Saturday, 3 January 2026
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ആരവല്ലിയുടെ പോരാട്ടം: ഭാഗം -3
ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ ഭരണഘടനയായി മാറിയ മലയാളിയുടെ പോരാട്ടം
******************************
T.N. Godavarman Thirumulpad Vs Union of India (1995):
*******************************
ഇന്ത്യയിലെ പരിസ്ഥിതി വനസംരക്ഷണ ചരിത്രത്തിലെ നാഴികക്കല്ലാണ്, ഇന്ത്യയുടെ ഗ്രീൻമാൻ ആയ ഗോദവർമ്മൻ തിരുമുൽപ്പാട് എന്ന മലയാളി നടത്തിയ ഐതിഹാസിക പോരാട്ടം. ദൗർഭാഗ്യവശാൽ മലയാളികൾക്ക് പോലും ഇതേക്കുറിച്ച് വളരെ കുറഞ്ഞ അറിവേയുള്ളു.
വീരപ്പൻ മുതൽ ചാനലിലെ മരം മുറി കള്ളന്മാരെ വരെ വന സംരക്ഷണ നിയമത്തിന് മുന്നിൽ കുറ്റവാളികളാക്കിയതിന് കാരണമായത് നിലമ്പൂർ കോവിലകത്തെ രാജകുടുംബാംഗമായ ഇദ്ദേഹം നടത്തിയ പ്രശസ്തമായ കേസാണ്. T.N. Godavarman Thirumulpad Vs Union of India (Writ Petition (Civil) No. 202 of 1995) എന്നണ് അത് നിയമ വ്യത്തങ്ങളിൽ അറിയപ്പെടുന്നത്.
ഇന്ത്യൻ സുപ്രീം കോടതിയിലെ ഏറ്റവും നീണ്ടുനിൽക്കുന്ന പൊതുതാൽപ്പര്യ ഹർജികളിൽ ഒന്നാണിത്. 1995-ൽ തമിഴ്നാട്ടിലെ നീലഗിരി മേഖലയിലെ വനനശീകരണത്തിനെതിരെ ടി.എൻ. ഗോദവർമൻ തിരുമുൽപാട് സമർപ്പിച്ച ഹർജി ഇന്നും കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus) ആയി തുടരുന്നു എന്ന സവിശേഷത കാരണമാണ് എല്ലാ പരിസ്ഥിതി, വന നശീകരണ കേസുകളിലും ഇത് ബാധകമാകുന്നത്.
പരിസ്ഥിതി വിഷയത്തിൽ ഈ കേസിലെ വിധിയുടെ പിൻബലത്തിൽ രാജ്യമൊട്ടാകെ കോടതികൾ സർക്കാരുകൾക്ക് നിരന്തരം നിരീക്ഷണവും നിർദേശങ്ങളും നൽകുന്നു. ആരവല്ലി കേസിലും എം.സി മേത്ത കേസിനൊപ്പം സുപ്രീം കോടതി അടിസ്ഥാനമാക്കിയിട്ടുള്ളത് ഗോദവർമ്മൻ കേസിലെ വിധികളും നിർദ്ദേശങ്ങളുമാണ്.
കേസിന്റെ പശ്ചാത്തലം
************************
1990-കളിൽ രാജ്യവ്യാപകമായി വനനശീകരണം, അനധികൃത മരംമുറി, ഖനനം, വ്യാവസായിക പ്രവർത്തനങ്ങൾ എന്നിവ വൻതോതിൽ നടന്നിരുന്നു. Forest (Conservation) Act, 1980 പ്രകാരം വനഭൂമി വ്യാവസായിക ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര അനുമതി വേണമെങ്കിലും സംസ്ഥാനങ്ങൾ ഇത് പലപ്പോഴും അവഗണിച്ചു.
ഗോദവർമന്റെ ഹർജി തമിഴ്നാട്ടിലെ വനമേഖലയിലെ അനധികൃത മരംമുറിയെ, പ്രത്യേകിച്ച് ചന്ദനമരങ്ങൾ കൊള്ളയടിക്കുന്ന വീരപ്പന് രാഷ്‌ട്രീയ പിൻബലത്താൻ യഥേഷ്‌ടം വിഹരിക്കാൻ കഴിയുന്നത് ചോദ്യം ചെയ്തു കൊണ്ടാണ് ആരംഭിച്ചത്.
ഈ കേസിലെ പ്രധാന വിധികൾ;
******************************
1996 ഡിസംബർ 12-ന് ജസ്റ്റിസ് ജെ.എസ്. വർമ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഇന്ററിം ഉത്തരവ് ഇന്ത്യൻ വനനയത്തെ തന്നെ മാറ്റിമറിച്ചു:
1. “വനം” എന്നതിന്റെ വിശാല നിർവചനം Forest Act അല്ലെങ്കിൽ Indian Forest Act പ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ഭൂമി മാത്രമല്ല, ഡിക്ഷണറി അർത്ഥത്തിലുള്ള എല്ലാ വനങ്ങളും (dictionary meaning of forest) ഈ കേസിന്റെ പരിധിയിൽ വരും. ഭൂമി ഔദ്യോഗികമായി വനമായി വിജ്ഞാപനം ചെയ്തിട്ടില്ലെങ്കിലും വനസ്വഭാവമുള്ളതാണെങ്കിൽ അത് വനമായി കണക്കാക്കും. ആരവല്ലി കേസിൽ ഇത് പ്രസക്തമായത് ആ ജൈവ മേഖലയിൽ കണ്ടെത്തിയിട്ടുള്ള വന പരിസ്ഥിതി സമ്പത്തും, നൂറ്റിയൊന്നോളം വരുന്ന പക്ഷി, മൃഗ, മറ്റ് ജീവജാലങ്ങളുടെ സാന്നിദ്ധ്യവും സംരക്ഷണവും മുൻ നിർത്തിയാണ്.
2. ‘മരംമുറിക്ക് പൂർണ നിരോധനം: രാജ്യത്തെ എല്ലാ വനമേഖലകളിലും (നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ ഒഴികെ) മരംമുറി പൂർണമായി നിരോധിച്ചത് ഈ കേസിലെ വൻ വിജയമാണ്. കേരളത്തിൽ ചില മരംമുറി വിദഗ്ധർ കേസിൽ പ്രതികളായത് ഈ നിയമം മൂലമാണ്. 🥴
3. വനഭൂമിയുടെ നോൺ-ഫോറസ്ട്രി ഉപയോഗം Forest (Conservation) Act, 1980 പ്രകാരം വനഭൂമി നോൺ-ഫോറസ്ട്രി ആവശ്യങ്ങൾക്ക് മാറ്റുന്നതിന് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കി. സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല എന്നതാണ് ഇതിലെ പ്രത്യേകത.
4. സെൻട്രൽ എംപവേഡ് കമ്മിറ്റി (CEC) 2002-ൽ സുപ്രീം കോടതി സെൻട്രൽ എംപവേഡ് കമ്മിറ്റി രൂപീകരിച്ചു. വനസംരക്ഷണം, ഖനനം, വന്യജീവി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ റിപ്പോർട്ട് സമർപ്പിക്കുന്ന സ്ഥിരം സമിതിയാണിത്.
ആരവല്ലി മലനിരകളുമായുള്ള ബന്ധം
*********************************
ഈ കേസ് M.C. Mehta v. Union of India കേസുമായി ചേർന്നാണ് സുപ്രീം കോടതി ആരവല്ലി മലനിരകളിലെ ഖനന നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഈ വിധി പ്രകാരം വനസ്വഭാവമുള്ള ആരവല്ലി മേഖലകളിൽ ഖനനത്തിനുള്ള അനുമതി Forest Act ൻ്റെ പരിധിയിലാക്കി.
അനധികൃത ഖനനശാലകൾ അടച്ചുപൂട്ടാൻ നിർദേശം നൽകി. 2025-ലെ ആരവല്ലി നിർവചന വിവാദത്തിലും (100 മീറ്റർ മാനദണ്ഡം) CEC-യുടെ (Central Empowered Committee) റിപ്പോർട്ടുകൾ നിർണായകമായിരുന്നു. CEC ഈ മാനദണ്ഡത്തെ എതിർത്തു.
കേസിന്റെ പ്രാധാന്യവും സ്വാധീനം:
* ഇന്ത്യയിലെ മൂന്നിലൊന്ന് വനഭൂമി ഈ കേസിന്റെ പരിധിയിൽ വന്നു.
• വന്യജീവി സംരക്ഷണം, പ്ലാന്റേഷൻ vs. പ്രകൃതി വനം തുടങ്ങിയ വിഷയങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
• NET PRESENT VALUE (NPV) കൺസെപ്റ്റ് അവതരിപ്പിച്ചു—വനഭൂമി മാറ്റുമ്പോൾ പരിസ്ഥിതി നഷ്ടപരിഹാരമായി തുക അടയ്ക്കണം (CAMPA ഫണ്ടിലേക്ക്).
• വനനയത്തിൽ കോടതി നിരീക്ഷണം (judicial oversight) സ്ഥാപിച്ചു.
നിലവിലെ സ്ഥിതി: (2025 ഡിസംബർ)
കേസ് ഇപ്പോഴും സജീവമാണ്. വനഭൂമി മാറ്റൽ, ഖനനം, വന്യജീവി ഇടനാഴികൾ, compensatory afforestation തുടങ്ങിയ വിഷയങ്ങൾ പരിഗണനയിലുണ്ട്. ആരവല്ലി, പശ്ചിമഘട്ടം, നോർത്ത് ഈസ്റ്റ് വനങ്ങൾ എന്നിവയിലെ പ്രശ്നങ്ങൾ ഇതിന്റെ ഭാഗമായി വരുന്നു. മാധവ് ഗാഡ്ഗിൽ പശ്ചിമ ഘട്ടത്തിനായി നടത്തിയ പോരാട്ടങ്ങൾ, കോടതികൾ ഈ കേസിൽ പഠിച്ചിരുന്നു.
ചുരുക്കത്തിൽ, മലയാളിയായ ഗോദവർമ്മൻ കേസ് ഇന്ത്യൻ പരിസ്ഥിതി നിയമത്തിന്റെ “ഭരണഘടന” എന്ന വിശേഷണം നേടി. നമ്മുടെ രാജ്യത്തെ വന, പരിസ്ഥിതി സംരക്ഷണത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അഥവാ നിയമങ്ങൾ ഇവിടെ നിന്നാണ് ഉടലെടുത്തത്. M.C. Mehta കേസിനൊപ്പം ചേർന്ന് ഇത് ഇന്ത്യയുടെ പരിസ്ഥിതി ഭരണത്തെ പുനർനിർവചിച്ചു എന്ന് പറയാം.
ആരവല്ലി സംരക്ഷണം സംബന്ധിച്ച കേസുകളിലും ഇപ്പോഴും കോടതികൾ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയങ്ങളോട് ഒരു സമഗ്ര ഭൂപടം തയ്യാറാക്കാൻ ആവശ്യപ്പെട്ടതും ഇതിൻ്റെ തുടർച്ചയാണ്.
ഇപ്പോൾ ഏകദേശം ആരവല്ലി മലനിരകൾ സംബന്ധിച്ച കേസു കാര്യങ്ങളുടെ ചരിത്രം ബോദ്‌ധ്യമായില്ലേ? ഈ പശ്ചാത്തലത്തിൽ വേണം അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിന് എതിരെ നടത്തുന്ന കനത്ത വിമർശനങ്ങളെ വിലയിരുത്താൻ. അതേക്കുറിച്ച് അടുത്ത ഭാഗത്തിൽ...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SaveAravalli
ആരവല്ലിയുടെ പോരാട്ടം: ഭാഗം 2 നിയമപോരാട്ടങ്ങളുടെ നാൾവഴികൾ
********************************
മണിപ്പൂരിലെ കലാപം തുടങ്ങിയത് എങ്ങനെയാണന്ന് ഓർമ്മയുണ്ടോ?
2023 ഏപ്രിൽ 14-ന് മണിപ്പൂർ ഹൈക്കോടതി മണിപ്പൂരിലെ പ്രധാന ഗോത്ര വർഗ്ഗമായ മെയ്തി സമുദായത്തിന് Scheduled Tribe (ST) പദവി നൽകുന്നതിനുള്ള ശുപാർശ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. ഇത് കുക്കി-നാഗ ഗോത്രങ്ങളെ ഞെട്ടിച്ചു.
ഇതിനെതിരെ മെയ് 3-ന് തുടങ്ങിയ ട്രൈബൽ സമരമാണ് ഹൈക്കോടതി ആ ഉത്തരവ് പിൻവലിച്ചിട്ടും ഇന്നും അവസാനിക്കാത്ത രക്തരൂക്ഷിത കലാപമായി തുടരുന്നത്.
ആരവല്ലി മലനിരകളുടെ സംരക്ഷണം സംബന്ധിച്ച് ഇതേ പോലെയൊരു കോടതി ഉത്തരവാണ് ഇപ്പോളത്തെ വിവാദങ്ങളുടേയും സമരങ്ങളുടേയും മൂല കാരണം. കോടതികൾ കലാപത്തിന് ഇടയാക്കി എന്നല്ല ഇതിൻ്റെയൊന്നും അർത്ഥം. മറിച്ച് ദൂരെ വ്യാപകമായ ആഘാതങ്ങൾ പഠിക്കാതെ ഉള്ള ചില ഉത്തരവുകൾ ഇങ്ങനെ വിവാദങ്ങളിൽ കലാശിക്കും എന്ന മുന്നറിയിപ്പാണ് ഈ സംഭവങ്ങൾ.
ആറോ, ഏഴോ പതിറ്റാണ്ടുകളായി ഭാരതം സ്വതന്ത്രമായ ശേഷം പോലും തുടർന്നിരുന്ന വനനശീകരണവും, പരിസ്ഥിതി നശീകരണവുമാണ് ആരവല്ലി മലമേഖലകളിൽ നടന്നിരുന്നത്. എന്നാൽ 2025 നവംബർ 20 ലെ ഒരൊറ്റ കോടതി ഉത്തരവ് ഇത്രയും കാലം ഇതൊന്നും കാണാതെയിരുന്ന പരിസ്ഥിതി വാദികളേയും അർണോബിനെ പോലെയുള്ള മാദ്ധ്യമ പ്രവർത്തകരേയും ഉണർത്തി. അതവിടെ നിക്കട്ടെ;അതിലേക്ക് പിന്നെ വരാം. തത്ക്കാലം ആരവല്ലി സംബന്ധിച്ച കോടതി വ്യവഹാരങ്ങളുടെ കാര്യം പറയാം.
മുൻപ് സൂചിപ്പിച്ചതു പോലെ, നീണ്ട കാലത്തെ കോടതി വ്യവഹാരങ്ങളുടെ ഒരു ചരിത്രം തന്നെ ആരവല്ലി പ്രദേശത്തിനുണ്ട്. എന്നാൽ ഇവയൊന്നും ഏകീകൃത സ്വഭാവത്തോടെ ഉള്ളതല്ല എന്നതാണ് വാസ്‌തവം. അതിന് കാരണം, ഗുജറാത്ത് മുതൽ ഹരിയാന, ദില്ലി വരെയുള്ള മലനിരകളേയും അവയുടെ താഴ്‌വരകളേയും ആരവല്ലി പ്രദേശം എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായി ‘ഇന്നയിടം മുതൽ ഇത്രയിടം വരെ’ യാണ് ആരവല്ലി നിരകൾ എന്ന് നിർവചിക്കപ്പെട്ടിട്ടില്ല എന്നതാണ്.
മുൻ കാലങ്ങളിൽ ഈ പ്രദേശങ്ങളുടെ ജൈവ വൈവിദ്ധ്യങ്ങളെക്കുറിച്ചോ, പരിസ്ഥിതി പ്രാധാന്യത്തേക്കുറിച്ചോ കൃത്യമായ പഠനങ്ങളൊന്നും നടന്നിരുന്നില്ല. അതിനാൽ തന്നെ ഈ മലനിരകൾ, അതു കടന്നു പോകുന്ന സംസ്ഥാനങ്ങളുടെ പരിധിക്കുള്ളിൽ ഉൾപ്പെട്ടതായി കണക്കാക്കി അതാത് സംസ്ഥാനങ്ങളാണ് ആ പ്രദേശങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ഇന്നും അങ്ങനെ തന്നെയാണ് നടക്കുന്നതും.
തത്ഫലമായി മറ്റേത് സ്ഥലങ്ങളിലേയും പോലെ ഈ പ്രദേശങ്ങളും രാഷ്ട്രീയക്കാർ + മൈനിങ്ങ് മാഫിയാ സംഘങ്ങളുടെ വിളനിലമായി. ആരവല്ലിയിൽ ഉൾപ്പെട്ട ഒട്ടേറെ പ്രദേശങ്ങൾ ഇങ്ങനെ നാമാവശേഷമായി. പല സ്ഥലങ്ങളും ഇടിച്ചു നിരത്തപ്പെട്ട് നഗരങ്ങളായി. ദൽഹിയുടെ തൊട്ടടുത്ത ഗുർഗാവോൺ തന്നെ ഉദാഹരണം. 1960 കൾ മുതൽ നിർബാധം തുടങ്ങിയ ഈ തേർവാഴ്ച്ചകൾ ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നത് 1985ലാണ്.
ആരവല്ലി പരാമർശിക്കപ്പെട്ട ആദ്യ കേസ്:
*****************************
ദൽഹിയിലെ ശ്രീറാം ഫെർട്ടിലൈസേർസ് ഇൻഡസ്ട്രീസ് എന്ന കമ്പിനിയിൽ നിന്നും ഓലിയം ഗ്യാസ് ലീക്ക് ചെയ്തുണ്ടായ അപകടത്തെ തുടർന്ന് ദൽഹിയിൽ അന്നത്തെ പ്രശസ്ത അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.സി മേത്ത നേരിട്ട് സുപ്രീം കോടതിയിൽ കൊടുത്ത പൊതു താത്പര്യ ഹർജി ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥയിൽ നാഴികക്കല്ലായി മാറുകയായിരുന്നു.
M.C. Mehta v. Union of India (Writ Petition (Civil) No. 4677 of 1985): ********************************
ഇന്ത്യൻ പരിസ്ഥിതി നിയമ ചരിത്രത്തിലെ ഏറ്റവും നീണ്ടു നിൽക്കുന്നതും സ്വാധീനമുള്ളതുമായ കേസുകളിലൊന്നാണിത്. ശ്രീറാം ഇൻഡസ്ട്രീസ് മൂലം ഉണ്ടായ ദൽഹിയിലെ വായു മലിനീകരണം ചൂണ്ടിക്കാട്ടി ഇത്തരം അപകടകരമായ വ്യവസായങ്ങൾ, അനധികൃത നിർമാണങ്ങൾ, ആരവല്ലി മലനിരകളിലെ ഖനനം തുടങ്ങിയ വിഷയങ്ങൾ മേത്ത സുപ്രീം കോടതിയിൽ ചർച്ചയാക്കി.
ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയിൽ നേരിട്ട് ഫയൽ ചെയ്ത ഈ ഹർജി ഇന്നും തുടരുന്ന പ്രക്രിയയാണ്. "കണ്ടിന്യൂയിങ് മാണ്ഡമസ് (continuing mandamus)" രീതിയിൽ കോടതി തുടർച്ചയായി നിരീക്ഷണവും നിർദേശങ്ങളും നൽകുന്ന ഇന്ത്യയിലെ ആദ്യ കേസ് കൂടിയാണിത്. (എല്ലാ കാലത്തും കോടതിക്ക് ഒരു വിഷയത്തിൽ തുടർച്ചക്കായി ഇടപെടാനുള്ള അവകാശമാണിത്)
കേസിന്റെ പശ്ചാത്തലം:
**********************
1980-കളിൽ ഡൽഹിയിലെ കനത്ത മലിനീകരണവും വ്യാവസായിക പ്രവർത്തനങ്ങളും ജനജീവിതത്തെ ബാധിച്ചിരുന്നു.
മേത്തയുടെ ഹർജി പ്രധാനമായും:
• ഡൽഹിയിലെ അപകടകരമായ (hazardous/noxious) വ്യവസായങ്ങൾ മാറ്റിസ്ഥാപിക്കുക.
• ആരവല്ലി മലനിരകളിലെ അമിത ഖനനം തടയുക
• അനധികൃത നിർമാണങ്ങൾ, റിഡ്ജ് മേഖലകളുടെ സംരക്ഷണം, വായു-ജല മലിനീകരണം എന്നിവ നിയന്ത്രിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു.
ആർട്ടിക്കിൾ 21-ലെ ജീവിക്കാനുള്ള അവകാശം (right to life) പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെടുത്തി കോടതി ഇടപെട്ടു. ഇതിന് മറ്റൊരു പരിസ്ഥിതി കേസും ഉപോദ്ബലമായി.
മേത്തയുടെ കേസു പോലെ ഇന്നും തുടരുന്ന മറ്റൊരു കേസാണ് TN ഗോദവർമ്മൻ തിരുമുൽപ്പാട് കേസ്. അത് അടുത്ത ഭാഗത്തിൽ പറയാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#SaveAravalli
ആരവല്ലിയുടെ പോരാട്ടം; വിവാദങ്ങളും, വസ്തുതകളും **************************** (ഭാഗം - ഒന്ന്
വടക്കേന്ത്യയെ പിടിച്ചുലയ്ക്കുന്ന ആരവല്ലി പർവ്വത നിരകളുടെ ഖനനാനുമതി സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസും, ഇതിൻ്റെ പേരിൽ കേന്ദ്രസർക്കാരിന് എതിരെ നടക്കുന്ന പ്രചരണങ്ങളെ, പ്രത്യേകിച്ച് അർണാബ് ഗോസ്വാമി നടത്തുന്ന വിമർശനങ്ങളേയും ഒന്ന് സ്വതന്ത്രമായി നോക്കുകയാണിവിടെ.
ജനകീയ പോരാട്ടങ്ങളും മാദ്ധ്യമ വിമർശനങ്ങളും സുപ്രീം കോടതിയെ വരെ കനത്ത സമ്മർദ്ദത്തിലാക്കി തങ്ങളുടെ തന്നെ വിധിയെ തടഞ്ഞു വച്ച് കൂടുതൽ പഠനങ്ങൾ നടത്താൻ നിർബന്ധിതരാക്കി എന്നതിൻ്റെ അനന്യ സാധാരണമായ സ്ഥിതി വിശേഷമാണ് ഈ കേസിൽ ഉണ്ടായിരിക്കുന്നത്.
എന്തുകൊണ്ട് ഇത് വിചിത്രമായ ഒരു സ്ഥിതി വിശേഷമാകുന്നുവെന്ന് അറിയണമെങ്കിൽ ഈ വിഷയം തുടക്കം മുതൽ അറിയണം. ഒപ്പം ആരവല്ലിയുടെ പ്രാധാന്യം ഉൾപ്പെടെ സുപ്രീം കോടതി ഡിസം 29 ന് ജനുവരി 21 വരേക്ക് മരവിപ്പിച്ച അവരുടെ തന്നെ നവം20 ലെ വിധിയെ കുറിച്ചും ഇതിൽ കേന്ദ്രത്തിൻ്റെ പങ്കിനെ കുറിച്ചും അറിയണം.
ഈ വിഷയത്തിൽ റിപ്പബ്ളിക്ക് ടിവിയും അർണോബ് ഗോസ്വാമി കേന്ദ്ര സർക്കാരിനെ വിമർശിച്ച് തുടർച്ചയായി നടത്തുന്ന ചർച്ചകളാണ് രാജ്യത്ത് മറ്റ് മാദ്ധ്യമങ്ങളേയും, പ്രതിപക്ഷ കക്ഷികളേയും അമ്പരപ്പിച്ചതെന്ന് പറയാതെ വയ്യ. അതിലെ ഗൗരവവും അതിനാൽ തന്നെ കാണാതെയിരുന്നു കൂടാ.
ഈ വിമർശനങ്ങളും, വിവാദങ്ങളും കേസുകൾക്കും കൃത്യമായി മനസ്സിലാകണമെങ്കിൽ ആദ്യം വടക്കേ ഇന്ത്യയുടെ ജീവനാഡിയായ ആരവല്ലി മലനിരകൾ നേരിടുന്ന യഥാർത്ഥ വെല്ലുവിളികളും ഒപ്പം ഈ കേസിൻ്റെ നാൾ വഴികളും അറിയണം. കൂടാതെ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുക മാത്രമായിരുന്ന ആരവല്ലിക്കായി നരേന്ദ്രമോദി കൊണ്ടു വന്ന പദ്ധതികളും ഇത് നടപ്പാകും മുൻപ് ഇപ്പോൾ പൊടുന്നതേ വിവാദമായി എന്നുമറിയണം.
എല്ലാം വിശദമായി പറയുമ്പോൾ ഒരല്പം നീണ്ടു പോകും എന്നതിനാൽ ഒന്നിലേറെ ഭാഗങ്ങൾ ഇതിലുണ്ടാകും. അതിനാൽ തന്നെ അക്കാഡമിക്ക് താത്പര്യത്തോടെ ഇതിനെ സമീപിക്കുന്നവർ മുഴുവൻ വായിച്ച് അഭിപ്രായം കൂടി പറയുക, ഒപ്പം തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയും കൂടുതൽ വിവരങ്ങൾ അറിയാമെങ്കിൽ കമൻ്റിൽ ചേർക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ആദ്യം ആരവല്ലിയെ അറിയാം.
**************************
മലയാളികളെ സംബന്ധിച്ച് ഒരു ജോഗ്രഫി പാഠം മാത്രമാണ് ആരവല്ലി മലനിരകൾ. എന്നാൽ ഉത്തര പശ്ചിമ ഭാരതത്തിൻ്റെ പാറാവുകാരനാണ് യഥാർത്ഥത്തിൽ ഈ പർവ്വത നിരകൾ.
ഏകദേശം ഇരുനൂറ് മുതൽ മുന്നൂറ് കോടി വരെ വർഷങ്ങൾ പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള മലനിരകളിലൊന്നാണ്, ആരവല്ലി മലമടക്കുകൾ. ഭൂമിയുടെ ആയുസ്സ് തന്നെ കണക്കാക്കിയിട്ടുള്ളത് നാനൂറ്റിയമ്പത് കോടി വർഷങ്ങൾ മാത്രമാണ് എന്നോർക്കുക.
ഒരൊറ്റ പ്ലേറ്റായി കിടന്ന ഗോണ്ഡ്വാന എന്ന ഭൂവിഭാഗം പലതായി പിരിഞ്ഞ് ഭൂഖണ്ഡങ്ങൾ രൂപാന്തരപ്പെട്ട കാലത്ത് രൂപപ്പെട്ട പർവ്വത നിരകളാണ് ഹിമാലയത്തേക്കാൾ ഇരട്ടി പ്രായമുള്ള ആരവല്ലി നിരകൾ. ഇത് ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവയിലൂടെ ഏകദേശം 692 കിലോമീറ്റർ നീളുന്ന ഒരു വലിയ വേലിക്കെട്ടാണിത് എന്ന് വേണമെങ്കിൽ പറയാം. പ്രകൃതി ഭാരതത്തിന് നൽകിയ വരദാനം.
ജൈവ സമ്പുഷ്ടവും വൈവിദ്ധ്യവും നിറഞ്ഞ ഈ മലനിരകൾ രാജസ്ഥാനിലെ താർ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനം തടയുന്ന ഒരു മതിൽ പോലെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു. നമ്മുടെ പശ്‌ചിമഘട്ടം പോലെ.
ഉത്തരേന്ത്യയിലെ സ്വാഭാവിക പ്രകൃതി, കാലാവസ്ഥ, ജലസ്രോതസ്സ് സംരക്ഷണം, ജൈവവൈവിധ്യങ്ങളുടെ സംരക്ഷണം, താർ മരുഭൂമിയിലെ പൊടിപടലങ്ങളും മരുവൽക്കരണവും തടയുക എന്നിവയെല്ലാം ആരവല്ലി മലനിരകളുടെ അനുഗ്രഹമാണ്.
എന്നാൽ, നൂറ്റാണ്ടുകളായി മണൽക്കല്ല്, ചുണ്ണാമ്പ്, മാർബിൾ, ഗ്രാനൈറ്റ് തുടങ്ങിയ ധാതുക്കൾ ഈ മേഖലയിൽ നിന്നാണ് ഖനനം ചെയ്യുന്നത്. താജ് മഹൽ നിർമ്മിക്കാൻ ഉപയോഗിച്ച മാർബിളുകൾ ഉൾപ്പെടെ വന്നത് ഇവിടെ നിന്നാണ് എന്നറിയുമ്പോൾ ഊഹിക്കാമല്ലോ ? ഒപ്പം കാലാകാലങ്ങളിലെ വന നശീകരണവും !
ഭാരതം സ്വതന്ത്രമായപ്പോൾ ഇത് സംരക്ഷിക്കപ്പെടുന്നതിന് പകരം കൂടുതൽ ചൂഷണം ചെയ്യപ്പെട്ടു എന്നതാണ് ദുഃഖകരമായ വസ്തുത. കഴിഞ്ഞ നാല് മുതൽ ആറ് പതിറ്റാണ്ടുകളായി ധാതുക്കൾക്കായുള്ള അമിത ഖനനം ഈ മേഖലയിൽ വലിയ തോതിലുള്ള പരിസ്ഥിതി നാശത്തിന് കാരണമായി.
ഭരണഘടന അനുസരിച്ച് ഖനനാനുമതി നൽകുന്നതും അതിലെ വരുമാനവും സംസ്ഥാനങ്ങൾക്കാണ് ഉള്ളത്. ഇതിൽ പരിസ്ഥിതി വനം തുടങ്ങിയ വകുപ്പുകളുടെ അനുമതി മാത്രമേ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെ കീഴിൽ വരുന്നുള്ളൂ. (നമ്മുടെ ആറന്മുളയിൽ വിമാനത്താവളം കൊണ്ടുവരാനുള്ള പദ്ധതി ഇങ്ങനെ കേന്ദ്ര പരിസ്ഥിതി അനുമതി ലഭിക്കാതെ മുടങ്ങിയതാണ്)
കഴിഞ്ഞ കാലങ്ങളിലെ ഇങ്ങനത്തെ നിയന്ത്രണമില്ലാത്ത ഖനനങ്ങളിലൂടെ ഉത്തര ഭാരതത്തിലെ ഭൂഗർഭ ജലനിരപ്പ് കുത്തനെ കുറയുക, ദൽഹി ഇപ്പോൾ അനുഭവിക്കുന്നതു പോലുള്ള വായു മലിനീകരണം വർധിക്കുക, വനമേഖല നഷ്ടപ്പെടുക തുടങ്ങിയ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇത്തരം പ്രവണതകൾക്കെതിരെ 1985-ൽ സമർപ്പിക്കപ്പെട്ട ഒരു പൊതു താത്പര്യ ഹർജിയെ തുടർന്നുള്ള കേസുകളാണ് 2025 തീരുമ്പോളും തുടരുന്നത് എന്നറിയുമ്പോൾ "വിചിത്രം" എന്നല്ലാതെ ഈ വിവാദങ്ങളെ എങ്ങനെ വിശേഷിപ്പിക്കും? 🙄
1985ൽ തുടങ്ങിയ നിയമ പോരാട്ടങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തിൽ... (തുടരും..)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Thursday, 4 December 2025
പിണറായി എന്ന ഭാഗ്യവാൻ
പിണറായി വിജയൻ ശരിക്കുമൊരു ഭാഗ്യവാനാണ് എന്നതിൽ ആർക്കേലും സന്ദേഹമുണ്ടോ?. എനിക്കില്ല കേട്ടോ!.
ഭരിച്ചു മുടിച്ചും, അയ്യപ്പൻ്റെ കട്ടിള വരെ കട്ടു മുടിച്ചും നാട് നശിപ്പിച്ചു പണ്ടാരമടക്കി വച്ചിരിക്കുകയാണ്. നാട്ടുകാര് തന്തയ്ക്കും തരവഴിക്കും പ്രാകി ഇനി കിട്ടുന്ന വഴിക്ക് വച്ച് വീക്കാൻ ഉന്നമിട്ട മൊതല്..
ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയൻ്റെ പാർട്ടി മുടിഞ്ഞ് മുണ്ടക്കോലുടഞ്ഞ് പൊട്ടി പാളീസാകേണ്ടതായിരുന്നു. അപ്പോളാണ് ഗർഭം കലക്കിയുമായി മന്തോപ്പിൽ നിന്നൊരു ഭടൻ്റെ രംഗപ്രവേശം.. രാഹുൽ മാങ്കൂട്ടത്തിൽ !
‘എന്തദിശയമേ വിജയൻ്റെ ഭാഗ്യം’ എന്നാരും പാരഡി പാടി പോകുന്ന രംഗം ! ഗർഭക്കേസ് പണ്ടേ പാർട്ടിയുടെ വീക്ക്നെസ്സാണ്. അവിഹിതം, ബലാത്സംഗം എന്നിവയാണ് പഥ്യം. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോൾ എതിര് പാർട്ടിയിലെ കൊള്ളാവുന്ന പുരുഷ പ്രജകളുടെ മേൽ തീവ്രത കൂടിയ ഐറ്റം ഒരെണ്ണം ഇതിൽ നിന്നുമെടുത്ത് വീശും. കോളിളക്കമുണ്ടാക്കും. അതോടെ അവരുടെ കാറ്റ് പോകും.
ഇത്തരം ആരോപണം സ്വന്തം പാർട്ടിക്കാരുടെ മേൽ വരുമ്പോൾ പാർട്ടിക്കമ്മിറ്റി അന്വേഷിക്കും. ബലാൽസംഗമാണേൽ തീവ്രത അളക്കും. എന്നിട്ട് തീവ്രത കുറവാണന്ന് കണ്ടെത്തും. പരസ്യശാസനയാണ് ഏറ്റവും ഭീകരമായ ശിക്ഷ.
ഗർഭമാണേൽ അതും പാർട്ടി അന്വേഷിക്കും. ഇരയായ പെൺകുട്ടിയെ കമ്മിറ്റി വിചാരണ നടത്തും. ഗർഭം കണ്ടെത്താനായില്ലെന്ന് കമ്മിറ്റി പോളിറ്റ് ബ്യൂറോക്ക് കത്തെഴുതും. ആ കണ്ടെത്തൽ തെറ്റിച്ച് പെൺകുട്ടി എങ്ങാനും പ്രസവിച്ചാൽ, പാർട്ടി തീരുമാനം ലംഘിച്ച് പ്രസവിച്ച കുറ്റത്തിന് ആ പെണ്ണിനെ പാർട്ടി പുറത്താക്കും.
ഇങ്ങനെ കാലാകാലങ്ങളായി ഗർഭ ശ്രീമാന്മാരായ പാർട്ടിക്കാണ് മാങ്കൂട്ടത്തെ പോലുള്ള ലക്ഷണം തികഞ്ഞ വിത്തുകാളയെ കിട്ടിയത്. ജല്ലിക്കെട്ട് തുടങ്ങാൻ പിന്നെ അമാന്തിച്ചില്ല. വാർത്തയായി, മാദ്ധ്യമ വിചാരണയായി, കേസായി, പുകിലായി എന്തിന്; രാഹുൽ ഈശ്വറിൻ്റെ വക്കാലത്ത് വരെയായി.
ഇത് ശബരിമലയിലെ സ്വർണ്ണക്കൊള്ള മറച്ച് വയ്ക്കാനാണെന്ന്, മൂക്കത്ത് വിരല് വച്ച നാട്ടുകാര് പരസ്പരം പറഞ്ഞു. എതിര് പാർട്ടിക്കാർക്കും ഉണ്ടായി മാളോരുടെ അതേ സംശയം.
പക്ഷേ വാസ്തവത്തിൽ ഈ ഗർഭക്കേസ് കോൺഗ്രസുകാർ തന്നെ തളികയിൽ വച്ച് കൊണ്ട് ചെന്ന് കൊടുത്തതാണ്. അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിച്ച് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, യുവ തുർക്കിയും, ഭാവി മുഖ്യമന്ത്രിയാണന്ന് പലരും കരുതുന്ന ഷാഫി പറമ്പിൽ എംപിയുമായുള്ള ചക്കളത്തി പോരാണ് ഇപ്പോൾ ഈ അവിഹിതം കുത്തിപ്പൊക്കാൻ ഇടയാക്കിയതെന്നാണ് കരക്കമ്പി. അതിലെ collateral damage അഥവാ അധികാര വടംവലിയിലെ കയറു മാത്രമാണത്രേ ഈ കോഴി മാങ്കൂട്ടം.
സംശയമുണ്ടെങ്കിൽ ഇതൊന്ന് നോക്കൂ; പാർട്ടിയിലെ സ്ഥിരം ലോലനായ മാങ്കൂട്ടത്തിനെതിരെ ആദ്യം പരാതിയുമായി പൊതു സമക്ഷത്തേക്ക് വന്നതാരാ?
കേക്കച്ചൻ്റെ സ്വന്തം പെങ്കൊച്ച് ! തൊട്ട് പിന്നാലെ ഈ കേസ് മൂപ്പിച്ച് ചാനലുകാരും പത്രക്കാരും വന്നെങ്കിലും ലീഗിൻ്റെ കണ്ണിലുണ്ണിയായ ഷാഫിക്കാൻ്റെ സ്വന്തം കുഞ്ഞനെ ഒരാഴ്ച്ച വീട്ടിലിരുത്തി, ഊത്ത് കാംഗ്രസ്സിൻ്റെ തൂവൽപ്പൂട തലയിൽ നിന്ന് കൊഴിഞ്ഞു എന്നല്ലാതെ ഒന്നും ചെയ്യാൻ കേക്കച്ചനായില്ല.
സ്‌ക്കോർ: 1-1
അപ്പോളാണ് ട്വിസ്റ്റ്.
കോഴി രാഹുലൻ്റെ ഇര പരാതി കൊടുത്തു. ആർക്ക്? സാക്ഷാൽ മുഖ്യമന്ത്രിക്ക്. സാധാരണക്കാർ പീഡനക്കേസ് പരാതി പോലീസിലും ഈ വിശേഷാൽ പരാതി പോലീസ് മന്ത്രിക്കും കിട്ടി. മാങ്കൂട്ടത്തെ കേക്കച്ചൻ പിന്നേയും തള്ളി. മാങ്കൂട്ടം ഓടിത്തള്ളി.
ഷാഫിക്കാൻ്റെ ദില്ലിയിലെ പിടിവച്ചാണന്ന് തോന്നുന്നു, നേരെ മുങ്ങിയത് കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകത്തിലേക്ക്. പിണറായി പോലീസ് പിന്നാലെയും പോയിട്ടുണ്ട്.
ഇതോടെ 1-2ന് പിന്നിലായ ഷാഫിക്ക്യാമ്പ് അടുത്ത ചെക്ക് വച്ചു.
ഇത്തവണ ഉപയോഗിച്ചത് ഡബിൾ അറ്റാക്കാണ്. ഒരു വശത്ത് കൂടെ ഡ്രിബിൾ ചെയ്ത് കയറാൻ ഗാന്ധിയൻ രാഹുൽ ഈശ്വരനെ ഇറക്കി വിട്ടു.
തലയ്ക്ക് നല്ല സ്ഥിരമില്ലാത്തതു കൊണ്ട് അതിയാൻ ഏത് ചുടുചോറും വാരും. ഇതറിയാവുന്ന കസേര വാരിയരായിരുന്നു ടീം ഷാഫിക്ക് വേണ്ടി തിരിച്ച് ഗോളടിച്ചത്. സ്‌കോർ 2-2.
ലീഗിൻ്റെ മറ്റൊരു മിഡ്ഫീൽഡറാണ് ടിയാനും.
മാങ്കൂട്ടം പീഡിപ്പിച്ച പെൺകുട്ടിയെ മൂന്നാമതൊരു ആത്മഹത്യാ ശ്രമം നടത്താൻ പ്രേരിപ്പിക്കും വിധം കപട നാട്യക്കാരിയും പുരുഷ പീഡകയും ബ്ലാക്ക് മെയിലറുമൊക്കെ ആക്കാൻ വായ്ത്താളം കൊണ്ട് വയറ്റിപ്പിഴപ്പ് കഴിക്കുന്ന ഗാന്ധി രാഹുലിനായി.
മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ പെൺകുട്ടി പച്ചക്കള്ളം പറയുകയാണന്നും അവൾ വിവാഹിതയാണന്നും അവളുടെ വിവാഹത്തിൽ സന്ദീപ് വാരിയർ പങ്കെടുത്തതാണെന്നും ആ പടം ഫേസ് ബുക്കിൽ ഉണ്ടെന്നും ഇയാൾ ചാനലുകളിൽ എഴുന്നെള്ളിച്ചു.
ഇവിടെയാണ് കശ്മലബുദ്ധിക്കാരനായ കസേര വാരിയർ പൂഴിക്കടകൻ പ്രയോഗിച്ചത്. രാഹുൽ ഈശ്വർ പറഞ്ഞതു പോലെ താൻ ഇന്ന വർഷം ഇത്രാം തീയ്യതി ഈ പരാതിക്കാരി പെൺകുട്ടിയുടെ കല്യാണത്തിൽ പങ്കെടുത്തു എന്ന നിഷ്‌ക്കളങ്കമായ രീതിയിൽ സമ്മതിച്ചു കൊടുത്തു ഈ ദുശ്ശാസനൻ. അതോടെ ഖദറിട്ട സൈബർ ഗുണ്ടകൾ ഈ ഫോട്ടോ തിരഞ്ഞ് പിടിച്ച് സകല സമൂഹ മാദ്ധ്യമങ്ങളിലും അഴിഞ്ഞാടി ആ പെൺകുട്ടിയെ പരമാവധി അപമാനിച്ചു..
ഈ കുരുട്ട് ബുദ്ധിയിലൂടെ പാലക്കാടിൻ്റെ ഭൈമീ കാമുകൻ ഉന്നമിട്ടത് ഒറ്റവെടിക്ക് പല ലക്ഷ്യങ്ങളാണ്. അതിജീവിതയെ സാമൂഹിക മാദ്ധ്യമങ്ങളിലെ കാപാലികന്മാർക്ക് തിന്നാനിട്ടു കൊടുത്താൽ ഷാഫി ക്യാമ്പിന് സന്തോഷം ആകുമെന്നതാണ് ഒന്ന്.
എന്നാൽ അതിജീവിതയെ അപമാനിച്ചതിന് കേസ് വരുമ്പോൾ മാങ്കൂട്ടം പെട്ടോളും എന്നാണ് ടിയാൻ പ്രതീക്ഷിച്ചത്. അതിൽ പെട്ട് മാങ്കൂട്ടം ഒഴിയുന്ന മുറക്ക് ആ കസേരയിൽ അടുത്തതായി കയറിയിരിക്കാം എന്നത് അടുത്തത്. കസേരയാണല്ലോ എന്തായാലും മുഖ്യം !
കേക്കച്ചൻ്റെ പോസ്‌റ്റിലേക്ക് അങ്ങനെ തിരികെ നീട്ടിയൊരു ഗോളടിച്ച് ഷാഫിക്ക് സമനില സമ്മാനിച്ച സന്തോഷത്തിൽ വാരിയറ് ഇരിക്കുമ്പോളാണ് തലക്ക് വെളിവില്ലാത്ത ഗാന്ധിയൻ വേട്ടാവെളിയൻ്റെ അമിത പ്രകടനം കാരണം പടപടേന്ന് കേസ് ഒരെണ്ണം നാലാം സമ്മാനം ഇട്ട് പിണു അണ്ണൻ പിടലിക്ക് വച്ചു കൊടുത്തത്. വട്ടനെ തട്ടി അകത്തിടുകയും ചെയ്തു .
പ്രതി ഒളിവിലും, പ്രതിക്ക് വേണ്ടി വാദിച്ചവൻ അകത്തും ! ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരണ്ണം.
ലവടെ എഎചീചി പറയുന്നു; കോഴിയെ കൂട്ടീന്ന് പുറത്തൊക്കാൻ.. ഇവടെ കെപിശീശീ പറയുന്നു; വെയ്റ്റ് ചെയ്യാമെന്ന്.. ആകെപ്പാടെ ഒരങ്കലപ്പാണ്.. അടുത്ത ഭരണവും, മുഖ്യമന്ത്രി പദവുമൊക്കെ ഖുദാഗവാ🙄
എന്തായാലും, പിണുവണ്ണൻ്റെ സമയം ബസ്റ്റ് സമയം തന്നെയണ്ണാ ...😂🤣😂
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
ഭദ്രകാളിയും അവതാരരഹസ്യവും;
അഭീഷ്ട വരപ്രദായിനിയുടെ മൂര്‍ത്തിമത്ഭാവങ്ങളെ ആവാഹിക്കാന്‍ കാളീപൂജയുമായി ക്ഷേത്രങ്ങളും കാവുകളും
പുരാതനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവീഭാവമാണ് കാളി. ദുർഗ്ഗാ ദേവിയുടെ രൗദ്രഭാവമാണ് കാളീരൂപം. കാളുന്നവള്‍ കാളി എന്നാണ് നാമത്തിന്‍റെ അര്‍ത്ഥം. അസുരനിഗ്രഹത്തിനായി അവതരിച്ച ബ്രഹ്മ സങ്കല്‍പം. അജ്ഞാനത്തിന് മേല്‍ ജ്ഞാനത്തിന്‍റെ വെളിച്ചമേകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് കാളിയുടെ ധർമ്മം. ദാരികനിഗ്രഹത്തിനായി ശിവന്‍റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജന്മമെടുത്തവളാണെന്നും ദക്ഷന്‍റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായ പരമശിവന്‍ കോപത്താല്‍ തന്‍റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയുടെ അവതാര രഹസ്യം പറയുന്നു.
കാളി, ഭദ്രകാളി, മഹാകാളി എന്നിവ കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വികാരം ഭയം മാത്രമാണ്. ദാരികൻ, ചണ്ഡമുണ്ഡന്മാർ, രക്തബീജൻ തുടങ്ങിയ അസുരന്മാരുടെ വധവുമായി ബന്ധപ്പെട്ട് കാളിയ്ക്ക് ധാരാളം മൂർത്തിഭേദങ്ങൾ ഉണ്ട്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യയുടേതായ വാഗ്ഭവബീജത്തിന്‍റെ പ്രഭാവവും കാളിയ്ക്ക് ഉണ്ട്. ദശവിദ്യ എന്നറിയപ്പെടുന്ന പത്തുരൂപങ്ങളാണ് കാളിക്ക് ഉള്ളത്. മാതംഗി, കാളി, ഭുവനേശ്വരി, താര, ഷോഡശി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.
ഭാരതത്തിൽ സാർവത്രികമായി പ്രചാരം നേടിയ സാധനാമാർഗമാണ് കാളിപൂജ. കാളീപ്രതിഷ്ഠള്‍ക്ക് പല രൂപഭാവങ്ങളാണ് ഉള്ളത്. വട്ടക്കണ്ണുകളുള്ള , നിലം വരെ നീളത്തിലുള്ള തലമുടിയുള്ള, രക്തം ഇറ്റുവീഴുന്ന നാവുള്ള, കരിനീല വര്‍ണ്ണമുള്ള, ആരേയും ഭസ്മമാക്കത്തക്കവിധത്തിലുള്ള തൃക്കണ്ണുമുള്ള കോപാകുലയായ കരിങ്കാളി. ശൂലം, വളഞ്ഞ വാള്‍, പരിച, കപാലമാല, ദാരികശിരസ്സ്, വെണ്മഴു, ഡമരു, കയറ്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് തുടങ്ങി അറുപത്തിനാല് കൈകള്‍ വരെയുള്ള കാളീസങ്കല്പങ്ങള്‍ ഉണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപങ്ങളും കാളിയുടേതായി പറയപ്പെടുന്നുണ്ട്. ശ്രീചക്രപൂജയിൽ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയാണ് കാളി. ദേവീഭാഗവതത്തിൽ ചണ്ഡമുണ്ഡ- ശുംഭനിശുംഭന്മാരുടെ നിഗ്രഹത്തിൽ ശ്രീ ചണ്ഡികാപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന ദേവീരൂപമാണ് മഹാകാളി.
കാളീ പൂജയ്ക്ക് പ്രകടം, രഹസ്യം, അതിരഹസ്യം എന്നീ മൂന്ന് വകഭേദങ്ങൾ ഉണ്ട്. ദാരികന്‍റെ കഴുത്തറുത്ത് ചോരകുടിച്ച്, കുടൽമാലകൾ സ്വന്തം ഉടലിൽ ചാർത്തി വാളും ദാരികശിരസും കയ്യിലേന്തി, ഘോരമായി അട്ടഹസിച്ചു നൃത്തം ചെയ്യുന്ന മഹാകാളിയുടെ രൂപം കാളിയുടെ പ്രകടരൂപമാണ്. ഈ രൂപത്തെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമാരാധിക്കുന്നത്.
രഹസ്യഭാവം മൂലാധാരസ്ഥിതയായ കുണ്ഡലിനീ ശക്തിയാണ്. ഇത് സഹസ്രാരമധ്യവർത്തിയായ പരാമശിവതത്വവുമായി ഐക്യം പ്രാപിക്കുന്ന യോഗരഹസ്യവും ആകുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ സുഷുമ്നാനാഡിയിലെ ആറ് ആധാരപത്മങ്ങൾ വഴി സ്വായത്തമാക്കാന്‍ കഴിയുന്നതാണ് ഈ രഹസ്യഭാവം. കാലത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നവളാണ് മഹാകാളി.സൃഷ്ടിസ്‌ഥിതിസംഹാരലീലകൾ ചെയ്യുന്ന ഈ മഹാകാളി തൈത്തിരീയശ്രുതിയിൽ പ്രതിപാദിക്കപ്പെട്ട പരബ്രഹ്മതത്ത്വം തന്നെയാകുന്നു.
കാളിയുടെ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയാകുന്നു. സാധകൻ സ്വയം കാളിയാകുന്നു. അഥവാ ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പൂജ. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക് മാത്രം ഉള്ള വീരാരാധനയാകുന്നു ഈ അതീവ രഹസ്യഭാവം.
കാളിയുടെ ഉപാസനയ്ക്ക് ജാതിഭേദം ചിന്തിക്കുവാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അയാൾ കൊടും പാതകിയാണ് എന്ന് മഹാനിർവാണതന്ത്രത്തിൽ പറയുന്നു. ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽപ്പെട്ടവരെയും ദ്വിജരായി കാണണം എന്ന് കൗളവലിയിലും പറഞ്ഞിരിക്കുന്നു. ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി. കാളീ പൂജയിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ തടയാന്‍ പാടില്ലെന്നുമാണ് വിദഗ്ധമതം.
ഹനുമാൻ സ്വാമി
ഭക്തിക്ക് പൊതുവെ നാല് ഭാവങ്ങളാണുള്ളത്.
വാത്സല്യ ഭാവം
സഖ്യ ഭാവം
പ്രേമ ഭാവം
സേവക ഭാവം
വാത്സല്യവും സഖ്യവും പ്രേമവും യശോദാമ്മക്കും അർജ്ജുനനും രാധക്കും ഭഗവാൻ ശ്രീകൃഷ്ണനോട് തോന്നിയ ഭക്തി ഭാവങ്ങളാണ്. സേവാ ഭക്തിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കോടി വരുന്നത് ഒരൊറ്റ മുഖമാണ്.. ഹനുമാൻ സ്വാമി !
ഏതൊരപൂർവ വ്യക്തിത്വമാണെന്നോ അവിടുന്ന് ! മിത ഭാഷി, പണ്ഡിതാഗ്രെസരൻ , ബുദ്ധിമാന്മാരിൽ വെച്ച് അതിബുദ്ധിമാൻ, ശക്തന്മാരിൽ വെച്ച് അതിശക്തൻ , സംഗീതജ്ഞൻ , പരാക്രമശാലി , പരിശ്രമശാലി ഇങ്ങനെയൊക്കെയാണെങ്കിലും അതീവ വിനീതൻ.. അഹങ്കാര ലേശമില്ലാത്തവൻ..
കിഷ്കിന്ധാകാണ്ഡത്തിൽ ഹനുമാൻ സ്വാമിയെ ആദ്യമായി കണ്ട ശ്രീരാമസ്വാമി ലക്ഷ്മണനോട് പറയുന്നത് ഇത്രയും സംഭാഷണ ചാതുരിയുള്ള ആരെയും ഞാനിന്നേ വരെ കണ്ടിട്ടില്ലെന്നായിരുന്നു. ഈ ഒരൊറ്റ വരിയിൽ ഹനുമാൻസ്വാമിയെ അറിയാം.. പിന്നെയങ്ങോട്ട് രാമായണത്തിൽ ആ വ്യക്തിത്വമാണ് മേൽക്കൈ നേടുന്നത്..
ധർമ്മത്തിനു പകരം വെക്കാൻ ഒരു വാക്കില്ലാത്തത് പോലെ സേവയെന്ന വാക്കിനനുയോജ്യമായ ഒരു തർജ്ജമയുണ്ടാകാനും ബുദ്ധിമുട്ടാണ് . സ്വാർത്ഥലക്ഷ്യങ്ങൾക്കു വേണ്ടിയല്ലാതെയുള്ള സേവനമാണത്. സർവിസ് / സെർവെൻറ് എന്ന വാക്കുകൾ എത്രത്തോളം അവിടെ യോജിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. രാമായണത്തിൽ എന്തായാലും ഈ അടിമ ഉടമ മനോഭാവം ഇല്ല. രാമന് ഹനുമാൻ തന്റെ അടിമയായിരുന്നില്ല. ഹനുമാന് രാമൻ ഉടമസ്ഥനുമായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് അവിടുന്ന് രാമനെ സേവിച്ചത്? സുഗ്രീവനുമായി രാമാനുണ്ടാക്കിയ കരാർ മാത്രമായിരുന്നോ അതിനാധാരം? ആയിരുന്നില്ല. ശ്രീരാമനോടുള്ള അടിയുറച്ച സേവാമനോഭാവം ഒന്ന് മാത്രമായിരുന്നു കാരണം . തന്റെ ജീവൻപോലും നിസ്സാരമായിക്കണ്ടു സമുദ്രതരണത്തിന് ശ്രീഹനുമാനോരുങ്ങിയതും അതുകൊണ്ടു തന്നെയാണ്.
വിഭീഷണനും സുഗ്രീവനും ശ്രീരാമനെ മിത്രഭാവേന സേവിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടു പേർക്കും സുഹൃത്ബന്ധം ഒരു കരാറായിരുന്നു എന്ന് മാത്രം. ലക്ഷ്മണന് ശ്രീരാമനോട് സേവാഭാവമായിരുന്നു. പക്ഷെ മമതാ ബോധത്തിന്റെ ആധിക്യം ലക്ഷ്മണനിൽ ചെറിയ അളവിലെങ്കിലും സ്വാർത്ഥതയുണ്ടാക്കിയിട്ടുണ്ട് എന്ന് കാണാം .സ്വാർത്ഥതാ ലേശമില്ലാതെ ശ്രീരാമനെ സേവിച്ചത് ശ്രീഹനുമാൻ മാത്രമാണ് എന്ന് രാമായണം പറയുന്നു.
ശ്രീരാമനെ ഒന്നിൽക്കൂടുതൽ തവണയാണ് ഹനുമാൻ സഹായിക്കുന്നത്. ഹനുമാനില്ലായിരുന്നുവെങ്കിൽ സീതാന്വേഷണമോ രാവണവധമോ സാധ്യമാകുമായിരുന്നില്ല .. രാവണവധത്തിൽ ഹനുമാനോളം സേവ മറ്റാരും ചെയ്തിട്ടുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും കൂടി തന്നെ അന്വേഷിച്ചാലല്ലാതെ ഹനുമാൻ ആ രംഗത്ത് പ്രത്യക്ഷപ്പെടാറ് പോലുമില്ല. തന്റെ കർമ്മം കഴിഞ്ഞ ശേഷമാകട്ടെ , ഇതൊന്നും താനല്ല ചെയ്തതെന്ന ഭാവത്തിൽ വിനയാന്വിതനാകുന്ന , യോഗനിദ്രയിലേക്കാണ്ട് പോകുന്ന അവിടുത്തെ പോലൊരു വ്യക്തിത്വത്തെ മറ്റെവിടെ കാണാൻ സാധിക്കും..
Monday, 1 December 2025
ശിവ പ്രഭാകര സിദ്ധ യോഗി
❤(ഓൾഡ് പോസ്റ്റ് )❤
എനിയ്ക്കിപ്പോഴും ഒരു ആശ്ചര്യവും തോന്നാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നു. നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കില്ല എനിയ്ക്ക് വട്ടാണെന്നു പറയും സാരല്യ, കാരണം 370, 420 ഒക്കെ പ്രായമുള്ള സന്യാസിമാരെ ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മൂക്കത്ത് വിരൽ വയ്ക്കും കണ്ണുതള്ളും ഇതു വായിച്ചു കഴിഞ്ഞാൽ
ഇതൊരു നിര്യാണ വാർത്തയാണ്; 1986ൽ പ്രസിദ്ധീകരിച്ചത്.
ശിവപ്രഭാകര
സിദ്ധയോഗി
ഓമല്ലൂർ: ശിവപ്രഭാകര സിദ്ധയോഗി നിര്യാതനായി. ഓമല്ലൂരിൽ നാദകുഴിമലയിലെ പ്രഭാകരസിദ്ധാശ്രമത്തിൽവച്ചു ജൻമദിനമായ ഇന്നലെയാണ് അദ്ദേഹം നിര്യാതനായത്. ബുധനാഴ്ച വൈകിട്ടു സമാധിയിരുത്തും. വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ശിഷ്യൻമാരുണ്ട്.
ഇനി ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച വാർത്ത:
ശിവപ്രഭാകര സിദ്ധയോഗി
പരമഹംസർ നിര്യാതരായി
ശങ്കരൻകോവിൽ: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ ശങ്കരൻകോവിൽ പാമ്പാട്ടി സിദ്ധർ ജീവസമാധിമഠത്തിൽ ഇന്നു 10.30ന്. കേരളത്തിലെ അകവൂർ മനയിൽ ജനിച്ച പ്രഭാകരൻ എന്ന ഉണ്ണി ഹിമാലയത്തിൽ ഡഹരി എന്ന അഘോരിസിദ്ധന്റെ ശിഷ്യനായി മാറുകയായിരുന്നു. അവധൂതനായി രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശിഷ്യഗണങ്ങളുണ്ട്.
രണ്ടു ചരമവാർത്തകൾക്കും നിഗൂഢമായൊരു സാമ്യം തോന്നുന്നില്ലേ? ആ സാമ്യത്തെ അവിടെ നിർത്തി, ആ പേരുകാരനിലേക്ക് ഒരു പിൻയാത്ര നടത്തിയാലോ?
ശിവപ്രഭാകര സിദ്ധയോഗി: ഞാൻ ജീവിതത്തിൽ കേട്ടറിഞ്ഞതിൽ ഏറ്റവും വിസ്മയിപ്പിച്ചൊരു പേരാണത്. ആരാണ് അദ്ദേഹം?
വളരെ പഴയൊരു പത്രവാർത്തയിൽനിന്ന് ഗൂഢയാത്ര തുടങ്ങാം. 1948 ജൂൺ എട്ടിന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതാണത്.
685 വയസ്സായ യതിവര്യൻ
മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ ( ഞെട്ടിയോ?) ഞെട്ടി!
എറണാകുളം: കാഴ്ചയിൽ 30 വയസ് മതിക്കുന്ന ഒരു അപരിചിതനെ മട്ടാഞ്ചേരി പൊലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു ലോക്കപ്പിൽ വെച്ചിരിക്കുന്നു. തനിക്ക് 685 വയസ്സായെന്നു പ്രസ്തുത യുവാവ് അവകാശപ്പെടുന്നു. ലങ്കോട്ടിയും പൂണുനൂലും മാത്രം ധരിച്ച നിലയിലാണു പൊലീസ് അയാളെ കണ്ടെത്തിയത്. അറസ്റ്റിനുശേഷം ഇതുവരെ ഭക്ഷണമോ വെള്ളമോ അയാൾ കുടിച്ചിട്ടില്ല. മലമൂത്ര വിസർജനവും ചെയ്തിട്ടില്ല. എന്നാൽ ഇതുകൊണ്ട് അയാൾക്ക് യാതൊരു ബുദ്ധിമുട്ടും ഉള്ളതായി കാണുന്നില്ല.
കൊല്ലവർഷം 438 (ക്രിസ്ത്വബ്ദം 1263) മീനമാസത്തിലെ പൂരുരുട്ടാതി നാളിലാണു താൻ ജനിച്ചതെന്നും സുപ്രസിദ്ധമായ അകവൂർ മനയിലെ അംഗമാണു താനെന്നും അയാൾ പറയുന്നു. 11 കൊല്ലം തുടർച്ചയായി കടലിനടിയിൽ താമസിച്ചിട്ടുണ്ടെന്നും അയാൾ അവകാശപ്പെടുന്നുണ്ട്. ചെറുമൽസ്യങ്ങളും കടൽപ്പച്ചയും തിന്നാണ് അന്നു ജീവിച്ചിരുന്നതത്രേ. 400 കൊല്ലം തുടർച്ചയായി ഹിമാലയത്തിൽ പാർത്തിട്ടുണ്ട്. അതിനുശേഷം ഇടയ്ക്കിടയ്ക്കേ അവിടെ ചെല്ലാറുള്ളൂ.
തിരുവിതാംകൂറിലെ പല യോഗ്യൻമാരും ഇയാളെ ആരാധിച്ചുവരുന്നുണ്ടത്രേ. പ്രഭാകരൻ എന്നാണ് ഇയാളുടെ പേര്. ഇയാളുടെ പ്രസ്താവനകളിൽ വല്ല വാസ്തവുമുണ്ടോയെന്നു പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ തടങ്കലിൽ വച്ചതിൽ തദ്ദേശവാസികളിൽ വലിയൊരു വിഭാഗത്തിനു കലശലായ ആക്ഷേപമുണ്ട്.
ശിവപ്രഭാകര സിദ്ധയോഗിയെക്കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയായി ഇതിനെ കണക്കാക്കാം. കേരള പൊലീസ് ഇതുവരെ തയാറാക്കിയതിൽ ഏറ്റവും വിചിത്രമായ എഫ്ഐആറിൽനിന്നാണ് അന്ന് ഈ വാർത്ത പിറന്നതെന്നും വിശ്വസിക്കാം.
കേട്ട കഥകൾ ഒരാളെ ഇത്രത്തോളം നിഗൂഢമായി വരയ്ക്കുന്നത് അപൂർവമായിരിക്കും. എരുമേലി പരമേശ്വരൻ പിള്ള ഒരിക്കൽ പ്രഭാകര സിദ്ധയോഗിയുടെ വാദഗതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്: എന്റെ ചെറുപ്പത്തിൽ ജലാലുദ്ദീൻ കിൽജിയും അലാവുദ്ദീൻ കിൽജിയുമൊക്കെയായിരുന്നു നാടുവാണിരുന്നത്. അന്ന് അറബി പഠിച്ചതാണ്. ചൈതന്യമഹാപ്രഭുവിനെ ഞാൻ കണ്ടിട്ടുണ്ട്. കൃഷ്ണദേവരായർ, തെന്നാലി രാമൻ തുടങ്ങിയവരെ അറിയാം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരെല്ലാം ഞാനറിയാത്തവരല്ല. ശിവജി, ഗുരുനാനാക്ക് എന്നിവരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
പാലാ നാരായണൻ നായർ ഇങ്ങനെ ഓർമിച്ചു: എന്റെ വളരെ ചെറിയ പ്രായത്തിൽ മുതൽ ഇന്നിപ്പോൾ വാർധക്യകാലം വരെ ഞാൻ യോഗികളെ കണ്ടിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചു പലതവണ കണ്ടിരിക്കുന്നു. എന്നു കണ്ടാലും ഒരു മാറ്റവുമില്ല. അതാണത്ഭുതം.
എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെ കണ്ടയാൾ മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് ഏറ്റവും സമഗ്രമായൊരു കുറിപ്പ് എഴുതിയയാളുമാണ്. 1970ൽ ആണു സിദ്ധയോഗിയെ ഗോപാലകൃഷ്ണൻ കാണുന്നത്. കോട്ടയത്ത് അഞ്ചാംക്ലാസിൽ പഠിക്കുകയായിരുന്ന ഗോപാലകൃഷ്ണനോട് ഒരു ദിവസം രാവിലെ അമ്മൂമ്മ പറഞ്ഞു: പ്രഭാകര സിദ്ധയോഗിയെ കാണണമെങ്കിൽ പെട്ടെന്നു ചെല്ലൂ. തിരുനക്കര അമ്പലത്തിന്റെ കിഴക്കേ ആലിൻചോട്ടിൽ ഇരിപ്പുണ്ട്. എഴുന്നൂറ് വയസ്സായ ആളാണ്. കേട്ടപാടെ ഗോപാലകൃഷ്ണൻ ഇറങ്ങിയോടി. യോഗി നാലഞ്ചുപേരുടെ നടുവിൽ ഇരിപ്പുണ്ടായിരുന്നു.
അതിനുശേഷം ഏതാണ്ടു 15 കൊല്ലത്തിനുശേഷമാണു ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെക്കുറിച്ചു കേൾക്കാനിടയായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.എൻ. ഗോവിന്ദൻ നായർ (ചലച്ചിത്രകാരൻ അരവിന്ദന്റെ അച്ഛൻ) എഴുതിയ ‘യതി’ എന്ന കഥയായിരുന്നു അത്. ഉള്ളടക്കം ചുരുക്കിയാൽ ഇങ്ങനെ: എഴുത്തുകാരന്റെ വീട്ടിലെത്തിയ സിദ്ധയോഗിയോട് ആയിടയ്ക്ക് ഏതോ പർവതാരോഹക സംഘം ഹിമാലയൻ യതിയെ കണ്ട പത്രവാർത്തയെപ്പറ്റി പറഞ്ഞപ്പോൾ സിദ്ധയോഗി പറഞ്ഞത്രേ, 'അവൻ നമ്മുടെ കൊച്ചുരാമനല്ലേ' എന്ന്. ഏതാണ്ട് അഞ്ഞൂറു കൊല്ലം മുൻപ് ഇന്നു മാവേലിക്കര എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നു യോഗിയുടെ കൂടെ ഹിമാലയത്തിൽ പോയ കൊച്ചുരാമൻ എന്ന പയ്യൻ ഏതോ വിശേഷവിധിയുള്ള കൂൺ കഴിച്ചതിനെത്തുടർന്നു ശരീരം വലുതായി ഹിമമനുഷ്യൻ ആയതാണത്രേ.
1995ൽ കോട്ടയത്തെ ഒരു ഹോട്ടലിൽ കയറിയ ഗോപാലകൃഷ്ണൻ ഒരു ഫോട്ടോ കണ്ടു. പത്മാസനത്തിലിരിക്കുന്ന താടിക്കാരനായ ഒരു യോഗിയുടെ പടം. താഴെ ഇങ്ങനെ എഴുതിയിരുന്നു: ബ്രഹ്മശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ. ജനനം 1263. മരണം 1986.
ഇക്കഴിഞ്ഞ ഡിസംബറിലെ ചരമവാർത്തയും പടവും കണ്ടപ്പോൾ ഗോപാലകൃഷ്ണൻ ദുബായിൽനിന്നു വിളിച്ചിരുന്നു, ഓഫീസിലുണ്ടായിരുന്ന പണ്ടത്തെ പടം തന്നെയാണോ കൊടുത്തതെന്നു ചോദിച്ച്. താൻ തിരുനക്കരയിൽ കണ്ട അതേ ആളുടെ പടമാണിതെന്ന് ഗോപാലകൃഷ്ണൻ ആണയിടുന്നു.
ഞാൻ തമിഴ്നാട്ടിൽ ശങ്കരൻകോവിലിലെ മഠത്തിൽ വിളിച്ചുചോദിച്ചപ്പോൾ അവിടെ ജീവിച്ചിരുന്ന സമാധിയായ പ്രഭാകര സിദ്ധയോഗിയുടെ പടം തന്നെയാണു പത്രത്തിൽ വന്നിരിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു.
തിരുനക്കര അമ്പലമുറ്റത്തു ചില ആരാധകരുടെ നടുക്ക് കസേരയിലിരിക്കുന്ന പ്രഭാകര സിദ്ധയോഗിയെ കണ്ടതിനെപ്പറ്റി സി.ആർ. ഓമനക്കുട്ടനും എഴുതിയിട്ടുണ്ട്. അറുന്നൂറു വയസ്സെന്നൊക്കെ പറയുന്നുണ്ടെങ്കിലും കണ്ടിട്ട് അറുപതു വയസ്സേ തോന്നിയുള്ളൂവെന്ന് ഓമനക്കുട്ടൻ.
കവി ശാന്തൻ സ്നേഹത്തോടെ എനിക്കയച്ചുതന്ന പുസ്തകം ബ്രഹ്മാനന്ദ ശിപ്രഭാകര സിദ്ധയോഗിയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ്. അതു വായിച്ചു തീർന്നപ്പോൾ എനിക്കു തോന്നി, ഇത്ര വലിപ്പമുള്ള ഒരു ആശ്ചര്യ ചിഹ്നം ഞാനിതുവരെ കണ്ടിട്ടില്ല!
. ഇനി പറയാം ശിവപ്രഭാകരസിദ്ധയോഗി പരമഹംസർ എന്ന ആ മഹാ ശക്തിശിവ പ്രഭാകര സിദ്ധയോഗി
കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ( ഇല്ല ) ഒരു പുണ്യാത്മാവാണ് ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി.
സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.
അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്.
ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍.
എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്.
1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീടദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്.
ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു.
അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം.
ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍.
ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്.
തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു.
പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.
ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല.
ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.
കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനം പോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.
മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേ വേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.
അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു.
ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’
ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.
ഞാനിന്ന് ഇപ്പോഴും വിശ്വസിയ്ക്കുന്നില്ല അദ്ദേഹം മരിച്ചെന്നോ സമാധി ആയെന്നോ എനിയ്ക്ക് കാണാൻ കഴിയും എന്നും വിശ്വസിയ്ക്കുന്നു. കണ്ടാൽ എനിയ്ക്കും ഒരു വലിയ മാറ്റമുണ്ടാകും എന്നും വിശ്വസിയ്ക്കുന്നു ഒരു പക്ഷേ ഞാൻ ചിന്തിയ്ക്കുന്ന ജീവിതത്തിന്റെ മനോഹരമായ ഒരു വഴിത്തിരിവ്. ഒരു പക്ഷേ രാവണനെ കാണാൻ ആഗ്രഹിയ്ക്കുന്ന എനിയ്ക്ക് അദ്ദേഹമാകുമോ ഇനി ഗുരു.... കാത്തിരിയ്ക്കുന്നു ആ നിമിഷത്തിനായ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര ഓമല്ലൂർക്കാണ് ആ മഹാപുണ്യ സവിധത്തിലേയ്ക്ക് .രണ്ടു മൂന്ന് വട്ടം താമസിച്ചിട്ടും പത്ത് പതിനഞ്ച് വട്ടം പോയിട്ടും തോന്നാത്ത ഒരു ത്വര എന്നെ കീഴടക്കുന്നു ,വലിച്ചടുപ്പിയ്ക്കുന്നു. അവിടാവുമോ? ...... മുക്തി!?
തത്ത്വമസി / നീ അതാകുന്നു / ഞാനും
കടപ്പാട് പോസ്റ്റ്
ക്രിയായോഗ
#ക്രിയായോഗ .#ഓൺലൈൻ
#kriyayoga #everyone
#everyonehighlightsfollowers #everyonehighlightsfollower #everyonefollowershighlights
Subscribe to:
Posts (Atom)








