Tuesday, 4 October 2022

ഗാന്ധി വധം : സംശയങ്ങൾ

 അഹിംസയുടെ അപ്പോസ്തലന്റെ മൃതദേഹം രാജ്‌ഘട്ടിലെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് എടുക്കുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിൽ വാവിട്ടു കരയുന്ന ചിലരൊക്കെ ഉള്ളിൽ ചിരിയ്ക്കുക ആയിരുന്നു.. 


നാമെല്ലാം  കരുതുന്നപോലെ ഒരു ദിവസം രാവിലെ ഗോഡ്‌സെ തോക്കുമെടുത്ത് വീട്ടിൽ നിന്നിറങ്ങി ഗാന്ധിജിയെ വെടിവച്ചു കൊല്ലുക അല്ലായിരുന്നു. ഗോഡ്‌സെ ഗാന്ധിജിയെ വധിയ്ക്കാൻ ശ്രമിയ്ക്കുന്നത് ഒന്നാം തവണയല്ല. രണ്ടാം തവണയല്ല.  മൂന്നാം തവണയല്ല. നാലാം തവണയാണ് ഗാന്ധിജിയെ  വധിയ്ക്കുകയെന്ന ഉദ്യമത്തിൽ അയാൾ വിജയിയ്ക്കുന്നത്. ആദ്യത്തെ മൂന്നു തവണയും ഇക്കാര്യം സർക്കാരിന്റെയും പോലീസിന്റെയും ശ്രദ്ധയിൽ പെട്ടതുമാണ്. ഗാന്ധിജിയെ പോലൊരാളെ മൂന്നു തവണ വധിയ്ക്കാൻ ശ്രമിച്ചിട്ടും അയാളെ ആരും ഒന്നും ചെയ്തില്ലെങ്കിൽ അതിലെന്തോ പന്തികേട് അരിയാഹാരം കഴിയ്ക്കുന്ന ആർക്കും തോന്നുക സ്വാഭാവികം.



കൃത്യമായി പറയാം. 1944 ജൂലൈയിലാണ് ആദ്യമായി ഗോഡ്‌സെ പൂനെയിൽ വെച്ച് ഗാന്ധിജിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിയ്ക്കുന്നത്. എന്നാൽ ഗാന്ധിജിയുടെ അനുയായികളായ മണിശങ്കർ പുരോഹിതും ബില്ലാരെ ഗുരുജിയും ചേർന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി, ഗോഡ്‌സെ പുല്ലുപോലെ രക്ഷപ്പെട്ടു. അതു കഴിഞ്ഞു കേവലം രണ്ടു മാസത്തിനു ശേഷം ഗാന്ധി-ജിന്ന ചർച്ചയ്ക്കിടെ വീണ്ടും ഗാന്ധിജിയെ വധിയ്ക്കാനായി കത്തിയുമായി   ഗോഡ്‌സെ എത്തി, അയാളെ പോലീസ് പിടികൂടി. ഗോഡ്‌സെ പയറുമണിപോലെ രക്ഷപ്പെട്ടു. ഇത് രണ്ടും ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിൽ ആണെന്ന് നമുക്ക് സമാധാനിയ്ക്കാം. ഗാന്ധിജി കൊല്ലപ്പെടുന്ന 1948 ജനുവരി മുപ്പതിന് കേവലം പത്തു ദിവസം മുൻപ് അതായത് ജനുവരി ഇരുപതാം തീയ്യതിയാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിയ്ക്കാനുള്ള തന്റെ മൂന്നാമത്തെ ശ്രമം നടത്തുന്നത്, ഒരു ബോംബ് സ്ഫോടനത്തിലൂടെ. പക്ഷെ പണിപാളി, ലക്‌ഷ്യം നടന്നില്ല. അതിനിടയിൽ ഗോഡ്‌സെയുടെ അനുയായിയായ മദൻലാൽ പഹ്വ പോലീസ് പിടിയിലായി, ഇടി കൊണ്ടപ്പോൾ അയാൾ ഗോഡ്‌സെ അടക്കമുള്ള കൊലയാളി സംഘത്തിന്റെ പേരും നാളും നക്ഷത്രവും വരെ തത്ത പറയുന്നപോലെ പോലീസിനോട് പറയുകയും ചെയ്തു. അന്ന് ഭാരതം ഭരിയ്ക്കുന്നത് കോൺഗ്രസ്സാണ്. ഗാന്ധിജി തന്റെ ജീവിതവും ജീവനും കൊടുത്തു വളർത്തിയ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിയ്ക്കുന്നത് ഗാന്ധിജിയുടെ പ്രഥമ  ശിഷ്യനായ ജവഹർലാൽ നെഹ്രുവാണ്. ഡൽഹി അന്ന് ഭരിയ്ക്കുന്നത് ബ്രിട്ടീഷുകാരല്ല. ഡൽഹി പോലീസിന്റെ നിയന്ത്രണവും ഇന്നത്തെപ്പോലെ അന്നും കേന്ദ്രത്തിനാണ്. ഈ സംഭവത്തിനു ശേഷം കേവലം പത്തു ദിവസങ്ങൾക്കപ്പുറം ഇതേ സ്ഥലത്തു വെച്ചാണ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതെന്ന് പറയുമ്പോൾ ഗാന്ധിജിയുടെ സുരക്ഷയിൽ ഗാന്ധിശിഷ്യന്മാർ എത്രമാത്രം അലംഭാവം കാണിച്ചുവെന്ന് സാമാന്യ ബോധമുള്ള ആർക്കും പിടികിട്ടും. ഗാന്ധിജിയ്ക്കു നേരെയുണ്ടായ വധശ്രമം നെഹ്‌റു അറിയാതിരിയ്ക്കാൻ യാതൊരു സാദ്ധ്യതയുമില്ല, ഗോഡ്സെയെയും കൂട്ടരെയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിലും മഹാത്മാവിന്റെ സെക്യൂരിറ്റി വർദ്ധിപ്പിയ്ക്കേണ്ടത് അദ്ദേഹം നയിയ്ക്കുന്ന സർക്കാരിന്റെയും, വ്യക്തിപരമായി അദ്ദേഹത്തിന്റെയും  ഉത്തരവാദിത്വം ആയിരുന്നു. ആ ഉത്തരവാദിത്വത്തിന് നേരെ വേണ്ടപ്പെട്ടവർ കണ്ണടച്ചിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമല്ല, തീർത്തും അസ്വാഭാവികം തന്നെയാണ്, ഒരു ശരാശരി ഭാരതീയന്റെ കണ്ണിൽ  സംശയാസ്പദം തന്നെയാണ്.



സ്വതന്ത്രഭാരതത്തിന്റെ ശൈശവ കാലമല്ലേ, സുരക്ഷാ സംവിധാനങ്ങൾ ഇന്നത്തെ പ്പോലെ ക്രിയാത്മകം ആയിരിയ്ക്കില്ലല്ലോ എന്ന് മറുപടി പറയുന്നവരുണ്ടാവാം. തെറ്റാണ്. തല്ലിയിട്ടു വരാൻ പറഞ്ഞാൽ തട്ടിയിട്ടു തിരിച്ചുവരുന്ന ഇന്ത്യൻ ആർമി അന്നും സർക്കാരിന്റെ വിരൽതുമ്പിലുണ്ട്, ഇന്റലിജൻസ് ബ്യൂറോയും ഉണ്ട്. മൂന്നുവട്ടം ഗാന്ധിജിയെ വധിയ്ക്കാൻ ശ്രമിച്ച ഗോഡ്‌സെയെ നെഹ്രുവിന്റെ കല്പനപ്രകാരം ഒരു ഏറ്റുമുട്ടലിൽ വധിച്ചിരുന്നെങ്കിൽ പോലും ഗാന്ധി ഒഴികെ ഒരാളും അദ്ദേഹത്തോട് ചോദിയ്ക്കുമായിരുന്നില്ല. തീർന്നില്ല, വേറെയുമുണ്ട്. നാഥുറാം ഗോഡ്‌സെ, ദിഗംബർ ബജ്‌ടെ, വിഷ്ണു കർക്കരെ, നാരായൺ ആപ്‌തെ എന്നിവരടങ്ങുന്ന കൊലയാളി സംഘത്തെ കുറിച്ചുള്ള കൃത്യമായ ഇന്റലിജൻസ് റിപ്പോർട്ട് ബോംബെ സിഐഡി വിഭാഗത്തിലെ  ഓഫീസറായിരുന്ന ജംഷിദ് ജിമ്മി നഗർവാല ഡൽഹിയിലെ ഗാന്ധിജിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഡെപ്യൂട്ടി കമ്മീഷണർ സഞ്ജീവിയെ അറിയിച്ചിരുന്നു. ജനുവരി 20ലെ ശ്രമത്തിനുശേഷം ഗോഡ്സെയും സംഘവും വീണ്ടും ഗാന്ധിജിയെ വധിയ്ക്കാൻ തിരിച്ചെത്തുമെന്ന വിവരം തനിയ്ക്കു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡൽഹി പൊലീസിന് കൃത്യമായി മുന്നറിയിപ്പു നൽകിയിരുന്നു. ഈ അന്വേഷണത്തിന് നാഗർവാലയോടു  നിർദ്ദേശിച്ചത് അന്ന് ബോംബെ ആഭ്യന്തര മന്ത്രിയായിരുന്ന പിൽക്കാലത്തു ഇന്ത്യയുടെ പ്രധാനമന്ത്രിയായ മൊറാർജി ദേശായിയാണ്. അത്രമാത്രം മുന്നറിയിപ്പുകൾ ഗാന്ധിവധത്തെ സംബന്ധിച്ച് പോലീസിന്റെയും കേന്ദ്ര സർക്കാരിന്റെയും മുന്നിലുണ്ടായിരുന്നു. അവിടെയെല്ലാം ഡൽഹി പോലീസും, അവരെ നിയന്ത്രിച്ചിരുന്ന ഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാക്കന്മാരും കണ്ണടച്ചു, മഹാത്മാവിനെ ഗോഡ്സെയുടെ മുന്നിലേയ്ക്കെത്തിച്ചു കൊടുത്തു. 



ഇനിയുമുണ്ട്. പൂനെയിൽ നിന്നും ഈ സംഘത്തെക്കുറിച്ചു മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. പൂനെയിൽ, ഗോഡ്സെയും സംഘത്തെയും സ്ഥിരമായി നിരീക്ഷിയ്ക്കുകയും റിപ്പോർട്ട് ചെയ്യുകയും ഇവർ അങ്ങേയറ്റം അപകടകാരികൾ ആണെന്നു റിപ്പോർട്ട് ചെയ്യുകയും ചെയ്ത സിഐഡി ഉദ്യോഗസ്ഥനോട് ഇനി സേവനം തുടരേണ്ടതില്ലെന്ന കൽപ്പന കൊടുത്തത് സായിപ്പല്ല, ഗാന്ധിശിഷ്യന്മാരും അവരുടെ പോലീസും തന്നെയാണ്. മാത്രമല്ല, വധിയൂക്കപ്പെടുന്ന ദിവസം ഗാന്ധിയ്ക്കൊപ്പം ഉണ്ടായിരുന്ന അമേരിക്കൻ വിദേശകാര്യ വകുപ്പിലെ ജൂനിയർ കോൺസൽ ആയിരുന്ന ഹെർബർട്ട് റെയ്നർ അന്നേദിവസം  ഗാന്ധിയ്ക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷ തീർത്തും അപര്യാപ്തമായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഗോഡ്‌സെയെ സംഭവസ്ഥലത്ത് വെച്ച് പിടികൂടിയതും ഈ അമേരിക്കക്കാരനാണ്, അല്ലാതെ പൊലീസല്ല. 


ഇനി, എന്തുകൊണ്ടാണ് ഗാന്ധിജിയുടെ സുരക്ഷയിൽ ഇന്ദ്രപ്രസ്ഥത്തിലെ നേതാക്കന്മാർക്ക് ഇത്രയും താല്പര്യം ഇല്ലാതിരുന്നത്. ഉത്തരം സിമ്പിളാണ്, സിംഹം ഉള്ളിടത്ത് പട്ടിയെ ആരും ഗൗനിയ്ക്കില്ല. ആര് പ്രധാനമന്ത്രി ആയാലും, രാഷ്ട്രപതി ആയാലും ഭാരതീയരും, ഈ ലോകം തന്നെയും കാതോർക്കുന്നതും അനുസരിയ്ക്കുന്നതും അവരെയൊന്നും ആയിരിയ്ക്കില്ല  ഗാന്ധിജിയെ ആയിരിയ്ക്കും. വേറെയുമുണ്ട്. കോൺഗ്രസ്സിന് അകത്തെ കുടുംബവാഴ്ച അദ്ദേഹം അനുവദിയ്ക്കില്ല. അഴിമതിയോ, അക്രമമോ വെച്ചുപൊറുപ്പിയ്ക്കില്ല. ചുരുക്കിപ്പറഞ്ഞാൽ അഹിംസയുടെ  അപ്പോസ്തലന്റെ മൃതദേഹം രാജ്‌ഘട്ടിലെ അന്ത്യവിശ്രമ സ്ഥലത്തേയ്ക്ക് എടുക്കുമ്പോൾ ഇന്ദ്രപ്രസ്ഥത്തിലെ ഇടനാഴികളിൽ വാവിട്ടുകരയുന്ന ചിലരൊക്കെ ഉള്ളിൽ ചിരിയ്ക്കുക ആയിരുന്നു. അവരിൽ പലർക്കും വേണ്ടത് ഗാന്ധിജിയെ അല്ല, അദ്ദേഹത്തിൻറെ പേര് മാത്രമായിരുന്നു. മഹാനെന്നും രാഷ്ട്രശില്പി എന്നുമുള്ള മുദ്രകൾ പിൽക്കാലത്ത് അവർക്ക് ചാർത്തി കൊടുക്കുന്നത് അവരുടെ ഒക്കെ സന്തതിപരമ്പരകൾ  മാത്രമാണ്.  



ലോകചരിത്രത്തിലെ ഇതിഹാസ നായകന്മാർ, ഗാന്ധിജിയും, മാർട്ടിൻ ലൂഥർ കിങ്ങും, നെൽസൺ മണ്ടേലയും ഒന്നും സുന്ദരന്മാർ ആയിരുന്നില്ല. എന്നാൽ ചരിത്രത്താളുകളിലെ വില്ലന്മാരിൽ പലരും സുന്ദരമായ മുഖങ്ങൾ ഉള്ളവരുമായിരുന്നു.


അവലംബം: "സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ" -ലാരി കൊളിൻസും, ഡൊമിനിക് ലാപിയറും ചേർന്ന് എഴുതിയത്.

No comments:

Post a Comment