Saturday, 8 February 2025
പരമപദത്തിൽ' പരമേശ്വർജി
ഇതെഴുതുമ്പോൾ പരമേശ്വർജി പരമപദത്തിലേക്ക് പറന്നുയർന്നിട്ട് നേരത്തോട് നേരമാകുന്നു. മനസ്സിൽ നിറഞ്ഞ ശൂന്യത അവിടെ തന്നെയുണ്ട് .. വാക്കുകൾ മനസ്സിലേക്ക് വരുന്നതേയില്ല.
ഇന്നലെ രാത്രി ബഹറിനിൻ സമയം പതിനൊന്നോടെ ഇംഗ്ലണ്ടിൽ ഉള്ള നിമേഷ് ഉണ്ണിത്താന്റ്റെ മെസ്സേജിലൂടെ ആ മഹാമനീഷിയുടെ വിയോഗം അറിഞ്ഞപ്പോൾ ആദ്യം മനസ്സിലേക്ക് വന്നത്, പത്തു മുപ്പത്തിയഞ്ച് വർഷങ്ങൾക്കു മുൻപ്, ഒരാറാം ക്ലാസ്സുകാരനെ, സ്നേഹം വഴിഞ്ഞൊഴുകുന്ന നനുത്ത ഒരു ചിരിയോടെ തോളിൽ തട്ടി അഭിനന്ദിക്കുന്ന തേജസ്സുറ ആ മുഖമാണ്.
ജീവിതത്തിൽ ഒരിക്കലും പിന്നീട് മനസ്സ് നിറഞ്ഞ് അങ്ങനെ ഒരഭിനന്ദനം എനിക്ക് ആരിൽനിന്നും ലഭിച്ചിട്ടില്ലെന്ന് വേണം പറയാൻ.. അന്നത് ആരാണന്ന് അറിയില്ലായിരുന്നു. എൺപതുകളുടെ ആദ്യവർഷങ്ങളിലെ ബാല്യകാലത്ത്, ശാഖയിൽ പോകാൻ എനിക്കുള്ള പ്രേരണ തന്നെ, അവിടെ പാടുന്ന ഗണഗീതങ്ങളായിരുന്നു. എനിക്ക് പാടുവാനുകുമെന്ന് അനിലുചേട്ടൻ കണ്ടുപിടിച്ചത് എങ്ങനെയെന്നോ, എന്നാണന്നോ എനിക്കറിയില്ല..
ഒരോരോ ഗീതങ്ങളായി മനോഹരമായ ഈണത്തോടെ എന്നെ പാടികേൾപ്പിച്ച് അവ പാടാൻ പഠിപ്പിച്ചത് ഇന്നും ഒളിമങ്ങാത്ത സ്മരണകളാണ്.. ശാഖയിൽ എല്ലാവരും ചേർന്ന് ഒരുമിച്ചു പാടുന്നത് ഗണഗീതമാണന്നും, തനിയെ ഒരു ഗാനം എല്ലാവരുടേയും മുന്നിൽ ശാഖയിൽ പാടുന്നത് വ്യക്തിഗീതമാണന്നുമൊക്കെ അറിയുന്നത് പിന്നെയും കുറേക്കാലം കഴിഞ്ഞാണ്. പലപ്പോഴും വ്യക്തിഗീതങ്ങൾ പാടാൻ അനിലേട്ടൻ എന്നെ പഠിപ്പിച്ചു. നീലചട്ടയുള്ള ഗാനാഞ്ജലിയിലെ മിക്കവാറും ഗാനങ്ങൾ പിന്നീടുള്ള വർഷങ്ങളിൽ എനിക്ക് ആവേശമായി..
അങ്ങനെ ഒരു ദിവസം വിശിഷ്ടരായ കുറേ വ്യക്തികൾ ഞങ്ങളുടെ ശാഖയിലെത്തി. ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര പരിസരത്തെ സംഘസ്ഥാനിൽ വലിയൊരു സാംഘിക്കിന് മുന്നിൽ ഞാനെന്ന ആറാം ക്ളാസ്സുകാരൻ, 'ഹിന്ദുദേശമേ, വന്ദനീയ'..എന്ന വ്യക്തിഗീതം ആലപിച്ചു. പൊതുവേ സംഘ ശാഖകളിൽ ഗാനമാലപിച്ചാലോ, പ്രസംഗിച്ചാലോ ഒന്നും കേട്ടിരിക്കുന്നവർ കൈയ്യടിക്കുന്ന പതിവില്ല. പതിവ് പരിപാടികളോടെ സാംഘിക്ക് അവസാനിച്ചു. പ്രാർത്ഥന ചൊല്ലി എല്ലാവരും പിരിയാൻ തുടങ്ങുമ്പോൾ, തോളിൽ ഒരു സ്പർശം. അന്നത്തെ വിശിഷ്ടാതിഥികളിൽ ഒരാളാണ്..
'എന്തോ അദ്ദേഹം പറഞ്ഞു.. ഇന്നത് ഓർമ്മയിലില്ല. പക്ഷേ ആ പുഞ്ചിരിയും, വാത്സല്യപൂർവ്വം തോളിൽ തട്ടിയ സ്നേഹവും മനസ്സിലാണ് പതിഞ്ഞത്.
അത്, അന്ന് ഞാൻ പാടിയ വ്യക്തിഗീതം അടക്കം എനിക്ക് പ്രിയപ്പെട്ട അനേകമനേകം ദേശഭക്തിഗാനങ്ങൾ രചിച്ച പരമേശ്വർജി ആയിരുന്നുവെന്നും, കൂടെയുണ്ടായിരുന്നത് ഹരിയേട്ടൻ ആയിരുന്നുവെന്നും ഒക്കെ വർഷങ്ങൾക്കു ശേഷമാണ് മനസ്സിലായത്. മനസ്സിലും, ചുണ്ടിലും എപ്പോഴും ഉരുവിട്ടിരുന്ന ദേശഭക്തിയും, കാവ്യഭംഗിയും നിറഞ്ഞ ഇമ്പമാർന്ന ആ ഗാനങ്ങളുമാണ് എന്നെ സംഘപഥത്തിൽ ഏറ്റവും ആകർഷിച്ചിരുന്നത്.
വർഷങ്ങൾക്കു ശേഷം ജന്മഭൂമി കാലത്ത്, പത്തനംതിട്ടയിലേക്ക് ഒരുമിച്ചൊരു യാത്രയിൽ പരമേശ്വർജിയോട് ഞാനിത് പറഞ്ഞു. അന്നുമതേ പുഞ്ചിരി ആ മുഖത്ത് മിന്നിമറയുന്നത് ഞാൻ കണ്ടു.
9 FEB 2020.
Subscribe to:
Post Comments (Atom)
No comments:
Post a Comment