“What we need is a carrier of eternal goodness and wholesomeness in human conduct which is called righteousness. As we say in India, where there is righteousness in the heart, there is beauty in character. When there is beauty in the character, there is harmony in the home. When there is harmony in the home, there is an order in the nation. When there is order in the nation there is peace in the world. “ - Dr. APJ Abdul Kalam
ഇന്ത്യയുടെ എക്കാലത്തെയും മഹാനായ രാഷ്ട്രപതിയായിരുന്ന ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത്. . ഒക്ടോബർ പതിനഞ്ച് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്.
മികച്ച അദ്ധ്യാപകൻ, ഇന്ത്യയുടെ ന്യൂക്ലിയർ വിജയത്തിന് വെന്നിക്കൊടി നാട്ടിയ മികവുറ്റ ശാസ്ത്രജ്ഞൻ, കവി, എഴുത്തുകാരൻ എന്നു തുടങ്ങി ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. എന്നാൽ ഇതിനൊക്കെ ഉപരി സ്നേഹനിധിയായ, നന്മ മാത്രം നിറഞ്ഞ ഒരു മനുഷ്യസ്നേഹിയായിരുന്നു ശ്രീ. അബ്ദുൾക്കലാം.
തന്റെ പ്രസംഗങ്ങളിൽ അദ്ദേഹം എപ്പോഴും എവിടെയും എടുത്ത് പറഞ്ഞിരുന്ന ഒരു വാക്കാണ് "righteousness" അഥവാ "ധാർമ്മികത". ഓരോ മനുഷ്യനും നന്മ ഉൾക്കൊണ്ട് ധാർമ്മികത കൈവിടാതെ ജീവിക്കണം എന്നും , അങ്ങനെ അവന്റെ കുടുംബവും, അവൻ ജീവിക്കുന്ന സമൂഹവും, രാജ്യവും,ലോകവും, സമാധാനവും, സന്തോഷവും, സമൃദ്ധിയും നിറഞ്ഞ സത്യസന്ധമായ, നന്മ നിറഞ്ഞ ഒരു പരിഷ്കൃത ലോകമായി മാറുമെന്ന് അദ്ദേഹം പ്രത്യാശിച്ചിരുന്നു.
ഇന്നദ്ദേഹം നമ്മോടൊപ്പം ഇല്ല. എന്നാൽ ശ്രീ. എ.പി.ജെ അബ്ദുൾ കലാം ആഗ്രഹിച്ച പോലെ ധാർമ്മികത കൈവിടാത്ത ഒരു സമൂഹത്തിന്റെ ആവശ്യകത ഏറ്റവുമധികം ബോദ്ധ്യമാവുന്ന ദിനങ്ങളാണ് നമ്മുടെ മുന്നിലൂടെ കടന്ന് പോകുന്നത്. ദുര മൂത്ത മനുഷ്യർ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത്? പ്രത്യേകിച്ച് മലയാളികൾ?!
പണത്തിന്, പദവിക്ക്, അധികാരത്തിന് എല്ലാം വേണ്ടി എന്തും ചെയ്യും വിധം അധപ്പതിക്കുകയാണ് നമ്മുടെ സമൂഹം.
ആർത്തി മൂത്ത മനുഷ്യർ, മനുഷ്യരെ തന്നെ കൊന്ന് തിന്നുന്നു.
മദ്യവും മയക്കുമരുന്നും മത തീവ്രവാദവും, മന്ത്രവാദവും മൂലം മനം പിരട്ടുകയാണ് കേരളം!
തിന്മ നിറഞ്ഞ, ക്രൗര്യമേറിയ കുറ്റകൃത്യങ്ങൾ ഇടതടവില്ലാതെ സംപ്രേക്ഷണം ചെയ്ത് മനുഷ്യരുടെ മനസ്സ് വീണ്ടും വീണ്ടും ദുഷിപ്പിച്ച് സ്വന്തം കീശ നിറയ്ക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ...!
എന്നിട്ടും മലയാളിയുടെ ഭാവം ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ്. സ്വാതന്ത്യാനന്തര ദശകങ്ങളിൽ സാംസ്കാരികമായി ഏറെ മുന്നിൽ നിന്നിരുന്ന നന്മ ചോർന്ന് പോകാത്ത ഒരു സമൂഹമായിരുന്നു മലയാളികളുടേത്. ഇന്നത് ഏറെ ദുഷിച്ചിരിക്കുന്നു. ഇന്നിവിടെ മനുഷ്യരില്ല...!
മതങ്ങളും, പാർട്ടികളും അവരുടെയെല്ലാം ആർത്തികളും മാത്രമേയുള്ളൂ...!
മനുഷ്യന്റെ ആവാസ വ്യവസ്ഥക്ക് യോഗ്യമായ ഒരു നാടായി കേരളത്തെ ഇനി വീണ്ടും മാറ്റിയെടുക്കാൻ സാമൂഹിക ശാസ്ത്രജ്ഞർ മുതൽ മനുഷ്യരായി അവശേഷിക്കുന്ന സാധാരണ ജീവികൾക്ക് വരെ സാധിക്കുമാറാകട്ടെ എന്ന് മാത്രമാണ് ഇന്നത്തെ പ്രാർത്ഥന.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment