Friday, 6 September 2024

ജ്‌ഞാനപ്പാന

***ഭാരതമഹിമ*** (ജ്ഞാനപ്പാന) പൂന്താനം "കർമ്മങ്ങൾക്കു വിളനിലമാകിയ ജന്മദേശമിബ്ഭൂമിയറിഞ്ഞാലും. കർമ്മനാശം വരുത്തേണമെങ്കിലും ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം. ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും സക്തരായ വിഷയീജനങ്ങൾക്കും ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും വിശ്വമാതാവു ഭൂമി ശിവ ശിവ വിശ്വനാഥന്റെ മൂലപ്രകൃതിതാൻ പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌. അവനീതലപാലനത്തിന്നല്ലോ അവതാരങ്ങളും പലതോർക്കുമ്പോൾ. അതുകൊണ്ടു വിശേഷിച്ചും ഭൂലോകം പതിന്നാലിലുമുത്തമമെന്നല്ലോ വേദവാദികളായ മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു. ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന ജംബുദ്വീപൊരു യോജനലക്ഷവും സപ്തദ്വീപുകളുണ്ടതിലെത്രയും ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു. ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ അതിലുത്തമം ഭാരതഭൂതലം സമ്മതരായ മാമുനിശ്രേഷ്ഠന്മാർ കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു; കർമ്മബീജമതീന്നു മുളയ്ക്കേണ്ടു ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും, കർമ്മബീജം വരട്ടിക്കളഞ്ഞുടൻ ജന്മനാശം വരുത്തേണമെങ്കിലും ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള പാരിലെങ്ങുമെളുതല്ല നിർണ്ണയം. അത്ര മുഖ്യമായുള്ളൊരു ഭാരത- മിപ്രദേശമെന്നെല്ലാരുമോർക്കണം" കേരളത്തിൽ ജീവിച്ചിരുന്ന ഭക്തകവിപ്രമുഖന്മാരിൽ ഒരാളായിരുന്നു പൂന്താനം. മലപ്പുറത്തെ പൂന്താനം ഇല്ലത്ത് 1547ലാണ് പൂന്താനം നമ്പൂതിരി ജനിച്ചതെന്ന് കണക്കാക്കുന്നു. അക്കാലത്ത് ഇന്ത്യയില്ല, ഭാരതവും ഇല്ല എന്ന് വാദിക്കുന്ന അല്പബുദ്ധികൾക്കായി സമർപ്പിക്കുന്നു. 🙏

No comments:

Post a Comment