Friday, 19 August 2022

കാശ്മീരിലെ ക്ഷേത്രങ്ങൾ : ഭാഗം- 3

"നമസ്തേ ശാരദാ ദേവി കാശ്മീരപുരവാസിനീ    

ത്വാമഹം പ്രാര്‍ത്ഥയേ നിത്യം വിദ്യാ ദാനം ച ദേഹി മേ"

ശങ്കരവിരചിതമായ ഈ ധ്യാന ശ്ലോകം കാശ്മീരി പണ്ഡിറ്റുകളുടെ ജീവശ്വാസമായിരുന്നു. ഓരോ കാശ്മീരിയും തങ്ങളുടെ ഐശ്വര്യദേവതയായ  ശാരദാദേവിയെ ധ്യാനിച്ചു കൊണ്ടാണ് തങ്ങളുടെ ദിനം ആരംഭിച്ചിരുന്നതു തന്നെ. 

ആദി ശങ്കരാചാര്യർ തന്റെ ദിഗ്‌വിജയം പൂർത്തിയാക്കിയത് കാശ്മീരിലെ ഈ ശാരദാ ദേവീ ക്ഷേത്രത്തിലെ  ഗോപുര നട തുറന്ന് കയറിയാണ് . അതിനാൽ തന്നെ കാലഗണനയോ, കൃത്യമായ ചരിത്രമോ ലഭ്യമല്ലെങ്കിലും ആദി ശങ്കരന്റെ കാലത്തിലുമേറെ പഴക്കമുള്ള ക്ഷേത്രമായിരുന്നു ഇതെന്ന് ഉറപ്പാണ്. 

അടുത്തയിടെ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങ് ജി, ശങ്കരൻ ഇവിടേയും ശാരദാ അപ്പുറത്തും ആകുന്നത് അംഗീകരിക്കാനാവില്ല എന്ത് പറഞ്ഞിരുന്നു. അതിന് കാരണം, 'ശാരദാ പീഠം ' അല്ലെങ്കില്‍ സര്‍വജ്ഞപീഠം ശേഷിപ്പുകള്‍ ഉള്ളത് പാക് അധീന കശ്മീരില്‍ ആണ് എന്നതാണ്. ഇപ്പോഴും അവിടത്തെ ടൌണിന് 'ശാര്‍ദാ'എന്നാണു പേര്.  പ്രകൃതി മനോഹരമായ നീലം വാലിയില്‍ ആണ് ഇസ്ളാമിക ആക്രമണകാരികൾ തകർത്തെറിഞ്ഞ ഈ ക്ഷേത്രത്തിൻറെ അവശേഷിപ്പുകൾ നിൽക്കുന്നത്. 

സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കൈയ്യേറിയെ പ്രദേശങ്ങൾ ഉൾപ്പെട്ട പാക്കധീനകാശ്മീരിൽ ഏകദേശം ഇരുപത് കിലോ മീറ്റർ ഉള്ളിലായിട്ടായിരുന്നു ശ്രീശാരദാപീഠ ക്ഷേത്രം നിലനിന്നത്. പാകിസ്ഥാൻ കൈയ്യേറിയ കാലത്തു അവർ മറ്റനവധി ക്ഷേത്രങ്ങൾ നശിപ്പിച്ചതിനൊപ്പം  ശാരദാപീഠവും നശിപ്പിച്ചു.

ഒരു കാലത്ത് കാശ്മീര്‍ ശൈലിയില്‍ ഉള്ള അതി മനോഹരമായ ഒരു ക്ഷേത്രം ആയിരുന്നു ഇത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ കഷ്മീരി മഹാകവി കല്‍ഹണന്‍ തന്‍റെ രചനകളില്‍ ശാരദാ ക്ഷേത്രത്തിനെയും അവിടത്തെ ഭൂമിശാസ്ത്രത്തെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. പൗരാണിക കാലത്ത് വിവിധങ്ങളായ ഭാരതീയ ദര്‍ശനങ്ങളുടെ പഠനകേന്ദ്രം കൂടിയായിരുന്നു ഇത്. മഹര്‍ഷി ശാണ്ഡില്ല്യന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള ശാരദാ വനത്തില്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഇതിനടുത്താണ് അമരത്വം നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന ദിവ്യമായ അമര്‍കുണ്ട് തടാകം.

ആദി ശങ്കരാചാര്യരുടെ 'പ്രപഞ്ചസാരം' തുടങ്ങുന്നത് ശാരദാദേവിയെ സ്തുതിച്ചു കൊണ്ടാണ്. AD 1130 ല്‍ പ്രസിദ്ധനായ മുസ്ലീം ചരിത്രകാരന്‍ അല്‍ ബരൂനി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.ഇവിടെ ശാരദാ ദേവിയുടെ തടിയില്‍ തീര്‍ത്ത വിഗ്രഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ പരാമര്‍ശിക്കുന്നു കൂടാതെ ഈ ക്ഷേത്രത്തെ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള മുള്‍ട്ടാന്‍ സൂര്യ ക്ഷേത്രത്തോടും[ഇപ്പൊ അവശിഷ്ടം മാത്രം] താനേശ്വറിലെ വിഷ്ണു ചക്ര സ്വാമി ക്ഷേത്രത്തോടും സോമനാഥ ക്ഷേത്രത്തോടും താരതമ്യപ്പെടുത്തുന്നുമുണ്ട്. പൌരാണിക ഭാരതത്തില്‍ വളരെ പ്രസിദ്ധമായ് സംസ്കൃത സര്‍വകലാശാല കൂടിയായിരുന്നു ശാരദാപീഠം.

പതിനാറാം നൂറ്റാണ്ടില്‍ അക്ബര്‍ ഡല്‍ഹി ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായ അബുല്‍ ഫസല്‍ ശാരദ ദേവീ ക്ഷേത്രത്തെയും ഈ ക്ഷേത്രത്തോടു ചേര്‍ന്ന മധുമതി നദി[ഇപ്പോള്‍ നീലം നദി] യെയും ഭൂമിശാസ്ത്രപരമായ് പ്രത്യേകതയേയും പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം ആദ്യം ഇസ്ളാമിക ആക്രമണം നേരിടുന്നത്. അതോടെ തകര്‍ച്ച നേരിട്ട് തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഡോഗ്ര രാജവംശം ആണ് ഈ ക്ഷേത്ര ശേഷിപ്പ് കണ്ടെത്തി പുനരുദ്ധരിച്ചു.

പൌരാണിക ഭാരതത്തില്‍ നിരവധി സാഹിത്യ ദര്‍ശന ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് കശ്മീരില്‍ ആണ്. ലളിതാദിത്യ ചക്രവർത്തിയുടെ‍ ഭരണ കാലം കശ്മീരിനെ സംബന്ധിച്ചു സുവര്‍ണകാലം ആയിരുന്നു[എട്ടാം നൂറ്റാണ്ടു]. ചൈനീസ് സഞ്ചാരി ഹ്വാന്‍സാങ്ങ് ഭാരത സന്ദര്‍ശന വേളയില്‍ കശ്മീരില്‍ താമസിക്കുകയും ഇവിടെ നിന്ന് ഭാരതീയ ദര്‍ശന ശാസ്ത്ര സാഹിത്യ പഠനം നടത്തുകയും ചൈനീസ് ഭാഷയിലേക്ക് ധാരാളം വിവര്‍ത്തനം ചെയ്തു കൊണ്ട് പോകുകയും ചെയ്തു.തമിഴ് വൈഷ്ണവാചാര്യന്‍ രാമാനുജന്‍ തന്‍റെ 'ശ്രീഭാഷ്യം'രചനക്കുള്ള റഫറന്‍സ് ഇവിടെ നിന്നാണ് നടത്തിയത് എന്ന് ചരിത്ര രേഖകള്‍.

ആദിശങ്കരാചാര്യര്‍-സര്‍വജ്ഞപീഠം കയറിയത് ഇവിടെയാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ?

ഇതു സംബ്ധിച്ചു മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുര വാതിലുകളുൾ ഉണ്ടായിരുന്നു എന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. 



എന്നാൽ ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.

ഇസ്ളാമിൻ്റെ വരവോടെ കാശ്മീരിന്റെ കഷ്ടകാലവും ആരംഭിച്ചു. പത്താം നൂറ്റാണ്ട് മുതൽ തുടങ്ങി പതിമൂന്നാം നൂറ്റാണ്ട് ആയപ്പോളേക്കും ശക്തി പ്രാപിച്ച ആക്രമണങ്ങളിൽ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളും, ദശലക്ഷക്കണക്കിന് ഹൈന്ദവരുമാണ് ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. ഗാന്ധാരത്തിന് (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) കാവൽ നിന്ന പൗരാണിക ഉപരിസേയന പർവ്വതനിരകൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തയിടം എന്നർത്ഥം വരുന്ന ഹിന്ദുകുഷ് എന്ന് പേര് വീണത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്.



കാശ്മീരികളുടെ കുലദേവതാസ്ഥാനം ആയിരുന്നു ശാരദാദേവിക്ക് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യലബ്ദ്ധിയോടനുബന്ധിച്ച് കോൺഗ്രസ്സ് സ്വീകരിച്ച പ്രീണനനയം മൂലം പലകുറി യുദ്ധം ജയിച്ചിട്ടും നമ്മുടെ സ്വന്തമായ കാശ്മീരിന്റെ സിംഹഭാഗവും, കാശ്മീരിന്റെ കുലദേവതയുടെ ആധാരശിലയായ ദേവതാസ്ഥാനവും ഇന്നും ശത്രുവിന്റെ കൈവശമാണ്.

മതഭ്രാന്തർ തങ്ങളുടെ സിദ്ധപീഠത്തിന്റെ അടിവേര് തോണ്ടുന്നത് നിസ്സഹായരായി അതിർത്തിക്ക് ഇപ്പുറത്തുനിന്ന് കണ്ടുനിൽക്കാൻ മാത്രമേ കാശ്മീരി ജനതക്ക് ആയുള്ളൂ..' ശാരദാപീഠത്തിന്റെ പതനം തുടങ്ങിയതോടെ തുടങ്ങി കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതകാലവും ആരംഭിച്ചു എന്ന് പറയാം. 


കല്ലിന്മേൽ കല്ല് ശേഷിക്കാതെ ശാരദാപീഠത്തിന്റെ പതനം പൂർത്തിയായതോടെ 1990 ജനുവരി 19ന് നിരന്തരമായി കരുതിക്കൂട്ടിചെയ്തു കൊണ്ടിരുന്ന തുടർച്ചയായുള്ള അക്രമസംഭവങ്ങളുടെ അവസാനപാദമായി കാശ്മീർ താഴ്വരയിലുള്ള ഭൂരിഭാഗം കാശ്മീരി പണ്ഡിറ്റുകളേയും ഇസ്ളാമിക മതഭീകരർ കൊന്നുതള്ളി. അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളേയും ബലാത്സംഗം ചെയ്തു പൊതുനിരത്തുകളിൽ തള്ളി. ബാക്കിയായവർ പലായനം ചെയ്തു അഥവാ ചെയ്യിച്ചു. മോദി സർക്കാർ പുനരധിവസിപ്പിക്കുന്നതു വരെ അവർ ദൽഹിയുടെ തെരുവോരങ്ങളിലുറങ്ങി.

ശാരദാപീഠത്തിന്റെ തകർച്ചയും പണ്ഡിറ്റുകളുടെ തകർച്ചയും കൂട്ടക്കുരുതിയും പലായനവും സമാന്തരരേഖകൾ വരച്ചതുപോലെ ആയിരുന്നു. ഇന്നും ശാരദാപീഠം തകർന്നുകിടക്കുന്നു. പണ്ഡിറ്റുകൾ പുനരധിവസിക്കപ്പെട്ടു കഴിഞ്ഞു. ഇനി വേണ്ടത് അവരുടെ കുലദേവതയെ വീണ്ടെടുത്ത് അഭിമാനപൂർവ്വം കുടിയിരുത്തുകയാണ്. ഭാരതമാതാവിന്റ ശിരോമണ്ഡലമലങ്കരിക്കാൻ ശാരദാദേവി സർവ്വാഭരണഭൂഷിതയായ തത്വമയിയായി അവിടെ വിളങ്ങണം. 


അതിനിനി ഏറെ വൈകില്ല.


രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment