ശശി തരൂരിന് വേണ്ടി കരഞ്ഞു മെഴുകുവാണ് മലയാള മാദ്ധ്യമ ശിങ്കങ്ങൾ. ഹാഷ്മിയുടെ ഒക്കെ കരച്ചിൽ കേട്ടാൽ പെറ്റതള്ള സഹിക്കില്ല.. അമ്മാതിരി കരച്ചിലാണ്.. കാണുന്നവന്റെ വരെ ഫിലമെൻ്റടിച്ചു പോവും ഹാഷ്മിയുടെ ശ്വാസം മുട്ടിയുള്ള സാഹിത്യം കേട്ടാൽ... മല്ലികാർജ്ജുന ഖാർഗേക്ക് വേണ്ടി വോട്ടു തേടാനിറങ്ങിയ രമേശ് ചെന്നിത്തലയെ പ്രാകി നശിപ്പിച്ചു കളഞ്ഞു ടിയാൻ. പുട്ടിന് പീര പോലെ ആർ.എസ്സ്.എസ്സിനേയും ഇതിനിടെ ചേർത്തു ഹാഷ്മി. തരൂര് ഇറങ്ങിയിരിക്കുന്നത്, ആർ.എസ്സ്. എസ്സിനെ നേരിടാനാണത്രേ. എന്ന് വച്ചാൽ സോണിയാ ഗാന്ധിയുടെ സ്ഥാനാർത്ഥി ഖാർഗേ ആർ.എസ്സ് എസ്സാണെന്നല്ലേ?! എന്തരോയെന്തോ?
കേരളത്തിൽ തരൂരിന് വേണ്ടി ആദ്യം പണി തുടങ്ങിയത് മറുനാടനാണ്. ദിനം പ്രതി ഒരഞ്ചു വീഡിയോയിൽ തുടങ്ങി സർവ്വേ വരെ നടത്തിക്കളഞ്ഞു പഹയന്മാർ. ഏഷ്യാനെറ്റടക്കം മറ്റ് ചാനലുകളും, ഓൺലൈനുകളുമെല്ലാം ഇപ്പോൾ ഒപ്പം പിടിക്കാനുള്ള ഓട്ടത്തിലാണ്. സുധാകരനും, സതീശനും മുതൽ ചെന്നിത്തല വരെയുള്ളവരെ തരൂരിനെ എതിർക്കുന്ന വില്ലൻമാരാക്കിക്കഴിഞ്ഞു. ഇനി തരൂർ തോറ്റു കഴിയുമ്പോൾ തെരുവിലിട്ടു് ഇവരെയൊക്കെ ആരെങ്കിലും തല്ലിയെന്ന് വരെ വരാം. അമ്മാതിരി ഇമേജ് ബിൽഡിങ്ങാണ് ഈ മാമാകൾ എല്ലാം കൂടി തരുരിന് ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. ഏതായാലും മേടിച്ച കാശിന് അവറ്റകൾ പണിയെടുക്കുന്നുണ്ട്.'
എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇന്ത്യയെന്നാൽ കേരളത്തിനപ്പുറം ഒരു വിശാലമായ ഭൂപ്രദേശം കുടി ചേർന്നതാണെന്ന് ഇവരിൽ പലരും കരുതുന്നതേയില്ല. ബി ജെ പിയേയും ആർഎസ്സ്എസ്സിനേയും ഒക്കെ വിട്, മദ്ധ്യപ്രദേശിലും, ഗുജറാത്തിലും, ആസ്സാമിലും ഇപ്പോഴും ഭരണമുള്ള രാജസ്ഥാനിലുമൊക്കെ ശക്തമായ പാർട്ടി തന്നെയാണ് ഇന്നും കോൺഗ്രസ്സ്. ഇവിടെയൊക്കെ ഗ്രൗണ്ട് ലവലിൽ കോൺഗ്രസ്സ് പാർട്ടിയിൽ സ്വാധീനം ഉണ്ടാക്കാൻ തിരഞ്ഞെടുപ്പ് കാലത്തല്ലാതെ മണ്ണിൽ ചവിട്ടാത്ത ശശി തരൂരിന് ആവുമോ? സംശയമാണ്.
ഖാർഗേക്ക് ആവുമോ എന്ന് മറിച്ചു ചോദിച്ചാൽ ആവില്ല എന്ന് തന്നെയാണ് ഉത്തരം. എന്നാൽ ഹൈക്കമാൻഡിന് അഥവാ സോണിയാഗാന്ധിക്ക് ഇപ്പോൾ ആവശ്യം 2024 തിരഞ്ഞെടുപ്പ് കഴിയും വരെ ആ സ്ഥാനത്തിരിക്കാൻ ഒരു ഡമ്മി പ്രസിഡൻറിനേയാണ്. കാരണം 2024-ലെ തിരഞ്ഞെടുപ്പിൽ മോദിയെ മറികടന്ന് ഭരണം പിടിക്കാൻ കോൺഗ്രസ്സിന് ആവില്ല എന്നത് സുവ്യക്തമാണ്. ആ പരാജയം രാഹുൽ ഗാന്ധി പ്രസിഡൻറായി ഇരിക്കുമ്പോൾ വേണ്ട മറിച്ച് ആ പരാജയം ഏൽപ്പിച്ചു കൊടുക്കാൻ പറ്റിയ' ഒരാളെ അവർക്ക് വേണം. ആ ആളാണ് മല്ലികാർജ്ജുന ഖാർഗേ.
2024 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം രാഹുലിന് പ്രസിഡൻറാകുകയും ചെയ്യാം. രാഹുൽ ഗാന്ധി തത്ക്കാലം പ്രസിഡന്റ് പദം ഏറ്റെടുക്കാത്തതിന് നാഷണൽ ഹെറാൾഡ് കേസ് മറ്റൊരു കാരണമാണ്. അതിൽ ശിക്ഷിക്കപ്പെട്ടാലും ഉന്നത കോടതികളിൽ അപ്പീലും വിചാരണയും ഒക്കെയായി കാലം കുറേയെടുക്കും. തത്ക്കാലം വിഷയം 2024ലെ തിരഞ്ഞെടുപ്പു തന്നെയാണ്. "ഹൈക്കമാൻഡിന്റെ" ഖാർഗേ താത്പര്യം അതാണ്.
ശശി തരൂർ പ്രസിഡൻറായാൽ ഇതൊന്നും നടക്കില്ല. തരൂരിന്റെ അക്കാഡമിക്ക് രംഗത്തെ മികവോ, അന്താരാഷ്ട്ര ഇമേജോ ഹിന്ദി ബൽറ്റിൽ ഓടില്ല എന്നതും മറ്റൊരു ന്യൂനതയാണ്...അതിലുമുപരി രാഹുൽ ഗാന്ധി സൈഡാകുകയും ചെയ്യും.. താരതമ്യേന കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ പുതുമുഖമായ തരൂർ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളുടെ മുകളിൽ എത്തുക എന്നതും കോൺഗ്രസ്സ് നേതാക്കൾക്ക് അചിന്ത്യമായ കാര്യമാണ്. അതിനാൽ തന്നെ ഇവിടെ ഹാഷ്മിമാർ എത്രത്തോളം ഓരിയിട്ടാലും ശരി, ശശി തരൂർ നീങ്ങുന്നത് വമ്പൻ തോൽവിയിലേക്കാണ്. തുടർന്ന് പാർട്ടിക്ക് പുറത്തേക്കും..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment