ജനിച്ചാൽ ഒരിക്കൽ മരിക്കണം. അത് പ്രകൃതി നിയമമാണ്, അഥവാ ജൈവ സവിശേഷതയാണ്. ജനനവും, മരണവും സംബന്ധിച്ച തിയറികൾ ലോകത്തിലെ എല്ലാ മതങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ, ഒരു പടി കൂടി കടന്ന് 'പുനർജന്മം' എന്ന സങ്കല്പം അഥവാ നിഗൂഡമായ സത്യം ഭാരതീയ പൗരാണിക തത്വശാസ്ത്രങ്ങളും ഭഗവദ്ഗീതയും കൃത്യമായി പറഞ്ഞിട്ടുണ്ട്. (ഇന്ന് ആധുനിക ശാസ്ത്ര ലോകവും, പുനർജന്മത്തിന് നിരവധി തെളിവുകൾ പുറത്ത് വിട്ടിട്ടുണ്ട്.)
അതിനുമുപരി, ചിരംജ്ഞീവി, അഥവാ മരണമേയില്ലാത്തവർ അല്ലെങ്കിൽ മരണത്തെ അതിജീവിച്ചവർ എന്നതും ഹിന്ദു പുരാണങ്ങളിലുണ്ട്.
"അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ"
എന്ന് മഹാഭാരതം പറയുന്നു.
അശ്വത്ഥാമാവ്, മഹാബലി, വ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപൻ, പരശുരാമൻ എന്നിവരെയാണ് ചിരഞ്ജീവികളായ ഏഴ് പേരായി മഹാഭാരതം പറയുന്നത്.
ദുർവ്വാസാവ് മഹർഷിയടക്കം ഒട്ടനേകം യോഗികളും, അതി നിഗൂഡമായ യോഗ വിദ്യകൾ സ്വായത്തമാക്കി മരണത്തെ അതിജീവിച്ചതായി പിന്നീടുള്ള പല ഗ്രന്ഥങ്ങളും പറയുന്നു.
ആധുനിക കാലത്ത്, അതായത് ക്രിസ്തുവിന് ശേഷം ജനിക്കുകയും ഇന്നും മാറ്റമില്ലാത്ത യുവത്വത്തോടെ ജീവിക്കുകയും, ശങ്കരാചാര്യർ മുതൽ ഇന്നും ജീവിച്ചിരിക്കുന്ന നമ്മുടെ തിരുവനന്തപുരത്തുകാരൻ, യോഗഗുരു ശ്രീ എം (മുംതാസ് അലി) വരെ നേരിൽ കണ്ടിട്ടുള്ളതുമായ "മഹാവതാര്‍ ബാബാജിയുടെ 1817 ആം ജന്മദിനമാണ് ഇന്ന്". സര്‍വ്വവ്യാപിയായ ഗുരുനാഥന് പിറന്നാള്‍ ആശംസകൾ.
ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" എന്ന ഉത്കൃഷ്ടവും ജീവസുറ്റതുമായ സാഹിത്യ സൃഷ്ടിയിലൂടെയാണ് സര്‍വ്വവ്യാപിയായ ഈ ഗുരുവിനെ പറ്റി ലോകമറിയുന്നത്.
തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്ന സ്ഥലത്ത് " 203 AD , NOVEMBER 30" ന് രോഹിണി നക്ഷത്രത്തിലാണ് "മഹാവതാര്‍ നാഗരാജ് ബാബാജി" എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. എന്നാൽ ബാബാജിയുടെ ജനനം ഭോഗർനാഥിന്റ്റെ കാലത്ത്, അതായത് 2500 വർഷങ്ങൾക്ക് മുകളിലാണ് എന്നും ഒരു വാദമുണ്ട്. Krishna Priya ('നേരിൽ കാണുമ്പോൾ ഞാൻ ചോദിക്കാൻ വച്ചിരിക്കുന്ന ഒരു ചോദ്യമാണിത്😍)
വൃശ്ചികത്തിലെ കാർത്തിക ദീപാഘോഷവേളയിലായിരുന്നു അദ്ദേഹത്തിന്റ്റെ ജനനം.
മലബാര്‍ തീരത്തുള്ള ഗ്രാമത്തില്‍ നിന്ന്, കടലോര ഗ്രാമമായ പറങ്കിപേട്ടയിലേക്ക്, കടലോരത്ത് കുടിയേറി പാര്‍ത്ത കുടുടബത്തിലാണ് അദ്ദേഹം ജനിച്ചത്. നാഗരാജന്‍റെ അച്ഛന്‍ ഗ്രാമത്തിലെ ശിവന്‍ കോവിലിലെ പൂജാരിയായിരുന്നു. മുരുകപ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും "കുമാരസ്വാമി ദേവസ്ഥാനം " എന്ന പേരില്‍ അവിടെയുണ്ട്.
ഗ്രാമത്തിലെ ഒരു ഉത്സവ ആഘോഷ വേളയിൽ നാടോടികളായ പഠാണികൾ അഞ്ചു വയസ്സുകാരനായ ഈ ചൈതന്യമുള്ള ബാലനെ തട്ടികൊണ്ടു പോയി. ബംഗാളിലെ അടിമചന്തയിൽ വച്ച് ഒരു കൂട്ടം സന്യാസിമാർ അപൂർവ്വ തേജസ്സുള്ള ഈ ബാലനെ കണ്ടു.
ശ്രീലങ്കയിലെ അതി പ്രശസ്തമായ മുരുക ക്ഷേത്രമായ കതിർഗാമ (കതിര്‍ഗ്രാമം) ത്തിലേക്ക് തീർത്ഥാടനത്തിന് പോവുകയായിരുന്നു ഈ സംഘം പഠാണികളിൽ നിന്നും വില നൽകി ഈ കുട്ടിയെ വാങ്ങി തങ്ങളുടെ കൂടെ ചേർത്തു.
മുരുക ഭഗവാൻ, വള്ളീഭഗവതിയെ കല്യാണം കഴിച്ചതും ജീവിച്ചതും കതിർഗ്രാമത്തിലാണ്. ഇന്നും അവർ ജീവിച്ച ഗുഹ "സെല്ലേ കതിർഗാമ" എന്ന ക്ഷേത്രമായി അവിടെയുണ്ട്. (2007-ൽ, ശ്രീ രജിത് ജിക്ക് ലഭിച്ച സ്വപ്ന ദർശനത്തിന്റ്റെ അടിസ്ഥാനത്തിൽ അവിടെ പോകുവാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നു) Rejith Kumar
കതിർഗാമയിൽ മുരുക ഭഗവാന്റ്റെ പതിനെട്ട് സിദ്ധരായ ശിഷ്യന്മാരിൽ പ്രമുഖനും, പളനി ക്ഷേത്രം സ്ഥാപിച്ച ആളുമായ മഹർഷി ഭോഗനാഥരുടെ ശിഷ്യത്വം നാഗരാജ് സ്വീകരിച്ചു.
വേദങ്ങളും ഉപനിഷത്തുക്കളും മറ്റുപുരാണങ്ങളും ഹൃദിസ്ഥമാക്കിയിട്ടും ആ ബാലന് പൂര്‍ണ്ണമായ സംതൃപ്തി തോന്നിയില്ല. അങ്ങനെ ഭോഗരിൽ നിന്നും,
യോഗ സാധനയും ധ്യാനക്രിയായോഗങ്ങളും അഭ്യസിച്ച നാഗരാജന്‍ ,ക്രിയയോഗത്തിലെ സൂഷ്മവശങ്ങള്‍ ഹൃദിസ്ഥമാക്കി അത്യുന്നതമേഖലകളില്‍ എത്തിചേര്‍ന്നു.
സിദ്ധാന്തയോഗയും ക്രിയാകുണ്ഡലിനീ പ്രാണായാമസാധനയും ക്രിയാ യോഗസിദ്ധാന്തത്തിലെ അത്യപൂര്‍വ്വ യോഗവിദ്യകളും കൈവരിക്കുന്നതിനായി മഹാചാര്യനായ 'അഗസ്ത്യമുനി"യെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്താന്‍ ഭോഗനാഥര്‍, നാഗരാജിനോട് നിര്‍ദേശിച്ചു.
യുഗങ്ങള്‍ക്കുമുന്‍പ് ഹിമാലയത്തിലെ, അമര്‍നാഥ് ഗുഹയില്‍ വച്ച് ശ്രീപരമശിവന്നാണ് പാര്‍വ്വതിദേവിക്ക് "ക്രിയാകുണ്ഡലിനീ പ്രാണായാമയോഗവിദ്യ" ആദ്യം ഉപദേശിച്ചു കൊടുത്തത്. പിന്നീട് ഭഗവാന്‍, അത് അഗസ്ത്യര്‍ക്കും, നന്ദിദേവനും, തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തു.
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈമലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യമുനിയെ പ്രത്യക്ഷപ്പെടുത്തി.
'ക്രിയാകുണ്ഡലിനീപ്രാണായാമയോഗ' വിദ്യയുടെ രഹസ്യം മനസ്സിലാക്കുകയും ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ദുര്‍ഘടമായ വഴിയിലൂടെ സന്തോപാന്ത് തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യര്‍ നാഗരാജനെ അനുഗ്രഹിച്ചു .
പൊതിഗൈമലയില്‍ നിന്നും ബദരിനാഥില്‍ എത്തിയ നാഗരാജന്‍, വ്യാസ മഹര്‍ഷി മഹാഭാരതം രചിച്ച ,സരസ്വതി നദീതീരത്തുള്ള വ്യാസഗുഹയില്‍ തുടര്‍ച്ചയായി 18 മാസം ഏകാന്തതപസ്സില്‍ ഏര്‍പ്പെട്ടു. (2019 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മോദിജി ഒരു രാത്രി ഏകാന്തതയിൽ ധ്യാനം ചെയ്തത് ഇവിടെയാണ്)
ഭോഗനാഥരില്‍ നിന്നും അഗസ്ത്യരില്‍ നിന്നും അഭ്യസിച്ച എല്ലാവിധ ക്രിയായോഗകളും ഈ തപസ്സിനിടയില്‍ ആവര്‍ത്തിച്ച് പരിശീലിച്ച നാഗരാജിന്, മാനസികവും അഭൌമവും അലൌകികവുമായ മാറ്റം ഉണ്ടാകുകയും ,അദ്ദേഹത്തിന്‍റെ ശരീരം " സ്വരൂപസമാധി" എന്ന അവസ്ഥയില്‍ എത്തി ചേരുകയും ചെയ്തു.
പ്രായത്തിനു അതീതവും ദുഷിപ്പിക്കാനാവാത്തതുമായ അദ്ദേഹത്തിന്‍റെ ഭൌതികശരീരം സുവര്‍ണ്ണപ്രഭയോടെ തിളങ്ങി. മരണമില്ലാതെ , ചിന്തകള്‍ക്കും അധ്യാത്മിക സിദ്ധാന്തങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും അതീതനായി "ബാബാജി", ഇന്നും കേവലം 25 വയസ്സുള്ള ഒരു യുവാവായി സ്ഥിരം കാണപ്പെടുന്നു.
സ്വരൂപസമാധിയിലെത്തിയ നാഗരാജന്‍ (ബാബാജി ) , ഈശ്വര സാക്ഷാത്കാരത്തിനായുള്ള തന്‍റെ നിയോഗം മനസ്സിലാക്കി മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു.
മഹാമുനി ബാബാജി, മഹാരാജ്, മഹായോഗി, ശിവബാബ, ത്രൃബകബാബ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബാബാജിയെ പറ്റി ഒട്ടനേകം പുസ്തകങ്ങൾ പിന്നീട് രചിക്കപ്പെട്ടു. അതും നേരിൽ കണ്ട ശിഷ്യരുൾപ്പടെ.
ആദിശങ്കരാചാര്യര്‍ (788 - 820 AD) ,കബീര്‍ (1407-1518 AD) , ലാഹ്രി മഹാശയന്‍ (1828- 1895 AD) ,ശ്രീ യുക്തേശ്വര്‍ ഗിരി മഹാരാജ് (1855- 1936 ) ,സ്വാമി പരമഹംസ യോഗാനന്ദന്‍ (1893- 1952),യോഗി S.A.A രാമയ്യ , VT നീലകണ്‌ഠന്‍ തുടങ്ങിയവര്‍ മഹാവതാര്‍ ബാബാജിയുടെ ശിഷ്യപരമ്പരയിലെ പ്രസിദ്ധരാണ്.
ശ്രീ രാമയ്യയുടെ സൂചനപ്രകാരം "World Religion & yoga" യുടെ നൂറാമത്തെ പാര്‍ലമെന്റില്‍ സദ്ഗുരു നാഗരാജ് പൊതുജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടും. 2053 ല്‍ !!!
ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" , ശ്രീ എം ന്‍റെ (Mumtaz Ali) ആത്മകഥയായ "ഗുരുസമക്ഷം" , ശ്രീ MK രാമചന്ദ്രന്‍റെ "തപോഭൂമി ഉത്തരാഖണ്ഡ്" ,Neale Donald Walsch ന്‍റെ Conversations with God (1998) ,Robert Monroe ന്‍റെ Ultimate Journey (1994), സ്വാമി മഹേശ്വരനാഥിന്‍റെ "The hidden power in humans " തുടങ്ങിയ പുസ്തകങ്ങളില്‍ ബാബാജിയെ പറ്റി കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്.
ഓം ശ്രീഗുരുഭ്യോ നമ:
ഓം നമഃ ശിവായ..
No comments:
Post a Comment