Monday, 10 February 2025

സ്വാമി വിവേകാനന്ദനും നേതാജിയും

സ്വാമി വിവേകാനന്ദൻ്റെ സമാധിക്ക് ശേഷം വിപ്ലവ സംഘടനകൾക്ക് പിറകിൽ വിവേകാനന്ദ ആശയങ്ങൾ ആണ് എന്ന കാരണം പറഞ്ഞു കൊണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ രാമകൃഷ്ണ മഠത്തിൽ നടത്തിയിരുന്ന പരിശോധനകൾ കണ്ട് ശാരദാ ദേവി പറഞ്ഞുവത്രേ " എൻ്റെ നരേന്ദ്രൻ ഇപ്പൊൾ ശരീരത്തിൽ ഇരുന്നിരുന്നു എങ്കിൽ കമ്പനി ( ബ്രിട്ടീഷ് സർക്കാർ) അവനെ വെറുതെ വിടില്ലായിരുന്നു " എന്ന് ! നാല് വർഷം നീണ്ട പാശ്ചാത്യ സന്ദർശനങ്ങൾക്ക് ശേഷം വിശ്വവിജയിയായി വിവേകാനന്ദ സ്വാമികൾ തിരികെ ഭാരതത്തിലേക്ക് വന്നപ്പോൾ അദ്ദേഹം ആദ്യം വന്നിറങ്ങിയത് രാമേശ്വരത്താണ്. അന്ന് രാമനാട് മഹാരാജാവ് ഭാസ്കര സേതുപതി നേരിട്ടാണ് അദ്ദേഹത്തിനെ സ്വീകരിക്കാൻ പോയത് ,അവിടെ രാമനാട് ഭരണകൂടം നൽകിയ ഊഷ്മളമായ സ്വീകരണത്തിന് അദ്ദേഹം നടത്തിയ വിശ്വപ്രസിദ്ധമായ മറുപടി പ്രസംഗമുണ്ട് ,അതിൽ സദസ്സിനെ അഭിമുഖീമരിക്കുന്നതിന് മുമ്പ് അനന്തതയിലേക്ക് നോക്കി അദ്ദേഹം നടത്തിയ ഒരു പ്രവചനം ഇങ്ങനെയാണ്, " നീണ്ടരാത്രി അവസാനിക്കാറായി, മൃതം എന്ന് കരുതിയത് ഉണരാൻ പോവുന്നു, ഹിമാലയത്തിൻ്റെ ഗരിമയിൽ നിന്ന് പതിയെ ഒരു ശബ്ദം നമ്മളിലേക്ക് വരുന്നു, നമ്മുടെ ഭാരതമാതാവ് നീണ്ട നിദ്ര വിട്ട് ഉണരാൻ പോവുന്നു ,അവൾ ഇനി ഒരിക്കലും ഉറങ്ങാൻ പോവുന്നില്ല ,ആ കാൽച്ചുവട്ടിലെ സിംഹം ഉണർന്നിരിക്കുന്നു " ഈ പ്രചനം കേട്ട ഭാസ്കര സേതുപതി സ്വകാര്യമായി സ്വാമിജിയോട് ചോദിച്ചത്രെ, " സ്വാമിജി ഭാരതത്തിൻ്റെ അധ്യാത്മിക സ്വാതന്ത്ര്യത്തിന് അങ്ങ് ബീജാവാപം നൽകി കഴിഞ്ഞു,എന്നാല് ഭൗതീക സ്വാതന്ത്ര്യം വേണ്ടേ ? അത് എന്ന് സംഭവിക്കും സ്വാമിജി ? എന്ന്. ചിരിച്ചു കൊണ്ട് സ്വാമിജി മറുപടി നൽകിയത്രെ "അതിനായി ഒരു അവതാരം സംഭവിച്ചിരിക്കുന്നു സേതുപതി " എന്ന്. സ്വാമി വിവേകാനന്ദൻ ഈ പ്രവചനം നടത്തിയ ദിവസം കൃത്യമായി പറഞ്ഞാൽ 1897 ജനുവരി 25 ,രണ്ട് ദിവസം മുമ്പ് അതായത് ജനുവരി 23ന്, ഒറീസ്സയിലെ കട്ടക്കിൽ ജാനകിനാഥിനും പ്രഭാവതിക്കും ഒരു ആൺകുട്ടി ജനിച്ചു ,സുഭാഷ് ബാബു എന്ന് അവർ സ്നേഹത്തോടെ വിളിച്ച അവനെ ഈ രാജ്യം ആരാധനയോടെ വിളിച്ചു "നേതാജി സുഭാഷ് ചന്ദ്രബോസ്" സ്വാമി വിവേകാനന്ദനെ പറ്റി മഹാത്മാകൾ നടത്തിയ പല പ്രസിദ്ധങ്ങളായ ഉദ്ധരണികളും ഉണ്ടെങ്കിലും നേതാജിയുടെ പോലെ ആത്മാർഥമായ ഒരു വാചകം വേറെ വായിച്ചിട്ടില്ല.സ്വാമി വിവേകാനന്ദനെ പറ്റി നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞത് ഇങ്ങനെയാണ്, "ഇന്ന് സ്വാമിജി ജീവിച്ചിരുന്നുവെങ്കിൽ ഞാൻ ആ കാൽച്ചുവട്ടിൽ ഉണ്ടാവുമായിരുന്നു,അദ്ദേഹത്തിൻ്റെ. ശിഷ്യനായിട്ട് " .
ഇതിലും നന്നായി സ്വാമിജിയെ ആരും അനുസ്മരിച്ചതായി എനിക്കറിയില്ല. ഉപാസനമൂർത്തിയുമായി താതാത്മ്യം പ്രപിക്കുന്നതാണ് ഭക്തിയുടെ പരമമായ ലക്ഷ്യമെങ്കിൽ വിവേകാനന്ദനും സുഭാഷ് ബാബുവും തമ്മിൽ ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല.ദക്ഷയാഗനാശത്തിനായി ശിവൻ ജടപിഴുതെറിഞ്ഞപ്പോൾ ശിവരൂപിയായി വീരഭദ്രൻ അവതരിച്ച പോലെ സ്വാമി വിവേകാനന്ദൻ്റെ തന്നെ മറ്റൊരു രൂപമായി ആണ് ഞാൻ നേതാജിയെ കാണുന്നത്. പാണ്ഡവരിൽ അർജ്ജുനൻ ഞാനാണെന്ന് ഭഗവാൻ തന്നെ അർജ്ജുനനോടു പറഞ്ഞത് ഓർത്താൽ, ദേഹ ഭാവത്തിൽ ഞാൻ ദാസനും രാമൻ യജമാനനും , ആത്മഭാവത്തിൽ രാമനും ഞാനും ഒന്ന് തന്നെ എന്ന ഹനുമദ് വാക്യവും ഓർത്താൽ ഈ ഏകത വ്യക്തമാവും.

No comments:

Post a Comment