Thursday, 19 September 2024

The Dragons of Eden : Carl Sagan

പ്രപഞ്ചമുണ്ടായിട്ട് ഏകദേശം 13.8 ബില്യണ്‍ വര്‍ഷങ്ങള്‍ (1380 കോടി വര്‍ഷങ്ങള്‍) ആയെന്നും, ഭൂമി ഉണ്ടായിട്ട് 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ (450 കോടി വര്‍ഷങ്ങള്‍) ആയെന്നുമൊക്കെ പറയുമ്പോള്‍ ആ സംഖ്യകളുടെ വലിപ്പം പലരും ഓര്‍ക്കാറില്ല. ഈ പറയുന്ന സമയദൈര്‍ഘ്യം, ഒരുപക്ഷേ സങ്കല്‍പ്പിക്കാവുന്നതിലപ്പുറം വലിയൊരു കാലയളവാണ്. മനുഷ്യര്‍ ഉണ്ടായിട്ട് കേവലം 2 ലക്ഷം വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്ന് പറയുമ്പോഴും, 2 ലക്ഷവും 14 ബില്യണും തമ്മിലുള്ള അതിഭീമമായ അന്തരവും ആരും ഓര്‍ക്കാറില്ല! ഈ കാലയളവുകളെ നമുക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ വേണ്ടി 'കോസ്മിക് കലണ്ടര്‍' ഉപയോഗിക്കാം. കാള്‍ സാഗന്‍ അദ്ദേഹത്തിന്റെ പുസ്തകമായ The Dragons of Eden എന്ന പുസ്തകത്തിലൂടെ ആണ് ഈ ആശയം മുമ്പോട്ട് വെക്കുന്നത്. സംഗതി ലളിതമാണ്. പ്രപഞ്ചമുണ്ടായിട്ട് ഇത് വരെ ഉള്ള കാലയളവിനെ അതായത് 13.8 ബില്യണ്‍ വര്‍ഷങ്ങളെ ഒരൊറ്റ വര്‍ഷത്തെ, അതായത് കൃത്യം 365 ദിവസങ്ങളുടെ ഒരു കാലയളവിലേക്ക് ചുരുക്കുന്നു (ഒരു ബില്യണ്‍ എന്നാല്‍ നൂറു കോടി). ഉദാഹരണത്തിന്, ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഉണ്ടാകുന്നു. അടുത്ത വര്‍ഷം ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12 മണിക്ക് പ്രപഞ്ചം ഇന്നുള്ള അവസ്ഥയിലേക്കുത്തുന്നു എന്നും സങ്കല്‍പ്പിക്കുക. അങ്ങനെ എങ്കില്‍ ഈ 'കോസ്മിക് കലണ്ടറിലെ' ഒരു സെക്കന്റ് 438 വര്‍ഷങ്ങള്‍ക്ക് സമമായിരിക്കും. ഒരു മണിക്കൂര്‍ എന്നത് 15.8 ലക്ഷം വര്‍ഷങ്ങളും, ഒരു ദിവസമെന്നത് 3.78 കോടി വര്‍ഷങ്ങളും ആയിരിക്കും. ഇനി ഈ കലണ്ടറിലൂടെ ഒന്ന് സഞ്ചരിച്ച് നമുക്കറിയാവുന്ന പ്രപഞ്ചത്തില്‍ ഇതുവരെ നടന്ന പ്രധാന സംഭവങ്ങളെ ഒന്ന് പരിശോധിക്കാം!. ഡിസംബര്‍ 31 അര്‍ദ്ധരാത്രി കൃത്യം 12:00 മണി. ബിഗ് ബാംഗ് സംഭവിക്കുന്നു! ആദ്യത്തെ മൈക്രോ സെക്കന്റുകളും, സെക്കന്റുകളുമൊക്കെ പ്രപഞ്ചത്തിന്റെ അടിസ്ഥാനകണങ്ങളുടെ രൂപീകരണമാണ്. നമുക്ക് താല്‍പര്യമുള്ള വിഷയങ്ങളൊന്നും ആദ്യത്തെ ഒന്ന് രണ്ട് മാസത്തേക്ക് സംഭവിക്കുന്നില്ല! നമ്മുടെ ഗ്യാലക്‌സി ആയ മില്‍ക്കി വേ (ആകാശ ഗംഗ) ഉണ്ടാകുന്നത് മാര്‍ച്ച് 15 ന് ആണ്. പിന്നെയും നീണ്ട കാത്തിരിപ്പ്! സൂര്യനും സൗരയൂഥവുമൊക്കെ ഒരു പാട് മാസങ്ങള്‍ കഴിഞ്ഞ്, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 31 നാണ് ഉണ്ടാകുന്നത്! അതിനോടനുബന്ധിച്ചു തന്നെ ഭൂമിയും, ഇതര ഗ്രഹോപഗ്രഹങ്ങളും ഉണ്ടാകുന്നു. ഒരു വര്‍ഷത്തില്‍ 8 മാസം അപ്പോഴേക്കും കടന്നു പോയി. ഭൂമിയിലെ ജീവന്റെ ആദ്യ കണിക ഉണ്ടാകുന്നത് സെപ്തംബര്‍ 21 നാണ്. പ്രോകാരിയോട്ട് എന്ന് വിളിക്കപ്പെടുന്ന അതീവലളിതമായ ഏകകോശജീവികള്‍. ഫോട്ടോസിന്തസിസ് എന്ന പ്രതിഭാസം ആരംഭിക്കുന്നത് ഒക്‌റ്റോബര്‍ 12 ന്. വര്‍ഷത്തിലെ 10 മാസം കഴിയാറായിട്ടും, മനുഷ്യന്‍ പോയിട്ട് ബഹുകോശജീവികള്‍ പോലും ഭൂമിയില്‍ ആവിര്‍ഭവിച്ചില്ല എന്നോര്‍ക്കണം! പ്രോകാരിയോട്ട് ജീവികളില്‍ ന്യൂക്ലിയസ് ഉണ്ടാകുന്നത് (അതായത് യൂകാരിയോട്ടുകള്‍ ആയി മാറുന്നത്) നവംബര്‍ 9 ന് ആണ്. ഇതിനുമുമ്പ് തന്നെ, അതായത് കോശങ്ങളില്‍ മര്‍മങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് 'സെക്‌സ്' ഉരുത്തിരിഞ്ഞിരുന്നു എന്നറിയാമോ? അത് സംഭവിച്ചത് നവംബര്‍ 1 നാണ്. ആദ്യത്തെ ബഹുകോശജീവികള്‍ പ്രത്യക്ഷപ്പെടുന്നത് ഡിസംബര്‍ 5ന്. കടലിനടിത്തട്ടില്‍ കാണപ്പെടുന്ന ലളിതമായ ജീവികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 14നാണ്. സമാനകാലത്ത് തന്നെയാണ് ആര്‍ത്രോപോഡുകളുടെ ഉത്ഭവവും. ഡിസബര്‍ 18ന് മത്സ്യങ്ങളും, ഉഭയജീവികളുടെ പൂര്‍വികരും ഉണ്ടാകുന്നു. ഡിസംബര്‍ 20 ന് കരയില്‍ സസ്യങ്ങള്‍ ഉണ്ടാകുന്നു. ചെറുപ്രാണികളും, ഇന്നത്തെ ഇന്‍സെക്റ്റുകളുടെ പൂര്‍വികരും ഉണ്ടാകുന്നത് ഡിസംബര്‍ 21 നാണ്. ഡിസംബര്‍ 22 ന് ആദ്യ ഉഭയജീവികള്‍ ഉണ്ടാകുന്നു. ഉരഗങ്ങള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 23 നും, സസ്തനികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 26 നുമാണ്. ഒരു വര്‍ഷം കഴിയാന്‍ വെറും 5 ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മനുഷ്യന്‍ എന്ന അതിവിശിഷ്ടനായ ജീവിയോ, എന്തിന്, അവനോട് വിദൂര സാദൃശ്യമുള്ള ഒരു പൂര്‍വികനോ പോലും ഇതുവരെ ഉണ്ടായിട്ടില്ല! ദിനോസറുകള്‍ ആവിര്‍ഭവിക്കുന്നത് കൃസ്തുമസിന്റെ തലേന്ന് അര്‍ദ്ധരാത്രി, ആണ്‍പക്ഷികള്‍ ഉണ്ടാകുന്നത് ഡിസംബര്‍ 27 നും. നമുക്ക് പ്രിയങ്കരമായ പുഷ്പങ്ങള്‍ ചെടികളില്‍ ഉണ്ടാകാന്‍ തുടങ്ങിയത് ഡിസംബര്‍ 28 ഓടെ ആണ്. അഞ്ചുദിവസം ഭൂമിയിലെ രാജാക്കന്മാരായിരുന്ന ദിനോസറുകള്‍ ഡിസംബര്‍ 29 ഓടെ അരങ്ങൊഴിയുകയാണ്. ഡിസംബര്‍ 30 ന് സകല ഹോമിനിഡ് ഗ്രൂപ്പുകളുടേയും പിതാമഹന്‍ ആയ പ്രൈമേറ്റുകളുടെ ആദിരൂപങ്ങള്‍ ഉണ്ടാകുന്നു. കൂടുതല്‍ സസ്തനികള്‍ ഭൂമിയില്‍ പരിണമിച്ചുണ്ടാകുന്നു. ഡിസംബര്‍ 31, 6:05 ന് Ape എന്ന് വിളിക്കാവുന്ന ഒരു ജീവി ഭൂമിയില്‍ ഉണ്ടാകുന്നു. ഉച്ചയ്ക്ക് 2:24 ഓടെ ഇപ്പോഴത്തെ മനുഷ്യനും, ചിമ്പാന്‍സിയും, ഗൊറില്ലയും ഒക്കെ ഉള്‍പ്പെടുന്ന 'ഹോമിനിഡ്' ഗ്രൂപ്പിന്റെ പൊതു പൂര്‍വികന്‍ ഉണ്ടാവുകയാണ്. മണിക്കൂറുകള്‍ മാത്രം ബാക്കി ഉള്ളപ്പോഴും മനുഷ്യന്‍ ചിത്രത്തിലില്ല എന്ന് ശ്രദ്ധിക്കുക! രാത്രി 10:24 ന് മനുഷ്യ പൂര്‍വികര്‍ ആയ ഹോമോഎറക്ടസ് ഉണ്ടാകുന്നു. സമാനസമയത്ത് തന്നെ കല്ലുകൊണ്ടുള്ള ആയുധങ്ങളും കണ്ടുപിടിക്കപ്പെടുന്നു. 11:44 pm നാണ് തീയുടെ ഉപയോഗം മനുഷ്യ പൂര്‍വികര്‍ കണ്ടെത്തുന്നത്. ഒടുവില്‍, ഡിസംബര്‍ 31 രാത്രി 11:52 pm ന്, മനുഷ്യന്‍ എന്ന് വിളിക്കാവുന്ന ഒരു ജീവി ആവിര്‍ഭവിക്കുകയാണ്. ഒരു വര്‍ഷത്തെ കലണ്ടര്‍ അവസാനിക്കാന്‍ വെറും എട്ട് മിനിറ്റ് മാത്രം ബാക്കി ഉള്ളപ്പോള്‍! ഒരു വര്‍ഷത്തെ പ്രപഞ്ച ചരിത്രത്തില്‍, മനുഷ്യന്റെ അറിയുന്നതും, എഴുതപ്പെട്ടതും, അല്ലാത്തതുമായ സകല ചരിത്രവും, നമുക്കറിയാവുന്ന പ്രശസ്തരും അപ്രശസ്തരും ആയ സകല മനുഷ്യരുടേയും കഥ ഈ എട്ട് മിനിറ്റില്‍ ഒതുങ്ങുന്നു! സത്യത്തില്‍ അങ്ങനെ പറയുന്നത് പോലും ശരിയല്ല. ഈ എട്ട് മിനിറ്റ് എന്ന് പറയുന്നത് യഥാര്‍ത്ഥ സ്‌കെയിലില്‍ രണ്ടുലക്ഷം വര്‍ഷങ്ങള്‍ ആണ്. മനുഷ്യന്റെ അറിയാവുന്ന ചരിത്രം ഏതാനും പതിനായിരം വര്‍ഷങ്ങളില്‍ ഒതുങ്ങും! ദൈവങ്ങളുടേയും..! സകല ദൈവ സങ്കല്‍പ്പങ്ങളും, മതങ്ങളും വരുന്നത് ഈ എട്ടു മിനിറ്റിന്റെ അവസാനത്തെ ചില നിമിഷങ്ങളില്‍ ആണ്. എഴുത്ത് (ലിപി) കണ്ടു പിടിക്കുന്നത് കലണ്ടര്‍ തീരാന്‍ വെറും 13 സെക്കന്റുകള്‍ ബാക്കി ഉള്ളപ്പോഴാണ്. വേദങ്ങളും, ബുദ്ധനും, കണ്‍ഫ്യൂഷ്യസും, അശോകനും, റോമാ സാമ്രാജ്യവും ഒക്കെ വരുന്നത് അവസാനത്തെ ആറ് സെക്കന്റുകള്‍ക്ക് മുമ്പ്. ആധുനിക ശാസ്ത്രത്തിന്റെ ആവിര്‍ഭാവവും, വ്യാവസായിക വിപ്ലവവും, അമേരിക്കന്‍, ഫ്രഞ്ച് തുടങ്ങി സകല വിപ്ലവങ്ങളും, സകല ലോഹമഹായുദ്ധങ്ങളും നടന്നത് അവസാനത്തെ ഒരു സെക്കന്റിനകത്താണ്.! ഇത്രയും പുരാതനമായ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നിന്നുകൊണ്ട് ഇന്നലത്തെ മഴയ്ക്ക് മുളച്ച തകര ആയ മനുഷ്യനെ അവന്റെ നിസ്സാരത മനസ്സിലാക്കിക്കാന്‍ കോസ്മിക് കലണ്ടര്‍ നല്ലൊരു ടൂള്‍ ആണ്. എട്ടു മിനിറ്റു മാത്രം ജീവിച്ചതുകൊണ്ട് ഉത്കൃഷ്ടരായി എന്ന് കരുതുന്നവര്‍, അഞ്ചു ദിവസം ജീവിച്ച ദിനോസറുകള്‍ അവശേഷിപ്പിച്ചത് ചില ഫോസിലുകള്‍ മാത്രമെന്ന് ഓര്‍ക്കുക
!!! Courtesy: കാൾ സാഗന്റെ The Dragons of Eden എന്ന പുസ്തകത്തിൽ നിന്ന്.

No comments:

Post a Comment