Friday, 27 March 2020

പുര വെട്ടുമ്പോൾ വാഴ വെട്ടുന്നവർ

കോവിഡ് 19 ലോകമെമ്പാടും മനുഷ്യരെ നിഷ്ക്കരുണം കൊന്നു തള്ളിക്കൊണ്ടിരിക്കുകയാണല്ലോ..? യൂറോപ്പും, ഇറാനും, ഇപ്പോൾ അമേരിക്കയും എന്ന് വേണ്ട, 'അമ്പു കൊള്ളാത്തവരാരുമില്ല, കുരുക്കളിൽ' എന്നതാണവസ്ഥ..

ആ വൈറസ് ഭൂതമുണർന്നെഴുന്നേറ്റ ചങ്കിലെ ചൈനയിൽ നിന്ന് തന്നെ തുർക്കിക്കു 20 ലക്ഷം കൊറോണ ടെസ്റ്റ് കിറ്റുകൾ, കഴിഞ്ഞ ദിവസം അടിയന്തിരമായി എയർ ലിഫ്റ്റ് ചെയ്തു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ ഏതൊരു ചൈനീസ് അഭ്യുദയാകാംക്ഷികളേയും കുളിരണിയിപ്പിക്കും. 

59 പേർ (as on 26th March 2020) കൊറോണയാൽ മരിച്ച രാജ്യം ഇനി മുതൽ 15 മിനുറ്റ് കൊണ്ട് രോഗമുള്ളവരെ കണ്ടെത്തി രോഗ വിമുക്തരാക്കി രക്ഷപെടും എന്നും കരുതി അവർ പുളകിതരാകും. 

എന്നാൽ, ഒന്നിരുത്തി ചിന്തിച്ചാൽ എവിടെയോ ഒരു പന്തികേട് മണക്കുന്നില്ലേ ?? 

20 ലക്ഷം കിറ്റുകൾ. ഒരു കിറ്റിന് വില 500 രൂപയോളം . ആകെ മൊത്തം 100 കോടി രൂപ. തുർക്കിയിലെ ആകെ ജനസംഖ്യ 8.6 കോടി. മുഴുവൻ ജനത്തിനും ടെസ്റ്റ് ചെയ്യാൻ വേണ്ടി വരിക 4500 കോടി ഇന്ത്യൻ രൂപ.
അഴിമതിയ്ക്ക് ഏറ്റവും പേര് കേട്ട രാജ്യങ്ങളിൽ ഒന്നായ തുർക്കിയിൽ കൊറോണ പരിശോധന - മരുന്നിടപാടിന്റെ ധനതത്വശാസ്ത്രം ഇതാണ്...

ഈ ധന ഇടപാടുകളെ സഹിക്കാം, മറിച്ച് ഇത് കൊണ്ട് പ്രയോജനമേയില്ലെങ്കിലോ ?!!..

ഈ ടെസ്റ്റ് കിറ്റിന്റെ  ശാസ്ത്രീയ വശം പരിശോധിച്ചാൽ , കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെയാണന്ന് ശാസ്ത്രീയ അടിത്തറയോടെ തെളിയിക്കപ്പെട്ടു കഴിഞ്ഞു. അപ്പോൾ പിന്നെ രക്ത സാമ്പിളിൽ വൈറസിന്റെ അളവറിയുന്നതു രോഗി മരണാസന്നനാവുമ്പോൾ മാത്രമാണ്.

നിലവിൽ കോവിഡ് 19 ടെസ്റ്റുകൾ നടത്തുന്നത്, രോഗം സംശയിക്കപ്പെടുന്ന ആളുടെ തൊണ്ടയിൽ നിന്നും, മൂക്കിൽ നിന്നും സ്രവങ്ങളെടുത്ത് പരിശോധിച്ചാണ്. ഇതിന്റെ പരിശോധനാഫലം വരാൻ 72 മണിക്കൂർ വരെ എടുക്കുന്നുമുണ്ട്. (അതിന് ഇന്ത്യയിൽ 4500 രൂപ വരെ ചാർജ്ജ് ചെയ്യുന്നത് എന്തിനാണന്നെന്നത് മറ്റൊരു വലിയ വിഷയമാണ്. അതും അവിടെ നിൽക്കട്ടെ...)

ഈ മഹാമാരിയായ വൈറസ് ബാധിച്ചു കഴിഞ്ഞാൽ 14 ദിവസത്തോളം മനുഷ്യന്റെ പ്രതിരോധ ശേഷിക്കനുസരിച്ചു വെളിപ്പെടാതെ താമസിക്കാൻ പ്രാപ്തിയുള്ള ഭീകരനാണ്, കോവിഡ്-19 എന്ന ഈ ഭീകരൻ. ഇവനെ രക്ത പരിശോധനയിൽ പിടികൂടാൻ കുറഞ്ഞത് 3 ആഴ്ച എടുക്കും. അതായത്,  രക്തത്തിൽ ആന്റി - ബോഡി യുടെ സാന്നിധ്യത്താൽ മാത്രം അറിയാൻ കഴിയാവുന്ന അവസ്ഥയിൽ രോഗിയെത്തുന്ന  സ്റ്റേജിലാകണമെന്നർത്ഥം. ആ സമയത്ത് അറിഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല താനും. 

ഈ വസ്തുത തിരിച്ചറിയാതെ ഒരു തുള്ളി രക്തം എടുത്തു 15 മിനിറ്റ് കൊണ്ട് ഈ  വൈറസിനെ മനസ്സിലാക്കിക്കളയാം എന്ന് കരുതുന്നവരിൽ മെഡിക്കൽ രംഗത്തെ "വിദഗ്ധരു'മുണ്ടത്രേ. നല്ല ബെസ്റ്റ് തമാശ..!!!ഇത്തരം വിദഗ്ധരെ വരെ വിഡ്ഡികളാക്കി വിശ്വസിപ്പിക്കുന്നതാണ്  ചൈനക്കാരന്റെ വളഞ്ഞ ബുദ്ധിയുടെ സവിശേഷമായ വിജയഗാഥ എന്ന് പറയാതെ വയ്യ..!!!

ഒന്ന് കൂടി കൃത്യമായി പറഞ്ഞാൽ, ഒരാളുടെ  ശരീരത്തിൽ, 'ഏതെങ്കിലും തരത്തിലുള്ള' വൈറസ് ബാധ ഉണ്ടായാൽ, ആ ശരീരം അതിന്റെ പ്രതിരോധ ശേഷിക്കനുസരിച്ച് ഈ വൈറസിനെ തുരത്താൻ പ്രതിപ്രവർത്തനം തുടങ്ങും. അപ്പോൾ ശരീരം പുറപ്പെടുവിക്കുന്ന രസ'ങ്ങളെയാണ് ഈ antigen, anti-body enzymes എന്നൊക്കെ പറയുന്നത് . 

ഇത് രക്തത്തിൽ നിന്നും ആണ് പരിശോധിച്ചു അറിയുന്നത്. ആ ടെസ്റ്റ് പ്രകാരം കോവിഡ് 19 ബാധിച്ചിട്ടുണ്ടോ എന്നറിയാം എന്നാണ് ചൈനാക്കാരന്റെ അവകാശവാദം. അതിനാണ്, ഇവർ ഈ കിറ്റ് വലിയ വിലയ്ക്ക് യുറോപ്യൻ രാജ്യങ്ങളിലേക്കും, തുർക്കിയിലേക്കും കയറ്റി വിട്ടത്. ദരിദ്ര രാജ്യമായ ഇന്തോനേഷ്യ പോലും, രണ്ടു ദിവസം മുൻപ്  5 ലക്ഷം കിറ്റുകളാണ് വാങ്ങിയത്. ഈ കിറ്റ് വാങ്ങിയ ചില യൂറോപ്യൻ രാജ്യങ്ങളിൽ എന്ത് സംഭവിച്ചു എന്നറിയാൻ ഈ ലിങ്ക് കാണുക..
https://trib.al/ajNTjvi

ചൈനീസ് കമ്പനിയുടെ ഈ അവകാശ വാദങ്ങൾ തെറ്റാണ് എന്ന് യൂറോപ്പ് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവ് നമുക്കും വേണമെന്ന് പറയാനാണ് ഞാനിതിത്ര മിനക്കെട്ട് പരത്തിപ്പറഞ്ഞത്.

ഇതിനിടെ, ബ്രിട്ടൻ തൊണ്ടയിലെ കഫം/സ്രവം പരിശോധിച്ചു 30 മിനിറ്റ് കൊണ്ട് റിസൾട്ട് പറയുന്ന കിറ്റ് നിർമിച്ചിട്ടുണ്ട്‌. വില 300 രൂപ . കേൾക്കുമ്പോൾ സാമാന്യ ബുദ്ധിയ്ക്കു നിരക്കുന്നെങ്കിലുമുണ്ട് വ്യവസ്ഥകൾ. അടുത്ത രണ്ടാഴ്ചയിൽ അത് വിപണിയിൽ എത്തിയേക്കാം എന്നാണ് വാർത്തകൾ. ഇന്ത്യയും പരീക്ഷണ പാതയിലാണ്..

പറഞ്ഞു വന്നത് ഇതൊന്നുമല്ല. ഇന്ന് രാവിലെ മുതൽ ചൈനയിൽ നിന്നുള്ള കോവിഡ്-19, സ്റ്റാ‌ർട്ടർ കിറ്റ് വഴി രോഗം പരിശോധിച്ച ആദ്യ മലയാളിയെ കുറിച്ച്, ടിയാൻ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ ആണ് തരംഗം. 

ഈ വിഡിയോയിൽ ഇദ്ദേഹം തന്നെ പറയുന്നു 1000 രൂപയ്ക്ക് നമുക്കിത് രോഗമുണ്ടോ എന്ന് പരിശോധിക്കാൻ സഹായിക്കുന്നു എന്ന്. ഇതോടൊപ്പമുള്ളത്, ആ വീഡിയയാണ്. ഒപ്പം, അതിൽ, മലയാളിയായ ഈ ചൈനാക്കാരൻ പറയുന്ന കിറ്റിന്റ്റെ ചിത്രവുമുണ്ട്. ആ കിറ്റ് കൃത്യമായി പറയുന്നത്, അത് covid ; saars , anti-body test kit മാത്രമാണ് എന്നാണ്. പക്ഷേ, മലയാളിയെ ഭ്രമിപ്പിക്കുന്ന ഈ വീഡിയോ ഇന്നലെ മുതൽ മറ്റ് സമൂഹമാദ്ധ്യമങ്ങളിലും തരംഗമാണ്. ചില ഓൺലൈനുകൾ അത് വാർത്തയുമാക്കി..!!

അതായത് കേരളത്തിലെ 3.5 കോടിയോളം വരുന്ന ജനങ്ങൾക്ക് തങ്ങളുടെ പേടി സ്വപ്നമായ കോറോണയിൽ നിന്നും മുക്തി നേടാൻ 1000 രൂപയോളം മുടക്കി ഈ കിറ്റ് വാങ്ങി സ്വയം പരിശോധിച്ച് ആത്മനിർവൃതി അടയാം എന്നാണ് ഈ വീഡിയോ നൽകിയ സന്ദേശം. എല്ലാവര്ക്കും കൂടി വെറും 1500 കോടി രൂപയോളമേ ചിലവുള്ളൂ. 

ആട്, തേക്ക് , മാഞ്ചിയം സീരിസ്സിലേക്കുള്ള 'കോവിഡ്' സംഭാവന അങ്ങനെ അണിയറയിൽ തയ്യാറായിട്ടുണ്ട്...!!! ഏതെങ്കിലും കച്ചവടക്കാരൻ ചൈനയിൽ നിന്നും ഇനി ഈ കിറ്റും ഇറക്കുമതി ചെയ്തു വരും; മലയാളിയുടെ രോഗം പരിശോധിക്കാൻ പുതുയുഗ ലാടവൈദ്യനായി ...!!!

അറിഞ്ഞോ, അറിയാതെയോ ഈ സംരഭത്തിന് പണം മുടക്കാനും, കേരളത്തിൽ ഇറക്കുമതി ചെയ്യാനും, അങ്ങനെ ഏതെങ്കിലും ബിസിനസ്സുകാരൻ തയ്യാറാകുമെന്നത് നൂറു തരം. അതിനുള്ള 'ടെൻഡറാണ്', ഈ "മെയ്ഡ് ഇന് ചൈന" വീഡിയോ എന്നാണ് എന്റെ സംശയം... അതോ വീഡിയോയിലെ മലയാളി,   ചൈനക്കാരന്റ്റെ തട്ടിപ്പ് അറിയാതെ സ്വന്തം അനുഭവം വിവരിച്ചതാണോ, അറിയില്ല..!

ഏതായാലും, മനുഷ്യന്റെ ഭയം എന്ന വികാരത്തെ ചൂഷണം ചെയ്യാൻ യുക്തി രഹിതമായ മാർഗങ്ങൾ അവലംബിക്കാൻ മടിയില്ലാത്ത ചൈന എന്ന രാജ്യത്തിന് മലയാളി നിന്ന് കൊടുക്കണോയെന്ന് സ്വയം ഒന്ന് ആലോചിക്കുക..

അവസാനമായി, 'ചുരുക്ക'ത്തിൽ പറഞ്ഞാൽ, സാധാരണ ആൻറ്റി ബോഡി പരിശോധനാ കിറ്റുകൊണ്ട് കോവിഡ് പരിശോധിച്ചു കളയാമെന്നെങ്ങാനും മലയാളി ധരിച്ചു വശായാൽ, അതിന്  ഈ മാർഗം അവലംബിക്കാം എന്ന് കരുതിയാൽ,;...' മൂന്നര കോടിയെണ്ണവും ചത്ത് മലക്കും'. അത്ര തന്നെയേ പറയാനുള്ളൂ..!!! 

ഇനി ശരിക്കും രക്തത്തിലെ ആന്റി ബോഡി അളവ് പരിശോധിക്കാൻ ആണെങ്കിൽ, 500 ഉം 1000 വും ഒന്നും മുടക്കണ്ട . അതിന് തൊട്ടടുത്തുള്ള ഏതേലും ലാബിൽ പോയി രക്തം കൊടുത്തു അങ്ങേയറ്റം 80 രൂപയുടെ ചീട്ടെടുത്താൽ പോതും.. പക്ഷേ കോവിഡ് 19 ന് അത് പോര.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment