Saturday, 15 March 2025

രോഹിത് ശർമ്മ

"കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയ പണിയാണ് ഈ സാഹിത്യമെഴുത്തു , അത് കൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത് " അഭൂതപൂർവ്വമായ അനായാസത കൊണ്ട് മലയാളികളെ അമ്പരപ്പിച്ച കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ തന്റെ എഴുത്തുകളെ സ്വയം വിലയിരുത്തിയത് ഇങ്ങനെയായിരുന്നു . രോഹിത് ശർമ്മയോടു ചോദിച്ചാലും ചിലപ്പോൾ ഇങ്ങനെതന്നെ പറയും കുഴിമടിയൻമാരായ ബഡുക്കൂസുകൾക്കു പറ്റിയതാ ണ് ഈ ക്രിക്കറ്റ് കളി അത് കൊണ്ടാണ് ഞാൻ ഇത് തിരഞ്ഞെടുത്തത് . വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തുകൾ വായിക്കുമ്പോൾ നമുക്ക് തോന്നും ഹേയ് ഇത്ര എളുപ്പമാണോ എഴുതാൻ ഇതിപ്പോ ഞാൻ വേണേലും എഴുതുമല്ലോ , വായിച്ചു തുടങ്ങുമ്പോൾ ആ എഴുത്തിന്റെ അനായാസമായ ഒഴുക്കിൽ നമ്മൾ ലയിച്ചങ്ങനെയിരിക്കും .പക്ഷെ ഒന്ന് ശ്രമിച്ചാൽ നമുക്ക് മനസിലാകും ആ അനായാസത ഒട്ടുമേ എളുപ്പമല്ല എന്ന് . ഫോമിലായ രോഹിത് ശർമ്മയുടെ ബാറ്റിംഗ് കാണുമ്പോളും നമുക്ക് തോന്നുക അതേ അനായാസത ആണ് . അപ്പോൾ നമുക്ക് തോന്നും ശ്ശൊ ഇത്രയെളുപ്പമാണോ ഈ സിക്സ് അടിക്കാൻ എന്ന് .പക്ഷെ അതയാൾക്കു മാത്രമേ പറ്റു .
രോഹിത് ശർമ്മയുടെ ബൗണ്ടറികൾ കാണുമ്പോൾ പലപ്പോഴും അയാൾക്ക് ആ ബോൾ കളിക്കാൻ കൂടുതൽ സമയം കിട്ടുന്ന പോലെ തോന്നാറുണ്ട് . അയാളുടെ പുള്ളും ,ലോഫ്റ്റും ,ഫ്ലിക്കും ഒക്കെ അവസാന നിമിഷം ആണ് സംഭവിക്കുന്നത് ഷോട്ടുകളിലേക്ക് അയാൾ ബാറ്റു കൊണ്ട് വരുന്നതും വളരെ ലാഘവത്തോടെയാണ് പക്ഷെ ബോളിൽ ബാറ്റു സ്പർശിക്കുന്നതിനു തൊട്ടു മുന്നുള്ള ആ നിമിഷം ആ ബാറ്റിനു വന്യമായ ഒരു കരുത്തു വരും . പേനെയെടുക്കാതെ മാവിൻചുവട്ടിലെ ചാരുകസേരയിൽ വെറുതെയിരിക്കുമ്പോൾ ബഷീർ കുഴിമടിയനായ ഒരു ബടുക്കൂസ് ആണ് . പക്ഷെ പേനയും പേപ്പറും എടുത്തു കഴിഞ്ഞാൽ കഥ മാറും . ഫീൽഡിൽ നിൽക്കുമ്പോൾ , ടോസ് ഇടാൻ നടന്നു വരുമ്പോൾ , പ്രസ് മീറ്റിനു ഇരിക്കുമ്പോൾ , ഇന്റർവ്യൂ കൊടുക്കുമ്പോൾ ഒക്കെ രോഹിതും കുഴിമടിയനായ ബടുക്കൂസ് ആയി തോന്നും . പക്ഷെ ബാറ്റെടുക്കുമ്പോൾ ............. ഇക്കാലത്തെ ക്രിക്കറ്റിൽ എനിക്ക് ഏറ്റവും മനോഹര കാഴ്ച ഫോമിലായ രോഹിത് ശർമ്മയുടെ ബാറ്റിങ് ആണ് ദീപു തോമസ്

No comments:

Post a Comment