Monday, 31 March 2025
Empuran
ഈ വിഷയം ഇനി എഴുതേണ്ട എന്ന് കരുതിയതാണ്. എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ.
എംപുരാനിലെ ഹിന്ദു വിരുദ്ധതയും, ദേശ വിരുദ്ധതയും തുടങ്ങിയത് യഥാർത്ഥത്തിൽ ലൂസിഫറിൽ തന്നെയാണ്. പല ലക്ഷ്യങ്ങൾ ഒരേ സമയം കോർത്തിണക്കി തയ്യാറാക്കിയ ദുരുദ്ദേശപരമായ ഒരു മാസ്റ്റർ പ്ലാനിന്റെ കൃത്യമായ എക്സിക്യൂഷനാണ് ഈ രണ്ട് സിനിമകളും.
ലൂസിഫറിൽ വിതച്ച് എംപുരാൻ കൊയ്ത വിഷം പുരട്ടിയ കഥയും കഥാപാത്രങ്ങളും അതിന് പിന്നിലെ സൂചകങ്ങളും ഇങ്ങനെയാണ്.
1) സിനിമയിലെ പ്രധാന കഥാപാത്രമായ മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി എന്ന സ്വർണ്ണ കള്ളക്കടത്ത് അധോലോക നായകന്റെ വലം കൈയ്യായ തീവ്രവാദിയുടെ പേര് . സയ്യിദ് മസൂദ് - ഇന്ത്യയുടെ ശത്രുക്കളായ രണ്ട് പ്രധാന തീവ്രവാദികളുടെ പേരുകളുടെ സങ്കരം!
സയ്യദ് മസൂദ് : ലഷ്ക*ർ ഇ തോയ്ബ തലവൻ ഹഫീസ് സയ്യദിനേയും ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനേയും ചേർത്ത് ഉണ്ടാക്കിയ പേര്. ഇത് ലൂസിഫർ മുതൽ പ്ലാൻ ചെയ്തതല്ലേ?. അതെ എന്നാണ് ഉത്തരം !
2. എംപുരാനിൽ ഖുറേഷി ഇബ്രാഹിമിന്റെ മുഖം അന്വേഷണ ഏജൻസികളുടെ ക്യാമറക്ക് മുന്നിൽ ആദ്യമായി കാണിക്കുന്ന ഒരു സീനുണ്ട്. അതു കണ്ട് ഏജൻസി ഓഫീസർ തന്നെ അന്തം വിട്ട് ചോദിക്കുന്നുണ്ട്: എന്തിന് ഖുറേഷി ഇബ്രാഹിം തൻ്റെ മുഖം കാണിച്ചു എന്നത്. ഉത്തരം പക്ഷേ സിനിമ പറയുന്നില്ല.
എന്നാൽ ഇതിന് ഒർത്ഥമേയുള്ളൂ. L3യിൽ ഖുറേഷി ഇബ്രാഹിം കൊല്ലപ്പെടും. പിന്നെ നേതാവ് സയ്യദ് മസൂദ്. അതായത് മോഹൻലാലിന് ശേഷം മലയാള സിനിമയിൽ താനാണെന്ന വ്യംഗ്യമാണ് പൃഥ്വിരാജ് മുന്നോട്ട് വയ്ക്കുന്നത്. ഇത് മറ്റൊരു ഒളിച്ചു കടത്തലാണ്.
3. ലൂസിഫറിൽ മുതലുള്ള നേതാവാണ് കണ്ടാൽ രാജീവ് ഗാന്ധിയെ പോലെ തോന്നുന്ന പി.കെ. രാംദാസ്. അയാളുടെ മക്കൾ പ്രിയ ദർശനി രാംദാസ് അഥവാ പ്രിയങ്കാ ഗാന്ധി, മകൻ വിദേശത്ത് പഠിച്ച ജതിൻ രാംദാസ് അഥവാ രാഹുൽ ഗാന്ധി ! ഇതാണ് നാം മനസ്സിലാക്കണമെന്ന് എഴുത്തുകാരൻ കരുതുന്ന ബിംബവൽക്കരണം.
എംപുരാനിൽ; തോൽവിയായ ജതിനെ ഒഴിവാക്കി പ്രിയദർശിനിയെ നേതാവാക്കുന്നു. :- എന്ന് വച്ചാൽ പ്രിയങ്ക ഇനി പ്രധാനമന്ത്രിയാകണം എന്ന് വ്യംഗ്യം. ജതിനെ എംപുരാനിൽ ശത്രുക്കൾ ഹെലികോപ്റ്റിറിൽ ബോംബ് വച്ച് കൊല്ലുകയാണ്. വാസ്തവത്തിൽ രാഹുൽ ഗാന്ധിയെ കൊല്ലാനുള്ള ആഹ്വാനമല്ലേയിത്? സൂക്ഷിക്കണം: ആരെക്കയോ ഇത് മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. രാഹുലിനെ കൊല്ലുക, അതിന്റെ പഴി പരിവാറിൽ ചാരുക, സഹതാപം വച്ച് പ്രിയങ്കയെ പ്രധാനമന്ത്രിയാക്കുക ! L3 യുടെ പ്ലോട്ട് റെഡിയാണ്.
4. മുല്ലപ്പെരിയാർ തകർക്കുക: എന്നിട്ട് അതിന്റെയും കുറ്റം സംഘപരിവാറിൽ ചാർത്തുക! ദേശീയ കക്ഷി കേരളത്തിലേക്ക് വരുന്നത് വിശാലമായ നമ്മുടെ തീരദേശം വഴി മയക്കുമരുന്ന് കടത്തി കച്ചവടത്തിനാണെന്നും അത് നടന്നില്ലെങ്കിൽ ഡാം തകർത്ത് കേരളത്തെ മുക്കി കൊല്ലുകയും ചെയ്യുമെന്നുമാണ് ഈ സിനിമ പറഞ്ഞു വയക്കുന്ന മറ്റൊരു ദുരാരോപണം. ഈ ഭാഗത്ത് ആഭ്യന്തര മന്ത്രിയേയാണ് വ്യംഗ്യമായി വില്ലനാക്കിയിരിക്കുന്നത്..
5. NIA: ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ലോഗോ വരെ ഉപയോഗിച്ച ഈ സിനിമ പറയുന്നത് NIA രാഷ്ട്രീയ ഉദ്ദേശങ്ങളുടെ ഉപകരണമാണെന്നാണ്. ഒടുവിൽ NIA ഉദ്ദ്യോഗസ്ഥനെ നിസ്സാരമായി വെടിവെച്ചു കൊന്നിട്ട് പോകുന്നവന് വീരപരിവേഷവും !
6. ലഷ്ക്ക*ർ ഇ തോയി* ബ ക്യാമ്പ് : അവരുടെ ക്യാമ്പ് കാണിക്കുന്ന സീനിൽ വ്യക്തമായി അവരുടെ ബാനർ കാണിക്കുന്നു. അവിടെ കലാപത്തിന് ഇരയായ ഒരു മത വിഭാഗത്തിൽ മാത്രം പെട്ട കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന ഭീകരൻ. അയാൾ കുട്ടികളെ തങ്ങളുടെ ഉറ്റവരെ ഇല്ലാതാക്കിയ എതിർ സമൂഹത്തോട് പ്രതികാരം ചെയ്യാൻ പ്രതിജ്ഞ എടുപ്പിക്കുകയാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും, പ്രേരണ നൽകുകയും ചെയ്യുന്ന വിധമാണ് ഇത് മനഃപ്പൂർവ്വം ചിത്രീകരിച്ചിരിക്കുന്നത്.
7. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ളാം മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കും വിധം അവരുടെ വിവിധ മത ബിംബങ്ങളെ മോശമായി കാണിക്കുകയും തകർക്കുകയും ചെയ്യുന്ന ചിത്രീകരണം ഈ സിനിമയിൽ ഉണ്ട്. മത വിഭാഗങ്ങൾ തമ്മിലെ വൈരാഗ്യം കുത്തിയിളക്കാൻ ഇടയാകുന്ന വിധമാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്. വർഗ്ഗീയ ലഹളക്ക് പോകുന്നവർക്ക് ക്ഷേത്രത്തിന്റെയും ത്രിശൂലത്തിന്റെയും പശ്ചാത്തലത്തിൽ ഉള്ള സീനുകളും, കുരിശു തകർക്കുകയും ചെയ്യുന്ന സീനുകൾ ഉദാഹരണം..
ഇങ്ങനെ കലാപവും അസ്വസ്ഥതകളും സൃഷ്ടിക്കാൻ പാകത്തിന് സകല ദുരുദ്ദേശങ്ങളുമുള്ള ഒരു സിൽമ! ഇന്ത്യൻ ആർമിയിലെ ഉന്നത പദവി വരെ വഹിക്കുന്ന സമ്പൂർണ്ണനടൻ കൊണ്ട് തല വച്ച ഇടം കൊള്ളാം...
**********************************
മറ്റ് പല കലാപങ്ങളും പോലെ ഗോദ്രയും ഗുജറാത്തും ഒക്കെ കഴിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. രാജ്യം വർഗ്ഗീയ ലഹളകളോ, മതവിദ്വേഷമോ ഒന്നും കൂടാതെ വികസനോന്മുഖമായി മുന്നോട്ട് കുതിക്കുന്ന ഈ സമയത്ത് ജനങ്ങൾക്കിടയിൽ വർഗ്ഗീയ വിഷവും വൈരാഗ്യവും ഭിന്നിപ്പും ഉണ്ടാകാൻ പാകത്തിന് യാഥാർത്ഥ്യങ്ങളെ പോലും മറച്ചു വച്ചും വളച്ചൊടിച്ചും ഊതി പെരുപ്പിച്ച ഒരു കഥ, ഇത്രയും ഭീകരമായ ഗൂഡാലോചനയോടെ (!) ഇങ്ങനെ സീരീസായി സിനിമകൾ പ്ലാൻ ചെയ്തവർ തീവ്രവാദികളേക്കാൾ കൊടിയവിഷം നിറഞ്ഞ രാജ്യദ്രോഹികളല്ലാതെ മറ്റാരാണ്?. സത്യത്തിൽ ഇവരിനി പൊതു സമൂഹത്തിലല്ല ശിഷ്ടകാലം ജീവിക്കേണ്ടത്, മറിച്ച് തീഹാർ ജയിലിലാണ്.
രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും മതസൗഹാർദ്ദവും തകർത്ത് മതഭീകരതക്ക് വഴി മരുന്നിടും വിധം സിനിമയിലൂടെ പൊതുജനത്തെ സ്വാധീനിച്ച് കലാപം സൃഷ്ടിക്കാൻ വഴിമരുന്നിടുന്ന മുരളീ ഗോപി, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ, നിർമ്മാതാക്കൾ തുടങ്ങിയവരെ പ്രധാന പ്രതികളാക്കി കേസെടുത്ത് വിചാരണ ചെയ്യണം. ബാക്കി നീതിപീഠങ്ങൾ തീരുമാനിക്കട്ടെ.
ഈ സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയവരെ കൂട്ടു പ്രതികളുമാകണം. അടിയന്തിരമായി ഈ സിനിമ, സമ്പൂർണ്ണമായി നിരോധിക്കണം.
നാളെയുടെ തലമുറകൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും രാജ്യത്തിന്റെ അഖണ്ഡതയും സാമുദായിക മതമൈത്രിയും നിലനിർത്താനും ഇത് അത്യന്താപേക്ഷിതമാണ്. കേന്ദ്ര സർക്കാർ ഉടനടി ഇതിൽ ഇടപെടണം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#Empuraan
Narendra Modi
PMO India
Amit Shah
Ajit Doval
Rajeev Chandrasekhar
Suresh Gopi
K Surendran
Subscribe to:
Post Comments (Atom)
No comments:
Post a Comment