കലിയുഗം ആരംഭിച്ചത് 3102 BC ഫെബ്രുവരി 17 വ്യാഴാഴ്ച എന്നാണു ജ്യോതിശാസ്ത്രപരമായി അംഗീകരിച്ചിരിക്കുന്നത്.
കലിയുഗാരംഭത്തിന് 125 വര്‍ഷം മുമ്പ് ദ്വാപര യുഗത്തില്‍,
ചിങ്ങമാസത്തില്‍ കൃഷ്‌ണാഷ്‌ടമിയില്‍ അര്‍ദ്ധരാത്രി രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണ ജനനം. ആധുനിക മതപ്രകാരം 3228 BC ജൂലൈ മാസം 19 ആം തീയതി അര്‍ദ്ധരാത്രി. (Lat. 27 N25, 77 E41) . ജനനസ്‌ഥലം: മഥുര (ഡല്‍ഹിയില്‍നിന്നും ഏകദേശം 150 കി.മീ. ദൂരത്തിലും ആഗ്രയില്‍നിന്ന് ഏകദേശം 50 കി.മീ. ദൂരത്തിലും സ്‌ഥിതി ചെയ്യുന്നു.)
മനുഷ്യനായി ജനിച്ച് ഭഗവാനായി ഉയര്‍ന്നതിനാലാണ് ശ്രീകൃഷ്‌ണഭഗവാനെന്ന് നമ്മള്‍ വിളിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഐശ്വര്യം, വീര്യം, കീര്‍ത്തി, ശ്രീ, ജ്‌ഞാനം, വൈരാഗ്യം എന്നീ ആറു ഭഗങ്ങളും ഒരുപോലെ ഉണ്ടായിരുന്ന മഹായോഗീശ്വരനായിരുന്നു ഭഗവാന്‍ ശ്രീകൃഷ്‌ണന്‍.
അതുകൊണ്ടാകാം ജ്‌ഞാനികള്‍ അദ്ദേഹത്തെ പൂര്‍ണാവതാരമെന്ന് വിശേഷിപ്പിച്ചത്. ഇടവലഗ്നം, ലഗ്നത്തില്‍ ഉച്ചബലവാനായി ചന്ദ്രന്‍ ഭാഗ്യാധിപനും കര്‍മ്മാധിപനും യോഗകാരകനുമായ ശനിയുടെ ഏഴില്‍നിന്നുള്ള പൂര്‍ണദൃഷ്‌ടി എന്നിവ കൃഷ്‌ണനെ സുന്ദരനും അതികായകനും ദാനശീലനും പ്രഭുവും സൗഭാഗ്യവാനും ക്ഷമയുള്ളവനും സര്‍വ്വര്‍ക്കും പ്രിയനായും അനുഗ്രഹിച്ചു.
സിന്ദൂരവര്‍ണമുള്ള കവിളുകളും പവിഴംപോലുള്ള അധരങ്ങളും സര്‍വ്വദിഗന്തരങ്ങളേയും ആകര്‍ഷിക്കുന്ന ശരീരകാന്തിയും മേഘവര്‍ണനുമായിട്ടാണ് പുരാണങ്ങളില്‍ ശ്രീകൃഷ്‌ണനെ വര്‍ണിച്ചിരിക്കുന്നത്. ശുക്രക്ഷേത്രമായ ഇടവ ലഗ്നത്തിന്‍റെയും തത്സ്ഥിത ചന്ദ്രന്‍റെയും ശനിയുടേയും യോഗഫലമായിട്ടാണ് സര്‍വ്വലോകത്തേയും ആകര്‍ഷിക്കുന്ന ഒരു രാജകീയ രൂപഭംഗി ശ്രീകൃഷ്‌ണന് ലഭിച്ചത്.
ഗജകേസരിയോഗപ്രദനായ വ്യാഴത്തിന്‍റെ ചിങ്ങത്തിലെ കേന്ദ്രസ്‌ഥിതി അദ്ദേഹത്തിന് രാജകീയ സുഖവും ചക്രവര്‍ത്തി പദവും നല്‍കി. നീചഭംഗരാജയോഗ പ്രദനായ കുജന്‍റെ മൂന്നിലെ സ്‌ഥിതി ആ ചൈതന്യമൂര്‍ത്തിയെ ധീരനും മഹാവീര്യവാനും ബലവാനുമായ സഹോദരനോടുകൂടിയവനായും പരാക്രമശീലനും സഹായശീലനും യുദ്ധപ്രവീണനുമാക്കി. ശിശുപാലന്‍ തുടങ്ങി അതിബലവാന്മാരായ രാജാക്കന്മാരേയും ശത്രുക്കളേയും തോല്‍പ്പിക്കുവാന്‍ സാധിച്ചത് കായബലംകൊണ്ടു മാത്രമല്ല; കുജന്‍റെ യോഗത്താലുണ്ടായ ധൈര്യത്തിന്‍റെയും അടവുകളുടേയും പരാക്രമശീലത്തിന്‍റെയും മികവുകൊണ്ടും കൂടിയാണ്.
മനസ്സിന്‍റെ കാരകനായ ചന്ദ്രന്‍റെ ലഗ്നത്തിലെ ഉച്ചബലത്തോടുകൂടിയ സ്‌ഥിതിയും വാക്കിന്‍റെയും പാണ്ഡിത്യത്തിന്‍റെയും വിദ്യയുടേയും ബുദ്ധിയുടേയും അധിപനായ ബുധന്‍റെ ഉച്ചബലത്തോടുകൂടിയ അഞ്ചിലെ സ്‌ഥിതിയും ഈ പ്രത്യേകയോഗവും ശ്രീകൃഷ്‌ണനെ ബുദ്ധിമാന്മാരില്‍ ബുദ്ധിമാനും വാഗ്മിയും മനഃശാസ്‌ത്രജ്‌ഞനും വിവേകിയും വിദ്വാനും തത്വചിന്തകനും കവിയും നല്ല നയതന്ത്ര വിദഗ്‌ദ്ധനുമാക്കി മാറ്റി.
സന്ദീപനി ആശ്രമത്തില്‍വച്ച് 64 ദിവസങ്ങള്‍കൊണ്ട് 64 വിദ്യകളും കരസ്‌ഥമാക്കിയ ശ്രീകൃഷ്‌ണന്റെ ബുദ്ധിവൈഭവം പ്രസിദ്ധമാണല്ലോ. ഉച്ചബലവാനാണെങ്കിലും ചന്ദ്രന്‍റെ മൂന്നാം ഭാവാധിപത്യദോഷവും മാരകാധിപനയായ കുജന്‍റെ രാഹുയോഗത്തോടുകൂടിയ മൂന്നിലെ സ്‌ഥിതിയും മഹാബാധകാധിപത്യമുള്ള ശനിയുടെ ലഗ്നചന്ദ്രനിലേക്കുള്ള പൂര്‍ണദൃഷ്‌ടിയും തത് ദശാപഹാരകാലങ്ങളില്‍ കാരാഗൃഹത്തിലെ ജനനം തുടങ്ങി പലവിധമായിട്ടുളള ബാലാരിഷ്‌ടതകളിലേക്കും നയിച്ചു.
പിന്നീട് അത് 12-ാം വയസ്സിലുള്ള കുജരാഹുദശാസന്ധിവരെ നീണ്ടുനില്‍ക്കുകയും ചെയ്‌തു. ഈ കുജരാഹു ദശാസന്ധിയിലാണ് കൃഷ്‌ണന്‍ തന്‍റെ വൃന്ദാവനവാസലീലകള്‍ക്ക് (വൃജലീല) അന്ത്യംകുറിച്ച് മഥുരാ പ്രവേശവും കംസവധവും നടത്തി, മഥുരാലീലയ്‌ക്ക് തുടക്കം കുറിച്ചത്.
മാതൃകാരകനായ ചന്ദ്രന്‍റെ ലഗ്നത്തിലെ ഉച്ചക്ഷേത്രസ്‌ഥിതിയും പിതൃകാരകനായ സൂര്യന്‍റെ ഗജകേസരിയോഗപ്രദനായ വ്യാഴത്തിനോട് യോഗം ചെയ്‌തുള്ള നാലിലെ സ്വക്ഷേത്രസ്‌ഥിതിയും മാതാപിതാക്കളുടെ ദീര്‍ഘായുസ്സിനെ കാണിക്കുന്നു.
മഹീതലത്യാഗം, സ്വര്‍ഗാരോഹണം മഹാഭാരതയുദ്ധത്തിനുശേഷം (3138 ബി.സി.) വളരെ സമാധാനപരവും സന്തോഷപരവുമായ ജീവിതമാണ് തന്‍റെ ശുക്രസൂര്യ ചന്ദ്രദശയില്‍ അദ്ദേഹം അനുഭവിച്ചുപോന്നത്. പിന്നീട് വന്ന കുജദശ ബാലാരിഷ്‌ട കാലത്തേക്കാള്‍ കഷ്‌ടം നിറഞ്ഞതായിരുന്നു. രാഹുവിനോടും ആറാം ഭാവാധിപനോടും യോഗം ചെയ്‌ത, 12-ാം ഭാവാധിപനും മാരകാധിപനുമായ ചൊവ്വയുടെ തത് ദശാ സ്വാപഹാരകാലത്തില്‍ ചാരവശാല്‍ സമസ്‌തഗ്രഹങ്ങളും ലഗ്നാല്‍ മോക്ഷസ്‌ഥാനമായ 12-ാം ഭാവത്തേക്ക് കടന്നപ്പോള്‍ തന്‍റെ 125 മത്തെ (നൂറ്റിയിരുപത്തിയഞ്ചാം) വയസ്സില്‍ (3102 ബി.സി) അവതാരപുരുഷന്‍ യോഗീശ്വരന്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ഇഹലോകവാസം വെടിഞ്ഞ് ദ്വാപരയുഗത്തിന് അന്ത്യം കുറിച്ചു....
ഓം നമോ നാരായണായ
(ഭാഗവതം- പതിനൊന്നാം സ്‌കന്ധം മുപ്പത്തിയൊന്നാം അദ്ധ്യായം 12-13 ശ്ലോകം) ഭാഗവതം 12-13 ശ്ലോ/31 അ/ 11 സ്‌കന്ധം)
ശ്രീകൃഷ്ണ ജയന്തി ആശംസകൾ 🥳
കടപ്പാട് : ഡോ. സിജു മുരളീധരന്
സമ്പാദകൻ: Unni Krishnan Nair
No comments:
Post a Comment