രഞ്ജിത്ത് ഗോപാലകൃഷ്ണൻ.
..........................................................................
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട RSS നേതാവ് രാജേഷിന്റെ കുടുംബത്തിന് ആശ്വാസം നൽകാൻ ഞായറാഴ്ച കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി എത്തുകയാണ്. കേന്ദ്ര ധനമന്ത്രിയും, പ്രതിരോധ വകുപ്പിന്റെ മന്ത്രിയുമാണ് അദ്ദേഹം.
കേന്ദ്രത്തിൽ നിന്നും പിണറായി സർക്കാരിനു നേരെ വരാനിരിക്കുന്ന കടുത്ത ഏതോ നടപടിയുടെ മുന്നോടിയായാണ് പല സഖാക്കളും ഇതിനെ വിലയിരുത്തുന്നത്. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ ബിജെപി ഗവർണരെ വച്ച് കോപ്പു കൂട്ടുന്നു എന്നാണ് ആരോപണം. മുഖ്യമന്ത്രിയേയും, പോലീസ് മേധാവിയേയും രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയ അസാധാരണ നടപടി ഇതിന്റെയെല്ലാം മുന്നോടിയായിട്ടാണെന്നാണ് വ്യാഖ്യാനം.
ഇതൊരു വിദൂര സാധ്യതയാണ്. എങ്കിലും തള്ളിക്കളയാൻ ആവില്ല. അങ്ങനെയൊരു സ്ഥിതി വിശേഷം ഉളവാകുകയാണെങ്കിൽ അത് പിണറായി വിജയന്റെ സ്വയംകൃതാനർത്ഥം എന്നേ കരുതാനാവൂ. കമാന്നൊരക്ഷരം ഉരിയാടാൻ കെല്പില്ലാത്തവിധം തകർന്നടിഞ്ഞ ഒരു പ്രതിപക്ഷമാണ് കേരളത്തിൽ യുഡിഎഫ്. കേന്ദ്രത്തിൽ പക്ഷെ, അവരും ഇടതുപക്ഷവും ഒരേ പക്ഷമാണ്. ഒരു എംഎൽഎയെ കിട്ടി എന്നതൊഴിച്ച് ബിജെപി അത്ര ഭീഷണിയും ആയിരുന്നില്ല, ഭരണത്തിൽ കേറിയപ്പോൾ പിണറായി വിജയന്. സദ്ഭരണം കാഴ്ച വെച്ചിരുന്നുവെങ്കിൽ കുറഞ്ഞത് പത്തു കൊല്ലം പിണറായി സുഖമായി ഭരിച്ചേനേം.
കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും പിണറായിയുടെ ആരാധകരുമാണ്. ഭരണത്തിൽ കേറിയ പിണറായിയെ വാഴ്ത്തിയിട്ടവർക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ഈ നിലയിലാണ് കാരണവരെ കറിവേപ്പിലയാക്കി ഇരട്ടച്ചങ്കനെന്ന പേരുമായി പിണറായി ഭരണരഥം ഓടിച്ചു തുടങ്ങിയത്.
ഓർക്കുന്നില്ലേ, മുഖ്യമന്ത്രി ആയ ശേഷമുണ്ടായ ആദ്യത്തെ ദൽഹി യാത്ര. പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം പിണറായി പറഞ്ഞത്, ഭരണ-വികസന കാര്യങ്ങൾക്ക് സകല സഹായവും മോദി വാഗ്ദാനം ചെയ്തു എന്നാണ്. നാളിതു വരെ മോദി സർക്കാരിനെ കുറിച്ച് ഭരണപരമായി ഒരു പരാതിയും പിണറായി സർക്കാരിനില്ല.. എന്ന് മാത്രമല്ല, വിശേഷപ്പെട്ട സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്, തോമസ് ഐസക്ക്, ജി. സുധാകരൻ തുടങ്ങിയ പല മന്ത്രിമാരും പറഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ വിഷയങ്ങളിൽ കേരളത്തിലെ ഇടതുപക്ഷം മോദി സർക്കാരിനെ നഖശിഖാന്തം എതിർക്കുന്നത് തുടരുകയും ചെയ്തിട്ടുണ്ട്. എന്ന് മാത്രമല്ല മോദി സർക്കാർ കൊണ്ട് വന്ന പല പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. ജി.എസ്.റ്റി അടക്കം.
ഭരണത്തിൽ കേറി പക്ഷെ, ഒന്നാം വാർഷികത്തിൽ തിരിഞ്ഞു നോക്കി വിലയിരുത്തുമ്പോൾ സർവ്വത്ര വീഴ്ചകളും പിഴവുകളുമാണ് സകലരും കണ്ടത്. ആരാധകരായ പ്രവർത്തകർ അടക്കം. നാടാകട്ടെ, കുരുതിക്കളങ്ങളാകുന്നു. പണ്ട് കണ്ണൂരിൽ മാത്രം ഒതുങ്ങി നിന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ന് പോലീസ് മേധാവിയുടെ വിളിപ്പാടകലെ വരെ നിർബാധം നടക്കുന്നു.
ഭരണവും, പോലീസും കൈയ്യിലായതോടെ കൊലക്കത്തിയുമായി സിപിഎമ്മിന്റ്റെ ഗുണ്ടകൾ തെരുവിലേക്ക് ഇറങ്ങി. പതിമൂന്നു മാസത്തിനുള്ളിൽ ഇരുപത് കൊലപാതകങ്ങൾ!
കതിരൂർ മനോജ് വധം നടന്നപ്പോൾ രാജ്നാഥ് സിംഗ് നേരിട്ടെത്തിയതാണ്. അപ്പോൾ എങ്കിലും മനസ്സിലാവേണ്ടതായിരുന്നു പിണറായിക്ക്, ഇത് തീക്കളി ആണെന്ന്. നിറുത്തിയില്ല. തിരിച്ചടിക്കാൻ അറിയാത്തവരല്ല, ആറെസ്സെസ്സുകാർ. പലവുരു അവരത് തെളിയിച്ചു കഴിഞ്ഞതുമാണ്. തക്ക തിരിച്ചടി നൽകാൻ ഒരു ഭരണത്തിന്റെ പിന്തുണയും അവർ തേടിയിട്ടില്ല. ഇക്കുറി കാര്യങ്ങൾ മറിച്ചാണ്. കേന്ദ്ര ഭരണം കൈയ്യിലായതിനാൽ ഒരുവിധ വിവാദങ്ങളും ഉണ്ടാവാതിരിക്കാൻ അവർ സ്വന്തം അണികളെ അടക്കി നിർത്തി. ഇതും പക്ഷെ, സിപിഎം ഒരു അവസരമായിട്ടാണ് കണ്ടത്. അരംകൊലകൾ വീണ്ടും നടന്നു . തങ്ങളല്ലാതെ മറ്റൊരു പാർട്ടിയും സംഘടനാ പ്രവർത്തനം നടത്തുന്നതവർ സഹിക്കില്ല. സംഘപരിവാറിന്റെ ഉള്ളിൽ ആകട്ടെ, തക്കതായ തിരിച്ചടി നൽകാൻ വലിയ സമ്മർദ്ദമുണ്ട്. പ്രാദേശികമായി പലേ സംഘർഷങ്ങൾ ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും ഇത് വ്യാപകമായ ഒരു കലാപത്തിൽ കലാശിച്ചു എന്ന് വരാം.
സംഘപരിവാർ അക്രമത്തിന് ഇറങ്ങണമെന്നതാണ് സിപിഎമ്മിന്റ്റെയും ആവശ്യം. എന്നാലാ ചതിയിൽ വീഴാതെ, സംയമനം പാലിച്ചു, ബുദ്ധിപൂർവ്വമാണ് ബിജെപിയുടെ നീക്കം. എന്നാൽ രാഷ്ട്രീയമായി സിപിഎമ്മിന്റ്റെ കൊലപാതക രാഷ്ട്രീയം, ദേശവ്യാപകമായി തുറന്നു കാട്ടാനവർ ഉറപ്പായും ശ്രമിക്കും. അരുൺ ജയ്റ്റിലി വരുന്നത് വെറുതെ ആവില്ല എന്നർത്ഥം. അദ്ദേഹം കേരളത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയെ കാണുമെന്നത് ഉറപ്പാണ്. ഈ കൂടിക്കാഴ്ച വാർത്തയാക്കാൻ മാദ്ധ്യമങ്ങൾ വരും. വീണ്ടുമൊരിക്കൽ കൂടി 'കടക്കൂ പുറത്തു ' എന്ന് ആജ്ഞാപിക്കാനുള്ള കരുത്തുണ്ടാവില്ല പിണറായി വിജയന്. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സമക്ഷം പതറാനാണ് സാധ്യത. അതും വാർത്തയാകും, ചർച്ചകളിൽ നിറയും.
രാഷ്ട്രീയ കേരളത്തിലെ ഈ സന്ദർഭത്തിൽ, വരും ദിനങ്ങൾ കേരളത്തിലെ ബിജെപിക്ക് നിർണ്ണായകമാണ്. വളർച്ചയുടെ പടവുകൾ താണ്ടാനവർ ഈ അവസരം മുതലാക്കും. പ്രത്യേകിച്ചും തിരുവനന്തപുരത്ത് ചില നേതാക്കളെ ചുറ്റിപ്പറ്റി അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ, ഇതൊരു പിടിവള്ളി കൂടിയാണ്. സംസ്ഥാന വ്യാപകമായി രഥയാത്രയോ, ഹിന്ദു സമുഹ സമ്മേളനങ്ങളുമായി അവർ കളം നിറയും. ഇതിലും വലിയൊരു അനുകൂല സമയം നിലവിൽ അവർക്ക് ലഭിക്കാനില്ല.
പക്ഷെ, ഇനിയൊരു കൊല കൂടി നടന്നാൽ, അതവസാനമായിരിക്കും. അതിന്റെ സൂചനയാണ് ഈ സന്ദർശനം.
No comments:
Post a Comment