Saturday, 3 January 2026
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ ഭരണഘടനയായി മാറിയ മലയാളിയുടെ പോരാട്ടം
******************************
T.N. Godavarman Thirumulpad Vs Union of India (1995):
*******************************
ഇന്ത്യയിലെ പരിസ്ഥിതി വനസംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലാണ്, ഇന്ത്യയുടെ ഗ്രീൻമാൻ ആയ ഗോദവർമ്മൻ തിരുമുൽപ്പാട് എന്ന മലയാളി നടത്തിയ ഐതിഹാസിക പോരാട്ടം. ദൗർഭാഗ്യവശാൽ മലയാളികൾക്ക് പോലും ഇതേക്കുറിച്ച് വളരെ കുറഞ്ഞ അറിവേയുള്ളു.
വീരപ്പൻ മുതൽ ചാനലിലെ മരം മുറി കള്ളന്മാരെ വരെ വന സംരക്ഷണ നിയമത്തിന് മുന്നിൽ കുറ്റവാളികളാക്കിയതിന് കാരണമായത് നിലമ്പൂർ കോവിലകത്തെ രാജകുടുംബാംഗമായ ഇദ്ദേഹം നടത്തിയ പ്രശസ്തമായ കേസാണ്. T.N. Godavarman Thirumulpad Vs Union of India (Writ Petition (Civil) No. 202 of 1995) എന്നണ് അത് നിയമ വ്യത്തങ്ങളിൽ അറിയപ്പെടുന്നത്.
ഇന്ത്യൻ സുപ്രീം കോടതിയിലെ ഏറ്റവും നീണ്ടുനിൽക്കുന്ന പൊതുതാൽപ്പര്യ ഹർജികളിൽ ഒന്നാണിത്. 1995-ൽ തമിഴ്നാട്ടിലെ നീലഗിരി മേഖലയിലെ വനനശീകരണത്തിനെതിരെ ടി.എൻ. ഗോദവർമൻ തിരുമുൽപാട് സമർപ്പിച്ച ഹർജി ഇന്നും കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus) ആയി തുടരുന്നു എന്ന സവിശേഷത കാരണമാണ് എല്ലാ പരിസ്ഥിതി, വന നശീകരണ കേസുകളിലും ഇത് ബാധകമാകുന്നത്.
പരിസ്ഥിതി വിഷയത്തിൽ ഈ കേസിലെ വിധിയുടെ പിൻബലത്തിൽ രാജ്യമൊട്ടാകെ കോടതികൾ സർക്കാരുകൾക്ക് നിരന്തരം നിരീക്ഷണവും നിർദേശങ്ങളും നൽകുന്നു. ആരവല്ലി കേസിലും എം.സി മേത്ത കേസിനൊപ്പം സുപ്രീം കോടതി അടിസ്ഥാനമാക്കിയിട്ടുള്ളത് ഗോദവർമ്മൻ കേസിലെ വിധികളും നിർദ്ദേശങ്ങളുമാണ്.
കേസിന്റെ പശ്ചാത്തലം
************************
1990-കളിൽ രാജ്യവ്യാപകമായി വനനശീകരണം, അനധികൃത മരംമുറി, ഖനനം, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവ വൻതോതിൽ നടന്നിരുന്നു. Forest (Conservation) Act, 1980 പ്രകാരം വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര അനുമതി വേണമെങ്കിലും സംസ്ഥാനങ്ങൾ ഇത് പലപ്പോഴും അവഗണിച്ചു.
ഗോദവർമന്റെ ഹർജി തമിഴ്നാട്ടിലെ വനമേഖലയിലെ അനധികൃത മരംമുറിയെ, പ്രത്യേകിച്ച് ചന്ദനമരങ്ങൾ കൊള്ളയടിക്കുന്ന വീരപ്പന് രാഷ്‌ട്രീയ പിൻബലത്താൻ യഥേഷ്‌ടം വിഹരിക്കാൻ കഴിയുന്നത് ചോദ്യം ചെയ്തു കൊണ്ടാണ് ആരംഭിച്ചത്.
ഈ കേസിലെ പ്രധാന വിധികൾ;
******************************
1996 ഡിസംബർ 12-ന് ജസ്റ്റിസ് ജെ.എസ്. വർമ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇന്ററിം ഉത്തരവ് ഇന്ത്യൻ വനനയത്തെ തന്നെ മാറ്റിമറിച്ചു:
1. “വനം” എന്നതിന്റെ വിശാല നിർവചനം Forest Act അല്ലെങ്കിൽ Indian Forest Act പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ഭൂമി മാത്രമല്ല, ഡിക്ഷണറി അർത്ഥത്തിലുള്ള എല്ലാ വനങ്ങളും (dictionary meaning of forest) ഈ കേസിന്റെ പരിധിയിൽ വരും. ഭൂമി ഔദ്യോഗികമായി വനമായി വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിലും വനസ്വഭാവമുള്ളതാണെങ്കിൽ അത് വനമായി കണക്കാക്കും. ആരവല്ലി കേസിൽ ഇത് പ്രസക്തമായത് ആ ജൈവ മേഖലയിൽ കണ്ടെത്തിയിട്ടുള്ള വന പരിസ്ഥിതി സമ്പത്തും, നൂറ്റിയൊന്നോളം വരുന്ന പക്ഷി, മൃഗ, മറ്റ് ജീവജാലങ്ങളുടെ സാന്നിദ്ധ്യവും സംരക്ഷണവും മുൻ നിർത്തിയാണ്.
2. ‘മരംമുറിക്ക് പൂർണ നിരോധനം: രാജ്യത്തെ എല്ലാ വനമേഖലകളിലും (നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ ഒഴികെ) മരംമുറി പൂർണമായി നിരോധിച്ചത് ഈ കേസിലെ വൻ വിജയമാണ്. കേരളത്തിൽ ചില മരംമുറി വിദഗ്ധർ കേസിൽ പ്രതികളായത് ഈ നിയമം മൂലമാണ്. 🥴
3. വനഭൂമിയുടെ നോൺ-ഫോറസ്ട്രി ഉപയോഗം Forest (Conservation) Act, 1980 പ്രകാരം വനഭൂമി നോൺ-ഫോറസ്ട്രി ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല എന്നതാണ് ഇതിലെ പ്രത്യേകത.
4. സെൻട്രൽ എംപവേഡ് കമ്മിറ്റി (CEC) 2002-ൽ സുപ്രീം കോടതി സെൻട്രൽ എംപവേഡ് കമ്മിറ്റി രൂപീകരിച്ചു. വനസംരക്ഷണം, ഖനനം, വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കുന്ന സ്ഥിരം സമിതിയാണിത്.
ആരവല്ലി മലനിരകളുമായുള്ള ബന്ധം
*********************************
ഈ കേസ് M.C. Mehta v. Union of India കേസുമായി ചേർന്നാണ് സുപ്രീം കോടതി ആരവല്ലി മലനിരകളിലെ ഖനന നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ വിധി പ്രകാരം വനസ്വഭാവമുള്ള ആരവല്ലി മേഖലകളിൽ ഖനനത്തിനുള്ള അനുമതി Forest Act ൻ്റെ പരിധിയിലാക്കി.
അനധികൃത ഖനനശാലകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. 2025-ലെ ആരവല്ലി നിർവചന വിവാദത്തിലും (100 മീറ്റർ മാനദണ്ഡം) CEC-യുടെ (Central Empowered Committee) റിപ്പോർട്ടുകൾ നിർണായകമായിരുന്നു. CEC ഈ മാനദണ്ഡത്തെ എതിർത്തു.
കേസിന്റെ പ്രാധാന്യവും സ്വാധീനം:
* ഇന്ത്യയിലെ മൂന്നിലൊന്ന് വനഭൂമി ഈ കേസിന്റെ പരിധിയിൽ വന്നു.
• വന്യജീവി സംരക്ഷണം, പ്ലാന്റേഷൻ vs. പ്രകൃതി വനം തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
• NET PRESENT VALUE (NPV) കൺസെപ്റ്റ് അവതരിപ്പിച്ചു—വനഭൂമി മാറ്റുമ്പോൾ പരിസ്ഥിതി നഷ്ടപരിഹാരമായി തുക അടയ്ക്കണം (CAMPA ഫണ്ടിലേക്ക്).
• വനനയത്തിൽ കോടതി നിരീക്ഷണം (judicial oversight) സ്ഥാപിച്ചു.
നിലവിലെ സ്ഥിതി: (2025 ഡിസംബർ)
കേസ് ഇപ്പോഴും സജീവമാണ്. വനഭൂമി മാറ്റൽ, ഖനനം, വന്യജീവി ഇടനാഴികൾ, compensatory afforestation തുടങ്ങിയ വിഷയങ്ങൾ പരിഗണനയിലുണ്ട്. ആരവല്ലി, പശ്ചിമഘട്ടം, നോർത്ത് ഈസ്റ്റ് വനങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ഇതിന്റെ ഭാഗമായി വരുന്നു. മാധവ് ഗാഡ്ഗിൽ പശ്ചിമ ഘട്ടത്തിനായി നടത്തിയ പോരാട്ടങ്ങൾ, കോടതികൾ ഈ കേസിൽ പഠിച്ചിരുന്നു.
ചുരുക്കത്തിൽ, മലയാളിയായ ഗോദവർമ്മൻ കേസ് ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ “ഭരണഘടന” എന്ന വിശേഷണം നേടി. നമ്മുടെ രാജ്യത്തെ വന, പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അഥവാ നിയമങ്ങൾ ഇവിടെ നിന്നാണ് ഉടലെടുത്തത്. M.C. Mehta കേസിനൊപ്പം ചേർന്ന് ഇത് ഇന്ത്യയുടെ പരിസ്ഥിതി ഭരണത്തെ പുനർനിർവചിച്ചു എന്ന് പറയാം.
ആരവല്ലി സംരക്ഷണം സംബന്ധിച്ച കേസുകളിലും ഇപ്പോഴും കോടതികൾ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളോട് ഒരു സമഗ്ര ഭൂപടം തയ്യാറാക്കാൻ ആവശ്യപ്പെട്ടതും ഇതിൻ്റെ തുടർച്ചയാണ്.
ഇപ്പോൾ ഏകദേശം ആരവല്ലി മലനിരകൾ സംബന്ധിച്ച കേസു കാര്യങ്ങളുടെ ചരിത്രം ബോദ്‌ധ്യമായില്ലേ? ഈ പശ്ചാത്തലത്തിൽ വേണം അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിന് എതിരെ നടത്തുന്ന കനത്ത വിമർശനങ്ങളെ വിലയിരുത്താൻ. അതേക്കുറിച്ച് അടുത്ത ഭാഗത്തിൽ...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SaveAravalli
Subscribe to:
Post Comments (Atom)


No comments:
Post a Comment