Saturday, 3 January 2026

ആരവല്ലിയുടെ പോരാട്ടം : ഭാഗം നാല്

അർണോബ് ഗോസ്വാമിയുടെ വിമർശനങ്ങൾ: ********************************
2025 നവം 20 ന് സുപ്രീം കോടതി അംഗീകരിച്ച പഠന റിപ്പോർട്ടിൻ്റെ പുറത്താണ് അർണോബ് ഗോസ്വാമി #savearavalli യുമായി കേന്ദ്ര സർക്കാരിന് എതിരെ തിരിഞ്ഞത്. എന്നാൽ ഇത് മോദി സർക്കാർ തുടങ്ങിയ കേസായിരുന്നില്ല. വിവാദമുണ്ടാക്കിയ ഈ റിപ്പോർട്ട് പോലും സുപ്രീം കോടതി നേരിട്ടാവശ്യപ്പെട്ടതായിരുന്നു. വാസ്‌തവത്തിൽ, 1990-ൽ ദൽഹിയിലെ സരിസ്ക്കാ ദേശീയ പാർക്കിന് ചുറ്റും അനധികൃത ഖനനം വളരെ കൂടുതൽ നടക്കുന്നതായും ഇത് ആരവല്ലി മലനിരകളേയും അവിടുത്തെ പരിസ്ഥിതിയേയും നശിപ്പിക്കുന്നു എന്ന പരാതിയുമായി കോടതിയിൽ എത്തിയത് ഒരു പരിസ്ഥിതി പ്രവർത്തകനായിരുന്നു. ഇത് എം.സി മേത്ത , ഗോദവർമ്മൻ തിരുമുൽപ്പാട് കേസുകളുടെ പശ്ചാത്തത്തിൽ കോടതി ഗൗരവമായെടുത്തു ഖനനം തടഞ്ഞു. എന്നാൽ അപ്പോഴും ആരവല്ലി മേഖലയെ കൃത്യമായി രേഖപ്പെടുത്താത്തതു കൊണ്ട് ദൽഹി ഗുർഗവോൺ പോലെ ചിലയിടങ്ങളിലെ പ്രത്യേക ജില്ലകളിൽ നിരോധനം വന്നെങ്കിലും രാജസ്ഥാനിലും മറ്റും തകൃതിയായി ഖനനങ്ങൾ തുടർന്നു. പിന്നീട് 2002- ലാണ് സുപ്രീം കോടതി ഈ കേസിൽ ഗൗരവമായി ഇടപെടുന്നത്. അന്ന് ദൽഹി ഹരിയാന മേഖലയിൽ അഞ്ച് കിലോമീറ്റർ സ്ഥലത്ത് ഖനനം നിരോധിച്ചു. 2009-ൽ മലയാളിയായ ജസ്റ്റീസ് ബാലകൃഷ്ണൻ ആരവല്ലി മേഖലയിൽ കനത്ത ചൂഷണം നടക്കുന്നു എന്ന നിരീക്ഷണത്താൽ ഈ രണ്ട് സംസ്ഥാനങ്ങളിൽ ഖനനം പൂർണ്ണമായും നിരോധിച്ചു. ഇതിനിടെ, ആരവല്ലി മലനിരകളുടെ നിർവചനത്തിൽ 100 മീറ്റർ ഉയരം (local relief-ന് മുകളിൽ) എന്ന മാനദണ്ഡം ആദ്യമായി ഔദ്യോഗികമായി ഉപയോഗിച്ചത് രാജസ്ഥാൻ സംസ്ഥാന സർക്കാർ ആണ്. 2002-ലെ ഒരു സംസ്ഥാന കമ്മിറ്റി റിപ്പോർട്ടിൽ (Richard Murphy landform classification അടിസ്ഥാനമാക്കി) ഇത് ശുപാർശ ചെയ്തു. ഈ മാനദണ്ഡം രാജസ്ഥാനിൽ ഖനന നിയന്ത്രണത്തിനായി 2006 മുതൽ ഉപയോഗിച്ചുവരുന്നു. എന്നാൽ, 2010-ൽ സുപ്രീം കോടതി ഈ 100 മീറ്റർ മാനദണ്ഡം നിരസിച്ചു. “ 100 മീറ്ററിന് മുകളിലുള്ളത് മാത്രം ആരവല്ലി മലകളായി കണക്കാക്കുന്നത് അംഗീകരിക്കാനാവില്ല” എന്ന് കോടതി വ്യക്തമാക്കി. പകരം, Forest Survey of India (FSI)-യോട് മുഴുവൻ ആരവല്ലി മലനിരകളും (100 മീറ്ററിന് താഴെയുള്ള ഭാഗങ്ങൾ ഉൾപ്പെടെ) സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ച് മാപ്പ് ചെയ്യാൻ നിർദേശിച്ചു. ഇതിന്റെ ഫലമായി FSI 3 ഡിഗ്രി സ്ലോപ്പ് അടിസ്ഥാനമാക്കിയുള്ള നിർവചനം നിർദേശിച്ചു. ഇതിങ്ങനെ തുടർന്നു. 2024-2025-ലെ വിവാദത്തിൽ, സുപ്രീം കോടതിയുടെ നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി (പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം - MoEFCC - നയിക്കുന്നത്) 2025 ഒക്ടോബറിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ സമിതി 100 മീറ്റർ ഉയര മാനദണ്ഡം വീണ്ടും ശുപാർശ ചെയ്തു. (രാജസ്ഥാനിലെ പഴയ മാനദണ്ഡത്തിന്റെ മെച്ചപ്പെട്ട രൂപമായി). ഇത് പ്രകാരം നൂറ് മീറ്റർ എങ്കിലും ഉയരമുള്ള മലകളെ മാത്രമാണ് ആരവല്ലിയായി കണക്കാക്കുക. കൂടാതെ ഇത്തരം രണ്ടു മലകൾക്കിടയിൽ അരകിലോമീറ്ററിൽ കൂടുതൽ ദൂരം ഉണ്ടായാൽ ആ സ്ഥലം ആരവല്ലിയായി സംരക്ഷിക്കപ്പെടേണ്ടതില്ല എന്നും നിഷ്‌കർഷിച്ചു. ഇത് വളരെ അപകടം പിടിച്ച ഒന്നായിരുന്നു. അതായത് ഈ പഠന പ്രകാരം മൊത്തം നാല് സംസ്ഥാനങ്ങളിലും കൂടി ഈ എഴുനൂറോളം കിലോമീറ്ററിൽ വെറും ആയിരം മലകൾ ഒഴികെ ബാക്കിയെല്ലാം നൂറ് മീറ്ററിൽ താഴെയാണ് വരിക. ബാക്കിയെല്ലാം ഖനനത്തിനും തദ്വാരാ പരിസ്ഥിതി നാശത്തിനും തുറന്ന് കൊടുക്കുന്ന അവസ്ഥയായി. അർണോബിൻ്റെ വിമർശനം ഇതിന് എതിരേയായിരുന്നു. ഈ പഠന സമിതിയിൽ FSI, GSI, CEC, സംസ്ഥാന പ്രതിനിധികൾ എന്നിവരുണ്ടായിരുന്നെങ്കിലും, കേന്ദ്ര സർക്കാരിൻ്റെ CEC ഈ ശുപാർശയെ എതിർത്തു. FSI-യുടെ സ്ലോപ്പ് അടിസ്ഥാനമാക്കിയ നിർവചനമാണ് സ്വീകരിക്കേണ്ടതെന്ന് അവർ വാദിച്ചു. എന്നാൽ ചീഫ് ജസ്റ്റീസ് ആർ എസ് ഗവായി 2025 നവംബർ 20-ന് സുപ്രീം കോടതി ഈ സമിതി റിപ്പോർട്ട് അംഗീകരിച്ചതോടെ വിവാദം രൂക്ഷമായി. പിന്നീട് (ഡിസംബർ 29, 2025) കോടതി തന്നെ ഈ തീരുമാനം താൽക്കാലികമായി നിർത്തിവെച്ച് പുതിയ വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണത്തിനല്ല, ധാതു ചൂഷണത്തിനാണ്” ഈ വിധി എന്ന് അദ്ദേഹം ആരോപിച്ചു. അദാനി പോലെയുള്ള ഖനനം നടത്തുന്ന വൻ ബില്യണയർ കമ്പനികൾക്ക് ആരവല്ലിയെ ചൂഷണം ചെയ്യാൻ സർക്കാർ അവസരം ഒരുക്കുന്നുവെന്ന് ആരോപിച്ചു. നൂറ് മീറ്റർ പരിധി വന്നാൽ 90% മലനിരകൾ സംരക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും ഇത് പൊടിമണൽ മലിനീകരണം, ജലക്ഷാമം, മരുവൽക്കരണം എന്നിവ വർധിപ്പിക്കുമെന്നും പറഞ്ഞു. അർണബ് കേന്ദ്ര സർക്കാർ മന്ത്രിമാർ ഒളിച്ചോടുന്നു എന്ന് വിമർശിച്ചു. കേന്ദ്രം ഇതിൽ ഒരു തീരുമാനവും എടുത്തിട്ടില്ല എന്ന പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രതികരണങ്ങൾ “അസംബന്ധം” എന്ന് വിമർശിച്ചു. മറ്റ് അങ്കർമാരെ പരിഹാസം: “15 കോടി രൂപ വേതനം വാങ്ങുന്ന സർക്കാർ അങ്കർ” (DD News-ലെ സുധിർ ചൗധരിയെ ഉദ്ദേശിച്ച്) ഈ വിഷയം ചോദ്യം ചെയ്യില്ലെന്ന് പരിഹസിച്ചു. സുപ്രീം കോടതി നേരിട്ട് ഇടപെടുന്ന കേസുകളിൽ നരേന്ദ്ര മോദി ഒരിക്കലും ഇടപെടാറില്ല എന്ന് മറ്റാരേക്കാളും അറിയുന്നത് കാലങ്ങളായി ബിജെപി അനുകൂലി എന്ന് എതിരാളികൾ വിമർശിക്കുന്ന അർണോബിനാണ്. ഒന്നാമത് ആരവല്ലി മലകളോ, ഖനനമോ കേന്ദ്ര വിഷയമല്ല. അതത് സംസ്ഥാനങ്ങൾ ആണ് ഇത് ചെയ്യുന്നത്. രണ്ട്; സുപ്രീം കോടതി നേരിട്ട് ഒരു കേന്ദ്ര സർക്കാർ വകുപ്പിന് നിർദ്ദേശം നൽകിയാൽ സർക്കാരിന് ഒന്നും ചെയ്യാനില്ല എന്ന് മാത്രമല്ല കോടതിയിൽ സോളിസിറ്റർ ജനറൽ ഹാജരായി കേന്ദ്ര സർക്കാർ വകുപ്പിനായി വാദിക്കുകയും വേണം. ഈ കേസിൽ നടന്നത് അതാണ്. മാത്രവുമല്ല ഈ വിമർശനം ഉയർന്നപ്പോൾ തന്നെ ഇത് അനാവശ്യ വിവാദമാണെന്നും, കേന്ദ്ര സർക്കാർ, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നേതൃത്വത്തിൽ, ഈ ആരോപണങ്ങൾ നിഷേധിച്ചു. ഡിസംബർ 2025-ൽ, 90 ശതമാനം മേഖല സംരക്ഷിതമാണെന്നും പുതിയ ഖനനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. ഖനനം 0.19–2% മാത്രമേ അനുവദിക്കൂ എന്നും കർശന നിയന്ത്രണങ്ങൾ ഉണ്ടെന്നും പറഞ്ഞു. കൂടാതെ കേന്ദ്ര സർക്കാർ ആരവല്ലി മേഖലയിൽ ഒട്ടാകെ താത്ക്കാലികമായി ഖനനാനുമതി നിഷേധിക്കുകയും ചെയ്തു. ഇതൊന്നും വക വയ്ക്കാതെ അർണബ് വിമർശനം തുടർന്നത് മറ്റ് ചില കാരണങ്ങൾ കൊണ്ടാണ് എന്നാക്ഷേപവുമുണ്ട്. കൂടാതെ അർണബിന്റെ ഈ നിലപാട് മാറ്റത്തിന് പിന്നിൽ പല വിശകലനങ്ങളും ഉണ്ട്. റിപ്പബ്ലിക് ടിവിയുടെ ക്രെഡിബിലിറ്റി മാനേജ്മെന്റ് : അർണബിനെ “ഗോദി മീഡിയ” (സർക്കാർ അനുകൂല മാധ്യമം) എന്ന് വിമർശിക്കപ്പെട്ടിരുന്നു. ഈ ടാഗ് ഒഴിവാക്കാനും ചാനലിന്റെ നിഷ്പക്ഷത തെളിയിക്കാനും അദ്ദേഹം സർക്കാരിനെ വിമർശിക്കുന്നുവെന്നാണ് ചില വിശകലനങ്ങൾ. 2029 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക് ടിവിയുടെ വിശ്വാസ്യത വർധിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പ്രധാനമന്ത്രിയുടെ മീഡിയ മാനേജർ ഹിരൻ ജോഷി പോസ്റ്റിൽ നിന്ന് മാറ്റപ്പെട്ടത് അർണാബിന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനം നഷ്‌ടപ്പെടാനിടയാക്കി എന്നും, ഇതിൻ്റെ ചൊരുക്ക് തീർക്കുകയായിരുന്നു എന്നും ശ്രുതിയുണ്ട്. ആരെങ്ങനെ വിമർശിച്ചാലും ഒരു വ്യാഴവട്ടക്കാലം പ്രധാനമന്ത്രിയായിരുന്ന് മോദി ഉണ്ടാക്കിയ പ്രതിച്‌ഛായയും, ജനജീവിതങ്ങളിൽ ഉണ്ടാക്കിയ ഉയർച്ചയും തകർക്കാനാവില്ല എന്നതാണ് വാസ്‌തവം. ഒരു വശത്ത് ആരവല്ലിയുടെ പേരിൽ പതിറ്റാണ്ടുകളായി കേസുകൾ നടക്കുകയും വിവാദങ്ങൾ തുടരുകയും ചെയ്യുമ്പോൾ രാജ്യത്തിൻ്റെ സമഗ്ര വികസനവും സംരക്ഷണവും ലാക്കാക്കി പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തിൽ കണ്ണടച്ചു എന്ന് കരുതാനാകുമോ? ഇല്ല എന്നതാണ് ഉത്തരം. 692 കിലോമീറ്ററല്ല മറിച്ച് 1400 കിലോമീറ്റർ ദൂരത്തിൽ ആരവല്ലി മേഖലയെ സംരക്ഷിക്കാൻ നരേന്ദ്രമോദി തുടങ്ങിയ ആരവല്ലി ഗ്രീൻവാൾ പദ്ധതിയെ കുറിച്ചു കൂടി പറഞ്ഞ് അടുത്ത ഭാഗത്തോടെ ഈ പരമ്പര അവസാനിപ്പിക്കാം. രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment