Tuesday, 25 March 2025

സൗന്ദര്യലഹരി

ഒരാളുടെ മരണശേഷം തലച്ചോറില്‍ നിന്ന് പ്രത്യേകതരം ഊര്‍ജം പുറന്തള്ളപ്പെടുന്നുണ്ട് എന്നും, അത്, ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണ് എന്നും യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ അനസ്തേഷ്യോളജി– സൈക്കോളജി വിഭാഗത്തില്‍ പ്രൊഫസറും, അനസ്തേഷ്യോളജിസ്റ്റാമായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫിന്റെ പഠനം പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു. ശരീരം എന്നത് പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ നശ്വരമായതാണെന്നും അതിനുള്ളിൽ വസിക്കുന്ന ജീവാത്മാവ്, അനശ്വരമാണെന്നും അത് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മാവിന്റെ ഭാഗമാണെന്നും, പൗരാണിക ഭാരതം സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭഗവദ്ഗീത ഉൾപ്പടെ വിവിധങ്ങളായ തത്വശാസ്ത്ര ഗ്രന്ഥങ്ങളിലൂടെയും വേദോപനിഷത്തുകളിലൂടെയും മറ്റും ഉത്ഘോഷിച്ചിരുന്നു. സകല ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവാത്മാവ്, കർമ്മാനുബന്ധിയായി വിവിധങ്ങളായ ജന്മങ്ങളിലുടെ മോക്ഷം പ്രാപിക്കും വരെ കടന്ന് പൊയ്ക്കോണ്ടേയിരിക്കും എന്ന് ഭഗവദ്ഗീതയിൽ പറയുന്നു. ആത്യന്തികമായി ജീവാത്മാവിന്റെ ലക്ഷ്യം, കർമ്മങ്ങൾ ഒടുങ്ങി, ജനിമൃതികളുടെ പാശങ്ങളില്ലാതെ അനന്തമായ പരമാത്മാവിൽ ലയിക്കുന്ന മോക്ഷമാണ് എന്നും ആ മോക്ഷപ്രാപ്തിയാണ് ഓരോ മനുഷ്യജന്മത്തിന്റെയും ആത്യന്തികമായ ലക്ഷ്യം എന്നും അതിനുള്ള അവസരവും യജ്ഞവുമാണ് ഒരോ ജന്മവും എന്നുമാണ് ഹൈന്ദവർക്ക് ഈ സംസ്കൃതി പകർന്നു നൽകിയ മഹാവിജ്ഞാനത്തിന്റെ സൂക്ഷ്മരൂപം. ആ മോക്ഷത്തിനായുള്ള പ്രാർത്ഥനയോടെയാണ് അൻപത് കോടി മനുഷ്യർ കുംഭമേളയിൽ എത്തി ഗംഗയിൽ പുണ്യസ്നാനം ചെയ്തത്. ആധുനീക ശാസ്ത്രം ഭാരതീയർക്ക് സഹസ്രാബ്ദങ്ങളായി അറിയുന്ന വിഷയങ്ങൾ ഇപ്പോൾ തങ്ങളുടേതായ രീതിയിൽ ശരി വയ്ക്കുന്നു എന്നേയുള്ളൂ. മോക്ഷപ്രാപ്തിയെന്നത് സമ്പൂർണ്ണമായ ആനന്ദമാണെന്നും ആ പരമാനന്ദ സ്വരൂപന്റെ ചൈതന്യത്തിൽ അലിഞ്ഞു ചേരാനുള്ള ഉപായം നമ്മൾക്ക് ഓതി തന്നത്, ഇന്ന് കുംഭമേളിയിൽ ഏറ്റവും അധികം സ്മരിക്കപ്പെടുന്ന ജഗദ്ഗുരു ആദിശങ്കരാചാര്യരാണ്. "സൗന്ദര്യലഹരിയിലൂടെ !" “നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!” എന്നു സാക്ഷാൽ ശ്രീ നാരായണഗുരുദേവൻ വാഴ്ത്തിപ്പാടിയ പരമാനന്ദ സ്വരൂപമായ മഹാമായയായ പ്രപഞ്ചശക്തിയെ അനാവരണം ചെയ്യുന്ന ശ്രീശങ്കരന്റെ സൗന്ദര്യലഹരിയെ ആധുനീക സമൂഹത്തിനും, വിശിഷ്യാ നമ്മുടെ യുവാക്കൾക്കായി സമർപ്പിക്കുന്ന ഒരു മഹായജ്ഞം കേരളത്തിൽ നടക്കാൻ പോവുകയാണ്. ഈ വരുന്ന മഹാശിവരാത്രി നാളിൽ (ഫെബ്രു 26) കൊച്ചിയിലെ ഗോകുലം സെൻറ്ററിൽ വച്ച് പ്രിയ സുഹൃത്ത് ഡോ. R Ramanand ന്റെ ഉത്സാഹത്താൽ സൗന്ദര്യലഹരി എന്ന മഹത്തായ ആധ്യാത്മിക കൃതിയുടെ നാനാവശങ്ങളെ യുവ കേരളത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സംഗീതവും സാധനയും സംവാദങ്ങളും, വിവിധങ്ങളായ നൃത്തനൃത്യ കലാരൂപങ്ങളുമെല്ലാം ഏകതാളത്തിൽ ഒത്തുചേരുന്ന അപൂർവമായ ആധ്യാത്മിക അനുഭൂതിയുടെ അമൃതമഴ പെയ്യുന്ന ഒരു ശിവരാത്രിയാണ് “Waves of Bliss” കലാകേരളത്തിന്റെ അഭിമാനമായ മോഹൻലാൽ മുതൽ സന്യാസിമാർ, ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട്, ജെ.നന്ദകുമാർ, ശ്രീജിത് പണിക്കർ, ശങ്കു ടി ദാസ്, അഖില ശശിധരൻ, ഡോ.ലക്ഷ്മി ശങ്കർ, സരിത അയ്യർ, ഡോ. ആർ രാമാനന്ദ് തുടങ്ങിയവരുടെ സാന്നിദ്ധ്യം ആദ്ധ്യാമിക രംഗത്ത് കേരളത്തിന് നവീനമായ ഒരു അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ്. 'Waves of Bliss' ന് എല്ലാവിധ ആംശസകളും നേരുന്നു. സൗന്ദര്യലഹരിയിൽ ലയിച്ചു ചേരുന്ന ഈ ശിവരാത്രി കേരളത്തിൽ ഒരു നവയുഗ പിറവിയുടെ നാന്ദി കുറിക്കട്ടെ. ആശംസകളോടെ, രഞ്ജിത്ത് ഗോപാലകൃഷ്ണൻ #waves_of_bliss Sreejith Panickar Sanku T Das Yuvraj Gokul

No comments:

Post a Comment