Saturday, 28 September 2024

അഗസ്ത്യ മുനിയും വാതാപിയും

അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും അഗസ്ത്യന്‍റെ വിവാഹവും വാതാപിയുടെ വധവും ബ്രഹ്മാവിന്‍റെ പുത്രന്മാരിലൊരാളായ മരീചിയുടെ പുത്രനാണ് കാശ്യപൻ. കാശ്യപൻ അദിതിയെ വിവാഹം ചെയ്തു. അതിൽ 12 പുത്രന്മാരുണ്ടായി, ആദിത്യന്മാർ എന്ന പേരിൽ. ഇതിൽ ഒരാളാണ് മിത്രൻ. മിത്രന്‍റെ പുത്രനാണ് അഗസ്ത്യൻ. അഗസ്ത്യന്‍റെ പൂർവ്വികന്മാർ അദ്ദേഹത്തോടു പറഞ്ഞു: 'നിനക്ക് ഒരു മകൻ ഉണ്ടാകാത്തപക്ഷം ഞങ്ങൾ നരകത്തിൽ പതിക്കേണ്ടിവരും.' അഗസ്ത്യന് യോജിച്ച ഒരു തരുണിയെ കണ്ടെത്തുവാൻ കഴിയാതെ പോയി. സ്ത്രീസൌന്ദര്യത്തിന്‍റെ സകല സാരാംശങ്ങളും ഒന്നിച്ചുകൂട്ടി, അനുപമവും ഉൽക്കൃഷ്ടവുമായ സൌന്ദര്യമുള്ള ഒരു തരുണിയെ അഗസ്ത്യൻ തപശ്ശക്തികൊണ്ട് സൃഷ്ടിക്കുകയും, അവളെ വിദർഭ രാജാവിന്‍റെ പുത്രിയായി ജനിപ്പിക്കുകയും ചെയ്തു. ശിശുവിന് ലോപാമുദ്ര എന്ന പേരിട്ടു. കുട്ടി, നിസ്തുല്യവും അഭൌമവുമായ സൗന്ദര്യത്തോടുകൂടിയ ഒരു സ്ത്രീരത്നമായി വളർന്നു. അഗസ്ത്യൻ രാജാവിനെ സമീപിച്ച്, മകളെ തനിക്കു വിവാഹം ചെയ്തുതരുവാൻ ആവശ്യപ്പെട്ടു. വിദർഭ രാജാവിന് അത് സമ്മതമായില്ല. രാജ്ഞിയോട് ആവശ്യപ്പെട്ടപ്പോൾ, അവരും മൗനം പാലിച്ചു. അനന്തരം, ലോപാമുദ്ര സ്വയം, തന്നെ അഗസ്ത്യനു വിവാഹം ചെയ്‌തുകൊടുക്കാൻ പിതാവിനോടഭ്യർത്ഥിച്ചു. വിവാഹശേഷം അഗസ്ത്യൻ അവളോടു ആവശ്യപ്പെട്ടതുപോലെ അവൾ എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ചു, അദ്ദേഹത്തിന്‍റെ തപസ്സിനോടനുസൃതമായി മാൻതോലും മരവുരിയും ധരിച്ചു. അവർ ധർമ്മാനുസൃതമായ ദാമ്പത്യജീവിതം നയിച്ചു. പക്ഷെ, പിന്നീട് ലോപാമുദ്രക്ക് ആഡംബരങ്ങൾക്കായി മോഹമുണ്ടായി. അഗസ്ത്യനോടു വസ്ത്രാഭരണങ്ങൾ തരാൻ ആവശ്യപ്പെട്ടു. 'ഞാൻ ദരിദ്രനാണ്. എങ്ങിനെ ഞാൻ അതുണ്ടാക്കും?' എന്നായിരുന്നു അഗസ്ത്യന്‍റെ ചോദ്യം. 'തപശ്ശക്തികൊണ്ട് എനിക്ക് ഇതൊക്കെ ഉണ്ടാക്കാം, പക്ഷെ അതോടെ എന്‍റെ തപസ്സിന് കുറവുണ്ടാകും. കുറെ ധനം സമ്പാദിച്ച ശേഷം, ഞാൻ അത്തരം വസ്ത്രാഭരണങ്ങൾ വാങ്ങിത്തരാം.' എന്നു പറഞ്ഞു. അദ്ദേഹം ശ്രുതർവ്വൻ എന്ന രാജാവിനെ സമീപിച്ചു. പക്ഷെ രാജാവിന്‍റെ പക്കൽ അധികം ധനമില്ലെന്ന് മനസ്സിലായി. അഗസ്ത്യൻ ആ രാജാവിനെയും കൂട്ടിക്കൊണ്ടു വ്രതനാശ്വൻ എന്ന മറ്റൊരു രാജാവിനെ സമീപിക്കുകയും, തന്‍റെ ആവശ്യം അറിയിക്കുകയും ചെയ്തു. അദ്ദേഹവും തന്‍റെ പക്കൽ ആവശ്യത്തിൽ കവിഞ്ഞ ധനം ഇല്ലെന്ന് പറഞ്ഞു. മൂന്ന് പേരും ചേർന്ന് ത്രാസദസ്യു എന്ന് മറ്റൊരു രാജാവിനെ സമീപിക്കുകയും അദ്ദേഹവും തന്‍റെ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്തു. അവർ മഹർഷിയോടു പറഞ്ഞു: 'അളവറ്റ സമ്പത്തുള്ള ഇല്വലൻ എന്നൊരസുരൻ ഉണ്ടു. നമുക്കു അയാളുടെ അടുത്തു പോവാം.' ഇല്വലന് വാതാപി എന്നൊരു അനുജനുണ്ടായിരുന്നു. വാതാപിയെ ഒരു ആടാക്കി രൂപാന്തരപ്പെടുത്തി, അതിന്‍റെ മാംസം പാകം ചെയ്ത് അതിഥികൾക്കു വിളമ്പുക ഇല്വലന്‍റെ പതിവായിരുന്നു. അതിഥി ഭക്ഷണം കഴിച്ചതിന് ശേഷം, ഇല്വലൻ 'വാതാപി, പുറത്തു വരിക' എന്നു വിളിച്ചു പറയും. വാതാപി ഉടൻ സ്വന്തം രൂപം പ്രാപിച്ച്, അതിഥിയുടെ ഉദരം പിളർന്ന് പുറത്തു വന്ന് , വധിക്കുകയും ചെയ്യുമായിരുന്നു. ഇത് അവർക്ക് ഒരു വിനോദമായിരുന്നു. ഇതേ കൌശലം അഗസ്ത്യന്‍റെയടുത്തും ഇല്വലൻ പരീക്ഷിച്ചു. എന്നാൽ അഗസ്ത്യൻ 'വാതാപി, ജീർണ്ണോ ഭവ' എന്ന് സാവകാശം പറഞ്ഞു. അങ്ങനെ വാതാപിയുടെ ജിവിതം അഗസ്ത്യന്‍റെ ഉദരത്തിൽ തന്നെ സമാപിച്ചു.. ഭയാക്രാന്തനായ ഇല്വലൻ 1000 പശുക്കളും 10,000 സ്വർണ്ണനാണയങ്ങളും അഗസ്ത്യന് സമ്മാനമായി നൽകി. അതുകൊണ്ട് അഗസ്ത്യൻ ലോപമുദ്രയുടെ ആഗ്രഹങ്ങൾ നിറവേറ്റി.

No comments:

Post a Comment