Monday, 10 February 2025
സിയാചിൻ എന്ന അത്ഭുതം
കൂറ്റന്‍ മഞ്ഞുപാളികള്‍ അല്ലാതെ ജീവനുള്ള ഒന്നുമില്ല; സൈനികരുടേത് ദുരിത ജീവിതം; ചെങ്കുത്തായ ഈ മഞ്ഞുമല കാക്കാന്‍ രാജ്യം മുടക്കുന്നത് ശതകോടികള്‍; എന്തുകൊണ്ടാണ് സിയാച്ചിന്‍ ഇന്ത്യയ്ക്ക് ഇത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്?
ഹിമാലയന്‍ മലനിരകളിലെ കിഴക്കന്‍ കാരക്കോറത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിന്‍ ഹിമാനി. ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ് ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റര്‍ നീളമുള്ള സിയാചിന്‍ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയില്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ്. സിയാചിന്‍ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.
ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്ച്ച 10.5 മീറ്റര്‍(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെല്‍ഷ്യസായി താഴുകയും ചെയ്യും. സിയചിന്‍ ഹിമാനിയുടെ എല്ലാ കൈവഴികളുമുള്‍പ്പടെ മൊത്തം സിയാചിന്‍നിരകള്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്രീര്‍ണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും (ഇന്ത്യ നിര്‍മ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിന്‍ നിരകളിലാണുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 22,000 അടി വരെ ഉയരത്തില്‍ ഇവിടെ ഇന്ത്യന്‍ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ശത്രുരാജ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ ഇവിടെ മരിച്ചത് മോശം കാലാവസ്ഥ മൂലം.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1972ലെ ഷിംല കരാര്‍ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിന്‍ ഗ്ലേഷ്യര്‍ സ്പര്‍ശിച്ചിരുന്നില്ല. കരാര്‍ പ്രകാരം രേഖ ചഖ9842 എന്ന പോയിന്റില്‍ വന്നവസാനിച്ചു. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിന്‍ ഗ്ലേഷ്യറിനെ ഉള്‍പ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തര്‍ക്കസ്ഥലമായി മാറി. ഓപ്പറേഷന്‍ മേഘദൂതിലൂടെ ഇത് ഇന്ത്യ പിടിച്ചെടുത്തു. അതിന് ശേഷം ഈ മലനിരകള്‍ ഇന്ത്യയുടെ അഭിമാനപ്രശ്നമായി മാറി. സൈനികള്‍ ഇത് സംരക്ഷിക്കാന്‍ ജിവന്‍ ബലികൊടുത്തും തോക്കേന്തി.
ഓപ്പറേഷന്റെ ആദ്യപടിയായി ഇന്ത്യന്‍ ആര്‍മി സൈനികരെ വായൂമാര്‍ഗ്ഗം ഗ്ലേഷ്യറിലെത്തിച്ചു. ഹെലികോപ്ടറുകള്‍ക്ക് പറക്കാവുന്ന ഉയര്‍ന്നപരിധിയിലുമുയരെ പറന്ന് ഇന്ത്യന്‍ വ്യോമസേന ആദ്യ സൈനികട്രൂപ്പിനെയും അവര്‍ക്ക് വേണ്ട സാധനസാമഗ്രികളും ഗ്ലേഷ്യറിലെത്തിച്ചു.1984 മാര്‍ച്ചില്‍ കുമാവോണ്‍ റെജിമെന്റിന്റേയും ലഡാക്ക് സ്കൗട്ട്സിന്റേയും ഒരു സൈനികദളം മുഴുവന്‍ സോജിലാ പാസിലൂടെ നടന്ന് ഗ്ലേഷ്യറിന്റെ കിഴക്കന്‍ ബേസില്‍ എത്തിച്ചേര്‍ന്നു. പാക്കിസ്ഥാന്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ ഗ്ലേഷ്യറിലെത്തിച്ചേരുക എന്നതായിരുന്നു കഠിനമായ ഈ നീക്കത്തിന്റെ ലക്ഷ്യം.
ഓപ്പറേഷനാരംഭിക്കുന്നതിന് ആഴ്ച്ചകള്‍ക്ക് മുമ്ബേ സൈനികര്‍ക്ക് നല്‍കിയ അതികഠിന പരിശീലനത്തിന്റെ ഫലമായി ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്സിജന്‍ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പില്‍ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ ഇന്ത്യന്‍ സൈനികര്‍ ഉയരങ്ങള്‍ കീഴടക്കി. ഈ വിജയം നേടിയത് ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതിന്റെ ഖ്യാതി ഇല്ലായ്മ ചെയ്യാനാകില്ല. അതുകൊണ്ടാണ് ജീവന്‍ പണയപ്പെടുത്തിയും ഇവിടെ സംരക്ഷിക്കാന്‍ സൈനികരെത്തുന്നത്.
സിയാച്ചിനിലെ പകല്‍ സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയില്‍ മൈനസ് 55 ഡിഗ്രി. ഇത് മൈനസ് 60 വരെ താഴാം. നമുക്കു കിട്ടുന്ന ഓക്സിജന്റെ അളവിന്റെ 10% മാത്രമാണു സിയാച്ചിനില്‍ കിട്ടുന്നത്. പത്ത് മിനിട്ട് മഞ്ഞിലൂടെ നടന്നാല്‍ അര മണിക്കൂറെങ്കിലും വിശ്രമിക്കാതെ സാധ്യമല്ല. ശ്വാസകോശത്തേയും തലച്ചോറിനെയും ബാധിക്കുന്ന ഹൈ ആള്‍ട്ടിട്ട്യൂഡ് പള്‍മൊണറി ഒഡിമ ബാധിക്കാന്‍ മണിക്കൂറുകള്‍ മാത്രം മതി. ഹിമദംശനം (ഫ്രോസ്റ്റ് ബൈറ്റ്) - മഞ്ഞിന്റെ കടിയേറ്റു ദേഹം മുറിയും. ശരീരഭാഗങ്ങള്‍ മുറിഞ്ഞുപോകുന്ന അവസ്ഥ വരെയുണ്ടാകാം. മരണകാരണം പോലുമാകാവുന്നതാണിത്. 15 സെക്കന്‍ഡ് നേരം ഇരുമ്ബു ദേഹത്തു തൊട്ടാല്‍പോലും മഞ്ഞിന്റെ കടി കിട്ടും. തോക്കിന്റെ ഇരുമ്ബുഭാഗങ്ങള്‍ കൊണ്ടാലും മതി. അവിടെയാണ് തോക്കുകളുമായി സൈനികര്‍ കാവല്‍ നില്‍ക്കുന്നത്. ഹിമദംശനമേറ്റ് കൈകാല്‍ വിരലുകളും മറ്റും മുറിച്ചുനീക്കേണ്ടി വന്നിട്ടുള്ള എത്രയോ സൈനികരുണ്ട്. തണുപ്പില്‍നിന്നു രക്ഷനേടാന്‍ തീകാഞ്ഞാല്‍ പലപ്പോഴും മരവിപ്പ് മൂലം കൈ അറ്റുപോകുന്നത് അറിയുകപോലുമില്ല. ഉറക്കം, വിശപ്പ് എന്നിവ നഷ്ടപ്പെടാം. ഓര്‍മ നശിക്കാം. സംസാരശേഷി നശിക്കാം. ശരീരം തളരാം.
മണിക്കൂറില്‍ 100 മൈല്‍ വരെ വേഗത്തിലുള്ള മഞ്ഞുകാറ്റ്. അതും മൂന്നാഴ്ച വരെ തുടര്‍ച്ചയായി വീശുന്നത്. സാധാരണ മനുഷ്യര്‍ക്കു പിടിച്ചുനില്‍ക്കാനാവില്ല. 36 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകാം സിയാച്ചിനില്‍. മഞ്ഞുവീഴ്ചക്കാലത്ത് അപ്പപ്പോള്‍ അതു നീക്കം ചെയ്തില്ലെങ്കില്‍ സൈനിക പോസ്റ്റുകള്‍ മഞ്ഞുമൂടിപ്പോകും. അതിനുപുറമേയാണു ഹിമപാതവും മറ്റും. ടിന്‍ കാനുകളിലെ ഭക്ഷണം മാത്രം കഴിച്ചു കഴിയണം മാസങ്ങളോളം. ഈ ദുരിതമെല്ലാം സഹിച്ചാണ് ഈ മലനിര സൈനികര്‍ സംരക്ഷിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ സൈനിക താവളത്തിനായി ഇന്ത്യ ചെലവഴിക്കുന്നത്. ഏറ്റവും ഉയരത്തിലുള്ള ഈ മലനിര കൈവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ പോലും സ്വാധീനിക്കും. അതുകൊണ്ടാണ് കഷ്ടതകള്‍ ഏറ്റെടുത്തുള്ള സൈന്യത്തിന്റെ കാവല്‍ നില്‍ക്കല്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment