അധികാരത്തിന് വേണ്ടി ജന്മം നൽകിയ പിതാവിനെ പോലും മാറ്റിനിറുത്തിയ ഒരു കുടുംബത്തിന്റെയും അവരുടെ പിന്മുറക്കാരുടെയും കഥ.... ജന്മം നല്കിയവരോട് ഇല്ലാത്ത സ്നേഹം രാജ്യത്തോട് ഉണ്ടാകുമെന്നു കരുതുന്ന നിങ്ങൾ ഒന്നോർക്കുക... അധികാരം മാത്രം സ്വപ്നം കണ്ട് നടക്കുന്നവരെ ഇനിയും വിശ്വസിക്കണോ...?
മറക്കപ്പെട്ട മരുമകന്‍റെ; ഭാര്യയും രണ്ട് ആണ്‍മക്കളും ദുര്‍മരണപ്പെട്ടുപോയ ഒരച്ഛന്‍റെ; നൂറാം പിറന്നാള്‍ വര്‍ഷം. അലാഹാബാദിലെ അനാഥ ശവകുടീരത്തില്‍ എന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടുപോയവന്‍റെ നൂറാം ജന്മവാര്‍ഷികം ആര് എന്തിനിനി ഓര്‍മിക്കണം!"
സ്വതന്ത്രഭാരതത്തിന്‍റെ ആദ്യ പ്രധാനമന്ത്രിയുടെ ഒരേയൊരു മരുമകന്‍.
ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയുടെ, കാമുകന്‍ : പിന്നെ ഭര്‍ത്താവ്.
ഇന്ത്യയുടെ നാലാമത്തെ പ്രധാനമന്ത്രിയുടെ അച്ഛന്‍ .
ഓര്‍മയുണ്ടോ, അത്യപൂര്‍വവും അതുല്യവുമായ ഈ വിശേഷണങ്ങളുടെ അവകാശിയെ? പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ മരുമകനെ! ഇന്ദിര പ്രിയദര്‍ശിനിയുടെ മനം കവര്‍ന്നവനെ! രാജീവ് ഗാന്ധിയുടെ അച്ഛനെ! രാഹുലിന്‍റെ, പ്രിയങ്കയുടെ മുത്തച്ഛനെ. ഫിറോസ് ജഹാംഗീര്‍ ഗന്ധിയെ? (സുഗന്ധ ദ്രവ്യങ്ങൾ വിൽക്കുന്നവർ ഗന്ധി എന്ന പേരിൽ അറിയപ്പെട്ടിരുന്നു, മഹാത്മാ ഗാന്ധിയുമായി ഒരു ബന്ധവും ഗന്ധിക്കില്ല )
ഓര്‍മിക്കുന്നില്ല ഒരാളും....
പത്താം നമ്പര്‍ ജന്‍പഥിലെ അമ്മയും മക്കളും സംഘര്‍ഷഭരിതമായ ഒരു വര്‍ഷത്തിന്‍റെ പരക്കംപാച്ചിലുകള്‍ക്കിടയില്‍, അറിയാതെ മറന്നുപോയതാവാം. അക്ബര്‍ റോഡില്‍, കോണ്‍ഗ്രസ് ആസ്ഥാനത്തെ ഓര്‍മയുടെ വടവൃക്ഷത്തില്‍, ഒരു ചില്ലയില്‍പ്പോലും ഇങ്ങനെയൊരു പേരെഴുതിയ ഇല വിരിയാതെ പോയതാവാം.
അല്ലെങ്കില്‍, ആരുടേയും ശ്രദ്ധ ചോദിച്ചുവാങ്ങാതെ അപ്രസക്തമായ ഓര്‍മയുടെ ഒരില, കാറ്റില്‍ പറന്ന്, മഹാസ്മാരകങ്ങളുടെ നഗരമായ ഇന്ദ്രപ്രസ്ഥത്തിലെവിടെയോ മണ്‍മറഞ്ഞു പോയതുമാവാം. അതുമല്ലെങ്കില്‍ അലാഹാബാദിലെ പഴയ പാഴ്സി ശ്മശാനത്തില്‍ ഫിറോസ് ജഹാംഗീര്‍ ഗന്ധിയുടെ ശവകുടീരം, കാലപ്പഴക്കത്തിന്‍റെ പുല്‍പ്പടര്‍പ്പുകളാല്‍ മൂടി മറഞ്ഞുപോയതാവാം. ആരാലും ഓര്‍മിക്കപ്പെടാതെ, ആഘോഷങ്ങളും അനുസ്മരണങ്ങളും ഇല്ലാതെ കടന്നുപോവുന്നു, നെഹ്റുവിന്‍റെ മരുമകന്‍റെ; പ്രിയദര്‍ശിനിയുടെ പ്രിയതമന്‍റെ; രാജീവിന്‍റെയും സഞ്ജയിന്‍റെയും അച്ഛന്‍റെ; രാഹുലിന്‍റെയും പ്രിയങ്കയുടെയും വരുണിന്‍റെയും മുത്തച്ഛന്‍റെ നൂറാം ജന്മവര്‍ഷം.
1912 സെപ്തംബര്‍ പന്ത്രണ്ടിനായിരുന്നു, മുംബൈയിലെ തെഹ്മുല്‍ജി നരിമാന്‍ ആശുപത്രിയില്‍ ഫിറോസ് ജഹാംഗീര്‍ ഗന്ധിയുടെ പിറവി. എവിടെയും നമ്മള്‍ വായിച്ചില്ല കൊച്ചുമക്കളും മരുമക്കളും ഫിറോസ് ഗന്ധിയെ ഓര്‍മ്മിച്ചതിന്‍റെ രേഖപ്പെടുത്തലുകള്‍ . വാര്‍ത്തയുടെ സെര്‍ച്ച് എന്‍ജിനുകള്‍ മിനിറ്റുകളോളം പരതി, വെറും കൈയോടെ മടങ്ങിപ്പോരുന്നു. എവിടെയുമില്ല, 2012 ല്‍ സെപ്തംബര്‍ 12 ന് ഫിറോസ് ഗാന്ധി എന്ന മണ്‍മറഞ്ഞവനെ ആരെങ്കിലുമൊക്കെ ഓര്‍മിച്ചെടുത്തതിന്‍റെ ഒരു വൃത്താന്തശകലം.
വാര്‍ത്താശേഖരങ്ങളുടെ ബ്രഹ്മാണ്ഡവലയില്‍ എവിടെനിന്നെങ്കിലും പൊട്ടിവീഴുന്നുമില്ല. ഫിറോസ് ഗാന്ധിയുടെ സ്മൃതികുടീരത്തില്‍ ആ രക്തത്തിന്‍റെ പിന്‍മുറക്കാര്‍ ആരെങ്കിലും ചെന്ന് ഓര്‍മയുടെ ഒരു പൂവിതളങ്കെിലും ചേര്‍ത്തുവെച്ചതിന്‍റെ ഒരു ചിത്രം. ആരുടെയും ഓര്‍മകളിലേക്കു വീണ്ടെടുക്കപ്പെടാതെ ഫിറോസ്....നെഹ്റുവിന്‍റെ, ഇന്ദിരയുടെ, രാജീവിന്‍റെ, സഞ്ജയിന്‍റെ, രാഹുലിന്‍റെ, പ്രിയങ്കയുടെ, വരുണിന്‍റെ ഫിറോസ്.
ചില പൈതൃകങ്ങള്‍ എല്ലാവരാലും ഓര്‍മിക്കപ്പെടുന്നു. ചിലവ ചിരകാലം ഓര്‍മകളെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കും. ചില പൈതൃകങ്ങള്‍ സ്മാരകഘട്ടങ്ങളില്‍ വരും തലമുറകളുടെ ഓര്‍മപ്പെടലുകള്‍ക്കായി സശ്രദ്ധം കാത്തുവെയ്ക്കപ്പെടുന്നു. ചിലവ എടുക്കാത്ത നാണയങ്ങളാണ്. ചില പൈതൃകങ്ങള്‍, ചിതലെടുക്കാതെ... കാലത്തിനു വരുതിപ്പെടാതെ... എവിടെയും മറവു ചെയ്യപ്പെടാതെ... ചീര്‍ത്തുവീര്‍ത്ത് വര്‍ത്തമാനകാലങ്ങളില്‍ ഒഴുകി നടക്കുന്നു. ഈ വകയിലൊന്നും പക്ഷേ, പെടാതെ പോകുന്നു ഫിറോസ് ഗാന്ധി എന്ന ഓര്‍മ.
എന്തുകൊണ്ട് ഓര്‍മിക്കപ്പെടാതെ പോയി ഫിറോസ്, അദ്ദേഹത്തിന്‍റെ നൂറാം പിറന്നാള്‍ വര്‍ഷത്തില്‍ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് അദ്ദേഹത്തിന്‍റെ പിന്‍മുറയില്‍ നിന്ന് ആരാണു നമുക്ക് ഉത്തരം തരേണ്ടത്! അതോ ഇന്ദിര എന്ന പെണ്‍കരുത്തിന്‍റെ, നെഹ്റു എന്ന മഹാശൃംഗത്തിന്‍റെ ഔദ്ധത്യങ്ങള്‍ക്കു ചുവടെ വെറുമൊരു പുല്‍ക്കൊടി എന്നേ നാം മനസിലാക്കേണ്ടതുള്ളോ ഫിറോസിനെ. അല്ല എന്നു തീര്‍ച്ച. അധികമാരാലും വായിക്കപ്പെടാതെ വിസ്മൃതമാക്കപ്പെട്ട ഒരു ജീവചരിത്രത്തിലെ അസുലഭ സന്ദര്‍ഭങ്ങള്‍ അനുവദിച്ചു തരില്ല, അങ്ങനെയൊരു നിസാരവല്‍ക്കരണം...
കമലയ്ക്കു പ്രിയപ്പെട്ട...
-----
മോത്തിലാലിന്‍റെ പ്രഭുമന്ദിരത്തിലേയ്ക്ക് തണല്‍ തേടി വന്നതായിരുന്നില്ല ഫിറോസിന്‍റെ ക്ഷുബ്ധ യൗവനം. ജവഹര്‍ലാലിന്‍റെ പെരുമയും പേരും നീട്ടിക്കൊടുത്ത വിരല്‍ പിടിച്ചായിരുന്നില്ല ഫിറോസിന്‍റെ രാഷ്ട്രീയ പ്രവേശം. ജീവിച്ചിരിക്കുവോളം ഇന്ദിരയേക്കാള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വയം തലയെടുത്തു നിന്നിരുന്നു, ഫിറോസ് ജഹാംഗീറിന്‍റെ വ്യക്തിത്വം. എങ്കിലും ഒടുവില്‍ ഒരു കാലം ഫിറോസ് എന്ന അധികഭാരം ആശ്വാസപൂര്‍വം ഇറക്കിവെയ്ക്കപ്പെടുകയായിരുന്നുവോ നെഹ്റു കുടുംബത്തിന്‍റെ ചുമലുകളില്‍ നിന്ന്? അങ്ങനെയും വ്യാഖ്യാനിച്ചു വെയ്ക്കുന്നുണ്ട് ഇന്ത്യയിലെ അധികാരി കുടുംബത്തിന്‍റെ ചരിത്രാവലികള്‍. അതിലേയ്ക്കൊന്നുമല്ല പക്ഷേ, ഈ ഫിറോസ് അനുസ്മരണം.
നെഹ്റുവിനേക്കാള്‍, ഇന്ദിരയേക്കാള്‍ കമലയോടായിരുന്നു ഫിറോസിന് എന്നും അടുപ്പം. ദേശീയ സമരം കൊടുമ്പിരിക്കൊണ്ട 1930കള്‍. അച്ഛനമ്മമാര്‍ ആരെന്നു കാര്യമായി രേഖപ്പെടുത്താനാവാത്ത വിധം ചില ദുരൂഹതകള്‍ നിഴല്‍ വീഴ്ത്തിയിട്ടുണ്ട് ഫിറോസിന്‍റെ ബാല്യത്തില്‍. മുംബൈയില്‍ നിന്ന് അലാഹാബാദിലേക്ക്, അവിവാഹിതയായ അമ്മായി, ഡോക്റ്റര്‍ ഷിറിന്‍ കോമിസരാറ്റിയുടെ സംരക്ഷണത്തിലേയ്ക്ക് ഫിറോസ് പറിച്ചുനടപ്പെട്ടതിലുമുണ്ട് സത്യത്തിന്‍റെ ചില ഒളിച്ചുകളികള്‍. ബ്രിട്ടീഷ് സര്‍ക്കാരില്‍ ഡോക്റ്ററായി സേവനമനുഷ്ഠിക്കുന്ന അമ്മായിയുടെ അഥവാ സ്വന്തം അമ്മയുടെ വിലക്കുകള്‍ മറികടന്നായിരുന്നു ഫിറോസിന്‍റെ രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസിന്‍റെ ബാലജന സംഘമായ വാനര സേനയുടെ പോരാളി, കമല നെഹ്റുവിന്‍റെ മനംകവര്‍ന്നതു വളരെ വേഗം. വാനരസേനയുടെ സത്യഗ്രഹപ്പന്തലില്‍ ഒരിക്കല്‍ കമല ബോധംമറഞ്ഞു വീണുപോയപ്പോള്‍ പരിചരിച്ചത് ഫിറോസ്. ഈ ബന്ധം പിന്നെ ആനന്ദഭവനിലെ നിത്യസന്ദര്‍ശകനാക്കി ഫിറോസിനെ. നെഹ്റു ജയിലിലും ഇന്ദിര ഓരോരോ സ്കൂളുകളിലുമായി വേറിട്ടുപോയ കാലങ്ങളില്‍ കമലയുടെ അകമ്പടിക്കാരനായി പിന്നെ ഫിറോസ്. അലാഹാബാദില്‍ ദേശീയ സമരവേദികളിലെ ക്ഷുഭിത സാന്നിധ്യം. ഇളം പ്രായത്തില്‍ പലവട്ടം ബ്രിട്ടീഷ് ജയിലറകളിലുറങ്ങിയ സാഹസം. കമലയേക്കാള്‍ പന്ത്രണ്ടു വയസിളപ്പമുള്ള ഫിറോസിനു മേല്‍ ഒരവിശുദ്ധ ബന്ധത്തിന്‍റെ പേരുദോഷം ചേര്‍ത്തുവെച്ചു, അലഹബാദിലെ പഴയ കോണ്‍ഗ്രസുകാര്‍. പാതി ജീവന്‍ ക്ഷയരോഗം കാര്‍ന്നു പോയിരുന്നു അപ്പോള്‍ കമലയുടെ യൗവനത്തില്‍ നിന്ന്.
ഭൗവാലിയിലെ ടിബി സാനിറ്റോറിയത്തില്‍ അവരുടെ പാതിയടഞ്ഞു പോയ ശ്വാസകോശത്തില്‍ നിന്നു പ്ലൂറസിയുടെ വെള്ളക്കെട്ട് ഡോക്റ്റര്‍മാര്‍ കുത്തിയെടുക്കുമ്പോള്‍ കമലയ്ക്കു അകമ്പടി പോയത് നെഹ്റു കുടുംബത്തിലെ അഭിജാതരായ അമ്മായിമാരോ നാത്തൂന്‍മാരോ ആയിരുന്നില്ല. രോഗശയ്യയില്‍ കമലയ്ക്കു കൂട്ടു പോയതും പരിചരിച്ചതുമെല്ലാം ഫിറോസ്. അര്‍ദ്ധപ്രാണയായ കമലയെ ഫിറോസിന്‍റെ നവയൗവനത്തോടു ചേര്‍ത്തു കഥകള്‍ മെനഞ്ഞ് നഗരവീഥികളെ പോസ്റ്ററുകള്‍ പതിച്ച് അലങ്കരിച്ചു അന്ന് അലാഹാബാദിലെ സ്വതന്ത്ര്യസമര പോരാളികള്‍ .
പ്രിയദര്‍ശിനിയോട് പ്രണയപ്രഖ്യാപനം
-----
പേരുദോഷങ്ങള്‍ പക്ഷേ, എക്കാലവും പിന്തുടര്‍ന്നു, ഫിറോസ് ജഹാംഗീര്‍ ഗാന്ധിയെ. പഴയ ഗുജറാത്തിലെ പീപ്പിള്‍സ് ഓണ്‍ സ്കൂളില്‍ ഇന്ദിര പഠിക്കുന്ന കാലം. നെഹ്റുവും കമലയുമെല്ലാം ജയിലില്‍ നിന്നു ജയിലിലേക്കുള്ള ജീവിത യാത്രകളില്‍. പതിനഞ്ചുകാരിയായ, കാഴ്ച്ചയ്ക്കു ഭംഗിയില്ലാത്ത, അന്തര്‍മുഖിയായ, മെലിഞ്ഞു വിളറിയ പ്രിയദര്‍ശിനിയോട് പീപ്പിള്‍സ് ഓണ്‍ സ്കൂളിലെ പേരാല്‍ ചുവട്ടിലായിരുന്നു ഫിറോസിന്‍റെ ആദ്യ പ്രണയ പ്രഖ്യാപനം. പിന്നെ കമലയുടെ ചികിത്സകള്‍ക്കായുള്ള യൂറോപ്യന്‍ യാത്രകളില്‍, വിദൂര വിദേശങ്ങളിലേക്കുള്ള കപ്പല്‍ യാത്രകളില്‍, സ്വിറ്റ്സര്‍ലന്‍റിലും ജര്‍മനിയിലും കമല ക്ഷയരോഗ ചികിത്സ തേടിയ സാനറ്റോറിയങ്ങളില്‍.. അകലെ വിദേശത്ത് ഒടുവില്‍ കമലയുടെ അന്ത്യയാമങ്ങളില്‍... എവിടെയും ഇന്ദിരയുടെ നിസഹായജീവിതത്തിന് തുണ ചെന്നിരുന്നു ഫിറോസിന്‍റെ പ്രണയാതുര യൗവനം. ഒടുവില്‍ അമ്മയുടെ ഭാഗപത്രത്തില്‍ നിന്നു പകുത്തുകിട്ടിയ ശ്വാസകോശ രോഗവുമായി കഷ്ടിച്ച് ഇരുപതു വയസു കടന്ന ഇന്ദിര യൂറോപ്യന്‍ ക്ഷയരോഗസാനറ്റോറിയങ്ങളില്‍ അഭയം തേടിയപ്പോഴും, അകമ്പടി നിന്നത് ഫിറോസ് എന്ന നിത്യകാമുകന്‍.
കമലയുടെയും നെഹ്റുവിന്‍റെയും എതിര്‍പ്പുകള്‍ മറികടന്ന്, ഇന്ദിരയുടെ യൗവനം ഫിറോസിലേക്കു പടര്‍ന്നു കയറിയതും, വിടാതെ പിന്തുടര്‍ന്ന പ്രണയത്തിനു കീഴടങ്ങിത്തന്നെ. പരസ്പരം പക്ഷേ, കീഴടങ്ങാത്ത വ്യക്തിത്വങ്ങള്‍, ഇന്ദിര - ഫിറോസ് ദാമ്പത്യത്തെ കലഹകലുഷമാക്കിയതാവാം. 'നെഹ്റുവിന്‍റെ നിഴല്‍ തന്നെ ഗ്രസിച്ചു കൂടാ' എന്ന കടുംപിടുത്തം ഫിറോസിനെ തന്‍റേടത്തിന്‍റെ വഴികളില്‍ നിര്‍ബന്ധപൂര്‍വം നടത്തിച്ചതാവാം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാലിന്, പാര്‍ലമെന്‍റില്‍ ചതുര്‍ഥിയായി മാറി പിന്നീട്, റായ്ബറേലിയുടെ ആദ്യ എംപി, മരുമകന്‍ ഫിറോസ് ഗാന്ധി.
അഴിമതിക്കെതിരെ ഫിറോസിന്‍റെ ശബ്ദം
-----
ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ ഫിറോസിന്‍റെ ശബ്ദം അഴിമതിക്കെതിരേ വാള്‍ത്തല വീശിയപ്പോഴെല്ലാം മുറിഞ്ഞത്, നെഹ്റുവിന്‍റെ അഭിമാനം. 1958ല്‍, ഹരിദാസ് മുന്ധ്ര അഴിമതിക്കഥയുമായി ഫിറോസ് ആക്രമണമഴിച്ചുവിട്ടപ്പോള്‍, ആ കൊടുങ്കാറ്റില്‍ നെഹ്റുവിന്‍റെ ധനമന്ത്രിപദം ഒഴിഞ്ഞു നിലംപൊത്തിയത് പ്രഖ്യാതനായ ടി.ടി. കൃഷ്ണമാചാരി.
ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് ഫിറോസ് നടത്തിയ ഈ അഴിമതി വിരുദ്ധയുദ്ധമത്രേ പിന്നീട്, എല്‍ഐസി ദേശീയവത്കരണത്തിനു പടവുപണിതത്. രാഷ്ട്രീയ നേതൃത്വവും ബിസിനസ് മാഗ്നറ്റുകളും പിന്നെപ്പിന്നെ ഭയന്നുതുടങ്ങി ഫിറോസ് ഗാന്ധിയെ. ടൈംസ് ഒഫ് ഇന്ത്യയുടെ പ്രസാധകരായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ കമ്പനിയെ ഏറ്റെടുക്കുന്നതിനു രാമകൃഷ്ണ ഡാല്‍മിയ അഴിമതിപ്പണം സ്വരുക്കൂട്ടുമ്പോള്‍, അതു വെളിച്ചത്താക്കിയത് ഫിറോസ് ഗാന്ധി. ജപ്പാനില്‍ നിന്നു ലഭ്യമാകുന്നതിന്‍റെ ഇരട്ടിവിലയ്ക്ക് ടാറ്റയുടെ ടെല്‍ക്കോ കമ്പനി ലോക്കോമോട്ടീവ് എന്‍ജിനുകള്‍ ഇന്ത്യന്‍ റെയ്ല്‍വേയ്ക്കു വില്‍ക്കാനിറങ്ങുമ്പോള്‍, അഴിമതിക്കെതിരേ മുഴങ്ങിയത് ഫിറോസിന്‍റെ ശബ്ദം. നെഹ്റുവിന്‍റെ മരുമകന്‍ എന്നത് ഒരിക്കലും വിലങ്ങണിയിച്ചില്ല ഫിറോസിന്‍റെ സ്വാതന്ത്ര്യബോധത്തെ. ടാറ്റയുടെ അഴിമതിക്കെതിരേ പടയ്ക്കിറങ്ങുമ്പോള്‍, താനും പാഴ്സി സമുദായാംഗം എന്നു പരിഗണിച്ചില്ല ഫിറോസിന്‍റെ നീതിബോധം.
ഒഴിവു വേളകളില്‍ മക്കള്‍ രാജീവിനും സഞ്ജയിനും യന്ത്രക്കളിപ്പാട്ടങ്ങള്‍ നിര്‍മിച്ചു നല്‍കിയ സ്നേഹവാത്സല്യം; എല്ലാ പ്രതിസന്ധികളിലും തനിക്കു കരുത്തായവന്‍ എന്ന് ഇന്ദിര എന്നും ഓര്‍മിച്ച തന്‍റേടിയായ പുരുഷന്‍. എല്ലാ കെട്ടുപാടുകളില്‍ നിന്നും പക്ഷേ, ഒറ്റപ്പെട്ടു പോയി ഒടുവില്‍ ഫിറോസ് ജെഹാംഗീര്‍ ഗാന്ധി. 1958ലും പിന്നെ 1960ലും ആവര്‍ത്തിച്ച ഹൃദയാഘാതം, അകാലത്തില്‍ കവര്‍ന്നു പോയി ഇന്ദിരയുടെ പ്രിയതമനെ. ഓര്‍മിക്കപ്പെടാന്‍ പോന്ന വിശേഷണങ്ങള്‍ ധാരാളമുണ്ട് ഫിറോസ് എന്ന മേല്‍വിലാസത്തിന്.
നാഷണല്‍ ഹെറള്‍ഡിന്‍റെ പ്രസാധകന്‍ വി. കെ. കൃഷ്ണമേനോനു പ്രിയങ്കരനായ ഇന്ത്യന്‍ ലീഗ് പ്രവര്‍ത്തകന്‍; ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സില്‍ നിന്നു പഠനം മറന്നു സമരത്തിനു പോയ ധീരദേശാഭിമാനി; സ്വാതന്ത്ര്യസമര പോരാളി; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ സാരഥി; ഇന്ദിരയും പിന്നെ രാജീവും ഒടുവില്‍ സോണിയയും പിന്തുടര്‍ച്ചാവകാശം പതിച്ചെടുത്ത റായ്ബറേലിയുടെ പ്രഥമ ലോക്സഭാ പ്രതിനിധി. ഒടുവില്‍ 2012 പടിയിറങ്ങുമ്പോള്‍ ഉറ്റവരുടെ സ്മരണകളില്‍ വീണ്ടെടുക്കപ്പെടാതെ പോയ ഒരു ജന്മം എന്നുകൂടി എഴുതിവയ്ക്കാം നമുക്ക് ഫിറോസ് ജഹാംഗീര്‍ ഗാന്ധിയെ.
എന്തിനിനി ഓര്‍മിക്കണം ഫിറോസിനെ?
------
2005ല്‍ ഒരു ദിവസം അമ്മായിയച്ഛന്‍ ഫിറോസ് ഗാന്ധിയുടെ ശവകുടീരം സംരക്ഷിക്കാന്‍ മരുമകള്‍ സോണിയയ്ക്കു നിവേദനം നല്‍കി അലാഹാബാദിലെ പാഴ്സി സമുദായക്കാര്‍ എന്ന വര്‍ത്തമാനം, ഇന്‍റര്‍നെറ്റിന്‍റെ മോര്‍ച്ചറിയില്‍ ഇപ്പോഴും മരിച്ചു മരവിച്ചു കിടക്കുന്നു.
മോത്തിലാലിന്‍റെയും ജവഹര്‍ ലാലിന്‍റെയും നെഹ്റു പൈതൃകത്തിന്‍റെ പിന്‍തലമുറയെ നാമിപ്പോള്‍ ഗാന്ധി ഡൈനാസ്റ്റി എന്നു വംശാധിപത്യമുദ്ര കുത്തുമ്പോള്‍, ഗാന്ധി എന്ന വാല്‍പ്പേരിന്‍റെ അവകാശി മഹാത്മാഗാന്ധി എന്നു തെറ്റിദ്ധരിച്ചിട്ടുണ്ടോ പുത്തന്‍ തലമുറ. മോത്തിലാലിന്‍റെയും പണ്ഡിറ്റ് ജവഹര്‍ ലാലിന്‍റെയും വംശാവലിയെ ഗാന്ധി എന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍, സ്ഥിരനിക്ഷേപം ചെയ്തതു പക്ഷേ, ഫിറോസ് ഗാന്ധി എന്ന ഒസ്യത്ത്.
ഇന്ദിരയും രാജീവും സഞ്ജയും സോണിയ മൈനോയും മനേക ആനന്ദും, രാഹുലും പ്രിയങ്കയും വരുണ്‍ ഫിറോസുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗാന്ധിമാരാകുന്നത് ഓര്‍മിക്കപ്പെടാതെ പോയ ഈ ഗാന്ധിയുടെ പേരില്‍.
ചില പൈതൃകങ്ങള്‍ അറിയപ്പെടാത്ത കാരണങ്ങളാല്‍ സ്മരണകളുടെ സുവര്‍ണാക്ഷരങ്ങളില്‍ രേഖപ്പെടാതെ പോകുന്നു- അതുകൊണ്ടാവാം, ഓര്‍മകളുടെ തെമ്മാടിക്കുഴിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു, ഫിറോസ് ജഹാംഗീര്‍ ഗാന്ധി എന്ന വിസ്മയ പൗരുഷം. നെഹ്റുവിനും ഇന്ദിരയ്ക്കും രാജീവിനും സഞ്ജയിനും സ്മൃതിമണ്ഡപങ്ങളുള്ള ഇന്ദ്രപ്രസ്ഥത്തില്‍ അങ്ങനെയൊന്നില്ല, ഫിറോസ് ഗാന്ധിക്ക്. "ഗാന്ധി ഡൈനാസ്റ്റി" എന്നു പരിണമിച്ച നെഹ്റു കുടുംബത്തിന്‍റെ ആണ്ടുശ്രാദ്ധങ്ങളില്‍, ആരുടെയും അശ്രുപൂജ ഏറ്റുവാങ്ങുന്നുമില്ല അലാഹാബാദിലെ ഫിറോസിന്‍റെ സ്മൃതി കുടീരം.
ഫിറോസ് ഗാന്ധി എന്ന യുവ പോരാളിയെ മാഹാത്മാഗാന്ധി ഒരിക്കല്‍ വിവരിച്ചത് ഇപ്രകാരം! "ഫിറോസിനെപ്പോലെ ഏഴു ഫിറോസുമാര്‍ എന്‍റെ ഒപ്പമുണ്ടെങ്കില്‍, എനിക്ക് ഇന്ത്യയുടെ അടിമത്തം പൊട്ടിച്ചെറിയാന്‍... ഏഴുദിവസം മതിയാവും". മഹാത്മാവിന്‍റെ ഈ വാക്കുകളും ഇന്ത്യയുടെ ആത്മാവില്‍ കൊത്തിവയ്ക്കപ്പെട്ടില്ല... "ഫിറോസ് ഗാന്ധി അമര്‍ രഹേ" എന്ന മുദ്രാവാക്യം എങ്ങും ചെന്നു തൊടുന്നില്ല, ചക്രവാളങ്ങളെ. 2012 ൽ കടന്നുപോയി ഫിറോസിന്‍റെ നൂറാം ജന്മദിന വര്‍ഷം. മറക്കപ്പെട്ട മരുമകന്‍റെ; ഭാര്യയും രണ്ട് ആണ്‍മക്കളും ദുര്‍മരണപ്പെട്ടുപോയ ഒരച്ഛന്‍റെ; നൂറാം പിറന്നാള്‍ വര്‍ഷം. അലാഹാബാദിലെ അനാഥ ശവകുടീരത്തില്‍ എന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടുപോയവന്‍റെ നൂറാം ജന്മവാര്‍ഷികം ആര് എന്തിനിനി ഓര്‍മിക്കണം!
ചരിത്ര ഗവേഷകന്മാർക്കും ലേഖകന്മാർക്കും ഉള്ള കടപ്പാടോടെ ഈ പകർത്തെഴുത്ത് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നു...
No comments:
Post a Comment