Friday, 28 July 2023

രാമായണത്തിന്റെ സന്ദേശം. കൈകേയി

 #രാമായണത്തിന്റെ_സന്ദേശം

രാവണവധവും കഴിഞ്ഞു സീതാദേവിയെ വീണ്ടെടുത്ത്, വിജയശ്രീലാളിതനായി ശ്രീരാമചന്ദ്രൻ അയോദ്ധ്യാപുരിയിലെത്തിയ ശേഷം അമ്മമാരെ കാണാനായി ചെന്ന ഒരു സന്ദർഭം രാമായണത്തിൽ പ്രതിപാദിക്കുന്നുണ്ട്. 



ശ്രീരാമചന്ദ്രനും, സീതാദേവിയും, ലക്ഷമണനും, ഒപ്പം ഭരതനും അമ്മമാരെ കാണാനായി കൗസല്യാദേവിയുടെ കൊട്ടാരത്തിലെത്തി. അവിടെയാണ്, ദശരഥപത്നിമാരായ കൗസല്യാദേവിയും, കൈകേയിയും, സുമിത്രയും ദശരഥന്റെ മരണശേഷം കഴിയുന്നത്. 


യാതനകളുടെ സുദീർഘമായ വനവാസത്തിന് ശേഷം എത്തിയ അയോദ്ധ്യയുടെ പ്രിയപുത്രനെ സ്വീകരിക്കാൻ വാദ്യഘോഷ താലപ്പൊലി മേളത്തോടെ കൊട്ടാരം ഒരുങ്ങി. ആനന്ദാശ്രുക്കളുമായി കൗസല്യാദേവിയും, സുമിത്രയും കൊട്ടാരവാതിൽക്കൽ കാത്ത് നിന്നു. എന്നാൽ കൈകേയി മാത്രം പുറത്തേക്ക് വന്നില്ല. 


സ്വാഭാവികമായും, ശ്രീരാമന്റ്റെ വനവാസത്തിന് കാരണഭൂതയായി എന്ന കാരണം കൊണ്ട് എല്ലാവരും കൈകേയിയെ വെറുത്തിരുന്നു. അത് മാത്രമല്ല, ആർക്ക് വേണ്ടിയാണോ കൈകേയി ഇതെല്ലാം ചെയ്തത്, അവരുടെ പുത്രനായ ഭരതനായിരുന്നു കൈകേയിയെ ഏറ്റവും വെറുത്തത്. ഈശ്വരതുല്യനായ സഹോദരനോട് ഇത്രയും ക്രൂരത കാട്ടിയ സ്വമാതാവിനോട് ഭരതൻ ഒരിക്കലും പൊറുത്തില്ല. ശാപവാക്കുകൾ കൊണ്ട് മാത്രമേ അവരെ ഭരതൻ നേരിട്ടിരുന്നുള്ളൂ. ഈ ഉൾഭയം കാരണം, ആരുടേയും മുൻപിൽ വെട്ടപ്പെടാതെ അന്തപ്പുരത്തിനുള്ളിൽ അവർ ഒളിച്ചു.


ശ്രീരാമനും സംഘവുമെത്തി. കൗസല്യാദേവിയും, സുമിത്രയും മറ്റ് അന്തപ്പുരവാസികളും അത്യധികം സ്നേഹാദരങ്ങളോടെ അവരെ എതിരേറ്റു. അമ്മയെ ആശ്ളേശിച്ച ശ്രീരാമൻ ചോദിച്ചു. "കൈകേയിയമ്മ എവിടെ". ഭരതനാണ് മറുപടി പറഞ്ഞത്. "ആ കുലടയെ എന്തിനാണ് അന്വേഷിക്കുന്നത് ജ്യേഷ്ഠാ..ആ രാക്ഷസിയെ കണ്ടാൽ തന്നെ ആശ്രീകരമാണ്.. ഭരതൻ മുരണ്ടു. 


പറഞ്ഞു തീരും മുൻപേ, ഭരതനെ ശ്രീരാമൻ തടഞ്ഞു. 'അങ്ങനെ പറയരുത് ഭരതാ', അമ്മയാണ്, ഒരിക്കലും അങ്ങനെ പറയരുത്' എനിക്ക് കൈകേയിയമ്മയെ കാണണം.  ശ്രീരാമൻ അന്തപ്പുരത്തിനുള്ളിലേക്ക് കടന്നു. അവിടെ എല്ലാവരാലും വെറുക്കപ്പെട്ട കൈകേയിയെ ഭയന്ന് ഒളിച്ച നിലയിൽ ഒരു മൂലയ്ക്ക് ശ്രീരാമൻ കണ്ടെത്തി. ശ്രീരാമൻ തന്നെ വധിക്കുമെന്നവർ ഭയന്നു..  


"അമ്മ എന്താണ് എന്നെ സ്വീകരിക്കാൻ എത്താതിരുന്നത്" യാതൊരു വിദ്വേഷവുമില്ലാതെ കൈകേയിയെ കണ്ടു സ്നേഹപൂർവം ശ്രീരാമൻ അവരെ പാദനമസ്ക്കാരം ചെയ്തു, എഴുന്നേറ്റ് ആശ്ളേഷിച്ചു. കൈകേയിയും മറ്റുള്ളവരും ശ്രീരാമചന്ദ്രന്റ്റെ സ്നേഹം കണ്ടു ശരിക്കും അന്ധാളിച്ചു. ദുഃഖവും, കുറ്റബോധവും കൊണ്ട്  കൈകേയി നിലവിളിയോടെ രാമനെ മുറുകെ പുണർന്നു.. "എന്നോടു ക്ഷമിക്കൂ മകനെ, " ദുഖഭാരത്താൽ മോഹാലസ്യത്തിലേക്ക് വഴുതവെ അവർ പുലമ്പി...


"അവരോട് ദയ കാട്ടരുത് ജ്യേഷ്ഠാ... നിങ്ങളുടെ ഈ ദുരിതങ്ങളുടെയെല്ലാം കാരണം ദുര മൂത്ത ഈയൊരൊറ്റ സ്ത്രീയാണ്", കൈകേയിയെ ചൂണ്ടി ഭരതൻ വീണ്ടും ആക്രോശിച്ചു. ഭരതന്റ്റെ അഭിപ്രായം തന്നെ ആയിരുന്നു ലക്ഷമണനും മറ്റുള്ളവർക്കും.. ഒരു നിമിഷം കൊണ്ട് തങ്ങളുടെ ദുരിതപൂർണ്ണമായ കാനനവാസവും, സീതാപഹരണവും, അതിന്റെ ഫലമായി ഉണ്ടായ ഘോരയുദ്ധവും ദുരിതങ്ങളുമെല്ലാം ലക്ഷമണന്റ്റെ മനോമുകിരത്തിൽ തെളിഞ്ഞു. ഇതിന്റെ സൂത്രധാരയായ കൈകേയിയെ വധിക്കാൻ കോപാക്രാന്തനായ ലക്ഷ്മണൻ മുന്നോട്ടാഞ്ഞു. 


എന്നാൽ ദശരഥനന്ദനൻ അക്ഷോഭ്യനായി വലതു കരമുയർത്തി കൈകേയിയുടെ നേർക്കാഞ്ഞ എല്ലാവരേയും തടഞ്ഞു. എന്നിട്ട് പറഞ്ഞു തുടങ്ങി. സർവ്വതും തകർത്തെറിയുന്ന സംഹാരരുദ്രമായ ചണ്ഡവാതത്തിന് മുന്നിലും കുലുങ്ങാതെ നിൽക്കുന്ന മഹാമേരു പോലെ അക്ഷോഭ്യനായ ശ്രീരാമചന്ദ്രഭഗവാന്റ്റെ മാധുര്യമൂറുന്ന വാക്കുകൾ തേന്മഴ പോലെ തന്നിലേക്ക് പെയ്തിറങ്ങിയതായി കൈകേയിക്ക്  തോന്നി. 


"അനുജാ ഭരതാ, പ്രിയ ലക്ഷമണാ കേൾക്കൂ,  എന്റ്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവങ്ങളുടേയും ഉത്തരവാദി മറ്റാരുമല്ല. ഭഗവാൻ അനുജന്മാരെ ഇരുകരങ്ങളിലുമായി ചേർത്തു കൊണ്ട് പറഞ്ഞു.


'അത് വിധിയാണ്, അഥവാ കർമ്മം... അനന്തകോടി നക്ഷത്ര ജാലങ്ങൽ നിറഞ്ഞ ഈ പ്രപഞ്ചത്തിൽ ജീവാത്മാക്കൾ ഈ പൃഥ്വീ മാതാവിന്റ്റെ മടിയിൽ ജന്മമെടുക്കുന്നത് കർമ്മങ്ങൾ അനുഷ്ഠിക്കാനാണ്. 


ധർമ്മം നിലനിറുത്തുക എന്നതാണ് നമ്മുടെ കർത്തവ്യം. അതിനുള്ള കർമ്മങ്ങൾ അനുഷ്ഠിക്കാനാണ്, നമുക്ക് ഈ ജന്മം ലഭിച്ചത് തന്നെ. കൈകേയിയമ്മയും, ചെയ്തത് വിധി നിശ്ചയിച്ച ആ കർമ്മകാണ്ഡത്തിലെ ഒരു ഭാഗം മാത്രമാണ്. നിങ്ങളാലോചിച്ചു നോക്കൂ,


കൈകേയിയമ്മ അങ്ങനെ ഒരാവശ്യം നമ്മുടെ പിതാവിന്റെ മുന്നിൽ വച്ചില്ലായിരുന്നുവെങ്കിൽ..., ഭാരതപർവ്വം മുഴുവൻ യാത്ര ചെയ്യാനും, അധർമ്മിയായ രാവണനേയും, രാക്ഷസസേനയേയും ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുവാനും എനിക്ക് സാധിക്കുമായിരുന്നോ ?.. ധർമ്മം ആവശ്യപ്പെടുന്ന കർമ്മങ്ങൾ ഏറ്റെടുക്കാൻ അവസരം വരുമ്പോൾ ഞാൻ ഒരിക്കലും മടിക്കാതെയിരിക്കുന്നതിനും കാരണമിതാണ്.. വിധി നമുക്കു അവസരം തരും. അതേറ്റെടുത്ത് മുന്നോട്ട് നീങ്ങിയാൽ വിജയവും യശസ്സും വന്ന് ചേരും. ഇല്ലെങ്കിലോ, ദശരഥപുത്രനായ രാമനെ ആര് അറിയുമായിരുന്നു..?, അതിനാൽ ദേഷ്യം വെടിയൂ സഹോദരന്മാരെ.. മാതാവിനെ ആശ്ലേഷിക്കൂ ഭരതാ"... ശ്രീരാമൻ പറഞ്ഞു നിറുത്തി..


ശ്രീരാമൻ വനവാസത്തിലായിരുന്ന പതിനാലു വർഷവും കൈകേയിയെ കാണാൻ ഭരതൻ വിസമ്മതിച്ചിരുന്നു. ഈ അവസരത്തിൽ രാമന്റെ വാക്കുകൾ ഭരതന്റ്റെ തെറ്റിധാരണകൾ മാറ്റുകയും, ഭരതൻ, കൈകേയിയെ വന്ദിക്കുകയും ചെയ്തു. എന്നാൽ കൈകേയിയാകട്ടെ, തന്നോടു പിണക്കം കാണിച്ച മകനെ മൂർദ്ധാവിൽ ചുംബിച്ച് ആലിംഗനം ചെയ്തു. അത് അമ്മയുടെ മഹത്വം..


ഇങ്ങനെ സമ്പൂർണ്ണമായി മനുഷ്യ ധർമ്മങ്ങളെ കൃത്യമായി വ്യാഖ്യാനിക്കുകയും എത്ര കഷ്ടതകൾ നിറഞ്ഞതാണെങ്കിലും, പ്രതീക്ഷകൾ കൈവിടാതെയും, ധർമ്മം വെടിയാതെയും ജീവിക്കാനും പ്രേരിപ്പിക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ...!!!


അനാദി കാലത്ത് രചിക്കപ്പെട്ട 'ആദികാവ്യമായ' രാമായണം' , ഇന്നുമൊരു മഹാൽഭുതമായി നിലനിൽക്കുന്നത് വെറുതെയല്ല.. സാധാരണ മനുഷ്യർക്ക് ഒരു സമാധാന പൂർണ്ണമായ ജീവിതം ജീവിച്ചു തീർക്കാൻ "രാമായണം" നൽകുന്ന പാഠങ്ങൾ തന്നെ ധാരാളമാണ്. ഭാരതമെന്ന ഈ മഹത് ദേശത്തിന്റെ ജീവനാഡികളിൽ രാമായണം അലിഞ്ഞു ചേർന്നിരിക്കുന്നതിനും കാരണം മറ്റൊന്നല്ല. 


രഞ്ജിത്ത് ഗോപാലകൃഷ്ണൻ


ശ്രീരാമജയം🙏🕉️🙏

Repost

Monday, 24 July 2023

പളനിമല_ആണ്ടവർ_മുരുകപ്പെരുമാൾ

 #வெற்றிவேல்_வீரவேல்

#വെട്രിവേൽവീരവേൽ


പളനിമല_ആണ്ടവർ_മുരുകപ്പെരുമാൾ





ആദി ഗുരു പരേശ്വരനായ, മഹാദേവനാണ്. അദ്ദേഹത്തിന്റ്റെ മകനായ ദണ്ഡായുധപാണിയായ സുബ്രഹ്മണ്യ സ്വാമിയാണ്, ഭാരതീയ ഋഷി പരമ്പരകളുടേയും, സിദ്ധന്മാരുടേയും ഗുരുവായ പളനി മുരുകപ്പെരുമാൾ അഥവാ സുബ്രഹ്മണ്യൻ..


മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ.


ഹൈന്ദവ പുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ. 


തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ . 


#ആറു_പടൈവീടർ


തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പളനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറം കുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ.


അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പളനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പളനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പളനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ. 


#പളനിക്ഷേത്രം


693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പളനിമല (പഴനി എന്ന് മലയാള തർജ്ജിമ- "പഴം നീ താനപ്പാ" എന്ന അരുളിപ്പാട് ഓർക്കുക. അത് പിന്നാലെ പറയാം ) ക്ഷേത്രത്തിലെത്താൻ. മലകയറും മുൻപ് അടിവാരത്തിലെ ഗണപതിക്ഷേത്രത്തിൽ വിഘ്നനിവാരണത്തിനായി ഭക്തർ നാളികേരം, കർപ്പൂരം തുടങ്ങിയവ അർപ്പിക്കുന്നത് പതിവാണ്. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനാൽ ആനപ്പാതയെന്നും പേരുള്ള ഇടതുവശത്തു കൂടിയുളള താരതമ്യേന ചരിവു കുറഞ്ഞ പാതയിലൂടെ ക്ഷേത്രത്തിലേക്കു പോകാം.


ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം ബുദ്ധിമുട്ടായ പ്രായമായമുളളവരും കുഞ്ഞുങ്ങളുമായി ക്ഷേത്രത്തിൽ എത്തുന്നവരും കൂടുതലായും വിഞ്ച്റയിലും റോപ് കാറുമാണ് ആശ്രയിക്കുന്നത്. ഭക്തരിൽ ചിലർ കാവടിയെടുത്ത് വാദ്യമേളങ്ങളോടെയാണ് പളനിമല കയറുന്നത്.


രാവിലെ ആറിന് വിശ്വരൂപദർശനം മുതൽ രാത്രി എട്ടിനുളള അത്താഴപൂജ വരെ ഏഴു നിത്യപൂജകളുള്ള ക്ഷേത്രമാണ് പളനി. സൗജന്യമായി ദേവനെ കണ്ടു തൊഴാനുളള ക്യൂ, 20 രൂപ നൽകി അൽപം തിരക്കൊഴിഞ്ഞ് ദർശനം നടത്താവുന്ന ക്യു, 100 രൂപ ടിക്കറ്റ് നൽകേണ്ട വിഐപി ക്യൂ തുടങ്ങിയവയാണ് ദർശനത്തിനുള്ളത്. ക്യൂവിലേതിൽ കയറിയാലും ദേവന്റെ ക്ഷേത്രനടയ്ക്കു മുൻപിൽ എല്ലാം സംഗമിച്ച് രണ്ടു നിരയായി മാറുന്നു. 


ഉൽസവം പോലുളള വിശേഷാവസരങ്ങളിൽ 10 രൂപ, 100 രൂപ ക്യൂവിന് ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ചേരന്മാരുടെയും പാണ്ഡ്യന്മാരുടെയും സങ്കരവാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രം. അതേസമയം പലയിടത്തും കേരളീയ ക്ഷേത്രത്തിന്റേതെന്നു തോന്നുന്ന ചില നിർമാണ രീതികളും കാണാം. ശ്രീകോവിലിനു മുകളിൽ സ്വർണഗോപുരമാണുള്ളത്. ക്ഷേത്ര ഗോപുരത്തിനു സമീപമുള്ള നവരംഗമണ്ഡപം, ക്ഷേത്രാങ്കണത്തിന് ഇടതുവശത്തായി സന്ധ്യകഴിഞ്ഞ് സുബ്രഹ്മണ്യൻ തങ്കരഥത്തിൽ ഭക്തർക്കു അനുഗ്രഹാശിസുകളുമായി എഴുന്നള്ളുന്ന രഥവീഥി തുടങ്ങിയവ വേറിട്ട കാഴ്ചകളാണ്.


തൈപ്പൂയം, പൈങ്കുനി ഉത്രം, നവരാത്രി തുടങ്ങിയ വിശേഷദിനങ്ങളിലൊഴികെ എല്ലാ ദിവസവും തങ്കരഥത്തിലുള്ള ഈ എഴുന്നള്ളത്തു നടക്കാറുണ്ട്. 63 കിലോ വെള്ളിയിലും നാലേമുക്കാൽ കിലോ സ്വർണത്തിലും തീർത്ത രഥത്തിൽ ഭഗവാന്റെ എഴുന്നള്ളത്ത് വീക്ഷിക്കാൻ മാത്രം നൂറുകണക്കിന് ഭക്തരാണ് സന്ധ്യയ്ക്ക് ക്ഷേത്രസന്നിധിയിലെത്തുന്നത്.


ക്ഷേത്രമണ്ഡപത്തിലേക്കു കടക്കുമ്പോൾ തന്നെ സുബ്രഹ്മണ്യന്റെ ചൈതന്യവത്തായ ശിലാവിഗ്രഹം കാണാനാകുന്ന രീതിയിലാണ് ദർശനത്തിനുളള സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നെയ് വിളക്കുകളുടേയും മറ്റും ബാഹുല്യമില്ലെങ്കിലും വേറിട്ട പ്രഭയോടെ നിലകൊള്ളുന്ന ദണ്ഡായുധപാണിയുടെ വിഗ്രഹം ഭക്തരിൽ നയനാമൃതം ചൊരിയുന്നതാണ്.


നാലടിയോളം പൊക്കമുള്ള വിഗ്രഹത്തിന്റെ വലംകൈയിൽ ദണ്ഡ് കാണാം. ബാലസന്യാസിയുടെ വേഷത്തിലാണ് - ആണ്ടിപ്പണ്ടാരമെന്ന് വിളിപ്പേര് - സുബ്രഹ്മണ്യവിഗ്രഹം. കൗപീനധാരിയായി ആടയാഭരണങ്ങളില്ലാതെ മുണ്ഡിതശിരസുമായി ഭഗവാൻ ആത്മീയയുടെ നിറകുടമെന്നവണ്ണം പരിലസിക്കുന്നു. അമിതമായ ആഗ്രഹചിന്തകൾ ഒഴിവാക്കി സർവം ഈശ്വരനിൽ അർപ്പിപ്പിക്കുന്നവർക്ക് ആത്മനിർവൃതി ലഭിക്കുമെന്ന ദർശനമാണ് സന്യാസിരൂപത്തിൽ ദണ്ഡായുധപാണി പകരുന്നത്. 


#നവപാഷാണ_വിഗ്രഹം


 ഒൻപതു തരം വിഷക്കൽ കൂട്ടുകൾ കൊണ്ടാണ് സിദ്ധഭോഗർ എന്ന ദിവ്യൻ ഈ വിഗ്രഹം നിർമിച്ചതെന്നാണ് വിശ്വാസം. ഒറ്റയ്ക്ക് സേവിച്ചാൽ കൊടും വിഷവും, ഒരു പ്രത്യേക അനുപാതത്തിൽ ഈ ഒൻപതു വിഷക്കല്ലുകളെ ചേർത്തു രസക്കൂട്ടാക്കിയാൽ അത്യുഗ്രമായ മരൂന്നുമായി മാറുന്ന കൂട്ടിനാൽ നിർമിച്ച വിശേഷ വിഗ്രഹത്തിൽ രാത്രി പൂജയ്ക്കു ശേഷം(രാക്കാല പൂജ) പതിപ്പിക്കുന്ന ചന്ദനം വിശ്വരൂപദർശനത്തിനു ശേഷം രാവിലെ പ്രസാദമായി നൽകുന്നു. ഒൻപതു വിഷക്കല്ലുകൾ ചേർന്നുണ്ടാക്കിയ ശിൽപത്തിൽ പതിച്ച ഈ ചന്ദനം രാക്കാല ചന്ദനം എന്നാണ് അറിയപ്പെടുന്നത്. ഒരു മണ്ഡലകാലം(41 ദിവസം) പ്രഭാതത്തിൽ സവിശേഷ രസക്കൂട്ടായി മാറുന്ന ഈ ചന്ദനം സേവിക്കുന്നത് വിവിധ രോഗങ്ങൾ ശമിക്കാൻ ശക്തിപകരുമെന്നും ഭക്തർ വിശ്വസിക്കുന്നു. 


കാലപൂജ എന്നറിയപ്പെടുന്ന പ്രത്യേക ക്ഷേത്രപൂജയിൽ മാത്രമാണ് നവപാഷാണത്തിൽ പണിത വിഗ്രഹത്തിൽ അഭിഷേകം നടത്തുക. ഭക്തരുടെ നേർച്ചയായി നടത്തപ്പെടുന്ന മറ്റ് അഭിഷേകങ്ങൾ (ഉപയ അഭിഷേകം) ചെമ്പിൽ പണിത വിഗ്രഹത്തിലാണ് നടത്താറുള്ളത്. വിഗ്രഹത്തിന്റെ ചെവികൾ അൽപം വലുതാണെന്ന പ്രത്യേകതയുണ്ട്. ഭക്തരുടെ ചെറിയ പ്രാർഥനകൾക്കും പഴനിയാണ്ടവൻ നൽകുന്ന വലിയ ശ്രദ്ധയുടെ സൂചകമായാണ് ഭക്തർ ഇതിനെ കാണുന്നത്.


പ്രഭാതത്തിൽ ദണ്ഡായുധപാണിയെങ്കിൽ സന്ധ്യയ്ക്ക് പട്ടും കിരീടവുമെല്ലാം ധരിച്ച് ദേവസേനാധിപതിയായും ചിലപ്പോൾ തൃക്കൈയ്യിൽ ശക്തിവേൽ ആയുധവുമായി നിൽക്കുന്ന വേലായുധ സ്വാമിയായുമൊക്കെയാണ് ദേവൻ ഭക്തർക്കു മുന്നിൽ അനുഗ്രഹവർഷം ചൊരിയുക. സന്യാസി, വേടൻ, ബാലസുബ്രഹ്മണ്യൻ, രാജാവ് തുടങ്ങി വിവിധ പൂജാവേളകളിൽ വിവിധ രൂപങ്ങളിൽ ഭക്തർക്ക് വ്യത്യസ്തമായ ദർശനാമൃതമാണ് ദണ്ഡായുധപാണി പകരുന്നത്.


കുട്ടികൾക്ക് കുഴന്തൈവേലൻ യുവാക്കൾക്ക് ബാലസുബ്രഹ്മണ്യൻ കലാകാരന്മാർക്ക് ഷൺമുഖൻ തത്വചിന്തകർക്ക് സ്വാമിനാഥൻ കുടുംബങ്ങൾക്ക് വള്ളി-ദേവയാനീ കാന്തൻ സന്യാസിമാർക്ക് പളനിയാണ്ടവർ എന്നിങ്ങനെ പോകുന്നു ഈ രൂപപരിണാമത്തിന്റെ ദർശനപ്പെരുമ. ഗുരുക്കൾ സമുദായത്തിലെ പൂജാരിമാർക്കാണ് ക്ഷേത്രത്തിലെ പൂജകൾക്ക് അവകാശം.


പണ്ടാരം എന്നറിയപ്പെടുന്ന സമുദായത്തിലുളളവർ സഹായികളായി രംഗത്തുണ്ടാവും. അത്താഴപൂജയ്ക്കു ശേഷം അന്നന്നുള്ള വരവു ചെലവുകണക്കുകൾ ഭഗവാന്റെ മുന്നിൽ വായിച്ച ശേഷം വിഗ്രഹം പ്രധാനപൂജാരിമാർ പള്ളിയറയിലേക്കു മാറ്റുന്നതാണ് പതിവ്. ദേവന് ഉറങ്ങുന്നതിനായി പ്രത്യേകം കട്ടിലും മറ്റും ഈ അറയിൽ സജ്ജമാക്കിയിട്ടുണ്ട്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശേഷ അവസരങ്ങളിലൊഴികെ രാത്രി എട്ടരയോടെ തന്നെ ക്ഷേത്രം അടയ്ക്കും.


ബാലപ്രതിഷ്ഠയെന്ന നിലയിൽ ബാലകനായ സുബ്രഹ്മണ്യന് കൂടുതൽ വിശ്രമം വേണ്ടതുണ്ടെന്ന ഐതിഹ്യമാണ് ഇതിനു പിന്നിൽ.


#ഉത്സവങ്ങൾ


തൈപ്പൂയമാണ് പഴനിക്ഷേത്രത്തിലെ പ്രധാന ഉൽസവം. പാൽക്കാവടി, അന്നക്കാവടി, പുഷ്പക്കാവടി, പനീർക്കാവടി, പീലിക്കാവടി തുടങ്ങി വിവിധതരം കാവടികളുമായി ആയിരക്കണക്കിന് ഭക്തർ ഈ ദിനത്തിൽ ക്ഷേത്രത്തിലെത്തും. മഞ്ഞ, കാവി വസ്ത്രം ധരിച്ച് പുഷ്പഹാരങ്ങളുമായി കാവടിധാരികൾ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന കാഴ്ചയിലാകും പഴനിയിലെ പാതകൾ തൈപ്പൂയത്തിന് മിഴിതുറക്കുക. ഭക്തിയുടെ മൂർത്തതലത്തിൽ മൗനവ്രതത്തിലായ കാവടിധാരികൾ കീഴ്ചുണ്ടിലും മറ്റും ചെമ്പിലോ പിച്ചളയിലോ പണിത വളയങ്ങൾ അണിയുകയും പുറത്തേക്കു കടിച്ചുപിടിച്ച നാവിൻതുമ്പിലോ, കവിളിലോ ചെറുശൂലങ്ങൾ ധരിച്ചും മറ്റുമാകും കാവടിയെടുക്കുക. കാഴ്ചക്കാർക്ക് ഭയാശങ്ക പകരുമെങ്കിലും ദേവനിൽ എല്ലാം അർപ്പിച്ച് കാവടിയേന്തുന്ന ഭക്തമാനസങ്ങൾ ഈ വേദനകൾ അറിയാറില്ലെന്നാണ് വിശ്വാസം.


#പളനിയിലെ_പഞ്ചാമൃതം


ലോകപ്രസിദ്ധമാണ് പ്ളനിയിലെ പഞ്ചാമൃതം. പഴം, ഉണക്കമുന്തിരി, നെയ്യ്, തേൻ, കൽക്കണ്ടം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്നതാണ് ഇത്. പളനിക്കു സമീപം തന്നെയുളള ഗ്രാമത്തിൽ വിളയുന്ന ജലാംശം കുറവായ വാഴപ്പഴം ഉപയോഗിക്കുന്നതിനാൽ മാസങ്ങളോളം കേടു കൂടാതെയിരിക്കുന്നതാണ് ഈ പ്രസാദം. അഭിഷേകത്തിനു ശേഷമുള്ള പഞ്ചാമൃതം ദേവസ്ഥാനം സ്റ്റാളുകളിൽ ലഭിക്കുമ്പോൾ പല ബ്രാൻഡുകളിൽ കച്ചവടക്കണ്ണോടെ നിർമിച്ച തട്ടിപ്പ് പഞ്ചാമൃതവും പളനിമലയുടെ അടിവാരത്തിൽ ലഭ്യമാണ്.


#പളനിയുടെ_ചരിത്രം


ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെ രാജാവായിരുന്ന ചേരമാൻ പെരുമാൾ നായാട്ടിനിടെ പളനി മലയടിവാരത്തിലെത്തിയെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. താഴ്വാരത്തിൽ വിശ്രമിക്കുന്നിതിനിടെ സ്വപ്നദർശനത്തിൽ പരിസരത്ത് മറഞ്ഞുകിടക്കുന്ന ക്ഷേത്രത്തിന്റെ സൂചന ലഭിച്ചതായും ക്ഷയോന്മുഖമായ ക്ഷേത്രം അദ്ദേഹം പുനർനിർമിച്ചുവെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചില നിർമിതികൾക്കുള്ള കേരളീയതനിമ ചേരമാൻ പെരുമാളുമായുള്ള ബന്ധത്തിന്റെ സൂചകങ്ങളാണ്. 


തന്റെ സാമ്രാജ്യത്തിന് ഗുണകരമാവും വിധം ചേരമാൻ പെരുമാളാണ് ദണ്ഡായുധപാണിയുടെ വിഗ്രഹം പടിഞ്ഞാറു ദർശനമായി സ്ഥാപിച്ചതെന്നും വിലയിരുത്തലുണ്ട്. കാര്യമെന്തായാലും പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പളനിയാണ്ടവൻ എന്നാണ് മലയാളികളിൽ പൊതുവേയുള്ള വിശ്വാസം.


#സിദ്ധഭോഗർ_ക്ഷേത്രം


പളനിമല ക്ഷേത്രത്തിൽ പാർവതി പരമേശ്വരന്മാർക്കും ക്ഷേത്രാങ്കണത്തിൽ തന്നെ ഗണപതിക്കും പ്രത്യേക പൂജാഗൃഹങ്ങളുണ്ട്. സിദ്ധഭോഗർ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആരാധനാസ്ഥലം. പതിനെട്ടു മഹാമുനിമാരിൽ ഒരാളായ സിദ്ധഭോഗരാണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ബിസി മൂവായിരത്തിനു മേൽ ജീവിച്ചിരുന്ന സിദ്ധഭോഗരുടെ നിർവികല്പസമാധി സ്ഥലമാണ് പളനി ക്ഷേത്രത്തിന്റെ തിരുമുറ്റത്തുളള സിദ്ധഭോഗർ ക്ഷേത്രം. ശിവലിംഗം, നവദുർഗ, മരതക എന്നിവയുടെ പ്രതിബിംബങ്ങളും ഇവിടെയുണ്ട്. ഭോഗരുടെ സമാധിയും ക്ഷേത്രത്തിലെ ഗർഭഗൃഹവും ഭൂഗർഭപാതയിലൂടെ ബന്ധിച്ചിരിക്കുന്നതായും വിശ്വാസമുണ്ട്.


#പഴനിയുടെ_ഐതിഹ്യം


കൈലാസപതിയായ മഹാദേവന് നാരദമഹർഷി ഒരിക്കൽ ദിവ്യമായ പഴം നൽകി. പത്നീസ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ മഹാദേവൻ അത് പാർവതിക്കു നൽകി. എന്നാൽ മാതൃസ്നേഹം നിറഞ്ഞ മനസോടെ മക്കൾക്ക് അത് നൽകാനാണ് പാർവതി പറഞ്ഞത്. ജ്ഞാനാമൃതം നിറഞ്ഞ പഴം മുറിച്ചു നൽകേണ്ടെന്ന നാരദവാക്യം കേട്ട മഹാദേവൻ പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും അടുത്തുവിളിച്ച ശേഷം മക്കളിൽ ആരാണ് ആദ്യം ലോകം ചുറ്റിവരുന്നത് അവർക്ക് ആ പഴം നൽകുമെന്ന് പറഞ്ഞു. മൽസരബുദ്ധിയിൽ മുന്നിലുള്ള സുബ്രഹ്മണ്യൻ ഉടൻ തന്നെ മയിൽവാഹനമേറി ഭൂലോക പ്രദക്ഷിണത്തിനായി യാത്രതിരിച്ചു.


സ്വതവേ തടിയനും കുടവയറനുമായ ഗണപതിയാവട്ടെ ഭൂപ്രദക്ഷിണം എളുപ്പമല്ലെന്നു കണ്ട് ബുദ്ധിപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മാതാപിതാക്കളായ പാർവതി പരമേശ്വരന്മാരെ വലംവച്ച ശേഷം ഗണപതി പരമേശ്വരനോട് പഴം ആവശ്യപ്പെട്ടു. ലോകപിതാക്കൾ കൂടിയായ പാർവതീ പരമേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിന് ഗണപതിയുടെ വ്യാഖ്യാനം. മകന്റെ വിവേകത്തിൽ തൃപ്തനായ മഹാദേവൻ പഴം ഗണപതിക്കു സമ്മാനിച്ചു. 


ലോകം ചുറ്റിയെത്തിയ സുബ്രഹ്മണ്യൻ പഴം കൈക്കലാക്കിയ ഗണപതിയേയാണ് കണ്ടത്. പരാജിതനായതിലെ നിരാശയിൽ സർവ ആഡംബരങ്ങളും പരിത്യജിച്ച് പണ്ടാരവേഷം ധരിച്ച് ബാലമുരുകൻ കൈലാസത്തിൽ നിന്ന് തെക്കോട്ടു തിരിച്ചതായും തിരുഅവിനാൻകുടിയിലെ പളനിമലയുടെ മുകളിൽ  ദണ്ഡായുധപാണിയായി തപസ്സനുഷ്ഠിച്ച് നിലകൊണ്ടുവെന്നുമാണ് വിശ്വാസം.


പാർവതീപരമേശ്വരന്മാർ മകനെ കാണാൻ അവിടെയെത്തുകയും സകല അറിവിന്റെയും പൊരുൾ നീ തന്നെയാണ് എന്ന ആത്മീയഅർഥത്തിൽ പഴം ("പളം നീ താനപ്പാ") നീയാണ് എന്നു പറഞ്ഞ് മകനെ ജ്ഞാനം പകർന്ന് നൽകിയ സ്ഥലമായതുകൊണ്ടാണ്  "പളനി" എന്ന പേര് മലയ്ക്കു ലഭിച്ചതെന്നാണ് വിശ്വാസം. ഏകാന്തവാസമാണ് തനിക്കുചിതം എന്ന വാദത്തിൽ  സുബ്രഹ്മണ്യൻ താഴ്വാരത്തിലെ തിരുഅവിനാൻകുടിയിൽ നില കൊണ്ടുവെന്നും ഇവിടെ നിന്നാണ് പിന്നീട് പളനിമലയിലേക്ക് ഭഗവാൻ അധിവാസം ചെയ്തതെന്നുമാണ് ഐതിഹ്യം.


ആറുമുഖങ്ങളോടു സുബ്രഹ്മണ്യനാണ് (ഷണ്മുഖൻ) തിരുഅവിനാൻകുടി ക്ഷേത്രത്തിലെ പ്രതിഷ്ഠ. മലമുകളിലെ പളനിക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരിൽ പലരും ഈ ഐതിഹ്യത്തിന്റെ പിൻപറ്റി തിരുഅവിനാൻകുടി ക്ഷേത്രവും സന്ദർശിച്ചാണ് മടങ്ങുക. തിരുഅവിനാൻകുടിക്കു സമീപമുള്ള ശരവണപൊയ്കയിലോ ഷൺമുഖ നദിയിലോ സ്നാനം ചെയ്തു വേണം മല ചവിട്ടാനെന്നാണ് വിശ്വാസം. വഴിപാട് നടത്താനായി എത്തുന്നവർ അടിവാരത്തിൽ വച്ചു തലമുണ്ഡനം ചെയ്തു കുളിച്ച ശേഷമാണ് മല കയറുന്നത്.


#തലമുണ്ഡനം_എന്ന_നേർച്ച


തലമുണ്ഡന നേർച്ചയുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുപ്പതിയോളം വരില്ലെങ്കിലും പഴനിയിലും ഈ നേർച്ച ഏറെ പ്രസിദ്ധമാണ്. നൂറുകണക്കിനു വർഷം പഴക്കമുള്ള ആചാരമെന്ന പെരുമയും ഇവിടുത്തെ തലമുണ്ഡനത്തിനുണ്ട്. മനസിലെ അഹന്ത ഒഴിവാക്കി ആത്മീയ ഉണർവ് നേടുകയെന്നതാണ് ഈ നേർച്ചയ്ക്കു പിന്നിലെ ഐതിഹ്യം. മുണ്ഡിത ശിരസുമായി നിലകൊളളുന്ന പഴനിയാണ്ടവനോട് സ്വയം താദാത്മ്യം പ്രാപിക്കുകയെന്ന വിശ്വാസവുമുണ്ട്. കുഞ്ഞുങ്ങൾ ജനിച്ച ശേഷം ആദ്യത്തെ മുടിയൊഴിക്കാനും പലരും പളനിയിൽ എത്തുന്നു. 


#കാവടി_നേർച്ചയുടെ_ഐതിഹ്യം


മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പളനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല.


കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. 


പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പളനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പളനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതി വഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.


#പളനി_യാത്രയിൽ_ശ്രദ്ധിക്കേണ്ടത്


പളനിമലയുടെ അടിവാരത്തിൽ താമസത്തിന് ഒട്ടേറെ ഹോട്ടലുകളുണ്ടെങ്കിലും ദേവസ്ഥാനം (ദേവസ്വം) വക സത്രത്തിലെ താമസസ്ഥലങ്ങളാണ് ഭക്തർക്ക് കൂടുതൽ ലാഭകരമാവുക. സാധാരണ മുറികൾ മുതൽ റസ്റ്റ് ഹൗസുകൾ, ഡീലക്സ് കോട്ടേജുകൾ, എസി റൂമുകൾ വരെ ഇവിടെ ലഭ്യമാണ്. മറ്റുളളിടങ്ങളെക്കാൾ ചുരുങ്ങിയ നിരക്കിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.


മലമുകളിലെ ക്ഷേത്രത്തിലും താഴ്വാരത്തെ വഴിയോരങ്ങളിലും ഭക്തരെ സഹായിക്കുവാൻ എന്ന നിലയിൽ പലരും എത്തുക പതിവാണ്. പൂജാസാധനങ്ങൾ നൽകി ഭീമമായ തുക ഈടാക്കുന്ന ഈ വിരുതന്മാരിൽ നിന്നകന്ന് ദേവസ്വം സ്റ്റാളുകളിൽ നിന്നും മറ്റും ലളിതമായ രീതിയിൽ പൂജാദ്രവ്യങ്ങൾ വാങ്ങി ദർശനം നടത്തുന്നതാകും ഉചിതം.


ക്ഷേത്രപരിസരത്ത് ഭക്തരുടെ പക്കൽ നിന്നും പൂജാസാധനങ്ങൾ വാങ്ങി എളുപ്പം പൂജ നടത്തിത്തരാൻ നിരക്കീടാക്കിയും തട്ടിപ്പുകളുണ്ട്. പലപ്പോഴും ക്ഷേത്ര മതിൽക്കെട്ടിലെ ഒതുങ്ങിയ സ്ഥലങ്ങളിൽ ഇതിലെ തേങ്ങയും മറ്റും പൊട്ടിച്ചൊഴിച്ച ശേഷം ഭക്തർ ദർശനം നടത്തിയെത്തുമ്പോൾ അവ നൽകി പണം വാങ്ങുകയാണ് ഇവർ ചെയ്യുക. പൂജാദ്രവ്യങ്ങൾ ശ്രീകോവിലിനുള്ളിലെ പൂജാരിമാരെ ഏൽപ്പിക്കുകയാവും നല്ലത്.


പളനിക്ഷേത്ര പരിസരം മലമുകളിൽ സജീവമായ വാനരപ്പട കൊണ്ടും ശ്രദ്ധേയമാണ്. അക്രമകാരികൾ അല്ലെങ്കിലും ബാഗുകളും മറ്റ് കൗതുകമുണർത്തുന്ന വസ്തുക്കളും നിമിഷനേരത്തിൽ ഇവ തട്ടിപ്പറിച്ചെടുക്കുന്നതു പതിവാണ്. എങ്കിലും, ഇവയെ ആരും തിരിച്ചു ഉപദ്രവിക്കാറില്ല. 


സന്ധ്യകളിൽ വൈദ്യുതദീപമാലകളിൽ അലങ്കരിച്ച് മലമുകളിൽ ഒരു രത്നകിരീടം പോലെ കാണുന്ന ക്ഷേത്രത്തിന്റെയും വൈകിട്ടോടെ പളനിമലയുടെ താഴ്വാരത്തിൽ ദീപപ്രഭയിൽ സജീവമാകുന്ന തെരുവുകച്ചവടത്തിന്റെയും മനോഹാരിത ഒരു അപൂർവ രാത്രിക്കാഴ്ചയാണ്. പൗർണമി ദിനങ്ങൾക്കടുത്ത് ക്ഷേത്ര തീർഥാടനം സജീകരിച്ചാൽ മലമുകളിലെ ക്ഷേത്രത്തിൽ നിന്ന് പരിസരത്തെ മലനിരകളും താഴ്വാരങ്ങളും ചാന്ദ്രശോഭയിൽ കണ്ട് മനംനിറയ്ക്കാനുമാകും. 


പഴനിമലയുടെ അടിയിൽ മലയെചുറ്റി ഗിരിവീഥി എന്നറിയപ്പെടുന്ന രണ്ടര കിലോമീറ്ററോളം വരുന്ന പ്രദക്ഷിണപാതയുണ്ട്. ക്ഷേത്രാരാധനയ്ക്കു വരുന്ന ഭക്തർ ഈ പാത ചുറ്റിവരുന്നതും പുണ്യകർമമായി കാണുന്നു.


തമിഴ്നാടിന്റെ പ്രധാന പട്ടണങ്ങളിൽ നിന്ന് പളനിയിലേക്ക് ബസുകളുണ്ട്. പാലക്കാട്, എറണാകുളം, ചേർത്തല, ചങ്ങനാശേരി, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് പളനി ബസ് ലഭിക്കും. പാലക്കാട് നിന്ന് ഉദുമൽപേട്ട് വഴി 67 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ, മധുര, ഡിണ്ടിഗൽ, പളനി വരെ 414 കിലോമീറ്ററുമുണ്ട്. കോട്ടയം, കുമളി, കമ്പം വഴി പളനിയിലേക്ക് 294 കിലോമീറ്റർ സഞ്ചരിക്കണം.


ചെന്നൈ സെൻട്രൽ, പൊള്ളാച്ചി, മധുര, ഡിണ്ടിഗൽ, തിരുച്ചെന്തൂർ എന്നിവിടങ്ങളിൽ നിന്ന് പളനി റയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ ലഭിക്കും. പളനി റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് പളനി ക്ഷേത്രം.


കോയമ്പത്തൂരാണ് സമീപത്തെ വിമാനത്താവളം. അഹമ്മദാബാദ്, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് വിമാന സർവീസുണ്ട്. കോയമ്പത്തൂരിൽ നിന്ന് ഉദ്ദേശം നൂറു കിലോമീറ്റർ റോഡുമാർഗം പളനിയിലെത്താം.

വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയയും, ക്ഷേത്ര വെബ്സൈറ്റും, ഐതിഹ്യ പുസ്തകങ്ങളും.. 


ഷെയർ/കോപ്പി  ചെയ്യുക 


ചിത്രം: #തങ്കത്തേർ_എഴുന്നെള്ളത്ത്.

Thursday, 20 July 2023

എന്തു കൊണ്ട് രാമായണവും, മഹാഭാരതവും ഭാരതീയരുടെ അഥവാ ഹൈന്ദവരുടെ ഏറ്റവും സമാരാദ്ധ്യങ്ങളായ പുണ്യഗ്രന്ഥങ്ങളായി

 എന്തു കൊണ്ട് രാമായണവും, മഹാഭാരതവും ഭാരതീയരുടെ അഥവാ ഹൈന്ദവരുടെ ഏറ്റവും സമാരാദ്ധ്യങ്ങളായ പുണ്യഗ്രന്ഥങ്ങളായി എന്നറിയുമോ? 



യഥാർത്ഥത്തിൽ ഓരോ ഹൈന്ദവനും അഥവാ ഭാരതീയനും വളരെ കൃത്യമായി അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്. കാരണം, എന്താണ് ഹിന്ദു, അഥവാ സനാതന ധർമ്മം എന്നതിന്റെ ഉത്തരം കൂടി ഇതിലടങ്ങിയിരിക്കുന്നു.

എന്ന് മാത്രമല്ല അനാദിയായ ഈ പ്രപഞ്ചത്തിൽ ഹൈന്ദവ ധർമ്മിയായിരിക്കുന്നതിൽ അളവറ്റ ആഹ്ളാദവും, അഭിമാനവും, പകരുന്ന തിരിച്ചറിവു കൂടിയാണത്.

അതെന്താണെന്ന് നമുക്ക് നോക്കാം. ഗഹനമായ വിഷയമാണ്. പരമാവധി ലളിതമായി പറയാൻ ശ്രമിക്കാം. എന്തു കൊണ്ട് രാമായണവും, ഭാരതവും എന്നതിന് ഒറ്റ വാചകത്തിൽ ഉത്തരം പറയുക യഥാർത്ഥത്തിൽ സാദ്ധ്യമാണ് പക്ഷെ കാര്യകാരണ സഹിതം അറിഞ്ഞാലേ അതിന്റെ മഹത്വം ഉൾകൊള്ളാനും വസ്തുത ഗ്രഹിക്കാനും സാധിക്കൂ എന്നാദ്യം അറിയുക. 

സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ നിർവഹിക്കുന്ന ത്രിമൂർത്തി ദേവന്മാരിൽ, സ്ഥിതി അഥവാ  ജനനത്തിനും മരണത്തിനുമിടയിൽ പരിപാലനം നടത്തുന്ന മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ പൂർണ്ണ മനുഷ്യാവതാരങ്ങൾ എന്ന് കരുതപ്പെടുന്ന രണ്ട് അവതാരങ്ങളാണ് ശ്രീരാമനും, ശ്രീകൃഷ്ണനും . ഇതിൽ രാമകഥ, രാമായണവും,  കൃഷ്ണഗാഥ മഹാഭാരതവും എന്ന് പറയാം. അതിനാൽ ഈ രണ്ട് പുണ്യഗ്രന്ഥങ്ങളും ഭാരതീയർക്ക് "ദൈനംദിന പാരായണ"ത്തിനുള്ള പുണ്യഗ്രന്ഥങ്ങളായി എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാലത് മാത്രമല്ല അഥവാ അതല്ല യഥാർത്ഥ കാരണം.

അതെ. ആ വസ്തുത വിശദമായി അറിഞ്ഞ് മനസ്സിൽ ഉറപ്പിച്ചാൽ നിങ്ങൾക്ക് പ്രപഞ്ചം, ഈശ്വരൻ, ജഗത്ത്, മിഥ്യ എന്നിവയെ കുറിച്ച് കൃത്യമായ ധാരണയും സുഖ-ദുഃഖ സമ്മിശ്രമായ ഈ സംസാരസാഗരം, സമചിത്തതയോടെ, ശാന്തമായി തരണം ചെയ്ത് മനുഷ്യജന്മം കൊണ്ട് പരമാവധിയായി നേടാവുന്ന മോക്ഷപ്രാപ്തിയിലേക്ക് ലയിക്കുവാനുമുള്ള കവാടങ്ങളാണ് ഈ ഗ്രസ്ഥങ്ങളെന്ന് ബോദ്ധ്യമാവുകയും ചെയ്യും. അഥവാ സനാതനധർമ്മം എന്താണെന്ന് ബോദ്ധ്യമാവും.

നാലു വേദങ്ങൾ, പതിനെട്ടു പുരാണങ്ങൾ, ഉപ പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപ വേദങ്ങളായ ഉപനിഷത്തുകൾ, ശ്രുതികൾ, സ്യമ്തികൾ, സംഹിതകൾ, ശാസ്ത്രങ്ങൾ, ദർശനങ്ങൾ എന്നു വേണ്ട അസംഖ്യം ഗ്രന്ഥങ്ങളുടെ ഒരു വൈജ്ഞാനിക സാഗരമാണ് ഭാരതീയ ഋഷി പരമ്പരകൾ സഹസ്രാബ്ദങ്ങളിലൂടെ ലോകത്തിന് നൽകിയ സംഭാവന. ബ്രഹത്തായ ഒരു വൈജ്ഞാനിക ഗ്രന്ഥപ്പുരയാണ് നമ്മുടെ പൈതൃകം നൽകിയ പ്രധാന സംഭാവന....!!

ഇവയിൽ സ്മൃതികകളുടെ ഭാഗമാണ് ഇതിഹാസങ്ങളായ രാമായണവും ഭാരതവും. സ്മൃതി എന്നാൽ ഓർമ്മ അഥവാ ചരിത്രം എന്നും വിവക്ഷയുണ്ട്. പൗരാണിക ചരിത്രങ്ങൾ അങ്ങനെ രേഖപ്പെടുത്തിയതാണ് ഈ സ്മൃതികൾ. (കൂട്ടത്തിൽ പറയട്ടെ, മനുസ്മൃതിയും ഇതേ പോലെ ഒരു പൗരാണിക ചരിത്രരേഖ മാത്രമാണ്. മനു എന്ന രാജാവിന്റെ കാലത്തെ ഭരണക്രമം ഉൾപ്പെടെ നിലനിന്നിരുന്ന ചരിത്രം. അത് ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണമാണ് എന്ന വിഡ്ഡിത്തം ഏറെ മുഴങ്ങുന്ന കാലമാണല്ലോ ഇത്. അതിനാൽ സൂചിപ്പിച്ചു എന്ന് മാത്രം.)

ഇത്രയും അതി ബ്രഹത്തായ ഒരു വിജ്ഞാന സാഗരത്തിൽ നിന്നും കേവലം രാമായണവും മഹാഭാരതയും മാത്രം എന്തു കൊണ്ട് ഇത്ര പ്രശസ്തവും, പ്രാമാണികവുമായി എന്നതാണ് പ്രസക്തമായ വിഷയം. അതിലേക്ക് തന്നെ  പോകാം. 

അതിന് കാരണം ധർമ്മത്തിന്റെ മൂർത്തിമത് അവതാരമായ ഭഗവാൻ ശ്രീരാമനും, ഭഗവദ് ഗീതാകാരനായ പൂർണ്ണാവതാരം ഭഗവാൻ ശ്രീകൃഷ്ണനും തന്നെ. രാമായണവും, മഹാഭാരതവും അതിലെ ഭാഗമായ ഭഗവദ്ഗീതയും മനസ്സിരുത്തി പഠിക്കുന്ന ഒരാൾക്ക് ഒരു ജീവിതം അതിന്റെ സമ്പൂർണ്ണ അർത്ഥത്തിൽ സുഖദുഃഖങ്ങളെയെല്ലാം സമഭാവനയോടെ നിസ്സംഗതയോടെ നേരിടാനും വിജയിക്കാനും, ധർമ്മത്തിലുറച്ച ഒരു ജീവിതം ജീവിക്കാനും സാധിക്കുന്നു.

മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണ്. മനുഷ്യ മനസ്സാകട്ടെ സങ്കീർണ്ണവും, ജിജ്ഞാസാഭരിതവും. !ഈശ്വരൻ അഥവാ ദൈവം ഉണ്ടോ എന്നതു മുതൽ ജനനത്തിന് മുൻപ് തനെവിടെയായിരുന്നു എന്നതും മരിച്ചാൽ എന്താകും എന്ന ആകാംക്ഷയും നാളെയെന്തെന്ന ആശങ്കയും, മരണഭയമെന്ന ആധിയും ഒക്കെ ചേർന്ന സങ്കീർണ്ണതകളാണ് മനുഷ്യമനസ്സ് അഥവാ ബോധമണ്ഡലം..!! 

ഇത്തരം ആകുലതകളെയാണ് ലോകമെമ്പാടും ഉടലെടുത്ത വിശ്വാസങ്ങൾ അഥവാ മതങ്ങൾ എന്നും അഭിസംബോധന ചെയ്തതും ചൂഷണം ചെയ്തതും ഇന്നും ചെയ്യുന്നതും. ഇതിന്റെ പേരിലാണ് ലോകത്ത് കാലാകാലങ്ങളായി ദശലക്ഷക്കണക്കിന് ആളുകൾ കൊല ചെയ്യപ്പെട്ടിട്ടുള്ളതും. 

കാരണം കാണാമറയെത്തെവിടെയോ ഒരു സ്വർഗ്ഗമുണ്ടെന്നും ആ സ്വർഗ്ഗത്തിന്റെ നാഥനായ ദൈവമാണ് ഈ പ്രപഞ്ച സൃഷ്ടാവെന്നതെന്നും ആ സൃഷ്ടാവിനെ തൃപ്തിപ്പെടുത്താൻ അഥവാ പ്രീതിപ്പെടുത്തി എങ്ങനേലും സ്വർഗ്ഗത്തിൽ കയറിപ്പറ്റുകയാണ് ആകെയുള്ള ജീവിതലക്ഷ്യമെന്നും ഒക്കെ ധരിച്ചുവശായി മനുഷ്യർ സ്വജീവിതം തനിക്കും മറ്റുള്ളവർക്കും നരകതുല്യമാക്കി മാറ്റുന്നതും കൊലപാതകങ്ങളടക്കം ക്രൂരതകൾ ലജ്ജയില്ലാതെ ചെയ്യുന്നതും. ഒരു സഹസ്രാബ്ദത്തിന് മുകളിലായി ഭാരതീയർ ഏറെ വേട്ടയാടപ്പെട്ടതും കൊല്ലപ്പെട്ടതും ഈ അധിനിവേശ മതങ്ങളാലാണ്.

അവരുടെ കണ്ണിൽ ഹിന്ദുക്കൾ ബഹുദൈവ ആരാധനയെന്ന പാപം ചെയ്യുന്നവരത്രേ. അതിൽ നിന്നവരെ തതാന്തങ്ങളുടെ മതങ്ങളിലേക്ക് ആകർഷിക്കുവാൻ വാൾത്തല മുതൽ പാലും പാൽപ്പൊടിയും വരെ ആയുധമാക്കുന്നവർ ഒന്നര സഹസ്രാബ്ദമായി സമ്പൂർണ്ണ അധിനിവേശത്തിനും ആധിപത്യത്തിനും ശ്രമിക്കുന്നു. എന്നിട്ടും ഭാരതം തല ഉയർത്തിപ്പിടിച്ചു നിന്നതിന് കാരണം ഒരു കൈയ്യിൽ രാമായണവും മറുകൈയ്യിൽ ഗീതയും മുറുകിപ്പിടിച്ച് സനാതന ധർമ്മം നിവർന്നു നിന്നതുകൊണ്ടാണ്. 

ബുദ്ധൻ നടത്തിയ അധിനിവേശം ഭാരതത്തിന്റെ നാലരതിരുകൾക്ക് പുറത്തേക്ക് ഓടിക്കാൻ ശങ്കരനും ബ്രിട്ടീഷ് നുകത്തിന് കീഴിൽ ഞെരിഞ്ഞമർന്ന് ഹതാശരായ ഒരു ജനതയുടെ സിരകളിലേക്ക് ഊർജ്ജം പകർന്ന് ഒരു ഉയർത്തെഴുന്നേൽപ്പിന് പാകമാക്കാൻ വിവേകാനന്ദനും അവതാരമെടുത്തത് ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ' പറഞ്ഞതു പോലെയായിരുന്നു.

യദാ യദാഹിധര്‍മ്മസ്യ 

ഗ്ലാനിര്‍ഭവതിഭാരത

അഭ്യുത്ഥാനമധര്‍മ്മസ്യ

തദാത്മാനം സ്രുജാമ്രുഹം

പരിത്രാണായ  സാധൂന

വിനാശായ ചദുഷ്‌ക്രുതാം

ധര്‍മ്മ സംസ്‌ഥാപനാര്‍ത്ഥായ 

സംഭവാമി യുഗേ  യുഗേ

ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)

ഇത് ഭഗവാൻ നൽകുന്ന ഉറപ്പ്. ജനനവും, ജീവിതവും മരണവുമെല്ലാം മായാബന്ധിതമായ മിഥ്യ മാത്രമാണെന്നും ജന്മജന്മാന്തരങ്ങളിലൂടെ കർമ്മാനുസൃതമായി ആത്മാവു നടത്തുന്ന യാത്രയാണ് ജീവനെന്നും മരണത്തിനപ്പുറം ഭയപ്പെടേണ്ട ഒന്നുമില്ലെന്നും മറിച്ച് കർമ്മം ചെയ്യാൻ ലഭിച്ച മഹത്തരമായ മനുഷ്യജന്മം കൊണ്ട് ധർമ്മത്തിൽ അടിയുറച്ച് ജീവിച്ച് മോക്ഷപ്രാപ്തി നേടാനും ഭഗവദ് ഗീത ഉദ്ബോധിപ്പിക്കുന്നു. തന്നിൽ നിന്ന് വേർപ്പെട്ട മറ്റൊന്നല്ല ഹിന്ദുവിന് ഈശ്വരൻ.

"ഈശാവാസ്യമിദം സർവ്വം 

യദ് കിഞ്ചിത് ജഗത്യാം ജഗത്''

അനന്തകോടി നക്ഷത്ര ജാലങ്ങളുള്ള ഈ ബ്രഹ്മാണ്ഡത്തിൽ സർവ്വതും ഈശ്വരാംശം തന്നെയെന്ന് വേദോപനിഷത്തുകൾ പറഞ്ഞു വച്ചിട്ടുണ്ട്. അതിന്റെ ഭാഗം തന്നെയാണ് സർവ്വതും. ഗോചരവും, അഗോചരവുമായതിലും,' സൂക്ഷ്മത്തിലും സ്ഥൂലത്തിലും തുടിക്കുന്നത് അവിടുത്തെ ശക്തി തന്നെ. സർവ്വ ജീവജാലങ്ങളിലും അണുവണുവിൽ പ്രസരിക്കുന്നത് ഈശ്വരചൈതന്യമാണത്രേ. ബ്രഹ്മാണ്ഡത്തിന് സമഗ്രമായ ഒരു ബോധവും, അതിലെ ഓരോ സൂക്ഷ്മകണങ്ങൾക്ക് തനതായ ചൈതന്യവും ഉള്ളതായി ഉപനിഷത്തുകൾ പറയുന്നു. ആധുനിക ശാസ്ത്രം ഇലക്ട്രോമാഗ്നെറ്റിക്ക് എനർജി എന്ന്' വിളിക്കുന്ന ഇതേ ഊർജ്ജപ്രവാഹമാണ് പ്രപഞ്ച ചൈതന്യം അഥവാ ബ്രഹ്മചൈതന്യം എന്ന് പൗരാണിക ഭാരതം കണ്ടെത്തിയിരുന്നു. 

അതായത് ഈ ചൈതന്യമാണ് ഹിന്ദുവിന്റെ ഏകദൈവം അഥവാ ബ്രഹ്മം. സൂക്ഷ്മതലത്തിലുൾപ്പടെ നിറഞ്ഞ് നിൽക്കുന്ന ചൈതന്യത്തെ സ്വാംശീകരിച്ച് ഒരു സങ്കൽപ്പത്തിൽ ജനോപകാരപ്രദമായി ആവാഹിച്ചു കുടിയിരുത്തുന്ന സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. ആ സങ്കൽപ്പങ്ങളാണ് ദേവതകൾ. അങ്ങനെ ജഗത്ത് മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഏക ദൈവത്തിൽ വിശ്വസിക്കുന്ന ഹിന്ദു ബഹുദൈവത്തിലും വിശ്വസിക്കുന്നു, !

"ഏകം സത് വിപ്രാ ബഹുതാ വദന്തി'' 

ഭഗവദ്ഗീതയിലുടെ ഭഗവാൻ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നതും ഇതാണ്. ആത്മാവ് അനശ്വരമാണ്. അത് ഈശ്വരീയമാണ്. ഓരോ ജന്മവും പൂർവ്വജന്മാർജ്ജിതമായ കർമ്മങ്ങളുടെ തുടർച്ചയാണ്. അതിനാൽ ഓരോ ജന്മങ്ങളുടേയും സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ജന്മജന്മാന്തരങ്ങളിലൂടെ ആർജ്ജിച്ച സഞ്ചിത കർമ്മങ്ങളുടെ ഫലമായിരിക്കുമെന്നും അതിനാൽ ധർമ്മത്താൽ അധിഷ്ഠിതമായ കർമ്മയോഗ ജീവിതം നയിച്ച് ഓരോ വ്യക്തിയും അവനവന്റെ മോക്ഷപ്രാപ്തിക്കായി പ്രയത്നിക്കണം എന്നും ഗീതാകാരൻ പറയുന്നു.മുൻജന്മ ചെയ്തികൾ എത്ര മോശമായിരുന്നാലും ശരി ഈ ജന്മം ധർമ്മാനുസൃതമായി ജീവിച്ചാൽ കർമ്മദോഷങ്ങളെല്ലാം നീക്കി മോക്ഷപ്രാപ്തി അഥവാ ഈശ്വരനിൽ ഇനിയൊരു ജന്മമെടുക്കാതെ ലയിക്കാൻ സാധിക്കുമത്രേ. ഇത് ഓരോ വ്യക്തിയും സ്വയം അനുഷ്ഠിക്കേണ്ട ചര്യയാണ്. അവനവനല്ലാതെ മറ്റൊരാൾക്ക് മോക്ഷം നേടിക്കൊടുക്കാൻ ഒരാൾക്ക് സാദ്ധ്യമല്ല. എന്നാൽ സ്വജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കി കൊടുക്കാൻ ഒരാൾക്ക് സാധിക്കും. 

അതുമല്ലെങ്കിൽ ലോകോപകാരപ്രദമായി മനുഷ്യജന്മമെടുത്ത് സദ്കർമ്മങ്ങൾക്കായി അവതരിക്കാനും സാധിക്കും. അങ്ങനെ ഈശ്വരേച്ഛയാൽ ജന്മാവതരാമെടുത്ത പുണ്യാത്മാക്കളാണ് ശ്രീരാമനും, ശ്രീകൃഷ്ണനും. സ്വധർമ്മത്തിൽ അധിഷ്ഠിതമായി ലോകത്തിന് മുഴുവൻ മാതൃകയായി ജീവിക്കാൻ പുണ്യം ചെയ്ത ആത്മക്കൾക്കാണ് കഴിയുക. അവരിൽ ഈശ്വരാംശമേറിയിരിക്കും. ഭഗവാൻ ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ മനുഷ്യജന്മമെടുത്ത് എത്തിയപ്പോളുമാകട്ടെ സുഖദുഖസമ്മിശ്രമായിരുന്നു അവരുടെ ജീവിതം. 

ഭഗവാൻ ശ്രീരാമനെ നോക്കു.. ജനിച്ചത് രാജകുമാനായിട്ടാണ്, എന്നിട്ടും പതിമൂന്നാം വയസ്സിൽ വിശ്വാമിത്ര മഹർഷി അസുരന്മാരെ നേരിടാൻ വിളിച്ചു കൊണ്ട് കാട്ടിലേക്ക് പോയപ്പോൾ മുതൽ സംഘർഷഭരിതമായിരുന്നു ആ ജീവിതം. സീതാസ്വയംവരം കഴിഞ്ഞ ഉടനെ പരശുരാമനുമായി യുദ്ധം. പിന്നീട് അർഹതപ്പെട്ട സിംഹാസനം ഉപേക്ഷിച്ച് കാട്ടിലലഞ്ഞു. സീതാപഹരണം മുതൽ സ്വർഗാരോഹണം വരെ എന്തെന്തു കഷ്ടപ്പാടുകൾ! 


എന്നിട്ടോ എപ്പോളെങ്കിലും ധർമ്മം വെടിഞ്ഞ് സ്വജീവിതം സുഖകരമാക്കാൻ തുനിഞ്ഞോ രാമൻ? കാനനവാസം തിരഞ്ഞെടുത്തതും, രാവണ നിഗ്രഹം കഴിഞ്ഞ് സ്വർണ്ണമയിയായ ലങ്ക ഉപേക്ഷിച്ച് മാതൃഭൂമിയിലേക്ക് മടങ്ങിയതുമെല്ലാം കഴിഞ്ഞ എത്രയോ സഹസ്രാബ്ദങ്ങളായി ജനകോടികളെ സ്വാധീനിച്ചു?


പിറക്കും മുൻപേ മരണം കുറിക്കപ്പെട്ട ഭഗവാൻ കൃഷ്ണന്റെ ജീവിതവും സമാനമായി സംഘർഷ ഭരിതമായിരുന്നു. ജയിലിൽ ആണ് ജനിച്ചത്. പെറ്റമ്മയെ വിട്ട് വളർന്നു. എത്രയെത്ര കൊലപാതക ശ്രമങ്ങളെ ചെറുപ്രായത്തിൽ അതിജീവിച്ചതാണ്? ഒടുവിൽ ധർമ്മം പുലരാൻ ഒരു മഹാഭാരത യുദ്ധം തന്നെ കൺമുൻപിൽ നിസ്സംഗതയോടെ കണ്ടു!

ആലോചിച്ചിട്ടുണ്ടോ നമ്മളവരുടെ ജീവിതങ്ങളെ കുറിച്ച്? എന്തോരം കഷ്ടപ്പാടുകളായിരുന്നു? എന്നിട്ടും ധർമ്മം വെടിയാതെ അവർ പ്രയാണം തുടർന്നു. ഈശ്വരാവതാരങ്ങളായ രാമനും കൃഷ്ണനും അങ്ങനെ ധർമ്മത്തിനായി ജീവിക്കാമെങ്കിൽ അത്രയൊന്നും പ്രശ്നങ്ങൾ ഇല്ലാത്ത നമുക്ക് ധർമ്മത്തിലും ഈശ്വരനിലും മുഴുകി മനോഹരമായി ജീവിച്ചുകൂടെ ? അഥവാ ഉണ്ടെങ്കിൽ തന്നെ പ്രതിസന്ധികളെ അതിജീവിച്ചു കൂടെ?!

അതെ. സാധിക്കും. അഥവാ ഇങ്ങനെ ചിന്തിക്കാൻ നാം പ്രാപ്തരാകും. രാമായണവും ഭാരതവും ഓരോ മനുഷ്യനും പകർന്നു നൽകുന്നത് ധാർമ്മിക മൂല്യങ്ങൾക്കൊപ്പം  "അതിജീവന"ത്തിനുള്ള പാഠങ്ങൾ കൂടിയാണ്. 

അതു കൊണ്ടാണ് വലിയ ഗഹനമായ വിഷയങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്ന വേദശാസ്ത്രങ്ങൾ ഒക്കെ പഠിതാക്കൾക്ക് വിട്ട് രാമായണവും ഭാരതവും നിത്യപാരായണത്തിൽ ഉൾപ്പെടുത്താൻ സാധാരണ ജനങ്ങളോടു നമ്മുടെ ഗുരുപരമ്പര നിഷ്ക്കർക്ഷിച്ചത്. അത് നൽകുന്ന പാഠങ്ങൾ മാത്രം മതി ഒരു ജന്മം സഫലമാകാൻ. 

ഏറ്റവും ദുരിതപൂർണ്ണമായ പഞ്ഞകർക്കിടകത്തിൽ തന്നെ രാമായണ പാരായണം പഴമക്കാർ കേരളത്തിൽ പതിവാക്കിയത് ക്ഷാമകാലത്ത് ഭഗവൽ സ്മരണയാൽ ഒരു ജനതയ്ക്ക് ശക്തിപകരാൻ ആണെന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? 

ശ്രീരാമനേക്കാളും വലിയൊരു ധർമ്മിഷ്ഠനായ, മാതൃകാപുരുഷനായ ഒരു വീരനായകൻ ലോകചരിത്രത്തിൽ ഇല്ല തന്നെ. ശ്രീകൃഷ്ണനോളം ധാർമ്മിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഭാരതമെന്ന ഈ പുണ്യഭൂമിയെ നിസ്വാർത്ഥമായി പുണർന്ന മറ്റൊരു ദേശസ്നേഹിയും ഉണ്ടാവുകയുമില്ല. ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും പാത പിന്തുടരുക എന്നതാണ് ഭാരതത്തിന് വിശ്വഗുരുവാകാൻ വേണ്ടി ചെയ്യാനുള്ളത്.

ശ്രീരാമജയം 🕉️🙏🕉️ 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 12 July 2023

ഭാരതീയ പൈതൃകം

 🪔🛕"ഒരു കാരണവുമില്ലാതെ ഹിന്ദു മതത്തിൽ ഒന്നുമില്ല"🛕🪔


1. കേദാർനാഥ്

2. കാളഹസ്തി

3. ഏകാംബരനാഥ- കാഞ്ചി

4. തിരുവണ്ണാമലൈ

5. തിരുവനായിക്കൽ

6. ചിദംബരം നടരാജൻ

7. രാമേശ്വരം

8. കാലേശ്വരം 


ഈ പ്രമുഖ ക്ഷേത്രങ്ങൾക്കിടയിൽ പൊതുവായുള്ള ബന്ധം എന്താണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ?

ഇവയെല്ലാം ശിവക്ഷേത്രങ്ങളാണെന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ, നിങ്ങൾ ഭാഗികമായി മാത്രം ശരിയാണ്.

ഈ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന രേഖാംശമാണ് യഥാർത്ഥത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്നത്


അവയെല്ലാം 79 ° രേഖാംശത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിശയകരവും വിസ്മയകരവുമായ കാര്യം, നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ഈ ക്ഷേത്രങ്ങളുടെ ആർക്കിടെക്റ്റുകൾ എങ്ങനെയാണ് ജിപി‌എസോ അതുപോലുള്ള അത്യാധുനിക സംവിധാനങ്ങളോ ഇല്ലാതെ ഇത്ര കൃത്യമായ സ്ഥലങ്ങളുമായി സൃഷ്ടിക്കപ്പെടുകയോ സ്വയംഭുവാകുകയോ ചെയ്തത്?


1. കേദാർനാഥ് 79.0669 °

2. കാളഹസ്തി 79.7037 °

3. ഏകാംബരനാഥ- കാഞ്ചി 79.7036 °

4. തിരുവണ്ണാമലൈ 79.0747 °

5. തിരുവനായിക്കൽ 78.7108

6. ചിദംബരം നടരാജൻ 79.6954 °

7. രാമേശ്വരം 79.3129 °

8. കാലേശ്വരം 79.9067 °


കേദാർനാഥ് മുതൽ രാമേശ്വരം വരെ നേർരേഖയിൽ നിർമ്മിച്ച ശിവക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ടെന്നറിഞ്ഞാൽ നിങ്ങൾ ആശ്ചര്യപ്പെടും. ഇന്നുവരെ നമുക്ക് മനസിലാക്കാൻ കഴിയാത്ത നമ്മുടെ പൂർവ്വികരുടെ പക്കലുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും എന്താണെന്ന് ചിന്തിച്ചോ? ഉത്തരാഖണ്ഡിലെ കേദാർനാഥ്, തെലങ്കാനയിലെ കാലേശ്വരം, ആന്ധ്രാപ്രദേശിലെ കാളഹസ്തി, തമിഴ്‌നാട്ടിലെ അഖേശേശ്വർ, ചിദംബരം, ഒടുവിൽ രാമേശ്വരം ക്ഷേത്രങ്ങൾ 79 ° E 41 '54 "രേഖാംശത്തിന്റെ ഭൗമശാസ്ത്ര നേർരേഖയിൽ അല്ലെങ്കിൽ അതിനടുത്തായി നിർമ്മിച്ചിരിക്കുന്നു.


ഈ ക്ഷേത്രങ്ങളെല്ലാം പ്രകൃതിയുടെ 5 ഘടകങ്ങളിൽ ലിംഗഭേദം പ്രകടിപ്പിക്കുന്നു, ഇതിനെ ഞങ്ങൾ പഞ്ച് തത്വ എന്ന് സാധാരണ ഭാഷയിൽ വിളിക്കുന്നു. പഞ്ച് തത്വ അതായത് ഭൂമി, ജലം, അഗ്നി, വായു, ആകാശം ഈ അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് ശിവലിംഗങ്ങൾ.


1. തിരുവാനക്വൽ ക്ഷേത്രത്തിൽ ജലത്തെ പ്രതിനിധീകരിക്കുന്നു,


2. അഗ്നിയുടെ പ്രാതിനിധ്യം തിരുവണ്ണാമലയിലാണ്,


3. കാളഹസ്തിയിൽ വായുവിനെ പ്രതിനിധീകരിക്കുന്നു,


4. കാഞ്ചിപുരത്ത്  ഭൂമിയെ പ്രതിനിധീകരിക്കുന്നു


5. ചിദംബരം ക്ഷേത്രത്തിൽ സ്ഥലമോ ആകാശമോ പ്രതിനിധീകരിക്കുന്നു.


ഈ അഞ്ച് ക്ഷേത്രങ്ങൾ വാസ്തു-വിജ്ഞാനവേദത്തിന്റെ അതിശയകരമായ ഇണചേരലിനെ പ്രതിനിധീകരിക്കുന്നു.


ഈ ക്ഷേത്രങ്ങളിൽ ഭൂമിശാസ്ത്രപരമായും പ്രത്യേകതയുണ്ട്. ഈ അഞ്ച് ക്ഷേത്രങ്ങൾ യോഗ സയൻസ് അനുസരിച്ച് നിർമ്മിച്ചവയാണ്, അവ പരസ്പരം ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ വിന്യാസത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യശരീരത്തെ ബാധിക്കുന്ന ശാസ്ത്രം തീർച്ചയായും ഉണ്ടാകും.


ആ സ്ഥലങ്ങളുടെ അക്ഷാംശവും രേഖാംശവും അളക്കാൻ ഉപഗ്രഹ സാങ്കേതികവിദ്യ ലഭ്യമല്ലാത്തപ്പോൾ ഏകദേശം നാലായിരം വർഷങ്ങൾക്ക് മുമ്പ് ഈ ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടു. അഞ്ച് ക്ഷേത്രങ്ങൾ എങ്ങനെ കൃത്യമായി സ്ഥാപിക്കപ്പെട്ടു? ദൈവത്തിന് മാത്രം അറിയാം.


കേദാർനാഥിനും രാമേശ്വരത്തിനും ഇടയിൽ 2383 കിലോമീറ്റർ ദൂരമുണ്ട്. എന്നാൽ ഈ ക്ഷേത്രങ്ങളെല്ലാം ഏതാണ്ട് ഒരേ സമാന്തര വരിയിൽ വരുന്നു. എല്ലാത്തിനുമുപരി, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, ഈ ക്ഷേത്രങ്ങൾ സമാന്തരമായി നിർമ്മിച്ച സാങ്കേതികത ഇന്നും ഒരു രഹസ്യമാണ്. 


ശ്രീ കാളഹസ്തി ക്ഷേത്രത്തിലെ വിളക്ക് അത് ആകാശത്തെ പ്രതിനിധീകരിക്കുന്നു. 


തിരുവാണിക്ക ക്ഷേത്രത്തിന്റെ അകത്തെ പീഠഭൂമിയിലെ നീരുറവ കാണിക്കുന്നത് ജല-ലിംഗത്തെ പ്രതിനിധീകരിക്കുന്നു എന്നാണ്. 


അണ്ണാമലൈ കുന്നിലെ കൂറ്റൻ വിളക്ക് അഗ്നി ലിംഗത്തെ പ്രതിനിധീകരിക്കുന്നു.


കാഞ്ചീപുരത്തെ മണലിലെ സ്വയംഭു ലിംഗം കാണിക്കുന്നത് ഭൂമിയിലെ ലിംഗത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും. 


ചിദാംബരം എന്ന അസമമായ (നിരാകർ) അവസ്ഥയെ പ്രതിനിധീകരിക്കുന്നത് ദൈവത്തിന്റെ അദൃശ്യമായ, ആകാശ ഘടകമാണെന്നും മനസ്സിലാക്കാനാവും.


ഇപ്പോഴും അതിശയിപ്പിക്കുന്ന കാര്യം, പ്രപഞ്ചത്തിലെ അഞ്ച്ഘടകങ്ങളെ പ്രതിനിധീകരിക്കുന്ന അഞ്ച് ലിംഗങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് സമാനമായ ഒരു വരിയിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. 


ആധുനിക ശാസ്ത്രത്തെ പോലും വേർതിരിച്ചറിയാത്ത ഒരു ശാസ്ത്ര സാങ്കേതികവിദ്യ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുന്നേ നമുക്കുണ്ടെന്ന നമ്മുടെ പൂർവ്വികരുടെ അറിവിലും ഇന്റലിജൻസിലും നാം അഭിമാനിക്കണം. 

കേദാർനാഥ് മുതൽ രാമേശ്വരം വരെയുള്ള നേർരേഖയിൽ കിടക്കുന്ന അഞ്ച് ക്ഷേത്രങ്ങൾ മാത്രമല്ല ഈ നിരയിലെ നിരവധി ക്ഷേത്രങ്ങളും കൂടിയാണെന്ന് വിശ്വസിക്കപ്പെടുന്നു. 


ഈ വരിയെ "ശിവശക്തി ആകാശ് രേഖ" എന്നും വിളിക്കുന്നു. 81.3119 ° E ൽ വരുന്ന പ്രദേശങ്ങളിൽ കൈലാഷ് ക്ഷേത്രം മുഴുവൻ സൂക്ഷിച്ചുകൊണ്ട് ഇത് നിർമ്മിക്കാൻ സാധ്യതയുണ്ട്. ദൈവത്തിന് മാത്രം അറിയുന്ന ഉത്തരം ..


അതിശയകരമായ മറ്റൊരു  കാര്യം മഹാകൽ ശിവ ജ്യോതിർലിംഗങ്ങൾ തമ്മിലുള്ള ബന്ധം എന്താണ് എന്നുള്ളതാണ്.


ഉജ്ജൈനിൽ നിന്ന് ശേഷിക്കുന്ന ജ്യോതിർലിംഗങ്ങളുടെ ദൂരവും അൽഭുതകരവും രസകരവുമാണ്-


ഉജ്ജൈൻ മുതൽ സോംനാഥ് -777 km


ഉജ്ജൈൻ മുതൽ ഓംകരേശ്വർ -111 km


ഉജ്ജൈൻ മുതൽ ഭീമശങ്കർ -666 km


ഉജ്ജൈനിൽ നിന്ന് കാശി വിശ്വനാഥ് -999 km


ഉജ്ജൈനിൽ നിന്ന് മല്ലികാർജുൻ -999 km


ഉജ്ജൈനിൽ നിന്നുള്ള കേദാർനാഥ് -888 km


ഉജ്ജൈൻ മുതൽ ട്രയാൻ‌ബാകേശ്വർ -555 km


ഉജ്ജൈൻ മുതൽ ബൈജ്നാഥ് -999 km


ഉജ്ജൈനിൽ നിന്ന് രാമേശ്വരത്തേക്ക് 1999 km


ഉജ്ജൈൻ മുതൽ നൗഷേശ്വര -555 km


ഒരു കാരണവുമില്ലാതെ ഹിന്ദുമതത്തിൽ ഒന്നുമില്ല. ഉജ്ജൈൻ ഭൂമിയുടെ കേന്ദ്രമായി കണക്കാക്കപ്പെടുന്നു. സനാധന ധർമ്മത്തിലെ ഒരു കേന്ദ്രമെന്ന നിലയിൽ, 

ഉജ്ജൈനിലെ സൂര്യനെയും ജ്യോതിഷത്തെയും കണക്കാക്കുന്നതിനുള്ള മനുഷ്യനിർമിത ഉപകരണവും ഏകദേശം 2050 വർഷം മുമ്പ് സൃഷ്ടിക്കപ്പെട്ടു.



ഏതാണ്ട് 100 വർഷം മുമ്പ് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ എർത്ത് ഇമാജിനറിയിലെ സാങ്കൽപ്പിക രേഖ സൃഷ്ടിച്ചപ്പോൾ അതിന്റെ കേന്ദ്രഭാഗം ഉജ്ജൈൻ ആയിരുന്നു. ഇന്നും സൂര്യനെക്കുറിച്ചും, ബഹിരാകാശത്തെക്കുറിച്ചും അറിയാൻ ലോകത്തിലെ എല്ലാശാസ്ത്രജ്ഞന്മാരും ഉജ്ജൈനിലേക്കു തന്നെയാണ് എത്തുന്നത്. ഒന്നുകൂടി ആവർത്തിച്ച് പറയട്ടെ "ഒരു കാരണവുമി ല്ലാതെ ഹിന്ദു മതത്തിൽ ഒന്നുമില്ല"


(കടപ്പാട്)


♟️             🧘‍♀️ 🧘‍♂️            ♟️

Saturday, 8 July 2023

"സദ്‌ഗുരു മഹാവതാര്‍ ബാബാജി

ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് പ്രകൃതി നിയമമാണ്, അഥവാ ജൈവ സവിശേഷതയാണ്. ജനനവും, മരണവും സംബന്ധിച്ച തിയറികൾ ലോകത്തിലെ എല്ലാ മതങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ, ഒരു പടി കൂടി കടന്ന് 'പുനർജന്മം' എന്ന സങ്കല്പം അഥവാ നിഗൂഡമായ സത്യം ഭാരതീയ പൗരാണിക തത്വശാസ്ത്രങ്ങളും ഭഗവദ്ഗീതയും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഇന്ന് ആധുനിക ശാസ്ത്ര ലോകവും, പുനർജന്മത്തിന് നിരവധി തെളിവുകൾ പുറത്ത് വിട്ടിട്ടുണ്ട്.)



അതിനുമുപരി, ചിരംജ്ഞീവി, അഥവാ മരണമേയില്ലാത്തവർ അല്ലെങ്കിൽ മരണത്തെ അതിജീവിച്ചവർ എന്നതും ഹിന്ദു പുരാണങ്ങളിലുണ്ട്. 


"അശ്വത്ഥാമാ ബലിർവ്യാസോ

ഹനൂമാംശ്ച വിഭീഷണഃ

കൃപഃ പരശുരാമശ്ച

സപ്തൈതേ ചിരജീവിനഃ"

എന്ന് മഹാഭാരതം പറയുന്നു. 


അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നിവരെയാണ് ചിരഞ്ജീവികളായ ഏഴ് പേരായി മഹാഭാരതം പറയുന്നത്. 



ദുർവ്വാസാവ് മഹർഷിയടക്കം ഒട്ടനേകം യോഗികളും, അതി നിഗൂഡമായ യോഗ വിദ്യകൾ സ്വായത്തമാക്കി മരണത്തെ അതിജീവിച്ചതായി പിന്നീടുള്ള പല ഗ്രന്ഥങ്ങളും പറയുന്നു. 


ആധുനിക കാലത്ത്, അതായത് ക്രിസ്തുവിന് ശേഷം ജനിക്കുകയും ഇന്നും മാറ്റമില്ലാത്ത യുവത്വത്തോടെ ജീവിക്കുകയും, ശങ്കരാചാര്യർ മുതൽ ഇന്നും ജീവിച്ചിരിക്കുന്ന നമ്മുടെ തിരുവനന്തപുരത്തുകാരൻ, യോഗഗുരു ശ്രീ എം (മുംതാസ് അലി) വരെ നേരിൽ കണ്ടിട്ടുള്ളതുമായ "മഹാവതാര്‍ ബാബാജിയുടെ 1817 ആം ജന്മദിനമാണ് ഇന്ന്". സര്‍വ്വവ്യാപിയായ ഗുരുനാഥന് പിറന്നാള്‍ ആശംസകൾ. 


ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" എന്ന ഉത്കൃഷ്ടവും ജീവസുറ്റതുമായ സാഹിത്യ സൃഷ്ടിയിലൂടെയാണ് സര്‍വ്വവ്യാപിയായ ഈ ഗുരുവിനെ പറ്റി ലോകമറിയുന്നത്.


തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്ന സ്ഥലത്ത് " 203 AD , NOVEMBER 30" ന് രോഹിണി നക്ഷത്രത്തിലാണ് "മഹാവതാര്‍ നാഗരാജ്‌ ബാബാജി" എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. എന്നാൽ ബാബാജിയുടെ ജനനം ഭോഗർനാഥിന്റ്റെ കാലത്ത്, അതായത് 2500 വർഷങ്ങൾക്ക് മുകളിലാണ് എന്നും ഒരു വാദമുണ്ട്. Krishna Priya ('നേരിൽ കാണുമ്പോൾ ഞാൻ ചോദിക്കാൻ വച്ചിരിക്കുന്ന ഒരു ചോദ്യമാണിത്😍) 



വൃശ്ചികത്തിലെ കാർത്തിക ദീപാഘോഷവേളയിലായിരുന്നു അദ്ദേഹത്തിന്റ്റെ ജനനം.   

മലബാര്‍ തീരത്തുള്ള ഗ്രാമത്തില്‍ നിന്ന്, കടലോര ഗ്രാമമായ പറങ്കിപേട്ടയിലേക്ക്,  കടലോരത്ത് കുടിയേറി പാര്‍ത്ത കുടുടബത്തിലാണ് അദ്ദേഹം ജനിച്ചത്.  നാഗരാജന്‍റെ അച്ഛന്‍ ഗ്രാമത്തിലെ ശിവന്‍ കോവിലിലെ പൂജാരിയായിരുന്നു. മുരുകപ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും "കുമാരസ്വാമി ദേവസ്ഥാനം " എന്ന പേരില്‍ അവിടെയുണ്ട്. 


ഗ്രാമത്തിലെ ഒരു ഉത്സവ ആഘോഷ വേളയിൽ നാടോടികളായ പഠാണികൾ അഞ്ചു വയസ്സുകാരനായ ഈ ചൈതന്യമുള്ള ബാലനെ തട്ടികൊണ്ടു പോയി. ബംഗാളിലെ അടിമചന്തയിൽ വച്ച് ഒരു കൂട്ടം സന്യാസിമാർ അപൂർവ്വ തേജസ്സുള്ള ഈ ബാലനെ കണ്ടു.   


ശ്രീലങ്കയിലെ അതി പ്രശസ്തമായ മുരുക ക്ഷേത്രമായ കതിർഗാമ (കതിര്‍ഗ്രാമം) ത്തിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്നു ഈ സംഘം പഠാണികളിൽ നിന്നും വില നൽകി ഈ കുട്ടിയെ വാങ്ങി തങ്ങളുടെ കൂടെ ചേർത്തു. 


മുരുക ഭഗവാൻ, വള്ളീഭഗവതിയെ കല്യാണം കഴിച്ചതും ജീവിച്ചതും കതിർഗ്രാമത്തിലാണ്. ഇന്നും അവർ ജീവിച്ച ഗുഹ "സെല്ലേ കതിർഗാമ" എന്ന ക്ഷേത്രമായി അവിടെയുണ്ട്. (2007-ൽ, ശ്രീ രജിത് ജിക്ക് ലഭിച്ച സ്വപ്ന ദർശനത്തിന്റ്റെ അടിസ്ഥാനത്തിൽ അവിടെ പോകുവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു) Rejith Kumar


കതിർഗാമയിൽ മുരുക ഭഗവാന്റ്റെ പതിനെട്ട് സിദ്ധരായ ശിഷ്യന്മാരിൽ പ്രമുഖനും, പളനി ക്ഷേത്രം സ്ഥാപിച്ച ആളുമായ മഹർഷി ഭോഗനാഥരുടെ ശിഷ്യത്വം നാഗരാജ് സ്വീകരിച്ചു.  


വേദങ്ങളും ഉപനിഷത്തുക്കളും മറ്റുപുരാണങ്ങളും ഹൃദിസ്ഥമാക്കിയിട്ടും ആ ബാലന് പൂര്‍ണ്ണമായ സംതൃപ്തി തോന്നിയില്ല. അങ്ങനെ ഭോഗരിൽ നിന്നും,

യോഗ സാധനയും ധ്യാനക്രിയായോഗങ്ങളും അഭ്യസിച്ച നാഗരാജന്‍ ,ക്രിയയോഗത്തിലെ സൂഷ്മവശങ്ങള്‍ ഹൃദിസ്ഥമാക്കി അത്യുന്നതമേഖലകളില്‍ എത്തിചേര്‍ന്നു.


സിദ്ധാന്തയോഗയും ക്രിയാകുണ്ഡലിനീ പ്രാണായാമസാധനയും ക്രിയാ യോഗസിദ്ധാന്തത്തിലെ അത്യപൂര്‍വ്വ യോഗവിദ്യകളും കൈവരിക്കുന്നതിനായി മഹാചാര്യനായ 'അഗസ്ത്യമുനി"യെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്താന്‍ ഭോഗനാഥര്‍, നാഗരാജിനോട് നിര്‍ദേശിച്ചു.



യുഗങ്ങള്‍ക്കുമുന്‍പ് ഹിമാലയത്തിലെ, അമര്‍നാഥ് ഗുഹയില്‍ വച്ച് ശ്രീപരമശിവന്നാണ് പാര്‍വ്വതിദേവിക്ക് "ക്രിയാകുണ്ഡലിനീ പ്രാണായാമയോഗവിദ്യ" ആദ്യം ഉപദേശിച്ചു കൊടുത്തത്. പിന്നീട് ഭഗവാന്‍, അത് അഗസ്ത്യര്‍ക്കും, നന്ദിദേവനും, തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തു. 


തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈമലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യമുനിയെ പ്രത്യക്ഷപ്പെടുത്തി.


'ക്രിയാകുണ്ഡലിനീപ്രാണായാമയോഗ' വിദ്യയുടെ രഹസ്യം മനസ്സിലാക്കുകയും ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ദുര്‍ഘടമായ വഴിയിലൂടെ സന്തോപാന്ത്‌ തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യര്‍ നാഗരാജനെ അനുഗ്രഹിച്ചു .


പൊതിഗൈമലയില്‍ നിന്നും ബദരിനാഥില്‍ എത്തിയ നാഗരാജന്‍, വ്യാസ മഹര്‍ഷി മഹാഭാരതം രചിച്ച ,സരസ്വതി നദീതീരത്തുള്ള വ്യാസഗുഹയില്‍ തുടര്‍ച്ചയായി 18 മാസം ഏകാന്തതപസ്സില്‍ ഏര്‍പ്പെട്ടു. (2019 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മോദിജി ഒരു രാത്രി ഏകാന്തതയിൽ ധ്യാനം ചെയ്തത് ഇവിടെയാണ്)


ഭോഗനാഥരില്‍ നിന്നും അഗസ്ത്യരില്‍ നിന്നും അഭ്യസിച്ച എല്ലാവിധ ക്രിയായോഗകളും ഈ തപസ്സിനിടയില്‍ ആവര്‍ത്തിച്ച് പരിശീലിച്ച നാഗരാജിന്, മാനസികവും അഭൌമവും അലൌകികവുമായ മാറ്റം ഉണ്ടാകുകയും ,അദ്ദേഹത്തിന്‍റെ ശരീരം " സ്വരൂപസമാധി" എന്ന അവസ്ഥയില്‍ എത്തി ചേരുകയും ചെയ്തു. 


പ്രായത്തിനു അതീതവും ദുഷിപ്പിക്കാനാവാത്തതുമായ അദ്ദേഹത്തിന്‍റെ ഭൌതികശരീരം സുവര്‍ണ്ണപ്രഭയോടെ തിളങ്ങി.  മരണമില്ലാതെ , ചിന്തകള്‍ക്കും അധ്യാത്മിക സിദ്ധാന്തങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും അതീതനായി "ബാബാജി", ഇന്നും കേവലം 25 വയസ്സുള്ള ഒരു യുവാവായി സ്ഥിരം കാണപ്പെടുന്നു. 


സ്വരൂപസമാധിയിലെത്തിയ നാഗരാജന്‍ (ബാബാജി ) , ഈശ്വര സാക്ഷാത്കാരത്തിനായുള്ള തന്‍റെ നിയോഗം  മനസ്സിലാക്കി മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു. 


മഹാമുനി ബാബാജി, മഹാരാജ്, മഹായോഗി, ശിവബാബ, ത്രൃബകബാബ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബാബാജിയെ പറ്റി ഒട്ടനേകം പുസ്തകങ്ങൾ പിന്നീട് രചിക്കപ്പെട്ടു. അതും നേരിൽ കണ്ട ശിഷ്യരുൾപ്പടെ. 


ആദിശങ്കരാചാര്യര്‍ (788 - 820 AD) ,കബീര്‍ (1407-1518 AD) , ലാഹ്രി മഹാശയന്‍ (1828- 1895 AD) ,ശ്രീ യുക്തേശ്വര്‍ ഗിരി മഹാരാജ് (1855- 1936 ) ,സ്വാമി പരമഹംസ യോഗാനന്ദന്‍ (1893- 1952),യോഗി S.A.A രാമയ്യ , VT നീലകണ്‌ഠന്‍ തുടങ്ങിയവര്‍ മഹാവതാര്‍ ബാബാജിയുടെ ശിഷ്യപരമ്പരയിലെ പ്രസിദ്ധരാണ്. 


ശ്രീ രാമയ്യയുടെ സൂചനപ്രകാരം "World Religion & yoga" യുടെ നൂറാമത്തെ പാര്‍ലമെന്റില്‍ സദ്ഗുരു നാഗരാജ്‌ പൊതുജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടും.  2053 ല്‍ !!!


ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" , ശ്രീ എം ന്‍റെ (Mumtaz Ali) ആത്മകഥയായ "ഗുരുസമക്ഷം" , ശ്രീ MK രാമചന്ദ്രന്‍റെ "തപോഭൂമി ഉത്തരാഖണ്ഡ്" ,Neale Donald Walsch ന്‍റെ Conversations with God (1998) ,Robert Monroe ന്‍റെ Ultimate Journey (1994),  സ്വാമി മഹേശ്വരനാഥിന്‍റെ "The hidden power in humans " തുടങ്ങിയ പുസ്തകങ്ങളില്‍ ബാബാജിയെ പറ്റി കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്. 


ഓം ശ്രീഗുരുഭ്യോ നമ: 

ഓം നമഃ ശിവായ..