതിയിൽ സോളിസിറ്റർ ജനറൽ ഹാജരായി കേന്ദ്ര സർക്കാർ വകുപ്പിനായി വാദിക്കുകയും വേണം.
ഈ കേസിൽ നടന്നത് അതാണ്. മാത്രവുമല്ല ഈ വിമർശനം ഉയർന്നപ്പോൾ തന്നെ ഇത് അനാവശ്യ വിവാദമാണെന്നും, കേന്ദ്ര സർക്കാർ, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നേതൃത്വത്തിൽ, ഈ ആരോപണങ്ങൾ നിഷേധിച്ചു. ഡിസംബർ 2025-ൽ, 90 ശതമാനം മേഖല സംരക്ഷിതമാണെന്നും പുതിയ ഖനനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. ഖനനം 0.19–2% മാത്രമേ അനുവദിക്കൂ എന്നും കർശന നിയന്ത്രണങ്ങൾ ഉണ്ടെന്നും പറഞ്ഞു.
കൂടാതെ കേന്ദ്ര സർക്കാർ ആരവല്ലി മേഖലയിൽ ഒട്ടാകെ താത്ക്കാലികമായി ഖനനാനുമതി നിഷേധിക്കുകയും ചെയ്തു.
ഇതൊന്നും വക വയ്ക്കാതെ അർണബ് വിമർശനം തുടർന്നത് മറ്റ് ചില കാരണങ്ങൾ കൊണ്ടാണ് എന്നാക്ഷേപവുമുണ്ട്. കൂടാതെ അർണബിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നിൽ പല വിശകലനങ്ങളും ഉണ്ട്.
റിപ്പബ്ലിക് ടിവിയുടെ ക്രെഡിബിലിറ്റി മാനേജ്മെന്റ് : അർണബിനെ “ഗോദി മീഡിയ” (സർക്കാർ അനുകൂല മാധ്യമം) എന്ന് വിമർശിക്കപ്പെട്ടിരുന്നു. ഈ ടാഗ് ഒഴിവാക്കാനും ചാനലിന്റെ നിഷ്പക്ഷത തെളിയിക്കാനും അദ്ദേഹം സർക്കാരിനെ വിമർശിക്കുന്നുവെന്നാണ് ചില വിശകലനങ്ങൾ. 2029 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ടിവിയുടെ വിശ്വാസ്യത വർധിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
പ്രധാനമന്ത്രിയുടെ മീഡിയ മാനേജർ ഹിരൻ ജോഷി പോസ്റ്റിൽ നിന്ന് മാറ്റപ്പെട്ടത് അർണാബിന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനം നഷ്‌ടപ്പെടാനിടയാക്കി എന്നും, ഇതിൻ്റെ ചൊരുക്ക് തീർക്കുകയായിരുന്നു എന്നും ശ്രുതിയുണ്ട്.
ആരെങ്ങനെ വിമർശിച്ചാലും ഒരു വ്യാഴവട്ടക്കാലം പ്രധാനമന്ത്രിയായിരുന്ന് മോദി ഉണ്ടാക്കിയ പ്രതിച്‌ഛായയും, ജനജീവിതങ്ങളിൽ ഉണ്ടാക്കിയ ഉയർച്ചയും തകർക്കാനാവില്ല എന്നതാണ് വാസ്‌തവം.
ഒരു വശത്ത് ആരവല്ലിയുടെ പേരിൽ പതിറ്റാണ്ടുകളായി കേസുകൾ നടക്കുകയും വിവാദങ്ങൾ തുടരുകയും ചെയ്യുമ്പോൾ രാജ്യത്തിൻ്റെ സമഗ്ര വികസനവും സംരക്ഷണവും ലാക്കാക്കി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തിൽ കണ്ണടച്ചു എന്ന് കരുതാനാകുമോ?
ഇല്ല എന്നതാണ് ഉത്തരം. 692 കിലോമീറ്ററല്ല മറിച്ച് 1400 കിലോമീറ്റർ ദൂരത്തിൽ ആരവല്ലി മേഖലയെ സംരക്ഷിക്കാൻ നരേന്ദ്രമോദി തുടങ്ങിയ ആരവല്ലി ഗ്രീൻവാൾ പദ്ധതിയെ കുറിച്ചു കൂടി പറഞ്ഞ് അടുത്ത ഭാഗത്തോടെ ഈ പരമ്പര അവസാനിപ്പിക്കാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ ഭരണഘടനയായി മാറിയ മലയാളിയുടെ പോരാട്ടം
******************************
T.N. Godavarman Thirumulpad Vs Union of India (1995):
*******************************
ഇന്ത്യയിലെ പരിസ്ഥിതി വനസംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലാണ്, ഇന്ത്യയുടെ ഗ്രീൻമാൻ ആയ ഗോദവർമ്മൻ തിരുമുൽപ്പാട് എന്ന മലയാളി നടത്തിയ ഐതിഹാസിക പോരാട്ടം. ദൗർഭാഗ്യവശാൽ മലയാളികൾക്ക് പോലും ഇതേക്കുറിച്ച് വളരെ കുറഞ്ഞ അറിവേയുള്ളു.
വീരപ്പൻ മുതൽ ചാനലിലെ മരം മുറി കള്ളന്മാരെ വരെ വന സംരക്ഷണ നിയമത്തിന് മുന്നിൽ കുറ്റവാളികളാക്കിയതിന് കാരണമായത് നിലമ്പൂർ കോവിലകത്തെ രാജകുടുംബാംഗമായ ഇദ്ദേഹം നടത്തിയ പ്രശസ്തമായ കേസാണ്. T.N. Godavarman Thirumulpad Vs Union of India (Writ Petition (Civil) No. 202 of 1995) എന്നണ് അത് നിയമ വ്യത്തങ്ങളിൽ അറിയപ്പെടുന്നത്.
ഇന്ത്യൻ സുപ്രീം കോടതിയിലെ ഏറ്റവും നീണ്ടുനിൽക്കുന്ന പൊതുതാൽപ്പര്യ ഹർജികളിൽ ഒന്നാണിത്. 1995-ൽ തമിഴ്നാട്ടിലെ നീലഗിരി മേഖലയിലെ വനനശീകരണത്തിനെതിരെ ടി.എൻ. ഗോദവർമൻ തിരുമുൽപാട് സമർപ്പിച്ച ഹർജി ഇന്നും കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus) ആയി തുടരുന്നു എന്ന സവിശേഷത കാരണമാണ് എല്ലാ പരിസ്ഥിതി, വന നശീകരണ കേസുകളിലും ഇത് ബാധകമാകുന്നത്.
പരിസ്ഥിതി വിഷയത്തിൽ ഈ കേസിലെ വിധിയുടെ പിൻബലത്തിൽ രാജ്യമൊട്ടാകെ കോടതികൾ സർക്കാരുകൾക്ക് നിരന്തരം നിരീക്ഷണവും നിർദേശങ്ങളും നൽകുന്നു. ആരവല്ലി കേസിലും എം.സി മേത്ത കേസിനൊപ്പം സുപ്രീം കോടതി അടിസ്ഥാനമാക്കിയിട്ടുള്ളത് ഗോദവർമ്മൻ കേസിലെ വിധികളും നിർദ്ദേശങ്ങളുമാണ്.
കേസിന്റെ പശ്ചാത്തലം
************************
1990-കളിൽ രാജ്യവ്യാപകമായി വനനശീകരണം, അനധികൃത മരംമുറി, ഖനനം, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവ വൻതോതിൽ നടന്നിരുന്നു. Forest (Conservation) Act, 1980 പ്രകാരം വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര അനുമതി വേണമെങ്കിലും സംസ്ഥാനങ്ങൾ ഇത് പലപ്പോഴും അവഗണിച്ചു.
ഗോദവർമന്റെ ഹർജി തമിഴ്നാട്ടിലെ വനമേഖലയിലെ അനധികൃത മരംമുറിയെ, പ്രത്യേകിച്ച് ചന്ദനമരങ്ങൾ കൊള്ളയടിക്കുന്ന വീരപ്പന് രാഷ്‌ട്രീയ പിൻബലത്താൻ യഥേഷ്‌ടം വിഹരിക്കാൻ കഴിയുന്നത് ചോദ്യം ചെയ്തു കൊണ്ടാണ് ആരംഭിച്ചത്.
ഈ കേസിലെ പ്രധാന വിധികൾ;
******************************
1996 ഡിസംബർ 12-ന് ജസ്റ്റിസ് ജെ.എസ്. വർമ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇന്ററിം ഉത്തരവ് ഇന്ത്യൻ വനനയത്തെ തന്നെ മാറ്റിമറിച്ചു:
1. “വനം” എന്നതിന്റെ വിശാല നിർവചനം Forest Act അല്ലെങ്കിൽ Indian Forest Act പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ഭൂമി മാത്രമല്ല, ഡിക്ഷണറി അർത്ഥത്തിലുള്ള എല്ലാ വനങ്ങളും (dictionary meaning of forest) ഈ കേസിന്റെ പരിധിയിൽ വരും. ഭൂമി ഔദ്യോഗികമായി വനമായി വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിലും വനസ്വഭാവമുള്ളതാണെങ്കിൽ അത് വനമായി കണക്കാക്കും. ആരവല്ലി കേസിൽ ഇത് പ്രസക്തമായത് ആ ജൈവ മേഖലയിൽ കണ്ടെത്തിയിട്ടുള്ള വന പരിസ്ഥിതി സമ്പത്തും, നൂറ്റിയൊന്നോളം വരുന്ന പക്ഷി, മൃഗ, മറ്റ് ജീവജാലങ്ങളുടെ സാന്നിദ്ധ്യവും സംരക്ഷണവും മുൻ നിർത്തിയാണ്.
2. ‘മരംമുറിക്ക് പൂർണ നിരോധനം: രാജ്യത്തെ എല്ലാ വനമേഖലകളിലും (നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ ഒഴികെ) മരംമുറി പൂർണമായി നിരോധിച്ചത് ഈ കേസിലെ വൻ വിജയമാണ്. കേരളത്തിൽ ചില മരംമുറി വിദഗ്ധർ കേസിൽ പ്രതികളായത് ഈ നിയമം മൂലമാണ്. 🥴
3. വനഭൂമിയുടെ നോൺ-ഫോറസ്ട്രി ഉപയോഗം Forest (Conservation) Act, 1980 പ്രകാരം വനഭൂമി നോൺ-ഫോറസ്ട്രി ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല എന്നതാണ് ഇതിലെ പ്രത്യേകത.
4. സെൻട്രൽ എംപവേഡ് കമ്മിറ്റി (CEC) 2002-ൽ സുപ്രീം കോടതി സെൻട്രൽ എംപവേഡ് കമ്മിറ്റി രൂപീകരിച്ചു. വനസംരക്ഷണം, ഖനനം, വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കുന്ന സ്ഥിരം സമിതിയാണിത്.
ആരവല്ലി മലനിരകളുമായുള്ള ബന്ധം
*********************************
ഈ കേസ് M.C. Mehta v. Union of India കേസുമായി ചേർന്നാണ് സുപ്രീം കോടതി ആരവല്ലി മലനിരകളിലെ ഖനന നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ വിധി പ്രകാരം വനസ്വഭാവമുള്ള ആരവല്ലി മേഖലകളിൽ ഖനനത്തിനുള്ള അനുമതി Forest Act ൻ്റെ പരിധിയിലാക്കി.
അനധികൃത ഖനനശാലകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. 2025-ലെ ആരവല്ലി നിർവചന വിവാദത്തിലും (100 മീറ്റർ മാനദണ്ഡം) CEC-യുടെ (Central Empowered Committee) റിപ്പോർട്ടുകൾ നിർണായകമായിരുന്നു. CEC ഈ മാനദണ്ഡത്തെ എതിർത്തു.
കേസിന്റെ പ്രാധാന്യവും സ്വാധീനം:
* ഇന്ത്യയിലെ മൂന്നിലൊന്ന് വനഭൂമി ഈ കേസിന്റെ പരിധിയിൽ വന്നു.
• വന്യജീവി സംരക്ഷണം, പ്ലാന്റേഷൻ vs. പ്രകൃതി വനം തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
• NET PRESENT VALUE (NPV) കൺസെപ്റ്റ് അവതരിപ്പിച്ചു—വനഭൂമി മാറ്റുമ്പോൾ പരിസ്ഥിതി നഷ്ടപരിഹാരമായി തുക അടയ്ക്കണം (CAMPA ഫണ്ടിലേക്ക്).
• വനനയത്തിൽ കോടതി നിരീക്ഷണം (judicial oversight) സ്ഥാപിച്ചു.
നിലവിലെ സ്ഥിതി: (2025 ഡിസംബർ)
കേസ് ഇപ്പോഴും സജീവമാണ്. വനഭൂമി മാറ്റൽ, ഖനനം, വന്യജീവി ഇടനാഴികൾ, compensatory afforestation തുടങ്ങിയ വിഷയങ്ങൾ പരിഗണനയിലുണ്ട്. ആരവല്ലി, പശ്ചിമഘട്ടം, നോർത്ത് ഈസ്റ്റ് വനങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ഇതിന്റെ ഭാഗമായി വരുന്നു. മാധവ് ഗാഡ്ഗിൽ പശ്ചിമ ഘട്ടത്തിനായി നടത്തിയ പോരാട്ടങ്ങൾ, കോടതികൾ ഈ കേസിൽ പഠിച്ചിരുന്നു.
ചുരുക്കത്തിൽ, മലയാളിയായ ഗോദവർമ്മൻ കേസ് ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ “ഭരണഘടന” എന്ന വിശേഷണം നേടി. നമ്മുടെ രാജ്യത്തെ വന, പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അഥവാ നിയമങ്ങൾ ഇവിടെ നിന്നാണ് ഉടലെടുത്തത്. M.C. Mehta കേസിനൊപ്പം ചേർന്ന് ഇത് ഇന്ത്യയുടെ പരിസ്ഥിതി ഭരണത്തെ പുനർനിർവചിച്ചു എന്ന് പറയാം.
ആരവല്ലി സംരക്ഷണം സംബന്ധിച്ച കേസുകളിലും ഇപ്പോഴും കോടതികൾ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളോട് ഒരു സമഗ്ര ഭൂപടം തയ്യാറാക്കാൻ ആവശ്യപ്പെട്ടതും ഇതിൻ്റെ തുടർച്ചയാണ്.
ഇപ്പോൾ ഏകദേശം ആരവല്ലി മലനിരകൾ സംബന്ധിച്ച കേസു കാര്യങ്ങളുടെ ചരിത്രം ബോദ്‌ധ്യമായില്ലേ? ഈ പശ്ചാത്തലത്തിൽ വേണം അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിന് എതിരെ നടത്തുന്ന കനത്ത വിമർശനങ്ങളെ വിലയിരുത്താൻ. അതേക്കുറിച്ച് അടുത്ത ഭാഗത്തിൽ...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SaveAravalli
ആരവല്ലിയുടെ പോരാട്ടം: ഭാഗം 2 നിയമപോരാട്ടങ്ങളുടെ നാൾവഴികൾ
********************************
മണിപ്പൂരിലെ കലാപം തുടങ്ങിയത് എങ്ങനെയാണന്ന് ഓർമ്മയുണ്ടോ?
2023 ഏപ്രിൽ 14-ന് മണിപ്പൂർ ഹൈക്കോടതി മണിപ്പൂരിലെ പ്രധാന ഗോത്ര വർഗ്ഗമായ മെയ്തി സമുദായത്തിന് Scheduled Tribe (ST) പദവി നൽകുന്നതിനുള്ള ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇത് കുക്കി-നാഗ ഗോത്രങ്ങളെ ഞെട്ടിച്ചു.
ഇതിനെതിരെ മെയ് 3-ന് തുടങ്ങിയ ട്രൈബൽ സമരമാണ് ഹൈക്കോടതി ആ ഉത്തരവ് പിൻവലിച്ചിട്ടും ഇന്നും അവസാനിക്കാത്ത രക്തരൂക്ഷിത കലാപമായി തുടരുന്നത്.
ആരവല്ലി മലനിരകളുടെ സംരക്ഷണം സംബന്ധിച്ച് ഇതേ പോലെയൊരു കോടതി ഉത്തരവാണ് ഇപ്പോളത്തെ വിവാദങ്ങളുടേയും സമരങ്ങളുടേയും മൂല കാരണം. കോടതികൾ കലാപത്തിന് ഇടയാക്കി എന്നല്ല ഇതിൻ്റെയൊന്നും അർത്ഥം. മറിച്ച് ദൂരെ വ്യാപകമായ ആഘാതങ്ങൾ പഠിക്കാതെ ഉള്ള ചില ഉത്തരവുകൾ ഇങ്ങനെ വിവാദങ്ങളിൽ കലാശിക്കും എന്ന മുന്നറിയിപ്പാണ് ഈ സംഭവങ്ങൾ.
ആറോ, ഏഴോ പതിറ്റാണ്ടുകളായി ഭാരതം സ്വതന്ത്രമായ ശേഷം പോലും തുടർന്നിരുന്ന വനനശീകരണവും, പരിസ്ഥിതി നശീകരണവുമാണ് ആരവല്ലി മലമേഖലകളിൽ നടന്നിരുന്നത്. എന്നാൽ 2025 നവംബർ 20 ലെ ഒരൊറ്റ കോടതി ഉത്തരവ് ഇത്രയും കാലം ഇതൊന്നും കാണാതെയിരുന്ന പരിസ്ഥിതി വാദികളേയും അർണോബിനെ പോലെയുള്ള മാദ്ധ്യമ പ്രവർത്തകരേയും ഉണർത്തി. അതവിടെ നിക്കട്ടെ;അതിലേക്ക് പിന്നെ വരാം. തത്ക്കാലം ആരവല്ലി സംബന്ധിച്ച കോടതി വ്യവഹാരങ്ങളുടെ കാര്യം പറയാം.
മുൻപ് സൂചിപ്പിച്ചതു പോലെ, നീണ്ട കാലത്തെ കോടതി വ്യവഹാരങ്ങളുടെ ഒരു ചരിത്രം തന്നെ ആരവല്ലി പ്രദേശത്തിനുണ്ട്. എന്നാൽ ഇവയൊന്നും ഏകീകൃത സ്വഭാവത്തോടെ ഉള്ളതല്ല എന്നതാണ് വാസ്‌തവം. അതിന് കാരണം, ഗുജറാത്ത് മുതൽ ഹരിയാന, ദില്ലി വരെയുള്ള മലനിരകളേയും അവയുടെ താഴ്‌വരകളേയും ആരവല്ലി പ്രദേശം എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായി ‘ഇന്നയിടം മുതൽ ഇത്രയിടം വരെ’ യാണ് ആരവല്ലി നിരകൾ എന്ന് നിർവചിക്കപ്പെട്ടിട്ടില്ല എന്നതാണ്.
മുൻ കാലങ്ങളിൽ ഈ പ്രദേശങ്ങളുടെ ജൈവ വൈവിദ്ധ്യങ്ങളെക്കുറിച്ചോ, പരിസ്ഥിതി പ്രാധാന്യത്തേക്കുറിച്ചോ കൃത്യമായ പഠനങ്ങളൊന്നും നടന്നിരുന്നില്ല. അതിനാൽ തന്നെ ഈ മലനിരകൾ, അതു കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ പരിധിക്കുള്ളിൽ ഉൾപ്പെട്ടതായി കണക്കാക്കി അതാത് സംസ്ഥാനങ്ങളാണ് ആ പ്രദേശങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ് നടക്കുന്നതും.
തത്ഫലമായി മറ്റേത് സ്ഥലങ്ങളിലേയും പോലെ ഈ പ്രദേശങ്ങളും രാഷ്ട്രീയക്കാർ + മൈനിങ്ങ് മാഫിയാ സംഘങ്ങളുടെ വിളനിലമായി. ആരവല്ലിയിൽ ഉൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങൾ ഇങ്ങനെ നാമാവശേഷമായി. പല സ്ഥലങ്ങളും ഇടിച്ചു നിരത്തപ്പെട്ട് നഗരങ്ങളായി. ദൽഹിയുടെ തൊട്ടടുത്ത ഗുർഗാവോൺ തന്നെ ഉദാഹരണം. 1960 കൾ മുതൽ നിർബാധം തുടങ്ങിയ ഈ തേർവാഴ്ച്ചകൾ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് 1985ലാണ്.
ആരവല്ലി പരാമർശിക്കപ്പെട്ട ആദ്യ കേസ്:
*****************************
ദൽഹിയിലെ ശ്രീറാം ഫെർട്ടിലൈസേർസ് ഇൻഡസ്ട്രീസ് എന്ന കമ്പിനിയിൽ നിന്നും ഓലിയം ഗ്യാസ് ലീക്ക് ചെയ്തുണ്ടായ അപകടത്തെ തുടർന്ന് ദൽഹിയിൽ അന്നത്തെ പ്രശസ്ത അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.സി മേത്ത നേരിട്ട് സുപ്രീം കോടതിയിൽ കൊടുത്ത പൊതു താത്പര്യ ഹർജി ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥയിൽ നാഴികക്കല്ലായി മാറുകയായിരുന്നു.
M.C. Mehta v. Union of India (Writ Petition (Civil) No. 4677 of 1985): ********************************
ഇന്ത്യൻ പരിസ്ഥിതി നിയമ ചരിത്രത്തിലെ ഏറ്റവും നീണ്ടു നിൽക്കുന്നതും സ്വാധീനമുള്ളതുമായ കേസുകളിലൊന്നാണിത്. ശ്രീറാം ഇൻഡസ്ട്രീസ് മൂലം ഉണ്ടായ ദൽഹിയിലെ വായു മലിനീകരണം ചൂണ്ടിക്കാട്ടി ഇത്തരം അപകടകരമായ വ്യവസായങ്ങൾ, അനധികൃത നിർമാണങ്ങൾ, ആരവല്ലി മലനിരകളിലെ ഖനനം തുടങ്ങിയ വിഷയങ്ങൾ മേത്ത സുപ്രീം കോടതിയിൽ ചർച്ചയാക്കി.
ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ നേരിട്ട് ഫയൽ ചെയ്ത ഈ ഹർജി ഇന്നും തുടരുന്ന പ്രക്രിയയാണ്. "കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus)" രീതിയിൽ കോടതി തുടർച്ചയായി നിരീക്ഷണവും നിർദേശങ്ങളും നൽകുന്ന ഇന്ത്യയിലെ ആദ്യ കേസ് കൂടിയാണിത്. (എല്ലാ കാലത്തും കോടതിക്ക് ഒരു വിഷയത്തിൽ തുടർച്ചക്കായി ഇടപെടാനുള്ള അവകാശമാണിത്)
കേസിന്റെ പശ്ചാത്തലം:
**********************
1980-കളിൽ ഡൽഹിയിലെ കനത്ത മലിനീകരണവും വ്യാവസായിക പ്രവർത്തനങ്ങളും ജനജീവിതത്തെ ബാധിച്ചിരുന്നു.
മേത്തയുടെ ഹർജി പ്രധാനമായും:
• ഡൽഹിയിലെ അപകടകരമായ (hazardous/noxious) വ്യവസായങ്ങൾ മാറ്റിസ്ഥാപിക്കുക.
• ആരവല്ലി മലനിരകളിലെ അമിത ഖനനം തടയുക
• അനധികൃത നിർമാണങ്ങൾ, റിഡ്ജ് മേഖലകളുടെ സംരക്ഷണം, വായു-ജല മലിനീകരണം എന്നിവ നിയന്ത്രിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു.
ആർട്ടിക്കിൾ 21-ലെ ജീവിക്കാനുള്ള അവകാശം (right to life) പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്തി കോടതി ഇടപെട്ടു. ഇതിന് മറ്റൊരു പരിസ്ഥിതി കേസും ഉപോദ്ബലമായി.
മേത്തയുടെ കേസു പോലെ ഇന്നും തുടരുന്ന മറ്റൊരു കേസാണ് TN ഗോദവർമ്മൻ തിരുമുൽപ്പാട് കേസ്. അത് അടുത്ത ഭാഗത്തിൽ പറയാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SaveAravalli
ആരവല്ലിയുടെ പോരാട്ടം; വിവാദങ്ങളും, വസ്തുതകളും **************************** (ഭാഗം - ഒന്ന്
വടക്കേന്ത്യയെ പിടിച്ചുലയ്ക്കുന്ന ആരവല്ലി പർവ്വത നിരകളുടെ ഖനനാനുമതി സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസും, ഇതിൻ്റെ പേരിൽ കേന്ദ്രസർക്കാരിന് എതിരെ നടക്കുന്ന പ്രചരണങ്ങളെ, പ്രത്യേകിച്ച് അർണാബ് ഗോസ്വാമി നടത്തുന്ന വിമർശനങ്ങളേയും ഒന്ന് സ്വതന്ത്രമായി നോക്കുകയാണിവിടെ.
ജനകീയ പോരാട്ടങ്ങളും മാദ്ധ്യമ വിമർശനങ്ങളും സുപ്രീം കോടതിയെ വരെ കനത്ത സമ്മർദ്ദത്തിലാക്കി തങ്ങളുടെ തന്നെ വിധിയെ തടഞ്ഞു വച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ നിർബന്ധിതരാക്കി എന്നതിൻ്റെ അനന്യ സാധാരണമായ സ്ഥിതി വിശേഷമാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്.
എന്തുകൊണ്ട് ഇത് വിചിത്രമായ ഒരു സ്ഥിതി വിശേഷമാകുന്നുവെന്ന് അറിയണമെങ്കിൽ ഈ വിഷയം തുടക്കം മുതൽ അറിയണം. ഒപ്പം ആരവല്ലിയുടെ പ്രാധാന്യം ഉൾപ്പെടെ സുപ്രീം കോടതി ഡിസം 29 ന് ജനുവരി 21 വരേക്ക് മരവിപ്പിച്ച അവരുടെ തന്നെ നവം20 ലെ വിധിയെ കുറിച്ചും ഇതിൽ കേന്ദ്രത്തിൻ്റെ പങ്കിനെ കുറിച്ചും അറിയണം.
ഈ വിഷയത്തിൽ റിപ്പബ്ളിക്ക് ടിവിയും അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിനെ വിമർശിച്ച് തുടർച്ചയായി നടത്തുന്ന ചർച്ചകളാണ് രാജ്യത്ത് മറ്റ് മാദ്ധ്യമങ്ങളേയും, പ്രതിപക്ഷ കക്ഷികളേയും അമ്പരപ്പിച്ചതെന്ന് പറയാതെ വയ്യ. അതിലെ ഗൗരവവും അതിനാൽ തന്നെ കാണാതെയിരുന്നു കൂടാ.
ഈ വിമർശനങ്ങളും, വിവാദങ്ങളും കേസുകൾക്കും കൃത്യമായി മനസ്സിലാകണമെങ്കിൽ ആദ്യം വടക്കേ ഇന്ത്യയുടെ ജീവനാഡിയായ ആരവല്ലി മലനിരകൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളികളും ഒപ്പം ഈ കേസിൻ്റെ നാൾ വഴികളും അറിയണം. കൂടാതെ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുക മാത്രമായിരുന്ന ആരവല്ലിക്കായി നരേന്ദ്രമോദി കൊണ്ടു വന്ന പദ്ധതികളും ഇത് നടപ്പാകും മുൻപ് ഇപ്പോൾ പൊടുന്നതേ വിവാദമായി എന്നുമറിയണം.
എല്ലാം വിശദമായി പറയുമ്പോൾ ഒരല്പം നീണ്ടു പോകും എന്നതിനാൽ ഒന്നിലേറെ ഭാഗങ്ങൾ ഇതിലുണ്ടാകും. അതിനാൽ തന്നെ അക്കാഡമിക്ക് താത്പര്യത്തോടെ ഇതിനെ സമീപിക്കുന്നവർ മുഴുവൻ വായിച്ച് അഭിപ്രായം കൂടി പറയുക, ഒപ്പം തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ കമൻ്റിൽ ചേർക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ആദ്യം ആരവല്ലിയെ അറിയാം.
**************************
മലയാളികളെ സംബന്ധിച്ച് ഒരു ജോഗ്രഫി പാഠം മാത്രമാണ് ആരവല്ലി മലനിരകൾ. എന്നാൽ ഉത്തര പശ്ചിമ ഭാരതത്തിൻ്റെ പാറാവുകാരനാണ് യഥാർത്ഥത്തിൽ ഈ പർവ്വത നിരകൾ.
ഏകദേശം ഇരുനൂറ് മുതൽ മുന്നൂറ് കോടി വരെ വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള മലനിരകളിലൊന്നാണ്, ആരവല്ലി മലമടക്കുകൾ. ഭൂമിയുടെ ആയുസ്സ് തന്നെ കണക്കാക്കിയിട്ടുള്ളത് നാനൂറ്റിയമ്പത് കോടി വർഷങ്ങൾ മാത്രമാണ് എന്നോർക്കുക.
ഒരൊറ്റ പ്ലേറ്റായി കിടന്ന ഗോണ്ഡ്വാന എന്ന ഭൂവിഭാഗം പലതായി പിരിഞ്ഞ് ഭൂഖണ്ഡങ്ങൾ രൂപാന്തരപ്പെട്ട കാലത്ത് രൂപപ്പെട്ട പർവ്വത നിരകളാണ് ഹിമാലയത്തേക്കാൾ ഇരട്ടി പ്രായമുള്ള ആരവല്ലി നിരകൾ. ഇത് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവയിലൂടെ ഏകദേശം 692 കിലോമീറ്റർ നീളുന്ന ഒരു വലിയ വേലിക്കെട്ടാണിത് എന്ന് വേണമെങ്കിൽ പറയാം. പ്രകൃതി ഭാരതത്തിന് നൽകിയ വരദാനം.
ജൈവ സമ്പുഷ്ടവും വൈവിദ്ധ്യവും നിറഞ്ഞ ഈ മലനിരകൾ രാജസ്ഥാനിലെ താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനം തടയുന്ന ഒരു മതിൽ പോലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു. നമ്മുടെ പശ്‌ചിമഘട്ടം പോലെ.
ഉത്തരേന്ത്യയിലെ സ്വാഭാവിക പ്രകൃതി, കാലാവസ്ഥ, ജലസ്രോതസ്സ് സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, താർ മരുഭൂമിയിലെ പൊടിപടലങ്ങളും മരുവൽക്കരണവും തടയുക എന്നിവയെല്ലാം ആരവല്ലി മലനിരകളുടെ അനുഗ്രഹമാണ്.
എന്നാൽ, നൂറ്റാണ്ടുകളായി മണൽക്കല്ല്, ചുണ്ണാമ്പ്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ ധാതുക്കൾ ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. താജ് മഹൽ നിർമ്മിക്കാൻ ഉപയോഗിച്ച മാർബിളുകൾ ഉൾപ്പെടെ വന്നത് ഇവിടെ നിന്നാണ് എന്നറിയുമ്പോൾ ഊഹിക്കാമല്ലോ ? ഒപ്പം കാലാകാലങ്ങളിലെ വന നശീകരണവും !
ഭാരതം സ്വതന്ത്രമായപ്പോൾ ഇത് സംരക്ഷിക്കപ്പെടുന്നതിന് പകരം കൂടുതൽ ചൂഷണം ചെയ്യപ്പെട്ടു എന്നതാണ് ദുഃഖകരമായ വസ്തുത. കഴിഞ്ഞ നാല് മുതൽ ആറ് പതിറ്റാണ്ടുകളായി ധാതുക്കൾക്കായുള്ള അമിത ഖനനം ഈ മേഖലയിൽ വലിയ തോതിലുള്ള പരിസ്ഥിതി നാശത്തിന് കാരണമായി.
ഭരണഘടന അനുസരിച്ച് ഖനനാനുമതി നൽകുന്നതും അതിലെ വരുമാനവും സംസ്ഥാനങ്ങൾക്കാണ് ഉള്ളത്. ഇതിൽ പരിസ്ഥിതി വനം തുടങ്ങിയ വകുപ്പുകളുടെ അനുമതി മാത്രമേ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ കീഴിൽ വരുന്നുള്ളൂ. (നമ്മുടെ ആറന്മുളയിൽ വിമാനത്താവളം കൊണ്ടുവരാനുള്ള പദ്ധതി ഇങ്ങനെ കേന്ദ്ര പരിസ്ഥിതി അനുമതി ലഭിക്കാതെ മുടങ്ങിയതാണ്)
കഴിഞ്ഞ കാലങ്ങളിലെ ഇങ്ങനത്തെ നിയന്ത്രണമില്ലാത്ത ഖനനങ്ങളിലൂടെ ഉത്തര ഭാരതത്തിലെ ഭൂഗർഭ ജലനിരപ്പ് കുത്തനെ കുറയുക, ദൽഹി ഇപ്പോൾ അനുഭവിക്കുന്നതു പോലുള്ള വായു മലിനീകരണം വർധിക്കുക, വനമേഖല നഷ്ടപ്പെടുക തുടങ്ങിയ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇത്തരം പ്രവണതകൾക്കെതിരെ 1985-ൽ സമർപ്പിക്കപ്പെട്ട ഒരു പൊതു താത്പര്യ ഹർജിയെ തുടർന്നുള്ള കേസുകളാണ് 2025 തീരുമ്പോളും തുടരുന്നത് എന്നറിയുമ്പോൾ "വിചിത്രം" എന്നല്ലാതെ ഈ വിവാദങ്ങളെ എങ്ങനെ വിശേഷിപ്പിക്കും? 🙄
1985ൽ തുടങ്ങിയ നിയമ പോരാട്ടങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തിൽ... (തുടരും..)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Comments (Atom)




