Saturday, 3 January 2026

ആരവല്ലിയുടെ പോരാട്ടം; വിവാദങ്ങളും, വസ്തുതകളും **************************** (ഭാഗം - ഒന്ന്

വടക്കേന്ത്യയെ പിടിച്ചുലയ്ക്കുന്ന ആരവല്ലി പർവ്വത നിരകളുടെ ഖനനാനുമതി സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസും, ഇതിൻ്റെ പേരിൽ കേന്ദ്രസർക്കാരിന് എതിരെ നടക്കുന്ന പ്രചരണങ്ങളെ, പ്രത്യേകിച്ച് അർണാബ് ഗോസ്വാമി നടത്തുന്ന വിമർശനങ്ങളേയും ഒന്ന് സ്വതന്ത്രമായി നോക്കുകയാണിവിടെ. ജനകീയ പോരാട്ടങ്ങളും മാദ്ധ്യമ വിമർശനങ്ങളും സുപ്രീം കോടതിയെ വരെ കനത്ത സമ്മർദ്ദത്തിലാക്കി തങ്ങളുടെ തന്നെ വിധിയെ തടഞ്ഞു വച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ നിർബന്ധിതരാക്കി എന്നതിൻ്റെ അനന്യ സാധാരണമായ സ്ഥിതി വിശേഷമാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്. എന്തുകൊണ്ട് ഇത് വിചിത്രമായ ഒരു സ്ഥിതി വിശേഷമാകുന്നുവെന്ന് അറിയണമെങ്കിൽ ഈ വിഷയം തുടക്കം മുതൽ അറിയണം. ഒപ്പം ആരവല്ലിയുടെ പ്രാധാന്യം ഉൾപ്പെടെ സുപ്രീം കോടതി ഡിസം 29 ന് ജനുവരി 21 വരേക്ക് മരവിപ്പിച്ച അവരുടെ തന്നെ നവം20 ലെ വിധിയെ കുറിച്ചും ഇതിൽ കേന്ദ്രത്തിൻ്റെ പങ്കിനെ കുറിച്ചും അറിയണം. ഈ വിഷയത്തിൽ റിപ്പബ്ളിക്ക് ടിവിയും അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിനെ വിമർശിച്ച് തുടർച്ചയായി നടത്തുന്ന ചർച്ചകളാണ് രാജ്യത്ത് മറ്റ് മാദ്ധ്യമങ്ങളേയും, പ്രതിപക്ഷ കക്ഷികളേയും അമ്പരപ്പിച്ചതെന്ന് പറയാതെ വയ്യ. അതിലെ ഗൗരവവും അതിനാൽ തന്നെ കാണാതെയിരുന്നു കൂടാ. ഈ വിമർശനങ്ങളും, വിവാദങ്ങളും കേസുകൾക്കും കൃത്യമായി മനസ്സിലാകണമെങ്കിൽ ആദ്യം വടക്കേ ഇന്ത്യയുടെ ജീവനാഡിയായ ആരവല്ലി മലനിരകൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളികളും ഒപ്പം ഈ കേസിൻ്റെ നാൾ വഴികളും അറിയണം. കൂടാതെ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുക മാത്രമായിരുന്ന ആരവല്ലിക്കായി നരേന്ദ്രമോദി കൊണ്ടു വന്ന പദ്ധതികളും ഇത് നടപ്പാകും മുൻപ് ഇപ്പോൾ പൊടുന്നതേ വിവാദമായി എന്നുമറിയണം. എല്ലാം വിശദമായി പറയുമ്പോൾ ഒരല്പം നീണ്ടു പോകും എന്നതിനാൽ ഒന്നിലേറെ ഭാഗങ്ങൾ ഇതിലുണ്ടാകും. അതിനാൽ തന്നെ അക്കാഡമിക്ക് താത്പര്യത്തോടെ ഇതിനെ സമീപിക്കുന്നവർ മുഴുവൻ വായിച്ച് അഭിപ്രായം കൂടി പറയുക, ഒപ്പം തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ കമൻ്റിൽ ചേർക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ആദ്യം ആരവല്ലിയെ അറിയാം. ************************** മലയാളികളെ സംബന്ധിച്ച് ഒരു ജോഗ്രഫി പാഠം മാത്രമാണ് ആരവല്ലി മലനിരകൾ. എന്നാൽ ഉത്തര പശ്ചിമ ഭാരതത്തിൻ്റെ പാറാവുകാരനാണ് യഥാർത്ഥത്തിൽ ഈ പർവ്വത നിരകൾ. ഏകദേശം ഇരുനൂറ് മുതൽ മുന്നൂറ് കോടി വരെ വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള മലനിരകളിലൊന്നാണ്, ആരവല്ലി മലമടക്കുകൾ. ഭൂമിയുടെ ആയുസ്സ് തന്നെ കണക്കാക്കിയിട്ടുള്ളത് നാനൂറ്റിയമ്പത് കോടി വർഷങ്ങൾ മാത്രമാണ് എന്നോർക്കുക. ഒരൊറ്റ പ്ലേറ്റായി കിടന്ന ഗോണ്ഡ്വാന എന്ന ഭൂവിഭാഗം പലതായി പിരിഞ്ഞ് ഭൂഖണ്ഡങ്ങൾ രൂപാന്തരപ്പെട്ട കാലത്ത് രൂപപ്പെട്ട പർവ്വത നിരകളാണ് ഹിമാലയത്തേക്കാൾ ഇരട്ടി പ്രായമുള്ള ആരവല്ലി നിരകൾ. ഇത് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവയിലൂടെ ഏകദേശം 692 കിലോമീറ്റർ നീളുന്ന ഒരു വലിയ വേലിക്കെട്ടാണിത് എന്ന് വേണമെങ്കിൽ പറയാം. പ്രകൃതി ഭാരതത്തിന് നൽകിയ വരദാനം. ജൈവ സമ്പുഷ്ടവും വൈവിദ്ധ്യവും നിറഞ്ഞ ഈ മലനിരകൾ രാജസ്ഥാനിലെ താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനം തടയുന്ന ഒരു മതിൽ പോലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു. നമ്മുടെ പശ്‌ചിമഘട്ടം പോലെ. ഉത്തരേന്ത്യയിലെ സ്വാഭാവിക പ്രകൃതി, കാലാവസ്ഥ, ജലസ്രോതസ്സ് സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, താർ മരുഭൂമിയിലെ പൊടിപടലങ്ങളും മരുവൽക്കരണവും തടയുക എന്നിവയെല്ലാം ആരവല്ലി മലനിരകളുടെ അനുഗ്രഹമാണ്. എന്നാൽ, നൂറ്റാണ്ടുകളായി മണൽക്കല്ല്, ചുണ്ണാമ്പ്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ ധാതുക്കൾ ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. താജ് മഹൽ നിർമ്മിക്കാൻ ഉപയോഗിച്ച മാർബിളുകൾ ഉൾപ്പെടെ വന്നത് ഇവിടെ നിന്നാണ് എന്നറിയുമ്പോൾ ഊഹിക്കാമല്ലോ ? ഒപ്പം കാലാകാലങ്ങളിലെ വന നശീകരണവും ! ഭാരതം സ്വതന്ത്രമായപ്പോൾ ഇത് സംരക്ഷിക്കപ്പെടുന്നതിന് പകരം കൂടുതൽ ചൂഷണം ചെയ്യപ്പെട്ടു എന്നതാണ് ദുഃഖകരമായ വസ്തുത. കഴിഞ്ഞ നാല് മുതൽ ആറ് പതിറ്റാണ്ടുകളായി ധാതുക്കൾക്കായുള്ള അമിത ഖനനം ഈ മേഖലയിൽ വലിയ തോതിലുള്ള പരിസ്ഥിതി നാശത്തിന് കാരണമായി. ഭരണഘടന അനുസരിച്ച് ഖനനാനുമതി നൽകുന്നതും അതിലെ വരുമാനവും സംസ്ഥാനങ്ങൾക്കാണ് ഉള്ളത്. ഇതിൽ പരിസ്ഥിതി വനം തുടങ്ങിയ വകുപ്പുകളുടെ അനുമതി മാത്രമേ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ കീഴിൽ വരുന്നുള്ളൂ. (നമ്മുടെ ആറന്മുളയിൽ വിമാനത്താവളം കൊണ്ടുവരാനുള്ള പദ്ധതി ഇങ്ങനെ കേന്ദ്ര പരിസ്ഥിതി അനുമതി ലഭിക്കാതെ മുടങ്ങിയതാണ്) കഴിഞ്ഞ കാലങ്ങളിലെ ഇങ്ങനത്തെ നിയന്ത്രണമില്ലാത്ത ഖനനങ്ങളിലൂടെ ഉത്തര ഭാരതത്തിലെ ഭൂഗർഭ ജലനിരപ്പ് കുത്തനെ കുറയുക, ദൽഹി ഇപ്പോൾ അനുഭവിക്കുന്നതു പോലുള്ള വായു മലിനീകരണം വർധിക്കുക, വനമേഖല നഷ്ടപ്പെടുക തുടങ്ങിയ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ 1985-ൽ സമർപ്പിക്കപ്പെട്ട ഒരു പൊതു താത്പര്യ ഹർജിയെ തുടർന്നുള്ള കേസുകളാണ് 2025 തീരുമ്പോളും തുടരുന്നത് എന്നറിയുമ്പോൾ "വിചിത്രം" എന്നല്ലാതെ ഈ വിവാദങ്ങളെ എങ്ങനെ വിശേഷിപ്പിക്കും? 🙄 1985ൽ തുടങ്ങിയ നിയമ പോരാട്ടങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തിൽ... (തുടരും..) രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment