Friday, 6 September 2024
ഹനുമാൻ ചാലിസ
ഹനുമാൻ ചാലിസ.
ഗോസായി തുളസീദാസ് എന്ന ഭക്ത കവി "അവധി" എന്ന ഭാഷയിൽ എഴുതിയ കീർത്തനമാണ് ഹനുമാൻ ചാലിസ. 40 ദിവസം അക്ബർ ചക്രവർത്തിയുടെ തടവിലായ തുളസീദാസ് അതേ ജയിലിൽ വച്ച് ഹനുമാൻ ചാലിസ എഴുതുകയും ഇതിലെ 40 ശ്ലോകങ്ങൾ ചൊല്ലുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഹനുമാൻ ചിരഞ്ജീവിയും, ഭക്തന് ക്ഷിപ്രഫല ദായകനും, ശത്രുകൾക്ക് ഉഗ്രകോപിയും, സർവ്വ നാശകനുമാണ്.
ഹനുമാൻ ചാലിസയിലെ ഈ 40 ശ്ലോകങ്ങൾ ഭക്തിയോടെ നിത്യവും ജപിച്ചാൽ ജീവിതത്തിൽ അത്ഭുതകരമായ പലമാറ്റങ്ങളും (ഗുണഫലങ്ങളും) സംഭവിക്കും.
ഹനുമാൻ ചാലിസ രാവിലെയോ, വൈകുന്നേരമോ ശരീരശുദ്ധിയോടെയും, ഭക്തിയോടെയും ജപിക്കണം /ചൊല്ലണം. ഒരാൾ ഈ ചാലിസ ചെല്ലുമ്പോൾ , നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഹനുമാൻ സ്വാമി അരികിൽ വരുന്നു എന്നാണ് വിശ്വാസം.
സകല ശത്രു ദോഷങ്ങളേയും, തിന്മകളേയും,ദുഷ്ട ആത്മാക്കളെയും അകറ്റാൻ സ്വാമി നമ്മെ സഹായിക്കുന്നു. "ഭൂത് പിശാച് നികത് നഹി ആവേൻ, മഹാവീർ ജബ് നാം സുനാവേ" എന്നതിന്റെ അർഥം ഹനുമാന്റെ നാമം സ്വീകരിക്കുന്ന ഒരു ഭക്തനെയും ഒരു ദുരാത്മാവും, ശത്രുക്കളും, ദുഷ്ട ശക്തികളും ബാധിക്കില്ല എന്നാണ്.
ദിവസവും പ്രഭാതത്തിൽ ഹനുമാൻ ചാലിസ ചൊല്ലുന്നത് /വായിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും,മനസ്സിനെ കൂടുതൽ ശാന്തമാക്കാനും സഹായകമാണ്. ഏതൊരു യാത്രയ്ക്ക് മുമ്പ് ഹനുമാൻ ചാലിസ വായിക്കുന്നത് അപകടങ്ങളും ആപത്തുകളും,തടസ്സങ്ങളും തടയുവാൻ ഉത്തമമാണ്. പാപമോചനത്തിനും, ആഗ്രഹസാഫല്യത്തിനും, മോശം പ്രവൃത്തികളിൽ നിന്നും മുക്തി നേടാനും ഇത് ഉപകരിക്കും.
ജാതകത്തിൽ ശനിയുടെ സ്ഥാനം മൂലം ബുദ്ധിമുട്ടുന്ന ആളുകൾ ദിവസവും ഹനുമാൻ ചാലിസ ചൊല്ലണം / വായിക്കണം. ശനി ഹനുമാനെ ഭയപ്പെടുന്നതിനാൽ ശനി ഹനുമദ് ഭക്തരെ ഒരിക്കലും ബാധിക്കില്ല.
ഹനുമാൻ ചാലിസ ചൊല്ലുന്നവർക്ക് വളരെയധികം ശക്തിയും പോസിറ്റീവ് എനർജിയും ഊർജസ്വലതയും ഉണ്ടാകും.തലവേദന, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയ സാധാരണ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താനും ഇത് സഹായിക്കുന്നു.
ഹനുമാൻ ചാലിസ പാരായണം ചെയ്യുന്ന ഗൃഹങ്ങളിൽ ഒരു തരത്തിലുള്ള നെഗറ്റീവിറ്റിയും അടുക്കില്ല. ഇത് കുടുംബത്തിലെ വഴക്കുകൾ തടയുകയും സന്തോഷവും സമാധാനവും നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ദു:സ്വപ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഉറങ്ങുന്നതിന് മുമ്പ് ചാലിസ തലയിണയ്ക്കടിയിൽ വെച്ചാൽ ശാന്തമായ ഉറക്കം ലഭിക്കും.
ഹനുമാൻ ചാലിസ ചൊല്ലുമ്പോൾ സസ്യാഹാരിയാവണം, ബ്രഹ്മചര്യം പാലിക്കണം എന്നൊക്കെ ചിലർ പറയാറുണ്ട്. ആഹാരനിയന്ത്രണത്തിന്റെ ആവശ്യം ഇല്ല. എന്നാൽ മദ്യപാനം, പുകവലി, ലഹരിപദാർത്ഥങ്ങൾ ഇവ ഒഴിവാക്കുന്നത് എപ്പോഴും നല്ലതാണ് . ഗൃഹസ്ഥാശ്രമികൾക്കു ബ്രഹ്മചര്യം എന്നാൽ തന്റെ ഭാര്യ/ഭർത്താവ് അല്ലാതെ അന്യരിൽ ആകൃഷ്ടരാവാതിരിക്കുക എന്നാണ് അർഥം.ഗിരീഷ് സ്വസ്തിക്
********************
ഹനുമാൻ ചാലിസ
ഓം ശ്രീ ഹനുമതേ നമഃ
ശ്രീ ഗുരു ചരണ് സരോജ് രജ് നിജ് മന് മുകുര് സുധാരി |
വരണൗ രഘുവര് വിമല് ജസു ജോ ദായക് ഫല് ചാര് ||
ശ്രീ ഗുരുവിന്റെ ചരണ കമലങ്ങളിലെ ധൂളി കൊണ്ട് ഞാൻ എന്റെ മനസ്സിന്റെ കണ്ണാടി വൃത്തിയാക്കി അതിൽ ധർമം, അർഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാർത്ഥങ്ങൾ നൽകുന്ന നൽകുന്ന രഘുരാമൻ്റെ വിമല രൂപം തെളിയിക്കട്ടെ.
ബുദ്ധിഹീന തനുജാനികൈ സുമിരൗ പവന കുമാർ |
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ വികാർ ||
ഹേ പാവന പുത്രാ, ബുദ്ധിഹീനനായ എനിക്ക് അങ്ങയുടെ സ്മരണയാൽ ബലം ബുദ്ധി വിദ്യ എന്നിവ നൽകു അനുഗ്രഹിക്കൂ. ക്ലേശം (ശാരീരിക രോഗങ്ങൾ) വികാരം ( മാനസിക ബുദ്ധിമുട്ടുകൾ) എന്നിവ നശിപ്പിക്കൂ.
ജയ ഹനുമാന ജ്ഞാന ഗുണ സാഗർ |
ജയ കപീശ തിഹു ലോക ഉജാഗർ || 1 ||
ജ്ഞാന ഗുണങ്ങളുടെ സാഗരമായ ഹനുമാൻ വിജയിക്കട്ടെ. മൂന്നുലോകത്തിന്റെയും വെളിച്ചമായ കപീശ്വരൻ വിജയിക്കട്ടെ.
രാമദൂത അതുലിത ബലധാമാ |
അംജനി പുത്ര പവനസുത നാമാ || 2 ||
പാവനസുതൻ എന്ന നാമത്തോടുകൂടിയ അഞ്ജനീപുത്രനും രാമദൂതനും ആയ അങ്ങ് അമാനുഷശക്തിമാനാകുന്നു.
മഹാവീര വിക്രമ ബജരങ്ഗീ |
കുമതി നിവാര സുമതി കേ സങ്ഗീ ||3 ||
മഹാവീരനും വിക്രമനും ആയ ബജ്‌രംഗി (വജ്‌റാംഗി - വജ്രം പോലെ ഉറച്ച അവയവങ്ങളോട് കൂടിയവർ) എന്റെ മനസിലെ മാലിന്യം മാറ്റി എന്നെ സുമനസ്സുള്ളവനാക്കിയാലും.
കംചന വരണ വിരാജ സുവേശാ |
കാനന കുംഡല കുംചിത കേശാ || 4 ||
സ്വരവർണത്തോടെ വിരാജിക്കുന്ന നല്ല വേഷം അണിഞ്ഞ അങ്ങയുടെ കാതിൽ മനോഹരകുണ്ഡലങ്ങളും ശിരസ്സിൽ ഭംഗിയുള്ള മുടിയും ഞാൻ കാണുന്നു.
ഹാഥവജ്ര ഔ ധ്വജാ വിരാജൈ |
കാംഥേ മൂംജ ജനേവൂ സാജൈ || 5||
അങ്ങയുടെ കൈകളിൽ വജ്രതുല്യമായ ഗദയും രണ പതാകയും തോളിൽ യജ്‌നോപവീതവും (പൂണൂൽ)
ഞാൻ കാണുന്നു.
ശംകര സുവന കേസരീ നന്ദന |
തേജ പ്രതാപ മഹാജഗ വന്ദന || 6 ||
ശിവാംശവും കേസരിയുടെ പുത്രനുമായ , തേജസ്സും പ്രതാപവും ഉള്ള അങ്ങയെ ലോകം മുഴുവൻ വന്ദിക്കുന്നു.
വിദ്യാവാന ഗുണീ അതി ചാതുര |
രാമ കാജ കരിവേ കോ ആതുര || 7 ||
വിദ്വാനും സൽഗുണങ്ങളുടെ പാത്രവും അതി സമർത്ഥനും (നയവാനും) ആയ അങ്ങ് ശ്രീരാമൻ്റെ സേവക്ക് എപ്പോഴും കാംക്ഷിച്ചു നിൽക്കുന്നു.
പ്രഭു ചരിത്ര സുനിവേ കോ രസിയാ |
രാമലഖന സീതാ മന ബസിയാ || 8||
ശ്രീരാമനെയും ലക്ഷ്മണനെയും സീതാദേവിയെയും എല്ലായ്‌പ്പോഴും മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അങ്ങേക്ക് ശ്രീരാമന്റെ കഥകൾ കേൾക്കുന്നതാണ് ഏറ്റവും ആസ്വാദ്യകരമായ കാര്യം.
സൂക്ഷ്മ രൂപധരി സിയഹി ദിഖാവാ |
വികട രൂപധരി ലംക ജരാവാ || 9 ||
യോഗശക്തിയാൽ സൂഷ്മരൂപനായി അശോകവനിയിൽ കടന്നു ചെന്ന് സീതയെക്കണ്ട അങ്ങ് വികടരൂപനായി (ഭീക്ഷണ രൂപം ) ലങ്കയെ ചുട്ടെരിച്ചു.
ഭീമ രൂപധരി അസുര സംഹാരേ |
രാമചംദ്ര കേ കാജ സംവാരേ || 10 ||
ഭീമാകാരനായി മാറി അങ്ങ് അസുരന്മാരെ സംഹരിച്ചു കൊണ്ട് ശ്രീ രാമചന്ദ്രൻ ഏല്പിച്ച ദൗത്യം നിറവേറ്റി.
ലായ സംജീവന ലഖന ജിയായേ |
ശ്രീ രഘുവീര ഹരഷി ഉരലായേ || 11 ||
മൃതസഞ്ജീവനി കൊണ്ട് വന്നു ലക്ഷ്മണനെ ജീവിപ്പിച്ച അങ്ങയെ ശ്രീരാമൻ സഹർഷം ആലിംഗനം ചെയ്തു.
രഘുപതി കീന്ഹീ ബഹുത ബഡായീ |
തുമ മമ പ്രിയ ഭരതഹി സമ ഭായീ || 12 ||
തൻ്റെ പ്രിയസഹോദരനായ ഭരതന് സമനായി ഞാൻ നിന്നെ കാണുന്നു എന്ന് പറഞ്ഞ് പ്രഭു അങ്ങയെ മുക്തകണ്ഠം പ്രശംസിച്ചു.
സഹസ വദന തുമ്ഹരോ യശഗാവൈ |
അസ കഹി ശ്രീപതി കണ്ഠ ലഗാവൈ || 13 ||
സഹസ്രവദനനായ അനന്തൻ പാടിയാൽ പോലും നിൻ്റെ അപദാനങ്ങൾ തീരില്ല എന്ന് പറഞ്ഞ് പ്രഭു നിന്നെ മാറോടു ചേർത്ത് ആലിംഗനം ചെയ്തു.
സനകാദിക ബ്രഹ്മാദി മുനീസാ |
നാരദ ശാരദ സഹിത അഹീസാ || 14 ||
സനകാദികളായ മുനിമാരും ബ്രഹ്മാദികളായ ദേവന്മാരും,നാരദനും, ശാരദയും (സരസ്വതി) നിന്നെ വാഴ്ത്തിയാലും,
യമ കുബേര ദിഗപാല ജഹാം തേ |
കവി കോവിദ കഹി സകേ കഹാം തേ || 15 ||
യമൻ കുബേരൻ, അഷ്ടദിക് പാലകന്മാർ, ലോകം മുഴുവൻ ഉള്ള കവികളും വിദ്വാന്മാരും ഇവരെല്ലാം ഒന്നിച്ചു വാഴ്ത്തിയാലും നിന്റെ അപദാനങ്ങൾ പൂർത്തിയാവില്ല.
തുമ ഉപകാര സുഗ്രീവഹി കീന്ഹാ |
രാമ മിലായ രാജപദ ദീന്ഹാ || 16 ||
സുഗ്രീവന് നീ വലിയ ഉപകാരം ചെയ്തു. ശ്രീരാമനുമായി പരിചയപ്പെടുത്തി നീ അദ്ദേഹത്തിന് രാജപദവി ലഭിക്കാൻ കാരണക്കാരനായി.
തുമ്ഹരോ മന്ത്ര വിഭീഷണ മാനാ |
ലംകേശ്വര ഭയേ സബ ജഗ ജാനാ || 17 ||
നിൻ്റെ ഉപദേശം സ്വീകരിച്ച വിഭീഷണൻ ലങ്കയുടെ രാജാവായി, ലോകപ്രശസ്തനായി.
യുഗ സഹസ്ര യോജന പര ഭാനൂ |
ലീല്യോ താഹി മധുര ഫല ജാനൂ || 18 ||
ബാല്യകാലത്തു രണ്ടായിരം യോജന അകലെയുള്ള സൂര്യനെ ഒരു പഴമെന്നു തെറ്റിദ്ധരിച്ചു തിന്നാനായി നീ ശ്രമിച്ചു.
പ്രഭു മുദ്രികാ മേലി മുഖ മാഹീ |
ജലധി ലാംഘി ഗയേ അചരജ നാഹീ || 19 ||
ശ്രീരാമ പ്രഭുവിൻ്റെ മുദ്രമോതിരം വായിൽ സൂക്ഷിച്ചു കൊണ്ട് നീ അനായാസം സമുദ്രം ചാടിക്കടന്നു.
ദുര്ഗമ കാജ ജഗത കേ ജേതേ |
സുഗമ അനുഗ്രഹ തുമ്ഹരേ തേതേ || 20 ||
ലോകത്തിലെ എത്ര ദുഷ്‌കരമായ കാര്യവും നിൻ്റെ അനുഗ്രഹത്താൽ സുഗമമായി തീരുന്നു.
രാമ ദുആരേ തുമ രഖവാരേ |
ഹോത ന ആജ്ഞാ ബിനു പൈസാരേ || 21 ||
ശ്രീരാമകവാടത്തിലെ കാവൽക്കാരനായ നിൻ്റെ സമ്മതമില്ലാതെ ആർക്കും അകത്തുകടക്കാനാവില്ല.
സബ സുഖ ലഹൈ തുമ്ഹാരീ ശരണാ |
തുമ രക്ഷക കാഹൂ കോ ഡര നാ || 22 ||
നിന്നിൽ അഭയം പ്രാപിച്ചവർക്ക് എല്ലാ സുഖവും ഐശ്വര്യവും ലഭിക്കുന്നു. നീ രക്ഷകനായുള്ളപ്പോൾ ആരെ പേടിക്കാനാണ്?
ആപന തേജ തുമ്ഹാരോ ആപൈ |
തീനോം ലോക ഹാംക തേ കാംപൈ || 23 ||
നിനക്ക് തുല്യൻ നീ മാത്രം. നിൻ്റെ ശബ്ദത്താൽ മൂന്നുലോകവും വിറ കൊള്ളുന്നു.
ഭൂത പിശാച നികട നഹി ആവൈ |
മഹവീര ജബ നാമ സുനാവൈ || 24 ||
നിൻ്റെ നാമം ജപിക്കുന്നവരുടെ അടുത്ത് ഭൂതപിശാചുക്കൾ വരികയില്ല.
നാസൈ രോഗ ഹരൈ സബ പീരാ |
ജപത നിരംതര ഹനുമത വീരാ || 25 ||
വീര ഹനുമാൻ്റെ നാമം നിരന്തരം ജപിക്കുന്നവരുടെ രോഗങ്ങൾ വേദനകൾ ഇവ നശിച്ചു പോകുന്നു.
സംകട സേം ഹനുമാന ഛുഡാവൈ |
മന ക്രമ വചന ധ്യാന ജോ ലാവൈ || 26 ||
മനസാ വാചാ കർമണാ നിന്നെ ആരാധിക്കുന്നവരെ എല്ലാ സങ്കടങ്ങളിൽ നിന്നും നീ രക്ഷിക്കുന്നു.
സബ പര രാമ തപസ്വീ രാജാ |
തിനകേ കാജ സകല തുമ സാജാ || 27 ||
എല്ലാ രാജാക്കന്മാരിലും വെച്ച് ഉത്തമനാണ് തപസ്വിയായ ശ്രീരാമൻ. അദ്ദേഹത്തിൻ്റെ സകല സഹായിയും നീയാണ്.
ഔര മനോരധ ജോ കോയി ലാവൈ |
താസു അമിത ജീവന ഫല പാവൈ || 28 ||
നിൻ്റെ മുന്നിൽ ആത്മാർത്ഥമായ ആഗ്രഹവും ആയി ആരു വരുന്നുവോ, അവർക്കു ജീവിതത്തിൽ അതീവ നേട്ടങ്ങൾ ഉണ്ടാകുന്നു.
ചാരോ യുഗ പരിതാപ തുമ്ഹാരാ |
ഹൈ പരസിദ്ധ ജഗത ഉജിയാരാ || 29 ||
നാല് യുഗങ്ങളിലും നിൻ്റെ പ്രതാപം വ്യാപിച്ചിരിക്കുന്നു.. ലോകദീപമായ നീ എല്ലായിടത്തും പ്രസിദ്ധനാണ്.
സാധു സന്ത കേ തുമ രഖവാരേ |
അസുര നികന്ദന രാമ ദുലാരേ || 30 ||
സാധുക്കളുടെയും പുണ്യാത്മാക്കളുടെയും രക്ഷകനായ നീ അസുരന്മാരുടെ അന്തകനും ശ്രീരാമൻ്റെ പ്രിയനുമാണ്.
അഷ്ഠസിദ്ധി നവ നിധി കേ ദാതാ |
അസ വര ദീന്ഹ ജാനകീ മാതാ || 31 ||
സീതാമാതാവിൽ നിന്നും അഷ്ടസിദ്ധികളുടെയും നവനിധികളുടെയും വരം ലഭിച്ച നിനക്ക് അർഹിക്കുന്നവർക്ക് അവ നൽകാനും വരം ലഭിച്ചിരിക്കുന്നു.
(അഷ്ടസിദ്ധികൾ - അണിമ , മഹിമ, ഗരിമ, ലഘിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാമ്യം.
നവനിധികൾ - മഹാപത്മം , പത്മം , ശംഖ്, മകരം. കഛപം , കുമുദം, കുന്ദം , നീലം , ഖർവം. )
രാമ രസായന തുമ്ഹാരേ പാസാ |
സാദ രഹോ രഘുപതി കേ ദാസാ || 32 ||
രാമഭക്തിയുടെ സത്ത് നിൻ്റെ കൈയിൽ മാത്രമാണ്. നീ സദാ രഘുപതിയുടെ ദാസനായി തുടരുന്നു.
തുമ്ഹരേ ഭജന രാമകോ പാവൈ |
ജന്മ ജന്മ കേ ദുഖ ബിസരാവൈ || 33 ||
നിന്നെ ഭജിക്കുന്നവൻ രാമനെ സാക്ഷാത്കരിക്കുന്നു. അങ്ങനെ ജന്മാന്തരങ്ങളിലെ ദുഃഖത്തിൽ നിന്നും മോചിതനാവുന്നു.
അംത കാല രഘുവര പുരജായീ |
ജഹാം ജന്മ ഹരിഭക്ത കഹായീ || 34 ||
അങ്ങനെയുള്ളവർ അവസാനം വൈകുണ്ഠത്തിൽ എത്തിച്ചേർന്നു ഹരിഭക്തനായി ചിരകാലം വാഴുന്നു.
ഔര ദേവതാ ചിത്ത ന ധരയീ |
ഹനുമത സേയി സര്വ സുഖ കരയീ || 35 ||
ഹനുമദ്ഭക്തിയാൽ സകലതും നേടാൻ കഴിയുമ്പോൾ മറ്റു ദേവതകളെ എന്തിനു മനസ്സിൽ കൊണ്ടുവരണം?
സംകട കടൈ മിടൈ സബ പീരാ |
ജോ സുമിരൈ ഹനുമത ബല വീരാ || 36 ||
ബാലശാലിയും വീരനുമായ ഹനുമാനെ ഭജിക്കുന്നവരുടെ സങ്കടങ്ങളും വിഷമങ്ങളും വേദനകളും നശിച്ചു പോകുന്നു.
ജൈ ജൈ ജൈ ഹനുമാന ഗോസായീ |
കൃപാ കരോ ഗുരുദേവ കീ നായീ || 37 ||
പുണ്യവാനായ ഹനുമാൻ വിജയിക്കട്ടെ. എൻ്റെ മഹാ ഗുരുവായ അങ്ങ് എന്നിൽ കൃപ ചൊരിയൂ.
ജോ ശത വാര പാഠ കര കോയീ |
ഛൂടഹി ബന്ദി മഹാ സുഖ ഹോയീ || 38 ||
നൂറു പ്രാവശ്യം ഹനുമാൻ ചാലിസ ചൊല്ലുന്നവൻ എല്ലാ ബന്ധങ്ങളിൽ നിന്നും വിമുക്തനായി മഹാ സുഖത്തെ പ്രാപിക്കുന്നു.
ജോ യഹ പഡൈ ഹനുമാന ചാലീസാ |
ഹോയ സിദ്ധി സാഖീ ഗൗരീശാ || 39 ||
ഈ ഹനുമാൻ ചാലീസ വായിക്കുന്നവൻ്റെ എല്ലാ ഉദ്യമങ്ങളും സഫലമാകുന്നു എന്നതിന് ശിവൻ സാക്ഷിയാണ്.
തുലസീദാസ സദാ ഹരി ചേരാ |
കീജൈ നാഥ ഹൃദയ മഹ ഡേരാ || 40 ||
അല്ലയോ ഹനുമാൻ, ഞാൻ എപ്പോഴും ഹരിയുടെ ദാസനായിരിക്കട്ടെ. അങ്ങ് എല്ലായ്‌പ്പോഴും എൻ്റെ ഹൃദയത്തിനുള്ളിൽ വസിക്കട്ടെ. എന്ന് തുളസീദാസൻ പറയുന്നു.
പവന തനയ സങ്കട ഹരണ – മങ്ഗള മൂരതി രൂപ് |
രാമ ലഖന സീതാ സഹിത – ഹൃദയ ബസഹു സുരഭൂപ് ||
അല്ലയോ സങ്കടനാശകനായ പവനപുത്രാ ,മംഗളമൂർത്തിയായ അങ്ങ് ശ്രീരാമ ലക്ഷ്മണ സീതാ സമേതിതനായി എന്റെ ഹൃദയത്തിൽ എല്ലായ്‌പ്പോഴും വസിച്ചാലും.
സിയാവര രാമചന്ദ്രകീ ജയ | പവനസുത ഹനുമാനകീ ജയ | ഉമാപതി മഹാദേവ് കി ജയ്. |
സീതാപതിയായ ശ്രീരാമൻ ജയിക്കട്ടെ. പവനസുതനായ ഹനുമാൻ ജയിക്കട്ടെ. ഉമാപതിയായ മഹാദേവൻ ജയിക്കട്ടെ.
ബ്രഹ്മശ്രീ ഗിരീഷ് സ്വസ്തിക്.
🚩ജയ് ശ്രീറാം 🚩
🚩ജയ് ഹനുമാൻ 🚩
🚩ഹര ഹര മഹാദേവ് 🚩
Subscribe to:
Post Comments (Atom)
No comments:
Post a Comment