Friday, 11 August 2017

ഇട്ടുണ്ണൻമാരുടെ ലോകം

ഇട്ടുണ്ണന്, പ്രായാധിക്യം കാരണം ചെവി ലേശം പുറകോട്ടായി. എന്ന് വച്ചാൽ, തൃശ്ശൂർ പൂരത്തിന് വെടി പൊട്ടിയാൽ, 'എന്നാ പൊഹ?' എന്ന് ചോദിക്കുന്ന ലെവല്. അങ്ങനെയിരിക്കെയാണ്,, സ്ഥലം എസ്ഐ, ഇടിയൻ കർത്താ, ആശുപത്രിയിൽ ആണന്നറിഞ്ഞത്.
അതിപ്പോ, സ്ഥലത്തെ പ്രധാന ദിവ്യനായ എസ്സ് ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലയ്ക്ക്, പഞ്ചായത്ത് പ്രസിഡണ്ട് ചെന്ന് കാണുക എന്നത് നാട്ടുനടപ്പല്ലേ?.. ചെന്നില്ലേൽ കുറച്ചിലാകും, ചെന്നാലുമുണ്ട് തരക്കേട്. വല്ല കുശലവും ചോദിച്ചാൽ കേട്ട് മറുപടി പറയാൻ ചെവി പിടിക്കില്ല. ഇതിപ്പോ എന്താ വഴി?..
പ്രസിഡണ്ട് അങ്ങനെ വിഷമിക്കുന്നത് കണ്ടാണ് കുരുത്തം കെട്ടതുങ്ങളായ ബോബനും, മോളിയും അങ്ങോട്ടെത്തിയത്. ആംഗ്യഭാഷയിലൂടെ കാര്യം തിരക്കി. ഇട്ടുണ്ണന്റ്റെ വിഷമമറിഞ്ഞ്, ബോബനും, മോളിയും ആലോചനയിലായി.
'ശരിയാ, പ്രസിഡണ്ട് ആശുപത്രിയിൽ പോയില്ലേൽ ഭയങ്കര മോശമാ' ബോബൻ തത്വം പറഞ്ഞു'.
'അതെങ്ങനാ, മോളി ചോദിച്ചു, അവിടെച്ചെന്ന് അങ്ങേര് വല്ലതും ചോദിച്ചേച്ച്, മിണ്ടീല്ലേൽ, പ്രസിഡണ്ടിന് തണ്ടാണന്നേ പറയൂ.'
'ഇതിപ്പോ, എന്താ ഒരു പോംവഴി?!' ഇട്ടുണ്ണൻ നെടുവീർപ്പെട്ടു.'
'ഒരു വഴിയുണ്ട്', ബോബന്റ്റെ കുരുട്ട് ബുദ്ധി ഉണർന്നു. അങ്ങേര് കിടപ്പാണന്നല്ലേ, പറഞ്ഞത്, ബോബൻ പ്രസിഡണ്ട് കൂടെ കേൾക്കാൻ പാകത്തിന് പടക്കം പൊട്ടും പോലെ പറഞ്ഞു തുടങ്ങി..
'ആശുപത്രിയിൽ കിടക്കുന്ന ആളെ കാണാൻ ചെല്ലുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങൾക്ക് ഉത്തരവും, അതിന്റെ ഭാവവാഹാദികളും മുന്നേ പഠിച്ചേച്ച് പോവുക..
'അത് കലക്കി!', മോളി പിന്താങ്ങി. അതുമതി. രണ്ടോ, മൂന്നോ ചോദ്യങ്ങൾ ചോദിക്കുക, അതിന്റെ ഉത്തരം എസ്ഐ പറയുമ്പോളേക്ക് അതിന്റെ മറുപടിയായി പറയുന്ന വാചകങ്ങളും പഠിച്ചേച്ച് പോവുക. ഉഗ്രൻ ഐഡിയാ.'
ഇട്ടുണ്ണനും തോന്നി, തന്റെ ഈ ഉപദേശകര് പറയുന്നതാണ് ശരി. താൻ പൊട്ടനാണന്ന് നാട്ടാര് തെണ്ടികള് പറയുന്നതിലും നല്ലത് അതു തന്നെയാണ്.
'എന്തൊക്കെ ആയിരിക്കും ചോദിക്കുക?' പുള്ളി ബോബനോട് ചോദിച്ചു.
'അത് ഞാമ്പറയാം'. മോളി ചാടിവീണു. "ആദ്യം, നമ്മളൊരാളെ ആശുപത്രിയിൽ കിടക്കുന്നത് കാണുമ്പോൾ, "ഇപ്പോൾ അസുഖം എങ്ങനെയുണ്ട്?കുറവുണ്ടല്ലോ, അല്ലേ എന്നായിരിക്കുമല്ലോ ചോദിക്കുന്നത്.
'അതെയതെ'. ബോബൻ പറഞ്ഞു. "കുറവുണ്ട്" എന്നായിരിക്കുമല്ലോ, മറുപടി!. അപ്പോൾ പ്രസിഡണ്ട് പറയണം, "വളരെ നന്നായി" എന്ന്. ബോബൻ പ്രസിഡണ്ടിന് പഠിപ്പിച്ചു കൊടുത്തു.
അടുത്തത്, മോളി പറഞ്ഞു.
"എന്നത്തേക്ക് പോവാമെന്നാ പറഞ്ഞത്?, എന്ന് ചോദിക്കണം. അപ്പോൾ, സ്വാഭാവികമായും മറുപടി, ഉടനേ പോകും' എന്നാവുമല്ലോ?..
'അതെയതേ. അപ്പോൾ, സന്തോഷം. ദൈവത്തിന് സ്തുതി എന്നങ്ങ് പറഞ്ഞേക്കണം. എങ്ങനുണ്ട്. ബോബൻ മറുപടി ഡ്രാഫ്റ്റ് ചെയ്തു.
ഇനിയടുത്തത്, ചികിത്സ നൽകുന്ന ഡോക്ടർ ആരാണെന്നങ്ങ് ചോദിക്കണം. ഡോക്റ്ററുടെ പേരങ്ങേര് പറഞ്ഞു കഴിഞ്ഞാലുടനെ പറയണം, "ഓ, അയ്യാളാണോ, അയാളെ ഞാനറിയും. വിദഗ്ധനാണ്. അങ്ങേരോട്, സാറിന്റ്റെ കാര്യം ഞാനൊന്ന് പറഞ്ഞേക്കാം. ഒന്നും പേടിക്കേണ്ടാ, എന്നങ്ങ് കാച്ചിയേക്കണം. ബോബൻ പഠിപ്പിച്ചു കൊടുത്തു.
"ഇത്രേമൊക്കെ പറഞ്ഞ ശേഷം, ഇനി ഞാൻ പോയേച്ച് പിന്നൊരു ദിവസം വരാമെന്ന് പറഞ്ഞു തടി കഴിച്ചിലാക്കണം. മോളി ഉപദേശിച്ചു.
എന്നാപ്പിന്നെ വൈകേണ്ട പിള്ളാരേ, നിങ്ങളും വാ, ഇപ്പോത്തന്നെ, പോയിമ്മേച്ചും വരാം. പ്രസിഡണ്ട് ഒരുങ്ങിയിറങ്ങി.
ആശുപത്രിയിൽ എത്തി. എസ് ഐ നല്ല അവശതയിലാണ്. ചെറിയൊരു മയക്കം.' സാറ് ഉറങ്ങുവാ..' കൂടെ നിന്ന സഹായി മൊഴിഞ്ഞു.
അങ്ങനെ വിട്ടാൽ പറ്റുകേലായല്ലോ, താൻ വന്നതങ്ങേരൊന്ന് അറിയേണ്ടേ?..ഇട്ടുണ്ണൻ അങ്കലാപ്പിൽ ആയി.
ഉണർത്താം.. മോളി പറഞ്ഞു.. എങ്ങനെ?.. ബോബൻ ചോദിച്ചൂ. കൂടെ വന്ന പട്ടിക്കുട്ടിക്ക് ഒരൊറ്റ ചവിട്ടു കൊടുത്തു മോളി.. ചവിട്ട് കിട്ടിയ പട്ടി കീയോ, കീയോന്ന് അലറിക്കരഞ്ഞ് എങ്ങോ ഓടെപ്പോയി. പക്ഷേ, കാര്യം നടന്നു.
എസ്സ് ഐ കണ്ണുതുറന്നു. നല്ല അവശത. കണ്ണ് താനെ അടഞ്ഞു പോകുന്നു. വളരെ ഭവ്യതയോടെയും, കരുണയോടെയും ഇട്ടുണ്ണൻ, അവിടടങ്ങി കൂടെ നിന്നു. എന്നിട്ട് മെല്ലെ ചോദിച്ചു.." ഇപ്പോൾ എങ്ങനെയുണ്ട്?"..
"തീരെ വയ്യ" എസ്സ് ഐ മെല്ലേ മുരടനക്കി. 'വളരെ നന്നായി'. പഠിച്ചു വച്ച മറുപടി സന്തോഷം കാണിച്ച്, മറുപടി നൽകി.
ഇടിയൻ കർത്താ വയ്യാതിരുന്നിട്ടും കണ്ണ് വലിച്ചൊന്ന് തുറന്ന് ഇട്ടുണ്ണനേയും, കൂടെ വന്ന രണ്ടു ചെറുതുങ്ങളേം ചെറഞ്ഞൊന്ന് നോക്കി. ഇടിയൻ കർത്തായുടെ കൂടെ സഹായിയായി നിന്ന ഹേഡ് പിള്ള അന്തം വിട്ടു.
'പണി പാളിയോ കർത്താവേ, ബോബനും മോളിയും പരസ്പരം ഒന്ന് നോക്കി. പയ്യേ പ്രസിഡണ്ടിന്റ്റെ പിന്നിലേക്ക് ഒതുങ്ങി.
ഇതൊന്നും ശ്രദ്ധിക്കാതെ, അടുത്ത ചോദ്യത്തിലേക്ക് കടന്നു, ഇട്ടുണ്ണൻ.
'എന്നത്തേക്ക് ഇവിടുന്ന് പോകാമെന്നാ'?.. വളരെ ആകാംക്ഷയോടെ ചോദിച്ചു?..
"ഇനി, എങ്ങോട്ട് പോവാനാ, പട്ടടയിലോട്ട് എടുക്കുമ്പോ, അറിയിക്കാം."
വയ്യാഴിക കാരണം സ്വല്പം മൂശേട്ട കൂടിയ കർത്താ എസ്സ് ഐ ചൊറിഞ്ഞു.
"അതയോ, അത് നന്നായി, വളരെ സന്തോഷം', ഞാനുമതിനായി ദൈവത്തിങ്കൽ പ്രാർത്ഥനയോടെ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം."
പിള്ളേര് പഠിപ്പിച്ചു തന്ന വാചകങ്ങൾ ഒന്ന് പരിഷ്കരിച്ച് പറഞ്ഞതിന്റെ സന്തോഷത്തോടെ ഇട്ടുണ്ണൻ ഒന്നിളകി ചിരിച്ചു. എന്നിട്ട്, അല്പം ഉറക്കെത്തന്നെ അടുത്ത കുശലത്തിലേക്ക് കടന്നു.
ബോധം മറയുമ്പോലെ തോന്നി, മോളിക്ക്. ദൈവമേ, പ്രസിഡണ്ട്!.. വീഴും മുന്നേ മോളിയെ കൈയ്ക്ക് പിടിച്ചു പുറത്തു ചാടി, ബോബൻ...
"ആട്ടേ, ആരാ ചികിത്സിക്കുന്ന ഡോക്ടർ?" ആളെ ഞാനറിയുമോ എന്ന് നോക്കട്ടെ" ?.. പ്രസിഡണ്ട് പവർ കുറയ്ക്കാതെ, രണ്ടാം മുണ്ടൊക്കെ ശരിക്ക് തോളത്തോട്ടിട്ട്, വീണ്ടും ചോദിച്ചു .
"കാലൻ, എന്താ, അറിയുമോ'?.. പല്ലു ഞെരിച്ചോണ്ട് ഇടിയൻ കർത്താ ചെരിഞ്ഞ് ഹേഡിനെ ഒന്ന് നോക്കി.
"പിന്നേ..., അയാളേ ഞാനറിയും." ഇട്ടുണ്ണൻ ഉവാചാ.
'നന്നായിട്ടറിയാം, അയാളോട് പറഞ്ഞു, രണ്ടീസം നേരത്തെ വിടാനുള്ള ഏർപ്പാട് ഞാനാക്കിത്തരാം.."
എന്തോ കൂടി മൊഴിയണമെന്നുണ്ടായിരുന്നു, ഇട്ടുണ്ണന്. ടൈം കിട്ടിയില്ല, അഥവാ കൊടുത്തില്ല എന്നാ കേട്ടത്..
ശേഷം ചിന്ത്യം!...
(ടോംസിന്റെ പ്രശസ്തമായ കാർട്ടൂണിൽ നിന്നും വായിച്ചത് ഓർമ്മയിൽ നിന്നും എഴുതിയത്.)..

No comments:

Post a Comment