Friday, 4 March 2022

റഷ്യ- ഉക്രെയിൻ യുദ്ധവും നാറ്റോയുടെ നാറിയ കളികളും. ഭാഗം ഒന്ന്

""

ഭാഗം:-1

രഞ്ജിത്ത് ഗോപാലകൃഷ്ണൻ 


കേവലം രണ്ട് വർഷങ്ങൾക്ക് മുൻപ് റഷ്യ, ഉക്രെയിനിനെ ആക്രമിക്കുമെന്ന് പറഞ്ഞിരുന്നേൽ റഷ്യൻ പ്രസിഡന്റ് സാക്ഷാൽ വ്ളാഡിമർ പുടിൻ പോലും അത് ചിരിച്ചു തള്ളുമായിരുന്നു. കാരണം അന്ന് റഷ്യൻ പ്രസിഡന്റ്റ് വ്ളാഡിമർ പുടിന്റ്റെ വാത്സല്യഭാജനമായിരുന്നു, ചെറുപ്പക്കാരനായ ഉക്രേനിയയുടെ പുതിയ പ്രസിഡന്റ്റ് വ്ളാഡിമർ സെലൻസ്ക്കി. 

സ്നേഹപൂർവ്വം തന്റ്റെ കൂടെ പേരായ 'വ്ളാഡിമർ' എന്നായിരുന്നു ഔപചാരികതകൾ ഒഴിവാക്കി പുടിൻ സെലൻസ്ക്കിയെ വിളിച്ചിരുന്നത് പോലും. ആ സ്നേഹം ഇത്ര പെട്ടെന്ന് ഭയാനകമായ ഒരു യുദ്ധത്തിലേക്ക് വരെ നയിക്കുന്ന ശത്രുതയിലേക്ക് എത്തിയത് എങ്ങനെയെന്ന് ആലോചിച്ച് അത്ഭുതപ്പെടുന്നവർ ഏറെയാണ്. 

ഇതിന് കാരണമായി ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത്, സെലൻസ്ക്കിയുടെ അമേരിക്കൻ സൗഹൃദമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്. എന്നാൽ സെലൻസ്ക്കി എന്ന ഹാസ്യ നടന്റ്റെ പാശ്ചാത്യ ഭ്രമവും തദ്വാരാ ഉക്രെയിനിനെ, യൂറോപ്യൻ യൂണിയനിലേക്കും, നാറ്റോ സൈനിക സഖ്യത്തിലേക്കും ചേർക്കുക എന്ന ലക്ഷ്യം മാത്രമാണോ റഷ്യയുടെ കോപത്തിനും, ഈ അതിഭയാനകമായ യുദ്ധത്തിനും ഹേതുവായത്..? 

രാഷ്ട്രീയ നിരീക്ഷകരും, അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധരും തലപുകഞ്ഞ് ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു വിഷയമായി ഇന്നിത് മാറിയിരിക്കുന്നു. പ്രശ്നമെന്തെന്ന് അറിയുമ്പോളല്ലേ, പരിഹാരം കണ്ടുപിടിക്കാനാവൂ.. അതിനാൽ തന്നെ ഈ ചർച്ചകളും ചിന്തകളും വളരെയേറെ പ്രധാന്യം അർഹിക്കുന്നു. 

സോവിയറ്റ് യൂണിയന്റ്റെ തകർച്ചക്ക് ശേഷം ഏറെക്കാലം അരക്ഷിതാവസ്ഥയിൽ കിടന്ന രാജ്യമാണ് റഷ്യ. മുൻ കെജിബി ഉന്നത ഉദ്യോഗസ്ഥനും, 1999 മുതൽ രണ്ട് വട്ടം പ്രധാനമന്ത്രിയും, 2012 മുതൽ പ്രസിഡൻറ്റായ പുടിൻ ഭരണത്തിൽ എത്തിയ ശേഷമാണ് പെരിസ്ത്രോയിക്ക കാലത്തെ തകർച്ചയിൽ നിന്നും റഷ്യ കരകയറിത്തുടങ്ങിയത്. എന്നാൽ ഇതിനിടെ ഒരു കാര്യം സംഭവിച്ചിരുന്നു. 

മുൻ സോവിയറ്റ് റിപ്പബ്ളിക്കിൽ നിന്നും വേർപെട്ടതടക്കം ഒരു ഡസനിലേറെ രാജ്യങ്ങളെ അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം തങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തു. അംഗത്വഫീസ് പോലും അടയ്ക്കാൻ കെല്പില്ലാത്ത ലാത്വിയ, ലിത്വേനിയ, ബൾഗേറിയ തുടങ്ങിയ ഈ പതിനാല് രാജ്യങ്ങളും റഷ്യൻ അതിരുകൾ പങ്കിടുന്ന അഥവാ റഷ്യയുമായി കൈയ്യകലത്തിൽ വർത്തിക്കുന്ന രാഷ്ട്രങ്ങളായിരുന്നു. 

റഷ്യ വലിയ തകര്‍ച്ച നേരിട്ട കാലഘട്ടത്തിൽ നാറ്റോ ഈ സഖ്യം വിപുലമാക്കൽ നടത്തിയത്. അതും കൃത്യമായി റഷ്യയെ ലക്ഷ്യം വച്ചുള്ള ഒരു നീക്കം ആയിരുന്നുതാനും. കാരണം, സോവിയറ്റ് യൂണിയൻ പിരിച്ചു വിടുന്ന കാലത്ത് നാറ്റോ റഷ്യയുമായി ഒപ്പിട്ട ഒരു കരാറുണ്ടായിരുന്നു. അത് പ്രകാരം നാറ്റോ മുൻ സോവിയറ്റ് റിപ്പബ്ളിക്കുകളെ തങ്ങളുടെ സഖ്യത്തിൽ ചേർക്കാൻ പാടില്ല എന്നായിരുന്നു. എന്നാൽ, 1991 ലെ ഈ കരാർ 1997-ൽ നഗ്നമായി ലംഘിക്കപ്പെട്ടു. അന്ന് സാമ്പത്തികമായി ദുർബലരായിരുന്ന റഷ്യയുടെ എതിർപ്പുകൾക്ക് അമേരിക്കയും സഖ്യ കക്ഷികളും പുല്ലുവിലയാണ് നൽകിയത്. റഷ്യ ശക്തമായി ഉണർന്നെഴുന്നേൽക്കുമെന്ന് സ്വപ്നേപി അവർ കരുതിയിരുന്നില്ല. 

1999 മുതൽ വ്ളാഡിമർ പുടിന്റ്റെ കൂടി നേതൃത്വത്തിൽ റഷ്യ അസൂയാവഹമായ ഒരു രണ്ടാം വരവ് തന്നെയാണ് നടത്തിയത്. സൈനികമായി നേരത്തേ തന്നെ ശക്തരായിരുന്ന അവർ ഒന്നുകൂടി ശക്തരായി. ഒപ്പം സാമ്പത്തികമായി കരകയറുകയും സ്വർണ്ണം, ക്രൂഡ് എന്നിവയുടെ വിപുലമായ ശേഖരത്തിലൂടെ സമ്പദ്‌വ്യവസ്ഥ അതിശക്തമായി മാറ്റുകയും ചെയ്തു. 

ഇതിനിടെയിലും, നാറ്റോ തങ്ങളുടേതായ നാറിയ കളികൾ തുടരുകയായിരുന്നു. പഴയ സോവിയറ്റ് റിപ്പബ്ളിക്കുകളായ ജോർജ്ജിയ, ഉക്രെയിൻ എന്നീ വലിയ രാജ്യങ്ങളെ കൂടി റഷ്യയെ പ്രകോപിച്ചു കൊണ്ട് അവർ കൂട്ടത്തിൽ ചേർക്കാൻ ഉന്നം വച്ചു. ഇതിൽ പ്രതിഷേധിച്ച്, 2008-ൽ റഷ്യ കേവലം പന്ത്രണ്ട് ദിവസം കൊണ്ട് ജോർജ്ജിയയെ കീഴടക്കി. പിന്നീട് പാവ ഭരണകൂടത്തിനെ ഭരണമേൽപ്പിച്ച് പിൻവാങ്ങിയത്, നാറ്റോയിലേക്കില്ല എന്ന് ഉറപ്പ് വാങ്ങിയാണ്..

തുടരും...
(സത്യമായിട്ടും..!!)

No comments:

Post a Comment