Friday, 4 March 2022

റഷ്യ- ഉക്രെയിൻ യുദ്ധവും നാറ്റോയുടെ നാറിയ കളികളും."ഭാഗം : 3

രഞ്ജിത്ത് ഗോപാലകൃഷ്ണൻ 


ഉക്രെയിനിലുള്ള റഷ്യൻ വംശജർ 2019 ലെ തിരഞ്ഞെടുപ്പിൽ ഒരൊറ്റ കെട്ടായി പോർഷെങ്കായിന് എതിരെ വോട്ടു ചെയ്തു. ഒപ്പം പോർഷെങ്കായുടെ നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും അയാള്ക്ക് വിനയായി എന്ന് പറയണം.

ഇതിനുമുപരി കേവലം നാലു മാസങ്ങൾ കൊണ്ട് തട്ടിക്കുട്ടിയ ഒരു പാർട്ടിയും വച്ച് ടിവി സീരിയലുകളിൽ കോമഡി റോളുകൾ ചെയ്തിരുന്ന വ്ളാഡിമർ സെലൻസ്ക്കി എന്ന ജനപ്രിയ നടനെ ഉക്രേനിയൻ ജനത ഭരണസാരഥ്യമേൽപ്പിച്ചു. 

അവിശ്വസനീയമായിരുന്നു ആ വരവും വിജയവും. റഷ്യൻ ഭാഷ സംസാരിക്കുന്ന മദ്ധ്യ ഉക്രെയിനിലെ ഒരു ജൂത കുടുംബത്തിലാണ് സെലൻസ്ക്കിയുടെ ജനനം. നിയമബിരുദം നേടിയ അയാൾ തിരഞ്ഞെടുത്തത് വിനോദ മേഖലയായിരുന്നു. നടനും നിർമ്മാതാവും ആയി മാറിയ സെലിൻസ്ക്കിയുടെ ജാതകം മാറ്റിയത് 2015 മുതൽ 2019 വരെ വളരെ ജനപ്രിയമായി ഓടിയ “Servants of people” ഒരു പരമ്പരയായിരുന്നു. 

സാധാരണക്കാരനായ ഒരാൾ അഴിമതിക്കെതിരെ പൊരുതി പ്രസിഡൻറ് ആയി മാറുന്നതായിരുന്നു ഇതിന്റെ തീം. ആദർശധീരനായ അതിലെ നായകനെ ജനം ഇഷ്ടപ്പെട്ടു. അങ്ങനെ സെലൻസ്കി ഉക്രെയിനിലെ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റിയായി മാറി. ഈ ജനപ്രിയതയും പ്രശസ്തിയുമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 

2019-ൽ പൊതുതിരഞ്ഞെടുപ്പിന് വെറും നാല് മാസം മുൻപ് ജനങ്ങളിൽ നിന്നും ഓൺലൈൻ പിരിവൊക്കെ നടത്തി സീരിയലിന്റെ അതേ പേരിൽ സെലൻസ്കി ഒരു പാർട്ടി ഉണ്ടാക്കി. അഴിമതി വിരുദ്ധത, ആദർശം, ചെറുപ്പത്തിന്റെ ചോരത്തിളപ്പ് ഇവയെല്ലാം മുതലാക്കി ഏകദേശം 75% വോട്ടും നേടിയാണ് അദ്ദേഹം പ്രസിഡൻറ് ആയത്.

(ഇതേപോലെ ഒരു രാഷ്‌ട്രീയ ഫെയറിടെയിൽ ഇന്ത്യയിലും നടന്നിട്ടുണ്ട്. ആം ആദ്മി പാർട്ടിയുമായി വന്ന അരവിന്ദ് കേജരിവാൾ!..സിഐഎയുടെ സ്വന്തം ഫോർഡ് ഫൗണ്ടേഷൻ കെട്ടിയിറക്കിയാൾ... *ബൾബ് കത്തിയോ*?!)
വ്ളാഡിമർ പുടിനുമായി നിതാന്ത ശത്രുതയിലായിരുന്ന പോർഷെങ്കോക്ക് പകരം അധികാരത്തിൽ എത്തിയ സെലൻസ്ക്കി ഭരണത്തിലെ ആദ്യ നാളുകളിൽ തന്നെ റഷ്യയുമായി നല്ല നയതന്ത്ര ബന്ധം സ്ഥാപിച്ചു. ചർച്ചകളിലൂടെ ഡോൺബാക്സിലെ പുകയുന്ന വംശീയ പ്രശ്നം തീർക്കാമെന്ന സെലൻസ്കിയുടെ വാഗ്ദാനം റഷ്യയെ സന്തോഷിപ്പിച്ചു. പുടിൻ്റെ വാത്സല്യഭാജനമായി മാറാൻ സെലൻസ്കിക്ക് അധിക നാളുകൾ വേണ്ടി വന്നില്ല. 

എന്നാൽ ഈ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയത് വളരെ വേഗമാണ്. കൃത്യമായി പറഞ്ഞാൽ ട്രമ്പിന് പകരം ജോ ബൈഡൻ അമേരിക്കയുടെ സാരഥ്യം' ഏറ്റെടുത്ത ശേഷം!

2014 ന് ശേഷം വലിയ രീതിയിൽ ഉക്രെയിൻ പ്രാമുഖ്യം നൽകാതെയിരുന്ന നാറ്റോ അംഗത്വം വീണ്ടും ചൂട് പിടിച്ചു തുടങ്ങി. ഇത് റഷ്യയെ ചൊടിപ്പിച്ചു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇതിനെതിരെ പലവുരു പുടിൻ സെലൻസ്ക്കിക്ക് മുന്നറിയിപ്പ് നൽകി. ഇത് കൂടാതെ പരിഹാരം കാണാമെന്ന് വാഗ്ദാനം ചെയ്തിരുന്ന വംശീയ പ്രശ്നങ്ങൾ വീണ്ടും വഷളാവാൻ തുടങ്ങി.

ആദർശവും, അഴിമതി വിരുദ്ധതയും, യുദ്ധവിരുദ്ധ ചിന്തകളും മുഖമുദ്രയാക്കിയ സെലൻസ്കിക്ക് എങ്ങനെ ഇത്ര പെട്ടെന്ന് മാറാനായി? അധികാരം സെലൻസ്ക്കിയെ മാറ്റിയതാണോ, അതോ അധികാരത്തിൽ എത്താനുള്ള കുറുക്ക് വഴികളായിരുന്നുവോ ഇതെല്ലാം..? അത് അടുത്ത ഭാഗത്തിൽ..

തുടരും..

No comments:

Post a Comment