Friday, 11 August 2017

രാജേഷ് വധം : ഗൂഡാലോചനക്കാരെ പുറത്തു കൊണ്ട് വരണം

നടി ആക്രമിക്കപ്പെട്ട കേസിൽ യഥാർത്ഥ ഗൂഡാലോചനക്കാർ പുറത്തു വരണം എന്ന പോലീസിന്റ്റെ നിർബന്ധം പോലെ തന്നെ, തിരുവനന്തപുരത്ത് RSS പ്രവർത്തകൻ രാജേഷിനെ കൊന്ന കേസിലെയും ഗൂഡാലോചനക്കാരെ പുറത്തു കൊണ്ട് വരണം, വന്നേ പറ്റൂ.
കേരളത്തിലെ നിരവധി, നിരവധിയായ രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിലും യഥാർത്ഥ ആസൂത്രകർ അഥവാ ഗൂഡാലോചനക്കാർ പിടിയിലായ ചരിത്രമില്ല. നേതൃത്വം അറിയാതെ, നിർദ്ദേശിക്കാതെ, കുറഞ്ഞ പക്ഷം, മൗനാനുവാദമെങ്കിലും നൽകാതെ ഒരീച്ചയേ പോലും കൊല്ലുന്നവരല്ല, പഞ്ചപാവങ്ങളായ അനുയായികളും, നേതാക്കൾ ചെല്ലും, ചെലവും കൊടുത്തു വളർത്തുന്ന പാർട്ടി ഗുണ്ടകളും.
ലോക്കൽ ക്രിമിനലുകളായും, ക്വട്ടേഷൻ ഗുണ്ടകളായും 'കഴിവ്' തെളിയിച്ചവർക്കാണ് പാർട്ടി ഗുണ്ടകളായി നിയമനം ലഭിക്കുന്നത്. അവിടെ വെട്ടാനും, കൊല്ലാനുമുള്ള ആധുനിക പരിശീലന പരിപാടി ഒക്കെയുണ്ട്. ആദ്യം പട്ടിയിലും, പശുവിലുമെല്ലാം തുടങ്ങി മനുഷ്യനെ അമ്പത്തിയൊന്നും, എൺപത്തിയൊന്പതുമൊക്കെയായി വെട്ടി നുറുക്കുന്നത് വരെയുള്ള വിദഗ്ധ പരിശീലനമാണ് പാർട്ടി ഗുണ്ടകളെ കാത്തിരിക്കുന്നത്.
അതേ സമയം, സാദാ ഗുണ്ടയ്ക്ക് പോലീസിനെ ഭയക്കണം. ഇടയ്ക്കിടെ ഇടിയും മേടിച്ചു കൂട്ടണം. പോരാത്തതിന് പോലീസ് തലയിലുഴിഞ്ഞ് വച്ചു കൊടുക്കുന്ന തെളിയാത്ത കേസുകൾ ഏറ്റെടുത്ത് ജയിലിൽ പോണം. പക്ഷേ ഇതൊക്കെ പാർട്ടി ഗുണ്ട ആവാനുള്ള അധിക യോഗ്യത ആയി കണ്ടു തെരഞ്ഞെടുപ്പിൽ പ്രത്യേക പരിഗണന ഉണ്ട്. ജയിലുകളാണ് പ്രധാന തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ.
തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ അവന്റെ ശുക്രൻ തെളിഞ്ഞു എന്ന് കൂട്ടിയാൽ മതി. പണത്തിന് പണം, മുന്തിയ വണ്ടി, മൈബൈൽ എന്ന് വേണ്ട, പോലീസ് സ്റ്റേഷനിൽ വരെ പിന്നെ ഭയങ്കര സ്വീകരണമാണ്, പവറും. പോലീസ് സ്റ്റേഷനിൽ കയറി പോലീസിനെ തെറി വിളിച്ചു അതിന്റെ വീഡിയോ എടുത്തു ഫേസ് ബുക്കിൽ ഇട്ടാലും നോ പ്രോബ്ലം! അദ്ദാണ് ത്രസിപ്പിക്കുന്ന ഗുണ്ടാ ലൈഫ്.
കൊതിയാവുന്നു അല്ലേ, തീർന്നില്ല, ഗുണ്ടയായാലുള്ള ഗുണം. അകത്തായാൽ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വരെ മുന്തിയ വക്കീലെത്തും. വീട്ട് ചെലവ്, പാർട്ടി നടത്തും. ജയിലിലും കിട്ടും ഇതേ പരിഗണന. ഗ്രൂപ്പ് ഫോട്ടോ വരെയെടുത്ത് ഫേസ്ബുക്കിലിടാം. കൂമ്പിനിടി ഒക്കെ അന്തക്കാലം. ഇവരുടെ കയ്യീന്ന് തട്ട് മേടിക്കാതെ പോലീസ് മാറി നടന്നോളും. പാവത്തുങ്ങൾ!
പുറത്തു വന്നാൽ ആഡംബരമായി കല്യാണം വരെ നടത്തി കൊടുക്കാൻ പാർട്ടി മുൻകൈ എടുക്കും. ആശംസകൾ നേരാൻ മുന്തിയ നേതാക്കൾ തന്നെ വരും. ഇനി തലയിൽ കുറച്ചു ആൾതാമസവും, എല്ലില്ലാത്ത നാക്കുവളച്ച് ഉളുപ്പില്ലാതെ പച്ചക്കളളവും പറയാനറിയാമെങ്കിൽ നേതാവാകാം, എന്തിന്, പാർട്ടി സെക്രട്ടറി വരെയാകാം. തരം കിട്ടിയാൽ മന്ത്രിയോ, മുഖ്യമന്ത്രിയോ വരേയും ആകാം. ആയിട്ടുണ്ട് പലരും..പലവുരു...
ഇങ്ങനെ പ്രമോഷൻ നേടി മുകളിലെത്തിയവർ തങ്ങളുടെ പല കാര്യങ്ങളും നടത്താനായി, കാലാകാലങ്ങളായി ഗുണ്ടകളെ തീറ്റിപ്പോറ്റുന്നു. ഓരോ പ്രതിസന്ധികളും വരുമ്പോൾ ഓരോരോ നരബലികൾ. കഴുതകളായ പൊതുജനത്തിനും, അടിമകളായ സിൻഡിക്കേറ്റ് മാദ്ധ്യമ പരിഷകളേയും വച്ചു ജനശ്രദ്ധ മാറ്റി വിട്ട ശേഷം യഥാർത്ഥ വിഷയങ്ങളിൽ നിന്നും മാദ്ധ്യമ ഹിജിഡകളോടും, പൊതുജനത്തോടും 'കടക്കൂ പുറത്തു' എന്നാഞ്ജാപിക്കും. സമാധാന നാടകങ്ങൾ നടത്തും. വീണ്ടും ഇരതേടിയിറങ്ങും...
ഇതിനെല്ലാം ഒരറുതി വരുത്തേണ്ടേ ?... വേണം. 'ബലിദാനികൾ' എന്നാണ് കൊലക്കത്തിക്കിരയാകുന്നവരുടെ ഓമനപ്പേര്. അവരാരും അവരുടെ ജീവൻ ദാനം നൽകിയതല്ല. അവ നരാധമന്മാരാൽ കവർന്നെടുക്കപ്പെട്ടതാണ്. അവർ ഈ വേട്ടയിലെ ഇരകൾ മാത്രമാണ്.
വാടിക്കൽ രാമകൃഷ്ണൻ മുതൽ ടി.പി ചന്ദ്രശേഖരനും, രമിത്തും, രാജേഷും വരെയുള്ളവരുടെ അരുംകൊലകൾക്ക് എന്നന്നേക്കുമായി ഒരവസാനം കാണണമെന്നുണ്ടെങ്കിൽ ഈ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്ന ഗുണ്ടകളെ മാത്രമല്ല, അവരെ അതിനായി സജ്ജരാക്കുന്ന, പണവും പ്രേരണയും കൊടുത്തിറക്കുന്ന ഗൂഡാലോചനക്കാരേയും ആസൂത്രകരെയും ഈ കൊലകളുടെ പ്രായോജകരേയും പിടികൂടണം.
പൊതുജനസമക്ഷം അവരെ മറയില്ലാതെ അവതരിപ്പിക്കണം. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപെട്ടു പോകാനാവാത്ത വിധം ഒരിക്കൽ, ഒരാളെയെങ്കിലും ശിക്ഷിക്കുകയും, അയാളുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുകയും ചെയ്താൽ; അവിടെ നിൽക്കും, ഈ രാഷ്ട്രീയ കൊലപാതകങ്ങൾ. ഒരു സംശയവും വേണ്ട.

No comments:

Post a Comment