സനാതനധർമ്മം
സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിൻെറ പ്രസ്താവം കോളിളക്കം സൃഷ്ടിച്ചിരിക്കയാണല്ലൊ. സനാതനധർമ്മം എന്താണെന്നറിയാതെയാണു പ്രസ്താവമെന്നു പ്രകടം .ഇതു് ഏതോ മതത്തിൻെറ പേരാണെന്നാണു ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നതു് .
സനാ എന്നതു ത്രികാലവാചകമായ അവ്യയമാണു് - ഭൂതം , വർത്തമാനം , ഭാവി എന്നീ മൂന്നു കാലങ്ങളെയും കുറിക്കുന്ന അവ്യയം .അതിനോടു 'തന' എന്ന പ്രത്യയം ചേർക്കുമ്പോൾ ആ കാലത്തെ സംബന്ധിക്കുന്ന എന്നർത്ഥമാകും . മൂന്നു കാലങ്ങളിലുമുള്ളതു് , മൂന്നു കാലങ്ങളിലും സാധുവായതു് ; ത്രികാലാബാധിതം ; നിത്യം ; ശാശ്വതം എന്നു താത്പര്യം .അങ്ങനെയുള്ള ധർമ്മം . ധരിക്കുന്നതു ധർമ്മം . ''ധൃഞ് ധാരണേ '' എന്ന ധാതുവിൽനിന്നു് അതിൻെറ കർത്താവു് എന്ന അർഥത്തിലുണ്ടാകുന്ന പദം. ധരിക്കുക എന്നാൽ നിലനിറുത്തുക - to sustain . എന്തിനെ എന്നു പറയാത്തതുകൊണ്ടു് എല്ലാറ്റിനെയും - മുഴുജഗത്തിനെയും . നിത്യവും വിശ്വധാരകവുമായ ധർമ്മം സനാതനധർമ്മം .
ഇതെന്താണെന്നു പ്രത്യക്ഷംകൊണ്ടു് അറിയുന്നു. സ്ഥൂലവസ്തുക്കളെല്ലാം ഉണ്ടായിരിക്കുന്നതു് പരമാണുക്കൾ ചേർന്നാണു്. പരമാണുവാകട്ടെ പ്രോടോൺ , ന്യൂട്രോൺ , ഇലക്ട്രോൺ എന്നീ കണങ്ങൾ ചേർന്നുണ്ടായി . ഈ കണങ്ങൾ പാലിക്കുന്ന പരസ്പരതയാണു അണുവിനെ നിലനിറുത്തുന്നതു് ; അണുക്കളുടെ പരസ്പരത സ്ഥൂലവസ്തുക്കളുടെയും . സസ്യ-ജന്തുശരീരങ്ങളുടെയും ഗ്രഹയൂഥങ്ങളുടെയും ഗാലക്സികളുടെയും ,ഒടുവിൽ മുഴുജഗത്തിൻെറയും എല്ലാം യാഥാർഥ്യമിതാണു് .
ഇതു കണ്ടറിഞ്ഞ ഭാരതീയമനീഷികൾ ജീവിതത്തെ പാരസ്പര്യനിയമത്തിൽ അധിഷ്ഠിതമാക്കി. ഈ നിയമത്തിനു് അവർ കൊടുത്ത പേരാണു സനാതനധർമ്മം എന്നു്. Law of Universal Mutuality എന്നു് ആങ്ഗലഭാഷയിൽ ഇതിനെ വിളിക്കാം.
ഭാരതീയജീവിതദർശനത്തിൻെറ ആധാരശിലയാണിതു് .
സ്ഥൂലവസ്തുക്കളുടെ നിലനില്പിനെപ്പറ്റി പറഞ്ഞതു് സൂക്ഷ്മവസ്തുക്കളിലും സാധുവാകുന്നു. ആഭ്യന്തരമോ ബാഹ്യമോ ആയ പാരസ്പര്യഹാനി മനസിൻെറയും ബുദ്ധിയുടെയും അഹംബോധത്തിൻെറയുമെല്ലാം സുസ്ഥിതിയെ ഹനിക്കുന്നു.
ധർമ്മത്തിൻെറ തത്ത്വം സൂക്ഷ്മമായ മനനംകൊണ്ടും ധ്യാനംകൊണ്ടും അനുഭവിച്ചറിയാം . ഉപനിഷത്തിലെ വിശ്വോത്ക്രാന്തിസിദ്ധാന്തം ഇതിൻെറ മൂർത്തരൂപമാണു് . സത് (=ഉണ്മ) എന്നു് അവിടെ നിർദ്ദേശിക്കപ്പെടുന്ന ആദിബോധമാണു ജഗത്കാരണം. അതു് ഉത്ക്രമിച്ചു ജഗത്താകുന്നു. അതിൽനിന്നു മേല്കുമേൽ ബോധതലങ്ങളും ( levels of consciousness ) ശക്തിമണ്ഡലങ്ങളും (quantum fields) ഉണ്ടാകുന്നു.
'' ഞാൻ ഉത്ക്രമിക്കട്ടെ'' (may I evolve ) എന്ന സങ്കല്പംകൊണ്ടു് സത് ബോധമണ്ഡലം (consciousness field )ആകുന്നു. അപ്പോഴാണു ദേശകാലം (space-time) ആവിർഭവിക്കുന്നതു് . (ആധുനികവിജ്ഞാനത്തിലെ ''മഹാവികാസ''വുമായി (great expansion ) ഇതിനെ തുലനം ചെയ്തുനോക്കുക ) . ഒരു ഘട്ടത്തിൽ ബോധമണ്ഡലങ്ങൾതന്നെ ക്വാണ്ടം സ്വഭാവം - എത്രയെങ്കിലും വിഭജിക്കാവുന്ന അവസ്ഥ - കൈവരിക്കുന്നു . അങ്ങനെ quantum consciousness fields ഉണ്ടാകുന്നു . ഭാരതത്തിൻെറ പ്രാചീനവിജ്ഞാനങ്ങളെല്ലാം വികൃതമാക്കിയും വെട്ടിനുറുക്കിയും ഇട്ട നിലയിലാണുള്ളതു്. പലതും സ്വബുദ്ധിയിൽ ശുദ്ധി ചെയ്തും പുനഃസൃഷ്ടിച്ചും മനസിലാക്കേണ്ട അവസ്ഥയാണു്. പകരം വച്ചിരിക്കുന്ന കപടശാസ്ത്രങ്ങളുടെ ബാധ വേറെയും .
പ്രകൃതത്തിൽ പ്രസക്തമായതുമാത്രം പറയാം. ഉപനിഷത്തിലെ വിവിധപ്രകരണങ്ങളിൽനിന്നു ജഗത്തിൻെറ മൗലികമായ ഏകത്വം (fundamental unity of the universe ) എന്ന സിദ്ധാന്തം കിട്ടുന്നു. അതിൽ ദൃക്കു് (കാണുന്നവൻ - observer) ; ദൃശ്യം (കാണപ്പെടുന്നതു് - observed) എന്ന ഭേദം കാരണതലത്തിൽ നിരാകരിക്കപ്പെടുന്നു. ഭേദം കാര്യത്തിലേയുള്ളൂ ; കാരണത്തിലെ യാഥാർഥ്യം അഭേദമാണു് . അതുകൊണ്ടു ലോകവ്യവഹാരത്തിൽ ഈ അഭേദത്തിൻെറ അടിസ്ഥാനം വേണം .താനും ലോകവും സത്തിൻെറ രണ്ടു രൂപങ്ങളിലുള്ള ആവിഷ്കാരങ്ങളാണു് . ലോകത്തെ താനായി കണ്ടു പെരുമാറണം. ''ആത്മാനമേവ ലോകമുപാസീത '' എന്നു് ഉപനിഷത്തിൻെറ ആദേശം.
സ്ഥൂലജഗത്തുമുതൽ സത്തുവരെയുള്ള എല്ലാറ്റിൻെറയും അന്യോന്യാശ്രിതത്വം ; അതുകൊണ്ടു് സങ്കല്പത്തിലും വാക്കിലും പ്രവൃത്തിയിലും പരസ്പരപൂരകമായ ആചരണത്തിൻെറ ആവശ്യകത - ഇതാണു സനാതനധർമ്മത്തിൻെറ ഉള്ളടക്കം . ജഗത്തിൻെറ പരമാർഥമാലോചിക്കുമ്പോൾ നിലനില്പിനും പുരോഗതിക്കും സനാതനധർമ്മമാണു് അവലംബിക്കേണ്ടതു് എന്നു കാണാം - ലോകനിരീക്ഷണത്തിൽ ചാക്ഷുഷപ്രത്യക്ഷമായും മനനധ്യാനങ്ങളിൽ മാനസപ്രത്യക്ഷമായും.
നിലനില്പും പുരോഗതിയുമാണല്ലൊ സുഖം. അതിനുവേണ്ടിയാണു് എല്ലാ പ്രവൃത്തികളും . എന്നാൽ ധർമ്മംകൂടാതെ സുഖമുണ്ടാകില്ല. അതുകൊണ്ടു ധർമ്മപരനാകുക എന്നാണു പൂർവസൂരികളുടെ ഉപദേശം .
''സുഖാർഥാഃ സർവഭൂതാനാം
മതാഃ സർവാഃ പ്രവൃത്തയഃ
സുഖം ച ന വിനാ ധർമ്മം
തസ്മാത് ധർമ്മപരോ ഭവേത് '' .
സനാതനധർമ്മം മതത്തിൽപ്പെട്ടതല്ല ; വിജ്ഞാനത്തിൽപ്പെട്ടതാണു് .ഭാരതീയാത്മവിജ്ഞാനത്തിൻെറ ജീവിതനീതിയാണു്. അതാണു് ഉദയനിധിക്കു് ഉന്മൂലനം ചെയ്യേണ്ടതു് .
കൂട്ടത്തിൽ പറയാതെ വയ്യ - അതിനെ മതമായി കാണുന്നവരും കാണിക്കുന്നവരും ഉന്മൂലനത്തിനു തുല്യമായ പാതകമാണു ചെയ്യുന്നതു് .
'' യതോ ധർമ്മസ്തതോഃ ജയഃ ''
No comments:
Post a Comment