നമ്മുടെ രാഷ്ട്രീയക്കാർ എങ്ങനെയാണ് ജീവിക്കുന്നത്?!.. നമ്മുടെ നാടിനേയും, ജനങ്ങളേയും, ജനാധിപത്യത്തേയും ആദരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഓരോരുത്തരുടേയും മനസ്സിൽ കാലങ്ങളായുള്ള സമസ്യയാണിത്..
കാരണം, ബിസിനസ്സോ, ജോലിയോ ഒക്കെ ചെയ്തു സാമാന്യം തരക്കേടില്ലാത്ത വരുമാനമുള്ളവർ പോലും ജീവിതചിലവുകളുടെ മുൻപിൽ മുട്ടിടിച്ചു ജീവിക്കുന്ന കാലമാണിത്.. അപ്പോളാണ്, നമ്മുടെ നാട്ടിൽ പറയത്തക്ക യാതൊരു ജോലിയോ, കച്ചവടമോ ഒന്നുമില്ലാത്ത ഒരു കൂട്ടം മനുഷ്യർ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകരായി നിറഞ്ഞാടുന്നത്. കാലണ കൈയ്യിലില്ലാതെ ചെറ്റകുടിലിൽ നിന്നും ജീവിതം തുടങ്ങിയവർ കോടീശ്വരന്മാരായി മാറിയത് കണ്ട് നാം മൂക്കത്ത് വിരൽ വച്ചു അതിശയിക്കാറില്ലേ..?!
നിസ്വാർത്ഥ ദേശ സേവനവും നരനെ നാരായണനായി കണ്ട് ജന സേവനവും നടത്താൻ സ്വജീവിതം സമർപ്പിച്ചിരുന്ന കാലം വിസ്മൃതിയിലായിക്കഴിഞ്ഞു. ആദർശങ്ങളുടെ പേരിൽ രാഷ്ട്രീയത്തിലേക്ക് ഇന്ന് എത്ര പേർ എത്തുന്നുണ്ട്.? ഇന്ന് രാഷ്ട്രീയം ഒരു തൊഴിലാണ്. ഏതൊരു തൊഴിലും പോലെ വ്യക്തിഗത മികവ് അവിടെയും വേണം. പ്രധാനമായും അറിവും, പ്രസംഗിക്കാനുള്ള കഴിവും സംഘടനാ മികവും മാനദണ്ഡമാണ്. എങ്കിലും കുടുംബപാരമ്പര്യവും, പെട്ടിപിടുത്തവും മത സാമുദായിക പരിഗണനയും ഇവിടെ യോഗ്യരെ മറികടന്ന് മേൽകൈയ്യ് നേടാറുണ്ട്. ഈ രാഷ്ട്രീയക്കാരുടെ വരുമാനം പ്രധാനമായും, കളവു, പിരിവ്, കാക്കാപിടുത്തം എന്നിവയാണ്..! സ്വന്തമായി അദ്ധ്വാനിച്ചു സമ്പാദിക്കാത്തവരുടെ വരുമാനമാർഗ്ഗം ഇതല്ലേയാകൂ..
കളവു എന്ന് വച്ചാൽ കൈക്കൂലി, അഴിമതി എന്നിങ്ങനെ. പിരിവ് എന്ന് വച്ചാൽ പണ്ട് കാലത്തെ പോലെ സാധാരണ ജനങ്ങളിൽ നിന്ന് എട്ടണപ്പിരിവല്ല. മറിച്ച് കുത്തക മുതലാളിമാരും, അനധികൃത ക്വാറി നടത്തുന്നവരും, മണൽ, മദ്യമാഫിയ, സ്വർണ്ണക്കടത്തുകാർ തുടങ്ങിയവരാണ് ഇന്ന് രാഷ്ട്രീയക്കാരുടെ വരുമാന സ്രോതസ്സ്. മദ്യ രാജാവു് മണിച്ചന്റെ മാസപ്പടി വാങ്ങിയിരുന്ന ഒരാളിന്ന് മന്ത്രിയല്ലേ?
എന്നാൽ എല്ലാ രാഷ്ട്രീയക്കാരും അങ്ങനെയല്ല കേട്ടോ.. ദക്ഷിണാഫ്രിക്കയിൽ നിന്നും മടങ്ങി വന്ന ഗാന്ധിജി കോൺഗ്രസ്സിൽ ചേരാൻ ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചതിന് കാരണം കുടുംബച്ചിലവുകൾ എങ്ങനെ നടത്തും എന്ന വേവലാതിയായിരുന്നു.. ഒടുവിൽ ഗോപാലകൃഷ്ണ ഗോഖ്‌ലെയുടെ അഭ്യർത്ഥന പ്രകാരം ടാറ്റ ഗാന്ധിജിയെ സഹായിക്കാമെന്ന് ഉറപ്പു നൽകിയ ശേഷമാണ് അദ്ദേഹം നേതൃത്വം ഏറ്റെടുക്കാൻ സമ്മതിച്ചത്. വല്ലഭായ് പട്ടേൽ ബോംബെയിൽ അന്നത്തെ കാലത്ത് ലക്ഷം ഫീസ് വാങ്ങുന്ന മികച്ച അഭിഭാഷകനായിരുന്നു. അങ്ങനെ എത്രയോ പേർ. (ഇനിയും എഴുതിയാൽ പട്ടിക നീണ്ടു പോകും.)
എന്നാൽ ഭൂരിഭാഗം പേരും അങ്ങനെ സ്വന്തം വരുമാനം ഉള്ളവരല്ല.. ഒന്നുകിൽ രാഷ്ട്രീയം അഥവാ ജനസേവനം ജീവിതവൃതമാക്കി ഏതു സാഹചര്യങ്ങളേയും നേരിടാൻ ഇറങ്ങിയ നിസ്വാർത്ഥരാകും അവർ.. കുമ്മനം രാജശേഖരനെ പോലെ ജോലി രാജി വച്ച് സമാജ സേവനത്തിന് ഇറങ്ങിയവർ.
മറ്റൊരു കൂട്ടരുണ്ട്. രാഷ്ട്രീയം അവർക്ക് തൊഴിലാണ്. ജീവിതത്തിൽ ഒരു പണിയും ചെയ്തിട്ടുണ്ടാവില്ല. പിണറായി വിജയനോ, ഉമ്മൻചാണ്ടിയോ, കെ.സുരേന്ദ്രനോ രാഷ്ട്രീയമല്ലാതെ മേലനങ്ങി എന്തെങ്കിലും പണിയെടുത്തതായി കേട്ടിട്ടുണ്ടോ?! ഇവരെപ്പോലെയാണ് മേൽപ്പറഞ്ഞ ഭൂരിഭാഗവും..
ഇനി മൂന്നാമതൊരു വിഭാഗം കൂടിയുണ്ട്. പ്രധാനമായും രാഷ്ട്രീയം പ്രഫഷനായി തിരഞ്ഞെടുക്കുന്ന പുതു തലമുറയാണ്. അത്യാവശ്യം ചുറ്റുപ്പാടുകൾ അവർക്കുണ്ടാകും. രാഷ്ട്രീയത്തിൽ ആകട്ടെ വളരെ ശ്രദ്ധാപൂർവ്വമാകും അവരുടെ കരുനീക്കം. ജനസേവന പ്രവർത്തനങ്ങൾ മുതൽ ചാനൽ ചർച്ചകളിൽ വരെ അവരു നിറഞ്ഞാടും. കളങ്കിത വ്യക്തിത്വങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞ് നിൽക്കും. പിരിവുകൾ സുതാര്യമായിരിക്കും. അങ്ങനെ ഇമേജ് ബിൽഡ് ചെയ്യാൻ നോക്കും. ഇത്തരക്കാർ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ അപകടം സ്വന്തം പാളയത്തിൽ തിരിഞ്ഞു നിന്ന് പട വെട്ടുന്ന മുതിർന്നവരും ഞണ്ടിനേപ്പോലെ വലിച്ചു താഴെയിടാൻ നോക്കുന്ന സഹപ്രവർത്തകരുമാണ്. അങ്ങനത്തെ ചതിക്കുഴികളിൽ നിറഞ്ഞയിടമാണ് ഇന്ന് രാഷ്ട്രീയം.
മിക്കവാറും രാഷ്ട്രീയക്കാർ ലക്ഷ്യം വയ്ക്കുന്നത് പണവും പ്രശസ്തിയും പദവികളുമാണ് എന്ന് ഇന്ന് എല്ലാവർക്കുമറിയാം. പഞ്ചായത്ത് തലം മുതൽ പാർലിമെൻറ് വരെയുള്ള ഏതെങ്കിലും പദവികളോ, ഏതെങ്കിലും കോർപ്പറേഷനോ, പി.എസ്സ്.സി, റയിൽവേ തുടങ്ങിയ അനേകം ബോർഡുകളിലോ ഒക്കെ കയറിപ്പറ്റി സ്വന്തം വരുമാനം ഉറപ്പിക്കലാണ് ഇവരുടെ വഴി. എന്നാൽ ഈ ഒരു സുരക്ഷിതത്വത്തിലേക്ക് എത്തപ്പെടാൻ വർഷങ്ങളുടെ അദ്ധ്വാനം ആവശ്യമുണ്ട്. അവിടെയാണ് പാർട്ടികളുടെ പിന്തുണ ആവശ്യമുള്ളത്..
അണികളേയും, ആശ്രയിക്കുന്നവരേയും, ആസ്മാദികളേയും കൈവിടാത്ത ആളായിരുന്നു കരുണാകരൻ. അതേസമയം രാഷ്ട്രീയത്തിൽ വന്ന നാൾ മുതൽ പദവികളിൽ നിന്ന് പദവികളിലേക്ക് ചാടിക്കളിച്ച ആളാണ് ആന്റണി. തയ്യൽക്കാരനായിരുന്ന അച്ചുതാനന്ദനിൽ നിന്നു് കുത്തക മുതലാളിയുടെ സ്വകാര്യ ഹെലികോപ്റ്ററിൽ ഭാര്യയേയും മകളേയും കൊച്ചുമകനേയും കുട്ടി കണ്ണൂരിൽ നിന്ന് കൊച്ചിക്കും അവിടുന്ന് വിദേശത്തേക്കും പറക്കുന്ന ഏകാധിപതിയാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി.
അതെന്തൊക്കെയായാലും, സ്വന്തം പാർട്ടിക്കാരേയും, അണികളേയും സംരക്ഷിക്കുന്നതിലും അവർക്ക് വരുമാന മാർഗം ഉണ്ടാക്കിക്കൊടുത്ത് ജീവിതകാലം മുഴുവൻ പാർട്ടി അടിമകളായി നിലനിർത്തുന്നതിൽ സി പി എം കഴിഞ്ഞേ മറ്റൊരു പാർട്ടി കേരളത്തിലുള്ളൂ. അണികൾക്ക് ചുമട്ടു തൊഴിലാളി ബാഡ്ജ് നേടിക്കൊടുക്കുന്നതിൽ തുടങ്ങിയ ഈ വരുമാനാധിഷ്ഠിത പാർട്ടി പ്രവർത്തനം ഇന്ന് അണികളുടേയും നേതാക്കളുടെയും ഭാര്യമാർക്കും ആശ്രിതർക്കും ലക്ഷങ്ങൾ ശമ്പളമുള്ള അനധികൃത സർക്കാർ ജോലികളിൽ എത്തി നിൽക്കുന്നു. ഇതിൽ യോഗ്യത മറികടന്നും പരീക്ഷകൾ അട്ടിമറിച്ചും അനധികൃത ശുപാർശകളിലൂടെയുമുള്ള ജോലി നൽകൽ അധാർമ്മികമാണെങ്കിലും അണികളുടെ ജീവിത സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകുന്ന സിപിഎമ്മിന്റെ കരുതൽ നയം ശ്ലാഖനീയം തന്നെയാണ്. അതിലൂടെ എത്രയെത്ര യുവ നേതാക്കളേയാണ് സി പി എം കണ്ടെത്തുന്നത്.?!
ഒരു കാലത്ത് യുവതുർക്കിയായിരുന്ന ശ്രീരാമകൃഷ്ണൻ "സ്വപ്ന", വിഐപി പദവിയായ സ്പീക്കർ വരെയായി. കോഴിക്കോട്ട് ക്രൈമിന്റെ ഓഫീസ് തല്ലിപ്പൊളിച്ച കേസിലെ പ്രതി ഇന്ന് മന്ത്രിയും, മരുമോനുമാണ്. ചാനൽ ചർച്ചകളിൽ സന്ദീപ് വാര്യരുടേയും, ശിവശങ്കരൻറെയും, വചസ്പതിയുടേയും മുന്നിൽ തേഞ്ഞിരുന്ന റഹിം ഇന്ന് പാർലിമെന്റ് അംഗവും, ഷംസീർ സ്പീക്കറുമാണ്. ഇങ്ങനെ എത്രയെത്ര യുവനേതാക്കൾ?! എന്നാൽ ബിജെപി, സോറി കേജേപ്പിയുടെ കാര്യമോ?!
അഞ്ചു ശതമാനം വോട്ടു സ്വപ്നം മാത്രമായിരുന്ന എൺപതുകളിൽ ആദർശാധിഷ്ഠിത നേതൃത്വമായിരുന്നു ആർ.എസ്സ്എസ്സിന്റെയും, ബിജെപിയുടെ വളർച്ചക്ക് കേരളത്തിൽ അടിത്തറ പാകിയത്. പി.പരമേശ്വരൻ സംഘത്തിന്റെയും, കെജി മാരാർ ബിജെപിയുടേയും മുഖങ്ങളായി. അവരോളം തന്നെ കിടയറ്റ നേതാക്കൾ വേറെയും. ഇവരെല്ലാം ചെയ്തത് സംഘടനകളെ ശക്തിപ്പെടുത്താൻ പുതുതലമുറ നേതാക്കളെ വളർത്തിക്കൊണ്ട് വരികയെന്നതായിരുന്നു. അങ്ങനെയാണ് സംഘം നിയോഗിച്ച പി.പി.മുകുന്ദൻ ബിജെപി രാഷ്ട്രീയത്തിൽ എത്തിയത്.
മുകുന്ദേട്ടൻ എന്ന് എതിരാളികൾ പോലും വിളിക്കുന്ന അദ്ദേഹമാണ് ഇന്ന് കാണുന്ന നേതാക്കളെ ബി ജെ പിയിൽ എത്തിച്ചത്. കൃഷ്ണദാസ്, മുരളീധരൻ, എം.ടി.രമേശ് തുടങ്ങി സുരേന്ദ്രൻ വരെയുള്ളവർ വളർന്നതും ഉയർന്നതും ഈ തണലിലാണ്. ഒടുവിൽ അവർ തന്നെ മുകുന്ദനെ കാലു വാരി. ഇന്ന് ഗ്രൂപ്പു തിരിഞ്ഞ് സ്വന്തം നിലയിൽ പ്രവർത്തിക്കുന്ന ഇവരാകട്ടെ ഇനിയൊരു തലമുറ ഇവിടെ വേണ്ട എന്ന നിലയിൽ പുതുനാമ്പുകളെ ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഇപ്പോൾ പാർട്ടി ഭരണം കൈയ്യിലുള്ള മുരളീധരനും സുരേന്ദ്രനും.
അടുത്തയൊരു പത്തു വർഷത്തേക്കെങ്കിലും തങ്ങൾക്ക് മീതെ വളരാനൊരു വൃക്ഷം ഇവിടെ മുളയ്ക്കേണ്ട എന്നതാവണം അവരുടെ തീരുമാനം. ജനങ്ങൾ ഇഷ്ടപ്പെടുന്ന ആരേയും പാർട്ടിയിൽ ഉയരാൻ അനുവദിക്കാത്തതിന് കാരണം അതാവും. മുൻപ് ശിവശങ്കരനേയും പിന്നീട് വാചസ്പതിയേയും, ഇപ്പോൾ സന്ദീപ് വാര്യരേയും ഒരുക്കിയതിന് പിന്നിൽ മറ്റെന്ത് വികാരമാണ് ഉള്ളത്?
സന്ദീപ് വാര്യരെ പാർട്ടി വക്താവ് സ്ഥാനത്തു നിന്ന് മാറ്റിയതിനെ ഞാൻ ചോദ്യം ചെയ്യുന്നില്ല. അത് സുരേന്ദ്രൻ പറഞ്ഞതു പോലെ അത് പാർട്ടിയുടെ സ്വാതന്ത്യമാണ്. എന്നാൽ ആ തീരുമാനത്തിന് പിന്നാലെ ദുരൂഹമായ പണപ്പിരിവ് ആരോപിച്ച് അയാളെ പിന്നിലൂടെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ തന്നെ പണപ്പിരിവ് നടത്താത്ത ആരുണ്ട് ഈ പാർട്ടിയിൽ? കേരളാ പോലീസ് ജാമ്യമില്ലാ വകുപ്പ് ചാർത്തി കുഴൽപ്പണ ഇടപാടിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത് സുരേന്ദ്രന്റെ പേരിലല്ലേ? രണ്ടു കാലേൽ മന്തുപിടിച്ചവനാണോ കൊതുകു കടിച്ച് നീര് വച്ചവനെ വിധിക്കാൻ അവകാശം?!
ഏറ്റവും കഷ്‌ടം, ലോകമാദരിക്കുന്ന നരേന്ദ്രമോദി ഭരിക്കുന്ന ഇന്നത്തെ ഭാരതത്തിന്റെ സുവർണ്ണകാലത്തും അതിന്റേതായ ഗുണമനുഭവിക്കാൻ യോഗമില്ലാതെ കാശ്മീരിലെ പണ്ഡിറ്റുകളുടെ അവസ്ഥ എപ്പോൾ വേണമെങ്കിലും ഉടലെടുക്കാമെന്ന നിലയിൽ ജീവിക്കാനാണ് കേരളത്തിലെ അടിസ്ഥാന ജനതയുടെ യോഗം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment