സംസ്കൃതത്തിൽ "ശ്രുതം" എന്നൊരു വാക്കുണ്ട്. അതിനർത്ഥം, 'ചെയ്യേണ്ടത്, ചെയ്യേണ്ട സമയത്ത്, ചെയ്യേണ്ട പോലെ ചെയ്യാനുള്ള' ബൂദ്ധിയുടെ തോന്നലിനെയാണ് അങ്ങനെ പറയുന്നത്. ആർഎസ്സ്എസ്സുകാർ അവരുടെ ദൈനംദിന പ്രാർത്ഥനയിൽ;
"ശ്രുതം ചൈവയ്ത് കണ്ടകാകീർണ്ണ മാർഗ്ഗം" എന്ന് മഹാദേവനോട് പ്രാർത്ഥിക്കുന്നത്, ഈ 'ശ്രുതം' തരണേയെന്നാണ്.
എന്നാലീ പ്രാർത്ഥയൊന്നും അത്ര ഏശിയിട്ടില്ല എന്ന് വേണം കരുതാൻ; കുറഞ്ഞപക്ഷം, ആർ.എസ്സ്.എസ്സിന്റ്റെ ആശയങ്ങൾ പേറുന്ന 'ജനം ടിവി'യ്ക്ക് എങ്കിലും!!!
അവസരങ്ങൾ മലവെള്ളം പോലെ പാഞ്ഞു വരുമ്പോഴും, നേരെ ചൊവ്വേ ഒരു കുടത്തിൽ പോലും കോരിയെടുക്കാനറിയാത്തവരാണ് കേരളത്തിലെ ബിജെപ്പിക്കാരെന്ന് ഞാൻ മുന്പും പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ 'ജനംടിവി'യും അതേ വഴിക്കാണല്ലോ എന്നോർത്തപ്പോൾ പറഞ്ഞു പോയതാണ്.
കേരളത്തിലെ പൊതുപ്രവർത്തകരിൽ ' കുമ്മനം രാജശേഖരൻ' ഒരു ലെജന്റ്റാണ്.. ഏറ്റെടുത്ത ബഹുജനസമരങ്ങളെല്ലാം വിജയത്തിലെത്തിച്ച നിസ്വാർത്ഥനായ ജനസേവകൻ. കുടുംബമോ, കുട്ടികളോ, സ്വത്തോ ഒന്നുമില്ലാതെ, ഇന്നത്തെ കാലത്ത് പൊതു പ്രവർത്തനം നടത്തുന്ന വ്യക്തികളിൽ സ്വപ്നം പോലും കാണാനാവാത്ത 'നിസ്വാർത്ഥത'യുടെ നിറകുടം. ജീവിതം രാഷ്ട്ത്തിനും, പ്രസ്ഥാനത്തിനും സമർപ്പിച്ചയാൾ. കേരളത്തിലെ ഒരോ ഇഞ്ച് ഭൂമിയിലേയും മണൽത്തരികൾക്ക് പോലും സുപരിചിതനായ വ്യക്തി. അതായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനം രാജശേഖരൻ. ഹിന്ദു ഐക്യവേദിയിൽ നിന്നും സംഘം ആവശ്യപ്പെട്ടതു കൊണ്ട് മാത്രം പാർട്ടി അദ്ധ്യക്ഷത ഏറ്റെടുത്തയാൾ. സ്തുത്യർഹമായ രീതിയിൽ വിഭാഗീയതകൾക്ക് ഇട നൽകാതെ നയിച്ചയാൾ.
എന്തിന് ഏറെ പറയണം, കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളിലേതെങ്കിലുമായി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കുള്ളിൽ എവിടെയെങ്കിലും ബന്ധമുള്ളവർക്ക് "സ്വന്തം 'രാജേട്ടൻ"!!!'.
ആ കുമ്മനമാണ്, ഒരു സുപ്രഭാതത്തിൽ, മിസ്സോറാം എന്ന ബിജെപിക്ക് ഇതേവരെ വഴങ്ങാത്ത വടക്ക് കിഴക്കൻ സംസ്ഥാനത്തെ ഗവർണ്ണറായി നിയോഗിക്കപ്പെട്ടത്. രാജ്യത്തെ ഭരണഘടനാ പദവി പ്രകാരം, നാലാമത്തെ ഉയർന്ന സ്ഥാനമാണ്, സംസ്ഥാനത്തെ ഒന്നാം നമ്പർ വ്യക്തിയായ ഗവർണ്ണർ. ആ പദവിയിലേക്കാണ്, നരേന്ദ്രമോദി സർക്കാരിന്റെ ശുപാർശ പ്രകാരം ഇന്ത്യയുടെ രാഷ്ട്രപതി തന്റെ പ്രതിനിധിയായി, കുമ്മനം രാജശേഖരനെ നിയമിച്ചത്.
ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്റ്റെ തലേദിവസം എത്തിയ ആ വാർത്ത സമ്മിശ്ര വികാരത്തോടെയാണ്, പ്രവർത്തകർ ഏറ്റെടുത്തത്. ഒരു വശത്ത് രാജേട്ടന് കൈവന്ന പദവിയിലെ സന്തോഷം, മറുവശത്ത് അദ്ദേഹത്തെ ഒതുക്കിയതാണന്ന് എതിരാളികൾ പറയുമോയെന്ന ആശങ്ക. സത്യത്തിൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഒന്നും കാണാതെ പട്ടര് കുളത്തിൽ ചാടില്ല എന്ന് പറയും പോലെ, കുശാഗ്രബുദ്ധിയായ നരേന്ദ്രമോഡി ഒരു കാരണവുമില്ലാതെ ഒരു നിയമനം നടത്തില്ല, എന്ന് ഉറപ്പാണ്.
നരേന്ദ്രമോദി, രാഷ്ട്രീയത്തിൽ ആരുമല്ലാതെ വെറും ആർഎസ്സ്എസ് പ്രചാരകനായി നടക്കുന്ന എൺപതുകളിലേ, നിലയ്ക്കൽ സമരനായകനെന്ന നിലയിൽ, ഇന്ത്യയിലെ ഹിന്ദു സംഘടനാ പ്രവർത്തകർക്ക് ആവേശവും, സൂപ്പർ ഹീറോയുമായി കഴിഞ്ഞ വ്യക്തിയായിരുന്നു, കുമ്മനം രാജശേഖരൻ. ആ ബഹുമാനവും, സ്നേഹവും മോദിജിക്ക് എന്നും കുമ്മനത്തോട് ഉണ്ടായിരുന്നു.
ആദരവോടെയുള്ള ആ വിശ്വാസത്തിലാണ്, മോദിജി ഭരണത്തിലെത്തിയ ശേഷം, വിഭാഗീയതയിൽ പെട്ട് ഉഴറിയ കേരളത്തിലെ ബിജെപിയുടെ അദ്ധ്യക്ഷത കുമ്മനത്തെ ഏൽപ്പിച്ചത്. ചരിത്രത്തിൽ ആദ്യമായി നിയമസഭാ അംഗത്വം നേടിയാണ് കുമ്മനം അതിന് പ്രതിഫലം നൽകിയത്. മെട്രോ റെയിൽ ഉത്ഘാടനത്തിന് വന്നപ്പോൾ, സംഘാടകർ അവഗണിച്ച കുമ്മനത്തെ കൂടെ വിളിച്ചു കൊണ്ട് പോകാൻ മോദി തയ്യാറായതും ഇതേ അടുപ്പം കൊണ്ടാണ്. അതിന്റെ പേരിൽ ഏറെ ട്രോളുകൾക്ക് കുമ്മനം വിധേയനായപ്പോളും ഫലപ്രദമായി ചെറുക്കാൻ അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക് കഴിഞ്ഞില്ല. 'തുല്യനിന്ദാ, സ്തുതിർ മൗനി' എന്ന സ്ഥിതപ്രജ്ഞന്റ്റെ മനോഭാവത്തിനാൽ അദ്ദേഹമത് അവഗണിക്കുക തന്നെ ചെയ്തു. എന്നാൽ, മോദിയും, അമിത് ഷായും തങ്ങളുടെ 'ഹീറോ'യെ അപമാനിക്കുന്നത് അത്ര ചെറുതായല്ല കണ്ടത്.
ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ, നല്ല സ്വാധീനം ഉള്ള കുമ്മനം രാജശേഖരനെ മിസ്സോറാം ഗവർണർ ആയി നിയമിച്ചത്, ആ സംസ്ഥാനത്ത് ബിജെപിക്ക് നിർണ്ണായകമായ ചില ലക്ഷ്യങ്ങൾ കൊണ്ട് തന്നെയാവണം. ഒപ്പം, ചിലരുടെ മുകളിലേക്ക് 'ഭരണഘടനാ' പദവിയോടെ കുമ്മനത്തെ പ്രതിഷ്ഠിക്കുക കൂടിയായിരുന്നു, മോദി സർക്കാർ.
എന്നാലിതൊന്നും, കേരളത്തിലെ ബിജെപിക്കാർക്ക് 'കത്തി'യില്ല. ഈ സ്ഥാനലബ്ദിയെ ആഘോഷമാക്കി, കേരളത്തിൽ അങ്ങോളമിങ്ങോളം ഓളമുണ്ടാക്കുന്നതിന് പകരം മൗനത്തിലേക്കാണ് ബിജെപി പോയത്. അമിത് ഷാ മാനത്ത് കണ്ടത്, ഇവർക്ക് മനസ്സിൽ പോലും കാണാനായില്ല എന്നതാണ് യാഥാർഥ്യം. ആയിരുന്നെങ്കിൽ തങ്ങളുടെ ലെജൻറ്ററി ലീഡറുടെ സ്ഥാനലബ്ദ്ധി കേരളത്തിലെ ഒരോ ഗ്രാമത്തിലും അവർ ആഘോഷിക്കുമായിരുന്നു. അത് ജനം ടിവി വഴി പ്രചരിപ്പിക്കുമായിരുന്നു.
അതിലുമുപരി, കുമ്മനത്തിന്റ്റെ ഒപ്പം, ദൽഹിയിലേക്കും, അവിടുന്ന് മിസ്സോറാമിലേക്കും ഒരു ക്യാമറാ ക്രൂവിനെ ഒപ്പം വിടുകയും സത്യപ്രതിജ്ഞ അടക്കം ഓരോ നിമിഷവും ഒപ്പിയെടുത്ത് "ജനം" സംപ്രേഷണം ചെയ്യുകയും ആയിരുന്നു വേണ്ടത്.
ദൽഹിയിൽ നിന്നും ഹെലികോപ്റ്ററിൽ ആണ് കുമ്മനത്തെ ഐസ്വാളിലേക്ക് കൊണ്ട് പോയത്. ആ യാത്ര 'ജനം' സംപ്രേക്ഷണം ചെയ്തിരുന്നെങ്കിൽ?!!.. യാത്രയുടെ ഇടയിൽ ചെറിയ ഒരിൻറ്റർവ്യൂ നടത്തിയിരുന്നെങ്കിൽ?..
അതെല്ലാം കേരളത്തിൽ ഉണ്ടാക്കുമായിരുന്ന ആവേശം കണക്കുകൂട്ടുന്നതിൽ ജനം പരാജയപ്പെട്ടു. അമ്പേ..പരാജയപ്പെട്ടു!!..
സ്വന്തം വീടുപണി വരെ നിർത്തിവച്ച് ജനത്തിനായി ഷെയറെടുത്ത ഒരു സുഹൃത്ത് ഇവിടെ ബഹറിനിൽ എനിക്കുണ്ട്. ജനം ചാനലിൽ കുമ്മനത്തിന്റ്റെ സത്യപ്രതിജ്ഞ കാണാതെ നിരാശനായ എന്നോട്, ആ സുഹൃത്ത് കൂടി നിരാശയോടെ പ്രതികരിച്ചപ്പോൾ ഇത്രയും എഴുതണമെന്ന് തോന്നി.