രഞ്ജിത്ത് ഗോപാലകൃഷ്ണൻ
കോടാനുകോടി നക്ഷത്ര സമൂഹങ്ങളിൽ
ഒരു കുഞ്ഞൻ താരസമൂഹമാണല്ലോ നമ്മുടെ ആകാശഗംഗയെന്ന നക്ഷത്രഗണം. അതിന്റെ ഒരറ്റത്ത്
നിന്ന് മറുവശത്തേയ്ക്ക് നേർരേഖയിൽ പ്രകാശവേഗതയിൽ യാത്ര ചെയ്താൽ മറ്റേയറ്റം
പിടിക്കാൻ തന്നെ ഒരു ലക്ഷം പ്രകാശ വർഷം വേണ്ടി വരുമത്രേ. ഇങ്ങനെ തന്നെ യാത്ര ചെയ്താൽ
അറുപത് ലക്ഷം പ്രകാശവർഷങ്ങൾ വരെ യാത്ര ചെയ്യേണ്ടി വരുന്ന മറ്റു ഗ്യാലക്സികൾ അഥവാ
നക്ഷത്ര സമൂഹം ഉണ്ടന്നാണ് ശാസ്ത്ര ലോകം പറയുന്നത്. അവരുടെ ഇടയിൽ, ചെറുതെങ്കിലും മനോഹരിയായ ആകാശഗംഗയിലെ ഒരു കുഞ്ഞൻ നക്ഷത്രസുന്ദരനാണു
നമ്മുടെ സൂര്യൻ. എട്ടൊന്പത് അനുയായികളുമായി സൗരയൂഥമെന്ന് വിളിക്കുന്ന പുള്ളിയുടെ
കുടുംബത്തിലെ ഒരു ചിന്നപ്പെണ്ണാണ് നമ്മുടെ സുന്ദരിയായ പൃഥ്വീ ദേവി. അവളുടെ
നീലിമയാർന്ന സമുദ്രച്ഛവിയുടെ ഇടിയിലെവിടെയൊക്കയോ തെളിയുന്ന മൺരേഖകളുടെ മുകളറ്റത്ത്
അള്ളിപിടിച്ചിരിക്കുന്ന അൽപ ജീവനുകളിൽ ഒന്ന് മാത്രമാണ് നാമെന്ന മനുഷ്യഗണം!..
ഇരുട്ടിനെയും, മിന്നലിനെയും, പ്രകൃതിദേവിയുടെ രൗദ്ര ഭാവങ്ങളോരോന്നിനേയും, മറ്റു ജീവജാലങ്ങളെയും, എന്തിനു സ്വന്തം ഗണത്തിൽപ്പെട്ട മനുഷ്യനേയും തന്നെ ഭയമുള്ള
നമ്മളുടെ തീർത്താൽ തീരാത്ത ആശങ്കകളുടെ കനത്ത ആവരണങ്ങൾക്കൊരു നനവിന്റെ ആശ്വാസമാണ്
ഈശ്വരവിശ്വാസമെന്ന ഭ്രമകൽപ്പന.
മനുഷ്യ കുലം ഉണ്ടായ കാലം മുതൽ
ഭയവും, വിശ്വാസവും അവനൊപ്പമുണ്ട്. മറ്റു
ജീവികളിൽ നിന്നും അവനെ വേർതിരിക്കുന്ന വിശേഷ ബുദ്ധിയുണ്ട് എന്ന് ഊറ്റം കൊള്ളുന്ന
മനുഷ്യൻ തന്നെ, തന്റെ നിസ്സാഹായതയ്ക്കും, ഭയാശങ്കകൾക്കും ഒരത്താണിയായി കാണുന്നത് ഇതേ മനസിന്റെ വിചിത്രമായ
ഭാവനകളിലൂടെ ലഭിക്കുന്ന ആശ്വാസത്തെയാണ്. സത്യവും, മിഥ്യയും തമ്മിൽ ഇഴപിരിക്കാനാവാതെ യുഗങ്ങളായി ആശ്വാസം തേടി അവൻ പല
സിദ്ധാന്തങ്ങളുടെയും പിന്നാലെ പായുന്നു. പൗരാണിക ഭാരതീയർ ആവണം ഒരു പക്ഷെ ഏറ്റവും
സങ്കീർണ്ണമായ ഈശ്വര വിശ്വാസത്തെ സാര്വലൗകീകമാക്കിയത്. "അനന്തമകജ്ഞാതം അവര്ണനീയം"
എന്ന് പറയുമ്പോളും, പ്രപഞ്ചമെന്ന ബ്രഹത്തിനെ
"ബ്രഹ്മമെന്നവൻ ഭാരതീയർ വിളിച്ചു. നാമധിവസിക്കുന്ന ഈ ഭൂമി ഒരു ഗോളമാണെന്നും, അത്, ആദിത്യനായ ഗൃഹനായകന്റെ
കാരുണ്യത്തിലാണെന്നും അവർ തിരിച്ചറിഞ്ഞു. "അഗ്നിമീളേ പുരോഹിതം, യഗഞ്ജസ്യ ദേവ മൃഥ്വിജം ഹോ താരം, രക്തതാമമം" എന്നെഴുതി വച്ചതു ആ അറിവിൽ നിന്നാണ്. നമ്മുടെ
ആധാരമാണെന്ന് തിരിച്ചറിഞ്ഞ സൂര്യൻ അങ്ങനെ ദേവനായി. അതുക്കും മേലെയാണ് പ്രപഞ്ചമെന്ന
മഹാത്ഭുതമെന്നും തിരിച്ചറിഞ്ഞ അവർ, എല്ലാം ആ ഈശ്വരന്റെ സൃഷ്ടിയാണെന്നും, അണുവണു വിടാതെ ഈ പ്രപഞ്ചത്തിലെ സകലതും അതിന്റെ ഭാഗമെന്നും സിദ്ധാന്തിച്ചു.
ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്നു പറഞ്ഞ ചാർവാകനെയും അവർ മുനിയായി കരുതി. ഈശ്വരനെ
വിശ്വസിക്കാനും, അതിനു വിവിധങ്ങളായ ആചാരങ്ങളും, രൂപങ്ങളും, ആഘോഷങ്ങളും എല്ലാം നടത്താൻ
ഭാരതീയർ നൂറ്റാണ്ടുകളായി ശീലിച്ചത് അങ്ങനെയാണ്.
മഞ്ഞുകട്ടയിൽ വിരിയുന്ന
ശിവലിംഗത്തെയും, നൂറ്റാണ്ടുകളായി അണയാതെ കത്തുന്ന
ദീപത്തെയും, മണ്ണിലും, കല്ലിലും, മരത്തിലും വിരിയുന്ന
ശില്പങ്ങളിലും, കാവ്യഭംഗി വിരിയുന്ന
ക്ഷേത്രങ്ങളും ഈശ്വര സവിധങ്ങളായി. ഒപ്പം “ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ)
എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2)
“സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി
ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്‍നിന്നും ഹവിസ്സ്
സ്വീകരിക്കുന്നതുപോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍)
വരെയുള്ള മന്ത്രങ്ങളില്‍നിന്നും എല്ലാ തരത്തിലുമുള്ള വിഭാഗീയചിന്തകളില്‍നിന്നും
തികച്ചും മുക്തമായ ഒരു മാനവരാശിയെയാണ് ഭാരതം വിശ്വത്തിനു മുന്നിൽ സമർപ്പിച്ചത്.
"വസുധൈവ കുടുംബഗം" എന്ന ആശയവും ഭാരതീയർ മുന്നോട്ട് വച്ചു. ശാസ്ത്ര
ലോകത്തിന്റെ പരിമിതികൾ, പ്രപഞ്ചമെന്ന പ്രഹേളികയെ
വിശ്വസനീയമായി വിവരിക്കാൻ പ്ര്രപ്തരാകും വരെ മനുഷ്യകുലം ഈശ്വനഥവാ ദൈവത്തെ
വിശ്വസിക്കും. ആ പേര് തന്നെ പറഞ്ഞു, തമ്മിലടിച്ചു അതിനു മുന്നേ തീർന്നില്ലെങ്കിൽ!!!
ഇത്രയും വലിയ പ്രപഞ്ചത്തിനു
നാഥനായ ദൈവം, ഞാൻ വിളിച്ചില്ല എന്ന് പറഞ്ഞു
തിരഞ്ഞു പിടിച്ചു എന്നെ തീയിലിടാൻ വരുമെന്നൊന്നും ഞാൻ കരുതുന്നില്ല. അങ്ങനെ ആരേലും
പേടിച്ചു അതിന്റെ പേരിൽ സമൂഹത്തിനു ദോഷമില്ലാതെ നടന്നാൽ അതിലും എനിക്ക്
പരാതിയില്ല. മറ്റു പല ദുർബലരായ മനുഷ്യരെയും പോലെ സ്വയം കൂട്ടിയിട്ടു കൂടാത്ത
ജീവിതമായതു കൊണ്ട്, എന്റെ ഉള്ളിൽ ഉണ്ടെന്നു ഞാൻ തന്നെ
കരുതുന്ന ആ ഈശ്വരീയ അംശത്തിനു ശക്തി പകരാൻ ഞാനും പ്രാർത്ഥിക്കാറുണ്ട്. സർവ്വ
ചരാചരങ്ങളിലും ഈശ്വരാംശം ഉണ്ടെന്ന് വിശ്വസിക്കുമ്പോളും, മനസ്സിൽ ഈശ്വരാ എന്ന് വിളിക്കുന്ന നേരത്ത്, മനസ്സിന്റ്റെ പടിവാതില്ക്കലിലൊരു തിരക്കു രൂപപ്പെടും. വിരിഞ്ഞ
മസ്തകവും, നീണ്ട തുമ്പിയും, കനത്ത കുംഭയുമൊക്കെയുള്ള സർവ്വ വിഘ്നോപ ശാന്തനായ ഗണേശനാദ്യം കടന്നു
വരും. മനസ്സിലെ പൂജാമുറിയിൽ ഗണനാഥന് പ്രണാമമർപ്പിച്ച് തുടങ്ങിയാൽ പിന്നെ
കൺഫ്യൂഷനാണ്. അടുത്തതാരെ വിളിക്കും?!.. മഞ്ഞപ്പട്ടുടുത്ത് പീലിത്തിരുമുടിയും, കൈയ്യിലൊരോടക്കുഴലുമായി പുഞ്ചിരി തൂകുന്ന കാർവർണ്ണനും, ജടാഭസ്മധാരിയായ യോഗീശ്വരന്റ്റെ രൂപത്തിൽ തൃക്കണ്ണനായ മഹാദേവനും, സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന മഹാലക്ഷ്മിയും, സകല വാത്സല്യത്തിന്റെയും 'അമ്മ രൂപമായി ശ്രീപാർവതിയും, വിദ്യാരൂപിണിയായി സരസ്വതിയും തുടങ്ങി ഒരേ ചൈതന്യത്തിൻറെ വിവിധ
ഭാവങ്ങളാണ് അനുഗ്രഹം ചൊരിയാൻ ക്യു നിൽക്കുന്നത്. ഇതെല്ലാം സങ്കൽപ്പമാണെന്നു
അറിയുമ്പോളും, ആ സങ്കല്പം പകരുന്ന ശക്തിയാണ്
അനുഗ്രഹം.
ലോകത്തിന്റെ ഏത് കോണിലിരുന്നാലും, എന്റെ കുടുംബക്കാവിലെ നാഗ ദൈവങ്ങളും, മനോമുകുരത്തിൽ ചെങ്ങന്നൂർ മഹാദേവനെന്ന കരുത്തനായ യോഗീശ്വരൻ പകർന്നു
തരുന്ന ശക്തിയും, 'അന്നപൂർണേശ്വരിയായ 'അമ്മ തരുന്ന വാത്സല്യവും എല്ലാം മതിയെന്ന് തോന്നും ഓരോ
വെല്ലുവിളികളെയെയും തരണം ചെയ്തു മുന്നോട്ടു തുഴയാൻ. അവിടെയിരിക്കുന്നതു കറുത്ത
ശിലകളോ, പഞ്ചലോഹ വിഗ്രഹങ്ങളോ എന്നല്ല, അവ മനസിൽ പകരുന്ന ഭാവമാണ് എന്റെ ഉള്ളിലെ ഈശ്വരനെ ഉണർത്തുന്നത്.
അരൂപിയായ ഒരു സങ്കൽപ്പത്തിന്റെ മുന്നിലേക്ക് ഞാൻ പ്രാർത്ഥനകൾ ചൊരിയാറില്ല, അതിനാൽ തന്നെ എന്റെ പീതാംബര ധാരിയായ കൃഷ്ണൻ ജനിച്ചു, മരിച്ച മനുഷ്യാവതാരം ആണെന്ന് അറിയുമ്പോൾ തന്നെ എന്റെ മനസ്സിൽ
പ്രാർത്ഥന ഉയരാറുണ്ട്. ആ പ്രാര്ഥനകൾക്കിടയിലേക്കു ഒരു കണ്ണിറുക്കിയ
വാര്യത്തികുട്ടികളും എത്തി നോക്കി എന്റെ പ്രാർത്ഥനകൾ തടസ്സപ്പെടുത്താറുമില്ല.
മനസിലെ പ്രാർത്ഥനകൾക്ക് ബിംബ കൽപ്പന ഉപദേശിച്ചു നൽകിയവരുടെ ആത്യന്തിക ഉദ്ദേശ്യവും
അത് തന്നെ ആയിരുന്നിരിക്കണം.
എന്റെ വിശ്വാസങ്ങളും എന്റെ
ചിന്തകളും, ഞാൻ ആർജിച്ച വിദ്യാഭ്യാസവും, എന്റെ കർമവും തരുന്നതാണ് എന്റെ അനുഭവം. മറ്റുള്ളവരെ ഞാൻ കാണുന്നതും
അങ്ങനെ തന്നെ. അതിനാൽ തന്നെ ഞാൻ വിശ്വസിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർ
വിശ്വസിക്കരുതെന്നോ, മറിച്ചായാലോ എനിക്ക് പരാതിയും
ഇല്ല. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ, പല വിധ മതക്കാരും, മതമില്ലാത്തവരും, വിവിധ രാജ്യക്കാരും, വിവിധ വർണ്ണങ്ങളിൽ പെട്ടവരും ഉണ്ട്. എല്ലായിടങ്ങളിലും ഞാൻ നല്ല
മനുഷ്യരെ കണ്ടിട്ടുണ്ട്. അതിൽ ജാതി, മത വർണ വ്യത്യാസങ്ങൾ ഞാൻ കണ്ടിട്ടില്ല... ഓരോ വ്യക്തിയും, വ്യത്യസ്തരാണ്. അവരെ അങ്ങനെ തന്നെ അംഗീകരിക്കാൻ കഴിഞ്ഞാൽ അവിടെ
തീരും പ്രശ്നങ്ങൾ. പക്ഷെ അത്, ചെയ്യില്ലല്ലോ..!!!
നീ എന്റെ വഴിക്കല്ലെങ്കിൽ നീ കൊല്ലപ്പെടേണ്ടവനാണ് എന്ന് ചിന്തിക്കുന്നവർക്ക്
അരൂപിയായല്ല, രൂപത്തോടു കൂടി പോലും ഈശ്വരനെ
ഉൾകൊള്ളാൻ ആവില്ല..
No comments:
Post a Comment