Friday, 28 July 2023

രാമായണത്തിന്റെ സന്ദേശം. കൈകേയി

 #രാമായണത്തിന്റെ_സന്ദേശം

രാവണവധവും കഴിഞ്ഞു സീതാദേവിയെ വീണ്ടെടുത്ത്, വിജയശ്രീലാളിതനായി ശ്രീരാമചന്ദ്രൻ അയോദ്ധ്യാപുരിയിലെത്തിയ ശേഷം അമ്മമാരെ കാണാനായി ചെന്ന ഒരു സന്ദർഭം രാമായണത്തിൽ പ്രതിപാദിക്കുന്നുണ്ട്. 



ശ്രീരാമചന്ദ്രനും, സീതാദേവിയും, ലക്ഷമണനും, ഒപ്പം ഭരതനും അമ്മമാരെ കാണാനായി കൗസല്യാദേവിയുടെ കൊട്ടാരത്തിലെത്തി. അവിടെയാണ്, ദശരഥപത്നിമാരായ കൗസല്യാദേവിയും, കൈകേയിയും, സുമിത്രയും ദശരഥന്റെ മരണശേഷം കഴിയുന്നത്. 


യാതനകളുടെ സുദീർഘമായ വനവാസത്തിന് ശേഷം എത്തിയ അയോദ്ധ്യയുടെ പ്രിയപുത്രനെ സ്വീകരിക്കാൻ വാദ്യഘോഷ താലപ്പൊലി മേളത്തോടെ കൊട്ടാരം ഒരുങ്ങി. ആനന്ദാശ്രുക്കളുമായി കൗസല്യാദേവിയും, സുമിത്രയും കൊട്ടാരവാതിൽക്കൽ കാത്ത് നിന്നു. എന്നാൽ കൈകേയി മാത്രം പുറത്തേക്ക് വന്നില്ല. 


സ്വാഭാവികമായും, ശ്രീരാമന്റ്റെ വനവാസത്തിന് കാരണഭൂതയായി എന്ന കാരണം കൊണ്ട് എല്ലാവരും കൈകേയിയെ വെറുത്തിരുന്നു. അത് മാത്രമല്ല, ആർക്ക് വേണ്ടിയാണോ കൈകേയി ഇതെല്ലാം ചെയ്തത്, അവരുടെ പുത്രനായ ഭരതനായിരുന്നു കൈകേയിയെ ഏറ്റവും വെറുത്തത്. ഈശ്വരതുല്യനായ സഹോദരനോട് ഇത്രയും ക്രൂരത കാട്ടിയ സ്വമാതാവിനോട് ഭരതൻ ഒരിക്കലും പൊറുത്തില്ല. ശാപവാക്കുകൾ കൊണ്ട് മാത്രമേ അവരെ ഭരതൻ നേരിട്ടിരുന്നുള്ളൂ. ഈ ഉൾഭയം കാരണം, ആരുടേയും മുൻപിൽ വെട്ടപ്പെടാതെ അന്തപ്പുരത്തിനുള്ളിൽ അവർ ഒളിച്ചു.


ശ്രീരാമനും സംഘവുമെത്തി. കൗസല്യാദേവിയും, സുമിത്രയും മറ്റ് അന്തപ്പുരവാസികളും അത്യധികം സ്നേഹാദരങ്ങളോടെ അവരെ എതിരേറ്റു. അമ്മയെ ആശ്ളേശിച്ച ശ്രീരാമൻ ചോദിച്ചു. "കൈകേയിയമ്മ എവിടെ". ഭരതനാണ് മറുപടി പറഞ്ഞത്. "ആ കുലടയെ എന്തിനാണ് അന്വേഷിക്കുന്നത് ജ്യേഷ്ഠാ..ആ രാക്ഷസിയെ കണ്ടാൽ തന്നെ ആശ്രീകരമാണ്.. ഭരതൻ മുരണ്ടു. 


പറഞ്ഞു തീരും മുൻപേ, ഭരതനെ ശ്രീരാമൻ തടഞ്ഞു. 'അങ്ങനെ പറയരുത് ഭരതാ', അമ്മയാണ്, ഒരിക്കലും അങ്ങനെ പറയരുത്' എനിക്ക് കൈകേയിയമ്മയെ കാണണം.  ശ്രീരാമൻ അന്തപ്പുരത്തിനുള്ളിലേക്ക് കടന്നു. അവിടെ എല്ലാവരാലും വെറുക്കപ്പെട്ട കൈകേയിയെ ഭയന്ന് ഒളിച്ച നിലയിൽ ഒരു മൂലയ്ക്ക് ശ്രീരാമൻ കണ്ടെത്തി. ശ്രീരാമൻ തന്നെ വധിക്കുമെന്നവർ ഭയന്നു..  


"അമ്മ എന്താണ് എന്നെ സ്വീകരിക്കാൻ എത്താതിരുന്നത്" യാതൊരു വിദ്വേഷവുമില്ലാതെ കൈകേയിയെ കണ്ടു സ്നേഹപൂർവം ശ്രീരാമൻ അവരെ പാദനമസ്ക്കാരം ചെയ്തു, എഴുന്നേറ്റ് ആശ്ളേഷിച്ചു. കൈകേയിയും മറ്റുള്ളവരും ശ്രീരാമചന്ദ്രന്റ്റെ സ്നേഹം കണ്ടു ശരിക്കും അന്ധാളിച്ചു. ദുഃഖവും, കുറ്റബോധവും കൊണ്ട്  കൈകേയി നിലവിളിയോടെ രാമനെ മുറുകെ പുണർന്നു.. "എന്നോടു ക്ഷമിക്കൂ മകനെ, " ദുഖഭാരത്താൽ മോഹാലസ്യത്തിലേക്ക് വഴുതവെ അവർ പുലമ്പി...


"അവരോട് ദയ കാട്ടരുത് ജ്യേഷ്ഠാ... നിങ്ങളുടെ ഈ ദുരിതങ്ങളുടെയെല്ലാം കാരണം ദുര മൂത്ത ഈയൊരൊറ്റ സ്ത്രീയാണ്", കൈകേയിയെ ചൂണ്ടി ഭരതൻ വീണ്ടും ആക്രോശിച്ചു. ഭരതന്റ്റെ അഭിപ്രായം തന്നെ ആയിരുന്നു ലക്ഷമണനും മറ്റുള്ളവർക്കും.. ഒരു നിമിഷം കൊണ്ട് തങ്ങളുടെ ദുരിതപൂർണ്ണമായ കാനനവാസവും, സീതാപഹരണവും, അതിന്റെ ഫലമായി ഉണ്ടായ ഘോരയുദ്ധവും ദുരിതങ്ങളുമെല്ലാം ലക്ഷമണന്റ്റെ മനോമുകിരത്തിൽ തെളിഞ്ഞു. ഇതിന്റെ സൂത്രധാരയായ കൈകേയിയെ വധിക്കാൻ കോപാക്രാന്തനായ ലക്ഷ്മണൻ മുന്നോട്ടാഞ്ഞു. 


എന്നാൽ ദശരഥനന്ദനൻ അക്ഷോഭ്യനായി വലതു കരമുയർത്തി കൈകേയിയുടെ നേർക്കാഞ്ഞ എല്ലാവരേയും തടഞ്ഞു. എന്നിട്ട് പറഞ്ഞു തുടങ്ങി. സർവ്വതും തകർത്തെറിയുന്ന സംഹാരരുദ്രമായ ചണ്ഡവാതത്തിന് മുന്നിലും കുലുങ്ങാതെ നിൽക്കുന്ന മഹാമേരു പോലെ അക്ഷോഭ്യനായ ശ്രീരാമചന്ദ്രഭഗവാന്റ്റെ മാധുര്യമൂറുന്ന വാക്കുകൾ തേന്മഴ പോലെ തന്നിലേക്ക് പെയ്തിറങ്ങിയതായി കൈകേയിക്ക്  തോന്നി. 


"അനുജാ ഭരതാ, പ്രിയ ലക്ഷമണാ കേൾക്കൂ,  എന്റ്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവങ്ങളുടേയും ഉത്തരവാദി മറ്റാരുമല്ല. ഭഗവാൻ അനുജന്മാരെ ഇരുകരങ്ങളിലുമായി ചേർത്തു കൊണ്ട് പറഞ്ഞു.


'അത് വിധിയാണ്, അഥവാ കർമ്മം... അനന്തകോടി നക്ഷത്ര ജാലങ്ങൽ നിറഞ്ഞ ഈ പ്രപഞ്ചത്തിൽ ജീവാത്മാക്കൾ ഈ പൃഥ്വീ മാതാവിന്റ്റെ മടിയിൽ ജന്മമെടുക്കുന്നത് കർമ്മങ്ങൾ അനുഷ്ഠിക്കാനാണ്. 


ധർമ്മം നിലനിറുത്തുക എന്നതാണ് നമ്മുടെ കർത്തവ്യം. അതിനുള്ള കർമ്മങ്ങൾ അനുഷ്ഠിക്കാനാണ്, നമുക്ക് ഈ ജന്മം ലഭിച്ചത് തന്നെ. കൈകേയിയമ്മയും, ചെയ്തത് വിധി നിശ്ചയിച്ച ആ കർമ്മകാണ്ഡത്തിലെ ഒരു ഭാഗം മാത്രമാണ്. നിങ്ങളാലോചിച്ചു നോക്കൂ,


കൈകേയിയമ്മ അങ്ങനെ ഒരാവശ്യം നമ്മുടെ പിതാവിന്റെ മുന്നിൽ വച്ചില്ലായിരുന്നുവെങ്കിൽ..., ഭാരതപർവ്വം മുഴുവൻ യാത്ര ചെയ്യാനും, അധർമ്മിയായ രാവണനേയും, രാക്ഷസസേനയേയും ഈ ഭൂമുഖത്തു നിന്നും തുടച്ചു നീക്കുവാനും എനിക്ക് സാധിക്കുമായിരുന്നോ ?.. ധർമ്മം ആവശ്യപ്പെടുന്ന കർമ്മങ്ങൾ ഏറ്റെടുക്കാൻ അവസരം വരുമ്പോൾ ഞാൻ ഒരിക്കലും മടിക്കാതെയിരിക്കുന്നതിനും കാരണമിതാണ്.. വിധി നമുക്കു അവസരം തരും. അതേറ്റെടുത്ത് മുന്നോട്ട് നീങ്ങിയാൽ വിജയവും യശസ്സും വന്ന് ചേരും. ഇല്ലെങ്കിലോ, ദശരഥപുത്രനായ രാമനെ ആര് അറിയുമായിരുന്നു..?, അതിനാൽ ദേഷ്യം വെടിയൂ സഹോദരന്മാരെ.. മാതാവിനെ ആശ്ലേഷിക്കൂ ഭരതാ"... ശ്രീരാമൻ പറഞ്ഞു നിറുത്തി..


ശ്രീരാമൻ വനവാസത്തിലായിരുന്ന പതിനാലു വർഷവും കൈകേയിയെ കാണാൻ ഭരതൻ വിസമ്മതിച്ചിരുന്നു. ഈ അവസരത്തിൽ രാമന്റെ വാക്കുകൾ ഭരതന്റ്റെ തെറ്റിധാരണകൾ മാറ്റുകയും, ഭരതൻ, കൈകേയിയെ വന്ദിക്കുകയും ചെയ്തു. എന്നാൽ കൈകേയിയാകട്ടെ, തന്നോടു പിണക്കം കാണിച്ച മകനെ മൂർദ്ധാവിൽ ചുംബിച്ച് ആലിംഗനം ചെയ്തു. അത് അമ്മയുടെ മഹത്വം..


ഇങ്ങനെ സമ്പൂർണ്ണമായി മനുഷ്യ ധർമ്മങ്ങളെ കൃത്യമായി വ്യാഖ്യാനിക്കുകയും എത്ര കഷ്ടതകൾ നിറഞ്ഞതാണെങ്കിലും, പ്രതീക്ഷകൾ കൈവിടാതെയും, ധർമ്മം വെടിയാതെയും ജീവിക്കാനും പ്രേരിപ്പിക്കുന്ന എത്രയെത്ര സന്ദർഭങ്ങൾ...!!!


അനാദി കാലത്ത് രചിക്കപ്പെട്ട 'ആദികാവ്യമായ' രാമായണം' , ഇന്നുമൊരു മഹാൽഭുതമായി നിലനിൽക്കുന്നത് വെറുതെയല്ല.. സാധാരണ മനുഷ്യർക്ക് ഒരു സമാധാന പൂർണ്ണമായ ജീവിതം ജീവിച്ചു തീർക്കാൻ "രാമായണം" നൽകുന്ന പാഠങ്ങൾ തന്നെ ധാരാളമാണ്. ഭാരതമെന്ന ഈ മഹത് ദേശത്തിന്റെ ജീവനാഡികളിൽ രാമായണം അലിഞ്ഞു ചേർന്നിരിക്കുന്നതിനും കാരണം മറ്റൊന്നല്ല. 


രഞ്ജിത്ത് ഗോപാലകൃഷ്ണൻ


ശ്രീരാമജയം🙏🕉️🙏

Repost

No comments:

Post a Comment