എന്തു കൊണ്ട് രാമായണവും, മഹാഭാരതവും ഭാരതീയരുടെ അഥവാ ഹൈന്ദവരുടെ ഏറ്റവും സമാരാദ്ധ്യങ്ങളായ പുണ്യഗ്രന്ഥങ്ങളായി എന്നറിയുമോ?
യഥാർത്ഥത്തിൽ ഓരോ ഹൈന്ദവനും അഥവാ ഭാരതീയനും വളരെ കൃത്യമായി അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് ഇത്. കാരണം, എന്താണ് ഹിന്ദു, അഥവാ സനാതന ധർമ്മം എന്നതിന്റെ ഉത്തരം കൂടി ഇതിലടങ്ങിയിരിക്കുന്നു.
എന്ന് മാത്രമല്ല അനാദിയായ ഈ പ്രപഞ്ചത്തിൽ ഹൈന്ദവ ധർമ്മിയായിരിക്കുന്നതിൽ അളവറ്റ ആഹ്ളാദവും, അഭിമാനവും, പകരുന്ന തിരിച്ചറിവു കൂടിയാണത്.
അതെന്താണെന്ന് നമുക്ക് നോക്കാം. ഗഹനമായ വിഷയമാണ്. പരമാവധി ലളിതമായി പറയാൻ ശ്രമിക്കാം. എന്തു കൊണ്ട് രാമായണവും, ഭാരതവും എന്നതിന് ഒറ്റ വാചകത്തിൽ ഉത്തരം പറയുക യഥാർത്ഥത്തിൽ സാദ്ധ്യമാണ് പക്ഷെ കാര്യകാരണ സഹിതം അറിഞ്ഞാലേ അതിന്റെ മഹത്വം ഉൾകൊള്ളാനും വസ്തുത ഗ്രഹിക്കാനും സാധിക്കൂ എന്നാദ്യം അറിയുക.
സൃഷ്ടി, സ്ഥിതി, സംഹാരങ്ങൾ നിർവഹിക്കുന്ന ത്രിമൂർത്തി ദേവന്മാരിൽ, സ്ഥിതി അഥവാ ജനനത്തിനും മരണത്തിനുമിടയിൽ പരിപാലനം നടത്തുന്ന മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ പൂർണ്ണ മനുഷ്യാവതാരങ്ങൾ എന്ന് കരുതപ്പെടുന്ന രണ്ട് അവതാരങ്ങളാണ് ശ്രീരാമനും, ശ്രീകൃഷ്ണനും . ഇതിൽ രാമകഥ, രാമായണവും, കൃഷ്ണഗാഥ മഹാഭാരതവും എന്ന് പറയാം. അതിനാൽ ഈ രണ്ട് പുണ്യഗ്രന്ഥങ്ങളും ഭാരതീയർക്ക് "ദൈനംദിന പാരായണ"ത്തിനുള്ള പുണ്യഗ്രന്ഥങ്ങളായി എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാലത് മാത്രമല്ല അഥവാ അതല്ല യഥാർത്ഥ കാരണം.
അതെ. ആ വസ്തുത വിശദമായി അറിഞ്ഞ് മനസ്സിൽ ഉറപ്പിച്ചാൽ നിങ്ങൾക്ക് പ്രപഞ്ചം, ഈശ്വരൻ, ജഗത്ത്, മിഥ്യ എന്നിവയെ കുറിച്ച് കൃത്യമായ ധാരണയും സുഖ-ദുഃഖ സമ്മിശ്രമായ ഈ സംസാരസാഗരം, സമചിത്തതയോടെ, ശാന്തമായി തരണം ചെയ്ത് മനുഷ്യജന്മം കൊണ്ട് പരമാവധിയായി നേടാവുന്ന മോക്ഷപ്രാപ്തിയിലേക്ക് ലയിക്കുവാനുമുള്ള കവാടങ്ങളാണ് ഈ ഗ്രസ്ഥങ്ങളെന്ന് ബോദ്ധ്യമാവുകയും ചെയ്യും. അഥവാ സനാതനധർമ്മം എന്താണെന്ന് ബോദ്ധ്യമാവും.
നാലു വേദങ്ങൾ, പതിനെട്ടു പുരാണങ്ങൾ, ഉപ പുരാണങ്ങൾ, ആരണ്യകങ്ങൾ, ഉപ വേദങ്ങളായ ഉപനിഷത്തുകൾ, ശ്രുതികൾ, സ്യമ്തികൾ, സംഹിതകൾ, ശാസ്ത്രങ്ങൾ, ദർശനങ്ങൾ എന്നു വേണ്ട അസംഖ്യം ഗ്രന്ഥങ്ങളുടെ ഒരു വൈജ്ഞാനിക സാഗരമാണ് ഭാരതീയ ഋഷി പരമ്പരകൾ സഹസ്രാബ്ദങ്ങളിലൂടെ ലോകത്തിന് നൽകിയ സംഭാവന. ബ്രഹത്തായ ഒരു വൈജ്ഞാനിക ഗ്രന്ഥപ്പുരയാണ് നമ്മുടെ പൈതൃകം നൽകിയ പ്രധാന സംഭാവന....!!
ഇവയിൽ സ്മൃതികകളുടെ ഭാഗമാണ് ഇതിഹാസങ്ങളായ രാമായണവും ഭാരതവും. സ്മൃതി എന്നാൽ ഓർമ്മ അഥവാ ചരിത്രം എന്നും വിവക്ഷയുണ്ട്. പൗരാണിക ചരിത്രങ്ങൾ അങ്ങനെ രേഖപ്പെടുത്തിയതാണ് ഈ സ്മൃതികൾ. (കൂട്ടത്തിൽ പറയട്ടെ, മനുസ്മൃതിയും ഇതേ പോലെ ഒരു പൗരാണിക ചരിത്രരേഖ മാത്രമാണ്. മനു എന്ന രാജാവിന്റെ കാലത്തെ ഭരണക്രമം ഉൾപ്പെടെ നിലനിന്നിരുന്ന ചരിത്രം. അത് ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണമാണ് എന്ന വിഡ്ഡിത്തം ഏറെ മുഴങ്ങുന്ന കാലമാണല്ലോ ഇത്. അതിനാൽ സൂചിപ്പിച്ചു എന്ന് മാത്രം.)
ഇത്രയും അതി ബ്രഹത്തായ ഒരു വിജ്ഞാന സാഗരത്തിൽ നിന്നും കേവലം രാമായണവും മഹാഭാരതയും മാത്രം എന്തു കൊണ്ട് ഇത്ര പ്രശസ്തവും, പ്രാമാണികവുമായി എന്നതാണ് പ്രസക്തമായ വിഷയം. അതിലേക്ക് തന്നെ പോകാം.
അതിന് കാരണം ധർമ്മത്തിന്റെ മൂർത്തിമത് അവതാരമായ ഭഗവാൻ ശ്രീരാമനും, ഭഗവദ് ഗീതാകാരനായ പൂർണ്ണാവതാരം ഭഗവാൻ ശ്രീകൃഷ്ണനും തന്നെ. രാമായണവും, മഹാഭാരതവും അതിലെ ഭാഗമായ ഭഗവദ്ഗീതയും മനസ്സിരുത്തി പഠിക്കുന്ന ഒരാൾക്ക് ഒരു ജീവിതം അതിന്റെ സമ്പൂർണ്ണ അർത്ഥത്തിൽ സുഖദുഃഖങ്ങളെയെല്ലാം സമഭാവനയോടെ നിസ്സംഗതയോടെ നേരിടാനും വിജയിക്കാനും, ധർമ്മത്തിലുറച്ച ഒരു ജീവിതം ജീവിക്കാനും സാധിക്കുന്നു.
മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണ്. മനുഷ്യ മനസ്സാകട്ടെ സങ്കീർണ്ണവും, ജിജ്ഞാസാഭരിതവും. !ഈശ്വരൻ അഥവാ ദൈവം ഉണ്ടോ എന്നതു മുതൽ ജനനത്തിന് മുൻപ് തനെവിടെയായിരുന്നു എന്നതും മരിച്ചാൽ എന്താകും എന്ന ആകാംക്ഷയും നാളെയെന്തെന്ന ആശങ്കയും, മരണഭയമെന്ന ആധിയും ഒക്കെ ചേർന്ന സങ്കീർണ്ണതകളാണ് മനുഷ്യമനസ്സ് അഥവാ ബോധമണ്ഡലം..!!
ഇത്തരം ആകുലതകളെയാണ് ലോകമെമ്പാടും ഉടലെടുത്ത വിശ്വാസങ്ങൾ അഥവാ മതങ്ങൾ എന്നും അഭിസംബോധന ചെയ്തതും ചൂഷണം ചെയ്തതും ഇന്നും ചെയ്യുന്നതും. ഇതിന്റെ പേരിലാണ് ലോകത്ത് കാലാകാലങ്ങളായി ദശലക്ഷക്കണക്കിന് ആളുകൾ കൊല ചെയ്യപ്പെട്ടിട്ടുള്ളതും.
കാരണം കാണാമറയെത്തെവിടെയോ ഒരു സ്വർഗ്ഗമുണ്ടെന്നും ആ സ്വർഗ്ഗത്തിന്റെ നാഥനായ ദൈവമാണ് ഈ പ്രപഞ്ച സൃഷ്ടാവെന്നതെന്നും ആ സൃഷ്ടാവിനെ തൃപ്തിപ്പെടുത്താൻ അഥവാ പ്രീതിപ്പെടുത്തി എങ്ങനേലും സ്വർഗ്ഗത്തിൽ കയറിപ്പറ്റുകയാണ് ആകെയുള്ള ജീവിതലക്ഷ്യമെന്നും ഒക്കെ ധരിച്ചുവശായി മനുഷ്യർ സ്വജീവിതം തനിക്കും മറ്റുള്ളവർക്കും നരകതുല്യമാക്കി മാറ്റുന്നതും കൊലപാതകങ്ങളടക്കം ക്രൂരതകൾ ലജ്ജയില്ലാതെ ചെയ്യുന്നതും. ഒരു സഹസ്രാബ്ദത്തിന് മുകളിലായി ഭാരതീയർ ഏറെ വേട്ടയാടപ്പെട്ടതും കൊല്ലപ്പെട്ടതും ഈ അധിനിവേശ മതങ്ങളാലാണ്.
അവരുടെ കണ്ണിൽ ഹിന്ദുക്കൾ ബഹുദൈവ ആരാധനയെന്ന പാപം ചെയ്യുന്നവരത്രേ. അതിൽ നിന്നവരെ തതാന്തങ്ങളുടെ മതങ്ങളിലേക്ക് ആകർഷിക്കുവാൻ വാൾത്തല മുതൽ പാലും പാൽപ്പൊടിയും വരെ ആയുധമാക്കുന്നവർ ഒന്നര സഹസ്രാബ്ദമായി സമ്പൂർണ്ണ അധിനിവേശത്തിനും ആധിപത്യത്തിനും ശ്രമിക്കുന്നു. എന്നിട്ടും ഭാരതം തല ഉയർത്തിപ്പിടിച്ചു നിന്നതിന് കാരണം ഒരു കൈയ്യിൽ രാമായണവും മറുകൈയ്യിൽ ഗീതയും മുറുകിപ്പിടിച്ച് സനാതന ധർമ്മം നിവർന്നു നിന്നതുകൊണ്ടാണ്.
ബുദ്ധൻ നടത്തിയ അധിനിവേശം ഭാരതത്തിന്റെ നാലരതിരുകൾക്ക് പുറത്തേക്ക് ഓടിക്കാൻ ശങ്കരനും ബ്രിട്ടീഷ് നുകത്തിന് കീഴിൽ ഞെരിഞ്ഞമർന്ന് ഹതാശരായ ഒരു ജനതയുടെ സിരകളിലേക്ക് ഊർജ്ജം പകർന്ന് ഒരു ഉയർത്തെഴുന്നേൽപ്പിന് പാകമാക്കാൻ വിവേകാനന്ദനും അവതാരമെടുത്തത് ഭഗവാൻ കൃഷ്ണൻ ഭഗവദ്ഗീതയിൽ' പറഞ്ഞതു പോലെയായിരുന്നു.
യദാ യദാഹിധര്‍മ്മസ്യ
ഗ്ലാനിര്‍ഭവതിഭാരത
അഭ്യുത്ഥാനമധര്‍മ്മസ്യ
തദാത്മാനം സ്രുജാമ്രുഹം
പരിത്രാണായ സാധൂന
വിനാശായ ചദുഷ്‌ക്രുതാം
ധര്‍മ്മ സംസ്‌ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ
ഏതേതുകാലത്തില്‍ ധര്‍മ്മത്തിനു ഗ്ലാനി (ഹാനി)യും അധര്‍മ്മത്തിന് ആധിക്യവും ഉണ്ടാകുന്നുവോ, അതതു കാലത്തില്‍ ഞാന്‍ എന്റെ മായ കൊണ്ട് എന്നെത്തന്നെ സൃഷ്ടിക്കുന്നു. (സ്വയം അവതരിക്കുന്നു.)
ഇത് ഭഗവാൻ നൽകുന്ന ഉറപ്പ്. ജനനവും, ജീവിതവും മരണവുമെല്ലാം മായാബന്ധിതമായ മിഥ്യ മാത്രമാണെന്നും ജന്മജന്മാന്തരങ്ങളിലൂടെ കർമ്മാനുസൃതമായി ആത്മാവു നടത്തുന്ന യാത്രയാണ് ജീവനെന്നും മരണത്തിനപ്പുറം ഭയപ്പെടേണ്ട ഒന്നുമില്ലെന്നും മറിച്ച് കർമ്മം ചെയ്യാൻ ലഭിച്ച മഹത്തരമായ മനുഷ്യജന്മം കൊണ്ട് ധർമ്മത്തിൽ അടിയുറച്ച് ജീവിച്ച് മോക്ഷപ്രാപ്തി നേടാനും ഭഗവദ് ഗീത ഉദ്ബോധിപ്പിക്കുന്നു. തന്നിൽ നിന്ന് വേർപ്പെട്ട മറ്റൊന്നല്ല ഹിന്ദുവിന് ഈശ്വരൻ.
"ഈശാവാസ്യമിദം സർവ്വം
യദ് കിഞ്ചിത് ജഗത്യാം ജഗത്''
അനന്തകോടി നക്ഷത്ര ജാലങ്ങളുള്ള ഈ ബ്രഹ്മാണ്ഡത്തിൽ സർവ്വതും ഈശ്വരാംശം തന്നെയെന്ന് വേദോപനിഷത്തുകൾ പറഞ്ഞു വച്ചിട്ടുണ്ട്. അതിന്റെ ഭാഗം തന്നെയാണ് സർവ്വതും. ഗോചരവും, അഗോചരവുമായതിലും,' സൂക്ഷ്മത്തിലും സ്ഥൂലത്തിലും തുടിക്കുന്നത് അവിടുത്തെ ശക്തി തന്നെ. സർവ്വ ജീവജാലങ്ങളിലും അണുവണുവിൽ പ്രസരിക്കുന്നത് ഈശ്വരചൈതന്യമാണത്രേ. ബ്രഹ്മാണ്ഡത്തിന് സമഗ്രമായ ഒരു ബോധവും, അതിലെ ഓരോ സൂക്ഷ്മകണങ്ങൾക്ക് തനതായ ചൈതന്യവും ഉള്ളതായി ഉപനിഷത്തുകൾ പറയുന്നു. ആധുനിക ശാസ്ത്രം ഇലക്ട്രോമാഗ്നെറ്റിക്ക് എനർജി എന്ന്' വിളിക്കുന്ന ഇതേ ഊർജ്ജപ്രവാഹമാണ് പ്രപഞ്ച ചൈതന്യം അഥവാ ബ്രഹ്മചൈതന്യം എന്ന് പൗരാണിക ഭാരതം കണ്ടെത്തിയിരുന്നു.
അതായത് ഈ ചൈതന്യമാണ് ഹിന്ദുവിന്റെ ഏകദൈവം അഥവാ ബ്രഹ്മം. സൂക്ഷ്മതലത്തിലുൾപ്പടെ നിറഞ്ഞ് നിൽക്കുന്ന ചൈതന്യത്തെ സ്വാംശീകരിച്ച് ഒരു സങ്കൽപ്പത്തിൽ ജനോപകാരപ്രദമായി ആവാഹിച്ചു കുടിയിരുത്തുന്ന സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. ആ സങ്കൽപ്പങ്ങളാണ് ദേവതകൾ. അങ്ങനെ ജഗത്ത് മുഴുവൻ നിറഞ്ഞ് നിൽക്കുന്ന ഏക ദൈവത്തിൽ വിശ്വസിക്കുന്ന ഹിന്ദു ബഹുദൈവത്തിലും വിശ്വസിക്കുന്നു, !
"ഏകം സത് വിപ്രാ ബഹുതാ വദന്തി''
ഭഗവദ്ഗീതയിലുടെ ഭഗവാൻ ഉദ്ബോധിപ്പിക്കാൻ ശ്രമിക്കുന്നതും ഇതാണ്. ആത്മാവ് അനശ്വരമാണ്. അത് ഈശ്വരീയമാണ്. ഓരോ ജന്മവും പൂർവ്വജന്മാർജ്ജിതമായ കർമ്മങ്ങളുടെ തുടർച്ചയാണ്. അതിനാൽ ഓരോ ജന്മങ്ങളുടേയും സാഹചര്യങ്ങളിലെ ഏറ്റക്കുറച്ചിലുകൾ ജന്മജന്മാന്തരങ്ങളിലൂടെ ആർജ്ജിച്ച സഞ്ചിത കർമ്മങ്ങളുടെ ഫലമായിരിക്കുമെന്നും അതിനാൽ ധർമ്മത്താൽ അധിഷ്ഠിതമായ കർമ്മയോഗ ജീവിതം നയിച്ച് ഓരോ വ്യക്തിയും അവനവന്റെ മോക്ഷപ്രാപ്തിക്കായി പ്രയത്നിക്കണം എന്നും ഗീതാകാരൻ പറയുന്നു.മുൻജന്മ ചെയ്തികൾ എത്ര മോശമായിരുന്നാലും ശരി ഈ ജന്മം ധർമ്മാനുസൃതമായി ജീവിച്ചാൽ കർമ്മദോഷങ്ങളെല്ലാം നീക്കി മോക്ഷപ്രാപ്തി അഥവാ ഈശ്വരനിൽ ഇനിയൊരു ജന്മമെടുക്കാതെ ലയിക്കാൻ സാധിക്കുമത്രേ. ഇത് ഓരോ വ്യക്തിയും സ്വയം അനുഷ്ഠിക്കേണ്ട ചര്യയാണ്. അവനവനല്ലാതെ മറ്റൊരാൾക്ക് മോക്ഷം നേടിക്കൊടുക്കാൻ ഒരാൾക്ക് സാദ്ധ്യമല്ല. എന്നാൽ സ്വജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കി കൊടുക്കാൻ ഒരാൾക്ക് സാധിക്കും.
അതുമല്ലെങ്കിൽ ലോകോപകാരപ്രദമായി മനുഷ്യജന്മമെടുത്ത് സദ്കർമ്മങ്ങൾക്കായി അവതരിക്കാനും സാധിക്കും. അങ്ങനെ ഈശ്വരേച്ഛയാൽ ജന്മാവതരാമെടുത്ത പുണ്യാത്മാക്കളാണ് ശ്രീരാമനും, ശ്രീകൃഷ്ണനും. സ്വധർമ്മത്തിൽ അധിഷ്ഠിതമായി ലോകത്തിന് മുഴുവൻ മാതൃകയായി ജീവിക്കാൻ പുണ്യം ചെയ്ത ആത്മക്കൾക്കാണ് കഴിയുക. അവരിൽ ഈശ്വരാംശമേറിയിരിക്കും. ഭഗവാൻ ശ്രീരാമനും ശ്രീകൃഷ്ണനും ഒക്കെ മനുഷ്യജന്മമെടുത്ത് എത്തിയപ്പോളുമാകട്ടെ സുഖദുഖസമ്മിശ്രമായിരുന്നു അവരുടെ ജീവിതം.
ഭഗവാൻ ശ്രീരാമനെ നോക്കു.. ജനിച്ചത് രാജകുമാനായിട്ടാണ്, എന്നിട്ടും പതിമൂന്നാം വയസ്സിൽ വിശ്വാമിത്ര മഹർഷി അസുരന്മാരെ നേരിടാൻ വിളിച്ചു കൊണ്ട് കാട്ടിലേക്ക് പോയപ്പോൾ മുതൽ സംഘർഷഭരിതമായിരുന്നു ആ ജീവിതം. സീതാസ്വയംവരം കഴിഞ്ഞ ഉടനെ പരശുരാമനുമായി യുദ്ധം. പിന്നീട് അർഹതപ്പെട്ട സിംഹാസനം ഉപേക്ഷിച്ച് കാട്ടിലലഞ്ഞു. സീതാപഹരണം മുതൽ സ്വർഗാരോഹണം വരെ എന്തെന്തു കഷ്ടപ്പാടുകൾ!
എന്നിട്ടോ എപ്പോളെങ്കിലും ധർമ്മം വെടിഞ്ഞ് സ്വജീവിതം സുഖകരമാക്കാൻ തുനിഞ്ഞോ രാമൻ? കാനനവാസം തിരഞ്ഞെടുത്തതും, രാവണ നിഗ്രഹം കഴിഞ്ഞ് സ്വർണ്ണമയിയായ ലങ്ക ഉപേക്ഷിച്ച് മാതൃഭൂമിയിലേക്ക് മടങ്ങിയതുമെല്ലാം കഴിഞ്ഞ എത്രയോ സഹസ്രാബ്ദങ്ങളായി ജനകോടികളെ സ്വാധീനിച്ചു?
പിറക്കും മുൻപേ മരണം കുറിക്കപ്പെട്ട ഭഗവാൻ കൃഷ്ണന്റെ ജീവിതവും സമാനമായി സംഘർഷ ഭരിതമായിരുന്നു. ജയിലിൽ ആണ് ജനിച്ചത്. പെറ്റമ്മയെ വിട്ട് വളർന്നു. എത്രയെത്ര കൊലപാതക ശ്രമങ്ങളെ ചെറുപ്രായത്തിൽ അതിജീവിച്ചതാണ്? ഒടുവിൽ ധർമ്മം പുലരാൻ ഒരു മഹാഭാരത യുദ്ധം തന്നെ കൺമുൻപിൽ നിസ്സംഗതയോടെ കണ്ടു!
ആലോചിച്ചിട്ടുണ്ടോ നമ്മളവരുടെ ജീവിതങ്ങളെ കുറിച്ച്? എന്തോരം കഷ്ടപ്പാടുകളായിരുന്നു? എന്നിട്ടും ധർമ്മം വെടിയാതെ അവർ പ്രയാണം തുടർന്നു. ഈശ്വരാവതാരങ്ങളായ രാമനും കൃഷ്ണനും അങ്ങനെ ധർമ്മത്തിനായി ജീവിക്കാമെങ്കിൽ അത്രയൊന്നും പ്രശ്നങ്ങൾ ഇല്ലാത്ത നമുക്ക് ധർമ്മത്തിലും ഈശ്വരനിലും മുഴുകി മനോഹരമായി ജീവിച്ചുകൂടെ ? അഥവാ ഉണ്ടെങ്കിൽ തന്നെ പ്രതിസന്ധികളെ അതിജീവിച്ചു കൂടെ?!
അതെ. സാധിക്കും. അഥവാ ഇങ്ങനെ ചിന്തിക്കാൻ നാം പ്രാപ്തരാകും. രാമായണവും ഭാരതവും ഓരോ മനുഷ്യനും പകർന്നു നൽകുന്നത് ധാർമ്മിക മൂല്യങ്ങൾക്കൊപ്പം "അതിജീവന"ത്തിനുള്ള പാഠങ്ങൾ കൂടിയാണ്.
അതു കൊണ്ടാണ് വലിയ ഗഹനമായ വിഷയങ്ങൾ ഒക്കെ കൈകാര്യം ചെയ്യുന്ന വേദശാസ്ത്രങ്ങൾ ഒക്കെ പഠിതാക്കൾക്ക് വിട്ട് രാമായണവും ഭാരതവും നിത്യപാരായണത്തിൽ ഉൾപ്പെടുത്താൻ സാധാരണ ജനങ്ങളോടു നമ്മുടെ ഗുരുപരമ്പര നിഷ്ക്കർക്ഷിച്ചത്. അത് നൽകുന്ന പാഠങ്ങൾ മാത്രം മതി ഒരു ജന്മം സഫലമാകാൻ.
ഏറ്റവും ദുരിതപൂർണ്ണമായ പഞ്ഞകർക്കിടകത്തിൽ തന്നെ രാമായണ പാരായണം പഴമക്കാർ കേരളത്തിൽ പതിവാക്കിയത് ക്ഷാമകാലത്ത് ഭഗവൽ സ്മരണയാൽ ഒരു ജനതയ്ക്ക് ശക്തിപകരാൻ ആണെന്നതിൽ എന്തെങ്കിലും സംശയമുണ്ടോ?
ശ്രീരാമനേക്കാളും വലിയൊരു ധർമ്മിഷ്ഠനായ, മാതൃകാപുരുഷനായ ഒരു വീരനായകൻ ലോകചരിത്രത്തിൽ ഇല്ല തന്നെ. ശ്രീകൃഷ്ണനോളം ധാർമ്മിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഭാരതമെന്ന ഈ പുണ്യഭൂമിയെ നിസ്വാർത്ഥമായി പുണർന്ന മറ്റൊരു ദേശസ്നേഹിയും ഉണ്ടാവുകയുമില്ല. ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും പാത പിന്തുടരുക എന്നതാണ് ഭാരതത്തിന് വിശ്വഗുരുവാകാൻ വേണ്ടി ചെയ്യാനുള്ളത്.
ശ്രീരാമജയം 🕉️🙏🕉️
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment