Tuesday, 29 October 2024
വിശ്വ ഹിന്ദു ബോർഡ്
🌤️🌤️🌤️ അങ്ങനെ മോദി സർക്കാർ പതിനൊന്നാം വർഷത്തിൽ ഹിന്ദുക്കൾക്കായി ഒരു നിയമം പാസ്സാക്കി !
ഭാരത സർക്കാർ ഒരു "വിശ്വ ഹിന്ദു ബോർഡ്" രൂപീകരിക്കാൻ നിയമം പാസ്സാക്കിയിരിക്കുന്നു. ഇത് പ്രകാരം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സമസ്ത ഹിന്ദുക്കൾക്കുമായി ദേശീയ തലത്തിൽ ഒരു ബോർഡ് രൂപീകരിച്ച് സംസ്ഥാന തലത്തിൽ അതിന്റെ ഘടകങ്ങളും ഉണ്ടാക്കും.
ഇതിൽ അതാത് സംസ്ഥാനങ്ങളിലെ ഹൈന്ദവ വിഭാഗത്തിലെ എല്ലാ ജാതി വിഭാഗങ്ങൾക്കും സംഘടനകൾക്കും തുല്യ പ്രാധാന്യത്തോടെ സ്ഥാനങ്ങൾ ഉണ്ടാകും. ഇവരുടെ ഭരണ സമിതിക്ക് വിശാലമായ അധികാരങ്ങളാണ് ഉണ്ടാവുക.
1. ക്ഷേത്രഭരണമാണ് ഒന്നാമത്തേത്. സർക്കാരിൽ നിന്നും ക്ഷേത്രഭരണം എടുത്ത് അതത് സംസ്ഥാന വിശ്വ ഹിന്ദു ബോർഡുകൾക്ക് നൽകും.
2. സ്വത്ത് അവകാശമാണ് രണ്ടാമത്തേത്. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കളും ഹൈന്ദവ സ്വത്തുക്കളും തിരികെ പിടിക്കാനുള്ള വിശാലമായ അവകാശമാണ് ഇത്.
(ഭാരത ഭൂമി പണ്ടേ ഹൈന്ദവ ദേവ ഭൂമി ആണല്ലോ?) അതിൽ വലിയൊരു പങ്ക് ക്ഷേത്രങ്ങളുടേയും രാജാക്കന്മാരുടേയും ആയിരുന്നു. ഇവയൊക്കെ വൈദേശിക ആക്രമണകാരികളും അവരുടെ പിൻഗാമികളും പിടിച്ചെടുത്ത് അനുഭവിക്കുന്നതിൽ പെടും.
ഇത്തരം സ്വത്തുക്കൾ വിശ്വഹിന്ദു ബോർഡിന് തങ്ങളുടെതാണന്ന് ബോദ്ധ്യപ്പെട്ടാൽ ഇനി മുതൽ സ്വന്തമാക്കാം. നിലവിലെ കൈവശക്കാർക്ക് കേവലം ഒഴിഞ്ഞ് പോകാൻ നോട്ടീസ് കൊടുത്താൽ മതിയാകും. ഇതിനെതിരെ പരാതി ഉള്ളവർക്ക് കോടതിയിൽ പോകാനാവില്ല, മറിച്ച് വിശ്വ ഹിന്ദു ബോർഡ് ട്രൈബ്യൂണലിനെ കഴിഞ്ഞ ആയിരം വർഷത്തെ തങ്ങളുടെ പൂർവ്വികരുടെ കൈവശ അവകാശ രേഖകളുമായി സമീപിക്കാം.
പക്ഷേ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. സുപ്രീം കോടതിയിൽ പോലും ചോദ്യം ചെയ്യാനാവില്ല' എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
അതായത് ഹിന്ദുക്കൾക്ക് അയോദ്ധ്യ പോലെ തങ്ങളുടെ ഭഗവാന്റെ ജന്മസ്ഥലത്തിനായി അഞ്ഞൂറ് കൊല്ലം യുദ്ധത്തിലോ കോടതിയിലോ ഒന്നും പോരടിക്കേണ്ട ! വെറുതേ നോട്ടീസ് കൊടുത്താൽ മതി.
നിലവിലെ ഉടമസ്ഥരെ ഒഴിപ്പിച്ച് അത് ബോർഡിനെ ഏൽപ്പിക്കേണ്ടത് സർക്കാരിന്റെ ചുമതലയാകും. താജ് മഹലും, കാശിയും മഥുരയും തൊട്ട് പാളയം ഗണപതി ക്ഷേത്രത്തിന്റെ നഷ്ടമായ സ്ഥലം വരെ തിരിച്ചു പിടിക്കുന്നത് ഇനി എന്തെളുപ്പം !"
പാർലിമെന്റിലും പുറത്തും എന്തിന്, അന്താരാഷ്ട്ര തലത്തിൽ പോലും കനത്ത പ്രതിഷേധമാണ് ഈ ബില്ലിനെതിരെ പ്രതിപക്ഷം നടത്തിയത്. രാജ്യത്തെ ന്യൂനപക്ഷത്തെ ഈ നിയമം തകർക്കുമെന്ന് കോൺഗ്രസ്സ് പറഞ്ഞു.
പുറത്ത് കിളിയൻത്തറ ഷാപ്പിലിരുന്ന് അന്തിക്കള്ള് മോന്തുന്ന സഖാവ് വണ്ടൻ സുകുമാരൻ മുതൽ അമേരിക്കൻ വൈറ്റ് ഹൗസിലിരുന്ന് ജോ ബൈഡൻ വരെ മോദി സർക്കാരിന്റെ ഈ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇത്തരം നിയമങ്ങൾ ഒരു ജനാധിപത്യ രാജ്യത്തെ അപ്പാടെ മതാധിപത്യ രാജ്യമാക്കുമെന്ന് താലിബാൻ തലയിൽ ഓട്ടയിട്ട മലാല യൂസഫ് സഹായ് ലണ്ടനിലെ ബഹുനില മന്ദിരത്തിന്റെ മട്ടുപ്പാവിൽ ഇരുന്ന് സ്റ്റാർബക്സ് കോഫി രുചിച്ചു കൊണ്ട് എക്സിൽ കുറിച്ചു ! 🌤️🌤️🌤️
അങ്ങനെ ലോക മനസ്സാക്ഷിയെ ആകെ ഞെട്ടിച്ച ആ മനോഹര നിയമം പ്രാബല്യത്തിൽ വന്നപ്പോളേക്കും അലാറമടിച്ചു ഞാൻ ഞെട്ടിയുണർന്നു!..
ബെഡ് സൈഡ് ടേബിളിൽ നിന്ന് വെള്ളമെടുത്ത് അണ്ണാക്കിലേക്ക് കമഴ്ത്തവേ ഞാൻ ചിന്തിച്ചു, ശൊടാ..' ഇത് തന്നെയല്ലേ വഖഫ് നിയമം ?!..'
1995-ൽ നരസിംഹറാവു സർക്കാർ ഭരണം വിട്ട് പോകും മുൻപ് പാർലിമെന്റിൽ പാസ്സാക്കിയ ഭേദഗതി നിയമമാണല്ലോ ഇത് . വഖഫ് നിയമത്തിലെ നാല്പതാം അനുച്ചേദപ്രകാരം വഖഫ് ബോർഡിന് തങ്ങളുടേതാണെന്ന് തോന്നുന്ന ഭാരതത്തിലെ ഏതൊരു വസ്തുവും സ്വന്തമാക്കാം.
29 കൊല്ലം മുൻപ്, കോൺഗ്രസ്സ് രാജ്യത്തോട് ചെയ്ത ഈ ചതി നിലവിലുണ്ടായിട്ടും ആരുമറിയാത്ത ഈ കരിനിയമത്തിനെ എന്റെ ഒരു സ്വപ്നത്തിൽ വിശ്വ ഹിന്ദു എന്ന് പേരു മാറ്റിയപ്പോൾ പോലും എന്തൊരു ബഹളമായിരുന്നു ?!
ഹമ്പടാ.. 🙂↔️
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Subscribe to:
Post Comments (Atom)
No comments:
Post a Comment