Tuesday, 23 July 2024
ശബരിമല വിമാനത്താവളം
ആര് പറഞ്ഞാലും അത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞാലും ശരി, ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ശബരിമല വിമാനത്താവളത്തെ അനുകൂലിക്കാൻ ആവില്ല.
ഞാനിതിൽ കാണുന്ന പ്രധാന ന്യൂനതകൾ.
1. ശബരിമല വളരെ പവിത്രമായ ഒരു ശാക്തേയ കാനന ക്ഷേത്രമാണ്.. പതിറ്റാണ്ടുകളായി ഓരോ തീർത്ഥാടന കാലത്തും കോടിക്കണക്കിന് ഭക്തർ കാനനവാസനെ കാണാനെത്തുന്നത് വിമാനം പിടിച്ചല്ല. അതിന്റെ ആവശ്യവുമില്ല. ആദ്യം മര്യാദയ്ക്ക് തീർത്ഥാടകക്ക് മിതമായ നിരക്കിൽ ബസ്സ്, ട്രെയിൻ സർവ്വീസുകളും, മറ്റ് സൗകര്യങ്ങളും, വൃത്തിയായ അന്തരീക്ഷവും നൽകാൻ കേന്ദ്രവും സംസ്ഥാനവും തയ്യാറാകട്ടെ. ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് തിരുപ്പതി മാതൃകയിൽ ശബരിമലയെ സംരക്ഷിക്കുന്നതിന് പകരം അനാവശ്യ പരിഷ്ക്കാരങ്ങൾ നടത്തി പൗരാണിക കാനനക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കരുത്.
2. പവിത്രമായ പൂങ്കാവനവും, കാനനവാസന്റെ പ്രിയ സഹവാസികളായ വനജീവികളേയും അസ്വസ്ഥതപ്പെടുത്തി ഈ വിമാനത്താവളം അവിടെ വരാൻ പാടില്ല. അത് കൂടാതെ ഒരിക്കൽ ഈ വിമാനത്താവളം വന്നു കഴിഞ്ഞാൽ പിന്നെ അടുത്ത ആവശ്യം ശബരിമലയിലേക്ക് റോപ്പ് വേയും പിന്നെ ഹെലിപ്പാഡും ആയിരിക്കും. ഇതെല്ലാം ശബരിമലയുടെ പവിത്രതയെ ബാധിക്കും. സ്പിരിച്വൽ ടൂറിസം എന്ന പ്രയോഗം തന്നെ തെറ്റാണ്. Spirituality അഥവാ ആത്മീയത, ഭക്തർ അവരുടെ ആത്മീയ സംതൃപ്ത്തിക്കായി നടത്തുന്ന തീർത്ഥാടനങ്ങളാണ്. അതായത് ക്ഷേത്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അവിടേക്ക് ആളുകളെ ആകർഷിക്കേണ്ട ആവശ്യവുമില്ല, മറിച്ച് സ്വയമേവ ദർശനത്തിനെത്തുന്ന തീർത്ഥാടകരെ കൊള്ളയടിക്കാതെ അവർക്ക് മാന്യമായി ദർശനം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ മിതമായ നിരക്കിൽ നൽകുകയാണ് വേണ്ടത്. ഈ ആത്മീയടൂറിസം എന്ന വാക്ക് തന്നെ അറപ്പുളവാക്കുന്നതാണ്.
3. ഇനി ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച കാര്യങ്ങൾ. ഇത് സർക്കാർ ഭൂമിയാണെന്ന് സർക്കാർ നിയമിച്ച സ്പെഷ്യൽ ഓഫീസർ ആയിരുന്ന രാജമാണിക്യത്തിന്റേത് ഉൾപ്പെടെയുള്ള അഞ്ചു കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. എന്നിട്ടും കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിന് ഹാരിസൺസ് മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈമാറിയ വ്യാജ രേഖകൾ നിർമിച്ചു അവർ കൈവശപ്പെടുത്തിയ ഈ ഭൂമി, പിണറായി വിജയന്റെ പ്രത്യേക താത്പര്യപ്രകാരം സർക്കാർ ഏറ്റെടുത്ത് ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ ശ്രമിക്കുമ്പോൾ മോദി സർക്കാർ അതിന് താങ്ങും തണലുമാകുന്നത് ദുഃഖകരമാണ്.
4. ചെറുവള്ളി എസ്റ്റേറ്റ് നില നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാം എന്ന് കേരള ഹൈക്കോടതി വർഷങ്ങൾക്കു മുൻപേ തന്നെ വ്യക്തമാക്കിയതാണ്. അതിന്റെ അടിസ്ഥാനത്തിൽ കോട്ടയം കളക്ടർ പാലാ സബ് കോടതിയിൽ ഫയൽ ചെയ്ത ടൈറ്റിൽ സ്യൂട്ട് നിലവിലുമുണ്ട്. (?) എന്നിട്ടും ഈ കേസിനെ പോലും ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള തരത്തിൽ സർക്കാർ ബദ്ധപ്പെട്ട് സ്വന്തം ഭൂമി കയ്യേറ്റക്കാർക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കാൻ പോകുന്നത് ആപത്ക്കരവും ജനവഞ്ചനയുമാണ്. അറിഞ്ഞോ അറിയാതെയോ ഈ വഞ്ചനക്കാണ് മോദി സർക്കാർ പച്ചക്കൊടി കാട്ടിയതെന്ന വസ്തുത ഞെട്ടിക്കുന്നതാണ്.
5. പരിസ്ഥിതിയാണ് അടുത്ത പ്രധാന വിഷയം. ഗാഡ്ഗിൽ റിപ്പോർട്ട് ഉൾക്കൊള്ളാതെ അദ്ദേഹത്തെ ആട്ടിപ്പായിച്ചതിന്റെ തിക്ത ഫലങ്ങൾ ഒന്നൊന്നായി ഓരോ മഴക്കാലത്തും കേരളം അനുഭവിച്ചു വരികയാണ്. ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി ലോലമായ പശ്ചിമ ഘട്ടത്തിൻ്റെ ഭാഗമാണ് ഈ നിർദ്ദിഷ്ട വിമാനത്താവള ഭൂമിയുള്ളത്. സ്വതേ ദുർബ്ബല പോരെങ്കിൽ ഗർഭിണിയും എന്നയവസ്ഥയാകും ഈ പദ്ധതിയിലൂടെ പ്രദേശം അനുഭവിക്കുക.
6. കൂടാതെ പൊന്തൻപുഴ വനഭൂമിയുടെ ഒരു ഭാഗം ചെറുവള്ളി എസ്റ്റേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലുൾപ്പെട്ടതും മണിമല പഞ്ചായത്തിന്റെ കീഴിലുള്ളതുമായ ഒരു ചെറിയ ഗ്രാമമാണ് പൊന്തൻപുഴ. പത്തനംതിട്ട ജില്ലയിലും കോട്ടയും ജില്ലയിലുമായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2833 ഹെക്ടർ ഇടതൂർന്ന വനഭൂമിയുള്ള പൊന്തൻപുഴ വനം ഈ ഗ്രാമത്തോടു ചേർന്നാണ്. ഈ ഗ്രാമത്തിൽ നൂറുകണക്കിന് കുടുംബങ്ങളും റോഡിനിരുവശത്തുമായി വനമേഖലയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന കാർഷിക ഭൂമികളുമുണ്ട്. വന്മമരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ ഈ മേഖലയിലെ നിബിഢവനത്തിൽ നിരവധിഇനം ചെറു മൃഗങ്ങൾ, അപൂർവ്വയിനം പക്ഷികൾ തുടങ്ങിയവയുമുണ്ട്. പൊന്തൻപുഴ ഗ്രാമത്തിലെ വനമേഖലയിൽ ആലപ്ര, വലിയകാവ്, കരിക്കാട്ടൂർ റിസർവ്വുകളും ഉൾപ്പെടുന്നു. ഇതിനോട് ചേർന്ന് വിമാനത്താവളം വരികയെന്നത് സ്വതവേ പരിസ്ഥിതി ലോല പ്രദേശമായ ഈ ഗ്രാമത്തിന്റെയും വനത്തിന്റെയും ജനത്തിന്റെയും അന്ത്യം കുറിയ്ക്കും.
7. മറ്റൊരു കാര്യം, പെരിയാർ വന്യജീവി സങ്കേതത്തിനോടും വളരെ ചേർന്നാണ് എസ്റ്റേറ്റ് ഭൂമി സ്ഥിതി ചെയ്യുന്നത് എന്നാണ്. അതായത് അതീവ പരിസ്ഥിതി ലോല പ്രദേശമാണ് ചെറുവള്ളി എസ്റ്റേറ്റും പരിസര പ്രദേശങ്ങളും എന്നത് തന്നെ. ഒരു ആഘാത പഠനവും നടത്താതെ അവിടെ വിമാനത്താവളത്തിന് എങ്ങനെ അനുമതി നൽകി എന്നത് ഗൗരവതരമായി അന്വേഷിക്കപ്പെടേണ്ടതാണ്.
8. മറ്റൊരു ഗുരുതരമായ വിഷയം, ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ശബരിമലയിലെ പതിനെട്ടു പൂങ്കാവനങ്ങളിൽപ്പെട്ട തലപ്പാറ മലയുടെ ഭാഗവും, പഴയ റെവന്യൂ രേഖകളിലും നികുതി രശീതുകളിലും പശ്ചിമ ദേവസ്വം വക എന്ന രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുമാണെന്നതാണ് എന്ന് പറയപ്പെടുന്നു.. ഇവിടെ പ്രാചീനമായ അഞ്ചു കുഴി പഞ്ചതീർത്ഥ പരാശക്തി സ്ഥാനം എന്നൊരു ക്ഷേത്രം നിലനിൽക്കുന്നുമുണ്ട്. ഈ ക്ഷേത്രത്തിലേക്കുള്ള വഴി ബിലീവേഴ്‌സ് ചർച്ചുകാർ കെട്ടിമറച്ചതിനു എതിരെയും എസ്റ്റേറ്റിന്റെ ഭാഗമെന്ന് ഇപ്പോൾ അവകാശപ്പെടുന്ന 700 ഏക്കറിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചും ക്ഷേത്ര അധികാരികളും വിശ്വാസികളും സമർപ്പിച്ച കേസുകളും ഇപ്പോഴും പല കോടതികൾക്ക് മുന്നിലായി ഉണ്ട്.
ഇതിനെയൊക്കെ അവഗണിച്ചും വിശ്വാസി പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിച്ചും പിണറായി- യോഹന്നാൻ ഭൂമാഫിയകൾക്കായി ഈ വിമാനത്താവളം അനുവദിക്കാൻ കേന്ദ്ര സർക്കാരിന് എങ്ങനെയാണ് സാധിക്കുക? അഥവാ മോദി സർക്കാരിനെ ആരാണ് തെറ്റിധരിപ്പിച്ചത്?
9. ഒരു കാര്യം കൂടി. കേവലം 700 കിലോമീറ്റർ ദൂരത്തിൽ ഇപ്പോൾ തന്നെ നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. നെടുമ്പാശേരി വിമാനത്താവളം പോലും ലാഭത്തിൽ കുറവു രേഖപ്പെടുത്തുന്ന ഈ കാലത്ത് ഇനി ഒരു വിമാനത്താവളം കൂടി നമുക്കാവശ്യമുണ്ടോ? ഇരുവശത്തും നൂറ് മുതൽ നൂറ്റിയിരുപത് കിലോമീറ്റർ ദൂരത്ത് കൊച്ചിയും, തിരുവനന്തപുരത്തും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഇപ്പോളുണ്ട് എന്നതും കണക്കിലെടുക്കുമ്പോൾ പുതിയൊന്ന് എന്ത് കാരണവശാലും അധികപ്പറ്റ് തന്നെയാണ്.
10. ആദ്യം പറഞ്ഞ് കേട്ടത് ആറന്മുളയിൽ വിമാനത്താവളം വരുമെന്നാണ്. അത് നടക്കില്ലായെന്ന് കണ്ടപ്പോളാണ് യോഹന്നാന്റെ മനസ്സിൽ ലഡു പൊട്ടിയത്. പിണറായി ഉള്ളപ്പോൾ എന്തിന് പഞ്ഞം? 1200 ഏക്കർ മാത്രം മതിയാകുന്ന ചെറുവിമാനത്താവളത്തിന് പകരം 2200 ഉള്ള യോഹന്നാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി അഥവാ നിങ്ങളുടേയും എന്റേയും ഭൂമി, കള്ള ബിഷപ്പിന് അങ്ങോട്ട് കാശു കൊടുത്ത് ഏറ്റെടുത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടാക്കാൻ പോവണത്രേ. അതിനാണ് കേന്ദ്രവ്യോമയാനമന്ത്രാലയം അനുമതി നൽകിയതും അതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചതും... 😡
ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.?
അവസാനമായി പറയാനുള്ളത് ഒന്നു മാത്രം.. ശബരിമലയെ തൊട്ടു കളിക്കരുത്... അപേക്ഷയല്ല, അയ്യപ്പന് വേണ്ടി ആരോടും അപേക്ഷിക്കില്ല, മറിച്ച് പോരാടിയാണ് ശീലം. അയ്യനുമതേ, അയ്യപ്പനുമതേ.. തത്വമസി. '
സ്വാമി ശരണം
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment