Monday, 20 September 2021

ഹണിട്രാപ്പിൽ കേരളാ പോലീസ്

വർഷങ്ങൾക്ക് മുൻപാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത "കമ്മീഷണർ" സിനിമ ഒക്കെ ഇറങ്ങി ഹിറ്റായ കാലം. അന്ന് തിരുവനന്തപുരത്ത് പോലീസ് അസോസിയേഷന്റ്റെ ഒരു സമ്മേളനത്തിന് 'ഭരത് ചന്ദ്രൻ' എത്തി. കമ്മീഷണറിലെ നായകൻ. ഉന്നത ഉദ്യോഗസ്ഥരും, മന്ത്രിമാരടക്കം രാഷ്ട്രീയക്കാരും നിറഞ്ഞ വേദിയിലേക്കെത്തിയ വെള്ളിത്തിരയിലെ ആ കമ്മീഷണർക്കാണ് അന്നവിടെ ഏറ്റവും കൂടുതൽ "സല്യൂട്ട്" കിട്ടിയത്. 

തന്റ്റെ അന്നത്തെ പ്രസംഗത്തിൽ അതേ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു. താൻ വെറും നടൻ മാത്രമാണെന്നും, തനിക്ക് ഈ സല്യൂട്ട് സ്വീകരിക്കാനുള്ള അർഹതയില്ല, എന്നാൽ പോലീസു ഉദ്യോഗസ്ഥരുടെ സ്നേഹത്തിന് മുന്നിൽ കൂപ്പുകൈ എന്നാണ് അന്നദ്ദേഹം പ്രസംഗിച്ചത്. 

അത് ശരിയുമായിരുന്നു. കാരണം, സിനിമയിലെ ആ കമ്മീഷണർ, യഥാര്‍ത്ഥ ജീവിതത്തിൽ ഒരിക്കൽ പോലും പോലീസ് വേഷം അണിഞ്ഞിട്ടില്ല, അന്ന് കേവലം നടനായിരുന്ന ആ ആൾ ഇന്ന്  ഉയര്‍ന്ന ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുകയാണ്.

അദ്ദേഹമാണ്, "ശ്രീ. സുരേഷ് ഗോപി M.P". ഇന്ത്യയുടെ പരമാധികാര നിയമ നിർമ്മാണ സഭയായ രാജ്യസഭയിലെ ഒരു നോമിനേറ്റഡ് അംഗം. ഭരണഘടനയിലെ പ്രോട്ടോക്കോൾ രീതി അനുസരിച്ച് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവികളിൽ ഇരുപത്തിയൊന്നാമതായാണ് പാർലിമെൻറ്റ് അംഗങ്ങളുടെ സ്ഥാനം.

സംസ്ഥാനത്തെ ഒരു എസ് ഐ അല്ല, ഡിജിപി പോലും ഒരു പാർലിമെൻറ്റംഗത്തെ സല്യൂട്ട് ചെയ്യും. അതാണ് കീഴ്വഴക്കം. അതിന് നിയമം ഒന്നും ഉണ്ടാക്കിയിട്ടില്ല നമ്മുടെ ഭരണഘടനാ ശില്പികൾ. മറിച്ച് 'ജനാധിപത്യ'ത്തെ ബഹുമാനിക്കുന്ന, അഥവാ ആദരിക്കുന്ന രാജ്യത്തെ സേനകൾ, അത് ഡിഫൻസ് ഫോഴ്സായാലും ശരി, സംസ്ഥാന പോലീസായാലും ശരി. അത് അലിഖിത നിയമം തന്നെയാണ് ഈ രാജ്യത്ത്. 

ഇത് കേരളമായത് കൊണ്ടും, സുരേഷ്ഗോപി, ബിജെപി എംപി ആയത് കൊണ്ടും കേരളാ പോലീസിന് അത് ലംഘിക്കാനാവുമോ..? 

ഇന്ന് തൃശൂരിൽ നടന്ന സംഭവം വീഡീയോയിൽ കണ്ടത് പോലെ അത്ര വലിയ സംഭവമൊന്നുമല്ല. എം പി എന്ന നിലയിൽ സുരേഷ് ഗോപി താൻ ചെയ്ത കാര്യങ്ങളും തന്നെ തന്റ്റെ പ്രവൃത്തികൾ ചെയ്യുന്നതിന് തടസ്സം നിന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളുടെ കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞത് കേൾക്കാതെ, തന്നെ അനുഗമിക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ, എം പിയായ വ്യക്തിയെ മൈൻഡ് പോലും ചെയ്യാതെ മാറി നിൽക്കുന്നത് കണ്ടപ്പോൾ വളരെ മര്യാദയോടെ അയാളെ അരികിൽ വിളിച്ച്, "ഞാൻ നിങ്ങളുടെ മേയറൊന്നുമല്ല, പക്ഷെ ഒരു എം.പിയാണ്, ഒരു സല്യൂട്ട് ഒക്കെയാവാം" എന്ന് പറഞ്ഞത് മാത്രം എടുത്ത് വിവാദമാക്കാൻ ആഗ്രഹിക്കുന്നത്, മാദ്ധ്യമങ്ങളിലെ "മാ.മാ" അന്തങ്ങളുടെ ബിജെ. പി വിരോധത്തിന്റ്റെ നേർസാക്ഷ്യം മാത്രമാണ്. 

കേരളത്തിലെ വിവിധങ്ങളായ ജനപ്രതിനിധികളിൽ, ഏറ്റവും കൂടുതൽ ജനസേവനം ചെയ്യുന്ന ഒരാളാണ് അദ്ദേഹം. 
എളിമയും, സ്നേഹവും ഉള്ള നിർമമനായൊരു വ്യക്തി. അദ്ദേഹം തന്റ്റെ പദവിയുടെ ധാർഷ്ട്യം കാണിക്കാനായി ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യില്ല. 

മറിച്ച്, ബിജെപിയോടും, അനുബന്ധ പ്രസ്ഥാനങ്ങളോടും, കേരളത്തിലെ ഇതര രാഷ്ട്രീയക്കാരും, രാഷ്ട്രീയം ഉള്ളിലൊളിപ്പിച്ച് മാദ്ധ്യമ പ്രവർത്തകരായി ചമയുന്നവരോടും, ഉദ്ദ്യോഗസ്ഥരോടും ഉള്ള അമർഷം വളരെ മാന്യമായി പ്രകടിപ്പിക്കുകയാണ് ചെയ്തത്. 
അതൊരു സൂചനയാണ്. 

കേരളത്തിലെ ഒരു വിഭാഗം, ബിജെപിയോട് കാട്ടുന്ന ഈ അസ്പ്രിശ്യത ഇനി വെറുതെ അംഗീകരിക്കാൻ രാജ്യം ഭരിക്കുന്ന പാർട്ടി തയ്യാറല്ലെന്ന സൂചന. അത് നല്ലതാണ്. 

ഈ സംഭവം കൊണ്ട് ഏതായാലും ഒരു ഗുണമുണ്ടായി. മാദ്ധ്യമങ്ങൾ മറച്ചു വയ്ക്കുന്ന തന്റ്റെ വികസന പ്രവര്‍ത്തനങ്ങളുടെ ചെറിയ ഒരു ഭാഗമെങ്കിലും ഇതേ മാദ്ധ്യമക്കാരെ ഉപയോഗിച്ച് ജനങ്ങളിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചില 'പന്നന്മാർ' താൻ ചെയ്യുന്ന പ്രവൃത്തികളെ തടയാൻ ശ്രമിച്ചതിന്റ്റെ രോഷവും പൊതുജനം കണ്ടു. 

അങ്ങനെ എങ്കിൽ അങ്ങനെ. ഒന്നുമില്ലേലും "കടക്ക് പുറത്ത്", 'മാറി നിൽക്ക് അങ്ങോട്ട്" എന്നൊന്നുമല്ലല്ലോ താങ്കൾ പറഞ്ഞത്. നന്നായി എന്നേ ശ്രീ സുരേഷ് ഗോപി താങ്കളോട് പറയാനുള്ളൂ.. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

No comments:

Post a Comment