Friday, 11 August 2017

ജലസമാധി പൂകി മോക്ഷപദത്തിലേക്ക്

പമ്പയുടെ തീരത്താണ് ഓർമ്മവന്ന നാൾ മുതൽ വളർന്നത്. ചെങ്ങന്നൂർ അമ്പലവും, ശാസ്താംകുളങ്ങര നരസിംഹ മൂർത്തിയുടെ നടയും സ്വന്തം വീടിനേക്കാൾ പ്രിയപ്പെട്ട ഇടങ്ങളും. പമ്പയാറാകട്ടെ, ജീവിതത്തിന്റ്റെ ഭാഗവും. 

നാട് വിട്ടിട്ട് ദശാബ്ദത്തിലേറെയായെങ്കിലും,നഷ്ടബോധങ്ങളിൽ വിടാതെ പിന്തുടരുന്നത് ഈ മൂന്ന് ഘടകങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് മുഖപുസ്തകത്തിന്റ്റെ ഭാഗമായപ്പോൾ ഏറ്റവുമധികം സന്തോഷം തോന്നിയത് ചെങ്ങന്നൂർ അമ്പലത്തിന്റെ ഗ്രൂപ്പിലെ അംഗമായപ്പോളാണ്. അതിലൂടെ നാട്ടിലെ ഒട്ടനവധി പഴയ ബന്ധങ്ങളെ തിരികെ ലഭിച്ചു. ലോകത്തിലെ പല ഭാഗത്തായി ജീവിക്കുന്ന എന്നേപ്പോലുള്ളവർക്ക് നാട്ടിലെ ഓരോ സ്പന്ദനങ്ങളും എത്തിച്ചു നൽകിയത്Rajeev Thondiyathu പോലെയുള്ള സുഹൃത്തുക്കളുടെ പോസ്റ്റ്കളാണ്. Facebook ൽ വളരെ സജീവമായിരുന്നു രാജീവ്. കാത്ത് കാത്തിരുന്ന അയാളുടെ കല്യാണവും, കുഞ്ഞുണ്ടായതും, അവന്റെ ചോറൂണും, എല്ലാം ആഹ്ളാദത്തോടെ സുഹൃത്തുക്കൾക്കായി രാജീവ് പങ്ക് വയ്ക്കുമായിരുന്നു. കൂടാതെ, ഉത്സവം, ആറാട്ട്, തൃപ്പൂത്താറാട്ട് തുടങ്ങിയവ എല്ലാം മിക്കവാറും തത്സമയം തന്നെ കണ്ടിരുന്നത് രാജീവ്ജിയുടെ post കളിലൂടെയാണ്. അവസാനം നാട്ടിൽ ചെന്നപ്പോൾ കണ്ടതും അമ്പലത്തിൽ വച്ച് തന്നെ. Sreekumar R Chengannur ഒപ്പം സംസാരിച്ചിരിക്കുമ്പോൾ എന്നെക്കണ്ട് രാജീവ് ഓടിവന്നു. രാജീവിന്റെ postകളിലാണ് ഞാൻ ഇവിടുത്തെ വിശേഷങ്ങൾ അറിയുന്നത് എന്ന് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് നിങ്ങൾക്ക് വേണ്ടിയാണ് ചേട്ടാ ഞാനിതു ഇടുന്നത് എന്നായിരുന്നു മറുപടി. ആ ചിരി ഇന്നലെ നിലച്ചിരിക്കുന്നു... 

ഇന്നലെ കാലത്ത് ഉണർന്ന ശേഷമുള്ള പതിവു Facebook വായനയിൽ ആദ്യം കണ്ണിൽ പെട്ടത് രാജീവിന്റെ ഒരു selfie ആയിരുന്നു. അനിന്തരവൻ കരുണിനൊപ്പം' എന്നായിരുന്നു അടിക്കുറിപ്പ്. എവിടെയോ കണ്ട മുഖം എന്ന് തോന്നിയെങ്കിലും, രാജീവിന്റെ അനിന്തരവനല്ലേ, നാട്ടിൽ കുട്ടികളെക്കെ വളർന്നിരിക്കുന്നു എന്ന് ചിന്തിച്ചു ഒരു ലൈക്ക് നൽകി മുന്നോട്ടു പോയി. 

ഏതാനും മണിക്കൂറിനുള്ളിൽ നടുക്കുന്ന വാര്‍ത്ത എത്തി. വാട്ട്സ്സാപ്പുകളിലൂടെ. രാജീവിനെയും
വിഷ്ണുവിനെയും പമ്പയിൽ കാണാതായി എന്നറിഞ്ഞത് മുതൽ വല്ലാതെ അസ്വസ്ഥമായിരുന്നു മനസ്സ്. പ്രാർത്ഥനാനിരതവും.... 

വിഷ്ണുവിനെ എനിക്കു നേരിട്ട് പരിചയമില്ല. കുഞ്ഞായി അവനെ ഏറെ കണ്ടിരിക്കുന്നു. ആ കുടുംബവുമായി ഏറെ അടുപ്പമുണ്ട്. രാധാകൃഷ്ണൻ ചേട്ടന്റെ അകാല വിയോഗത്തിന് ശേഷം ആ കുടുംബത്തിന് ഒരാഘാതം കൂടി. 

ഇന്നലെ മുതൽ എന്നെ ഏറെ അലട്ടുന്നത് എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതാണ്. ക്ഷേത്രവും, ആത്മീയതയും, കുടുംബവും ആയി നടന്ന നല്ല രണ്ടു ചെറുപ്പക്കാർ. എന്തൊരു ക്രൂരമായ വിധിയാണ് അവരെ കാത്തിരുന്നത്?... ഇരുവരും ഒരുമിച്ച് ആ മരണയാത്രക്ക് മുന്‍പ് ഒരു selfie യും എടുത്തു post ചെയ്തിരുന്നു. ഈശ്വരന്റെ ഇച്ഛ എന്തെന്ന് നാമെന്തറിയുന്നു.?!!..

ഒന്നുറപ്പാണ്. ഇരുവർക്കും എറ്റവും പ്രിയപ്പെട്ട ഭഗവാന്റെ പള്ളിയോടത്തിൽ, ഭഗവൽപദങ്ങൾ പാടിത്തിമിർത്ത്, തിരുവാറൻമുളയപ്പന്റ്റെ തിരുസന്നിധിയിൽ എത്തി ജലസമാധി പൂകി ഇരുവരും വിഷ്ണുപദത്തിൽ ലയിച്ചിരിക്കുന്നു....

ജീവിച്ചിരിക്കുന്ന എല്ലാവരേയും കണ്ണീരിലാഴ്ത്തിയെങ്കിലും ഇരുവരും ഭഗവാന്റെ സന്നിധിയിൽ  മോക്ഷപദത്തിലേക്ക്
 എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ Rajeev & vishnu.
 — with Rajeev Thondiyathu.

നെഹ്റുവിനെ നന്ദിപൂർവം സ്മരിച്ചു മാത്രമേ രാഷ്ട്രപതി പ്രസംഗിക്കാൻ പാടുള്ളൂ എന്ന് ഇന്ത്യൻ ഭരണഘടനയിലില്ല.

http://www.rashtram.com/archives/2234

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ജവഹർലാൽ നെഹ്റുവിന്റെ പേര് പരാമർശിക്കാത്തതിന് ലോകസഭയിൽ മുൻ കേന്ദ്ര മന്ത്രിയും, കോൺഗ്രസ് നേതാവും, സർവ്വോപരി മദാമ്മ ഗാന്ധിയുടെ അടുക്കള രാഷ്ട്രീയത്തിലെ പ്രധാന പാത്രം മോറുകാരനായ ആനന്ദ്ശർമ്മയുടെ വഹ പ്രതിഷേധം!!!
നെഹ്റുവിനെ നന്ദിപൂർവം സ്മരിച്ചു മാത്രമേ രാഷ്ട്രപതി പ്രസംഗിക്കാൻ പാടുള്ളൂ എന്ന് ഇന്ത്യൻ ഭരണഘടനയിലില്ല. രാഷ്ട്രപതിയുടെ പ്രോട്ടോകോൾ അങ്ങനെ പറയുന്നുമില്ല. പക്ഷേ, നെഹ്റുവിനെ അങ്ങനെയങ്ങ് മറന്നത് ശരിയായില്ല.
എഡ്വിനാ മൗണ്ട് ബാറ്റന്റ്റെ കാമുകനായിരുന്ന നെഹ്റുവിനെ ഓർക്കാമായിരുന്നു, സുഭാഷ് ചന്ദ്ര ബോസിനെ യുദ്ധക്കുറ്റവാളിയാക്കി ബ്രട്ടീഷുകാർക്ക് കത്തെഴുതിയ, ഭഗത് സിംഗിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കാണാൻ ചെന്ന ചന്ദ്രശേഖര ആസാദിനോട് അലഹബാദിലെ പാർക്കിൽ വച്ച് കാണാമെന്ന് പറഞ്ഞിട്ട്, അതേ സമയത്ത് തന്നെ ബ്രിട്ടീഷ് പട്ടാളം ആസാദിനെ വളഞ്ഞതിൽ ഒറ്റുകാരന്റ്റെ ഒരു റോളുമില്ലാത്ത നെഹ്റുവിനെ ഒന്നാം പൗരൻ ബഹുമാനത്തോടെ ഓർക്കണമായിരുന്നു.
ഐക്യരാഷ്ട്രസഭ ഇന്ത്യക്ക് വച്ചു നീട്ടിയ സെക്യൂരിറ്റി കൗൺസിൽ അംഗത്വം, മധുരമനോജ്ഞ ചൈനയ്ക്ക് ദാനം കൊടുത്ത ശേഷം, സ്വന്തം ജനതയ്ക്ക് യുദ്ധപരാജയവും ചോദിച്ചു വാങ്ങിത്തന്ന, സ്വയം ഭാരതരത്നത്താൽ ആഭൂഷിതനായ, ജന്മം കൊണ്ട് മാത്രം ഇന്ത്യാക്കാരനും, ജീവിതം കൊണ്ടും, സംസ്ക്കാരം കൊണ്ടും താൻ ഇംഗ്ലീഷുകാരനാണന്ന് പ്രഖ്യാപിച്ച, മകളെയും, സന്തതിപരമ്പരകളേയും വംശാധിപത്യ ഭരണമേൽപ്പിച്ച് മൺമറഞ്ഞ ആ മഹദ് വ്യക്തിയെ, ദളിതനായ, സ്വന്തം കുടുംബഭവനം നാട്ടിലെ ഹരിജനങ്ങളുടെ ആശ്രയകേന്ദമാക്കിയ, നിയമജ്ഞനായ, രാജ്യസഭാ മുൻ മെമ്പറും, പിന്നീട് ഗവർണ്ണറുമായ ആറെസ്സെസ്സുകാരനും, മോദിയുടെ സ്വന്തക്കാരനുമായ പുതിയ രാഷ്ട്രപതി മറന്നത് അക്ഷന്ത്യവ്യമായ അപരാധമായിപ്പോയി.

രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?

ഉഴവൂർ വിജയനോട് ആർക്കും വിരോധിക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനും പരാതിയില്ല. പക്ഷെ, അതിന് ചിലർ നിരത്തുന്ന കാരണങ്ങൾ ഒന്ന് കേട്ട് നോക്കൂ;
1. ഉഴവൂർ വിജയൻ തന്റ്റെ കുടുംബത്തിനായി ഒന്നും സമ്പാദിച്ചിട്ടില്ല.
2. അദ്ദേഹം രസികനായിരുന്നു.
രണ്ടും ശരിയാണ്. പക്ഷെ, ഇതുയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്.
1. ഉഴവൂർ വിജയൻ ഒഴിച്ച് മറ്റു രാഷ്ട്രീയക്കാർ എല്ലാം നന്നായി സമ്പാദിക്കുന്നുണ്ടന്ന് സമ്മതിക്കുകയാണോ, സംസ്ഥാന സർക്കാർ?..
2. ഉഴവൂർ വിജയൻ ഒഴിച്ച് മറ്റ് രാഷ്ട്രീയക്കാർ എല്ലാം 'ബോറന്മാരുമാണോ'?
അപൂർവ്വം ചിലരൊഴികെ, മറ്റെല്ലാവരും അങ്ങനെയാണെന്ന് പൊതു ജനത്തിനറിയാം. എന്നാലും ഈ രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?.. ഇത് ചിന്തിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും, അല്ലേ ?.
സാമാന്യം നല്ല വിദ്യാഭ്യാസം നേടി, അത്യാവശ്യം നല്ല വരുമാനമുള്ള ജോലിയും ചെയ്ത് ജീവിക്കുന്ന മദ്ധ്യവർത്തിക്കാരൻ പോലും മാസചിലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന കാലത്ത്, പ്രത്യക്ഷത്തിൽ യാതൊരു വരുമാനവുമില്ലാത്ത രാഷ്ട്രീയ പ്രവർത്തകർ എങ്ങനെയാണ് ഇത്ര സുഖമായി ജീവിക്കുന്നത്?...
കഞ്ഞിക്ക് വകയില്ലാതെ പൊതുപ്രവർത്തനം നടത്താനിറങ്ങിയവർ കോടീശ്വരന്മാരായതും, ചില്ലിക്കാശ് കൈയ്യിലില്ലാതെ അത്യാഡംബരപൂർവ്വം ജീവിക്കുന്നതും നാം നിത്യേന കാണുന്നു. അഷ്ടിക്ക് വകയില്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നവർ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടി പൊക്കുന്നു. ഭാര്യയുടെയും മക്കളുടെയും പേരിൽ കോടികൾ നിക്ഷേപം, മക്കളുടെ പഠനം മുന്തിയ സ്ക്കൂളിലും, വിദേശ സർവ്വകലാശാലകളിലും, വിദേശയാത്രകളും എന്ന് വേണ്ട, വലിയൊരു അനുചര വൃന്തത്തെ വരെ തീറ്റിപ്പോറ്റുന്ന വിധം സർവ്വത്ര മായിക വളർച്ചയാണ് ഇന്നത്തെ നേതാക്കൾക്ക്.
രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ന് ഏറ്റവും ആദായമുള്ള കരിയർ. തലമുറകൾക്ക് ഉള്ളത് സമ്പാദിച്ചു കൂട്ടാനുള്ള എളുപ്പവഴി. മക്കൾ രാഷ്ട്രീയത്തിന്റ്റെ പൊരുളും മറ്റൊന്നല്ല. രാഷ്ട്ര സേവനത്തിനിറങ്ങി സർവ്വതും നഷ്ടപ്പെടുത്തിയ പഴയ തലമുറയെ ഇന്നാരോർക്കുന്നു?. ട്രെയിനിലെ ജനറൽ കംമ്പാർട്ടുമെന്റ്റുകളിൽ ഇടിച്ച്തൂങ്ങിയും, ബസ്സിലുമെല്ലാം ഓടി നടന്ന് അരവയറോടെയും, മുഴുപട്ടിണിയോടെയോ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആ തലമുറ ഇന്ന് പഴങ്കഥയാണ്.
കോർപ്പറേഷൻ ചെയർമാൻ ഒക്കെ ആയിരുന്ന ആളാണ് ഉഴവൂർ. മരിക്കുമ്പോൾ കുട്ടനാടിന്റ്റെ രോമാഞ്ചമായ മന്ത്രി കുവൈത്ത് ചാണ്ടിയുടെ പാർട്ടി പ്രസിഡണ്ട്! പഴയ തലമുറയിലെ ആദർശവാന്മാരോടൊപ്പം വരില്ലെങ്കിലും വലുതായൊന്നും നീക്കി വയ്ക്കാൻ ആ തമാശക്കാരനായില്ല. അതിനാണീ ധനസഹായം.
നന്നായി എന്നേ ഞാൻ പറയൂ. കാരണം ജീവിച്ചിരിക്കുന്ന പലരേയും ഒന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരമാണ്. ടാക്സ് മണി കൊടുത്താണെങ്കിലും, നഷ്ടപ്പെടുത്തരുത്!

രാജേഷ് വധം : ഗൂഡാലോചനക്കാരെ പുറത്തു കൊണ്ട് വരണം

നടി ആക്രമിക്കപ്പെട്ട കേസിൽ യഥാർത്ഥ ഗൂഡാലോചനക്കാർ പുറത്തു വരണം എന്ന പോലീസിന്റ്റെ നിർബന്ധം പോലെ തന്നെ, തിരുവനന്തപുരത്ത് RSS പ്രവർത്തകൻ രാജേഷിനെ കൊന്ന കേസിലെയും ഗൂഡാലോചനക്കാരെ പുറത്തു കൊണ്ട് വരണം, വന്നേ പറ്റൂ.
കേരളത്തിലെ നിരവധി, നിരവധിയായ രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിലും യഥാർത്ഥ ആസൂത്രകർ അഥവാ ഗൂഡാലോചനക്കാർ പിടിയിലായ ചരിത്രമില്ല. നേതൃത്വം അറിയാതെ, നിർദ്ദേശിക്കാതെ, കുറഞ്ഞ പക്ഷം, മൗനാനുവാദമെങ്കിലും നൽകാതെ ഒരീച്ചയേ പോലും കൊല്ലുന്നവരല്ല, പഞ്ചപാവങ്ങളായ അനുയായികളും, നേതാക്കൾ ചെല്ലും, ചെലവും കൊടുത്തു വളർത്തുന്ന പാർട്ടി ഗുണ്ടകളും.
ലോക്കൽ ക്രിമിനലുകളായും, ക്വട്ടേഷൻ ഗുണ്ടകളായും 'കഴിവ്' തെളിയിച്ചവർക്കാണ് പാർട്ടി ഗുണ്ടകളായി നിയമനം ലഭിക്കുന്നത്. അവിടെ വെട്ടാനും, കൊല്ലാനുമുള്ള ആധുനിക പരിശീലന പരിപാടി ഒക്കെയുണ്ട്. ആദ്യം പട്ടിയിലും, പശുവിലുമെല്ലാം തുടങ്ങി മനുഷ്യനെ അമ്പത്തിയൊന്നും, എൺപത്തിയൊന്പതുമൊക്കെയായി വെട്ടി നുറുക്കുന്നത് വരെയുള്ള വിദഗ്ധ പരിശീലനമാണ് പാർട്ടി ഗുണ്ടകളെ കാത്തിരിക്കുന്നത്.
അതേ സമയം, സാദാ ഗുണ്ടയ്ക്ക് പോലീസിനെ ഭയക്കണം. ഇടയ്ക്കിടെ ഇടിയും മേടിച്ചു കൂട്ടണം. പോരാത്തതിന് പോലീസ് തലയിലുഴിഞ്ഞ് വച്ചു കൊടുക്കുന്ന തെളിയാത്ത കേസുകൾ ഏറ്റെടുത്ത് ജയിലിൽ പോണം. പക്ഷേ ഇതൊക്കെ പാർട്ടി ഗുണ്ട ആവാനുള്ള അധിക യോഗ്യത ആയി കണ്ടു തെരഞ്ഞെടുപ്പിൽ പ്രത്യേക പരിഗണന ഉണ്ട്. ജയിലുകളാണ് പ്രധാന തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ.
തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ അവന്റെ ശുക്രൻ തെളിഞ്ഞു എന്ന് കൂട്ടിയാൽ മതി. പണത്തിന് പണം, മുന്തിയ വണ്ടി, മൈബൈൽ എന്ന് വേണ്ട, പോലീസ് സ്റ്റേഷനിൽ വരെ പിന്നെ ഭയങ്കര സ്വീകരണമാണ്, പവറും. പോലീസ് സ്റ്റേഷനിൽ കയറി പോലീസിനെ തെറി വിളിച്ചു അതിന്റെ വീഡിയോ എടുത്തു ഫേസ് ബുക്കിൽ ഇട്ടാലും നോ പ്രോബ്ലം! അദ്ദാണ് ത്രസിപ്പിക്കുന്ന ഗുണ്ടാ ലൈഫ്.
കൊതിയാവുന്നു അല്ലേ, തീർന്നില്ല, ഗുണ്ടയായാലുള്ള ഗുണം. അകത്തായാൽ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വരെ മുന്തിയ വക്കീലെത്തും. വീട്ട് ചെലവ്, പാർട്ടി നടത്തും. ജയിലിലും കിട്ടും ഇതേ പരിഗണന. ഗ്രൂപ്പ് ഫോട്ടോ വരെയെടുത്ത് ഫേസ്ബുക്കിലിടാം. കൂമ്പിനിടി ഒക്കെ അന്തക്കാലം. ഇവരുടെ കയ്യീന്ന് തട്ട് മേടിക്കാതെ പോലീസ് മാറി നടന്നോളും. പാവത്തുങ്ങൾ!
പുറത്തു വന്നാൽ ആഡംബരമായി കല്യാണം വരെ നടത്തി കൊടുക്കാൻ പാർട്ടി മുൻകൈ എടുക്കും. ആശംസകൾ നേരാൻ മുന്തിയ നേതാക്കൾ തന്നെ വരും. ഇനി തലയിൽ കുറച്ചു ആൾതാമസവും, എല്ലില്ലാത്ത നാക്കുവളച്ച് ഉളുപ്പില്ലാതെ പച്ചക്കളളവും പറയാനറിയാമെങ്കിൽ നേതാവാകാം, എന്തിന്, പാർട്ടി സെക്രട്ടറി വരെയാകാം. തരം കിട്ടിയാൽ മന്ത്രിയോ, മുഖ്യമന്ത്രിയോ വരേയും ആകാം. ആയിട്ടുണ്ട് പലരും..പലവുരു...
ഇങ്ങനെ പ്രമോഷൻ നേടി മുകളിലെത്തിയവർ തങ്ങളുടെ പല കാര്യങ്ങളും നടത്താനായി, കാലാകാലങ്ങളായി ഗുണ്ടകളെ തീറ്റിപ്പോറ്റുന്നു. ഓരോ പ്രതിസന്ധികളും വരുമ്പോൾ ഓരോരോ നരബലികൾ. കഴുതകളായ പൊതുജനത്തിനും, അടിമകളായ സിൻഡിക്കേറ്റ് മാദ്ധ്യമ പരിഷകളേയും വച്ചു ജനശ്രദ്ധ മാറ്റി വിട്ട ശേഷം യഥാർത്ഥ വിഷയങ്ങളിൽ നിന്നും മാദ്ധ്യമ ഹിജിഡകളോടും, പൊതുജനത്തോടും 'കടക്കൂ പുറത്തു' എന്നാഞ്ജാപിക്കും. സമാധാന നാടകങ്ങൾ നടത്തും. വീണ്ടും ഇരതേടിയിറങ്ങും...
ഇതിനെല്ലാം ഒരറുതി വരുത്തേണ്ടേ ?... വേണം. 'ബലിദാനികൾ' എന്നാണ് കൊലക്കത്തിക്കിരയാകുന്നവരുടെ ഓമനപ്പേര്. അവരാരും അവരുടെ ജീവൻ ദാനം നൽകിയതല്ല. അവ നരാധമന്മാരാൽ കവർന്നെടുക്കപ്പെട്ടതാണ്. അവർ ഈ വേട്ടയിലെ ഇരകൾ മാത്രമാണ്.
വാടിക്കൽ രാമകൃഷ്ണൻ മുതൽ ടി.പി ചന്ദ്രശേഖരനും, രമിത്തും, രാജേഷും വരെയുള്ളവരുടെ അരുംകൊലകൾക്ക് എന്നന്നേക്കുമായി ഒരവസാനം കാണണമെന്നുണ്ടെങ്കിൽ ഈ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്ന ഗുണ്ടകളെ മാത്രമല്ല, അവരെ അതിനായി സജ്ജരാക്കുന്ന, പണവും പ്രേരണയും കൊടുത്തിറക്കുന്ന ഗൂഡാലോചനക്കാരേയും ആസൂത്രകരെയും ഈ കൊലകളുടെ പ്രായോജകരേയും പിടികൂടണം.
പൊതുജനസമക്ഷം അവരെ മറയില്ലാതെ അവതരിപ്പിക്കണം. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപെട്ടു പോകാനാവാത്ത വിധം ഒരിക്കൽ, ഒരാളെയെങ്കിലും ശിക്ഷിക്കുകയും, അയാളുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുകയും ചെയ്താൽ; അവിടെ നിൽക്കും, ഈ രാഷ്ട്രീയ കൊലപാതകങ്ങൾ. ഒരു സംശയവും വേണ്ട.

അരുൺ ജയ്റ്റിലിയുടെ സന്ദർശനം നൽകുന്ന സന്ദേശം


രഞ്ജിത്ത് ഗോപാലകൃഷ്ണൻ.
..........................................................................
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട RSS നേതാവ് രാജേഷിന്റെ കുടുംബത്തിന് ആശ്വാസം നൽകാൻ ഞായറാഴ്ച കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി എത്തുകയാണ്. കേന്ദ്ര ധനമന്ത്രിയും, പ്രതിരോധ വകുപ്പിന്റെ മന്ത്രിയുമാണ് അദ്ദേഹം.
കേന്ദ്രത്തിൽ നിന്നും പിണറായി സർക്കാരിനു നേരെ വരാനിരിക്കുന്ന കടുത്ത ഏതോ നടപടിയുടെ മുന്നോടിയായാണ് പല സഖാക്കളും ഇതിനെ വിലയിരുത്തുന്നത്. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ ബിജെപി ഗവർണരെ വച്ച് കോപ്പു കൂട്ടുന്നു എന്നാണ് ആരോപണം. മുഖ്യമന്ത്രിയേയും, പോലീസ് മേധാവിയേയും രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയ അസാധാരണ നടപടി ഇതിന്റെയെല്ലാം മുന്നോടിയായിട്ടാണെന്നാണ് വ്യാഖ്യാനം.

ഇതൊരു വിദൂര സാധ്യതയാണ്. എങ്കിലും തള്ളിക്കളയാൻ ആവില്ല. അങ്ങനെയൊരു സ്ഥിതി വിശേഷം ഉളവാകുകയാണെങ്കിൽ അത് പിണറായി വിജയന്റെ സ്വയംകൃതാനർത്ഥം എന്നേ കരുതാനാവൂ. കമാന്നൊരക്ഷരം ഉരിയാടാൻ കെല്പില്ലാത്തവിധം തകർന്നടിഞ്ഞ ഒരു പ്രതിപക്ഷമാണ് കേരളത്തിൽ യുഡിഎഫ്. കേന്ദ്രത്തിൽ പക്ഷെ, അവരും ഇടതുപക്ഷവും ഒരേ പക്ഷമാണ്. ഒരു എംഎൽഎയെ കിട്ടി എന്നതൊഴിച്ച് ബിജെപി അത്ര ഭീഷണിയും ആയിരുന്നില്ല, ഭരണത്തിൽ കേറിയപ്പോൾ പിണറായി വിജയന്. സദ്ഭരണം കാഴ്ച വെച്ചിരുന്നുവെങ്കിൽ കുറഞ്ഞത് പത്തു കൊല്ലം പിണറായി സുഖമായി ഭരിച്ചേനേം.
കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും പിണറായിയുടെ ആരാധകരുമാണ്. ഭരണത്തിൽ കേറിയ പിണറായിയെ വാഴ്ത്തിയിട്ടവർക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ഈ നിലയിലാണ് കാരണവരെ കറിവേപ്പിലയാക്കി ഇരട്ടച്ചങ്കനെന്ന പേരുമായി പിണറായി ഭരണരഥം ഓടിച്ചു തുടങ്ങിയത്.
ഓർക്കുന്നില്ലേ, മുഖ്യമന്ത്രി ആയ ശേഷമുണ്ടായ ആദ്യത്തെ ദൽഹി യാത്ര. പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം പിണറായി പറഞ്ഞത്, ഭരണ-വികസന കാര്യങ്ങൾക്ക് സകല സഹായവും മോദി വാഗ്ദാനം ചെയ്തു എന്നാണ്. നാളിതു വരെ മോദി സർക്കാരിനെ കുറിച്ച് ഭരണപരമായി ഒരു പരാതിയും പിണറായി സർക്കാരിനില്ല.. എന്ന് മാത്രമല്ല, വിശേഷപ്പെട്ട സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്, തോമസ് ഐസക്ക്, ജി. സുധാകരൻ തുടങ്ങിയ പല മന്ത്രിമാരും പറഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ വിഷയങ്ങളിൽ കേരളത്തിലെ ഇടതുപക്ഷം മോദി സർക്കാരിനെ നഖശിഖാന്തം എതിർക്കുന്നത് തുടരുകയും ചെയ്തിട്ടുണ്ട്. എന്ന് മാത്രമല്ല മോദി സർക്കാർ കൊണ്ട് വന്ന പല പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. ജി.എസ്.റ്റി അടക്കം.
ഭരണത്തിൽ കേറി പക്ഷെ, ഒന്നാം വാർഷികത്തിൽ തിരിഞ്ഞു നോക്കി വിലയിരുത്തുമ്പോൾ സർവ്വത്ര വീഴ്ചകളും പിഴവുകളുമാണ് സകലരും കണ്ടത്. ആരാധകരായ പ്രവർത്തകർ അടക്കം. നാടാകട്ടെ, കുരുതിക്കളങ്ങളാകുന്നു. പണ്ട് കണ്ണൂരിൽ മാത്രം ഒതുങ്ങി നിന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ന് പോലീസ് മേധാവിയുടെ വിളിപ്പാടകലെ വരെ നിർബാധം നടക്കുന്നു.
ഭരണവും, പോലീസും കൈയ്യിലായതോടെ കൊലക്കത്തിയുമായി സിപിഎമ്മിന്റ്റെ ഗുണ്ടകൾ തെരുവിലേക്ക് ഇറങ്ങി. പതിമൂന്നു മാസത്തിനുള്ളിൽ ഇരുപത് കൊലപാതകങ്ങൾ!
കതിരൂർ മനോജ് വധം നടന്നപ്പോൾ രാജ്നാഥ് സിംഗ് നേരിട്ടെത്തിയതാണ്. അപ്പോൾ എങ്കിലും മനസ്സിലാവേണ്ടതായിരുന്നു പിണറായിക്ക്, ഇത് തീക്കളി ആണെന്ന്. നിറുത്തിയില്ല. തിരിച്ചടിക്കാൻ അറിയാത്തവരല്ല, ആറെസ്സെസ്സുകാർ. പലവുരു അവരത് തെളിയിച്ചു കഴിഞ്ഞതുമാണ്. തക്ക തിരിച്ചടി നൽകാൻ ഒരു ഭരണത്തിന്റെ പിന്തുണയും അവർ തേടിയിട്ടില്ല. ഇക്കുറി കാര്യങ്ങൾ മറിച്ചാണ്. കേന്ദ്ര ഭരണം കൈയ്യിലായതിനാൽ ഒരുവിധ വിവാദങ്ങളും ഉണ്ടാവാതിരിക്കാൻ അവർ സ്വന്തം അണികളെ അടക്കി നിർത്തി. ഇതും പക്ഷെ, സിപിഎം ഒരു അവസരമായിട്ടാണ് കണ്ടത്. അരംകൊലകൾ വീണ്ടും നടന്നു . തങ്ങളല്ലാതെ മറ്റൊരു പാർട്ടിയും സംഘടനാ പ്രവർത്തനം നടത്തുന്നതവർ സഹിക്കില്ല. സംഘപരിവാറിന്റെ ഉള്ളിൽ ആകട്ടെ, തക്കതായ തിരിച്ചടി നൽകാൻ വലിയ സമ്മർദ്ദമുണ്ട്. പ്രാദേശികമായി പലേ സംഘർഷങ്ങൾ ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും ഇത് വ്യാപകമായ ഒരു കലാപത്തിൽ കലാശിച്ചു എന്ന് വരാം.
സംഘപരിവാർ അക്രമത്തിന് ഇറങ്ങണമെന്നതാണ് സിപിഎമ്മിന്റ്റെയും ആവശ്യം. എന്നാലാ ചതിയിൽ വീഴാതെ, സംയമനം പാലിച്ചു, ബുദ്ധിപൂർവ്വമാണ് ബിജെപിയുടെ നീക്കം. എന്നാൽ രാഷ്ട്രീയമായി സിപിഎമ്മിന്റ്റെ കൊലപാതക രാഷ്ട്രീയം, ദേശവ്യാപകമായി തുറന്നു കാട്ടാനവർ ഉറപ്പായും ശ്രമിക്കും. അരുൺ ജയ്റ്റിലി വരുന്നത് വെറുതെ ആവില്ല എന്നർത്ഥം. അദ്ദേഹം കേരളത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയെ കാണുമെന്നത് ഉറപ്പാണ്. ഈ കൂടിക്കാഴ്ച വാർത്തയാക്കാൻ മാദ്ധ്യമങ്ങൾ വരും. വീണ്ടുമൊരിക്കൽ കൂടി 'കടക്കൂ പുറത്തു ' എന്ന് ആജ്ഞാപിക്കാനുള്ള കരുത്തുണ്ടാവില്ല പിണറായി വിജയന്. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സമക്ഷം പതറാനാണ് സാധ്യത. അതും വാർത്തയാകും, ചർച്ചകളിൽ നിറയും.
രാഷ്ട്രീയ കേരളത്തിലെ ഈ സന്ദർഭത്തിൽ, വരും ദിനങ്ങൾ കേരളത്തിലെ ബിജെപിക്ക് നിർണ്ണായകമാണ്. വളർച്ചയുടെ പടവുകൾ താണ്ടാനവർ ഈ അവസരം മുതലാക്കും. പ്രത്യേകിച്ചും തിരുവനന്തപുരത്ത് ചില നേതാക്കളെ ചുറ്റിപ്പറ്റി അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ, ഇതൊരു പിടിവള്ളി കൂടിയാണ്. സംസ്ഥാന വ്യാപകമായി രഥയാത്രയോ, ഹിന്ദു സമുഹ സമ്മേളനങ്ങളുമായി അവർ കളം നിറയും. ഇതിലും വലിയൊരു അനുകൂല സമയം നിലവിൽ അവർക്ക് ലഭിക്കാനില്ല.
പക്ഷെ, ഇനിയൊരു കൊല കൂടി നടന്നാൽ, അതവസാനമായിരിക്കും. അതിന്റെ സൂചനയാണ് ഈ സന്ദർശനം. 

ഇട്ടുണ്ണൻമാരുടെ ലോകം

ഇട്ടുണ്ണന്, പ്രായാധിക്യം കാരണം ചെവി ലേശം പുറകോട്ടായി. എന്ന് വച്ചാൽ, തൃശ്ശൂർ പൂരത്തിന് വെടി പൊട്ടിയാൽ, 'എന്നാ പൊഹ?' എന്ന് ചോദിക്കുന്ന ലെവല്. അങ്ങനെയിരിക്കെയാണ്,, സ്ഥലം എസ്ഐ, ഇടിയൻ കർത്താ, ആശുപത്രിയിൽ ആണന്നറിഞ്ഞത്.
അതിപ്പോ, സ്ഥലത്തെ പ്രധാന ദിവ്യനായ എസ്സ് ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലയ്ക്ക്, പഞ്ചായത്ത് പ്രസിഡണ്ട് ചെന്ന് കാണുക എന്നത് നാട്ടുനടപ്പല്ലേ?.. ചെന്നില്ലേൽ കുറച്ചിലാകും, ചെന്നാലുമുണ്ട് തരക്കേട്. വല്ല കുശലവും ചോദിച്ചാൽ കേട്ട് മറുപടി പറയാൻ ചെവി പിടിക്കില്ല. ഇതിപ്പോ എന്താ വഴി?..
പ്രസിഡണ്ട് അങ്ങനെ വിഷമിക്കുന്നത് കണ്ടാണ് കുരുത്തം കെട്ടതുങ്ങളായ ബോബനും, മോളിയും അങ്ങോട്ടെത്തിയത്. ആംഗ്യഭാഷയിലൂടെ കാര്യം തിരക്കി. ഇട്ടുണ്ണന്റ്റെ വിഷമമറിഞ്ഞ്, ബോബനും, മോളിയും ആലോചനയിലായി.
'ശരിയാ, പ്രസിഡണ്ട് ആശുപത്രിയിൽ പോയില്ലേൽ ഭയങ്കര മോശമാ' ബോബൻ തത്വം പറഞ്ഞു'.
'അതെങ്ങനാ, മോളി ചോദിച്ചു, അവിടെച്ചെന്ന് അങ്ങേര് വല്ലതും ചോദിച്ചേച്ച്, മിണ്ടീല്ലേൽ, പ്രസിഡണ്ടിന് തണ്ടാണന്നേ പറയൂ.'
'ഇതിപ്പോ, എന്താ ഒരു പോംവഴി?!' ഇട്ടുണ്ണൻ നെടുവീർപ്പെട്ടു.'
'ഒരു വഴിയുണ്ട്', ബോബന്റ്റെ കുരുട്ട് ബുദ്ധി ഉണർന്നു. അങ്ങേര് കിടപ്പാണന്നല്ലേ, പറഞ്ഞത്, ബോബൻ പ്രസിഡണ്ട് കൂടെ കേൾക്കാൻ പാകത്തിന് പടക്കം പൊട്ടും പോലെ പറഞ്ഞു തുടങ്ങി..
'ആശുപത്രിയിൽ കിടക്കുന്ന ആളെ കാണാൻ ചെല്ലുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങൾക്ക് ഉത്തരവും, അതിന്റെ ഭാവവാഹാദികളും മുന്നേ പഠിച്ചേച്ച് പോവുക..
'അത് കലക്കി!', മോളി പിന്താങ്ങി. അതുമതി. രണ്ടോ, മൂന്നോ ചോദ്യങ്ങൾ ചോദിക്കുക, അതിന്റെ ഉത്തരം എസ്ഐ പറയുമ്പോളേക്ക് അതിന്റെ മറുപടിയായി പറയുന്ന വാചകങ്ങളും പഠിച്ചേച്ച് പോവുക. ഉഗ്രൻ ഐഡിയാ.'
ഇട്ടുണ്ണനും തോന്നി, തന്റെ ഈ ഉപദേശകര് പറയുന്നതാണ് ശരി. താൻ പൊട്ടനാണന്ന് നാട്ടാര് തെണ്ടികള് പറയുന്നതിലും നല്ലത് അതു തന്നെയാണ്.
'എന്തൊക്കെ ആയിരിക്കും ചോദിക്കുക?' പുള്ളി ബോബനോട് ചോദിച്ചു.
'അത് ഞാമ്പറയാം'. മോളി ചാടിവീണു. "ആദ്യം, നമ്മളൊരാളെ ആശുപത്രിയിൽ കിടക്കുന്നത് കാണുമ്പോൾ, "ഇപ്പോൾ അസുഖം എങ്ങനെയുണ്ട്?കുറവുണ്ടല്ലോ, അല്ലേ എന്നായിരിക്കുമല്ലോ ചോദിക്കുന്നത്.
'അതെയതെ'. ബോബൻ പറഞ്ഞു. "കുറവുണ്ട്" എന്നായിരിക്കുമല്ലോ, മറുപടി!. അപ്പോൾ പ്രസിഡണ്ട് പറയണം, "വളരെ നന്നായി" എന്ന്. ബോബൻ പ്രസിഡണ്ടിന് പഠിപ്പിച്ചു കൊടുത്തു.
അടുത്തത്, മോളി പറഞ്ഞു.
"എന്നത്തേക്ക് പോവാമെന്നാ പറഞ്ഞത്?, എന്ന് ചോദിക്കണം. അപ്പോൾ, സ്വാഭാവികമായും മറുപടി, ഉടനേ പോകും' എന്നാവുമല്ലോ?..
'അതെയതേ. അപ്പോൾ, സന്തോഷം. ദൈവത്തിന് സ്തുതി എന്നങ്ങ് പറഞ്ഞേക്കണം. എങ്ങനുണ്ട്. ബോബൻ മറുപടി ഡ്രാഫ്റ്റ് ചെയ്തു.
ഇനിയടുത്തത്, ചികിത്സ നൽകുന്ന ഡോക്ടർ ആരാണെന്നങ്ങ് ചോദിക്കണം. ഡോക്റ്ററുടെ പേരങ്ങേര് പറഞ്ഞു കഴിഞ്ഞാലുടനെ പറയണം, "ഓ, അയ്യാളാണോ, അയാളെ ഞാനറിയും. വിദഗ്ധനാണ്. അങ്ങേരോട്, സാറിന്റ്റെ കാര്യം ഞാനൊന്ന് പറഞ്ഞേക്കാം. ഒന്നും പേടിക്കേണ്ടാ, എന്നങ്ങ് കാച്ചിയേക്കണം. ബോബൻ പഠിപ്പിച്ചു കൊടുത്തു.
"ഇത്രേമൊക്കെ പറഞ്ഞ ശേഷം, ഇനി ഞാൻ പോയേച്ച് പിന്നൊരു ദിവസം വരാമെന്ന് പറഞ്ഞു തടി കഴിച്ചിലാക്കണം. മോളി ഉപദേശിച്ചു.
എന്നാപ്പിന്നെ വൈകേണ്ട പിള്ളാരേ, നിങ്ങളും വാ, ഇപ്പോത്തന്നെ, പോയിമ്മേച്ചും വരാം. പ്രസിഡണ്ട് ഒരുങ്ങിയിറങ്ങി.
ആശുപത്രിയിൽ എത്തി. എസ് ഐ നല്ല അവശതയിലാണ്. ചെറിയൊരു മയക്കം.' സാറ് ഉറങ്ങുവാ..' കൂടെ നിന്ന സഹായി മൊഴിഞ്ഞു.
അങ്ങനെ വിട്ടാൽ പറ്റുകേലായല്ലോ, താൻ വന്നതങ്ങേരൊന്ന് അറിയേണ്ടേ?..ഇട്ടുണ്ണൻ അങ്കലാപ്പിൽ ആയി.
ഉണർത്താം.. മോളി പറഞ്ഞു.. എങ്ങനെ?.. ബോബൻ ചോദിച്ചൂ. കൂടെ വന്ന പട്ടിക്കുട്ടിക്ക് ഒരൊറ്റ ചവിട്ടു കൊടുത്തു മോളി.. ചവിട്ട് കിട്ടിയ പട്ടി കീയോ, കീയോന്ന് അലറിക്കരഞ്ഞ് എങ്ങോ ഓടെപ്പോയി. പക്ഷേ, കാര്യം നടന്നു.
എസ്സ് ഐ കണ്ണുതുറന്നു. നല്ല അവശത. കണ്ണ് താനെ അടഞ്ഞു പോകുന്നു. വളരെ ഭവ്യതയോടെയും, കരുണയോടെയും ഇട്ടുണ്ണൻ, അവിടടങ്ങി കൂടെ നിന്നു. എന്നിട്ട് മെല്ലെ ചോദിച്ചു.." ഇപ്പോൾ എങ്ങനെയുണ്ട്?"..
"തീരെ വയ്യ" എസ്സ് ഐ മെല്ലേ മുരടനക്കി. 'വളരെ നന്നായി'. പഠിച്ചു വച്ച മറുപടി സന്തോഷം കാണിച്ച്, മറുപടി നൽകി.
ഇടിയൻ കർത്താ വയ്യാതിരുന്നിട്ടും കണ്ണ് വലിച്ചൊന്ന് തുറന്ന് ഇട്ടുണ്ണനേയും, കൂടെ വന്ന രണ്ടു ചെറുതുങ്ങളേം ചെറഞ്ഞൊന്ന് നോക്കി. ഇടിയൻ കർത്തായുടെ കൂടെ സഹായിയായി നിന്ന ഹേഡ് പിള്ള അന്തം വിട്ടു.
'പണി പാളിയോ കർത്താവേ, ബോബനും മോളിയും പരസ്പരം ഒന്ന് നോക്കി. പയ്യേ പ്രസിഡണ്ടിന്റ്റെ പിന്നിലേക്ക് ഒതുങ്ങി.
ഇതൊന്നും ശ്രദ്ധിക്കാതെ, അടുത്ത ചോദ്യത്തിലേക്ക് കടന്നു, ഇട്ടുണ്ണൻ.
'എന്നത്തേക്ക് ഇവിടുന്ന് പോകാമെന്നാ'?.. വളരെ ആകാംക്ഷയോടെ ചോദിച്ചു?..
"ഇനി, എങ്ങോട്ട് പോവാനാ, പട്ടടയിലോട്ട് എടുക്കുമ്പോ, അറിയിക്കാം."
വയ്യാഴിക കാരണം സ്വല്പം മൂശേട്ട കൂടിയ കർത്താ എസ്സ് ഐ ചൊറിഞ്ഞു.
"അതയോ, അത് നന്നായി, വളരെ സന്തോഷം', ഞാനുമതിനായി ദൈവത്തിങ്കൽ പ്രാർത്ഥനയോടെ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം."
പിള്ളേര് പഠിപ്പിച്ചു തന്ന വാചകങ്ങൾ ഒന്ന് പരിഷ്കരിച്ച് പറഞ്ഞതിന്റെ സന്തോഷത്തോടെ ഇട്ടുണ്ണൻ ഒന്നിളകി ചിരിച്ചു. എന്നിട്ട്, അല്പം ഉറക്കെത്തന്നെ അടുത്ത കുശലത്തിലേക്ക് കടന്നു.
ബോധം മറയുമ്പോലെ തോന്നി, മോളിക്ക്. ദൈവമേ, പ്രസിഡണ്ട്!.. വീഴും മുന്നേ മോളിയെ കൈയ്ക്ക് പിടിച്ചു പുറത്തു ചാടി, ബോബൻ...
"ആട്ടേ, ആരാ ചികിത്സിക്കുന്ന ഡോക്ടർ?" ആളെ ഞാനറിയുമോ എന്ന് നോക്കട്ടെ" ?.. പ്രസിഡണ്ട് പവർ കുറയ്ക്കാതെ, രണ്ടാം മുണ്ടൊക്കെ ശരിക്ക് തോളത്തോട്ടിട്ട്, വീണ്ടും ചോദിച്ചു .
"കാലൻ, എന്താ, അറിയുമോ'?.. പല്ലു ഞെരിച്ചോണ്ട് ഇടിയൻ കർത്താ ചെരിഞ്ഞ് ഹേഡിനെ ഒന്ന് നോക്കി.
"പിന്നേ..., അയാളേ ഞാനറിയും." ഇട്ടുണ്ണൻ ഉവാചാ.
'നന്നായിട്ടറിയാം, അയാളോട് പറഞ്ഞു, രണ്ടീസം നേരത്തെ വിടാനുള്ള ഏർപ്പാട് ഞാനാക്കിത്തരാം.."
എന്തോ കൂടി മൊഴിയണമെന്നുണ്ടായിരുന്നു, ഇട്ടുണ്ണന്. ടൈം കിട്ടിയില്ല, അഥവാ കൊടുത്തില്ല എന്നാ കേട്ടത്..
ശേഷം ചിന്ത്യം!...
(ടോംസിന്റെ പ്രശസ്തമായ കാർട്ടൂണിൽ നിന്നും വായിച്ചത് ഓർമ്മയിൽ നിന്നും എഴുതിയത്.)..

Tuesday, 18 April 2017

ശ്രീശാന്തിന് ആജീവനാന്ത വിലക്ക്: ബിസിസിഐ, സുപ്രീം കോടതിയുടെ മുകളിലോ ?

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

വാതുവയ്പ്പ്  വിവാദത്തിൽ ഉൾപ്പെട്ട ശ്രീശാന്ത് ഇനി ഇന്ത്യയിലും വിദേശത്തും ഒരിക്കലും കളിക്കേണ്ട എന്ന് ബിസിസിഐ തീർപ്പു കല്പിച്ചിരിക്കുന്നു. തന്റെ വിലക്കിനെതിരെ ശ്രീശാന്ത് കൊടുത്ത ഹർജിയിൻ മേൽ ചോദ്യമുന്നയിച്ച കോടതിക്ക് മുൻപാകെ ബി സി സി ഐ നൽകിയ മറുപടിയിലാണ് ശ്രീയുടെ വിലക്ക് നീക്കാൻ ഒരുദ്ദേശവും തങ്ങൾക്കില്ല എന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ ഉന്നതാധികാര സമിതി  നിലപാട് വെളിപ്പെടുത്തിയത്. 

 ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ഇടയിൽ ശ്രീശാന്ത് ഉൾപ്പടെയുള്ള താരങ്ങൾ വാതുവയ്പ്പ് നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ പൊലീസിന് ആയില്ല. ഡൽഹിയിലെ വിചാരണ  കോടതി, സംശയത്തിനു ഇട ഇല്ലാത്ത വിധം കുറ്റാരോപിതരായ മൂന്നു താരങ്ങളെയും നിരപരാധികളാണ് എന്ന് കണ്ടു വെറുതെ വിട്ടു.ആരോപണ വിധേയരായവർക്കു പക്ഷെ കളിക്കളത്തിലേക്കു മടങ്ങാൻ ആയില്ല.  ബിസിസിഐയുടെ കരുണ തേടി ഇരിക്കുകയാണ് അവർ. ഇതേ കാലത്തു തന്നെ,  ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ പല ഇന്ത്യൻ താരങ്ങളും വലിയ തോതിലുള്ള വാത് വായ്പുകളിൽ 
പങ്കാളികൾ ആയതായി പല ഘട്ടങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ അവരൊന്നും അന്വേഷണം പോലും നേരിട്ടില്ല. 

ഐപിഎൽ ആകട്ടെ പണത്തിന്റെ കളിയാണ്.ശശിതരൂരും, വിജയ്മല്യയും, ലളിത് മോദിയും ഉൾപ്പെട്ടിരുന്ന വമ്പന്മാരുടെ ലോകം. സുനന്ദാ തരൂരിന്റ്റെ മരണത്തിൽ കലാശിച്ച വലിയ കളി നടക്കുന്ന ലോകം. ക്രിക്കറ്റിന് ഇവിടെ രണ്ടാമതാണ് സ്ഥാനം. പഴയ ജന്മിത്ത കാലത്ത് നിലനിന്നിരുന്ന അടിമ വ്യാപാരം പോലെയാണ്  കളിക്കാരെ പഞ്ചനക്ഷത്ര ചന്തയിൽ ലേലം ചെയ്ത് വാങ്ങുകയും, വിൽക്കുകയും ചെയ്യുന്നത്. അല്പ വസ്ത്ര ധാരിണികളായ പെൺകുട്ടികൾ കാഴ്ച കോമരങ്ങളാകുന്ന കളിയിടങ്ങൾ.
പണം മുടക്കുന്ന ജന്മിമാർക്കാണിവിടെ ആധിപത്യം. ബിസിനസ്സും പണവുമാണ് ഇവിടെ ധാര്മികതക്കും മുൻപിൽ  നിൽക്കുന്നത്. 

ഇവിടെയാണ് പിറവിയുടെ അഞ്ചാം വയസ്സിൽ ഇടിത്തീ പോലെ ഐപിഎല്ലിൽ കോഴവിവാദം ഉയരുന്നത്. 2013 മെയ് 16 നു, ശ്രീശാന്ത്, അജിത്‌ ചാണ്ടില, അങ്കിത് ചവാൻ എന്നീ മുന്ന് താരങ്ങളെയും, ചില ഇടനിലക്കാരെയും ഐ പി എൽ വാതു വയ്പ്പ് വിവാദത്തിന്റെ ഭാഗമായി ഡല്ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. 

 മുന്പ് ഒരിക്കൽ ഞാനെഴുതിയിരുന്നു;കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ വിവാദങ്ങൾ ഇളകി മറിഞ്ഞിരുന്ന ദിനങ്ങളിൽ ഒന്നിലാണ്, ശാന്തകുമാരൻ ശ്രീശാന്ത് അറസ്റ്റിൽ ആകുന്നത്. ഇത് കൂടാതെ, അഴിമതിയുടെ പേരില് കേന്ദ്ര മന്ത്രിമാരായ അശ്വനി കുമാറും, പവൻ  ബൻസലും  രാജി വച്ചത് 2013 മെയ്‌ 10 നായിരുന്നു. നാഷണൽ മീഡിയകൾ മൻമോഹൻ സിങ്ങിനെയും കടന്നു നമ്പർ ടെൻ ജനപതിനു നേരെ ആരോപണങ്ങൾ ഉന്നയിച്ചു തുടങ്ങിയിരുന്നു. 

ഇവിടെയാണ് വഴിത്തിരിവായി,  ഐ പി എൽ വാതു വയ്പ്പ് കേസ് തുടങ്ങുന്നത്.  മാധ്യമങ്ങൾ പുതിയ ഒരിരയെ ലഭിച്ചതോടെ പ്രധാനമന്ത്രിയെയും, കൽക്കരി കുംഭകോണത്തെയും സൈഡാക്കി, ശ്രീശാന്തിന് പിന്നാലെ കൂടി. "ദേശീയ അപമാനം" എന്നായിരുന്നു മിക്ക തലക്കെട്ടും. പേരിൽ ശാന്തകുമാരനാണെങ്കിലും , സ്വഭാവത്തിൽ അങ്ങനെ അല്ലാത്ത ആളാണ് ലോകകപ്പു സ്വന്തം കൈകളിലൂടെ നേടിയെടുത്ത  കേരളത്തിന്റ്റെ സ്വന്തം ശ്രീ. കലർപ്പില്ലാത്ത സ്വഭാവം കൊണ്ട് സുഹൃത്തുക്കളെക്കാൾ ശത്രുക്കളെ ഉണ്ടാക്കിയിരുന്നു ശ്രീശാന്ത്. അതിൽ മുതിർന്ന താരങ്ങളും, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും എല്ലാം ഉൾപ്പെട്ടിരുന്നു. പക്ഷേ, ഒരാളെ വേട്ടയാടാൻ അതു പോരല്ലോ കാരണം?.

അഫ്സൽ ഗുരുവിന്റെയും, അജമൽ കസബിന്റ്റയം, അബ്ദുൽ നാസർ മദനിയുടേയും, ചാർളിയന്ന ഗോവിന്ദച്ചാമിയുടേയും മനുഷ്യാവകാശത്തെ ഓർത്ത് നീറിപുകഞ്ഞവരാരും, ഒമ്പത് മാസം വിചാരണ കൂടാതെ കൊടും കുറ്റവാളികൾക്ക് ഒപ്പം ജയിലിൽ കിടന്ന ഒരു 'നായരു' കുട്ടിയുടെ വേദന പങ്കിട്ടില്ല. ജാതി-മത-രാഷ്ടീയ പിന്തുണ ഇല്ലാത്ത ആ കുടുംബം പലരാലും  മോചന വാഗ്ദാനത്തിന്റ്റെ പേരിൽ വഞ്ചിക്കപ്പെട്ടു. ഇടക്കാല ജാമ്യം പോലും ലഭിച്ചതാകട്ടെ ഒന്പതു മാസങ്ങൾക്ക് ശേഷവും. അവസാനം,  രണ്ടര വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിൽ കേസു തന്നെ തള്ളിപ്പോയി. 2015 ജൂലൈ അവസാനം  ശ്രീശാന്തു കുറ്റ വിമുക്തൻ ആയി. ഇങ്ങനെ ഒരു വാതു വയ്പ് നടന്നതായിട്ടോ അതിൽ ശ്രീശാന്ത് പങ്കെടുത്തു എന്നതിനോ യാതൊരു തെളിവുമില്ല എന്നാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠം  വിധിയെഴുതിയത്. ഇവിടെയാണ് ബിസിസിഐ എന്ന ക്രിക്കറ്റ് ഗവേണിങ്ങ് ബോഡി പരമോന്നത നീതിപീഠത്തിനും മുകളിൽ കയറി കളി തുടങ്ങിയത്.  വിലക്ക് നീക്കാൻ പക്ഷെ,  ബി.സി.സി.ഐ തയ്യാറായില്ല. 

കോഴവിവാദം ഇന്ത്യയിൽ ഇതാദ്യമല്ല. 'ലോക ക്രിക്കറ്റിനെ തന്നെ പിടിച്ചുലച്ച 1999തിലെ വാതുവയ്പ്പിൽ ഉൾപ്പെട്ട അസറുദ്ദീൻ എന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇന്ന് എം പിയാണ്.  മുസ്ലിം ആയതിനാൽ ആണ് തന്നെ വേട്ടയാടുന്നത് എന്നായിരുന്നു അന്ന്  അസറുദ്ദീൻ വാദിച്ചത്. ഭാഗ്യം ! നായരായതു കൊണ്ടാണ് തനിക്കാരുമില്ലാത്തതെന്ന് ശ്രീ ഇതുവരെ പറഞ്ഞിട്ടില്ല. അസറുദ്ദീനും,  അജയ് ജഡേജയ്ക്കും കിട്ടാത്ത ആജീവനാന്ത വിലക്കാണ്,  പരമോന്നത നീതിപീഠം കുറ്റവിമുക്തനാക്കിയ ശ്രീശാന്തിന് മേൽ ബിസിസിഐ അടിച്ചേൽപ്പിച്ചിരിക്കുന്നത്.  പുറത്തു പറയാൻ കൊള്ളാത്ത മറ്റെന്തു സാഹചര്യമാണ് ശ്രീശാന്തിനെ അകറ്റി നിർത്താൻ ഈ ക്രിക്കറ്റ് ബോഡിക്കുള്ളതെന്നാണ് ഇനി അറിയാനുള്ളത്. അഴിമതിക്കെതിരെ ഉള്ള ശക്തമായ നിലപാടാണന്നുള്ള വാദം പരിഹാസ്യമാണ്.  നിലവിലേയും, മുൻകാല ഭരണ സമിതികളിലേയും നേതാക്കളെ കണ്ടാൽ  തന്നെ ഇതു സത്യമാണെന്ന് എല്ലാവരും തല കുലുക്കി സമ്മതിച്ചു തരും. ഒരു ഭരണ സമിതിയെ തന്നെ കോടതി തൂക്കി എടുത്തു കളഞ്ഞത് അടുത്തയിടെയാണ്. 

ഇവിടെ,  ആരെയാണ് ബിസിസിഐ പറ്റിക്കാൻ ശ്രമിക്കുന്നത്?. എന്തുകൊണ്ടാണ്  ശ്രീയുടെ വിലക്ക് നീക്കില്ല എന്ന് വാശി പിടിക്കാൻ കാരണം?.. ഇതറിയാൻ ഈ രാജ്യത്തെ ജനങ്ങൾക്ക് അവകാശമുണ്ട്. രണ്ടു സാധ്യതതകളാണിവിടെ ഉള്ളത്. 

ഒന്നുകിൽ ശ്രീശാന്ത് തെറ്റ് ചെയ്തു എന്ന് ബിസിസിഐയ്ക്ക് അറിയാം, തെളിവുകളും അവരുടെ പക്കൽ ഉണ്ട്. പക്ഷേ കോടതിയിൽ തിരിമറി നടത്തി അയാളെ ജയിലിൽ കിടക്കേണ്ട അവസ്ഥയിൽ നിന്നും രക്ഷിച്ചു. ഇതിന് പിന്നിലും പണം മറിഞ്ഞിട്ടുണ്ടാവാം.  (അങ്ങനെയെങ്കിൽ തന്റെ വിലക്ക് നീക്കാനായി കോടതിയിൽ പോവാനുള്ള ചങ്കൂറ്റം ശ്രീശാന്തിന് ഉണ്ടാവുമോ എന്നതാണ് ചോദ്യം) അല്ലെങ്കിൽ , സ്വഭാവദൂഷ്യവും അഹങ്കാരവും കൈമുതലായുള്ള കളിക്കാരനോടുള്ള വൈരാഗ്യവും, വിദ്വേഷവുവുമാകാം കാരണം.

രണ്ടായാലും അത് അക്ഷന്തവ്യമായ തെറ്റ് തന്നെ ആണ്. ശ്രീ,  തെറ്റ് ചെയ്തിരുന്നുവെങ്കിൽ അത് കോടതി മുന്പാകെ വരണം. കോടതിയിൽ വരാത്ത തെളിവുകൾ  ബിസിസിഐ യുടെ പക്കൽ ഉണ്ടെങ്കിൽ അവ കോടതിയിൽ സമർപ്പിച്ചു അർഹമായ ശിക്ഷ ഈ താരങ്ങൾക്കു വാങ്ങി കൊടുക്കണം. അല്ലാതെ,  കോടതി മുമ്പാകെ ബിസിസിഐ അതു മറച്ചു വയ്ക്കുകയും, പിന്നീട് സ്വയം കോടതി ചമയുന്നതും അംഗീകരിക്കാൻ കഴിയില്ല. രാജ്യത്തെ,  പരമോന്നത നീതി പീഠത്തിനു മുകളിൽ കയറി നിൽക്കാൻ ആരാണിവർക്ക് ശക്തി നൽകുന്നത്?  അവരെയതിന് പ്രേരിപ്പിക്കുന്ന ഘടകമെന്താണ് ?  ഒരാളോടുള്ള വ്യക്തി വൈരാഗ്യം തീർക്കാൻ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളിലൂടെ അയാളുടെ ജീവിതം തന്നെ തകർക്കാൻ ചിലർക്ക് ഈ രാജ്യത്തു കഴിയുന്നു എങ്കിൽ ഈ ജനാധിപത്യം തൃപ്തികരമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 

ഇതു രണ്ടുമല്ലാതെ മറ്റെന്തു കാര്യമായാലും ശ്രീയുടെ വിലക്ക് തുടരുന്നതിൽ ഒരു ന്യായവുമില്ല. എന്നുമാത്രമല്ല കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണ്. ജനാധിപത്യ വ്യവസ്ഥിതിയിൽ ഇത്തരം അനീതി നടക്കുന്നത് കണ്ടിട്ടും മാധ്യമങ്ങളും പൊതുസമൂഹവും സ്വീകരിക്കുന്ന ഈ അനങ്ങാപ്പാറ നയം വിസ്മയിപ്പിക്കും വിധം  നിരാശാജനകമാണ്.

ഐഎസ്ആർഓ ചാരക്കേസിൽ ഉൾപ്പെട്ട പല ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു നമ്പി നാരായണൻ. താൻ തെറ്റുകാരനല്ല എന്ന് ഉറച്ചു വിശ്വാസമുള്ള അദ്ദേഹം പട പൊരുതി  തന്നെ വേട്ടയാടിയ സമൂഹത്തിൽ നിന്നും നഷ്ടപരിഹാരം നേടിയെടുത്തു. നമ്പി നാരായണനൊപ്പം ചാരക്കേസിൽ പെട്ട ശശികുമാരനെന്ന മറ്റൊരു ശാസ്ത്രജ്ഞൻ നിശബ്ദനായി ഇരിക്കുന്നു, ഇന്നും.

തെറ്റുകാരനല്ല എന്ന് ഹൃദയത്തിൽ കൈ തൊട്ട്  പറയാൻ ശ്രീശാന്തിന്  ഉറപ്പുണ്ടെങ്കിൽ, പടയ്ക്കിറങ്ങേണ്ട കാഹളമാണ് ബിസിസിഐ കോടതിയിൽ ആവർത്തിച്ച വിലക്കിന്റ്റെ  വിളംബരം.  ഈ ഹർജിയുടെ വിധി എന്തായാലും ബി സി സി ഐ യുടെ നിലപാടുകൾ അസ്വസ്ഥതയായി തന്നെ അവശേഷിക്കും. 

------------------------------------------------------------------------------------------------------------------------