Tuesday, 30 July 2024

തുരന്ന് വാങ്ങിയ ദുരന്തം : വയനാട്

ഒരു വകതിരിവില്ലാത്ത ഊളത്തരം പറയട്ടെ.. ചൂരൽമലയിലും മുണ്ടക്കയ്യിലും ഒറ്റവരെയും ഉടയവരേയും മണ്ണും വീടും നഷ്ടപ്പെട്ട് പകച്ചു നിൽക്കുന്ന മനുഷ്യരോടല്ല. അങ്ങേയറ്റം ആത്മാർത്ഥതയോടെ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സധൈര്യം നിലകൊള്ളുക കേരളം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്. പറയുന്നത് ചൂരൽമലയിൽ നിന്ന് കിലോമീറ്ററുകളകലെ “സേഫ്സോണിൽ” ഇരിക്കുന്ന (എന്ന് പറയപ്പെടുന്ന) ഞാനുൾപ്പെടെ ഉള്ള മനുഷ്യരോടാണ്. ഇനി പറയുന്ന വകതിരിവില്ലാത്ത ഊളത്തരം ഇപ്പോ പറഞ്ഞില്ലെങ്കിൽ എപ്പോൾ പറയാനാണ് എന്നുകരുതി പലവട്ടം ആലോചിച്ചുറപ്പിച്ചതിന് ശേഷമാണ് ഇതെഴുതുന്നത്. 2019 ആഗസ്തിൽ വയനാട്ടിൽ തന്നെ മലയിടിച്ചിൽ ഉണ്ടായി 20 പേരോളം മരണപ്പെട്ട പുത്തുമല ഇപ്പോൾ ദുരന്തം നടന്നിരിക്കുന്ന മുണ്ടക്കയിൽ നിന്ന് വെറും ഒന്നര കിലോമീറ്റർ മാത്രം അകലെ ആണ്. പുത്തുമല ദുരന്തം എങ്ങനെയുണ്ടായി എന്നുൾപ്പടെ വിവരിച്ചുകൊണ്ട് Central Coastal Agricultural Research Institute, Goa യിലെ Sujeet Desai, Eaknath Bhanudasrao Chakurkar എന്നിവർ ചേർന്ന് നടത്തിയ Landslide events of Kerala, their causes and impacts: A Case study of Puthumala Landslide in Wayanad District എന്ന പഠനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു. “The Puthumala landslide started out as one of those smaller landslides which occurred deep inside the forest. However, the landslide turned catastrophic because the soil structure in the lower parts was fragile and soaked in rain. When rocks and soil crushed under pressure, it turned into a huge landslide. It was observed that large portion of the hill was collapsed and huge strip of valley land was filled with mud, rocks and debris. Some of the major factors for landslides in this region were high rainfall intensity resulting in the soil disintegration, deforestation, shallow soil depth resulted in water seeping into the cavities or soil piping, cardamom farming on the side of the mountain made the soil loose, vanishing stream length due to construction and occupation, unscientific construction and mining on the hill which changed the structure of the soil.” (https://www.researchgate.net/publication/339983293_Landslide_events_of_Kerala_their_causes_and_impacts_A_Case_study_of_Puthumala_Landslide_in_Wayanad_District) അതായത് അതിഭീകരമായ മഴ കാരണം വനത്തിലുണ്ടായ വളരെ ചെറിയ ഒരു മണ്ണിടിച്ചിൽ പ്ലാന്റേഷൻ ഭാഗത്തെ ഉറപ്പില്ലാത്ത മണ്ണുകാരണം അതിനെയും കൊണ്ട് അതിഭീകരമായി താഴേക്ക് പതിച്ചു എന്നാണ്. മുണ്ടക്കയിലും സ്മാനമായ സംഭവമാണ് എന്നുതന്നെയാണ് മനസ്സിലാക്കാനാവുന്നത്. ചൂരൽമലയിലും പുത്തുമലയിലും ഒക്കെ ആയിട്ടാണ് ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ സെന്റിനൽ റോക്ക് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. 1980-കളിൽ പുത്തുമലയിൽ സ്വകാര്യ പ്ലാന്റേഷൻ നിർമാണത്തിന്റെ ഭാഗമായി കടുത്ത വനനശീകരണം നടത്തിയത് പുത്തുമല ദുരന്തത്തിന് കാരണമായി എന്നാണ് വയനാട് ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പി.യു ദാസ് തന്റെ റിപ്പോർട്ടിൽ പറയുന്നത്. വലിയ മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ അവയുടെ അവശേഷിച്ച വലിയ വേരുകൾ ദ്രവിച്ചു മണ്ണിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുകയും അവയിലൂടെ വെള്ളം ഒഴുകി പൈപ്പിംഗ് എന്ന പ്രതിഭാസം സംഭവിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. കൂടാതെ ഡോ ജി ആർ സന്തോഷ്കുമാർ തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഞാൻ ഉദ്ധരിക്കുകയാണ്. അതിങ്ങനെ ആണ് ““അന്ന് ദുരന്തസ്ഥലത്ത് വെച്ച് പരിചയപ്പെട്ട ഒരു ഭൗമശാസ്ത്രവിദഗ്ധനുമായി സംസാരിച്ചു നിൽക്കവേ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. "ഡോക്ടറെ, ഇത് ഉരുൾപൊട്ടൽ അല്ല. ഇത് മലയിടിച്ചിലും വലിയതോതിലുള്ള മണ്ണൊലിപ്പും ആണ്." വളരെ വർഷങ്ങളായി തുടരുന്ന വനനശീകരണത്തിന്റെ പരിണിതഫലമാണിതെന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മലകളുടെ മുകളിൽ വലിയകനത്തിൽ മണ്ണ് സ്ഥിതി ചെയ്യുകയാണ്. പാറ താഴെയും. ഈ മണ്ണിനെ പാറയുമായി ഘടിപ്പിച്ചു നിർത്തുന്നത് മരങ്ങളുടെ വേരുകളാണ്. മരങ്ങളും പാറയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരിൻ്റെ പടർപ്പുകളും മണ്ണിനെ മലയിൽ ഉറപ്പിച്ചു നിർത്തുന്നു. മരങ്ങൾ മുറിച്ചുമാറ്റിയാലും വേരുകൾ തൽസ്ഥാനത്തുണ്ടായിരിക്കും എന്നതുകൊണ്ട് വർഷങ്ങളോളം വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല. പക്ഷേ ക്രമേണ വേരുകൾ ദ്രവിക്കും. പാറയുമായുള്ള മണ്ണിൻറെ പിടുത്തം വിട്ടു പോകും. മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രക്രിയ അഭംഗുരം തുടർന്നു പോയാൽ ഇത് വലിയ വിനാശത്തിന് കാരണമാവുകയും ചെയ്യും.“” (https://www.facebook.com/100001598263821/posts/8150581708338357/?) പുത്തുമലയിൽ ഉണ്ടായ ദുരന്തം ഉരുൾപൊട്ടലല്ല, പൈപ്പിംഗ് എന്ന പ്രതിഭാസമാണ് എന്ന് ‍ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഉരുൾപൊട്ടൽ പോലെ തന്നെ പൈപ്പിംഗും ഒരളവുവരെ മനുഷ്യനിര്‍മിതമാണ് എന്നതാണ് പലരും കാണാതെ പോകുന്ന സംഗതി. കൂടാതെ എവിടെയെല്ലാം ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം സമീപ പ്രദേശങ്ങളിലായി കരിങ്കൽ ക്വാറികൾ ഉണ്ടായിരുന്നു എന്നാണ് കേരള വന ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. വെറുതെ ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്താൽ തന്നെ മുണ്ടക്കയിക്കും പുത്തുമലക്കും 20 കിലോമീറ്റർ ചുറ്റളവിൽ 11 ക്വാറികൾ കാണാൻ സാധിക്കും. ഈ മലനിരകളിൽ രണ്ട് പുതിയ ക്വാറികൾക്ക് കൂടെ അനുമതി ലഭിച്ചിട്ടുള്ളതായും സ്ഥിതീകരിച്ചിട്ടില്ലാത്ത വിവരങ്ങളും ഉണ്ട്. ക്വാറികൾ ഉരുൾപൊട്ടലിനെ എങ്ങനെ സ്വാധീനിക്കുമെന്നും നിലവിലെ ക്വാറിയിങ് നിയമങ്ങൾ എത്രത്തോളം വെള്ളം ചേർക്കപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള എനിക്കറിയാം നിങ്ങൾക്കും വായിച്ചാൽ മനസ്സിലാകാവുന്നതേയുള്ളൂ. കഴിഞ്ഞ പ്രളയത്തിന് ശേഷം സംസ്ഥാന പുനഃനിർമ്മാണത്തിനായി സർക്കാർ തുടങ്ങിവച്ച പദ്ധതിയുടെ സമീപന രേഖ പറയുന്നത് 1961-നും 2009-നുമിടയിൽ കേരളത്തിലെ മലയോര മേഖലകളിലുണ്ടായ പ്രധാന ഉരുൾപൊട്ടലുകൾ ( അവയിൽ മണ്ണിടിച്ചിലും മണ്ണൊലിപ്പും പെടും) 65 എണ്ണം മാത്രമാണ് എന്നാണ്. ഇവയിൽ എല്ലാത്തിലുമായുള്ള മരണസംഖ്യ 257-ഉം ആയിരുന്നു. എന്നാൽ സംസ്ഥാന ദുരന്തനിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഉരുൾപൊട്ടലുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അതായത് മഴയുടെ മാത്രമല്ല, ഭൂമിയുടെയും സ്വഭാവത്തിലും ഘടനയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്നാണ് വർഷങ്ങൾ കഴിയും തോറും ഉള്ള തീവ്രത വ്യക്തമാക്കുന്നത്. ആരെയും കുറ്റപ്പെടുത്തുവാനോ വിമർശിക്കുവാനോ ഇപ്പോൾ ഈ സമയത്ത് മുതിരുന്നില്ല അതിനുള്ള സമയമല്ലിത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ അനവസരത്തിലും ഇതൊക്കെ പറയേണ്ടി വരുന്നത്.. ഒന്നാമത്തേത് ഇപ്പോൾ നമ്മുടെ ഒക്കെ തലയിൽ ഇതൊന്നും കയറിയില്ലെങ്കിൽ പിന്നെ ഇപ്പോൾ കയറാനാണ് എന്നുമാത്രം ഓർത്തിട്ടാണ് ഇതിലും വലിയ മറ്റൊരു ദുരന്തം ഇനിയൊരിക്കലും ഉണ്ടാവരുത് എന്നാഗ്രഹിച്ചിട്ടാണ്. രണ്ടാമത്തേത് എന്റെ വീടിനടുത്ത് ഈ ദുരന്തവാർത്ത കേട്ടുകഴിഞ്ഞും പൊട്ടിച്ചുകൊണ്ടിരിക്കുന്ന ക്വാറികൾ ഉണ്ട്. ഇതുവായിക്കുന്ന ഒരാൾക്കെങ്കിൽ ഒരാൾക്ക് തന്റെ കൂരക്ക് മുകളിലേക്ക് ഇരമ്പി വീഴാനായി നിൽക്കുന്ന മലയെ പാറക്കൂട്ടത്തെ പ്രകൃതിയെ തിരിച്ചറിയുവാൻ മുൻകരുതലെടുക്കുവാൻ തത്കാലത്തേക്കെങ്കിലും സാധിച്ചെങ്കിലോ എന്നോർത്തിട്ടാണ്. വയനാട്ടിലെ ദുർബലമായ മലമ്പ്രദേശങ്ങൾ നിലവിൽ മാപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. nb: ഇനി ദുരന്തസമയത്ത് പ്രകൃതിസ്നേഹം പറയുന്നവരെ തെറിവിളിക്കുന്ന വെട്ടുകിളികൂട്ടങ്ങളോട്. നിങ്ങൾ അറിയാതെയോ അറിഞ്ഞോ വെളുപ്പിക്കുന്നത് കുടപിടിച്ചുകൊടുക്കുന്നത് പുത്തുമലയിലും ചൂരൽപ്പാറയിലും മുണ്ടക്കയിലും മരങ്ങൾ വെട്ടി നശിപ്പിച്ച് മരണപ്പെട്ട സാധാരണക്കാരെ ചൂഷണം ചെയ്ത് കോടികൾ സമ്പാദിച്ച ഹാരിസൺസ് മലയാളത്തെയും മണ്ണിനെയും മനുഷ്യനെയും ചൂഷണം ചെയ്ത് കോടികൾ കൊള്ളയടിക്കുന്ന ക്വാറി മാഫിയകളെയും ആണെന്നോർക്കുക. അവരൊന്നും ഇപ്പോൾ ഓഡിറ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും ചെയ്യപ്പെടില്ല.

No comments:

Post a Comment