Friday, 11 August 2017

രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?

ഉഴവൂർ വിജയനോട് ആർക്കും വിരോധിക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനും പരാതിയില്ല. പക്ഷെ, അതിന് ചിലർ നിരത്തുന്ന കാരണങ്ങൾ ഒന്ന് കേട്ട് നോക്കൂ;
1. ഉഴവൂർ വിജയൻ തന്റ്റെ കുടുംബത്തിനായി ഒന്നും സമ്പാദിച്ചിട്ടില്ല.
2. അദ്ദേഹം രസികനായിരുന്നു.
രണ്ടും ശരിയാണ്. പക്ഷെ, ഇതുയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്.
1. ഉഴവൂർ വിജയൻ ഒഴിച്ച് മറ്റു രാഷ്ട്രീയക്കാർ എല്ലാം നന്നായി സമ്പാദിക്കുന്നുണ്ടന്ന് സമ്മതിക്കുകയാണോ, സംസ്ഥാന സർക്കാർ?..
2. ഉഴവൂർ വിജയൻ ഒഴിച്ച് മറ്റ് രാഷ്ട്രീയക്കാർ എല്ലാം 'ബോറന്മാരുമാണോ'?
അപൂർവ്വം ചിലരൊഴികെ, മറ്റെല്ലാവരും അങ്ങനെയാണെന്ന് പൊതു ജനത്തിനറിയാം. എന്നാലും ഈ രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?.. ഇത് ചിന്തിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും, അല്ലേ ?.
സാമാന്യം നല്ല വിദ്യാഭ്യാസം നേടി, അത്യാവശ്യം നല്ല വരുമാനമുള്ള ജോലിയും ചെയ്ത് ജീവിക്കുന്ന മദ്ധ്യവർത്തിക്കാരൻ പോലും മാസചിലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന കാലത്ത്, പ്രത്യക്ഷത്തിൽ യാതൊരു വരുമാനവുമില്ലാത്ത രാഷ്ട്രീയ പ്രവർത്തകർ എങ്ങനെയാണ് ഇത്ര സുഖമായി ജീവിക്കുന്നത്?...
കഞ്ഞിക്ക് വകയില്ലാതെ പൊതുപ്രവർത്തനം നടത്താനിറങ്ങിയവർ കോടീശ്വരന്മാരായതും, ചില്ലിക്കാശ് കൈയ്യിലില്ലാതെ അത്യാഡംബരപൂർവ്വം ജീവിക്കുന്നതും നാം നിത്യേന കാണുന്നു. അഷ്ടിക്ക് വകയില്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നവർ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടി പൊക്കുന്നു. ഭാര്യയുടെയും മക്കളുടെയും പേരിൽ കോടികൾ നിക്ഷേപം, മക്കളുടെ പഠനം മുന്തിയ സ്ക്കൂളിലും, വിദേശ സർവ്വകലാശാലകളിലും, വിദേശയാത്രകളും എന്ന് വേണ്ട, വലിയൊരു അനുചര വൃന്തത്തെ വരെ തീറ്റിപ്പോറ്റുന്ന വിധം സർവ്വത്ര മായിക വളർച്ചയാണ് ഇന്നത്തെ നേതാക്കൾക്ക്.
രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ന് ഏറ്റവും ആദായമുള്ള കരിയർ. തലമുറകൾക്ക് ഉള്ളത് സമ്പാദിച്ചു കൂട്ടാനുള്ള എളുപ്പവഴി. മക്കൾ രാഷ്ട്രീയത്തിന്റ്റെ പൊരുളും മറ്റൊന്നല്ല. രാഷ്ട്ര സേവനത്തിനിറങ്ങി സർവ്വതും നഷ്ടപ്പെടുത്തിയ പഴയ തലമുറയെ ഇന്നാരോർക്കുന്നു?. ട്രെയിനിലെ ജനറൽ കംമ്പാർട്ടുമെന്റ്റുകളിൽ ഇടിച്ച്തൂങ്ങിയും, ബസ്സിലുമെല്ലാം ഓടി നടന്ന് അരവയറോടെയും, മുഴുപട്ടിണിയോടെയോ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആ തലമുറ ഇന്ന് പഴങ്കഥയാണ്.
കോർപ്പറേഷൻ ചെയർമാൻ ഒക്കെ ആയിരുന്ന ആളാണ് ഉഴവൂർ. മരിക്കുമ്പോൾ കുട്ടനാടിന്റ്റെ രോമാഞ്ചമായ മന്ത്രി കുവൈത്ത് ചാണ്ടിയുടെ പാർട്ടി പ്രസിഡണ്ട്! പഴയ തലമുറയിലെ ആദർശവാന്മാരോടൊപ്പം വരില്ലെങ്കിലും വലുതായൊന്നും നീക്കി വയ്ക്കാൻ ആ തമാശക്കാരനായില്ല. അതിനാണീ ധനസഹായം.
നന്നായി എന്നേ ഞാൻ പറയൂ. കാരണം ജീവിച്ചിരിക്കുന്ന പലരേയും ഒന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരമാണ്. ടാക്സ് മണി കൊടുത്താണെങ്കിലും, നഷ്ടപ്പെടുത്തരുത്!

No comments:

Post a Comment