Monday, 20 September 2021

പ്രപഞ്ചം

"ജനിക്കും മുൻപ് എവിടെന്നറിയില്ല; 
മരണമെന്ന അനിവാര്യതയെന്തെന്നറിയില്ല..
മരണത്തിനപ്പുറമെന്തെന്നറിയില്ല; 
നാളെയെന്തെന്ന് പോലുമറിയില്ല..!!"

"ചിന്ത'യാണവനുടെ ശക്തിയും, ഭയവും... 
അറിവിലും കൂടുതലറിവില്ലായ്മ പേറി
ഭയചകിതനവനതിന് ആശ്രയം തേടി
ഭ്രാന്തനെ പോലെയലയുന്നു."

(ഇതാണ് മനുഷ്യൻ.. പല വിധ ഭ്രാന്തുകളുമായി, സ്വയം തിരിച്ചറിയാൻ പോലും കഴിയാതെ ഉഴലുന്നവർ..)

'ഭക്തി ഭ്രാന്താക്കിയവർ..
വിഭക്തിയിൽ മദിക്കുന്നവർ..
പണത്തിൽ അഭിരമിച്ചവർ..
സൗന്ദര്യത്തിൽ മതിമറന്നവർ..'

'കാമത്താൽ ഭ്രാന്തായവർ..
ക്രോധത്തിൽ മദം പൊട്ടുന്നവർ..
സ്നേഹക്കെണിയിൽ ഇരയാകുന്നവർ..
അഹങ്കാരം അലങ്കാരമാക്കിയവർ..'

കളി ഭ്രാന്ത് ഇളകിയവർ..
അഭിനയം ഭ്രാന്തായവർ...
അധികാരം ലഹരിയായവർ..
പ്രശസ്തി തേടിയലയുന്നവർ..

ഇതിലൊന്നും അതിശയമരുത് ..
വിഭ്രമിപ്പിക്കും അനന്തയുടെ
അനശ്ചിതത്വത്തിൽ, ഇനിയെന്തെന്ന
ചിന്തകളവനെ ഭയവിഭ്രമത്തിലാഴ്ത്തുന്നു.. 

"ആ ചിന്തകളവനെ അടിമയാക്കുന്നു...
മദ്യത്തിന്, മദിരാക്ഷിക്ക്, ലഹരിക്ക്, 
അധികാരത്തിന്, പണത്തിന്, പ്രശസ്തിക്ക്, 
വിവിധങ്ങളാം ഭ്രാന്തിനടിപ്പെട്ടവർ"

പരാശ്രയം ജീവിത സത്യമാണ് മനുഷ്യന്.. അനന്തതയിലെ രക്ഷകനെ തേടി,
അലഞ്ഞവനൊരു പരാശ്രയ
സാമൂഹ്യ ജീവിയായി മാറി..

ഈ ഭ്രാന്തിന്റെ അമൂർത്തമായ
സാക്ഷാത്ക്കാരമാണ്, ദൈവം..
ഈ ഭ്രാന്തിന്റ്റെ ഉപോൽപ്പന്നമാണ്, 
സ്വർഗ്ഗവും, നരകവും, കുറ്റവും, ശിക്ഷയും..

ആധികാരികമായി തെളിവില്ലാത്ത, 
ഉണ്ടെന്ന് കരുതുന്ന രക്ഷയെ തേടിയുള്ള അലച്ചിലാണ് ഉണ്മയുടെ മതവിശ്വാസം..
ഭയം, ഭയം.. അത് മാത്രമാണടിസ്ഥാനം..
 
വിശ്വാസം അന്ധമാകുമ്പോൾ, 
ചിന്തയ്ക്ക് വിലങ്ങ് വീഴും.. 
ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നവൻ, ഉത്തമ വിശ്വാസി..

ചോദ്യം ചെയ്താലവനവിശ്വാസി..
മരണം ചോദിച്ചു വാങ്ങുന്നവൻ..
ചോദ്യം ചെയ്യാത്ത വിശ്വാസം, പക്ഷെ
അന്ധവിശ്വാസമാണ്..

തന്റ്റെ വിശ്വാസം മാത്രം ശരിയെന്ന്
വാദിച്ചവൻ, മതമൗലികവാദിയാകുന്നു..
അന്യ വിശ്വാസങ്ങളോട് ശത്രുത
പുലർത്തിയവൻ തീവ്രവാദിയാകുന്നു.. 

അവരെ ഇല്ലായ്മ ചെയ്യാനിറങ്ങി
പുറപ്പെട്ടവൻ ഭീകരവാദിയാകുന്നു..
പൊട്ടിച്ചിതറിയതുവഴി സ്വർഗ്ഗം 
തേടിയവൻ വഞ്ചിതനാകുന്നു..

ഭയം, അതുളവാക്കിയ വിശ്വാസം...
ഇത് ഭക്തനേയും, നാസ്തികനേയും
തീവ്രവാദിയേയും, ഭീകരവാദിയേയും
ഒരു പോലെ ഭ്രാന്തനാക്കുന്നു..

ചിന്തയാണ് മാനവ ശക്തിയും, ഭയവും..  ചിന്തയ്ക്ക് വിലങ്ങിടാതെയിരിക്കുക..
മരണത്തിനപ്പുറവും പറക്കട്ടെ, അനന്ത വിഹായസ്സിലക്കവ, ഭയലേശമന്യേ..

അഭീ.. അഭീ..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment