Monday, 9 July 2018

*ആചാരങ്ങളും അനുഷ്ഠാനങ്ങളും*

നമ്മുടെ പല ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതിന്റേതായ വിശദീകരണങ്ങളുമുണ്ട്. നമ്മള്‍ പലതും ചെയ്യുന്നത് ഇതൊന്നും മനസ്സിലാക്കാതെയാണ്.

*'എന്തിനാണ് രാവിലെയും, വൈകുന്നേരവും വിളക്ക് കത്തിക്കുന്നത്''* എന്ന ചോദ്യത്തിന് നമുക്ക് രണ്ട് വിധത്തില്‍ ഉത്തരം കൊടുക്കാം.
പണ്ട് വിദ്യുച്ഛക്തി പ്രചാരത്തിലില്ലാതിരുന്ന കാലത്ത് രാവിലേയും, വൈകുന്നേരവും വിളക്ക് കത്തിക്കേണ്ടത് ഒരു അത്യാവശ്യമായിരുന്നു. ഇരുട്ടില്‍ നമുക്കൊന്നും ചെയ്യാന്‍ പറ്റുകയില്ലല്ലോ. ആ ഇരുട്ടിനെ നശിപ്പിക്കുകയായിരുന്നു ആ വിളക്കു കത്തിക്കുന്നതിന്റെ ഉദ്ദേശം. ഇതൊരു ബാഹ്യമായ വിശദീകരണം മാത്രം. ഒന്നു അഗാധമായി ചിന്തിച്ചാല്‍ നമുക്ക് മനസ്സിലാകും പ്രകാശം ഇരുട്ടിനെ നശിപ്പിക്കുന്നു. അജ്ഞാനമാകുന്ന ഇരുട്ടിനെ ജ്ഞാനമാകുന്ന പ്രകാശം നശിപ്പിക്കുന്നു. അതാണ് അതിന്റെ അര്‍ത്ഥം. ഈ ഒരു കാരണം കൊണ്ടുതന്നെയാണ് എല്ലാ ക്ഷേത്രങ്ങളിലും നമ്മുടെ നല്ല സംരംഭങ്ങളിലും വിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നത്.

*അമ്പലങ്ങളിൽ  നമ്മള്‍ ചെയ്യുന്ന തലകുനിക്കുന്ന* ആചാരത്തിനു വളരെയധികം പ്രാധാന്യമുണ്ട്. നമ്മുടെ അഹങ്കാരം നമ്മെ ഒരിക്കലും ഭരിക്കരുത്. അമ്പലത്തില്‍ തലകുനിച്ച് നമസ്‌കരിക്കുന്നതു കൊണ്ട് അർത്ഥമാക്കുന്നതും ഇത് തന്നെയാണ്. 

*മാതാ, പിതാ, ഗുരു* എന്നിങ്ങനെ മുതിര്‍ന്നവരുടെ കാല്‍ക്കല്‍ നമസ്‌കരിക്കുവോളം നമ്മുടെ അഹങ്കാരത്തെ മാറ്റി നിര്‍ത്തുകയാണ് ഉദ്ദേശ്യം.

*തലകുനിച്ചുവേണം വീട്ടില്‍ കയറേണ്ടത്* എന്നത് പാലിക്കാനാണ് പണ്ടുകാലത്ത് നിര്‍മ്മിച്ച വീടുകളിലെ വാതില്‍ ഉയരം കുറച്ച് നിര്‍മ്മിച്ചിരുന്നത്.

*ഗുരു ഏതൊരു ആദര്‍ശത്തിന്റേയും, ജ്ഞാനത്തിന്റേയും പ്രതീകമായി നിലനില്ക്കുന്നുവോ ആ കാലുകളെ ഞാന്‍ സേവിക്കുന്നു*എന്ന അര്‍ത്ഥത്തിലാണ് ഗുരുക്കന്മാരെ നമസ്‌കരിച്ചുപോരുന്നത്.

*കൂപ്പുകൈകൊണ്ട് അഭിവാദനം ചെയ്യുമ്പോഴും* ബാഹ്യചിഹ്നത്തിന്റെ പിറകില്‍ ഒരു മഹത്തായ അര്‍ത്ഥമുണ്ടെന്ന് ഓര്‍ക്കണം. രണ്ടുകയ്യും കൂട്ടി നെഞ്ചിന്റെ അടുത്ത് വെക്കുന്നത് ഞാന്‍ നിങ്ങളെ വൈകാരികമായി അഭിവാദനം ചെയ്യുന്നു എന്ന് അറിയിക്കുകയാണ്. എന്റെ ഹൃദയത്തിലുള്ള എന്നെ തന്നെയാണ് ഞാന്‍ നിങ്ങളിലും കാണുന്നത് എന്ന ധ്വനിയാണ് അതിലുള്ളത്.

വിഷു, ഓണം ദിവസങ്ങളിലും, പിറന്നാള്‍ ദിവസങ്ങളിലും സദ്യ ഒരുക്കുമ്പോള്‍ അമ്മയോ, അമ്മൂമ്മയോ *പ്രത്യേകം ഗണപതിക്ക് വിളമ്പുന്നത്*എല്ലാവരും ശ്രദ്ധിച്ചിരിക്കും. എന്താണ് ഇതിന്റെ അര്‍ത്ഥം എന്ന് പലര്‍ക്കും അറിയില്ല. ചോറുണ്ണുമ്പോള്‍ ആ ധാന്യം വിളയിച്ച കര്‍ഷകന്റെ കര്‍മ്മത്തില്‍ ഒരു ഭാഗം ചോറുണ്ണുന്ന ആള്‍ ഏറ്റുവാങ്ങുന്നു.

അതുപോലെ തന്നെ നാം എന്ത്  ഭക്ഷിക്കുമ്പോഴും ഇതിന്റെ വിപണനം കൊണ്ട് ഉപജീവനം കഴിക്കുന്നവരുമുണ്ടാകും. അത് ഒഴിവാക്കാനായി നാം എന്തുചെയ്യണം *എല്ലാ ഭക്ഷണവും ദൈവത്തിന് സമര്‍പ്പിക്കുക*പിന്നീട് ദൈവത്തിന്റെ പ്രസാദമായി നാം ഭക്ഷണത്തെ സ്വീകരിക്കുക.
വളരെ പ്രശസ്ത ഗീതാശ്ലോകത്തിന്റെ ബ്രഹ്മാര്‍പ്പണം ''ബ്രഹ്മഹവിര്‍'' ഈ ശ്ലോകത്തിന്റെ അര്‍ത്ഥവും അതുതന്നെ. ഹിന്ദുക്കള്‍ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഈ ശ്ലോകം ചൊല്ലുന്നതും ഗണപതിക്ക് വിളമ്പിവെക്കുന്നതും,  കഴിക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുന്നതും, എല്ലാം സൂചിപ്പിക്കുന്നത് ഒന്നു തന്നെ. ദൈവത്തിനുള്ള സമര്‍പ്പണം.

*ഉറങ്ങിക്കിടക്കുന്ന ഒരു വ്യക്തിയെ മറിച്ചു കടക്കാന്‍ പാടില്ല എന്നൊരു ചൊല്ലുണ്ട്.* അതെന്തുകൊണ്ടാണ്?
ഉറക്കത്തില്‍ ഒരു മനുഷ്യന് അഹങ്കാരമില്ല. ഉറങ്ങുന്നവന്‍ ഉറക്കത്തില്‍ രാജാവായാലും, പിച്ചക്കാരനായാലും തുല്യനാണ്. ആ വ്യക്തി ദൈവ സമാനനാണ്. അങ്ങനെയുള്ള ആ വ്യക്തിയെ മറിച്ചു കടക്കുകയാണെങ്കില്‍ അത് ദൈവത്തിനെ അപമാനിക്കുന്നത് പോലെയാണ്.

*നമ്മള്‍ ദക്ഷിണകൊടുക്കുമ്പോഴും, സമ്മാനം കൊടുക്കുമ്പോഴും എപ്പോഴും 51,101,1001,10001 എന്നിങ്ങനെ വേണമെന്ന് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെ* അമ്പതുരൂപയും, അമ്പത്തൊന്ന് രൂപയും തമ്മില്‍ എന്താണ് ഇത്ര വ്യത്യാസമെന്ന് നിങ്ങളുടെ മനസ്സില്‍ തോന്നിയേക്കാം. 50-100-1000 എല്ലാം പൂര്‍ണ്ണ സംഖ്യയെയാണ് ധ്വനിപ്പിക്കുന്നത്. അതില്‍ ഒന്നു കൂടുമ്പോള്‍ വീണ്ടും ഒരു തുടക്കം. എന്നുവെച്ചാല്‍ എന്റെ ദാനം ഞാന്‍ ഇതുകൊണ്ടവസാനിപ്പിക്കുകയില്ല. ഇതില്‍ നിന്ന് തുടങ്ങുകയാണ്. എന്ന പരോക്ഷമായ ധ്വനി ഇതില്‍ കൂടുതല്‍ എന്തര്‍ത്ഥം വേണം ഇതിന്?

*വലത് കാല്‍ വെച്ച് കയറണമെന്ന് പറയാറുണ്ട്*
പ്രത്യേകിച്ച് ഗൃഹപ്രവേശനത്തിനും മറ്റും. കാരണം മറ്റൊന്നുമല്ല നാം  അധികം പേരും വലത് കൈക്കാരാണ്. പൊതുവെ വലത് കൈക്കാര്‍ക്ക് വലത്കാലും കൂടുതല്‍ ബലമുള്ളതായിരിക്കും. ഉറച്ച കാല്‍വെപ്പിന് അവര്‍ക്ക് സഹായം വലതുകാല്‍ തന്നെയാണ്. അടി തെറ്റാതിരിക്കാന്‍ ഒരു മുന്‍കരുതല്‍ മാത്രം.

*ഇപ്രകാരം നമ്മുടെ ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും, ചൊല്ലുകളും കൂടുതല്‍ കൂടുതല്‍ വിശകലനം ചെയ്യുകയാണെങ്കില്‍ കൂടുതല്‍ കൂടുതല്‍ അഗാധമായ അര്‍ത്ഥം ഓരോന്നിനും കണ്ടെത്താന്‍ കഴിയും*

🙏🙏🙏🙏🙏

No comments:

Post a Comment