ദുര്‍ഗ്ഗയുടെ അഞ്ചാം ഭാവമായ സ്കന്ദജനനീ അഥവാ സ്കന്ദമാതാ, ശ്രീ മുരുക ഭഗവാന്റെ അമ്മയായി കണക്കാക്കുന്നു. താരകാസുര നിഗ്രഹത്തിനായി സ്കന്ദ കുമാരനെ സജ്ജമാക്കുമ്പോഴാണ് ദുര്‍ഗാദേവിയുടെ സ്കന്ദജനനീ ഭാവത്തിന്‍റെ ദര്‍ശനം സാധ്യമാകുന്നത്. ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായായുള്ള രൂപമാണ് സ്കന്ദജനനി. മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് സ്കന്ദജനനിയില്‍ ദൃശ്യമാകുന്നത്. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി. സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക.
സ്കന്ദന്‍, കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ ശ്രീ മുരുകന്റെ മറ്റു പേരുകളാണ്. ദേവ സൈന്യാധിപനായ സ്കന്ദന്റെ മാതാവായ സ്കന്ദമാതാവിനെ നവരാത്രിയുടെ അഞ്ചാം ദിവസം പ്രാര്‍ത്ഥിക്കുന്നതിലൂടെ ജ്ഞാനം, ബുദ്ധി, പ്രതിഭ, സ്മരണ ശക്തി, ചേതനാ, വിവേകം, സ്വാത്വികത, ഔചിത്യ ബോധം, വാണീ, സരളമായി സംസാരിക്കാനുള്ള കഴിവ്, സംഗീതം, സ്വരം, വിദ്യാ, പ്രത്യുല്‍പന്നമതിത്വം, എഴുതാനുള്ള കഴിവ്, കവിത്വം, തുടങ്ങിയ അനേകം കഴിവുകള്‍ ലഭിക്കും. സ്‌ത്രീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളില്‍ ഏതിനെയും നവരാത്രി സമയത്ത് പൂജിക്കാം. ഓരോ ഫലത്തിനും ഓരോ ശക്തിരൂപങ്ങളെ വാഴ്‌ത്തുകയാണ് രീതി. അതിനാല്‍ ഏത് രീതിയില്‍ പൂജിച്ചാലും പൂര്‍ണ്ണഫലം ലഭിക്കും
ശുഭ്രവര്‍ണ്ണത്തിലുള്ള ഭഗവതി സ്കന്ദമാത ബാല മുരുക ഭഗവാനെ മടിയില്‍ ഇരുത്തി താലോലിക്കുന്ന രൂപത്തലാണ് സാധാരണ ആരാധിക്കാറ്. സിംഹാരുഢയായ ദേവിക്ക് നാല് കൈകളാണ് ഉള്ളത്. അതില്‍ വലത്തേ മുകളിലെ കൈകൊണ്ട് ബാല മുരുകനെ തന്റെ മടിയില്‍ പിടിച്ചിരിക്കുന്നു. ഇടത്തേ മുകളിലെ കൈയ്യില്‍ തന്റെ ഉപാസകരെ അനുഗ്രഹിക്കാന്‍ വരമുദ്ര പിടിച്ചിരിക്കുന്നു. മറ്റു രണ്ടു കൈകളിലും ഓരോരോ താമര വീതം പിടിച്ചിരിക്കുന്നു. ദേവി താമരയില്‍ ഇരിക്കുന്നതിനാല്‍ ദേവിയെ പദ്മാസനാ ദേവീ എന്നും വിളിക്കാറുണ്ട്.
മടിയില്‍ ഇരിക്കുന്ന ഭഗവാന്‍ സ്കന്ദന് ആറു തലകളാണ് ഉള്ളത്. അതിനാല്‍ ഭഗവാനെ ആറുമുഖന്‍ എന്നും ഷഢാനന്നന്‍ എന്നും വിളിക്കാറുണ്ട്. പഞ്ചാഭൂതാധിപതിയായ ശിവനും ചൈതന്യ ശക്തിയുമായ ദേവിയും ചേര്‍ന്നാണ് സ്കന്ദന് ഉണ്ടായത്. അയതിനാല്‍ സ്കന്ദ ഭഗവാന്റെ അഞ്ച് തലകള്‍ പഞ്ച ഭുതങ്ങളായ ഭൂമി,ജലം, വായു, ആകാശം, അഗ്നീ എന്നിവയെ സൂചിപ്പിക്കുന്നു. ആറാമത്തെ ശിരസ്സ് ശുദ്ധ ബോധത്തിനെയും സൂചിപ്പിക്കുന്നു.
സംഘകാലത്ത് നക്കീരനാല്‍ രചിക്കപ്പെട്ട തിരുമുരുകറ്റുപ്പടൈ എന്ന കൃതിയില്‍ മുരുകന്റെ ആറു ശിരസ്സുകളെപറ്റി പറയുന്നുണ്ട്. അത് ഇപ്രകാരമാണ്. പ്രഥമ ശിരസ്സ് ഈ സംസാരത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന അന്തഃകാരമായ അവിദ്യയെ അകറ്റി ആത്മീയതിലേക്ക് നയിക്കുന്നു. രണ്ടാമത്തെ ശിരസ്സ് ആത്മീയ പാതയില്‍ സഞ്ചരിക്കുന്ന സാധകന് വരങ്ങളും അനുഗ്രഹങ്ങളും നല്‍ക്കുന്നു. തന്റെ ഉപാസകരെ ആപത്തില്‍ നിന്നും രക്ഷിക്കാനും പൂജാവേളയിലെ നിവേദ്യങ്ങള്‍ സ്വീകരിക്കുന്നതും അവ സംരക്ഷിക്കുന്നതും മുരുകന്റെ മൂന്നാമത്തെ ശിരസാണ്.
നാലാം ശിരസ്സ് ആത്മജ്ഞാനം നേടാന്നും, പ്രണവ മന്ത്രത്തിന്റെ അര്‍ത്ഥം അറിയാന്‍ ആഗ്രഹിക്കുന്നവരെ അതിലേക്ക് നയിക്കാനും സഹായിക്കുന്നു. അധര്‍മ്മം അനുഷ്ടിക്കുന്നവരെ ശിക്ഷിക്കാനും അത്തരക്കാരെ നശിപ്പിക്കലും അഞ്ചാമത്തെ ശിരസ്സിന്റെ കടമയാണ്. ആറാമത്തെയും അവസാനത്തേയും ശിരസ്സ് തന്റെ പ്രീയതമയെ പ്രേമപൂര്‍വ്വം നോക്കാനും ഉപയോഗിക്കുന്നു.
സ്കന്ദമാതാ ദേവിയുടെ ഉപാസയില്‍ വിശുദ്ധി ചക്രത്തിന്ന് അതിപ്രാധാന്യമുണ്ട്. നവരാത്രിയുടെ അഞ്ചാം ദിവസം ഉപാസകര്‍ ദേവിയെ തന്റെ വിശുദ്ധി ചക്രത്തില്‍ സംങ്കല്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. വിശുദ്ധി ചക്രം സ്വാധിഷ്ടാന ചക്രത്തിന്റെ സ്വഭാവത്തോട് അടുത്തിരിക്കുന്ന ചക്രമാണ്. സ്വാധിഷ്ടാനം സൃഷ്ടിയില്‍ വളരെ ബന്ധപ്പെട്ടിരിക്കുന്നപ്പോലെ വിശുദ്ധി വാക്കിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ കാരണം കൊണ്ടുതന്നെ ശ്രീ സ്കന്ദമാതാ ദേവിയെ ഉപാസിക്കുന്നതു കൊണ്ട് സാധകനില്‍ വാക്ക് സിദ്ധിയും വാണീ സിദ്ധിയും വളരെ ശ്രീഘ്രംതന്നെ വന്നു ചേരും. കൂടാതെ ദേവിയുടെ മടിയില്‍ ബാല ആറുമുഖന്‍ ഉള്ളതിനാല്‍ മുരുക പ്രീതിയും പഞ്ച ഭുത ശുദ്ധിയും നിശ്ചയമായും വന്നു ചേരും.
വിദ്യാവിജയത്തിന് സരസ്വതി, ദുഃഖമകറ്റാന്‍ ദുര്‍ഗ്ഗ, ശത്രുദോഷത്തിന് മഹാകാളി, ധനലബ്‌ധിക്ക് ലക്ഷ്മിദേവി എന്നിങ്ങനെ ഓരോ ലക്‍ഷ്യത്തിനും ഓരോ മാര്‍ഗ്ഗങ്ങളാണ് ഉള്ളത്.
ഏത് രൂപത്തില്‍ ആരാധിച്ചാലും ദേവിപൂജ എന്നത് ആത്യന്തികമായി മാതൃപൂജയായി മാറണം. ജന്മം നല്‌കിയ അമ്മയെ പൂജിക്കാനുള്ള ദിനങ്ങളാണ് നവരാത്രിയിലേത്. ആദിപരാശക്തിയായാണ് ദേവിയെ ഭാരതീയര്‍ കരുതുന്നത്. അമ്മയെ തന്നെയാണ് ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും.
വിശുദ്ധി ചക്രം
അഞ്ചാമത്തെ ചക്രമായ വിശുദ്ധി ചക്രം തൊണ്ടയുടെ സമീപം സ്ഥിതി ചെയ്യുന്നു. വെള്ള നിറത്തില്‍ ഉള്ള ഈ ചക്രത്തിന് 16 ദളങ്ങളാണുള്ളത്. അവ ധൂമ്ര വര്‍ണ്ണത്തിലാണ് കാണപ്പെടുന്നത്. ആകാശ തത്വത്തെ പ്രധിനിധാനം ചെയ്യുന്ന വിശിദ്ധി ചക്രത്തിന്റെ ബീജാക്ഷര മന്ത്രം ഹ്രീം എന്നതാണ്. ഈ ചക്രത്തിന്റെ വികസനത്തോടെ സാധകനില്‍ വാണീ ദേവീ കുടികൊള്ളും. വിശുദ്ധി ചക്രം തിന്മകളെ തടയുന്ന ഒരു ചക്രം കൂടിയാണ്.
ആരാധനാ രീതി
മന്ത്ര ദീക്ഷ ഇല്ലാത്തവര്‍ക്കും ധൈര്യമായി ചെയ്യാന്‍ കഴിയുന്ന ഒരു രീതിയാണ് ഇവിടെ കൊടുക്കുന്നത്. നവരാത്രിയുടെ അഞ്ചാം ദിവസം കുളികഴിഞ്ഞ് ശുദ്ധമായ വസ്ത്രം ധരിച്ച് ദേവിയുടെ ചിത്രത്തിന് (വിഗ്രഹം/യന്ത്രം) മുന്പില്‍ വിളക്ക് കത്തിച്ച് താഴെ കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലുക, ഇനി ചിത്രമോ, വിഗ്രഹങ്ങളോ യന്ത്രങ്ങളോ ഇല്ലാത്തവര്‍ ഒരു വിളക്ക് കത്തിച്ച് അതില്‍ ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഇനി അതിനും കഴിയാത്തവര്‍ തങ്ങളുടെ കഴുത്തില്‍ തൊണ്ട ഭാഗത്തായി വിശുദ്ധി ചക്രത്തില്‍ സ്ഥിതി ചെയ്യുന്ന ദേവിയെ സംങ്കല്‍പ്പിച്ച് താഴെ പറയുന്ന മന്ത്രങ്ങള്‍ ചൊല്ലുക. ഭക്തിയോടെ ഈ മന്ത്രങ്ങള്‍ ചൊല്ലിയാല്‍ വളരെ വേഗത്തില്‍ ആഗ്രഹങ്ങള്‍ സഫലീകൃതമാകും. ഒരു കാര്യം മാത്രം ഓര്‍ക്കുക ദേവീ ഉപാസനയില്‍ ജാതി, മത, ലിംഗ ഭേദം ഒരിക്കലും പാടില്ല. എല്ലാവരെയും സമന്‍മാരായി കാണണം.
സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ .
ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ ..
ധ്യാനം –
വന്ദേ വാഞ്ഛിതകാമാർഥേ ചന്ദ്രാർധകൃതശേഖരാം .
സിംഹാരൂഢാ ചതുർഭുജാ സ്കന്ധമാതാ യശസ്വനീ ..
ധവലവർണാ വിശുദ്ധചക്രസ്ഥിതാ പഞ്ചമദുർഗാ ത്രിനേത്രാ .
അഭയപദ്മയുഗ്മകരാം ദക്ഷിണ ഊരുപുത്രധരാം ഭജേഽമ് ..
പടാംബരപരിധാനാ മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം .
മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലധാരിണീം ..
പ്രഭുല്ലവദനാം പല്ലവാധരാം കാന്തകപോലാം സ്കന്ദജനനീ അഥവാ പീനപയോധരാം. കമനീയാം
ലാവണ്യാം ചാരൂത്രിവലീം നിതംബനീം ..
സ്തോത്രം –
നമാമി സ്കന്ദമാതരം സ്കന്ധധാരിണീം .
സമഗ്രതത്ത്വസാഗരാമപാരപാരഗഹരാം ..
ശശിപ്രഭാം സമുജ്ജ്വലാം സ്ഫുരച്ഛശാങ്കശേഖരാം .
ലലാടരത്നഭാസ്കരാം ജഗത്പ്രദീപ്തഭാസ്കരാം ..
മഹേന്ദ്രകശ്യപാർചിതാം സനത്കുമാരസംസ്തുതാം .
സുരാസുരേന്ദ്രവന്ദിതാം യഥാർഥനിർമലാദ്ഭുതാം ..
അതർക്യരോചിരൂവിജാം വികാര ദോഷവർജിതാം .
മുമുക്ഷുഭിർവിചിന്തിതാം വിശേഷതത്ത്വമൂചിതാം ..
നാനാലങ്കാരഭൂഷിതാം മൃഗേന്ദ്രവാഹനാഗ്രതാം .
സുശുദ്ധതത്ത്വതോഷണാം ത്രിവേദമാരഭാഷണാം ..
സുധാർമികൗപകാരിണീം സുരേന്ദ്രവൈരിഘാതിനീം .
ശുഭാം സുപുഷ്പമാലിനീം സുവർണകല്പശാഖിനീം ..
തമോഽന്ധകാരയാമിനീം ശിവസ്വഭാവകാമിനീം .
സഹസ്രസൂര്യരാജികാം ധനഞ്ജയോഗ്രകാരികാം ..
സുശുദ്ധകാലകന്ദലാം സുഭൃംഗകൃന്ദമഞ്ജുലാം .
പ്രജായിനീം പ്രജാവതീം നമാമി മാതരം സതീം ..
സ്വകർമധാരണേ ഗതിം ഹരിം പ്രയച്ഛ പാർവതീം .
അനന്തശക്തികാന്തിദാം യശോഽഥ ഭുക്തിമുക്തിദാം ..
പുനഃപുനർജഗദ്ധിതാം നമാമ്യഹം സുരാർചിതാം .
ജയേശ്വരി ത്രിലാചനേ പ്രസീദ ദേവി പാഹി മാം ..
കവചം –
ഐം ബീജാലികാ ദേവീ പദയുഗ്മധരാ പരാ .
ഹൃദയം പാതു സാ ദേവീ കാർതികേയയുതാ സതീ ..
ശ്രീം ഹ്രീം ഹും ഐം ദേവീ പൂർവസ്യാം പാതു സർവദാ .
സർവാംഗ മേം സദാ പാതു സ്കന്ദമാതാ പുത്രപ്രദാ ..
വാണവാണാമൃതേ ഹും ഫട് ബീജസസമന്വിതാ .
ഉത്തരസ്യാം തഥാഗ്നേ ച വാരൂണേ നൈരൃതേഽവതു ..
ഇന്ദ്രാണീ ഭൈരവീ ചൈവാസിതാംഗീ ച സംഹാരിണീ .
സർവദാ പാതു മാം ദേവീ ചാന്യാന്യാസു ഹി ദിക്ഷു വൈ