Friday, 11 August 2017

രാമായണത്തിന്റെ സന്ദേശം

രഞ്ജിത്ത് ഗോപാലകൃഷ്ണൻ 

പൗരാണിക ഭാരതത്തിൽ, വനാന്തരങ്ങളുടെ അനിർവചനീയമായ ഏകാന്തതയിൽ, പ്രകൃതിയോടിണങ്ങിയ പർണ്ണശാലകൾ കെട്ടി, മനസിന്റെ നിഗൂഡമായ വാതായനങ്ങൾ അനന്തമായ പ്രകൃതിയിലേക്ക് തുറന്നിട്ട്‌, പ്രപഞ്ച രഹസ്യങ്ങൾ തേടിയ ഋഷീശ്വരന്മാർ, ധാർമിക മൂല്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ അക്ഷീണം പ്രവർത്തിച്ചിരുന്നു. 

ആദി യോഗിയായ പരമശിവൻ മുതൽ ഭാരതീയ ഗുരു പരമ്പര പ്രോജ്വോലിപിച്ച ധാർമിക മൂല്യങ്ങളുടെ എല്ലാം തികഞ്ഞ ആദ്യ ചക്രവർത്തി ആയിരുന്നു, ത്രേതായുഗത്തിൽ ഭൂജാതനായ രഘുവംശത്തിലെ കീർത്തിമാനായ ശ്രീരാമൻ. ആ രഘുരാമന്റെ ചരിത്രമാണ് രാമായണം.

കേരളത്തിൽ പണ്ടു കാലത്ത്, മഴയും, കൃഷിനാശവും, രോഗങ്ങളും, അലട്ടിയിരുന്ന പഞ്ഞ കർക്കിടകത്തിൽ സർവ്വ ദുരിതങ്ങളിൽ നിന്നും മോചനത്തിനായി രാമായണ പാരായണം പതിവായിരുന്നു. കാലാന്തരത്തിൽ രാമായണ പാരായണം കുടുംബങ്ങളിൽ അന്യം നിൽക്കുകയും അതോടൊപ്പം, വിവിധ തരം കുടുംബ ശൈഥില്യങ്ങൾക്കും, പൊതുസമൂഹത്തിലെ നന്മയുടെ അംശങ്ങൾ കുറഞ്ഞു വരികയും ചെയ്തു എന്നതൊരു നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്. എൺപതുകളിൽ രാമായണ മാസാചരണം ഒരു സാമൂഹിക വിപ്ലവമായി എങ്ങനെ തിരിചെത്തിയെന്നത്, മുന്പ് എഴുതിയിരുന്നു. ഇവിടെ ഭാരതത്തിന്റ്റെ മുഖമുദ്രയായ രാമായണത്തിലെ സന്ദേശവും, ചരിത്രത്തിലെ രാമായണത്തിലെ സംഭവങ്ങളും ആണ് വിവരിച്ചിരിക്കുന്നത്.വായിക്കുമല്ലോ?..എല്ലാവര്ക്കും ഭക്തി പൂർണ്ണമായ ഒരു രാമായണ മാസം നേരുന്നു.

ഇതിഹാസം:
ഭാരതത്തിന്റെ സംഭാവനയായ ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. രാമന്റെ അയനം(യാത്ര) എന്നാണ്‌ രാമായണത്തിനർത്ഥം. ഇതിഹാസം എന്നാൽ ചരിത്രം എന്നാണ് വിവക്ഷ. അതിനാൽ തന്നെ അയോധ്യാപതിയായിരുന്ന ശ്രീരാമന്റെ ജീവചരിത്രമാണ് രാമായണം.

വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുളള ആദ്യ കൃതിയാണ്‌. അതിനാൽ ഇത് ആദിമഹാകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും രാവണ വധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും, ഭരതനേയും പോലുളള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുളള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്.

പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. മനുഷ്യ വംശം,സമൂഹമമായി ജീവിച്ചു തുടങ്ങിയ കാലത്ത് തന്നെ പൌരാണിക ഭാരതം ഒരു സംസ്കാരമുള്ള ജനസമൂഹമായി രൂപപെട്ടു തുടങ്ങിയിരുന്നു.

ഐതിഹ്യം
വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുളള വാല്മീകിയുടെ ചോദ്യം ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി,സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു;അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഇത്തരം ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യരൂപം ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി.

തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം,
"മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"
എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു

രചയിതാവ്
വരുണന്റെ പത്താമത്തെ പുത്രനാണ് വാല്മീകി മഹർഷി. യഥാര്‍ഥ നാമം രത്നാകരന്‍ എന്നായിരുന്നു. പിൽക്കൽത്ത് കൊളളക്കാരനായും കാട്ടാളനായും ജീവിതം നയിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു. സംവാദത്തിനൊടുവില്‍ മനംമാറ്റം സംഭവിച്ചു. മരച്ചുവട്ടില്‍ രാമനാമം ജപിച്ചു വര്‍ഷങ്ങളോളം തപസനുഷ്ഠിച്ചു. ശരീരം ചിതല്‍പ്പുറ്റുകളാല്‍ മൂടപ്പെട്ടിട്ടും ജപം മുടക്കിയില്ല. പിന്നീടൊരിക്കല്‍ അതുവഴിയെത്തിയ സപ്തര്‍ഷികള്‍ ചിതല്‍പ്പുറ്റ് മാറ്റി. അറിവിന്റെ ആള്‍രൂപമായി വാല്മീകി പുറത്തു വന്നു വാല്മീകീയെ സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. രാമായണത്തിലെ ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. തൈത്തീര്യപ്രാതിശാഖ്യത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ നമുക്ക് കാണാൻ സാധിക്കും. രണ്ടാം നുറ്റാണ്ടിലാണ് വാല്മീകി രാമായണം പ്രചാരത്തിൽ വരുന്നത്.അതിനു മുൻപ് തന്നെ രാമായണ കഥ ഭാരതത്തിൽ വാമൊഴിയിലുടെ പലർക്കും അറിവുണ്ടായിരുന്നു.

ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമന്ത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരാമായണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാദിച്ചിരിക്കുന്നത്‍. അവ യഥാക്രമം,
ബാലകാണ്ഡം
അയോദ്ധ്യാകാണ്ഡം
ആരണ്യകാണ്ഡം
കിഷ്കിന്ധാകാണ്ഡം
സുന്ദരകാണ്ഡം
യുദ്ധകാണ്ഡം
ഉത്തരകാണ്ഡം

ശ്രീരാമഅവതാരലക്ഷ്യം
വിശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷസകുലജാതനും തികഞ്ഞ ഭക്തനുമായിരുന്ന രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍,ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍,ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായി മാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.

ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു. താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവു പറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കേണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ചെയ്തു. പക്ഷേ, ബ്രഹ്മ ദേവന്റെ വരദാനത്തെ നിരാകരിക്കാൻ കഴിയാത്തതിനാൽ നാരായണനെ ദർശ്ശിക്കാൻ അദ്ദേഹം പറഞ്ഞു. മഹാദേവ നിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു: "ഇതിനുമുമ്പ്,ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുളള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും". ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട,വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാവിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊളളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും നിഗ്രഹികച്ച് ഭൂമിയേ പരിപാലിക്കുന്നതായിരിക്കും.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)
ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണം കഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ 'ശ്രീ'ശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും,സുഗ്രീവാദികളുമായുളള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നത് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ്‌ ഉത്തര രാമായണം. എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല,കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ്‌ സങ്കല്‍പ്പം. അതിനാല്‍ തന്നെ യുദ്ധകാണ്ഡത്തിനൊടുവില്‍ ശ്രീരാമപട്ടാഭിഷേകം വായിച്ച ശേഷം,ഒരിക്കല്‍ കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ്‌ പതിവ്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുളള നാമങ്ങളാണ്.

ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങി നിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി.

ശ്രീരാമന്റെ കഥ ഭാരതീയരുടെ മനസ്സില്‍ രൂഢമൂലമായതുകൊണ്ട്‌ വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ജനങ്ങളുടെ വിവിധഭാഷകളില്‍ രാമായണം വീരചരിതമായി. അതില്‍ വടക്കേ ഇന്ത്യയില്‍ തുളസിദാസ രാമായണം, ബംഗാളില്‍ കൃത്തിവാസ രാമായണം, തമിഴില്‍ കമ്പരാമായണവും പ്രധാനപ്പെട്ട രാമായണങ്ങളാണ്‌. തെക്കെ ഇന്ത്യയില്‍ ഭക്തിയ്ക്ക്‌ പ്രാധാന്യമുള്ള അധ്യാത്മരാമായണത്തിനാണ്‌ പ്രചുരപ്രചാരം. അദ്ധ്യാത്മ രാമായണത്തിന്റെ മലയാള പരിഭാഷ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരം

രാമായണത്തിന്റെ ചരിത്ര പ്രസക്തി
രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്.

സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെളളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്,ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്.

നൂറ്റാണ്ടുകളായിട്ട് രാമായണം എന്ന ചരിത്ര സംഭവത്തെ അനേകം വിശ്രുതപണ്ഡിതന്മാര്‍ തങ്ങളുടെ നിശിതമായ ഗവേഷണബുദ്ധി പ്രയോഗിച്ച് നൂതനങ്ങളായ പല ദര്‍ശനനങ്ങളും നല്‍കിയിട്ടുണ്ട് .രാമായണകാലത്തെ ഭൂപടങ്ങള്‍ പോലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളിച്ച് ചില ചരിത്ര വസ്തുതകൾ ഇന്നും ശ്രീരാമന്റെ യാത്രാപഥങ്ങളിൽ ദ്രിശ്യമാണ്.

ശ്രീരാമന്‍ പുഷ്പക വിമാനത്തില്‍ കയറിയാണ് യുദ്ധാനന്തരം തിരികെ അയോദ്ധ്യയില്‍ പോയത് എന്ന കാല്പ്പനിക പരാമര്‍ശങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആധുനിക ശാസ്ത്രം പോലും ശരി വയ്ക്കുന്ന വസ്തുതകളാണ്ഇവ.

ഇന്റർനാഷണൽ അസ്ട്രോനോമി മാത്തമാറ്റിക്കൽ ഗവേഷണ പ്രകാരം ശ്രീരാമൻ ജനിച്ചത്‌ B.C 7323 ഡിസംബർ 4 നു ആണ്.

സീതാ പരിണയം നടന്നത് 7 ഏപ്രിൽ 7307 നാണ്. രാമന് വനവാസത്തിനു പോയത് 29 നവംബർ 7306 നു ആണ്. ഹനുമാൻ ലങ്കയിൽ പ്രവേശിച്ചത്‌ ആകട്ടെ, 1 സെപ്റ്റംബർ 7292നു ആണ്.

സേതു ബന്ധനം നടന്നത് 26-30 ഒക്ടോബർ നു. യുദ്ധം തുടങ്ങിയത് 3 നവംബർ 7292 നാണെന്ന് കണക്കാക്കപെട്ടിട്ടുണ്ട്. രാവണ നിഗ്രഹം നടന്നത് തീയതി 15 നവംബർ 7292. ശ്രീരാമൻ അയോധ്യയിൽ എത്തിയത് ഡിസംബർ 6, 7292 നാണ്.

"21" ദിവസം വേണ്ടി വന്നു ശ്രീലങ്കയില്‍ നിന്നും അയോദ്ധ്യയില്‍ എത്താന്‍ .."Google Map" പ്രകാരം ശ്രീലങ്കയില്‍ നിന്നും കാല്‍നടയായി അയോദ്ധ്യയില്‍ എത്താന്‍ 513(hr) മണിക്കൂര്‍; അതായത് 21 ദിവസം തന്നെ വേണം!!!

നൂറ്റാണ്ടുകളായി ഭാരതീയര്‍ വിജയദശമി ആഘോഷിക്കുന്നു.തിന്മയുടെ മേല്‍ നന്മയുടെ വിജയം. രാവണ നിഗ്രഹംനടന്ന വിജയദശമി ദിനത്തിന് 21 ദിവസങ്ങള്‍ക്ക് ശേഷം ദീപാവലിയും, ശ്രീരാമചന്ദ്രന്‍ വിജയശ്രീലാളിതനായി അയോധ്യയില്‍ എത്തിയതിന്‍റെ സ്മരണയിൽ ആഘോഷിക്കുന്നു. ജനങ്ങള്‍ ദീപങ്ങള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ശ്രീരാമചന്ദ്രനെ വരവേറ്റ ദിനം!!! നൂറ്റാണ്ടുകളായി ഈ രണ്ടു ദിവസങ്ങളും 21 ദിവസത്തെ ഇടവേളകളില്‍ നമ്മള്‍ ആഘോഷിക്കുന്നു.

പുരാവസ്തു ഗവേഷകന്മാരുടെ നൂറുകണക്കിനുള്ള ഖനനശിഷ്ടങ്ങളെക്കാള്‍ വിശിഷ്ടമാണ് വാല്മീകിയുടെ ഭാവനാവിലാസം. താന്‍ കാവ്യം എഴുതാന്‍ തുടങ്ങുന്ന കാലത്തിന് എത്രയോ മുമ്പ്, അതായത് 7323 B.C മുതല്‍ തലമുറ തലമുറയായി പകര്‍ന്ന് ജനഹൃദയങ്ങളില്‍ പതിഞ്ഞുകിടന്ന രഘുവംശരാജാക്കന്മാരുടെ കഥയ്ക്ക് ഉചിത കാവ്യസംസ്‌കാരം നല്കി, ഒരു വലിയ ഇതിഹാസം രചിച്ചുവെന്നേയുള്ളു,വാല്മീകി.

രാമനാമം
രാമനാമം താരകമന്ത്രമാണ്. ജപിക്കുന്നവനെ രക്ഷിക്കുന്ന മന്ത്രം. ഈ മന്ത്രം ആര്ക്കും ഏതൊരു സമയത്തും ജപിക്കാവുന്നതാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതുകൊണ്ടുള്ള ഫലം മുഴുവന് ഒരു തവണ രാമനാമം ജപിക്കുന്നതിലൂടെ കൈവരുമെന്ന് പറയുന്നു. ഇത് സാക്ഷാല് ശ്രീപരമേശ്വരന് പാർവതിദേവിക്ക് ഉപദേശിച്ചു കൊടുത്ത രഹസ്യവുമാണ്.

ശ്രീരാമനാമമാകുന്ന മഹാമന്ത്രം ശത്രുക്കളെ ഇല്ലാതാക്കുന്നതും,ഉപനിഷത് വാക്യങ്ങളാല് പൂജിക്കപ്പെടുതും, സംസാരത്തില് നിന്ന് മുക്തിയെ നല്കുന്നതും, യോഗ്യമായ സമയത്ത് എല്ലാ സംഗങ്ങളെയും ഇല്ലാതാക്കുന്നതും സര്വൈശ്വര്യ പ്രദവും,വ്യസനമാകുന്ന സര്പ്പത്തിന്റെ പിടിയില് നിന്ന് മോചിപ്പിക്കുന്നതും ആകുന്നു.

രാമനാമം നിരന്തരമായി ജപിച്ചാണ് കിരാതനായ രത്നാകരന് വാല്മീകി മഹര്ഷിയായി തീര്ന്നത്. രാമനാമം എല്ലാ ദുഃഖങ്ങളെയും അജ്ഞാനത്തെയും നശിപ്പിക്കുന്നതും, സർവത്ര വിജയത്തെ പ്രദാനം ചെയ്യുന്നതുമാണ്.

മഹാഭാരതയുദ്ധം ആരംഭിക്കുന്ന സമയത്ത് കൗരവ സേനാപതിയായ ഭീഷ്മര് ദുര്യോധനനോട് യുദ്ധം ആരംഭിക്കുന്നതിനുള്ള ശുഭ മുഹൂര്ത്തം ചോദിക്കുക്കുമ്പോള് പാണ്ഡവരില് ഇളയവനായ സഹോദരന് നല്ലൊരു ജ്യോതിഷിയാണ്, അതിനാൽ അദ്ദേഹത്തോട് ചോദിച്ചാല് വിജയ മുഹൂര്ത്തം അറിയുവാന് സാധിക്കും എന്ന് ഉപദേശിച്ചു. അനന്തരം ഭീഷ്മര് ദൂതനെ അയച്ച് സഹദേവനെ വിളിക്കുകയും വിജയ മുഹൂര്ത്തം എപ്പോഴാണെന്ന് ആരഞ്ഞു. ഉപദേശം തേടുന്നത് ശത്രുപക്ഷമായാലും, അതിനു സത്യസന്ധമായ മറുപടി നല്കുക എന്നുള്ളത് ഭാരതീയ പൈതൃകമാണ്.

ഇതിന് ശേഷം ശ്രീകൃഷ്ണന് സഹദേവനോട് വിജയമുഹൂര്ത്തം ചോദിച്ചു. അപ്പോള് സഹദേവന് പറഞ്ഞു. ഉത്തമമായ വിജയ മുഹൂര്ത്തം ഭീഷ്മപിതാമഹന് പറഞ്ഞുകൊടുത്തു. അതുകൊണ്ട് രാമരാമ എന്ന് ഭക്തിയോടുകൂടി ജപിച്ച് യുദ്ധം ആരംഭിച്ചാല് മതിയാകും എന്നും വിജയം സുനിശ്ചിതം ആയിരിക്കും എന്നും പറഞ്ഞു. ഇതനുസരിച്ച് പാണ്ഡവര് രാമനാമം ജപിച്ചുകൊണ്ട് യുദ്ധത്തിനിറങ്ങി വിജയം കൈവരിക്കുകയും ചെയ്തു.

യാത്രപുറപ്പെടുമ്പോഴും, ആപത്തിലാകപ്പെടുമ്പോഴും ശത്രുക്കളില് നിന്നും, രോഗത്തില്നിന്നും എല്ലാം മുക്തിസിദ്ധിക്കുന്നതിനും,വിജയം കൈവരിക്കുന്നതിനും രാമനാമം ജപിക്കണമെന്ന് പൂര്വ്വികര് പറയുന്നതിന് കാരണം ഇതാണ്. ഉത്തര ഇന്ത്യക്കാർ പരസ്പ്പരം അഭിവാദ്യം ചെയ്യുന്നത് പോലും “റാം, റാം” എന്നാണ്.

ധർമതിന്റെ മുർത്തിമ ഭാവമാണ് ശ്രീരാമൻ. ഒരു നര ജന്മത്തിന് മോക്ഷമേകാൻ ശ്രീരാമന്റെ ധർമ നിഷ്ഠയും, ഗുരു ഭക്തിയും,ധൈര്യവും, ഏക പത്നീ വ്രതവും, അചഞ്ചലമായ രാഷ്ര സ്നേഹവും അനുകരണീയമായ മാതൃകകൾ ആണ്. ഒരു മഹദ് രാഷ്രമായി ഭാരതം ഇന്നും നില നിൽക്കുന്നതിൽ ശ്രീരാമചന്ദ്രദേവനും, രാമായണത്തിനും ഉള്ള പ്രസക്തിഅനിർവചനീയമാണ് . സ്വജീവിതത്തിൽ പകര്ത്തേണ്ട ഈ നിഷ്ടകൾ ആണ് രാമായണത്തിന്റെ സന്ദേശം.

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ

ജലസമാധി പൂകി മോക്ഷപദത്തിലേക്ക്

പമ്പയുടെ തീരത്താണ് ഓർമ്മവന്ന നാൾ മുതൽ വളർന്നത്. ചെങ്ങന്നൂർ അമ്പലവും, ശാസ്താംകുളങ്ങര നരസിംഹ മൂർത്തിയുടെ നടയും സ്വന്തം വീടിനേക്കാൾ പ്രിയപ്പെട്ട ഇടങ്ങളും. പമ്പയാറാകട്ടെ, ജീവിതത്തിന്റ്റെ ഭാഗവും. 

നാട് വിട്ടിട്ട് ദശാബ്ദത്തിലേറെയായെങ്കിലും,നഷ്ടബോധങ്ങളിൽ വിടാതെ പിന്തുടരുന്നത് ഈ മൂന്ന് ഘടകങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് മുഖപുസ്തകത്തിന്റ്റെ ഭാഗമായപ്പോൾ ഏറ്റവുമധികം സന്തോഷം തോന്നിയത് ചെങ്ങന്നൂർ അമ്പലത്തിന്റെ ഗ്രൂപ്പിലെ അംഗമായപ്പോളാണ്. അതിലൂടെ നാട്ടിലെ ഒട്ടനവധി പഴയ ബന്ധങ്ങളെ തിരികെ ലഭിച്ചു. ലോകത്തിലെ പല ഭാഗത്തായി ജീവിക്കുന്ന എന്നേപ്പോലുള്ളവർക്ക് നാട്ടിലെ ഓരോ സ്പന്ദനങ്ങളും എത്തിച്ചു നൽകിയത്Rajeev Thondiyathu പോലെയുള്ള സുഹൃത്തുക്കളുടെ പോസ്റ്റ്കളാണ്. Facebook ൽ വളരെ സജീവമായിരുന്നു രാജീവ്. കാത്ത് കാത്തിരുന്ന അയാളുടെ കല്യാണവും, കുഞ്ഞുണ്ടായതും, അവന്റെ ചോറൂണും, എല്ലാം ആഹ്ളാദത്തോടെ സുഹൃത്തുക്കൾക്കായി രാജീവ് പങ്ക് വയ്ക്കുമായിരുന്നു. കൂടാതെ, ഉത്സവം, ആറാട്ട്, തൃപ്പൂത്താറാട്ട് തുടങ്ങിയവ എല്ലാം മിക്കവാറും തത്സമയം തന്നെ കണ്ടിരുന്നത് രാജീവ്ജിയുടെ post കളിലൂടെയാണ്. അവസാനം നാട്ടിൽ ചെന്നപ്പോൾ കണ്ടതും അമ്പലത്തിൽ വച്ച് തന്നെ. Sreekumar R Chengannur ഒപ്പം സംസാരിച്ചിരിക്കുമ്പോൾ എന്നെക്കണ്ട് രാജീവ് ഓടിവന്നു. രാജീവിന്റെ postകളിലാണ് ഞാൻ ഇവിടുത്തെ വിശേഷങ്ങൾ അറിയുന്നത് എന്ന് പറഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് നിങ്ങൾക്ക് വേണ്ടിയാണ് ചേട്ടാ ഞാനിതു ഇടുന്നത് എന്നായിരുന്നു മറുപടി. ആ ചിരി ഇന്നലെ നിലച്ചിരിക്കുന്നു... 

ഇന്നലെ കാലത്ത് ഉണർന്ന ശേഷമുള്ള പതിവു Facebook വായനയിൽ ആദ്യം കണ്ണിൽ പെട്ടത് രാജീവിന്റെ ഒരു selfie ആയിരുന്നു. അനിന്തരവൻ കരുണിനൊപ്പം' എന്നായിരുന്നു അടിക്കുറിപ്പ്. എവിടെയോ കണ്ട മുഖം എന്ന് തോന്നിയെങ്കിലും, രാജീവിന്റെ അനിന്തരവനല്ലേ, നാട്ടിൽ കുട്ടികളെക്കെ വളർന്നിരിക്കുന്നു എന്ന് ചിന്തിച്ചു ഒരു ലൈക്ക് നൽകി മുന്നോട്ടു പോയി. 

ഏതാനും മണിക്കൂറിനുള്ളിൽ നടുക്കുന്ന വാര്‍ത്ത എത്തി. വാട്ട്സ്സാപ്പുകളിലൂടെ. രാജീവിനെയും
വിഷ്ണുവിനെയും പമ്പയിൽ കാണാതായി എന്നറിഞ്ഞത് മുതൽ വല്ലാതെ അസ്വസ്ഥമായിരുന്നു മനസ്സ്. പ്രാർത്ഥനാനിരതവും.... 

വിഷ്ണുവിനെ എനിക്കു നേരിട്ട് പരിചയമില്ല. കുഞ്ഞായി അവനെ ഏറെ കണ്ടിരിക്കുന്നു. ആ കുടുംബവുമായി ഏറെ അടുപ്പമുണ്ട്. രാധാകൃഷ്ണൻ ചേട്ടന്റെ അകാല വിയോഗത്തിന് ശേഷം ആ കുടുംബത്തിന് ഒരാഘാതം കൂടി. 

ഇന്നലെ മുതൽ എന്നെ ഏറെ അലട്ടുന്നത് എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതാണ്. ക്ഷേത്രവും, ആത്മീയതയും, കുടുംബവും ആയി നടന്ന നല്ല രണ്ടു ചെറുപ്പക്കാർ. എന്തൊരു ക്രൂരമായ വിധിയാണ് അവരെ കാത്തിരുന്നത്?... ഇരുവരും ഒരുമിച്ച് ആ മരണയാത്രക്ക് മുന്‍പ് ഒരു selfie യും എടുത്തു post ചെയ്തിരുന്നു. ഈശ്വരന്റെ ഇച്ഛ എന്തെന്ന് നാമെന്തറിയുന്നു.?!!..

ഒന്നുറപ്പാണ്. ഇരുവർക്കും എറ്റവും പ്രിയപ്പെട്ട ഭഗവാന്റെ പള്ളിയോടത്തിൽ, ഭഗവൽപദങ്ങൾ പാടിത്തിമിർത്ത്, തിരുവാറൻമുളയപ്പന്റ്റെ തിരുസന്നിധിയിൽ എത്തി ജലസമാധി പൂകി ഇരുവരും വിഷ്ണുപദത്തിൽ ലയിച്ചിരിക്കുന്നു....

ജീവിച്ചിരിക്കുന്ന എല്ലാവരേയും കണ്ണീരിലാഴ്ത്തിയെങ്കിലും ഇരുവരും ഭഗവാന്റെ സന്നിധിയിൽ  മോക്ഷപദത്തിലേക്ക്
 എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ Rajeev & vishnu.
 — with Rajeev Thondiyathu.

നെഹ്റുവിനെ നന്ദിപൂർവം സ്മരിച്ചു മാത്രമേ രാഷ്ട്രപതി പ്രസംഗിക്കാൻ പാടുള്ളൂ എന്ന് ഇന്ത്യൻ ഭരണഘടനയിലില്ല.

http://www.rashtram.com/archives/2234

രാഷ്ട്രപതിയുടെ പ്രസംഗത്തിൽ ജവഹർലാൽ നെഹ്റുവിന്റെ പേര് പരാമർശിക്കാത്തതിന് ലോകസഭയിൽ മുൻ കേന്ദ്ര മന്ത്രിയും, കോൺഗ്രസ് നേതാവും, സർവ്വോപരി മദാമ്മ ഗാന്ധിയുടെ അടുക്കള രാഷ്ട്രീയത്തിലെ പ്രധാന പാത്രം മോറുകാരനായ ആനന്ദ്ശർമ്മയുടെ വഹ പ്രതിഷേധം!!!
നെഹ്റുവിനെ നന്ദിപൂർവം സ്മരിച്ചു മാത്രമേ രാഷ്ട്രപതി പ്രസംഗിക്കാൻ പാടുള്ളൂ എന്ന് ഇന്ത്യൻ ഭരണഘടനയിലില്ല. രാഷ്ട്രപതിയുടെ പ്രോട്ടോകോൾ അങ്ങനെ പറയുന്നുമില്ല. പക്ഷേ, നെഹ്റുവിനെ അങ്ങനെയങ്ങ് മറന്നത് ശരിയായില്ല.
എഡ്വിനാ മൗണ്ട് ബാറ്റന്റ്റെ കാമുകനായിരുന്ന നെഹ്റുവിനെ ഓർക്കാമായിരുന്നു, സുഭാഷ് ചന്ദ്ര ബോസിനെ യുദ്ധക്കുറ്റവാളിയാക്കി ബ്രട്ടീഷുകാർക്ക് കത്തെഴുതിയ, ഭഗത് സിംഗിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കാണാൻ ചെന്ന ചന്ദ്രശേഖര ആസാദിനോട് അലഹബാദിലെ പാർക്കിൽ വച്ച് കാണാമെന്ന് പറഞ്ഞിട്ട്, അതേ സമയത്ത് തന്നെ ബ്രിട്ടീഷ് പട്ടാളം ആസാദിനെ വളഞ്ഞതിൽ ഒറ്റുകാരന്റ്റെ ഒരു റോളുമില്ലാത്ത നെഹ്റുവിനെ ഒന്നാം പൗരൻ ബഹുമാനത്തോടെ ഓർക്കണമായിരുന്നു.
ഐക്യരാഷ്ട്രസഭ ഇന്ത്യക്ക് വച്ചു നീട്ടിയ സെക്യൂരിറ്റി കൗൺസിൽ അംഗത്വം, മധുരമനോജ്ഞ ചൈനയ്ക്ക് ദാനം കൊടുത്ത ശേഷം, സ്വന്തം ജനതയ്ക്ക് യുദ്ധപരാജയവും ചോദിച്ചു വാങ്ങിത്തന്ന, സ്വയം ഭാരതരത്നത്താൽ ആഭൂഷിതനായ, ജന്മം കൊണ്ട് മാത്രം ഇന്ത്യാക്കാരനും, ജീവിതം കൊണ്ടും, സംസ്ക്കാരം കൊണ്ടും താൻ ഇംഗ്ലീഷുകാരനാണന്ന് പ്രഖ്യാപിച്ച, മകളെയും, സന്തതിപരമ്പരകളേയും വംശാധിപത്യ ഭരണമേൽപ്പിച്ച് മൺമറഞ്ഞ ആ മഹദ് വ്യക്തിയെ, ദളിതനായ, സ്വന്തം കുടുംബഭവനം നാട്ടിലെ ഹരിജനങ്ങളുടെ ആശ്രയകേന്ദമാക്കിയ, നിയമജ്ഞനായ, രാജ്യസഭാ മുൻ മെമ്പറും, പിന്നീട് ഗവർണ്ണറുമായ ആറെസ്സെസ്സുകാരനും, മോദിയുടെ സ്വന്തക്കാരനുമായ പുതിയ രാഷ്ട്രപതി മറന്നത് അക്ഷന്ത്യവ്യമായ അപരാധമായിപ്പോയി.

രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?

ഉഴവൂർ വിജയനോട് ആർക്കും വിരോധിക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനും പരാതിയില്ല. പക്ഷെ, അതിന് ചിലർ നിരത്തുന്ന കാരണങ്ങൾ ഒന്ന് കേട്ട് നോക്കൂ;
1. ഉഴവൂർ വിജയൻ തന്റ്റെ കുടുംബത്തിനായി ഒന്നും സമ്പാദിച്ചിട്ടില്ല.
2. അദ്ദേഹം രസികനായിരുന്നു.
രണ്ടും ശരിയാണ്. പക്ഷെ, ഇതുയർത്തുന്ന ചില ചോദ്യങ്ങൾ ഉണ്ട്.
1. ഉഴവൂർ വിജയൻ ഒഴിച്ച് മറ്റു രാഷ്ട്രീയക്കാർ എല്ലാം നന്നായി സമ്പാദിക്കുന്നുണ്ടന്ന് സമ്മതിക്കുകയാണോ, സംസ്ഥാന സർക്കാർ?..
2. ഉഴവൂർ വിജയൻ ഒഴിച്ച് മറ്റ് രാഷ്ട്രീയക്കാർ എല്ലാം 'ബോറന്മാരുമാണോ'?
അപൂർവ്വം ചിലരൊഴികെ, മറ്റെല്ലാവരും അങ്ങനെയാണെന്ന് പൊതു ജനത്തിനറിയാം. എന്നാലും ഈ രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?.. ഇത് ചിന്തിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും, അല്ലേ ?.
സാമാന്യം നല്ല വിദ്യാഭ്യാസം നേടി, അത്യാവശ്യം നല്ല വരുമാനമുള്ള ജോലിയും ചെയ്ത് ജീവിക്കുന്ന മദ്ധ്യവർത്തിക്കാരൻ പോലും മാസചിലവുകളുടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുന്ന കാലത്ത്, പ്രത്യക്ഷത്തിൽ യാതൊരു വരുമാനവുമില്ലാത്ത രാഷ്ട്രീയ പ്രവർത്തകർ എങ്ങനെയാണ് ഇത്ര സുഖമായി ജീവിക്കുന്നത്?...
കഞ്ഞിക്ക് വകയില്ലാതെ പൊതുപ്രവർത്തനം നടത്താനിറങ്ങിയവർ കോടീശ്വരന്മാരായതും, ചില്ലിക്കാശ് കൈയ്യിലില്ലാതെ അത്യാഡംബരപൂർവ്വം ജീവിക്കുന്നതും നാം നിത്യേന കാണുന്നു. അഷ്ടിക്ക് വകയില്ലാത്ത ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നവർ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടി പൊക്കുന്നു. ഭാര്യയുടെയും മക്കളുടെയും പേരിൽ കോടികൾ നിക്ഷേപം, മക്കളുടെ പഠനം മുന്തിയ സ്ക്കൂളിലും, വിദേശ സർവ്വകലാശാലകളിലും, വിദേശയാത്രകളും എന്ന് വേണ്ട, വലിയൊരു അനുചര വൃന്തത്തെ വരെ തീറ്റിപ്പോറ്റുന്ന വിധം സർവ്വത്ര മായിക വളർച്ചയാണ് ഇന്നത്തെ നേതാക്കൾക്ക്.
രാഷ്ട്രീയ പ്രവർത്തനമാണ് ഇന്ന് ഏറ്റവും ആദായമുള്ള കരിയർ. തലമുറകൾക്ക് ഉള്ളത് സമ്പാദിച്ചു കൂട്ടാനുള്ള എളുപ്പവഴി. മക്കൾ രാഷ്ട്രീയത്തിന്റ്റെ പൊരുളും മറ്റൊന്നല്ല. രാഷ്ട്ര സേവനത്തിനിറങ്ങി സർവ്വതും നഷ്ടപ്പെടുത്തിയ പഴയ തലമുറയെ ഇന്നാരോർക്കുന്നു?. ട്രെയിനിലെ ജനറൽ കംമ്പാർട്ടുമെന്റ്റുകളിൽ ഇടിച്ച്തൂങ്ങിയും, ബസ്സിലുമെല്ലാം ഓടി നടന്ന് അരവയറോടെയും, മുഴുപട്ടിണിയോടെയോ രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആ തലമുറ ഇന്ന് പഴങ്കഥയാണ്.
കോർപ്പറേഷൻ ചെയർമാൻ ഒക്കെ ആയിരുന്ന ആളാണ് ഉഴവൂർ. മരിക്കുമ്പോൾ കുട്ടനാടിന്റ്റെ രോമാഞ്ചമായ മന്ത്രി കുവൈത്ത് ചാണ്ടിയുടെ പാർട്ടി പ്രസിഡണ്ട്! പഴയ തലമുറയിലെ ആദർശവാന്മാരോടൊപ്പം വരില്ലെങ്കിലും വലുതായൊന്നും നീക്കി വയ്ക്കാൻ ആ തമാശക്കാരനായില്ല. അതിനാണീ ധനസഹായം.
നന്നായി എന്നേ ഞാൻ പറയൂ. കാരണം ജീവിച്ചിരിക്കുന്ന പലരേയും ഒന്ന് വിലയിരുത്താൻ പൊതുജനത്തിന് ഒരവസരമാണ്. ടാക്സ് മണി കൊടുത്താണെങ്കിലും, നഷ്ടപ്പെടുത്തരുത്!

രാജേഷ് വധം : ഗൂഡാലോചനക്കാരെ പുറത്തു കൊണ്ട് വരണം

നടി ആക്രമിക്കപ്പെട്ട കേസിൽ യഥാർത്ഥ ഗൂഡാലോചനക്കാർ പുറത്തു വരണം എന്ന പോലീസിന്റ്റെ നിർബന്ധം പോലെ തന്നെ, തിരുവനന്തപുരത്ത് RSS പ്രവർത്തകൻ രാജേഷിനെ കൊന്ന കേസിലെയും ഗൂഡാലോചനക്കാരെ പുറത്തു കൊണ്ട് വരണം, വന്നേ പറ്റൂ.
കേരളത്തിലെ നിരവധി, നിരവധിയായ രാഷ്ട്രീയ കൊലപാതകങ്ങൾ ഒന്നിലും യഥാർത്ഥ ആസൂത്രകർ അഥവാ ഗൂഡാലോചനക്കാർ പിടിയിലായ ചരിത്രമില്ല. നേതൃത്വം അറിയാതെ, നിർദ്ദേശിക്കാതെ, കുറഞ്ഞ പക്ഷം, മൗനാനുവാദമെങ്കിലും നൽകാതെ ഒരീച്ചയേ പോലും കൊല്ലുന്നവരല്ല, പഞ്ചപാവങ്ങളായ അനുയായികളും, നേതാക്കൾ ചെല്ലും, ചെലവും കൊടുത്തു വളർത്തുന്ന പാർട്ടി ഗുണ്ടകളും.
ലോക്കൽ ക്രിമിനലുകളായും, ക്വട്ടേഷൻ ഗുണ്ടകളായും 'കഴിവ്' തെളിയിച്ചവർക്കാണ് പാർട്ടി ഗുണ്ടകളായി നിയമനം ലഭിക്കുന്നത്. അവിടെ വെട്ടാനും, കൊല്ലാനുമുള്ള ആധുനിക പരിശീലന പരിപാടി ഒക്കെയുണ്ട്. ആദ്യം പട്ടിയിലും, പശുവിലുമെല്ലാം തുടങ്ങി മനുഷ്യനെ അമ്പത്തിയൊന്നും, എൺപത്തിയൊന്പതുമൊക്കെയായി വെട്ടി നുറുക്കുന്നത് വരെയുള്ള വിദഗ്ധ പരിശീലനമാണ് പാർട്ടി ഗുണ്ടകളെ കാത്തിരിക്കുന്നത്.
അതേ സമയം, സാദാ ഗുണ്ടയ്ക്ക് പോലീസിനെ ഭയക്കണം. ഇടയ്ക്കിടെ ഇടിയും മേടിച്ചു കൂട്ടണം. പോരാത്തതിന് പോലീസ് തലയിലുഴിഞ്ഞ് വച്ചു കൊടുക്കുന്ന തെളിയാത്ത കേസുകൾ ഏറ്റെടുത്ത് ജയിലിൽ പോണം. പക്ഷേ ഇതൊക്കെ പാർട്ടി ഗുണ്ട ആവാനുള്ള അധിക യോഗ്യത ആയി കണ്ടു തെരഞ്ഞെടുപ്പിൽ പ്രത്യേക പരിഗണന ഉണ്ട്. ജയിലുകളാണ് പ്രധാന തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ.
തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ അവന്റെ ശുക്രൻ തെളിഞ്ഞു എന്ന് കൂട്ടിയാൽ മതി. പണത്തിന് പണം, മുന്തിയ വണ്ടി, മൈബൈൽ എന്ന് വേണ്ട, പോലീസ് സ്റ്റേഷനിൽ വരെ പിന്നെ ഭയങ്കര സ്വീകരണമാണ്, പവറും. പോലീസ് സ്റ്റേഷനിൽ കയറി പോലീസിനെ തെറി വിളിച്ചു അതിന്റെ വീഡിയോ എടുത്തു ഫേസ് ബുക്കിൽ ഇട്ടാലും നോ പ്രോബ്ലം! അദ്ദാണ് ത്രസിപ്പിക്കുന്ന ഗുണ്ടാ ലൈഫ്.
കൊതിയാവുന്നു അല്ലേ, തീർന്നില്ല, ഗുണ്ടയായാലുള്ള ഗുണം. അകത്തായാൽ രക്ഷിക്കാൻ സുപ്രീം കോടതിയിൽ നിന്ന് വരെ മുന്തിയ വക്കീലെത്തും. വീട്ട് ചെലവ്, പാർട്ടി നടത്തും. ജയിലിലും കിട്ടും ഇതേ പരിഗണന. ഗ്രൂപ്പ് ഫോട്ടോ വരെയെടുത്ത് ഫേസ്ബുക്കിലിടാം. കൂമ്പിനിടി ഒക്കെ അന്തക്കാലം. ഇവരുടെ കയ്യീന്ന് തട്ട് മേടിക്കാതെ പോലീസ് മാറി നടന്നോളും. പാവത്തുങ്ങൾ!
പുറത്തു വന്നാൽ ആഡംബരമായി കല്യാണം വരെ നടത്തി കൊടുക്കാൻ പാർട്ടി മുൻകൈ എടുക്കും. ആശംസകൾ നേരാൻ മുന്തിയ നേതാക്കൾ തന്നെ വരും. ഇനി തലയിൽ കുറച്ചു ആൾതാമസവും, എല്ലില്ലാത്ത നാക്കുവളച്ച് ഉളുപ്പില്ലാതെ പച്ചക്കളളവും പറയാനറിയാമെങ്കിൽ നേതാവാകാം, എന്തിന്, പാർട്ടി സെക്രട്ടറി വരെയാകാം. തരം കിട്ടിയാൽ മന്ത്രിയോ, മുഖ്യമന്ത്രിയോ വരേയും ആകാം. ആയിട്ടുണ്ട് പലരും..പലവുരു...
ഇങ്ങനെ പ്രമോഷൻ നേടി മുകളിലെത്തിയവർ തങ്ങളുടെ പല കാര്യങ്ങളും നടത്താനായി, കാലാകാലങ്ങളായി ഗുണ്ടകളെ തീറ്റിപ്പോറ്റുന്നു. ഓരോ പ്രതിസന്ധികളും വരുമ്പോൾ ഓരോരോ നരബലികൾ. കഴുതകളായ പൊതുജനത്തിനും, അടിമകളായ സിൻഡിക്കേറ്റ് മാദ്ധ്യമ പരിഷകളേയും വച്ചു ജനശ്രദ്ധ മാറ്റി വിട്ട ശേഷം യഥാർത്ഥ വിഷയങ്ങളിൽ നിന്നും മാദ്ധ്യമ ഹിജിഡകളോടും, പൊതുജനത്തോടും 'കടക്കൂ പുറത്തു' എന്നാഞ്ജാപിക്കും. സമാധാന നാടകങ്ങൾ നടത്തും. വീണ്ടും ഇരതേടിയിറങ്ങും...
ഇതിനെല്ലാം ഒരറുതി വരുത്തേണ്ടേ ?... വേണം. 'ബലിദാനികൾ' എന്നാണ് കൊലക്കത്തിക്കിരയാകുന്നവരുടെ ഓമനപ്പേര്. അവരാരും അവരുടെ ജീവൻ ദാനം നൽകിയതല്ല. അവ നരാധമന്മാരാൽ കവർന്നെടുക്കപ്പെട്ടതാണ്. അവർ ഈ വേട്ടയിലെ ഇരകൾ മാത്രമാണ്.
വാടിക്കൽ രാമകൃഷ്ണൻ മുതൽ ടി.പി ചന്ദ്രശേഖരനും, രമിത്തും, രാജേഷും വരെയുള്ളവരുടെ അരുംകൊലകൾക്ക് എന്നന്നേക്കുമായി ഒരവസാനം കാണണമെന്നുണ്ടെങ്കിൽ ഈ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്ന ഗുണ്ടകളെ മാത്രമല്ല, അവരെ അതിനായി സജ്ജരാക്കുന്ന, പണവും പ്രേരണയും കൊടുത്തിറക്കുന്ന ഗൂഡാലോചനക്കാരേയും ആസൂത്രകരെയും ഈ കൊലകളുടെ പ്രായോജകരേയും പിടികൂടണം.
പൊതുജനസമക്ഷം അവരെ മറയില്ലാതെ അവതരിപ്പിക്കണം. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് രക്ഷപെട്ടു പോകാനാവാത്ത വിധം ഒരിക്കൽ, ഒരാളെയെങ്കിലും ശിക്ഷിക്കുകയും, അയാളുടെ രാഷ്ട്രീയ ഭാവി അവസാനിപ്പിക്കുകയും ചെയ്താൽ; അവിടെ നിൽക്കും, ഈ രാഷ്ട്രീയ കൊലപാതകങ്ങൾ. ഒരു സംശയവും വേണ്ട.

അരുൺ ജയ്റ്റിലിയുടെ സന്ദർശനം നൽകുന്ന സന്ദേശം


രഞ്ജിത്ത് ഗോപാലകൃഷ്ണൻ.
..........................................................................
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട RSS നേതാവ് രാജേഷിന്റെ കുടുംബത്തിന് ആശ്വാസം നൽകാൻ ഞായറാഴ്ച കേന്ദ്ര മന്ത്രി അരുൺ ജയ്റ്റ്ലി എത്തുകയാണ്. കേന്ദ്ര ധനമന്ത്രിയും, പ്രതിരോധ വകുപ്പിന്റെ മന്ത്രിയുമാണ് അദ്ദേഹം.
കേന്ദ്രത്തിൽ നിന്നും പിണറായി സർക്കാരിനു നേരെ വരാനിരിക്കുന്ന കടുത്ത ഏതോ നടപടിയുടെ മുന്നോടിയായാണ് പല സഖാക്കളും ഇതിനെ വിലയിരുത്തുന്നത്. ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ ബിജെപി ഗവർണരെ വച്ച് കോപ്പു കൂട്ടുന്നു എന്നാണ് ആരോപണം. മുഖ്യമന്ത്രിയേയും, പോലീസ് മേധാവിയേയും രാജ്ഭവനിലേക്ക് വിളിച്ചു വരുത്തിയ അസാധാരണ നടപടി ഇതിന്റെയെല്ലാം മുന്നോടിയായിട്ടാണെന്നാണ് വ്യാഖ്യാനം.

ഇതൊരു വിദൂര സാധ്യതയാണ്. എങ്കിലും തള്ളിക്കളയാൻ ആവില്ല. അങ്ങനെയൊരു സ്ഥിതി വിശേഷം ഉളവാകുകയാണെങ്കിൽ അത് പിണറായി വിജയന്റെ സ്വയംകൃതാനർത്ഥം എന്നേ കരുതാനാവൂ. കമാന്നൊരക്ഷരം ഉരിയാടാൻ കെല്പില്ലാത്തവിധം തകർന്നടിഞ്ഞ ഒരു പ്രതിപക്ഷമാണ് കേരളത്തിൽ യുഡിഎഫ്. കേന്ദ്രത്തിൽ പക്ഷെ, അവരും ഇടതുപക്ഷവും ഒരേ പക്ഷമാണ്. ഒരു എംഎൽഎയെ കിട്ടി എന്നതൊഴിച്ച് ബിജെപി അത്ര ഭീഷണിയും ആയിരുന്നില്ല, ഭരണത്തിൽ കേറിയപ്പോൾ പിണറായി വിജയന്. സദ്ഭരണം കാഴ്ച വെച്ചിരുന്നുവെങ്കിൽ കുറഞ്ഞത് പത്തു കൊല്ലം പിണറായി സുഖമായി ഭരിച്ചേനേം.
കേരളത്തിലെ ദൃശ്യ മാധ്യമങ്ങളിൽ മഹാഭൂരിപക്ഷവും പിണറായിയുടെ ആരാധകരുമാണ്. ഭരണത്തിൽ കേറിയ പിണറായിയെ വാഴ്ത്തിയിട്ടവർക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ഈ നിലയിലാണ് കാരണവരെ കറിവേപ്പിലയാക്കി ഇരട്ടച്ചങ്കനെന്ന പേരുമായി പിണറായി ഭരണരഥം ഓടിച്ചു തുടങ്ങിയത്.
ഓർക്കുന്നില്ലേ, മുഖ്യമന്ത്രി ആയ ശേഷമുണ്ടായ ആദ്യത്തെ ദൽഹി യാത്ര. പ്രധാനമന്ത്രിയെ സന്ദർശിച്ച ശേഷം പിണറായി പറഞ്ഞത്, ഭരണ-വികസന കാര്യങ്ങൾക്ക് സകല സഹായവും മോദി വാഗ്ദാനം ചെയ്തു എന്നാണ്. നാളിതു വരെ മോദി സർക്കാരിനെ കുറിച്ച് ഭരണപരമായി ഒരു പരാതിയും പിണറായി സർക്കാരിനില്ല.. എന്ന് മാത്രമല്ല, വിശേഷപ്പെട്ട സഹായ സഹകരണങ്ങൾ ലഭിച്ചിട്ടുണ്ടെന്ന്, തോമസ് ഐസക്ക്, ജി. സുധാകരൻ തുടങ്ങിയ പല മന്ത്രിമാരും പറഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ വിഷയങ്ങളിൽ കേരളത്തിലെ ഇടതുപക്ഷം മോദി സർക്കാരിനെ നഖശിഖാന്തം എതിർക്കുന്നത് തുടരുകയും ചെയ്തിട്ടുണ്ട്. എന്ന് മാത്രമല്ല മോദി സർക്കാർ കൊണ്ട് വന്ന പല പദ്ധതികളും കേരളത്തിൽ അട്ടിമറിക്കപ്പെട്ടു. ജി.എസ്.റ്റി അടക്കം.
ഭരണത്തിൽ കേറി പക്ഷെ, ഒന്നാം വാർഷികത്തിൽ തിരിഞ്ഞു നോക്കി വിലയിരുത്തുമ്പോൾ സർവ്വത്ര വീഴ്ചകളും പിഴവുകളുമാണ് സകലരും കണ്ടത്. ആരാധകരായ പ്രവർത്തകർ അടക്കം. നാടാകട്ടെ, കുരുതിക്കളങ്ങളാകുന്നു. പണ്ട് കണ്ണൂരിൽ മാത്രം ഒതുങ്ങി നിന്ന രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ന് പോലീസ് മേധാവിയുടെ വിളിപ്പാടകലെ വരെ നിർബാധം നടക്കുന്നു.
ഭരണവും, പോലീസും കൈയ്യിലായതോടെ കൊലക്കത്തിയുമായി സിപിഎമ്മിന്റ്റെ ഗുണ്ടകൾ തെരുവിലേക്ക് ഇറങ്ങി. പതിമൂന്നു മാസത്തിനുള്ളിൽ ഇരുപത് കൊലപാതകങ്ങൾ!
കതിരൂർ മനോജ് വധം നടന്നപ്പോൾ രാജ്നാഥ് സിംഗ് നേരിട്ടെത്തിയതാണ്. അപ്പോൾ എങ്കിലും മനസ്സിലാവേണ്ടതായിരുന്നു പിണറായിക്ക്, ഇത് തീക്കളി ആണെന്ന്. നിറുത്തിയില്ല. തിരിച്ചടിക്കാൻ അറിയാത്തവരല്ല, ആറെസ്സെസ്സുകാർ. പലവുരു അവരത് തെളിയിച്ചു കഴിഞ്ഞതുമാണ്. തക്ക തിരിച്ചടി നൽകാൻ ഒരു ഭരണത്തിന്റെ പിന്തുണയും അവർ തേടിയിട്ടില്ല. ഇക്കുറി കാര്യങ്ങൾ മറിച്ചാണ്. കേന്ദ്ര ഭരണം കൈയ്യിലായതിനാൽ ഒരുവിധ വിവാദങ്ങളും ഉണ്ടാവാതിരിക്കാൻ അവർ സ്വന്തം അണികളെ അടക്കി നിർത്തി. ഇതും പക്ഷെ, സിപിഎം ഒരു അവസരമായിട്ടാണ് കണ്ടത്. അരംകൊലകൾ വീണ്ടും നടന്നു . തങ്ങളല്ലാതെ മറ്റൊരു പാർട്ടിയും സംഘടനാ പ്രവർത്തനം നടത്തുന്നതവർ സഹിക്കില്ല. സംഘപരിവാറിന്റെ ഉള്ളിൽ ആകട്ടെ, തക്കതായ തിരിച്ചടി നൽകാൻ വലിയ സമ്മർദ്ദമുണ്ട്. പ്രാദേശികമായി പലേ സംഘർഷങ്ങൾ ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നടക്കുന്നുണ്ട്. എപ്പോൾ വേണമെങ്കിലും ഇത് വ്യാപകമായ ഒരു കലാപത്തിൽ കലാശിച്ചു എന്ന് വരാം.
സംഘപരിവാർ അക്രമത്തിന് ഇറങ്ങണമെന്നതാണ് സിപിഎമ്മിന്റ്റെയും ആവശ്യം. എന്നാലാ ചതിയിൽ വീഴാതെ, സംയമനം പാലിച്ചു, ബുദ്ധിപൂർവ്വമാണ് ബിജെപിയുടെ നീക്കം. എന്നാൽ രാഷ്ട്രീയമായി സിപിഎമ്മിന്റ്റെ കൊലപാതക രാഷ്ട്രീയം, ദേശവ്യാപകമായി തുറന്നു കാട്ടാനവർ ഉറപ്പായും ശ്രമിക്കും. അരുൺ ജയ്റ്റിലി വരുന്നത് വെറുതെ ആവില്ല എന്നർത്ഥം. അദ്ദേഹം കേരളത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയെ കാണുമെന്നത് ഉറപ്പാണ്. ഈ കൂടിക്കാഴ്ച വാർത്തയാക്കാൻ മാദ്ധ്യമങ്ങൾ വരും. വീണ്ടുമൊരിക്കൽ കൂടി 'കടക്കൂ പുറത്തു ' എന്ന് ആജ്ഞാപിക്കാനുള്ള കരുത്തുണ്ടാവില്ല പിണറായി വിജയന്. കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സമക്ഷം പതറാനാണ് സാധ്യത. അതും വാർത്തയാകും, ചർച്ചകളിൽ നിറയും.
രാഷ്ട്രീയ കേരളത്തിലെ ഈ സന്ദർഭത്തിൽ, വരും ദിനങ്ങൾ കേരളത്തിലെ ബിജെപിക്ക് നിർണ്ണായകമാണ്. വളർച്ചയുടെ പടവുകൾ താണ്ടാനവർ ഈ അവസരം മുതലാക്കും. പ്രത്യേകിച്ചും തിരുവനന്തപുരത്ത് ചില നേതാക്കളെ ചുറ്റിപ്പറ്റി അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ, ഇതൊരു പിടിവള്ളി കൂടിയാണ്. സംസ്ഥാന വ്യാപകമായി രഥയാത്രയോ, ഹിന്ദു സമുഹ സമ്മേളനങ്ങളുമായി അവർ കളം നിറയും. ഇതിലും വലിയൊരു അനുകൂല സമയം നിലവിൽ അവർക്ക് ലഭിക്കാനില്ല.
പക്ഷെ, ഇനിയൊരു കൊല കൂടി നടന്നാൽ, അതവസാനമായിരിക്കും. അതിന്റെ സൂചനയാണ് ഈ സന്ദർശനം. 

ഇട്ടുണ്ണൻമാരുടെ ലോകം

ഇട്ടുണ്ണന്, പ്രായാധിക്യം കാരണം ചെവി ലേശം പുറകോട്ടായി. എന്ന് വച്ചാൽ, തൃശ്ശൂർ പൂരത്തിന് വെടി പൊട്ടിയാൽ, 'എന്നാ പൊഹ?' എന്ന് ചോദിക്കുന്ന ലെവല്. അങ്ങനെയിരിക്കെയാണ്,, സ്ഥലം എസ്ഐ, ഇടിയൻ കർത്താ, ആശുപത്രിയിൽ ആണന്നറിഞ്ഞത്.
അതിപ്പോ, സ്ഥലത്തെ പ്രധാന ദിവ്യനായ എസ്സ് ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നിലയ്ക്ക്, പഞ്ചായത്ത് പ്രസിഡണ്ട് ചെന്ന് കാണുക എന്നത് നാട്ടുനടപ്പല്ലേ?.. ചെന്നില്ലേൽ കുറച്ചിലാകും, ചെന്നാലുമുണ്ട് തരക്കേട്. വല്ല കുശലവും ചോദിച്ചാൽ കേട്ട് മറുപടി പറയാൻ ചെവി പിടിക്കില്ല. ഇതിപ്പോ എന്താ വഴി?..
പ്രസിഡണ്ട് അങ്ങനെ വിഷമിക്കുന്നത് കണ്ടാണ് കുരുത്തം കെട്ടതുങ്ങളായ ബോബനും, മോളിയും അങ്ങോട്ടെത്തിയത്. ആംഗ്യഭാഷയിലൂടെ കാര്യം തിരക്കി. ഇട്ടുണ്ണന്റ്റെ വിഷമമറിഞ്ഞ്, ബോബനും, മോളിയും ആലോചനയിലായി.
'ശരിയാ, പ്രസിഡണ്ട് ആശുപത്രിയിൽ പോയില്ലേൽ ഭയങ്കര മോശമാ' ബോബൻ തത്വം പറഞ്ഞു'.
'അതെങ്ങനാ, മോളി ചോദിച്ചു, അവിടെച്ചെന്ന് അങ്ങേര് വല്ലതും ചോദിച്ചേച്ച്, മിണ്ടീല്ലേൽ, പ്രസിഡണ്ടിന് തണ്ടാണന്നേ പറയൂ.'
'ഇതിപ്പോ, എന്താ ഒരു പോംവഴി?!' ഇട്ടുണ്ണൻ നെടുവീർപ്പെട്ടു.'
'ഒരു വഴിയുണ്ട്', ബോബന്റ്റെ കുരുട്ട് ബുദ്ധി ഉണർന്നു. അങ്ങേര് കിടപ്പാണന്നല്ലേ, പറഞ്ഞത്, ബോബൻ പ്രസിഡണ്ട് കൂടെ കേൾക്കാൻ പാകത്തിന് പടക്കം പൊട്ടും പോലെ പറഞ്ഞു തുടങ്ങി..
'ആശുപത്രിയിൽ കിടക്കുന്ന ആളെ കാണാൻ ചെല്ലുമ്പോൾ ചോദിക്കുന്ന സ്ഥിരം ചോദ്യങ്ങൾക്ക് ഉത്തരവും, അതിന്റെ ഭാവവാഹാദികളും മുന്നേ പഠിച്ചേച്ച് പോവുക..
'അത് കലക്കി!', മോളി പിന്താങ്ങി. അതുമതി. രണ്ടോ, മൂന്നോ ചോദ്യങ്ങൾ ചോദിക്കുക, അതിന്റെ ഉത്തരം എസ്ഐ പറയുമ്പോളേക്ക് അതിന്റെ മറുപടിയായി പറയുന്ന വാചകങ്ങളും പഠിച്ചേച്ച് പോവുക. ഉഗ്രൻ ഐഡിയാ.'
ഇട്ടുണ്ണനും തോന്നി, തന്റെ ഈ ഉപദേശകര് പറയുന്നതാണ് ശരി. താൻ പൊട്ടനാണന്ന് നാട്ടാര് തെണ്ടികള് പറയുന്നതിലും നല്ലത് അതു തന്നെയാണ്.
'എന്തൊക്കെ ആയിരിക്കും ചോദിക്കുക?' പുള്ളി ബോബനോട് ചോദിച്ചു.
'അത് ഞാമ്പറയാം'. മോളി ചാടിവീണു. "ആദ്യം, നമ്മളൊരാളെ ആശുപത്രിയിൽ കിടക്കുന്നത് കാണുമ്പോൾ, "ഇപ്പോൾ അസുഖം എങ്ങനെയുണ്ട്?കുറവുണ്ടല്ലോ, അല്ലേ എന്നായിരിക്കുമല്ലോ ചോദിക്കുന്നത്.
'അതെയതെ'. ബോബൻ പറഞ്ഞു. "കുറവുണ്ട്" എന്നായിരിക്കുമല്ലോ, മറുപടി!. അപ്പോൾ പ്രസിഡണ്ട് പറയണം, "വളരെ നന്നായി" എന്ന്. ബോബൻ പ്രസിഡണ്ടിന് പഠിപ്പിച്ചു കൊടുത്തു.
അടുത്തത്, മോളി പറഞ്ഞു.
"എന്നത്തേക്ക് പോവാമെന്നാ പറഞ്ഞത്?, എന്ന് ചോദിക്കണം. അപ്പോൾ, സ്വാഭാവികമായും മറുപടി, ഉടനേ പോകും' എന്നാവുമല്ലോ?..
'അതെയതേ. അപ്പോൾ, സന്തോഷം. ദൈവത്തിന് സ്തുതി എന്നങ്ങ് പറഞ്ഞേക്കണം. എങ്ങനുണ്ട്. ബോബൻ മറുപടി ഡ്രാഫ്റ്റ് ചെയ്തു.
ഇനിയടുത്തത്, ചികിത്സ നൽകുന്ന ഡോക്ടർ ആരാണെന്നങ്ങ് ചോദിക്കണം. ഡോക്റ്ററുടെ പേരങ്ങേര് പറഞ്ഞു കഴിഞ്ഞാലുടനെ പറയണം, "ഓ, അയ്യാളാണോ, അയാളെ ഞാനറിയും. വിദഗ്ധനാണ്. അങ്ങേരോട്, സാറിന്റ്റെ കാര്യം ഞാനൊന്ന് പറഞ്ഞേക്കാം. ഒന്നും പേടിക്കേണ്ടാ, എന്നങ്ങ് കാച്ചിയേക്കണം. ബോബൻ പഠിപ്പിച്ചു കൊടുത്തു.
"ഇത്രേമൊക്കെ പറഞ്ഞ ശേഷം, ഇനി ഞാൻ പോയേച്ച് പിന്നൊരു ദിവസം വരാമെന്ന് പറഞ്ഞു തടി കഴിച്ചിലാക്കണം. മോളി ഉപദേശിച്ചു.
എന്നാപ്പിന്നെ വൈകേണ്ട പിള്ളാരേ, നിങ്ങളും വാ, ഇപ്പോത്തന്നെ, പോയിമ്മേച്ചും വരാം. പ്രസിഡണ്ട് ഒരുങ്ങിയിറങ്ങി.
ആശുപത്രിയിൽ എത്തി. എസ് ഐ നല്ല അവശതയിലാണ്. ചെറിയൊരു മയക്കം.' സാറ് ഉറങ്ങുവാ..' കൂടെ നിന്ന സഹായി മൊഴിഞ്ഞു.
അങ്ങനെ വിട്ടാൽ പറ്റുകേലായല്ലോ, താൻ വന്നതങ്ങേരൊന്ന് അറിയേണ്ടേ?..ഇട്ടുണ്ണൻ അങ്കലാപ്പിൽ ആയി.
ഉണർത്താം.. മോളി പറഞ്ഞു.. എങ്ങനെ?.. ബോബൻ ചോദിച്ചൂ. കൂടെ വന്ന പട്ടിക്കുട്ടിക്ക് ഒരൊറ്റ ചവിട്ടു കൊടുത്തു മോളി.. ചവിട്ട് കിട്ടിയ പട്ടി കീയോ, കീയോന്ന് അലറിക്കരഞ്ഞ് എങ്ങോ ഓടെപ്പോയി. പക്ഷേ, കാര്യം നടന്നു.
എസ്സ് ഐ കണ്ണുതുറന്നു. നല്ല അവശത. കണ്ണ് താനെ അടഞ്ഞു പോകുന്നു. വളരെ ഭവ്യതയോടെയും, കരുണയോടെയും ഇട്ടുണ്ണൻ, അവിടടങ്ങി കൂടെ നിന്നു. എന്നിട്ട് മെല്ലെ ചോദിച്ചു.." ഇപ്പോൾ എങ്ങനെയുണ്ട്?"..
"തീരെ വയ്യ" എസ്സ് ഐ മെല്ലേ മുരടനക്കി. 'വളരെ നന്നായി'. പഠിച്ചു വച്ച മറുപടി സന്തോഷം കാണിച്ച്, മറുപടി നൽകി.
ഇടിയൻ കർത്താ വയ്യാതിരുന്നിട്ടും കണ്ണ് വലിച്ചൊന്ന് തുറന്ന് ഇട്ടുണ്ണനേയും, കൂടെ വന്ന രണ്ടു ചെറുതുങ്ങളേം ചെറഞ്ഞൊന്ന് നോക്കി. ഇടിയൻ കർത്തായുടെ കൂടെ സഹായിയായി നിന്ന ഹേഡ് പിള്ള അന്തം വിട്ടു.
'പണി പാളിയോ കർത്താവേ, ബോബനും മോളിയും പരസ്പരം ഒന്ന് നോക്കി. പയ്യേ പ്രസിഡണ്ടിന്റ്റെ പിന്നിലേക്ക് ഒതുങ്ങി.
ഇതൊന്നും ശ്രദ്ധിക്കാതെ, അടുത്ത ചോദ്യത്തിലേക്ക് കടന്നു, ഇട്ടുണ്ണൻ.
'എന്നത്തേക്ക് ഇവിടുന്ന് പോകാമെന്നാ'?.. വളരെ ആകാംക്ഷയോടെ ചോദിച്ചു?..
"ഇനി, എങ്ങോട്ട് പോവാനാ, പട്ടടയിലോട്ട് എടുക്കുമ്പോ, അറിയിക്കാം."
വയ്യാഴിക കാരണം സ്വല്പം മൂശേട്ട കൂടിയ കർത്താ എസ്സ് ഐ ചൊറിഞ്ഞു.
"അതയോ, അത് നന്നായി, വളരെ സന്തോഷം', ഞാനുമതിനായി ദൈവത്തിങ്കൽ പ്രാർത്ഥനയോടെ ഒരു കൂട് മെഴുക് തിരി കത്തിച്ചേക്കാം."
പിള്ളേര് പഠിപ്പിച്ചു തന്ന വാചകങ്ങൾ ഒന്ന് പരിഷ്കരിച്ച് പറഞ്ഞതിന്റെ സന്തോഷത്തോടെ ഇട്ടുണ്ണൻ ഒന്നിളകി ചിരിച്ചു. എന്നിട്ട്, അല്പം ഉറക്കെത്തന്നെ അടുത്ത കുശലത്തിലേക്ക് കടന്നു.
ബോധം മറയുമ്പോലെ തോന്നി, മോളിക്ക്. ദൈവമേ, പ്രസിഡണ്ട്!.. വീഴും മുന്നേ മോളിയെ കൈയ്ക്ക് പിടിച്ചു പുറത്തു ചാടി, ബോബൻ...
"ആട്ടേ, ആരാ ചികിത്സിക്കുന്ന ഡോക്ടർ?" ആളെ ഞാനറിയുമോ എന്ന് നോക്കട്ടെ" ?.. പ്രസിഡണ്ട് പവർ കുറയ്ക്കാതെ, രണ്ടാം മുണ്ടൊക്കെ ശരിക്ക് തോളത്തോട്ടിട്ട്, വീണ്ടും ചോദിച്ചു .
"കാലൻ, എന്താ, അറിയുമോ'?.. പല്ലു ഞെരിച്ചോണ്ട് ഇടിയൻ കർത്താ ചെരിഞ്ഞ് ഹേഡിനെ ഒന്ന് നോക്കി.
"പിന്നേ..., അയാളേ ഞാനറിയും." ഇട്ടുണ്ണൻ ഉവാചാ.
'നന്നായിട്ടറിയാം, അയാളോട് പറഞ്ഞു, രണ്ടീസം നേരത്തെ വിടാനുള്ള ഏർപ്പാട് ഞാനാക്കിത്തരാം.."
എന്തോ കൂടി മൊഴിയണമെന്നുണ്ടായിരുന്നു, ഇട്ടുണ്ണന്. ടൈം കിട്ടിയില്ല, അഥവാ കൊടുത്തില്ല എന്നാ കേട്ടത്..
ശേഷം ചിന്ത്യം!...
(ടോംസിന്റെ പ്രശസ്തമായ കാർട്ടൂണിൽ നിന്നും വായിച്ചത് ഓർമ്മയിൽ നിന്നും എഴുതിയത്.)..