Sunday, 15 July 2018

പ്രസവിക്കുക, അനാഥാലയങ്ങളിൽ ഏൽപ്പിക്കുക - കുഞ്ഞുങ്ങളെ വിൽക്കുന്ന "ചാരിറ്റി"...

By സനൽ ഇടമറുക്

ജാർഖണ്ഡിലെ ജയിൽ റോഡിലുള്ള   മിഷനറീസ് ഓഫ് ചാരിറ്റിയുടെ കേന്ദ്രത്തിൽ പതിവ് പരിശോധനക്കായി എത്തിയതായിരുന്നു   ചൈൽഡ് വെൽഫയർ  കമ്മിറ്റിയുടെ പ്രതിനിധികൾ. അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി അതിലൊരാൾ തിരിച്ചറിഞ്ഞു. തുടർ പരിശോധനയിൽ ഒരു കുഞ്ഞ്  കൂട്ടത്തിൽ ഇല്ലെന്ന് അവർ തിരിച്ചറിഞ്ഞു.

ചൈൽഡ് വെൽഫെയർ  കമ്മിറ്റിയിലെ അംഗമായ പ്രതിമാ പുരി ഇതേക്കുറിച്ചു ചാരിറ്റിയിലെ കന്യാസ്തീകളോടു  തിരക്കിയപ്പോൾ ആ കുഞ്ഞിന്റെ  അമ്മ അതിനെ കൊണ്ടുപോയി എന്നായിരുന്നു മറുപടി.  എന്നാൽ തുടർന്നു നടത്തിയ അന്വേഷണം ഞെട്ടിപ്പിക്കുന്ന ആ വിവരം പുറത്തു കൊണ്ടുവന്നു. ഉത്തർ പ്രദേശിലെ ഒരു കുടുംബത്തിന് 1.2 ലക്ഷം രൂപ വാങ്ങി ആ കുഞ്ഞിനെ വിൽക്കുകയായിരുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും നിരവധി കുഞ്ഞുങ്ങളെ മുന്പും  ഇതുപോലെ വിറ്റിട്ടുണ്ടെന്നും വ്യക്തമായി.

കുടുംബാസൂത്രണവും ഗർഭച്ഛിദ്ര വുമൊക്കെ കൊടിയ പാപം ആണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. ധാരാളം കുഞ്ഞുങ്ങളെ പ്രസവിക്കാൻ കത്തോലിക്കരെ ഉദ്ബോധിപ്പിക്കാൻ മെത്രാന്മാരും പുരോഹിതന്മാരും ഒരവസരവും പാഴാക്കാറില്ല. മദർ തെരേസ ആവട്ടെ ഗർഭനിരോധനത്തിനെതിരെ  പ്രസംഗം നടത്താനാണ് നോബൽ സമ്മാന വേദി പോലും ദുരുപയോഗപ്പെടുത്തിയത്.

കത്തോലിക്കരുടെ എണ്ണം കൂട്ടിക്കൊണ്ടു വരുവാനുള്ള ഉപാധി എന്നതിനപ്പുറം അനാഥാലയ മാർക്കറ്റിങ്ങിനും പ്രയോജനപ്രദമാണ് ഇത്തരം പ്രബോധനങ്ങൾ. 

ഗർഭച്ഛിദ്രത്തെ എതിർക്കുകയും അതിനെതിരെ നിരന്തര പ്രചാരണം നടത്തുകയും ചെയ്യുന്ന മിഷനറീസ് ഓഫ് ചാരിറ്റി, വിവാഹത്തിനു മുന്പ്   ഗർഭിണികളാകുന്ന പാവങ്ങൾക്ക് അവരുടെ കേന്ദ്രങ്ങളിൽ പ്രസവിക്കാൻ സൗകര്യം ഒരുക്കി കൊടുക്കാറുണ്ട്. ഈ കുഞ്ഞുങ്ങളെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനാഥാലയങ്ങൾ ഏറ്റെടുക്കുകയും ചെയ്യും. അനാഥരായ  കുഞ്ഞുങ്ങളെ ഏറ്റെടുക്കാനും സംവിധാനമുണ്ട്. 

കത്തോലിക്കാ കേന്ദ്രങ്ങൾ പുകഴ്‌ത്തലോടെ അവതരിപ്പിക്കുന്ന, കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന ഈ സംവിധാനം കൃത്യമായ കണക്കുകൂട്ടലുകളുള്ള കെണി ആണ് എന്ന് മുന്പും  വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ ലഭിക്കുന്ന കുഞ്ഞുങ്ങളെയൊക്കെ കത്തോലിക്കാ സഭയിൽ മാമോദീസ മുക്കി ചേർക്കുന്നതാണ് ഇതിലെ ഒരു താല്പര്യം.

അനാഥാലയങ്ങൾ വരുമാനത്തിന്റെ നിരവധി വാതിലുകളാണ് തുറക്കുന്നത്. വിവിധ ഡോണർ ഏജൻസികളിൽ നിന്നും, അനാഥ കുഞ്ഞുങ്ങളുടെ കഥ കേട്ട് കരളലിയുന്ന ധനികരായ ഉദാര മനസ്‌കരിൽ നിന്നും,  സംഭാവനകൽ  സ്വരുക്കൂട്ടുക എന്നതാണ് മറ്റൊരു താല്പര്യം. ഈ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും നല്ല ജീവിതത്തിനും വേണ്ടി സമാഹരിക്കപ്പെടുന്ന തുകകൾ അവർക്കുവേണ്ടി ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിനെതിരെ ഉയരുന്ന പ്രധാന വിമർശനങ്ങളിൽ ഒന്ന്.

ഈ വിമർശനം മദർ തെരേസ ജീവിച്ചിരുന്ന കാലത്തു തന്നെ മറ്റൊരു വിധത്തിൽ ഉയർന്നിട്ടുണ്ട്. കൊൽക്കൊത്തയിലെ അഗതി മന്ദിരങ്ങളുടെയും അവിടെയുള്ള അന്തേവാസികളുടേയും ദയനീയ കഥകൾ കേട്ട് മനസ്സലിഞ്ഞു ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും എത്തിയിരുന്ന ദശലക്ഷക്കണക്കിനു ഡോളർ ഈ  അഗതികളുടെ  മെച്ചപ്പെട്ട ജീവിതത്തിനായി ഉപയോഗിച്ചിരുന്നില്ലെന്നും ആ പണം ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കേന്ദ്രങ്ങൾ കെട്ടിപ്പടുക്കുകയാണ് ചെയ്‌തതെന്നും തെളിവുകൾ സഹിതം പല തവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

അനാഥാലയത്തിലെ കുഞ്ഞുങ്ങളുടെ പേരിൽ പണം കൈപ്പറ്റുന്പോഴും അവരെ ദരിദ്ര സാഹചര്യങ്ങളിൽ തന്നെയാണ് പാർപ്പിക്കുന്നതെന്നും ആരോപണം ഉണ്ട്.

മിഷനറീസ് ഓഫ് ചാരിറ്റി കൊൽക്കൊത്തയിൽ ചേരികളിലെ കുഞ്ഞുങ്ങൾക്കുവേണ്ടി നടത്തുന്ന മഹാത്മാഗാന്ധി വെൽഫെയർ സെന്ററിനെ കുറിച്ച് 2003-ൽ ഉയർന്ന  ഗൗരവമുള്ള  ആരോപണം ഈ അവസരത്തിൽ ഓർക്കുന്നത് ഉചിതമാണ്. അനാഥാലയത്തിലെ നാല് പിഞ്ചു കുഞ്ഞുങ്ങളെ സെന്ററിന്റെ ചുമതല വഹിക്കുന്ന കന്യാസ്ത്രീ ചുട്ടു പഴുപ്പിച്ച കത്തി കൊണ്ട് പൊള്ളിച്ചു എന്നായിരുന്നു പരാതി. സംയമനം പരിശീലിപ്പിക്കാൻ ആഹാരം നൽകാതെ പട്ടിണിക്കിട്ട  കുഞ്ഞുങ്ങൾ വിശന്നു പൊരിഞ്ഞ്  അല്പം  ഭക്ഷണം വാങ്ങുന്നതിനു വേണ്ടി 100 രൂപയിൽ താഴെ വരുന്ന തുക മോഷ്ടിച്ചതിനാണ് കുഞ്ഞുങ്ങളുടെ കൈകളിൽ ചുട്ടു പഴുപ്പിച്ച കത്തി വെച്ച് പൊള്ളിച്ചത്.

കുഞ്ഞുങ്ങളെ അനധികൃതമായി വിൽക്കുകയും അവർ വളരുന്പോൾ പ്രതിഫലം നൽകാതെ പരിശീലനം സഭാ സ്ഥാപനങ്ങളിൽ ജോലി ചെയ്യിക്കുകയും അനാഥ കുഞ്ഞുങ്ങളുടെ പേരിൽ വിദേശത്തു നിന്നും പണം ശേഖരിച്ചു അവർക്കുവേണ്ടിയല്ലാതെ മറ്റു കാര്യങ്ങൾക്കു വഴിമാറ്റി വിടുന്നതും മാത്രമല്ല ഇത്തരം ചാരിറ്റി കേന്ദ്രങ്ങൾക്കെതിരെ ഉയരുന്ന ആരോപണം.

കൊൽക്കൊത്തയിലെ മഹാത്മാഗാന്ധി സെന്ററിലെ വിശപ്പടക്കാൻ ചെറിയ മോഷണം നടത്തിയ പിഞ്ചു കുഞ്ഞുങ്ങളെ പഴുപ്പിച്ച കത്തികൊണ്ട് പൊള്ളിച്ച കന്യാസ്ത്രീകൾ മിഷനറീസ്  ഓഫ്  ചാരിറ്റിയിലെ കൊടിയ ചൂഷണത്തിലേക്കാണ്   വിരൽ ചൂണ്ടുന്നത്.

അതേക്കുറിച്ച്  അടുത്ത പോസ്റ്റിൽ വീണ്ടും എഴുതാം.

സനൽ ഇടമറുകിന്റെ ബ്ലോഗുകൾ വായിക്കുവാൻ ക്ലിക്ക് ചെയ്യുക: www.therali.org

Thursday, 12 July 2018

വാത്മീകി രാമായണം

രത്‌നാകരൻ, കാട്ടിൽ സാധുക്കളെയും വഴിപോക്കരെയും പിടിച്ചുപറിച്ചും, കൊന്നുകളഞ്ഞും ജീവിച്ചു പോന്നു. ഒരിക്കൽ കാട്ടിലൂടെ സഞ്ചരിച്ചിരുന്ന നാരദ മുനിയുടെ മുന്നിൽ രത്‌നാകരൻ ചാടിവീണു, ഉള്ളത് ഒക്കെ എടുക്കാൻ പറഞ്ഞു, കൊടുത്തില്ലെങ്കിൽ തല അടിച്ചു പൊളിക്കും എന്ന് ആക്രോശിച്ചു. പക്ഷെ രാമ ഭക്തനായ മുനിയുടെ പ്രഭയുടെ മുന്നിൽ രത്‌നാകരൻ നിഷ്പ്രഭനായി. മുനി ചൊല്ലികൊടുത്ത രാമ നാമം പോലും ഉച്ചരിക്കാൻ രത്‌നാകരന്  ആയില്ല. എന്നാൽ 'മരാ' എന്ന് ചൊല്ലാൻ ഉപദേശിച്ചു നാരദ മുനി യാത്ര തുടർന്നു. മരാ ക്രമേണ രാമ നാമം ആയി മാറി, രത്‌നാകരൻ എന്ന ശൂദ്രൻ തപസ്സ് കൊണ്ട് വാത്മീകി മഹർഷിയായി.

ശേഷം വാത്മീകി മഹർഷി നാരദ മുനിയുടെ തന്നെ ഉപദേശം സ്വീകരിച്ച്‌ രാമായണം എന്ന ലോകത്തിലെ ആദ്യത്തെ മഹാകാവ്യം എഴുതാൻ തുടങ്ങി, രാമന്റെ കഥ നാരദ മുനി വാത്മീകി മഹർഷിക്ക് പറഞ്ഞു കൊടുത്തു. ബാല കാണ്ഡം, അയോദ്ധ്യ കാണ്ഡം, ആരണ്യ കാണ്ഡം, കിഷ്കിന്ധ കാണ്ഡം, സുന്ദര കാണ്ഡം, യുദ്ധ കാണ്ഡം എന്നിങ്ങനെ ആറ് കാണ്ഡമായി ശ്രീരാമ പട്ടാഭിഷേകത്തോടെ വാത്മീകി രാമായണം അവസാനിക്കുന്നു.

"സർവ്വ ലക്ഷണസമ്പന്ന സർവ്വ ധർമ്മ പരായണ
ദശ വർഷ സഹസ്രാണി രാമോ രാജ്യം കാര്യത"

ശ്രീരാമൻ തന്റെ സർവ്വ ലക്ഷണമൊത്ത രാജ്യം ധർമ്മത്തിന്റെ പാതയിൽ പതിനായിരം വർഷം ഭരിച്ചു.

ഇങ്ങനെയാണ് വാത്മീകി തന്റെ രാമായണം അവസാനിപ്പിക്കുന്നത്. ശേഷം ഹിന്ദു ഗ്രന്ഥങ്ങളിൽ ഒക്കെ അവസാനം ചേർക്കുന്ന ഫല ശ്രുതിയാണ്. ഗ്രന്ഥം വായിച്ചവർക്ക് ലഭിക്കുന്ന കാര്യങ്ങൾ ആണ് ഫല ശ്രുതിയിൽ എഴുതാറ്.

എന്നാൽ പിന്നീട് ഉത്തര കാണ്ഡം രാമായണത്തിൽ എഴുതി ചേർത്തു, പ്രക്ഷിപ്തങ്ങൾ എന്നാണ് അങ്ങനെ ചെയ്തവയെ പറയുക. അത് തെളിയിക്കാൻ പല വഴികളും ഉണ്ട്. വ്യാകരണവും, ഉപയോഗിച്ച ശൈലിയുമാണ് എടുത്ത് കാണിക്കുന്നവ. എന്നാൽ രാമായണത്തിന്റെ കാര്യത്തിൽ അത് മാത്രമല്ല ഫല ശ്രുതി തന്നെ ഉത്തര കാണ്ഡത്തിന്റെ മുന്നേ വന്നു. കൂടാതെ മഹാഭാരത്തിലെ വനപർവത്തിൽ രാമ ഉപഖ്യാനത്തിൽ  രാമായണ കഥ പറയുന്നതിലും രാമൻ സീതയെ ഉപക്ഷിച്ചതിനെ പറ്റിയോ, ഉത്തര കാണ്ഡത്തെ പറ്റിയോ പരാമർശം ഇല്ല.

അതായത് വാത്മീകി രാമായണത്തിലെ മര്യാദ പുരുഷോത്തമൻ ആയ ശ്രീരാമചന്ദ്രനെ ഒട്ടും മര്യാദ ഇല്ലാത്ത ആളാക്കാൻ നൂറ്റാണ്ടുകളായി ശ്രമം നടന്നിരുന്നു എന്ന് വേണം മനസിലാക്കാൻ. ശംബൂകൻ എന്ന ശൂദ്രനെ തപസ്സ് ചെയ്തതിനു ശ്രീരാമൻ കൊന്നുകളഞ്ഞു എന്നാണ് ഒരു വാദം. രാമനെ തന്നെ തപസ്സ് ചെയ്ത രത്‌നാകരൻ, രാമന്റെ അനുഗ്രഹത്തോടെ വാത്മീകിയായി. കാട്ടാള വംശത്തിലെ ശബരി രാമനെ തപസ്സ് ചെയ്തു കാത്തിരുന്ന ഭക്തയായിരുന്നു. താൻ കടിച്ചു രുചിച്ചു നോക്കിയ പഴങ്ങൾ രാമന് നൽകിയപ്പോൾ രാമൻ തെല്ലും അറപ്പില്ലാതെ അതു മുഴുവൻ കഴിച്ചു. കാട്ടാള സ്ത്രീയും ശൂദ്ര വംശത്തിൽ പെട്ടതായിരുന്നു. 

രത്‌നാകരൻ പണ്ട് ചെയ്തിരുന്നത് തന്നെയാണ് കമ്മികൾ ഇന്ന് ചെയ്യുന്നത്. രത്‌നാകരൻ മാറി വാത്മീകി ആവൻ രാമ നാമം തല തിരിച്ചാണ് ചൊല്ലി തുടങ്ങിയത്, അതുകൊണ്ട് നമ്മൾ രാമായണം ഇവർ എങ്ങനെ വക്രീകരിച്ചാലും നിരാശപ്പെടേണ്ടതില്ല. ഈശ്വരനോട് ഉള്ള ശത്രുതയും ഭക്തിയായി കണക്ക് കൂട്ടുന്ന ദൈവങ്ങൾ ആണ് നമ്മുക്ക് ഉള്ളത്.

ആകാശാത്‌ പതിതം തോയം യഥാ ഗച്ഛതി സാഗരേ    സര്‍വ്വ ദേവ നമസ്കാരം കേശവ പ്രതി ജായതേ"

ആകാശത്ത് നിന്ന് പതിക്കുന്ന ജലം എപ്രകാരം സമുദ്രത്തില്‍ എത്തി ചേരുന്നുവോ അപ്രകാരം ഏത്‌ ദേവനുള്ള നമസ്കാരവും എന്നിൽ (കേശവന്‍ ) എത്തിചേരുന്നു.

Monday, 9 July 2018

*ആചാരങ്ങളും അനുഷ്ഠാനങ്ങളും*

നമ്മുടെ പല ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതിന്റേതായ വിശദീകരണങ്ങളുമുണ്ട്. നമ്മള്‍ പലതും ചെയ്യുന്നത് ഇതൊന്നും മനസ്സിലാക്കാതെയാണ്.

*'എന്തിനാണ് രാവിലെയും, വൈകുന്നേരവും വിളക്ക് കത്തിക്കുന്നത്''* എന്ന ചോദ്യത്തിന് നമുക്ക് രണ്ട് വിധത്തില്‍ ഉത്തരം കൊടുക്കാം.
പണ്ട് വിദ്യുച്ഛക്തി പ്രചാരത്തിലില്ലാതിരുന്ന കാലത്ത് രാവിലേയും, വൈകുന്നേരവും വിളക്ക് കത്തിക്കേണ്ടത് ഒരു അത്യാവശ്യമായിരുന്നു. ഇരുട്ടില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റുകയില്ലല്ലോ. ആ ഇരുട്ടിനെ നശിപ്പിക്കുകയായിരുന്നു ആ വിളക്കു കത്തിക്കുന്നതിന്റെ ഉദ്ദേശം. ഇതൊരു ബാഹ്യമായ വിശദീകരണം മാത്രം. ഒന്നു അഗാധമായി ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും പ്രകാശം ഇരുട്ടിനെ നശിപ്പിക്കുന്നു. അജ്ഞാനമാകുന്ന ഇരുട്ടിനെ ജ്ഞാനമാകുന്ന പ്രകാശം നശിപ്പിക്കുന്നു. അതാണ് അതിന്റെ അര്‍ത്ഥം. ഈ ഒരു കാരണം കൊണ്ടുതന്നെയാണ് എല്ലാ ക്ഷേത്രങ്ങളിലും നമ്മുടെ നല്ല സംരംഭങ്ങളിലും വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നത്.

*അമ്പലങ്ങളിൽ  നമ്മള്‍ ചെയ്യുന്ന തലകുനിക്കുന്ന* ആചാരത്തിനു വളരെയധികം പ്രാധാന്യമുണ്ട്. നമ്മുടെ അഹങ്കാരം നമ്മെ ഒരിക്കലും ഭരിക്കരുത്. അമ്പലത്തില്‍ തലകുനിച്ച് നമസ്‌കരിക്കുന്നതു കൊണ്ട് അർത്ഥമാക്കുന്നതും ഇത് തന്നെയാണ്. 

*മാതാ, പിതാ, ഗുരു* എന്നിങ്ങനെ മുതിര്‍ന്നവരുടെ കാല്‍ക്കല്‍ നമസ്‌കരിക്കുവോളം നമ്മുടെ അഹങ്കാരത്തെ മാറ്റി നിര്‍ത്തുകയാണ് ഉദ്ദേശ്യം.

*തലകുനിച്ചുവേണം വീട്ടില്‍ കയറേണ്ടത്* എന്നത് പാലിക്കാനാണ് പണ്ടുകാലത്ത് നിര്‍മ്മിച്ച വീടുകളിലെ വാതില്‍ ഉയരം കുറച്ച് നിര്‍മ്മിച്ചിരുന്നത്.

*ഗുരു ഏതൊരു ആദര്‍ശത്തിന്റേയും, ജ്ഞാനത്തിന്റേയും പ്രതീകമായി നിലനില്ക്കുന്നുവോ ആ കാലുകളെ ഞാന്‍ സേവിക്കുന്നു*എന്ന അര്‍ത്ഥത്തിലാണ് ഗുരുക്കന്മാരെ നമസ്‌കരിച്ചുപോരുന്നത്.

*കൂപ്പുകൈകൊണ്ട് അഭിവാദനം ചെയ്യുമ്പോഴും* ബാഹ്യചിഹ്നത്തിന്റെ പിറകില്‍ ഒരു മഹത്തായ അര്‍ത്ഥമുണ്ടെന്ന് ഓര്‍ക്കണം. രണ്ടുകയ്യും കൂട്ടി നെഞ്ചിന്റെ അടുത്ത് വെക്കുന്നത് ഞാന്‍ നിങ്ങളെ വൈകാരികമായി അഭിവാദനം ചെയ്യുന്നു എന്ന് അറിയിക്കുകയാണ്. എന്റെ ഹൃദയത്തിലുള്ള എന്നെ തന്നെയാണ് ഞാന്‍ നിങ്ങളിലും കാണുന്നത് എന്ന ധ്വനിയാണ് അതിലുള്ളത്.

വിഷു, ഓണം ദിവസങ്ങളിലും, പിറന്നാള്‍ ദിവസങ്ങളിലും സദ്യ ഒരുക്കുമ്പോള്‍ അമ്മയോ, അമ്മൂമ്മയോ *പ്രത്യേകം ഗണപതിക്ക് വിളമ്പുന്നത്*എല്ലാവരും ശ്രദ്ധിച്ചിരിക്കും. എന്താണ് ഇതിന്റെ അര്‍ത്ഥം എന്ന് പലര്‍ക്കും അറിയില്ല. ചോറുണ്ണുമ്പോള്‍ ആ ധാന്യം വിളയിച്ച കര്‍ഷകന്റെ കര്‍മ്മത്തില്‍ ഒരു ഭാഗം ചോറുണ്ണുന്ന ആള്‍ ഏറ്റുവാങ്ങുന്നു.

അതുപോലെ തന്നെ നാം എന്ത്  ഭക്ഷിക്കുമ്പോഴും ഇതിന്റെ വിപണനം കൊണ്ട് ഉപജീവനം കഴിക്കുന്നവരുമുണ്ടാകും. അത് ഒഴിവാക്കാനായി നാം എന്തുചെയ്യണം *എല്ലാ ഭക്ഷണവും ദൈവത്തിന് സമര്‍പ്പിക്കുക*പിന്നീട് ദൈവത്തിന്റെ പ്രസാദമായി നാം ഭക്ഷണത്തെ സ്വീകരിക്കുക.
വളരെ പ്രശസ്ത ഗീതാശ്ലോകത്തിന്റെ ബ്രഹ്മാര്‍പ്പണം ''ബ്രഹ്മഹവിര്‍'' ഈ ശ്ലോകത്തിന്റെ അര്‍ത്ഥവും അതുതന്നെ. ഹിന്ദുക്കള്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഈ ശ്ലോകം ചൊല്ലുന്നതും ഗണപതിക്ക് വിളമ്പിവെക്കുന്നതും,  കഴിക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുന്നതും, എല്ലാം സൂചിപ്പിക്കുന്നത് ഒന്നു തന്നെ. ദൈവത്തിനുള്ള സമര്‍പ്പണം.

*ഉറങ്ങിക്കിടക്കുന്ന ഒരു വ്യക്തിയെ മറിച്ചു കടക്കാന്‍ പാടില്ല എന്നൊരു ചൊല്ലുണ്ട്.* അതെന്തുകൊണ്ടാണ്?
ഉറക്കത്തില്‍ ഒരു മനുഷ്യന് അഹങ്കാരമില്ല. ഉറങ്ങുന്നവന്‍ ഉറക്കത്തില്‍ രാജാവായാലും, പിച്ചക്കാരനായാലും തുല്യനാണ്. ആ വ്യക്തി ദൈവ സമാനനാണ്. അങ്ങനെയുള്ള ആ വ്യക്തിയെ മറിച്ചു കടക്കുകയാണെങ്കില്‍ അത് ദൈവത്തിനെ അപമാനിക്കുന്നത് പോലെയാണ്.

*നമ്മള്‍ ദക്ഷിണകൊടുക്കുമ്പോഴും, സമ്മാനം കൊടുക്കുമ്പോഴും എപ്പോഴും 51,101,1001,10001 എന്നിങ്ങനെ വേണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ* അമ്പതുരൂപയും, അമ്പത്തൊന്ന് രൂപയും തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്ന് നിങ്ങളുടെ മനസ്സില്‍ തോന്നിയേക്കാം. 50-100-1000 എല്ലാം പൂര്‍ണ്ണ സംഖ്യയെയാണ് ധ്വനിപ്പിക്കുന്നത്. അതില്‍ ഒന്നു കൂടുമ്പോള്‍ വീണ്ടും ഒരു തുടക്കം. എന്നുവെച്ചാല്‍ എന്റെ ദാനം ഞാന്‍ ഇതുകൊണ്ടവസാനിപ്പിക്കുകയില്ല. ഇതില്‍ നിന്ന് തുടങ്ങുകയാണ്. എന്ന പരോക്ഷമായ ധ്വനി ഇതില്‍ കൂടുതല്‍ എന്തര്‍ത്ഥം വേണം ഇതിന്?

*വലത് കാല്‍ വെച്ച് കയറണമെന്ന് പറയാറുണ്ട്*
പ്രത്യേകിച്ച് ഗൃഹപ്രവേശനത്തിനും മറ്റും. കാരണം മറ്റൊന്നുമല്ല നാം  അധികം പേരും വലത് കൈക്കാരാണ്. പൊതുവെ വലത് കൈക്കാര്‍ക്ക് വലത്കാലും കൂടുതല്‍ ബലമുള്ളതായിരിക്കും. ഉറച്ച കാല്‍വെപ്പിന് അവര്‍ക്ക് സഹായം വലതുകാല്‍ തന്നെയാണ്. അടി തെറ്റാതിരിക്കാന്‍ ഒരു മുന്‍കരുതല്‍ മാത്രം.

*ഇപ്രകാരം നമ്മുടെ ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും, ചൊല്ലുകളും കൂടുതല്‍ കൂടുതല്‍ വിശകലനം ചെയ്യുകയാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ അഗാധമായ അര്‍ത്ഥം ഓരോന്നിനും കണ്ടെത്താന്‍ കഴിയും*

🙏🙏🙏🙏🙏

Wednesday, 4 July 2018

ആരാണ് ഹിന്ദു?

*'ഹിന്ദു' എന്ന വാക്കിന്റെ അർത്ഥം*

''ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ് ... വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ...

“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”

ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവർ ആരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.

“ഹിമാലയം സമാരഭ്യം
യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം
ഹിന്ദുസ്ഥാനം പ്രജക്ഷതേ”

''ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.

അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം!
മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്.

സെമിറ്റിക് മതങ്ങളുടെ ഗ്രന്ഥങ്ങൾ ഒരുകാലഘട്ടത്തിന്റെ മാത്രം സൃഷ്ടിയാണ്. അങ്ങനെ എഴുതിയ ഒരേയൊരു  ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?

'ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും..

മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?
എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.

ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം.

എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍.

അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്
ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്.

അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്.

പകരം നമ്മള്‍ പറഞ്ഞത്:
“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”
ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.

“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”
നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ..

🕉