Saturday, 3 January 2026

ആരവല്ലിയുടെ പോരാട്ടം: ഭാഗം 2 നിയമപോരാട്ടങ്ങളുടെ നാൾവഴികൾ

******************************** മണിപ്പൂരിലെ കലാപം തുടങ്ങിയത് എങ്ങനെയാണന്ന് ഓർമ്മയുണ്ടോ? 2023 ഏപ്രിൽ 14-ന് മണിപ്പൂർ ഹൈക്കോടതി മണിപ്പൂരിലെ പ്രധാന ഗോത്ര വർഗ്ഗമായ മെയ്തി സമുദായത്തിന് Scheduled Tribe (ST) പദവി നൽകുന്നതിനുള്ള ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇത് കുക്കി-നാഗ ഗോത്രങ്ങളെ ഞെട്ടിച്ചു. ഇതിനെതിരെ മെയ് 3-ന് തുടങ്ങിയ ട്രൈബൽ സമരമാണ് ഹൈക്കോടതി ആ ഉത്തരവ് പിൻവലിച്ചിട്ടും ഇന്നും അവസാനിക്കാത്ത രക്തരൂക്ഷിത കലാപമായി തുടരുന്നത്. ആരവല്ലി മലനിരകളുടെ സംരക്ഷണം സംബന്ധിച്ച് ഇതേ പോലെയൊരു കോടതി ഉത്തരവാണ് ഇപ്പോളത്തെ വിവാദങ്ങളുടേയും സമരങ്ങളുടേയും മൂല കാരണം. കോടതികൾ കലാപത്തിന് ഇടയാക്കി എന്നല്ല ഇതിൻ്റെയൊന്നും അർത്ഥം. മറിച്ച് ദൂരെ വ്യാപകമായ ആഘാതങ്ങൾ പഠിക്കാതെ ഉള്ള ചില ഉത്തരവുകൾ ഇങ്ങനെ വിവാദങ്ങളിൽ കലാശിക്കും എന്ന മുന്നറിയിപ്പാണ് ഈ സംഭവങ്ങൾ. ആറോ, ഏഴോ പതിറ്റാണ്ടുകളായി ഭാരതം സ്വതന്ത്രമായ ശേഷം പോലും തുടർന്നിരുന്ന വനനശീകരണവും, പരിസ്ഥിതി നശീകരണവുമാണ് ആരവല്ലി മലമേഖലകളിൽ നടന്നിരുന്നത്. എന്നാൽ 2025 നവംബർ 20 ലെ ഒരൊറ്റ കോടതി ഉത്തരവ് ഇത്രയും കാലം ഇതൊന്നും കാണാതെയിരുന്ന പരിസ്ഥിതി വാദികളേയും അർണോബിനെ പോലെയുള്ള മാദ്ധ്യമ പ്രവർത്തകരേയും ഉണർത്തി. അതവിടെ നിക്കട്ടെ;അതിലേക്ക് പിന്നെ വരാം. തത്ക്കാലം ആരവല്ലി സംബന്ധിച്ച കോടതി വ്യവഹാരങ്ങളുടെ കാര്യം പറയാം. മുൻപ് സൂചിപ്പിച്ചതു പോലെ, നീണ്ട കാലത്തെ കോടതി വ്യവഹാരങ്ങളുടെ ഒരു ചരിത്രം തന്നെ ആരവല്ലി പ്രദേശത്തിനുണ്ട്. എന്നാൽ ഇവയൊന്നും ഏകീകൃത സ്വഭാവത്തോടെ ഉള്ളതല്ല എന്നതാണ് വാസ്‌തവം. അതിന് കാരണം, ഗുജറാത്ത് മുതൽ ഹരിയാന, ദില്ലി വരെയുള്ള മലനിരകളേയും അവയുടെ താഴ്‌വരകളേയും ആരവല്ലി പ്രദേശം എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായി ‘ഇന്നയിടം മുതൽ ഇത്രയിടം വരെ’ യാണ് ആരവല്ലി നിരകൾ എന്ന് നിർവചിക്കപ്പെട്ടിട്ടില്ല എന്നതാണ്. മുൻ കാലങ്ങളിൽ ഈ പ്രദേശങ്ങളുടെ ജൈവ വൈവിദ്ധ്യങ്ങളെക്കുറിച്ചോ, പരിസ്ഥിതി പ്രാധാന്യത്തേക്കുറിച്ചോ കൃത്യമായ പഠനങ്ങളൊന്നും നടന്നിരുന്നില്ല. അതിനാൽ തന്നെ ഈ മലനിരകൾ, അതു കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ പരിധിക്കുള്ളിൽ ഉൾപ്പെട്ടതായി കണക്കാക്കി അതാത് സംസ്ഥാനങ്ങളാണ് ആ പ്രദേശങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ് നടക്കുന്നതും. തത്ഫലമായി മറ്റേത് സ്ഥലങ്ങളിലേയും പോലെ ഈ പ്രദേശങ്ങളും രാഷ്ട്രീയക്കാർ + മൈനിങ്ങ് മാഫിയാ സംഘങ്ങളുടെ വിളനിലമായി. ആരവല്ലിയിൽ ഉൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങൾ ഇങ്ങനെ നാമാവശേഷമായി. പല സ്ഥലങ്ങളും ഇടിച്ചു നിരത്തപ്പെട്ട് നഗരങ്ങളായി. ദൽഹിയുടെ തൊട്ടടുത്ത ഗുർഗാവോൺ തന്നെ ഉദാഹരണം. 1960 കൾ മുതൽ നിർബാധം തുടങ്ങിയ ഈ തേർവാഴ്ച്ചകൾ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് 1985ലാണ്. ആരവല്ലി പരാമർശിക്കപ്പെട്ട ആദ്യ കേസ്: ***************************** ദൽഹിയിലെ ശ്രീറാം ഫെർട്ടിലൈസേർസ് ഇൻഡസ്ട്രീസ് എന്ന കമ്പിനിയിൽ നിന്നും ഓലിയം ഗ്യാസ് ലീക്ക് ചെയ്തുണ്ടായ അപകടത്തെ തുടർന്ന് ദൽഹിയിൽ അന്നത്തെ പ്രശസ്ത അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.സി മേത്ത നേരിട്ട് സുപ്രീം കോടതിയിൽ കൊടുത്ത പൊതു താത്പര്യ ഹർജി ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥയിൽ നാഴികക്കല്ലായി മാറുകയായിരുന്നു. M.C. Mehta v. Union of India (Writ Petition (Civil) No. 4677 of 1985): ******************************** ഇന്ത്യൻ പരിസ്ഥിതി നിയമ ചരിത്രത്തിലെ ഏറ്റവും നീണ്ടു നിൽക്കുന്നതും സ്വാധീനമുള്ളതുമായ കേസുകളിലൊന്നാണിത്. ശ്രീറാം ഇൻഡസ്ട്രീസ് മൂലം ഉണ്ടായ ദൽഹിയിലെ വായു മലിനീകരണം ചൂണ്ടിക്കാട്ടി ഇത്തരം അപകടകരമായ വ്യവസായങ്ങൾ, അനധികൃത നിർമാണങ്ങൾ, ആരവല്ലി മലനിരകളിലെ ഖനനം തുടങ്ങിയ വിഷയങ്ങൾ മേത്ത സുപ്രീം കോടതിയിൽ ചർച്ചയാക്കി. ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ നേരിട്ട് ഫയൽ ചെയ്ത ഈ ഹർജി ഇന്നും തുടരുന്ന പ്രക്രിയയാണ്. "കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus)" രീതിയിൽ കോടതി തുടർച്ചയായി നിരീക്ഷണവും നിർദേശങ്ങളും നൽകുന്ന ഇന്ത്യയിലെ ആദ്യ കേസ് കൂടിയാണിത്. (എല്ലാ കാലത്തും കോടതിക്ക് ഒരു വിഷയത്തിൽ തുടർച്ചക്കായി ഇടപെടാനുള്ള അവകാശമാണിത്) കേസിന്റെ പശ്ചാത്തലം: ********************** 1980-കളിൽ ഡൽഹിയിലെ കനത്ത മലിനീകരണവും വ്യാവസായിക പ്രവർത്തനങ്ങളും ജനജീവിതത്തെ ബാധിച്ചിരുന്നു. മേത്തയുടെ ഹർജി പ്രധാനമായും: • ഡൽഹിയിലെ അപകടകരമായ (hazardous/noxious) വ്യവസായങ്ങൾ മാറ്റിസ്ഥാപിക്കുക. • ആരവല്ലി മലനിരകളിലെ അമിത ഖനനം തടയുക • അനധികൃത നിർമാണങ്ങൾ, റിഡ്ജ് മേഖലകളുടെ സംരക്ഷണം, വായു-ജല മലിനീകരണം എന്നിവ നിയന്ത്രിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു. ആർട്ടിക്കിൾ 21-ലെ ജീവിക്കാനുള്ള അവകാശം (right to life) പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്തി കോടതി ഇടപെട്ടു. ഇതിന് മറ്റൊരു പരിസ്ഥിതി കേസും ഉപോദ്ബലമായി. മേത്തയുടെ കേസു പോലെ ഇന്നും തുടരുന്ന മറ്റൊരു കേസാണ് TN ഗോദവർമ്മൻ തിരുമുൽപ്പാട് കേസ്. അത് അടുത്ത ഭാഗത്തിൽ പറയാം. രഞ്ജിത്ത് ഗോപാലകൃഷ്ണൻ #SaveAravalli

No comments:

Post a Comment