ഭൂമിയിലെ ജൈവസാന്നിദ്ധ്യങ്ങളിൽ, മനുഷ്യർ എന്ന ജീവി വർഗ്ഗം, അദൃശ്യനായ ശത്രുവിനോട് പരിച'യില്ലാതെ പോരാടുകയാണ്. ലോകമെമ്പാടും മനുഷ്യർ, ഈയാംപാറ്റകളെപ്പോലെ മരിച്ചു വീഴുന്നു. ഇനിയുമെത്ര നാൾ, എത്ര പേർ, അതോ
എല്ലാവരുമോ..?!! അറിയില്ല..
നമ്മുടെ മാതൃരാജ്യത്തേയും, ഈ മഹാവ്യാധി ക്രമേണ ഗ്രസിക്കുകയാണ്. നിർണ്ണായകമായ മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്ന ഇന്ന് മാത്രം ഇന്ത്യയിൽ, കോവിഡ്-19 ബാധിച്ചവരിൽ വൻ വർദ്ധനയാണ് ഉണ്ടായത്. അമ്പത്തിയഞ്ച് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്.. കേരളത്തിൽ മാത്രം പന്ത്രണ്ട് പേർ..!!!
കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ.. അതിൽ തന്നെ ദുബൈയിൽ നിന്നും വന്ന ഒരാൾ, അനിയന്ത്രിതമായി, സമൂഹത്തെയാകമാനം
ഭീതിയിലാഴ്ത്തിയിരിക്കുന്നു.
നിർദ്ദേശങ്ങൾ കൃത്യമായി ഉണ്ടായിരുന്നുവെങ്കിലും, മാർച്ച് പതിനൊന്നിനെത്തിയ ഇയാൾ, കോഴിക്കോട് നിന്നും ട്രെയിനിൽ കാസർകോടേക്കും, അവിടെ ബന്ധുക്കളോടും, നാട്ടുകാരോടുമെല്ലാം യഥേഷ്ടം ഇടപഴകി. ഇഷ്ടൻ പങ്കെടുക്കാത്ത എന്തെങ്കിലും പരിപാടി കാസർകോട് കഴിഞ്ഞ രണ്ടാഴ്ച അവിടെ നടന്നോയെന്ന് സംശയിക്കണം ;
നിക്കാഹുകൾ, മരണ വീടുകൾ, കുഞ്ഞുങ്ങളുടെ നൂല്കെട്ട്, ബർത്ത്ഡേപ്പാർട്ടികൾ, ഫുട്ബോൾ മത്സരം നടന്ന ഗ്രൗണ്ടിൽ, ബന്ധുവീടുകൾ, രാഷ്ട്രീയ പാർട്ടികളുടെ ഓഫീസുകൾ എന്ന് വേണ്ട എംഎൽഎയോട് വരെ ബന്ധപ്പെട്ടു.
ഇതെല്ലാം കേവലം എട്ടു ദിവസത്തിനുള്ളിൽ..!!!
യാതൊരു നിയന്ത്രണവുമില്ലാതെ..!!!
ഇന്നിപ്പോൾ അയാൾ കോവിഡ് 19 ബാധിതനാണെന്ന് സ്ഥിരീകരിക്കപ്പെട്ടു..
ഒരു മനുഷ്യന്റെ അശ്രദ്ധ മൂലം ഒരു നാടിപ്പോൾ വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലാണ്. സംസ്ഥാനം അത്രയും ലോക്ഡൗണിലേക്ക് പോകുന്ന അവസ്ഥയിലും.. ഇറ്റലിയിൽ നിന്നുമെത്തിയ പത്തനംതിട്ടയിലെ കുടുംബം കോവിഡ് വൈറസിനെ കേരളത്തിൽ എത്തിച്ച വാർത്തകൾ സകലമാന കേരളീയരും വിവിധങ്ങളായ മാദ്ധ്യമങ്ങൾ വഴി അറിഞ്ഞിരിക്കുന്നു. എന്നിട്ടും..
വിവേകം, വിലകൊടുത്ത് വാങ്ങാൻ കിട്ടുന്ന ഒന്നല്ല. മനുഷ്യകുലത്തെ ആകമാനം തുടച്ചു നീക്കാൻ പ്രാപ്തിയുള്ള വിപത്താണ് ഇന്ന് ഭൂമിയിൽ നടമാടുന്നത്. എഴുനൂറു കോടി മനുഷ്യരിൽ ഈ മഹാമാരിയും, അതിന്റെ പരിണിതഫലവും ഉണ്ടാക്കാൻ പോകുന്ന വിപത്തിന്റ്റെ ആഴം, ഇപ്പോൾ, പ്രവചനാതീതമാണ്.
അതിനാൽ തന്നെ, മതപരവും, രാഷ്ട്രീയവുമായ എല്ലാവിധ വേർതിരിവുകളും മനുഷ്യർ മാറ്റിവയ്ക്കേണ്ട സമയമാണിപ്പോൾ. പരസ്പരം ഇടപെടാതെ, സ്പർശിക്കാതെ രോഗാണുക്കൾ പടരുന്നത് തടയാനായി വീടിനുള്ളിൽ അടച്ചിരിക്കണമെന്നതാണ് പരിഹാരമെങ്കിൽ അങ്ങനെ.
അങ്ങനെയൊരു പരിശീലനത്തിനും, അതിന്റെ ഗുണങ്ങളേയും, ദോഷങ്ങളേയും, സാമ്പത്തികാവസ്ഥകളുമെല്ലാം പഠിക്കാൻ ഒരു ദിവസം നമ്മൾ വീട്ടിലിരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്താൽ, മടി കൂടാതെ അത് കേൾക്കുക. വിമർശിക്കാതെയിരിക്കുക. മുഖ്യമന്ത്രി പിണറായി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക. അതിനെല്ലാമുപരി, ഈ മഹാമാരിയെ വരുതിയിൽ എത്തിക്കേണ്ട കർത്തവ്യം നമ്മുടെ ഓരോരുത്തരുടേയുമാണ്.
കാരണം, കോവിഡ്-19 എന്ന പുതിയ കൊറോണ വൈറസിന് വലിയവനെന്നോ, ചെറിയവനെന്നോയില്ല, ഇന്ത്യക്കാരനോ, ഇറ്റലിക്കാരനോ എന്നുമില്ല. അവൻ അറിഞ്ഞോ, അറിയാതെയോ പടർന്നു കയറുന്നത് മനുഷ്യരിലാണ്.. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും, സിക്കുകാരനുമെല്ലാം അതിന് കേവലം മനുഷ്യർ മാത്രമാണ്. ..
മാത്രവുമല്ല, രക്ഷിക്കാമെന്നേറ്റ ദൈവങ്ങളത്രയും ദീർഘകാല അവധിയിലും പ്രവേശിച്ചു കഴിഞ്ഞു.
No comments:
Post a Comment